‘മത ഉൻമൂലന’ (Religious cleansing) ത്തിന്റെ ഒരു പുതിയ മാതൃകയാണ് ഇന്ത്യയിലെ മണിപ്പൂരിൽ ആരംഭിച്ചിട്ടുള്ളത്. കുറഞ്ഞത് 317 പള്ളികളും 70 ചർച്ച് അഡ്മിനിസ്ട്രേറ്റീവ്/സ്കൂൾ കെട്ടിടങ്ങളും ചാമ്പലാക്കപ്പെട്ടു. 75 ക്രിസ്ത്യാനികൾ കൊല്ലപ്പെട്ടു. ഇന്ത്യ കണ്ട ഈ ഏറ്റവും മോശം ക്രിസ്ത്യൻ വിരുദ്ധ അക്രമത്തിൽ 30,000-ത്തിലധികം പേർ പലായനം ചെയ്തു.
വടക്കുകിഴക്കൻ ഇന്ത്യൻ സംസ്ഥാനമായ മണിപ്പൂരിൽ മെയ് മാസത്തിൽ ക്രിസ്ത്യാനികൾക്ക് നേരെയുണ്ടായ അക്രമം ഇന്ത്യയിലെ ക്രിസ്ത്യാനികൾക്കെതിരായ ഏറ്റവും മാരകവും അക്രമാസക്തവുമായ ആക്രമണങ്ങളിലൊന്നാണ്. ഭൂമിയുടെ അവകാശത്തെച്ചൊല്ലിയുള്ള സംഘർഷം മതപരമല്ല, ഗോത്രപരമാണ് എന്ന സർക്കാർ വാദത്തെ വസ്തുതാന്വേഷണ വിവരങ്ങൾ നിരാകരിക്കുന്നു. ശേഖരിച്ച ഓരോ വിശദാംശങ്ങളും മോദിയുടെ നേതൃത്വത്തിലുള്ള ഹിന്ദു ദേശീയ സർക്കാരിന്റെ അവകാശവാദങ്ങൾക്ക് വിരുദ്ധമാണ്.
രണ്ട് വംശീയ വിഭാഗങ്ങൾ തമ്മിലുള്ള പതിറ്റാണ്ടുകളായി നിലനിന്നിരുന്ന വംശീയ സംഘർഷം ക്രിസ്ത്യാനികൾക്കെതിരായ ഏറ്റവും മാരകമായ അക്രമങ്ങൾ അഴിച്ചുവിടാൻ വേണ്ടി ബിജെപി സർക്കാർ ഉപയോഗിച്ചു. ഒരു പ്രത്യേക തദ്ദേശീയ സമുദായത്തിൽ നിന്നുള്ള ഹിന്ദുത്വ ദേശീയവാദികളാണ് ഇതിന് പ്രേരണ നൽകിയത്. മെയ് 3 മുതൽ 6 വരെ അഥവാ സംഘർഷത്തിന്റെ ആദ്യ മൂന്ന് ദിവസങ്ങളിലാണ് ഏറ്റവും കൂടുതൽ നാശനഷ്ടങ്ങൾ സംഭവിച്ചത്. സംസ്ഥാന തലസ്ഥാനമായ ഇംഫാലിലും ചുറ്റുമുള്ള താഴ്‌വരയിലും സർക്കാർ സേനയുടെ ഉന്നംവെച്ചുള്ള നശീകരണപദ്ധതി ഇന്നും തുടരുന്നു.
ഭൂരിപക്ഷമായ മണിപ്പൂരികളും (മൈതേയികൾ) ന്യൂനപക്ഷ ഗോത്രവർഗ്ഗക്കാരും (കുക്കി/സോമി ഗോത്രങ്ങൾ എന്ന് മൊത്തമായി അറിയപ്പെടുന്നു) തമ്മിലുള്ള അന്തർ-സാമുദായിക സംഘട്ടനത്തിന്റെ മറവിൽ, ഇംഫാൽ താഴ്‌വരയിലെ മിക്കവാറും എല്ലാ പള്ളികളും ബിജെപി പിന്തുണയുള്ള സായുധസംഘം കത്തിക്കുകയോ നശിപ്പിക്കുകയോ ചെയ്തു.
മൈതേയികൾ പ്രാഥമികമായി ഹിന്ദുവോ സനാമഹിയോ ആയി കണക്കാക്കപ്പെടുന്നുണ്ടെങ്കിലും, അവരിൽ ഒരു ചെറിയ ശതമാനം ഈയിടെയായി ക്രിസ്ത്യൻ വിശ്വാസത്തിലേക്ക് പരിവർത്തനം ചെയ്തിട്ടുണ്ട്. FIACONA യുടെ ഒടുവിലത്തെ കണക്കുപ്രകാരം, മൈതേയി ക്രിസ്ത്യാനികളുടേതായ145 പള്ളികളും 172 ആദിവാസി പള്ളികളും തീവ്ര ഹിന്ദുത്വ യുവാക്കൾ കത്തിക്കുകയോ നശിപ്പിക്കുകയോ ചെയ്തു. മണിപ്പൂരിലെ ഈ അക്രമത്തിന്റെ പ്രവർത്തനരീതി ഗോധ്ര, കാണ്ഡമാൽ തുടങ്ങിയ സ്ഥലങ്ങളിലെ ഹിന്ദുത്വ ദേശീയവാദികൾ പിന്തുടരുന്ന രീതിയോട് സാമ്യമുള്ളതാണെന്ന യാഥാർഥ്യം,അവരുടെ പങ്കാളിത്തത്തിന് തെളിവാണ്. ഇൻഡിജിനസ് ട്രൈബൽ ലീഡേഴ്‌സ് ഫോറം (ഐടിഎൽഎഫ്) പുറത്തുവിട്ട റിപ്പോർട്ട് പ്രകാരം 75 പേർ മരിച്ചതായി സ്ഥിരീകരിച്ചിട്ടുണ്ട്. 55 പേരുടെത് സ്ഥിരീകരിച്ചിട്ടില്ല, ഇരുന്നൂറിലധികം പേർക്ക് പരിക്കേറ്റിട്ടുണ്ട്. (നശിപ്പിച്ച പള്ളികളുടെ പേരുകളുടെയും വിലാസങ്ങളുടെയും സ്ഥിരീകരിച്ച ലിസ്റ്റ് കൊല്ലപ്പെട്ടവരുടെ പട്ടിക ഉൾപ്പെടെ www.fiacona.org ൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. അക്രമം ഇപ്പോഴും തുടരുന്നതിനാൽ കണക്കുകൾ പതിവായി അപ്‌ഡേറ്റ് ചെയ്യുന്നുണ്ട്).
മൈതേയി ക്രിസ്ത്യാനികൾ മുമ്പെങ്ങുമില്ലാത്തവിധം കടുത്ത സാമ്പത്തികവും സാമൂഹികവുമായ സമ്മർദ്ദത്തിലാണ് എന്നാണ് ഇംഫാൽ താഴ്‌വരയിലെ മൈതേയി പള്ളികളുടെ ആനുപാതികമല്ലാത്ത നാശം സൂചിപ്പിക്കുന്നത്. സർക്കാരിന് വേണ്ടി പ്രവർത്തിക്കുന്ന മറ്റു ചില സംഘങ്ങളും മൈതേയി ഹിന്ദുത്വ നേതാക്കളും അക്രമത്തിന് ഉത്തരവാദികളാണെന്ന് ദൃക്‌സാക്ഷികൾ ഫിയാക്കോണയോട് പറഞ്ഞു.
കുക്കി അല്ലെങ്കിൽ മൈതേയി അല്ലാത്ത മറ്റൊരു ഗോത്രത്തിൽ പെട്ടതാണെന്ന് മനസിലാക്കിയ ശേഷം ജനക്കൂട്ടം ഒരു പള്ളിയെ വെറുതെ വിട്ടതായ ഒരു പ്രത്യേക സംഭവം ഉണ്ടായതായി ഫിയാക്കോണ മനസ്സിലാക്കിയിട്ടുണ്ട്. (സുരക്ഷാ കാരണങ്ങളാൽ പള്ളിയുടെ സ്ഥലത്തിന്റെയും പേരുകളുടെയും വിശദാംശങ്ങൾ പുറത്തുവിടുന്നില്ല).
ഡൽഹിയിലെയും മണിപ്പൂരിലെയും ബിജെപി സർക്കാരുകൾ കുക്കി ഗോത്രങ്ങളെ മോശമായി ചിത്രീകരിക്കാൻ ശ്രമിക്കുകയാണ്. അവർ അനധികൃത കുടിയേറ്റക്കാരും കഞ്ചാവ് കർഷകരുമാണെന്ന് മുദ്രകുത്തപ്പെടുന്നു. ഏകദേശം 100% കുക്കി ഗോത്രങ്ങളും ക്രിസ്ത്യാനികളായതിനാൽ മണിപ്പൂർ ക്രിസ്ത്യാനികളെ പരോക്ഷമായി അപകീർത്തിപ്പെടുത്താനുള്ള ശ്രമമാണിതെന്ന് ഫിയാക്കോണ വിശ്വസിക്കുന്നു. ക്രിസ്ത്യൻ ജനസംഖ്യയെ മോശമായി കാണിക്കാനുള്ള ബിജെപി സർക്കാരിന്റെ ശ്രമങ്ങളിൽ പൊതുജനങ്ങൾ വഞ്ചിതരാകരുതെന്ന് ഫിയക്കോണ മുന്നറിയിപ്പ് നൽകുന്നു.
Federation of Indian American Christian Organizations (FIACONA) ജൂൺ ഒന്നാം തീയതി പുറത്തിറക്കിയ കുറിപ്പ്