ആരായിരുന്നു ഖിദ്ര്‍ അദ്നാൻ? ഇസ്രായേൽ ജയിലിൽ നിരാഹാര സമരത്തിലായിരുന്ന ഫലസ്തീൻ തടവുകാരൻ ഖിദ്ര്‍ അദ്നാന്റെ മരണം ഫലസ്തീന് അകത്തും പുറത്തുമായി വലിയ പ്രതിഷേധങ്ങൾക്കാണ് തിരികൊളുത്തിയത്. 84 ദിവസങ്ങൾ നീണ്ടുനിന്ന നിരാഹാരത്തിന് ഒടുവിൽ ഇസ്രായേലി അധികൃതർ അദ്ദേഹത്തിൻ്റെ മരണം സ്ഥിരീകരിച്ചതിന് തൊട്ടുടനെ തന്നെ ഗസ്സയിൽ നിന്നും അധിനിവേശ പ്രദേശങ്ങൾ ലക്ഷ്യമാക്കി റോക്കറ്റ് ആക്രമണങ്ങൾ നടക്കുകയും ഫലസ്തീനിൽ അങ്ങോളമിങ്ങോളം വലിയ പ്രതിഷേധ പ്രകടനങ്ങൾ സംഘടിപ്പിക്കപ്പെടുകയുമുണ്ടായി. ഫലസ്തീനികളെ അന്യായമായി തടവിലാക്കുന്ന ഇസ്രായേലിൻ്റെ ചട്ടമ്പി നയങ്ങൾക്കെതിരെ ഒറ്റയാൾ നിരാഹാര സമരങ്ങൾ കൊണ്ട് പ്രശസ്തനായ അദ്നാൻ അധിനിവേശത്തിന് എതിരായ ഫലസ്തീനികളുടെ ചെറുത്തു നിൽപ്പിൻ്റെ പ്രതീകം കൂടിയായിരുന്നു. 2004 നും 2023 നും ഇടയിൽ വിവിധ ജയിലുകളിൽ മൊത്തം 316 ദിവസം നിരാഹാര സമരം നടത്തിയിട്ടുണ്ട് അദ്ദേഹം.
രണ്ടായിരത്തി ഒന്നിൽ റാമല്ലയിലെ ബിർസൈത് യൂണിവേഴസിറ്റിയിലെ സാമ്പത്തിക ശാസ്ത്ര ബിരുദ വിദ്യാർത്ഥി ആയിരിക്കെയാണ് ചെറുത്തു നിൽപ്പ് പ്രസ്ഥാനമായ ഫലസ്തീൻ ഇസ്ലാമിക് ജിഹാദിൻ്റെ അംഗം കൂടിയായിരുന്ന ഖിദ്ര്‍ അദ്നാനെ ആദ്യമായി ഇസ്രായേൽ സൈന്യം തടവിലാക്കുന്നത്. അന്നത് യാതൊരുവിധ കുറ്റപത്രമോ, വിചാരണയോ കൂടാതെ തന്നെ നാലു മാസക്കാലം നീണ്ടു നിൽക്കുകയും തുടർന്ന് വീണ്ടും അറസ്റ്റു ചെയ്ത് ഒരു വർഷത്തേക്ക് തടവിലാക്കുകയും ചെയ്തു. അതിനു ശേഷം തുടർന്നുള്ള വർഷങ്ങളിൽ അദ്നാൻ പത്തു തവണ കൂടി അറസ്റ്റു ചെയ്യപ്പെടുകയും എട്ടു വർഷങ്ങൾ ജയിലിൽ കഴിയുകയും ചെയ്തിട്ടുണ്ട് .

ഖിദ്ര്‍ അദ്നാനെ സംബന്ധിച്ചിടത്തോളം വിവിധ ജയിലുകളിൽ ആയിരിക്കെ നിരവധി നിരാഹാര സമരങ്ങൾ നടത്തിയിട്ടുണ്ടെങ്കിലും 2012 ലേത് സവിശേഷമായ ഒന്നായിരുന്നു. 2011 ഡിസംബർ 11നാണ് അന്ന് തൻ്റെ 33 വയസ്സിൽ അദ്ദേഹത്തെ അറാബയിലെ വീട്ടിൽ നിന്നും കുടുംബത്തോടൊപ്പമായിരിക്കെ അറസ്റ്റു ചെയ്യുന്നത്. തുടർന്ന് 18 ദിവസത്തെ ചോദ്യം ചെയ്യലിന് വിധേയമാക്കിയ ആഭ്യന്തര സുരക്ഷ സേനയുടെ ഏജൻ്റുമാർ വലിയ തോതിലുള്ള പീഡനങ്ങൾക്കാണ് അദ്നാനെ വിധേയമാക്കിയത്. അവിടെനിന്നും കുറ്റം ചുമത്തുകയോ അഭിഭാഷകർക്ക് തെളിവുകൾ സമർപ്പിക്കുകയോചെയ്യാതെ തടവിലാക്കാവുന്ന സംവിധാനമായ അഡ്മിനിസ്ട്രേറ്റീവ് തടവിലേക്ക് മാറ്റി. അന്ന് അദ്നാൻ 66 ദിവസം നീണ്ടുനിന്ന നിരാഹാര സമരമാണ് നടത്തിയത്. അക്കാലത്ത് ഇസ്രായേൽ ജയിലിൽ കഴിയുന്ന ഫലസ്തീൻ തടവുകാരൻ്റെ ഏറ്റവും ദൈർഘ്യമേറിയ നിരാഹാര സമരമായിരുന്നു അത്. തുടർന്ന് 2012 ഫെബ്രുവരിയിൽ ഇസ്രായേൽ അധികൃതരുമായി ധാരണയിൽ എത്തിയതിനെ തുടർന്നാണ് അത് അവസാനിപ്പിച്ചത്. അന്നത്തെ ആ സമരം വളരെ അധികം ലോകശ്രദ്ധ ആകർഷിക്കുകയും ഗസ്സയിലും വെസ്റ്റ് ബാങ്കിലും വലിയ തോതിലുള്ള ഐക്യധാർഢ്യ പ്രവാഹങ്ങൾ സൃഷ്ടിക്കുകയുമുണ്ടായി. 2014 ലും അദ്ദേഹത്തെ അറസ്റ്റ് ചെയ്യുകയും 6 മാസത്തേക്ക് ശിക്ഷിക്കപ്പെടുകയും ചെയ്തിരുന്നു ഇതിനെ തുടർന്ന് 2015 മെയ് നാലിന് അദ്നാൻ അനിശ്ചിതകാല നിരാഹാര സമരം ആരംഭിക്കുകയും ഈ സമരം 56 ദിവസങ്ങൾ നീണ്ടു നിൽക്കുകയും ചെയ്തു ഈ കാലയളവിൽ നിരാഹാരം കിടക്കുന്ന തടവുകാരുടെ ജീവൻ അപകടത്തിലാണെങ്കിൽ അവർക്ക് നിർബന്ധിത ഭക്ഷണം നൽകാൻ അനുവദിക്കുന്ന ബില്ലിന് ഇസ്രായേൽ സർകാർ അംഗീകാരം നൽകിയിരുന്നു. നിരാഹാര സമരത്തിലുള്ള തടവുകാർ, ഇസ്രായേലിന് ഭീഷണിയാണെന്ന് അന്നത്തെ ആഭ്യന്തര സുരക്ഷാ മന്ത്രി ഗിലാഡ് എർദാൻ തുറന്ന് പറയുന്ന സാഹചര്യം പോലുമുണ്ടായി. പിന്നീട് സമരം അവസാനിപ്പിക്കാൻ ധാരണയായതിനെ തുടർന്ന് ജൂലൈ 12 ന് ഇസ്രായേലിന് അദ്നാനെ ജയിലിൽ നിന്ന് മോചിപ്പിക്കേണ്ടി വന്നു.

ഫലസ്തീൻ പ്രിസനേഴ്സ് സൊസൈറ്റിയുടെ കണക്കുപ്രകാരം 1970 മുതൽ ഇസ്രായേൽ ജയിലിൽ വെച്ച് മരണപ്പെടുന്ന ഏഴാമത്തെ ഫലസ്തീൻ തടവുകാരനാണ് ഖിദ്ര്‍ അദ്നാൻ. മാത്രവുമല്ല നിലവിൽ ഇസ്രയേൽ ജയിലുകളിൽ കഴിയുന്ന 4900 ഫലസ്തീൻ തടവുകാരിൽ 1000 പേരും അദ്നാന് സമാനമായി കുറ്റമേതും ചുമതപ്പെടാതെ അഡ്മിനിസ്ട്രേറ്റീവ് തടങ്കലിലാണ് എന്നാണ് വിവിധ കണക്കുകൾ സൂചിപ്പിക്കുന്നത്. ഫലസ്തീൻ പ്രിസണേഴ്സ് സൊസെറ്റിയുടെ കണക്കു പ്രകാരം 2003 ന് ശേഷമുള്ള ഏറ്റവും ഉയർന്ന സംഖ്യയാണ് നിലവിലുള്ളത്.
2023 ഫെബ്രുവരി 5 ന് അദ്നാൻ്റെ അവസാനത്തെ അറസ്റ്റിന് മുമ്പ് ഒന്നിലധികം തവണ അദ്ദേഹം അറസ്റ്റു ചെയ്യപ്പെട്ടു കഴിഞ്ഞിരുന്നു. ഇത്തവണ ഒരു നിയമവിരുദ്ധ ഗ്രൂപ്പുമായുള്ള ബന്ധമാണ് അറസ്റ്റിനു കാരണം എന്നാണ് ഔദ്യോഗിക ഭാഷ്യം. അറസ്റ്റിൽ പ്രതിഷേധിച്ച് നിരാഹാരം ആരംഭിച്ച അദ്നാൻ 87 ദിവസം അത് തുടരുകയായിരുന്നു. തുടർന്ന് കഴിഞ്ഞ ചൊവ്വാഴ്ചയാണ് അദ്ദേഹത്തെ സെല്ലിൽ മരിച്ച നിലയിൽ കണ്ടെത്തുന്നത്. മരണത്തിന് മുന്നെ അദ്ദേഹത്തെ സന്ദർശിച്ച മെഡിക്കൽ സംഘവും കുടുംബാംഗങ്ങളും അദ്നാൻ്റെ ആരോഗ്യ സ്ഥിതിയിൽ ആശങ്ക പ്രകടിപ്പിക്കുകയും. കുടുംബം എത്രയും പെട്ടന്ന് അദ്ദേഹത്തെ സിവിലിയൻ ആശുപത്രിയിലേക്ക് മാറ്റാൻ ആവശ്യപ്പെടുകയും ചെയ്തിരുന്നു. എന്നാൽ ചികിത്സ സ്വീകരിക്കാൻ അദ്നാൻ വിസമ്മതിക്കുകയായിരുന്നു എന്നാണ് ജയിൽ അധികൃതർ പറഞ്ഞത്.