ഷഹീന്‍ബാഗ് പ്രക്ഷോഭത്തിന്റെ മാസ്റ്റര്‍മൈന്റുകളില്‍ ഒരാളായി അറിയപ്പെടുന്ന ജെ എന്‍ യുവിലെ പിഎച്ച്ഡി വിദ്യാര്‍ത്ഥി ഷര്‍ജീല്‍ ഇമാമിന്റെ വിവാദമാക്കപ്പെട്ട പ്രസംഗവും അതിന്റെ പേരില്‍ അദ്ദേഹത്തിന് മേല്‍ ചുമത്തിയ രാജ്യദ്രോഹക്കുറ്റവുമാണ് നിലവില്‍ ചര്‍ച്ചയാവുന്നത്. യൊതൊരു മടിയും കൂടാതെ തന്റെ മുസ്‌ലിം സ്വത്വത്തെ രാഷ്ട്രീയത്തില്‍ അടയാളപ്പെടുത്തുകയും ഇടത് ലിബറലുകളുടെ കപടരാഷ്ട്രീയത്തെ തുറന്ന് കാണിക്കുകയും ചെയ്യുന്ന തരത്തലുള്ള ഇടപെടലുകളാണ് ഷര്‍ജീല്‍ ഇമാം മുമ്പേ നടത്തി വന്നത്. ഷഹീന്‍ബാഗിലെ പ്രക്ഷോഭത്തിന് തുടക്കം കുറിക്കാന്‍ അദ്ദേഹത്തിന്റെ പരിശ്രമങ്ങള്‍ ചെറുതല്ലാത്ത പങ്ക് വഹിച്ചിട്ടുണ്ട് എന്ന് ബിജെപി തിരിച്ചറിയുമ്പോഴാണ് അവരുടെ ലക്ഷ്യം ഷര്‍ജീലിനെതിരെ തിരിയുന്നത്. ഷഹീന്‍ബാഗിലെ പ്രക്ഷോഭത്തിന് കാര്യപ്പെട്ട മാധ്യമശ്രദ്ധ കിട്ടാതെ വരികയുണ്ടായ ആദ്യത്തെ രണ്ടാഴ്ച്ച ഷര്‍ജീല്‍ ഇമാമും സുഹൃത്തുക്കളും സമരത്തിന്റെ സ്ഥിരതക്ക് വേണ്ടി നന്നായി പരിശ്രമിച്ചിട്ടുണ്ട്. പിന്നീട് എന്‍ ഡി ടിവിയില്‍ സമരം റിപ്പോര്‍ട്ട് ചെയ്യപ്പെടുകയും രാജ്യമൊട്ടാകെ ഷഹീന്‍ബാഗിലേക്ക് ശ്രദ്ധിക്കുകയും ചെയ്ത അവസരത്തില്‍ അദ്ദേഹം സമരമുഖത്ത് നിന്ന് പിന്‍വലിയുകയുണ്ടായി.
വിവാദ പ്രസംഗം
താഴെ ചേര്‍ത്തിരിക്കുന്ന വീഡിയോയിലെ ഷര്‍ജീലിന്റെ പ്രസംഗത്തിലെ ഒരു ഭാഗം സോഷ്യല്‍ മീഡിയയിലുടെ ഹിന്ദുത്വ പേജുകളിലും മറ്റും ‘ഹേറ്റ് സ്പീച്ച്’ എന്ന പേരില്‍ പ്രചരിക്കുന്നുണ്ട്. ഷര്‍ജീല്‍ ആസാമിനെയും നോര്‍ത്ത് ഈസ്റ്റിനെയും ഇന്ത്യയില്‍ നിന്ന് വേര്‍പെടുത്തണമെന്ന് ആഹ്വാനം ചെയ്യുന്നതായാണ് കണ്ടെത്തല്‍. അദ്ദേഹം കഴിഞ്ഞ കുറച്ച് ദിവസങ്ങളിലായി സോഷ്യല്‍ മീഡിയയിലൂടെ പറഞ്ഞ -എക്കാലത്തെക്കുമല്ലെങ്കില്‍ ഒരു മാസത്തേക്കെങ്കിലും- ‘ചക്ക ജാം’/റോഡുകള്‍ ഉപരോധിക്കല്‍ സമരരൂപത്തെക്കുറിച്ചാണ് തന്റെ പ്രസംഗത്തിലൂടെ സൂചിപ്പിക്കുന്നതെന്ന് വ്യക്തമാണ്. ഒരു നടക്കാത്ത കാര്യമായി തോന്നിയേക്കാവുന്ന ഈ ആശയം, രാജ്യദ്രോഹക്കുറ്റം ചുമത്തപ്പെടുന്നതിലേക്ക് നയിച്ച ഒന്നായി പരിണമിച്ച ഘട്ടത്തിലാണ് ഈ പ്രസംഗത്തില്‍ അദ്ദേഹം പറഞ്ഞ കാര്യങ്ങളെ ഇഴകീറി പരിശോധിക്കേണ്ടി വരുന്നത്. ആസാമിലെ ബംഗാളികളെ സംരക്ഷിക്കുന്നതിന് വേണ്ടി പറഞ്ഞ ഒരു ആശയമായി ഇതിനെ മനസിലാക്കാനാണ് കഴിയുക. പ്രസംഗം മുഴുവന്‍ കേട്ടില്ലെങ്കില്‍ കൂടിയും വ്യാപകമായി സോഷ്യല്‍ മീഡിയയിലൂടെ പ്രചരിപ്പിക്കപ്പെട്ട ഈ ചെറിയ ഭാഗം കേട്ടാല്‍ തന്നെ ഷര്‍ജീല്‍ ഇമാം റോഡ് ഉപരോധത്തെക്കുറിച്ചാണ് പറയുന്നതെന്ന് വ്യക്തമാണ്.
ഷഹീന്‍ബാഗിലെ സമരത്തിന് നിലവില്‍ ഷര്‍ജീല്‍ ഇമാമിന്റെ നേതൃത്വമില്ലെന്ന് മാത്രമല്ല, മറ്റെവിടെയോ നടത്തിയ അദ്ദേഹത്തിന്റെ വിവാദ പ്രസംഗത്തെ പിന്തുണക്കേണ്ട ആവശ്യവും സമരക്കാര്‍ക്കില്ല. ഈ പ്രസംഗം അലിഗഢ് മുസ്‌ലിം യൂണിവേഴ്‌സിറ്റി യിൽ നടത്തിയ ഒന്നായാണ് മനസിലാക്കുന്നത്. പക്ഷേ, മുസ്‌ലിംകളടക്കമുള്ള ചില ലിബറലുകള്‍ അദ്ദേഹത്തിന്റെ സംസാരത്തെ അങ്ങേയറ്റം അപലപനീയമായിക്കണ്ട് തള്ളുകയും അമുസ്‌ലിംകളുമായി സഖ്യമുണ്ടാക്കുന്നതിന് തടസം സൃഷ്ടിക്കുന്ന ഒന്നായും വ്യാഖ്യാനിക്കുന്നു. അദ്ദേഹത്തെ ഒരു മൂഢനായി ചിത്രീകരിക്കുന്നതിലുപരി ബിജെപിയുടെ കയ്യാളായി പ്രവര്‍ത്തിക്കുകയാണെന്ന് വരെ ആരോപിക്കുന്നു.
കോടതി വിധി സര്‍ക്കാരിനനുകൂലമാവുകയും എന്‍ ആര്‍ സി നടപ്പിലാവുകയും ചെയ്താല്‍ മുസ്‌ലിംകള്‍ക്ക് ഈ രാജ്യത്ത് ഡിറ്റന്‍ഷന്‍ സെന്ററുകളല്ലാതെ മറ്റെന്താണ് കാത്തിരിക്കുന്നത്? ജനാധിപത്യപരമായ അവകാശത്തിന്റെ പുറത്ത് സമരം ചെയ്ത അമുസ്‌ലിംകള്‍ ഒരു ഘട്ടത്തില്‍ അവരുടെ ‘ദൗത്യം നിര്‍വഹിച്ച്’ അവരവരുടെ ജീവിതത്തിരക്കുകളിലേക്ക് പിന്‍വലിയുന്ന ഘട്ടത്തില്‍ ഈ രാജ്യത്തെ മുസ്‌ലിംകള്‍ എന്ത് ചെയ്യണം? സമാധാനപൂര്‍ണമായ സമരങ്ങളും ഉപരോധങ്ങളും രാജ്യത്ത് നിയമവിരുദ്ധമായ കാര്യമാണോ?
ഷര്‍ജീല്‍ ഇമാമിനോട് യോജിക്കേണ്ടതുണ്ടോ?
ഷര്‍ജീല്‍ ഇമാമിന്റെ നിലപാടുകളോടും ആശയങ്ങളോടും വിയോജിക്കാം, അവ പലപ്പോഴും പ്രകോപനപരമോ വിപരീതഫലമുണ്ടാക്കുന്നതോ ആണെങ്കില്‍ കൂടിയും രാജ്യദ്രോഹക്കുറ്റം ചുമത്തി വേട്ടയാടുന്നതിനോട് ഏത് നിലക്കാണ് യോജിക്കാന്‍ കഴിയുക?
ഒരാള്‍ക്കെതിരെ അന്യായമായി നടക്കുന്ന ഭരണകൂട വേട്ടക്കെതിരെ അയാളോട് ഐക്യദാര്‍ഢ്യപ്പെടാന്‍ അദ്ദേഹത്തിന്റെ ആശയങ്ങളോട് യോജിക്കണം എന്നില്ല. ഷര്‍ജീലിനെതിരെ സോഷ്യല്‍മീഡിയയിലും മറ്റും പോസ്റ്റുകളിടുന്ന ഇടതു മുതല്‍ മുസ്‌ലിം ബുദ്ധിജീവികള്‍ വരെ അദ്ദേഹം ഷഹീന്‍ബാഗ് പ്രക്ഷോഭത്തിന്റെ സുപ്രധാന ആസൂത്രകനായിരുന്നില്ല എന്ന് സ്ഥാപിക്കാന്‍ ശ്രമിക്കുന്നതോടൊപ്പം ഷര്‍ജീല്‍ സിഎഎ വിരുദ്ധ സമരങ്ങളെ നിയമവിരുദ്ധമാക്കാന്‍ പണിയെടുക്കുന്നുവെന്ന് ഒറ്റശ്വാസത്തില്‍ ആരോപിക്കുന്നതിന്റെ യുക്തിയെന്താണ്?
എന്ത് കൊണ്ട് ഷര്‍ജീല്‍ ഇമാം ആക്രമിക്കപ്പെടുന്നു?
പരമ്പരാഗത മുസ്‌ലിം നേതാക്കളെ മുതല്‍ അസദുദ്ദീന്‍ ഉവൈസിയുടെ പല നിലപാടുകളേയും വരെ നിശിതമായി പൊതുയിടത്തില്‍ വിമര്‍ശിച്ചയാളാണ് ഷര്‍ജീല്‍ ഇമാം. റിപബ്ലിക്ക്ദിനത്തിന്റെയന്ന് രാവിലെ അദ്ദേഹത്തിലെ രണ്ട് ബന്ധുക്കളെ ബിഹാറിലെ അവരുടെ ഗ്രാമത്തില്‍ നിന്ന് പോലീസ് അറസ്റ്റ് ചെയ്ത് കൊണ്ടുപോയിരിക്കുന്നു. ഒരു പ്രസ്താവനയുടെ പേരില്‍ ഒരാളുടെ ബന്ധുക്കളെ വരെ എന്തിനാണ് പോലീസ് അറസ്റ്റ് ചെയ്യുന്നത്?
സമാനരീതിയില്‍ പോലീസ് വേട്ടക്കിരയായ ആളാണ് അലിഗഢ് മുസ്‌ലിം യൂണിവേഴ്‌സിറ്റി വിദ്യാര്‍ഥിയും ആക്ടിവിസ്റ്റുമായ ഷര്‍ജീല്‍ ഉസ്മാനി. ധാരാളം കള്ളക്കേസുകള്‍ ഷര്‍ജീല്‍ ഉസ്മാനിക്കെതിരെ യു.പി പോലീസ് ചുമത്തുകയും വീട് റെയ്ഡ് ചെയ്യുകയും ഉണ്ടായി.

തങ്ങളുടെ മതകീയമായ സ്വത്വം ഉയര്‍ത്തിപ്പിടിച്ചു കൊണ്ട് പൗരാവകാശത്തിനനുസൃതമായി മുഖ്യധാരാ മതേതര കാപട്യങ്ങളെയടക്കം ചങ്കൂറ്റത്തോടെ ചോദ്യം ചെയ്യുന്ന യുവാക്കളാണിവര്‍ എന്നത് തന്നെയാണ് ഇവരെന്ത് കൊണ്ട് ആക്രമിക്കപ്പെടുന്നുവെന്നതിന് ഉത്തരം. ഇവരുടെ നിലപാടുകളോട് യോജിപ്പോ വിയോജിപ്പോ ആവാം, പക്ഷേ ഇവരെ എത്രയോ വേഗമാണ് ഇസ്‌ലാമിസ്റ്റുകളും മതമൗലികവാദികളും റാഡിക്കലും ആയി മുദ്രകുത്തി തള്ളിപ്പറയുന്നത്.
യൂണിവേഴ്‌സിറ്റിയിലെ ഒരു ഹിന്ദു വിദ്യാര്‍ഥി ഇടത് ആശയങ്ങളുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കാന്‍ തുടങ്ങുന്ന നിമിഷം അയാളൊരു ആദര്‍ശവാദിയായും, അതേസമയം ഒരു മുസ്‌ലിം വിദ്യാര്‍ഥി അല്‍പം സ്വത്വം ഉയര്‍ത്തിപ്പിടിക്കാനും അതിലൂടെ രാഷ്ട്രീയമായി പ്രതിനിധീകരിക്കാനും ശ്രമിക്കുന്ന പക്ഷം മൂഢനും ഇസ്‌ലാമിസ്റ്റുമായി വിളിക്കപ്പെടുന്നു. അയാള്‍ ദേശീയപതാക പിടിച്ചും ഭരണഘടനക്ക് വേണ്ടി വാദിച്ചും രംഗത്തിറങ്ങിയാല്‍ പോലും ആ പേര് മാറില്ല.
ആര്‍എസ്എസ് പ്രവര്‍ത്തകര്‍ ബോംബുമായി പിടിയിലായാല്‍ അവര്‍ ‘പ്രവര്‍ത്തകര്‍’ തന്നെയായി ചിത്രീകരിക്കുന്ന മീഡിയക്ക്, അനീതിപരമായ നിയമങ്ങള്‍ക്കെതിരെ തന്റെ രോഷം പ്രകടിപ്പിക്കുന്ന മുസ്‌ലിം യുവാവ് പലപ്പോഴും തീവ്രവാദിയാണ്.
പ്രതീക്ഷ
ധാരാളം ആക്ടിവിസ്റ്റുകളും സംഘടനകളും ഈ അന്യായ വേട്ടക്കെതിരെ പ്രസ്താവനകളുമായി മുന്നിട്ടിറങ്ങിയത് വിസ്മരിക്കാവതല്ല. വ്യക്തികളെ ടാര്‍ജറ്റ് ചെയ്തു കൊണ്ട് സമരങ്ങളെയെല്ലാം ദേശവിരുദ്ധമായി ചിത്രീകരിക്കാന്‍ നടത്തുന്ന ഗൂഢാലോചനക്കെതിരെ ജാമിഅ കോഡിനേഷന്‍ കമ്മിറ്റി കഴിഞ്ഞ ദിവസം പ്രതിഷേധിച്ചിരുന്നു.
അവസാനമായി, “ഷര്‍ജീല്‍ ഇമാമിന്റെ രാഷ്ട്രീയ നിലപാടുകളോട് ഞങ്ങൾ യോജിക്കുന്നില്ല, ഒരു തരത്തിലും അദ്ദേഹത്തെ അംഗീകരിക്കുന്നില്ലെങ്കിലും, രാജ്യദ്രോഹക്കുറ്റം ആരോപിച്ച് തടവിലാക്കപ്പെടുമ്പോൾ ഞങ്ങൾ അദ്ദേഹത്തോട് ഐക്യദാര്‍ഢ്യം പ്രകടിപ്പിക്കുന്നു.”
(കൊല്‍ക്കത്ത അലിയാ യൂണിവേഴ്‌സിറ്റി അസി. പ്രൊഫസര്‍ ഡോ. എം റിയാസ് എഴുതിയ ലേഖനത്തിന്റെ സ്വതന്ത്ര വിവര്‍ത്തനം)
Courtesy: Beyond Headlines