ജാതിയുടെ കണ്ണിലൂടെ വംശീയതയെ വായിക്കുന്നു; ഇസ്‌ബെല്‍ വില്‍കേഴ്‌സന്റെ പുസ്തകം

isabel wilkerson

Isabel Wilkerson, Caste: The Origins of Our Discontents. Random House (2020).

ഇസബേൽ വിൽക്കേഴ്സന്റെ ജാതി എന്ന ആശയം ചർച്ച ചെയ്യുന്നത് അമേരിക്കയിൽ നിലനിൽക്കുന്ന വശീകരണ സമർത്ഥമായ വംശീയ സമീപനവുമായി ബന്ധപ്പെട്ടാണ്. ഏറെ പ്രശസ്തിയാർജിച്ച അവരുടെ ആദ്യ പുസ്തകമായ “ദി വാംത്ത് ഓഫ് അദർ സൺസ്”, ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ അമേരിക്കയിലെ സൗത്ത് ക്രോയിൽ നിന്നുള്ള ഒരു കൂട്ടം കറുത്ത വർഗ്ഗക്കാരുടെ പാലായനത്തെ അടയാളപ്പെടുത്തുന്ന ഒരു നോൺ ഫിക്ഷൻ കൃതിയാണ്. ആപേക്ഷികമെന്നോണം, രചയിതാവിന്റെ വ്യക്തിപരമായ അനുഭവങ്ങളും നിരീക്ഷണങ്ങളും, ചരിത്രത്തിന്റെ താരതമ്യ വിശകലനവും, സ്മരണീയമായ ഉപമകളുമൊക്കെ വംശീയതയെ മനസ്സിലാക്കുന്നതിൽ ജാതിയുടെ കേന്ദ്രീകരണ സ്വഭാവത്തെ ഉൾക്കൊള്ളുന്നുണ്ട് . ഇന്ത്യൻ സമൂഹത്തിൽ സഹസ്രാബ്ദങ്ങളായി നിലനിൽക്കുന്ന ഹിന്ദു പ്രമാണങ്ങളിലധിഷ്ഠിതമായ സാംസ്കാരിക, സാമ്പത്തിക, സാമൂഹിക,ശ്രേണി സമ്പ്രദായത്തെ വില്‍ക്കേഴ്സൺ പരാമർശിക്കുന്നുണ്ട്. 1930-40 കാലഘട്ടങ്ങളിൽ, ലോകത്തിൻറെ വ്യത്യസ്ത ഭാഗങ്ങളിൽ നിന്നുള്ള ഗവേഷകർ തെക്കെ അമേരിക്കൻ സ്റ്റേറ്റുകളിൽ വ്യാപകമായ രീതിയിലുള്ള പഠന പരമ്പരകൾ നടത്തിയിരുന്നു. പ്രശസ്ത സ്വീഡിഷ് സാമൂഹികശാസ്ത്രജ്ഞനായ ഗണ്ണർ മിർഡലിന്റെ “An American dilemma” അവയിൽ പ്രധാനപ്പെട്ട ഒന്നാണ്. കടുത്ത വംശീയ വേർതിരിവുകൾക്കിടയിൽ തന്റെ സഹപ്രവർത്തകർക്കൊപ്പം ഒരു ഫീൽഡ് വർക്ക് പൂർത്തിയാക്കാൻ കഷ്ടപ്പെടുന്ന എലിസൺ ഡേവിസ് എന്ന കറുത്ത വർഗ്ഗക്കാരന്‍റെ കഥ, വിൽക്കേഴ്സന്റെ ഹൃദയഹാരിയായ അധ്യായങ്ങളിലൊന്നാണ്. ഇന്ത്യൻ ജാതി വ്യവസ്ഥയുടെ ഒരു അമേരിക്കൻ പതിപ്പിനെയാണ് വിൽക്കേഴ്സൺ ഇതിലൂടെ വിശകലനം ചെയ്യുന്നത്. എന്നാൽ, വംശീയ അടിച്ചമർത്തലിനെ ജാതിയുടെ കണ്ണിലൂടെ നിരൂപണ വിധേയമാക്കുന്നത് ഗുരുതരമായ തെറ്റാണെന്നാണ് മറ്റു ചില സമകാലിക ചിന്തകന്മാരുടെ വീക്ഷണം. ഇന്ത്യൻ ജാതിവ്യവസ്ഥ അനന്തമായി നിലനിൽക്കുന്നതിനാൽ അടിസ്ഥാനപരമായ മാറ്റം പ്രായോഗികമായി അസാധ്യമാണെന്ന് അവർ വിശ്വസിച്ചു.

ഒലിവർ ക്രോംവെൽ ക്രോസ് എന്ന അമേരിക്കൻ സാമൂഹികശാസ്ത്രജ്ഞൻ സമാനമായ രീതിയിലുള്ള ഒരു ആശയം പങ്കുവെക്കുന്നുണ്ട്. അമേരിക്കയിൽ നടമാടുന്ന വംശീയ മുതലാളിത്തത്തിന്റെയും സാമ്പത്തിക ചൂഷണത്തിന്റെയും ക്രൂരവ്യവസ്ഥിതിയെ ജാതിയുടെ അതിദീർഘമായ കേന്ദ്രീകരണം മറച്ചുവെച്ചുവെന്ന് അദ്ദേഹം വ്യക്തമാക്കുന്നു. എന്നിരുന്നാലും, മേൽപ്പറഞ്ഞ ബൗദ്ധിക ചട്ടക്കൂടിനെയാണ് വിൽക്കേഴ്സൺ പുനരുജ്ജീവിപ്പിക്കാൻ ശ്രമിക്കുന്നത്. അദ്ദേഹത്തിന്റെ കാഴ്ചപ്പാടിൽ വംശീയതയ്ക്ക് അടിവരയിടുന്നതും വ്യാപകമായ വംശീയ അസമത്വത്തെ പിന്തുണയ്ക്കുന്നതുമായ മാനസികാവസ്ഥ സൃഷ്ടിക്കുന്ന ഒന്നാണ് ജാതി എന്ന സാമൂഹിക സംവർഗ്ഗം. സാമൂഹിക ബന്ധങ്ങൾ, സാമ്പത്തിക അവസരങ്ങൾ, സാംസ്കാരിക സമ്പ്രദായങ്ങൾ, വൈജ്ഞാനിക പ്രക്രിയകൾ തുടങ്ങിയ മേഖലകളിൽ നിലവിലുള്ള ശ്രേണീയമായ മാനദണ്ഡങ്ങൾ അവ രൂപപ്പെടുത്തുന്നുണ്ട്. ജാതിയുടെ ഇത്തരത്തിലുള്ള രൂപീകരണ സ്വഭാവത്തെ വിൽക്കേഴ്സൺ സംക്ഷിപ്തമായി വർണ്ണിക്കുന്നത് നമുക്ക് കാണാം:”ജാതിയാണ് അസ്ഥികൾ, വർഗ്ഗം അവയുടെ ചർമവും”. ഈ വ്യവസ്ഥിതിയെ ന്യായീകരിക്കുകയും നടപ്പിലാക്കുകയും ചെയ്യുന്ന ജാതീയ സമൂഹങ്ങളുടെ എട്ട് “സ്തംഭ”ങ്ങളെ അദ്ദേഹം വിവരിക്കുന്നുണ്ട്. ദൈവഹിതം, പാരമ്പര്യ വാദം, വിവാഹനിയന്ത്രണവും ഇണചേരലും, ശുദ്ധി-അശുദ്ധി സംജ്ഞ, തൊഴിലധിഷ്ഠിത ശ്രേണി, മാനുഷികവത്കരണവും ദൂഷണവും, ഭീകരതയും ക്രൂരതയും നിർവഹണമാർഗ്ഗമാക്കൽ, അന്തർലീനമായ ശ്രേഷ്ഠത/അപകർഷത ബോധം തുടങ്ങിയവ അതിൽ ഉൾക്കൊള്ളുന്നു.

ജർമനിയിൽ ജൂതന്മാർക്കെതിരെ ഹിറ്റ്ലറുടെ കിരാത ഭരണകൂടം സ്വീകരിച്ച ജിം ക്രോ നിയമങ്ങൾ എന്ന വംശീയ നിയമസംഹിത ഇത്തരത്തിൽ തികച്ചും വർഗീയ മനോഭാവത്തിൽ അധിഷ്ഠിതമായ പ്രോപ്പഗണ്ടയുടെ ഭാഗമായിരുന്നു. ഇന്ത്യ,ജർമ്മനി, അമേരിക്ക എന്നീ രാജ്യങ്ങളെ താരതമ്യപ്പെടുത്തുന്നതിലൂടെ, അതിർത്തികൾക്കപ്പുറമുള്ള വംശീയ ജനോപദ്രവ പ്രക്രിയയുടെ പൊതുതത്ത്വങ്ങളെ ചിത്രീകരിക്കാനാണ് വിൽക്കേഴ്സൺ ശ്രമിക്കുന്നത്. അവയ്ക്ക് പിൻബലമായി രണ്ട് ഉദാഹരണങ്ങളും അദ്ദേഹം മുന്നോട്ട് വെക്കുന്നുണ്ട്. 1959ൽ മാർട്ടിൻ ലൂഥർ കിംഗ് ഇന്ത്യ സന്ദർശിച്ച സന്ദർഭത്തിൽ, ഒരു അമേരിക്കൻ “അസ്പൃശ്യൻ” അല്ലെങ്കിൽ ദലിത് എന്ന ലേബലിലാണ് അദ്ദേഹത്തെ പരിചയപ്പെടുത്തിയത്. ആപേക്ഷികമെന്നോണം, 1933ൽ ആൽബർട്ട് ഐൻസ്റ്റീൻ അമേരിക്കയിൽ സ്ഥിര താമസമാക്കിയതിനുശേഷം, ഒരു യഹൂദ വംശജനായിരുന്നിട്ടു പോലും അമേരിക്കയിലെ കറുത്ത വർഗ്ഗക്കാരുടെ പൗരാവകാശങ്ങൾക്ക് വേണ്ടി ശബ്ദമുയർത്താൻ അദ്ദേഹത്തിന് സാധിക്കുന്നുണ്ട്. ജർമ്മനിയിൽ നേരിട്ട ജൂത വെറിയുടെ ഭീകരമായ ഓർമ്മകളാണ് ഈ ഒരു പോരാട്ടത്തിന് അദ്ദേഹത്തെ സാധ്യമാക്കിയതെന്ന് നമുക്ക് മനസ്സിലാക്കുവാൻ കഴിയും.

അമേരിക്കയിൽ നിലനിൽക്കുന്ന ജാതിയധിഷ്ഠിത അസമത്വത്തിന്റെ ഗഹനമായ അടരുകളിലൂടെയാണ് വിൽക്കേഴ്സന്റെ പഠനം മുന്നോട്ടുപോകുന്നത്. ഒരു ആഫ്രോ-അമേരിക്കൻ എന്ന നിലയിലും പ്രൊഫഷണൽ റിപ്പോർട്ടർ എന്ന നിലയിലും താൻ അനുഭവിച്ച നിരന്തരമായുള്ള വംശീയ സമീപനങ്ങളുടെ വിവരണങ്ങൾ അദ്ദേഹം വായനക്കാരുമായി പങ്കുവെക്കുന്നുണ്ട്. താനും തൻറെ സഹപ്രവർത്തകരും നേരിട്ട അപമാനത്തിന്റെ കഥകൾ വിവരിക്കുന്ന സന്ദർഭത്തിൽ, വംശീയ സൂചകങ്ങളെ ബോധപൂർവ്വം ഒഴിവാക്കുന്നതായി കാണാം. പകരം കീഴാള-ഉന്നത വിഭാഗങ്ങൾ തമ്മിലുള്ള ഏറ്റുമുട്ടലുകളുമായി അവയെ രൂപപ്പെടുത്തുകയും ചെയ്യുന്നു. താൻ പിന്നോക്ക ജാതിയിൽപ്പെട്ടതാണെന്ന് തിരിച്ചറിഞ്ഞ് അഭിമുഖം നൽകാൻ വിസമ്മതിച്ച ഒരു വ്യവസായി, പിന്നീട് താൻ ന്യൂയോർക്ക് ടൈംസിൽ സേവനമനുഷ്ഠിക്കുന്ന ഒരു റിപ്പോർട്ടറാണെന്ന് മനസ്സിലാക്കുകയും അഭിമുഖം നൽകുകയും ചെയ്ത ഒരു മറക്കാനാവാത്ത അനുഭവത്തെപ്പറ്റി വിൽകേഴ്സൺ വാചാലനാവുന്നുണ്ട്. അയാൾ സ്ഥിതി ചെയ്യുന്ന ജീവിതവ്യവസ്ഥയ്ക്ക് ഉപരിസ്ഥിതമായ ഒരു പദവി അലങ്കരിക്കുന്ന പിന്നോക്ക വിഭാഗക്കാരിയുടെ ആവശ്യം സ്വീകരിക്കാൻ ഇവിടെ അയാൾ നിർബന്ധിതനാവുകയാണ്. വൈവിധ്യങ്ങൾ വർദ്ധിച്ചുവരുന്ന ആധുനിക സമൂഹത്തിൽ, സ്ഥാനമാനങ്ങളിൽ അധിഷ്ഠിതമായ വ്യാകുലതകളെ വർദ്ധിപ്പിക്കുന്നതിലൂടെ സംസ്കാരികവും രാഷ്ട്രീയവുമായ ഒരു തിരിച്ചടി പൊട്ടിപ്പുറപ്പെടുവിക്കാൻ സാധിക്കും.

2016ലെ ഡൊണാൾഡ് ട്രംപിന്റെ തെരഞ്ഞെടുപ്പോടെ ഇവ അത്യന്തികം ശക്തിയാർജിച്ചു. 2021 ജനുവരി ആറിന് നടന്ന തെരഞ്ഞെടുപ്പ് പരാജയത്തിനുശേഷം ട്രംപ് അനുകൂലികൾ നടത്തിയ അമേരിക്കൻ ക്യാപിറ്റോൾ ആക്രമണവും ഇതിൻറെ ഭാഗമായിരുന്നു. അമേരിക്ക നിലവിൽ നേരിടുന്ന ഏറ്റവും വലിയ ഭരണ പ്രതിസന്ധിയാണ് ജനസംഖ്യാപരമായുള്ള പരിവർത്തനമെന്നുള്ളത്. ഏതാനും വർഷങ്ങൾക്കുള്ളിൽ ഹിസ്പാനിക്കിതര വെള്ളക്കാരുടെ ഭൂരിപക്ഷ സ്വഭാവം ഇല്ലാതാവുമെന്നാണ് വിലയിരുത്തൽ. തദ്ഫലമായി, തീവ്രവലതുപക്ഷ റിപ്പബ്ലിക്കൻ പാർട്ടി അമേരിക്കയിൽ നിലനിൽക്കുന്ന ന്യൂനപക്ഷ ഭരണത്തെ നിഷ്കാസനം ചെയ്യാനുള്ള തിടുക്കത്തിലാണ്. സെനറ്റിന്റെയും ഇലക്ട്രൽ കോളേജിന്റെയും ജനാധിപത്യവിരുദ്ധ സവിശേഷതകളെ മുതലെടുത്തുകൊണ്ടാണ് ഈ പദ്ധതിയുടെ പുരോഗമനം. അധികാര ദുരുപയോഗം നടത്തിക്കൊണ്ട് കോടതികളെ സ്വാധീനിക്കുക, വോട്ടർമാരെ അടിച്ചമർത്തുക, വസ്തുതകളെ വളച്ചൊടിച്ചുകൊണ്ട് അനർഹമായി തെരഞ്ഞെടുപ്പ് നടത്തുക, പോലുള്ള ചെയ്തികളാണ് പദ്ധതിയുടെ മുന്നോട്ടുള്ള പ്രയാണത്തിന് വഴിയൊരുക്കുന്നത്. മാത്രവുമല്ല, ഹിസ്പാനിക്കുകളുടെയും ഏഷ്യക്കാരുടെയുമിടയിൽ വെളള നിറത്തിലധിഷ്ഠിതമായ ഒരു തരം ബഹുസ്വര ബോധം സൃഷ്ടിക്കാൻ ഇവർ ശ്രമിക്കുന്നുണ്ട്. ഇത്തരത്തിൽ പുനഃസ്ഥാപിക്കപ്പെട്ട ഒരു ഉയർന്ന ജാതിക്ക് അതിൻറെ സംഖ്യാപരമായ ഭൂരിപക്ഷം വർദ്ധിപ്പിക്കാനും രാഷ്ട്രീയ ആധിപത്യം കൈവരിക്കാനും സഹായിക്കും.

പുസ്തകത്തിൻറെ അവസാനഭാഗത്ത്, ഇന്ത്യ, ജർമ്മനി, യുഎസ് എന്നീ രാജ്യങ്ങളിൽ ജാതിയുടെ അടിസ്ഥാനത്തിൽ സൃഷ്ടിക്കപ്പെട്ട വിഭജനം മാറ്റമില്ലാത്ത ഒന്നല്ലെന്ന് ചരിത്രത്തിന്റെ വെളിച്ചത്തിൽ ഗ്രന്ഥകാരി വാദിക്കുന്നുണ്ട്. ക്യാൻസർ പോലെ ചികിത്സയ്ക്ക് വിധേയമാക്കാവുന്ന ഒരു തരം രോഗമാണ് ജാതിയെന്ന് അദ്ദേഹം പറയുന്നു. അതിന് അത്യന്താപേക്ഷിതമായ ഒന്നാണ് “സമൂലമായ സഹാനുഭൂതി” എന്ന് അദ്ദേഹം വിശ്വസിക്കുന്നു. നമ്മുടെ വ്യത്യാസങ്ങളേക്കാൾ പ്രാധാന്യമർഹിക്കുന്നത് ആഭിജാത്യമില്ലാത്ത മനുഷ്യത്വമാണെന്ന് തിരിച്ചറിയുകയും, എല്ലാ മനുഷ്യർക്കും ആന്തരിക മൂല്യങ്ങളുണ്ടെന്ന് അംഗീകരിക്കുകയും ചെയ്യണം. ഉയർന്ന ജാതിക്കാരാണ്, അതായത് വെളുത്ത വർഗ്ഗക്കാരാണ് സാമൂഹിക മാറ്റത്തിനുള്ള മുഖ്യ ഉത്തരവാദിത്വം ഏറ്റെടുക്കേണ്ടത്. വലിയതോതിലുള്ള അസമത്വവും വംശീയതയും പേറി നടക്കുന്ന ബഹുഭൂരിപക്ഷം വരുന്ന വെളുത്ത വർഗ്ഗക്കാരെ ഇത് തിരിച്ചറിയാൻ പ്രേരിപ്പിക്കുകയെന്നുള്ളത് കഠിനമായ വെല്ലുവിളിയാണ്. നിർഭാഗ്യവശാൽ ഈ നിയുക്തതയുടെ അളവുകൾ ഭയപ്പെടുത്തുന്നതാണ്. കാരണം, 2020ലെ തെരഞ്ഞെടുപ്പിൽ 58% വരുന്ന വെളുത്ത വർഗ്ഗക്കാരായ വോട്ടർമാരും ട്രംപിനെയാണ് പിന്തുണച്ചത്. ഇവയെ എവ്വിധം മാറ്റാമെന്നുള്ളത് വ്യക്തമല്ല, പക്ഷേ നമ്മൾ തീർച്ചയായും പരിഹരിക്കേണ്ട ഒന്നാണിത്.

എഴുത്തുകാരിയുടെ സാഹിത്യ വൈദഗ്‌ധ്യത്തിനും ധാർമിക ഗാഢതയ്ക്കുമുപരി ജാതിയുടെ വായന ഒരു അവസ്മരണീയമായ അനുഭവമായിരുന്നു. എന്നിരുന്നാലും, പഠനത്തിലെ സമീപനങ്ങളിലും വീക്ഷണങ്ങളിലും കുറെ പോരായ്മകളുണ്ട്. ജാതിക്ക് കൂടുതൽ ഊന്നൽ നൽകുന്നത് മൂലം സമൂഹത്തിലെ വ്യത്യസ്ത വിഭാഗങ്ങൾ (ക്ലാസ്) വർഗ്ഗവുമായി എവ്വിധം സംവദിക്കുന്നു എന്ന യാഥാർത്ഥ്യങ്ങളെ മറച്ചുവെക്കുന്നുണ്ട്. തൻറെ വ്യക്തിപരമായ അനുഭവങ്ങൾ പങ്കുവെക്കുന്ന വേളയിൽ, അമേരിക്കൻ നിവാസികളായ ദരിദ്ര വിഭാഗത്തിന്റെയും ശ്യാമവർണ്ണരുടെയും ദൈനംദിന ഞെരുക്കങ്ങളെ പ്രതിഫലിപ്പിക്കുന്നതിൽ എഴുത്തുകാരി പലപ്പോഴും പരാജയപ്പെടുന്നുണ്ട്. കോവിഡ് പശ്ചാത്തലത്തിൽ, പാർപ്പിടം, തൊഴിൽ, വിദ്യാഭ്യാസം, ആരോഗ്യ സംരക്ഷണം പോലുള്ള വ്യത്യസ്ത മേഖലകളിൽ ദീർഘകാലം വിവേചനം അനുഭവിച്ച താഴ്ന്ന വിഭാഗക്കാരുടെ ആകുലതകളെ ചർച്ച ചെയ്യുന്നതിൽ വലിയ തോതിലുള്ള അയഞ്ഞ സമീപനം നിഴലിക്കുന്നുണ്ട്. വംശീയതയെ മനസ്സിലാക്കുന്നതിനുള്ള ഒരു വിശകലന ചട്ടക്കൂടെന്ന നിലയിൽ ജാതിക്ക് പരിമിതികളുണ്ടെങ്കിലും, അടിച്ചമർത്തലിന്റെ അഗമ്യമായ ഘടനകളെ പ്രകടിപ്പിക്കുന്നതിന് വിൽക്കേഴ്സന്റെ സർഗാത്മകത വ്യത്യസ്ത മാർഗ്ഗങ്ങൾ കണ്ടെത്തുന്നുണ്ട്.

(ലേഖകന്‍ വെസ്‌റ്റേണ്‍ മിഷിഗന്‍ യൂണിവേഴ്‌സിറ്റിയുടെ സോഷ്യോളജി ആന്‍ഡ് സോഷ്യല്‍ വെല്‍ഫെയര്‍ ജേണലില്‍ എഴുതിയ നിരൂപണത്തിന്റെ ആശയ വിവര്‍ത്തനം)

വിവ: അബൂബക്കര്‍ എം എ

By എഡ്വാര്‍ഡ് യു. മര്‍ഫി

Lecturer, Department of Global Studies and International Relations · Northeastern University College of Professional Studies