മണിപ്പൂര്‍ വംശഹത്യയുടെ അടിയാധാരം

കെ.പി ഹാരിസ്

മണിപ്പൂരിൽ രണ്ട് യുവതികളെ ആൾക്കൂട്ടം നഗ്നമാക്കി നടത്തിച്ചു കൊണ്ടുപോവുകയും ബലാത്സംഗം ചെയ്തു കൊന്നുകളയും ചെയ്ത സംഭവം സോഷ്യൽ മീഡിയയിൽ പ്രചരിച്ചത് കണ്ടപ്പോൾ മാത്രമാണ് ലോകം അറിഞ്ഞത്. അഥവാ മണിപ്പൂരിൽ നടക്കുന്ന വംശഹത്യയെ കുറിച്ച് ഇത്തരത്തിലുള്ള വീഡിയോകൾ പുറത്തുവന്നില്ല എങ്കിൽ അവിടെ ഒന്നും സംഭവിച്ചിട്ടില്ല എന്ന ഭരണകൂട നുണ ലോകം വിശ്വസിക്കുമായിരുന്നു. രണ്ടു പതിറ്റാണ്ട് മുമ്പ് ഗുജറാത്തിൽ നടന്ന മുസ്ലിം വംശഹത്യക്ക് നേതൃത്വം കൊടുത്ത മുഖ്യമന്ത്രി എന്ന ഖ്യാതിയുള്ള ഒരാൾ ഇന്ത്യ രാജ്യത്തിന്റെ പ്രധാനമന്ത്രിയായി വിരാജിക്കുമ്പോൾ മണിപ്പൂർ വംശഹത്യയിൽ അത്ഭുതപ്പെടാനില്ല. ഗുജറാത്തിൽ മുസ്ലിം ഉൻമൂലനമാണെങ്കിൽ മണിപ്പൂരിൽ ക്രിസ്ത്യൻ ഉൻമൂലനമാണ് എന്ന് മാത്രം. അഥവാ ഗുജറാത്തിൽ നിന്നും മണിപ്പൂരിലേക്കുള്ള ദൂരം മുസ്ലിം ഇരകൾക്ക് പകരം ക്രിസ്ത്യൻ ഇരകൾ എന്ന വ്യത്യാസം മാത്രം. വേട്ടക്കാർ ഇന്ത്യയുടെ നിതാന്ത ശത്രുക്കളായ സംഘപരിവാരം തന്നെ. സവർക്കർ വീര പുരുഷനും ഗോൾവാൾക്കറുടെ വിചാരധാര ബൈബിളും ആയ ഒരു സംഘം നടത്തുന്ന ഹിംസ ലോകം തന്നെ ചർച്ച ചെയ്യുകയാണ്. ഭരണകൂടത്തിന്റെ പിന്തുണയോടെ ഈ അക്രമി സംഘം നാട്ടിൽ കലാപങ്ങൾ നടത്തുമ്പോൾ അത് വംശഹത്യകളായി പരിണിമിക്കുന്ന കാഴ്ചയാണ് നാം കാണുന്നത്.

വിചാരധാരയിലെ രണ്ടാമത്തെ ആഭ്യന്തര ശത്രുവിനെതിരെയുള്ള ആക്രമണത്തിനാണ് ഇപ്പോൾ തുടക്കം കുറിച്ചിരിക്കുന്നത് എന്നർത്ഥം. ആക്രമണങ്ങൾ മുമ്പും നടന്നിട്ടുണ്ടെങ്കിലും കേന്ദ്ര-സംസ്ഥാന ഭരണകൂടത്തിന്റെ പിന്തുണയോടെ ഒരു വംശഹത്യാ പദ്ധതിക്ക് ഗുജറാത്തിൽ എന്നപോലെ മണിപ്പൂരിലും തുടക്കം കുറിച്ചിരിക്കുകയാണ്. ലോകത്ത് എല്ലായിടത്തും ഫാസിസ്റ്റുകൾ വംശഹത്യക്ക് നേതൃത്വം നൽകുമ്പോൾ സ്ത്രീകൾക്കെതിരെയുള്ള ഹിംസയാണ് കൂടുതൽ ശക്തമായി നട്ടപ്പിൽ വരുത്തുന്നതായി നാം കാണുന്നത്. ഇറ്റലിയിലും ജർമ്മനിയിലും ബോസ്നിയിലും അരങ്ങേറിയ ഭീകരതയിൽ സ്ത്രീകൾക്ക് നേരെയായിരുന്നു ആക്രമണത്തിന്റെ കുന്തമുന. ലോകത്തുള്ള എല്ലാ ഫാസിസ്റ്റുകളെയും പോലെ ഇന്ത്യയിലെയും ഫാസിസം സ്ത്രീ സമൂഹത്തിന് നേരെ ഹിംസയുടെ വലിയ ആഘാതം ഏൽപ്പിക്കുന്നത് നാം കണ്ട് കൊണ്ടിരിക്കുന്നു. അഥവാ ലോകത്തുള്ള എല്ലാ ഭീകരതയും പോലെ ഹിന്ദുത്വ ഭീകരതയും പ്രവർത്തിക്കുന്നു എന്ന തിരിച്ചറിവാണ് നമുക്ക് ഇവിടെ ലഭിക്കുന്നത്. നിങ്ങളുടെ ഗർഭപാത്രത്തിൽ ആയിരം സർബ് കുഞ്ഞുങ്ങൾ പിറക്കട്ടെ എന്ന് ആക്രോഷിച്ച് കൊണ്ട് സർബ് പട്ടാളക്കാർ മുസ്ലിം സ്ത്രീകൾക്കെതിരെ ആക്രമണം അഴിച്ചുവിട്ടത് നാം അറിഞ്ഞതാണ്. ഇത്തരത്തിൽ ബലാത്സംഗത്തിന് ഇരകളാക്കപ്പെടുന്ന സ്ത്രീകൾ ഗർഭിണികൾ ആകുമ്പോൾ തങ്ങളുടെ ഉദരത്തിൽ വളരുന്ന ഭ്രൂണത്തെ എടുത്തു കളയാൻ തങ്ങൾക്ക് അനുവാദം നൽകണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് മുസ്ലിം പണ്ഡിതന്മാരുടെ അടുക്കൽ ഫത്വ ചോദിക്കുന്ന മുസ്ലിം സ്ത്രീകളെ നാം കണ്ടിട്ടുണ്ട് അപമാനഭാരത്താൽ അവരിൽ നിറഞ്ഞൊഴുകിയ പ്രതിഷേധ അഗ്നിയാണ് അത്തരത്തിലുള്ള ഒരു ഫത്വ ചോദിക്കാൻ അവരെ പ്രേരിപ്പിച്ചത്. സർബ് ഭീകരത താണ്ഡവ നൃത്തമാടിയ ബോസ്നിയയയിലെ ചരിത്രം ഇതാണെങ്കിൽ ഗുജറാത്തിലെയും മണിപ്പൂരിലെയും ചരിത്രം വിഭിന്നമല്ല എന്നർത്ഥം.

സ്ത്രീത്വത്തോട് കാണിക്കേണ്ട മര്യാദയെ കുറിച്ചുള്ള പരമ്പരാഗത ധാരണകൾ കാരണം ഹിന്ദു പടയാളികൾ മുസ്ലിം സ്ത്രീകളെ ബലാൽസംഘം ചെയ്യാൻ മടിക്കുന്നു എന്നായിരുന്നു സവർക്കറിന്റെ പരാതി . ഹിംസ സവർക്കറിന് വിമോചനത്തിന്റെ രൂപകമായിരുന്നെങ്കിൽ വെറുപ്പ് അദ്ദേഹത്തിന്റെ തത്വ ശാസ്ത്രത്തിന്റെ അവിഭാജ്യാശം (categorical imperative) ആയിരുന്നു എന്ന് പങ്കജ് മിശ്ര നിരീക്ഷിക്കുന്നു. വർത്തമാന ഇന്ത്യയിൽ അരങ്ങേറുന്ന ഹിംസയുടെയും കലാപങ്ങളുടെയും ജനിതകമന്വേഷിക്കുന്നവർക്ക് മിശ്രയുടെ ഈ അവലോകനം ഒരു വെളിപാടായി അനുഭവപ്പെടാതിരിക്കില്ല .(പെൺ ഫലിതങ്ങളിലെ കൊലച്ചിരികൾ) എന്ന ഡോക്ടർ ഉമർ തസ്ലീമിന്റെ പുസ്തകത്തിൽ പങ്കജ് മിശ്രയുടെ ഈ പരാമർശം അക്ഷരംപ്രതി ഇന്ത്യയിൽ സംഭവിക്കുന്നതായി കാണാം. സർബ് ഭീകരതയുടെ മറ്റൊരു പതിപ്പായ ഹിന്ദുത്വ ഫാസിസവും മണിപ്പൂരിൽ നടത്തിക്കൊണ്ടിരിക്കുന്നത് ഇതുതന്നെയാണ്. അഥവാ സ്ത്രീത്വത്തിന് നേരെയുള്ള കടന്നുകയറ്റം.

ഇന്ത്യയിൽ ഇതിനുമുമ്പ് നടന്ന വംശഹത്യാ പദ്ധതികളിൽ സംഘപരിവാരം ചെയ്തതും ഇതേ പ്രവർത്തികളായിരുന്നു. ഗുജറാത്ത് വംശഹത്യാ സന്ദർഭത്തിലും മുസഫർ നഗർ വംശഹത്യയിലും ഇപ്പോൾ മണിപ്പൂരിൽ നടന്ന വംശഹത്യയിലും ബലാൽസംഘം ചെയ്യപ്പെട്ട സ്ത്രീകളെയും മുലകൾ അറുത്തുമാറ്റപ്പെട്ട സ്ത്രീകളെയും ആണ് നാം കാണുന്നത്. പച്ചക്ക് മനുഷ്യരെ തിരികൊളുത്തി കത്തിച്ചുകൊണ്ട് അതിന്റെ ഗന്ധം ആസ്വദിക്കുന്ന ഇന്ത്യൻ ഫാസിസത്തിന്റെ ചടുലനൃത്തമാണ് ഇപ്പോൾ വാർത്തയായി മണിപ്പൂരിൽ നിന്നും വന്ന് കൊണ്ടിരിക്കുന്നത്. കീഴടക്കലിന്റെയും നശിപ്പിക്കലിന്റെയും ഒരു ബോധം പേറുന്നത് കൊണ്ടായിരിക്കാം ഫാസിസ്റ്റുകൾ റേപ്പ് ഒരായുധമായി ഇന്നും കൊണ്ടു നടക്കുന്നത്. അല്ലെങ്കിലും സവർക്കറിന്റെ പിൻമുറക്കാർ മറ്റെന്താണ് ചെയ്യേണ്ടത്. മുസ്ലിം സ്ത്രീകളെ ബലാൽസംഘം ചെയ്യാൻ മടിക്കുന്ന ഹിന്ദുക്കളെ കുറിച്ചുള്ള വേവലാതി ആണല്ലോ സവർക്കർ പങ്കുവെച്ചത്. “ചെറുപ്പത്തിലേ അവൻറെ മനസ്സ് അപര വിരോധത്തിന്റെ നെരിപ്പോടായി മാറിയിരുന്നു. തന്റെ ആത്മ കഥയിൽ , ഏതാനും കൂട്ടുകാരോടൊപ്പം പന്ത്രണ്ടാം വയസ്സിൽ ഒരു മുസ്ലിം പള്ളി അലങ്കോലമാക്കിയതിനെ കുറിച്ച് വീരസ്യത്തോടെ വിവരിച്ചത് ഇതിന് തെളിവാണ്.” (അതേ പുസ്തകം) അഥവാ അപര വിദ്വേഷത്തിന്റെ ഹിംസയുടെ വംശീയ ബോധത്തിന്റെ ഭ്രൂണം വളർന്ന് കൊണ്ടിരിക്കുന്നത് കൊണ്ടായിരിക്കും ചെറു പ്രായത്തിൽ തന്നെ സവർക്കർ ഇത്തരത്തിലുള്ള വീര കൃത്യങ്ങൾ ചെയ്തതായി നാം കാണുന്നത്. ഈ വെറുപ്പിൻ്റെ ആശയം വർന്ന് വന്ന് ബലാൽസംഘം വീര ധർമ്മമാണെന്ന് പ്രഖ്യാപിക്കുന്ന ഒരു പ്രത്യയശാസ്ത്ര അടിത്തറ സവർക്കർ വികസിസിപ്പിച്ചിരിക്കുന്നു. അതിനാൽ സവർക്കറിന്റെ ഇന്ത്യയിൽ സ്ത്രീകൾ അപമാനിക്കപ്പെടുന്നതിൽ കുറഞ്ഞ മറ്റൊന്നും പ്രതീക്ഷിക്കേണ്ടതില്ല എന്നർഥം.

By കെ.പി ഹാരിസ്