നവ ഹൈന്ദവ പദ്ധതിയും മുസ്‌ലിം പൗരനും

[et_pb_section admin_label=”section”] [et_pb_row admin_label=”row”] [et_pb_column type=”4_4″][et_pb_text admin_label=”Text”]

നരേന്ദ്രമോദിയുടേയും അമിത്ഷായുടെയും നേതൃത്വത്തിലുള്ള സംഘ്പരിവാർ 2019 ൽ അധികാരത്തിലേറിയതിനു ശേഷം ഹാട്രിക് വിജയമായി നേടിയെന്ന് സ്വയം അവകാശപ്പെടുന്നത്‌ മൂന്ന് രാഷ്ട്രീയ സംഭവവികാസങ്ങളെയാണ്‌. കാശ്മീരിന്റെ പ്രത്യേക അവകാശമായ ആർട്ടിക്കിൾ 370 എടുത്തുകളഞ്ഞതും, നവംബർ ഒമ്പതിന് ബാബരി മസ്ജിദ് പൊളിച്ച സ്ഥലത്ത് രാമക്ഷേത്ര നിർമാണത്തിനുള്ള ജുഡീഷ്യറിയുടെ അനുമതിയും, ഡിസംബർ 12ന് പാസാക്കിയ പൗരത്വ ഭേദഗതി നിയമവും ആണവ. സംഘ് പരിവാറിന്റെ വംശീയ രാഷ്ട്രീയത്തിനും, ഹിന്ദുത്വ അജണ്ടകൾക്കുമപ്പുറം ഹിന്ദുത്വയുടെ അധികാര പ്രവേശനത്തിന് വഴിയൊരുക്കുന്ന സമൂലമായ ബ്രാഹ്മണ ഹൈന്ദവ അധികാര പദ്ധതിയായ നവ-ഹൈന്ദവ ഏകീകരണ പ്രൊജക്ടിനെ രാഷ്ട്രീയ പരമായി വിലയിരുത്തുക എന്നതാണ് ഈ ലേഖനം കൊണ്ട് ഉദ്ദേശിക്കുന്നത്.

പൗരാണിക – ശ്രാമണിക ഹിന്ദുയിസത്തിൽ നിന്ന് തുടങ്ങി വി.ഡി സവർക്കർ വികസിപ്പിച്ച ഹിന്ദുത്വയുടെ രംഗപ്രവേശനം വ്യത്യസ്ത ചരിത്രഘട്ടങ്ങളിലായി ജാതിബന്ധിതവും, അപരരെ സൃഷ്ടിച്ചു കൊണ്ടുമാണ് മുന്നോട്ട് പോയിരുന്നത്. ആദ്യകാലങ്ങളിൽ ബുദ്ധ-ജൈന വ്യവഹാരങ്ങളെ തകർത്തെറിഞ്ഞാണ് ശ്രാമണിക ഹിന്ദുയിസം തുടങ്ങുന്നതെങ്കിൽ, ബ്രിട്ടീഷ് കോളോണിയൽ കാലയളവിലെ സുപ്രധാന ചരിത്രഘട്ടത്തിൽ ശുദ്ധി പ്രസ്ഥാനം, പശു സംരക്ഷണം, എന്നിവ മുന്നോട്ട് വെച്ച് ഉയർന്നു വന്ന പുനരുദ്ധാരണ ഹിന്ദു മുസ്‌ലിം അപരനെ സൃഷ്ടിച്ചാണ് -സവിശേഷമായി, 1871 ലെ സെൻസസിലൂടെ- ആധുനീക- ദേശീയവാദ കേന്ദ്രീകൃതമായ അധികാര ശൃംഖലയിലേക്ക് പതിയെ അലിഞ്ഞുചേരുന്നത്. ഗോൾവാൾക്കറും, സവർക്കറുമെല്ലാം വികസിപ്പിച്ച അപകടകരമായ ഹിന്ദുത്വയെ വിമർശന പദ്ധതിയാക്കുമ്പോഴും ജാതി ഹൈന്ദവതയെ തൊടാൻ കഴിയാതെ സാംസ്കാരികമായി സുരക്ഷിതമാക്കുന്ന സമീപനം ആശയപരമായി പൊള്ളത്തരമാണ്.

ബ്രിട്ടീഷ് കോളോണിയൽ കാലയളവില്‍ തന്നെ അല്ലാമാ ഇഖ്ബാലും, മൗദൂദിയും, മുഹമ്മദലി ജിന്നയുമെല്ലാം വികസിപ്പിച്ചതാണ് ഫെഡറൽ സ്റ്റേറ്റ്, ഫെഡറേഷൻ ഓഫ് കോൺഫഡറേഷൻ, മുസ്‌ലിംകളുടെ അസ്ഥിരതക്ക് രാഷ്ട്രീയപരമായ പരിഹാരം എന്നിവ. ഇവ നിരാകരിച്ചുകൊണ്ടാണ് കോൺഗ്രസിന്റെ നേതൃത്വത്തിലുള്ള ശക്തമായ കേന്ദ്രീകൃത യൂനിയനോടു കൂടിയുള്ള ഹൈന്ദവ ആൾക്കൂട്ടം ദേശവും ദേശീയതയുമായി മാറുന്നതും വളരെ കൃത്യമായി മുസ്‌ലിം വിഷയികളെ അപരസ്ഥാനത്ത് പ്രതിഷ്ഠിച്ചു മുന്നോട്ട് പോകുന്നതും. സ്വാതന്ത്രാനന്തരം പാകിസ്ഥാൻ എന്ന ബാഹ്യ ശത്രുവിനെ നിർമിച്ചു കൊണ്ടാണ് ഇന്ത്യയിലെ ഹൈന്ദവ- മതേതര (ഹിന്ദു – പാകിസ്ഥാൻ) ദേശീയ പ്രൊജക്റ്റ് ഏകീകരിച്ച് നിലകൊള്ളുന്നത്. മുസ്‌ലിംകളെ ഒരു രാഷ്ട്രീയ വിഭാഗം/ സമുദായം/ വിഷയങ്ങൾ എന്നിവയായി അടയാളപ്പെടുത്തുന്നതിൽ ഭരണഘടനാപരമായും, മതേതരപരമായും പോലും അപകടകരമാകുന്നത്, ഹൈന്ദവ ദേശീയതയിലധിഷ്ഠിതമായ ദേശത്തിന്റെ ഇസ്‌ലാം പേടിയുടെ സവർണ പൊതുമണ്ഡലമാണ്. സ്വാതന്ത്രാനന്തരമുള്ള സംഘടിത മുസ്‌ലിം രാഷ്ട്രീയ ശബ്ദങ്ങൾ/ വിഷയികൾ വർഗീയതയായി മാറുന്നത് ഈ പരിസരത്തിലാണ്.

കാശ്മീരിന്റെ പ്രത്യേക അവകാശമായ ആർട്ടിക്കിൾ 370 നീക്കം ചെയ്യുന്നത് കേവല നിയമനിർമാണ പ്രക്രിയയോ, ഭരണഘടനാ ഭേദഗതിയോ മാത്രമല്ല. കാശ്മീർ എന്ന പ്രശ്‌നബാധിത മുസ്‌ലിം ഭൂരിപക്ഷ പ്രദേശത്തിൻമേൽ നവ- ഹൈന്ദവ പദ്ധതി ഉന്നയിക്കുന്ന പ്രധാന വാദങ്ങളാണ് പീഢിതരായ മേൽജാതി ഹിന്ദു കാശ്മീരി പണ്ഢിറ്റുകൾക്കും, ദലിതർക്കും കാശ്മീരിൽ ഭൂമിയും,സുരക്ഷയും ലഭിക്കുമെന്ന അമിത്ഷാ നൽകുന്ന ഉറപ്പ്‌. ‘ മുസ്‌ലിം മിലിറ്റൻസി’ എന്ന രാക്ഷസീയ പ്രശ്നം ചൂണ്ടി കാണിച്ചാണ് ഇന്ത്യൻ സ്റ്റേറ്റ് സൈനിക കോളോണിയലിസത്തിലൂടെ കാശ്മീരിന്റെ മുസ്‌ലിം മതപരതയുടെ ജീവിക്കാനുള്ള അവകാശത്തെ/ നിർണയവകാശത്തെ കീഴ്‌പ്പെടുത്തുന്നത്. പണ്ഢിറ്റുകളിൽ നിന്ന് തുടങ്ങി ഇന്ത്യയിലെ മറ്റു പ്രദേശങ്ങളിലുള്ള ദലിതർ വരെയുള്ള വിശാല ഹിന്ദു ഫോൾഡിനെ കാശ്മീരിൽ പ്രതിഷ്ഠിക്കുക എന്നത് കൂടിയാണ് ലക്ഷ്യം വെക്കുന്നത്.

ബ്രാഹ്മണ്യ പ്രത്യയശാസ്ത്രത്തിലധിഷ്ഠിതമായ ഹൈന്ദവ പദ്ധതി സമർത്ഥമായി മേൽജാതിക്കാർ പ്രയോഗവൽക്കരിക്കുന്നത് ഹൈന്ദവ ഫോൾഡിലെ ഒ.ബി.സി കളേയും, കീഴ്ജാതി വിഭാഗങ്ങളേയും മുൻനിർത്തിയാണ്. മുസ്‌ലിം ഭീതി ഇന്ധനമേകിയാണ് എകപക്ഷീയമായ മുസ്‌ലിം വിരുദ്ധ വംശഹത്യകൾ സ്വാതന്ത്രാനന്തരം മുതൽ ബാബരി മസ്ജിദ്, ഗുജറാത്ത് വരെ അരങ്ങേറിയത്. രാമക്ഷേത്രത്തിനായുള്ള മതേതര ജൂഡീഷ്യറിയുടെ വിധി യഥാർത്ഥത്തിൽ ഹിന്ദു / മുസ്‌ലിം എന്നീ രണ്ട് വിഭാഗങ്ങളായി മാത്രം അവരോധിച്ചു ഹൈന്ദവതയുടെ അകത്തും, പുറത്തുമുള്ള മറ്റു സമുദായിക വിഭാഗങ്ങളെ അദൃശ്യമാക്കുകയാണ്.

നവ- ഹൈന്ദവതയുടെ ഈ പ്രൊജക്ടിനെ മനസ്സിലാക്കുന്നതിലെ രാഷ്ട്രീയപരമായ ബോധ്യങ്ങളിലെ സൈദ്ധാന്തികപരവും പ്രയോഗപരവുമായ നിശബ്ദതയാണ് മുസ്‌ലിം വംശഹത്യകളെ വെറും വർഗീയതയും, സംഘട്ടനങ്ങളുമായി മാത്രം ദേശീയവാദ/ മതേതര / ഇടത് വ്യവഹാരങ്ങൾ മനസ്സിലാക്കുന്നത്.

ബുദ്ധ, ജൈന, പാഴ്സി, ഒ.ബി.സി, ദലിത് വിഭാഗങ്ങളെ ഹൈന്ദവതയിലേക്ക്‌ കൂടുതൽ ആന്തരികവൽക്കരിച്ചു കൊണ്ട് മുസ്‌ലിം എന്ന ബാഹ്യ ശത്രുവിനതിരെയുള്ള വംശഹത്യയുടെ വികസിത തലമായാണ് പൗരത്വ ഭേദഗതി നിയമത്തെ നോക്കികാണേണ്ടത്. ചരിത്രത്തിലെ ഹിന്ദു /മുസ്‌ലിം പോര് ബ്രിട്ടീഷ് സൃഷ്ടിയായും, മുസ്‌ലിംകളുടെ അധികബാധ്യതയായും അടയാളപ്പെടുത്തുന്ന മതേതര വ്യവഹാരങ്ങൾ, ബ്രാഹ്മണ മേൽജാതി ഹിന്ദുവിനാൽ നേതൃത്വം നൽകി നിർമിച്ചു കൊണ്ടിരിക്കുന്ന നവ-ഹൈന്ദവതയുടെ മുസ്‌ലിം വംശഹത്യ പ്രൊജക്ട്റ്റിനെ അഡ്രസ് ചെയ്യുന്നതിൽ സവിശേഷമായി മൗനം പാലിക്കുന്നു.

ഇന്ത്യയുടെ രാഷ്ട്രീയ ഭൂമികയിൽ മേൽജാതി ഹൈന്ദവത നിർവചിക്കുന്ന പൊതുബോധത്തിനേൽക്കുന്ന ഭീതിയായി, മുസ്‌ലിം വ്യവഹാരങ്ങളെ നിരന്തരം അപരരാക്കി ലൈംലൈറ്റിൽ നിർത്തുക എന്നതു തന്നെയാണ് ബ്രാഹ്മണ ഹൈന്ദവ പ്രൊജക്ടിറ്റിന്റെ ലക്ഷ്യം.

മേൽജാതി ഹിന്ദുവിന് സംഭവിക്കുന്ന അസ്വസ്ഥതകളെയും, വെല്ലുവിളികളെയും എങ്ങനെയാണ് മുസ്‌ലിം അപരനെ സൃഷ്ടിച്ചു വഴിതിരിച്ചു വിട്ടത് എന്ന് ചരിത്രപരമായി മൂന്ന് മൊമന്റിലൂടെ നമ്മൾ കണ്ടതാണ്, അവ പരിശോധിക്കാം.

1970 ൽ മഹാരാഷ്ട്രയിൽ ദലിത് പാന്തേഴ്സിന്റെ രൂപീകരണത്തോടെ മേൽജാതി ഹിന്ദുക്കളുടെ അതിക്രമങ്ങൾക്കെതിരെ ദലിതുകൾ സംഘടിക്കുകയും ഗുജറാത്ത്, ഉത്തർപ്രദേശ് എന്നീ വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലടക്കം ഈ മൂവ്മെൻറ് വ്യാപകമാവുകയും ചെയ്തു. ഹൈന്ദവ ഫോൾഡിനകത്തെ ദലിതുകളും, ഒ.ബി.സി കളുമാണ് പ്രധാനമായും ഈ മൂവ്‌മെന്റിനെ മുന്നോട്ട് നയിച്ചിരുന്നത്. അടുത്തതായി 1981ൽ തമിഴ്നാട്ടിലെ മീനാക്ഷിപുരത്ത് ഇസ്‌ലാമിലേക്ക് നടന്ന കൂട്ട മതപരിവർത്തനം, മേൽജാതി ഹിന്ദുക്കളുടെ അതിക്രമങ്ങളിൽ നിന്ന് മോചിതരാകുക എന്നതിലാണ് ഇസ്‌ലാമിനെ മനസ്സിലാക്കി അവർ കടന്നുവന്നത്.(റഹ്മത്ത് നഗറിനെ വീണ്ടും ഹിന്ദു ഫോൾഡിലേക്ക് ഘർ വാപസി നടത്താൻ ശ്രമം ഇപ്പോഴും നടക്കുന്നതായി ചേർത്തുവായിക്കണം).

ഇന്ത്യൻ പൊതുമണ്ഡലം കയ്യടക്കി വെച്ചിരുന്ന സവർണഹിന്ദുക്കളുടെ തലവേദനയായിരുന്നു മണ്ഡൽ മൊമന്റ്. ഒ.ബി.സികളും ദലിതുകളും മുസ്‌ലിംകളും വിവിധ പ്രദേശങ്ങളും, ഭാഷകളും ആദിവാസികളുമെല്ലാം പൊതുമണ്ഡലത്തിലെത്താൻ ദൃശ്യതയോടെ വഴിയൊരുക്കിയത് മണ്ഡൽ മൊമന്റിലൂടെയാണ്. മേൽജാതി ഹൈന്ദവത ഈ വെല്ലുവിളികളെ, തലവേദനകളെ നേരിട്ടത് കൃത്യമായി ശരീഅത്ത് വിവാദത്തിലൂടെയും, ബാബരി മസ്ജിദുമായ രണ്ട് പ്രശ്നങ്ങളെ മുൻനിർത്തിയാണ്. 2018ൽ കൊണ്ടുവന്ന മുത്തലാഖ് നിയമവും മുസ്‌ലിം വ്യവഹാരങ്ങളുടെ രാക്ഷസീയ ഇമേജുകൾ ഹൈന്ദവ ആൾക്കൂട്ടത്തിന്റെ ബോധമണ്ഡലത്തിൽ നിലനിർത്തുക എന്നത് കൂടിയാണ്. മുസ്‌ലിം അപരൻ എന്ന മുസ്‌ലിം വിരുദ്ധ പൊതുബോധത്തെ പ്രതിഷ്ഠിച്ചാണ് ഹിന്ദു ഫോൾഡിനെ നിരന്തരം ശക്തിപ്പെടുത്തുന്നത്.

ദലിത് / ഒ.ബി.സി /ലിബറൽ ഹിന്ദുക്കളെ വിശാല ഹൈന്ദവ ഫോൾഡ് പദ്ധതിക്കൊപ്പം കൃത്യമായി നിലനിർത്തുന്നതാണ് ബാബരിയാനന്തരം ഗുജറാത്ത് വംശഹത്യയിലും, 9/11 നുശേഷം ഭൗമ രാഷ്ട്രീയത്തിന്റെ ഭാഗമായി വികസിച്ചു വന്ന ഭീകരവിരുദ്ധ, കരിനിയമങ്ങൾ പ്രയോഗിച്ചപ്പോഴെല്ലാം മുസ്‌ലിം വ്യവഹാരങ്ങൾ തികച്ചും ഒറ്റപ്പെടുന്ന നടപടികള്‍.

ഹൈദരാബാദ് സർവ്വകലാശാലയിൽ നിന്ന് ഉയർന്ന് വന്ന രോഹിത് വെമുല മൊമന്റാണ് ദലിത് – മുസ് ലിം – ആദിവാസി ശബ്ദങ്ങൾ അടങ്ങുന്ന ബഹുജൻ എന്ന രാഷ്ട്രീയ സമവാക്യം സവർണ ഹൈന്ദവതക്ക് പിന്നീട് തലവേദനയേകിയത്. ബഹുജൻ എന്ന രാഷ്ട്രീയ ഫാക്ടറിയിൽ നിന്ന് പക്ഷേ മുസ്‌ലിം വിഷയങ്ങളെ തെരഞ്ഞുപിടിച്ചു പുറത്താക്കിയാണ് ഹൈന്ദവ ഫോൾഡിനെ വീണ്ടും ഉറപ്പിച്ചുനിർത്തുന്നത്. മുസ്‌ലിം രാഷ്ട്രീയ വിഷയങ്ങൾ ഉയർത്തുക, അവർക്കൊപ്പം ഉപാധികളില്ലാതെ നിലനിൽക്കുക എന്നിവയെല്ലാം ഇന്ത്യൻ ഉപഭൂഖണ്ഡത്തിലെ അപകടം പിടിച്ച അവസ്ഥാ തലത്തിലാണ് ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്ന പൗരത്വ ഭേദഗതി നിയമങ്ങൾക്കെതിരായ പ്രക്ഷോഭങ്ങളിലെ ചന്ദ്രശേഖർ ആസാദിന്റെ മൊമന്റ് ശ്രദ്ധേയമാകുന്നത്. ബ്രാഹ്മണ ഹൈന്ദവ ദേശീയത നിരന്തരം മാറ്റി നിർത്തുന്ന മുസ്‌ലിംകള്‍ക്കൊപ്പം രാഷ്ട്രീയപരമായും, സ്വത്വപരമായും ആത്മാഭിമാനത്തോടെയും നിലനിൽക്കുക എന്നതു തന്നെയാണ് ബ്രാഹ്മണ നവ ഹൈന്ദവതയെ പ്രതിരോധിക്കാനാവൂ എന്ന ബോധ്യം സവർണ വിരുദ്ധ- ബഹുജൻ രാഷ്ട്രീയം രാഷ്ട്രീയപരമായി തന്നെ പ്രയോഗവൽക്കരിക്കണം. എക സിവിൽ കോഡ് പോലെ, മതപരിവർത്തന നിരോധന നിയമം പോലെയുള്ള നവ-ഹൈന്ദവ പ്രൊജക്ടുകളുമായി സംഘ്പരിവാർ അവരുടെ അടുക്കളകളിൽ വേവിച്ചുകൊണ്ടിരിക്കുമ്പോൾ ഹിന്ദുത്വക്ക്, വംശഹത്യകൾക്ക് ഇന്ധനമേകുന്ന അദൃശ്യവും,സുരക്ഷിതവുമായ, സാംസ്കാരിക ദേശീയവാദമായി ഒളിപ്പിച്ചു കടത്തിയ നവ- സവർണ ജാതി-ഹൈന്ദവ അധീശ പദ്ധതി വിമർശന പദ്ധതിയായി മാറണം എന്നത് തന്നെയാണ് അബേദ്ക്കർ വായനയിലൂടെ ബോധ്യമാകുന്നത്. ഹിന്ദുത്വയെ നേരിടുന്നുവെന്ന് അവകാശപ്പെടുന്ന ലിബറൽ – മതേതര വ്യവഹാരങ്ങൾ ഇതിനകത്തെല്ലാം പരാജിതമായിരുന്നുവെന്ന് ചരിത്രപരമായ മറ്റൊരു രാഷ്ട്രീയ വസ്തുതയുമാണ്.

[/et_pb_text][/et_pb_column] [/et_pb_row] [/et_pb_section]
By സി. യഹിയ

Post Graduate Student, University of Hyderabad