ജി-20 ഉച്ചകോടിയിലൂടെ അധിനിവിഷ്ട കാശ്മീരിനെ സാധാരണവല്‍ക്കരിക്കുന്ന ഇന്ത്യ

ഈ വർഷം സെപ്റ്റംബർ മാസത്തിൽ ഡെൽഹിയിൽ വെച്ച് ജി-20 ഉച്ചകോടിക്ക് ആതിഥേയം വഹിക്കാനിരിക്കുകയാണ് ഇന്ത്യ. അതിന്റെ ഭാഗമായുള്ള മറ്റ് പരിപാടികളും യോഗങ്ങളുമൊക്കെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി നടന്നുകൊണ്ടിരിക്കുകയും ചെയ്യുന്നു. ഇന്ത്യയുടെ ജി-20 അദ്ധ്യക്ഷതയുടെ ഭാഗമായി ഇന്ത്യൻ നിയന്ത്രിത കാശ്മീരിലെ ശ്രീനനഗറിൽ വെച്ച് ടൂറിസം വർക്കിംഗ് ഗ്രൂപ് മീറ്റിംഗും നടക്കുകയാണിപ്പോൾ. തർക്ക പ്രദേശമായ കാശ്മീരിൽ സാധാരണത്വം തിരികെ വന്നിരിക്കുന്നു എന്നും വിഭവ സമൃദ്ധമായ ഇവിടം സന്ദർശകർക്കും നിക്ഷേപകർക്കും മുന്നിൽ തുറന്നിട്ടിരിക്കുകയാണെന്നും ലോകത്തെ കാണിക്കാനാണ് ഇന്ത്യയുടെ ശ്രമം. പ്രസിദ്ധമായ ദാൽ തടാകമായിരിക്കും യോഗത്തിന്റെ പശ്ചാത്തലമാവുക. പ്രസിദ്ധ വിനോദ സഞ്ചാര കേന്ദ്രമായ ഗുൽമർഗിലും ഇന്ത്യൻ ആഭ്യന്തര മന്ത്രാലയത്തിന്റെ ശക്തമായ സുരക്ഷാ വലയത്തിൽ ഒരു അന്താരാഷ്ട്ര സംഘം സന്ദർശനം നടത്തും.

ഗുൽമർഗിലേക്കുള്ള റൂട്ടിൽ മുൾവേലികൾ വിന്യസിക്കുകയും സായുധ സൈനികർ ബങ്കറുകളിൽ നിന്ന് സദാ നിരീക്ഷിക്കുകയും ചെയ്യുന്നുണ്ട്. കാശ്മീരിനെ ഇന്ത്യക്ക് കീഴിലുള്ളതും പാകിസ്താന് കീഴിലുള്ളതുമാക്കി വേർതിരിക്കുന്ന നിയന്ത്രണ രേഖക്ക് (LOC) അടുത്തായാണ് താമസ സൗകര്യങ്ങളൊരുക്കിയ പട്ടണമുള്ളത്. ജി-20 സംഘങ്ങളെ ശ്രീ നഗറിൽ സംഘടിപ്പിക്കാനുള്ള നീക്കം കാശ്മീരിലെ ഇന്ത്യൻ അധിനിവേശത്തെ അന്തർദേശീയ തലത്തിൽ സ്വാഭാവികവൽക്കരിക്കാനുള്ള ശ്രമത്തിന്റെ പുതിയൊരു ചുവടുവെപ്പാണ്. അതേസമയം അന്താരാഷ്ട്ര നിയമവും ഐക്യരാഷ്ട്ര സഭയുടെ പ്രമേയങ്ങളും അനുസരിച്ചുള്ള സ്വയം നിർണയാവകാശത്തിന് വേണ്ടിയുള്ള ആവശ്യം കാശ്മീരികൾ ഇപ്പോഴും ഉയർത്തിക്കൊണ്ടിരിക്കുന്നുമുണ്ട്. യോഗത്തിലെ അന്താരാഷ്ട്ര സാന്നിധ്യം അവരുടെ ശ്രമങ്ങൾക്ക് വലിയൊരളവിൽ തുരങ്കം വെക്കുകയാണ് ചെയ്യുക.

ഇന്ത്യയുടെ മനുഷ്യാവകാശ ലംഘനങ്ങളെ ഉദ്ധരിച്ചുകൊണ്ട് കാശ്മീരിൽ വെച്ച് നടക്കുന്ന എല്ലാ ജി-20 യോഗങ്ങളും ബഹിഷ്കരിക്കാൻ കാനഡയിലെ ഫെഡറൽ ഗവണ്മെന്റിനോട് എൻ.ഡി.പി (ന്യൂ ഡെമോക്രാറ്റിക് പാർട്ടി) ആഹ്വാനം ചെയ്തിരുന്നു. എങ്കിലും ട്രൂഡോ ഗവണ്മെന്റ് അവയെ അവഗണിക്കുകയാണുണ്ടായത് എന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

അധിനിവേശത്തിന്റെ സ്വാഭാവികവൽക്കരണം

വ്യാവസായികാടിസ്ഥാനത്തിൽ ശ്രീനഗർ പട്ടണത്തെ അലങ്കരിക്കാനുള്ള പദ്ധതികളും നടന്നു കൊണ്ടിരിക്കുകയാണ്. അന്താരാഷ്ട്ര സംഘങ്ങൾക്ക് മുന്നിൽ കാശ്മീരിന്റെ ഒരു ശുദ്ധീകരിച്ച ചിത്രം നിർമ്മിച്ച് അവതരിപ്പിക്കാൻ വേണ്ടിയാണ് ഈ പുനരുദ്ധാരണ ശ്രമങ്ങൾ രൂപകല്പന ചെയ്തിരിക്കുന്നത്. മനുഷ്യാവകാശ പ്രവർത്തകരും മാധ്യമ പ്രവർത്തകരും അറസ്റ്റ് ചെയ്യപ്പെടുകയും നൂറ് കണക്കിന് യുവാക്കളെ സുരക്ഷാ ഉദ്യോഗസ്ഥർ തടവിലാക്കുകയും ചെയ്തതായുള്ള റിപ്പോർട്ടുകളും പുറത്തു വന്നിരുന്നു.

തദ്ദേശീയരെ സ്ഥാന ഭൃഷ്ടരാക്കാനുള്ള ഒരു വഴിയാണ് ശ്രീനഗറിൽ നടന്നു കൊണ്ടിരിക്കുന്ന ഈ നഗര നവീകരണം.കാലങ്ങളായി കാശ്മീരിൽ താമസമാക്കിയ അസ്ഗർ എന്നയാളുമായി ഈ മാസം ഞാൻ ഫോണിൽ സംസാരിച്ചിരുന്നു. ചില നഗര വികസന പദ്ധതികൾ പട്ടണങ്ങളിലെ ചില പ്രത്യേക വിഭാഗങ്ങളെ പൂർണമായും മാറ്റുന്നത് എങ്ങനെയാണെന്ന് അദ്ദേഹം വിശദീകരിക്കുകയുണ്ടായി. ഇതോടൊപ്പം ഗവണ്മെന്റിന്റെ പേരു മാറ്റൽ ചടങ്ങുകളും ചേരുന്നതോടു കൂടി തദ്ദേശീയരായ ആളുകൾക്ക് സ്വന്തം നാട്ടിൽ നിന്ന് മാറ്റി നിർത്തപ്പെട്ട ഒരു തരം അകൽച്ച അനുഭവപ്പെടുന്നു. ‘വിദഗ്ദമായ ബങ്കറുകൾ’ നിർമ്മിച്ചു കൊണ്ട് ശക്തമായി സൈനികവൽക്കരിക്കപ്പെട്ട ഈ മേഖലയിലെ സൈനിക സാന്നിദ്ധ്യത്തെ താൽക്കാലികമായി കുറയ്ക്കാനും ഇന്ത്യൻ ഗവണ്മെന്റ് ശ്രമിക്കുന്നുണ്ട്. വിദേശ സന്ദർശകരുടെ കണ്ണിൽ പെടാത്ത രീതിയിൽ നിർമ്മിക്കപ്പെട്ടതാണ് പ്രസ്തുത ബങ്കറുകൾ.

ഒരു തരം ‘സ്മാർട്ട് പോലീസിംഗും’ നടന്നു കൊണ്ടിരിക്കുന്നു. സാമൂഹ്യ മാധ്യമങ്ങളെ നിരീക്ഷണ വിധേയമാക്കുന്ന ഏജൻസികൾ, ലോക്കൽ ഇന്റലിജൻസ്, സിസിടിവി, ഡ്രോൺ കാമറകൾ തുടങ്ങിയവ വഴിയുള്ള നിരീക്ഷണം എന്നിവയൊക്കെ ഇതിൽ പെടും. അന്താരാഷ്ട്ര സംഘങ്ങളെ കൈകാര്യം ചെയ്യാൻ നിയോഗിക്കപ്പെട്ട പോലീസ് ഉദ്യോഗസ്ഥർക്ക് വിനയപുരസരം അവരോട് പെരുമാറാനും അത്തരമൊരു ചിത്രം അവരിലുണ്ടാക്കാനുമുള്ള പ്രത്യേക പരിശീലനവും ഇതിന്റെ ഭാഗമായി നൽകിയിരിക്കുന്നു. ഇന്ത്യൻ സുരക്ഷാ ഉദ്യോഗസ്ഥർ കാശ്മീരികളോട് പെരുമാറുന്നതിന്റെ നേർ വിപരീതമാണിത്.

ജി-20 യും ടൂറിസവും

ഐക്യരാഷ്ട്ര സഭയുടെ 2030 സുസ്ഥിര വികസന അജണ്ട ലഷ്യമാക്കി ജി-20 രാജ്യങ്ങളിലെ ആഗോള-പ്രാദേശിക ടൂറിസം വികസനത്തിനായി 2020-ൽ രൂപം കൊണ്ടതാണ് ‘ജി-20 ടൂറിസം വർക്കിംഗ് ഗ്രൂപ്പ്’. 2019-ൽ ഇന്ത്യൻ ഭരണകൂടം കാശ്മീരിന്റെ അർദ്ധ സ്വയം ഭരണാധികാരം എടുത്തു കളഞ്ഞതിന് ശേഷം കാശ്മീരി താഴ് വരയിൽ നടക്കുന്ന ആദ്യത്തെ ആഗോള പരിപാടിയാണ് ഈ ജി-20 യോഗം. അന്ന് മുതൽ പ്രദേശത്ത് കാര്യമായ രീതിയിലുള്ള പ്രദേശ-ജില്ലാ പുനർനിർണയങ്ങൾ നടന്നു വരികയായിരുന്നു.

ഇന്ത്യൻ ഭരണത്തിന് കീഴിൽ ജീവിക്കുമ്പോൾ തന്നെ കാശ്മീരിന്റെ അർദ്ധ സ്വയം ഭരണാധികാരം കാശ്മീരികൾക്ക് പ്രദേശപരവും സാംസ്കാരികവുമായ ചില അവകാശങ്ങൾ നൽകിയിരുന്നു. പ്രസ്തുത മാർഗനിർദ്ദേശ പ്രകാരം കാശ്മീരിന്റെ താൽക്കാലിക ഭരണാധികാരി മാത്രമായിരുന്നു ഇന്ത്യ. തന്നെയുമല്ല, തങ്ങളുടെ ആത്യന്തിക ഭാവി തീരുമാനിക്കാനുള്ള അവകാശം കാശ്മീരികൾക്ക് തന്നെയായിരുന്നു.

കാശ്മീരിന്റെ പ്രത്യേക പദവിയെ കാലങ്ങളായി എതിർക്കുന്നവരാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയും അദ്ദേഹത്തിന്റെ ഹിന്ദു ദേശീയവാദ രാഷ്ട്രീയ കക്ഷിയായ ബി.ജെ.പിയും. അത് എടുത്തുകളയുക എന്നത് ബി.ജെ.പിയുടെ 2019-ലെ പ്രകടനപത്രികയിലെ വാഗ്ദാനങ്ങളിൽ ഒന്നായിരുന്നു.

ടൂറിസം ഒരു വൻകിട ബിസിനസെന്ന നിലയിൽ

തങ്ങൾ നിയമവിരുദ്ധമായി പിടിച്ചെടുത്ത കാശ്മീർ താഴ്വരയുടെ നയന മനോഹാരിതയെ മൂലധനമാക്കി തീർക്കാനുള്ള ശ്രമത്തിലാണ് ഇന്ത്യ. റെക്കോർഡ് കണക്കിന് ആഭ്യന്തര വിനോദ സഞ്ചാരികളാണ് കഴിഞ്ഞ വർഷം കാശ്മീർ സന്ദർശിച്ചത്. 2014-ൽ അധികാരത്തിലേറിയത് മുതൽ മോദി ഭരണകൂടവും പ്രസ്തുത തർക്ക പ്രദേശത്തേക്കുള്ള മത തീർത്ഥാടന യാത്രയെ കാര്യമായി പ്രോത്സാഹിപ്പിക്കുന്നുണ്ട്. കഴിഞ്ഞ വർഷം മാത്രം ഇന്ത്യയുടെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള ഏകദേശം ഒരു മില്ല്യൺ ജനങ്ങളാണ് 43 ദിവസം നീണ്ടു നിൽക്കുന്ന ഹിന്ദു വാർഷിക തീർത്ഥാടനമായ അമർനാഥ് യാത്രയിൽ ശക്തമായ സുരക്ഷാ സംവിധാനങ്ങളോടെ പങ്കെടുത്തത്.

ഇന്ത്യൻ നിയന്ത്രിത കാശ്മീരിലേക്ക് നേരിട്ടുള്ള അന്താരാഷ്ട്ര വിമാന സർവീസ് പുനരാരംഭിക്കുകയും മേഖലയെ ഇന്ത്യയുമായി ബന്ധിപ്പിക്കുന്ന റെയിൽവേ നിലവിൽ വരികയും ചെയ്തതോടു കൂടി കാശ്മീരിനെ ലോകത്തിന് തുറന്നു കൊടുക്കാൻ ഇന്ത്യൻ ഭരണകൂടം തീരുമാനിച്ചിരിക്കുകയാണ്. അതേസമയം മറുവശത്ത് തദ്ദേശീയരായ കാശ്മീരികളുടെ സഞ്ചാരം അങ്ങേയറ്റം നിയന്ത്രിതവുമാണ്. ആത്യന്തികമായി ഏതുതരം ബന്ധമാണ്, ആരാണ്, എന്ത് ലക്ഷ്യത്തിനാണ് ഇവരാഗ്രഹിക്കുന്നത് എന്ന ചോദ്യം ഈ സന്ദർഭത്തിൽ നാം ഉയർത്തേണ്ടതുണ്ട്.

ടൂറിസവും അധിനിവേശ കൊളോണിയലിസവും

കാശ്മീരിനെ രാജ്യത്തിന്റെ ‘അവിഭാജ്യ ഭാഗമായി’ കാണുകയും അവിടത്തെ അധിനിവേശത്തെ സ്ഥിരമാക്കാൻ ശ്രമിക്കുകയുമാണ് ഇന്ത്യൻ ഭരണകൂടം ചെയ്യുന്നത്. കാശ്മീരി ഭൂമിയിലെ ഇന്ത്യൻ നിയന്ത്രണത്തെ സാധൂകരിക്കുന്നതിലും അതിനെ വിശാലമാക്കുന്നതിലും ടൂറിസം അനല്പമായ പങ്കാണ് വഹിക്കുന്നത്. ടൂറിസത്തെ ഒരു വികസന രൂപമെന്ന നിലയിൽ വിമർശന രഹിതമായി സ്വീകരിക്കുന്നതിന് എതിരെ കാശ്മീരി പണ്ഡിതയായ അഥെർ സിയ താക്കീത് ചെയ്യുന്നുണ്ട്. അധിനിവേശ കൊളോണിയൽ സാഹചര്യങ്ങളിൽ ടൂറിസമെന്നത് സാമ്രാജ്യത്വ രാഷ്ട്രീയത്തിന്റെ വികസിത രൂപമാണ്. അധീശത്വ രാഷ്ട്രം കോളനിവൽകൃത ഭൂമി പിടിച്ചെടുക്കുന്ന പ്രക്രിയ ആണത്. അധിനിവേശ പ്രദേശവുമായി കുറഞ്ഞ ബന്ധം മാത്രമുള്ളവരിലോ അല്ലെങ്കിൽ തീരെ ബന്ധം ഇല്ലാത്തവരിലോ ഒരുതരം അടുപ്പം ഉണ്ടാക്കിയെടുക്കുന്നതിലൂടെ ആണ് ഇത് നേടിയെടുക്കുന്നത്. ഇന്ത്യക്കാർക്ക് കാശ്മീർ സന്ദർശിക്കാനും അവിടെ താമസമാക്കാനും എളുപ്പത്തിൽ അവസരമുണ്ടാക്കുകയും എന്നാൽ അതേസമയം കാശ്മീരി തദ്ദേശീയ ജനതക്ക് അതേ ഭൂമിക്ക് മേലുള്ള അവകാശവാദത്തെ നിഷേധിക്കുകയും ചെയ്യുന്ന ഒരു ആയുധവൽകൃത നിയമസംവിധാനം ഇന്ത്യൻ ഭരണകൂടത്തിനുണ്ട്. മുസ്‌ലിം-ഭൂരിപക്ഷ പ്രദേശമായ കാശ്മീരിന്റെ ജനസംഖ്യാ ശാസ്ത്രത്തിലും മാറ്റങ്ങളുണ്ടാക്കാൻ ഇന്ത്യൻ ഭരണകൂടം ലക്ഷ്യമിടുന്നുണ്ട്.

ടൂറിസത്തിന്റെ അപകോളനീകരണം

അധിനിവേശ പ്രദേശങ്ങളിലെ വിനോദ സഞ്ചാരത്തിന്റെ നൈതികതയുമായി ബന്ധപ്പെട്ട ചോദ്യങ്ങളാണ് ഇവയൊക്കെ ഉയർത്തുന്നത്. ഹവാഇയൻ തദ്ദേശീയ പണ്ഡിതയായ ഹോകുലാനി ഐകാവുവും വെർണാഡെറ്റെ വിക്യുനാ ഗോൺസാലസും വാദിക്കുന്നത് ഒരിക്കലും നടത്തിയിട്ടില്ലാത്ത ഒരു ക്ഷണത്തെ ലംഘിക്കുന്ന ഒരു അതിഥി മര്യാദയുടെ ലംഘനമാണ് കൊളോണിയലിസം എന്നാണ്. അധിനിവേശ പ്രദേശങ്ങൾ സന്ദർശിക്കുക വഴി വിനോദ സഞ്ചാരികൾ ജനങ്ങൾക്കും പ്രദേശങ്ങൾക്കും മേലുള്ള കോളനിവൽക്കരണത്തെ അറിഞ്ഞോ അറിയാതെയോ പുനരുൽപ്പാദിപ്പിക്കുകയാണ് ചെയ്യുന്നത്.

കാശ്മീർ സന്ദർശിക്കുന്നവർ കാശ്മീരികളുടെ സ്വയം നിർണയത്തിനും പരമാധികാരത്തിനും വേണ്ടിയുള്ള ശ്രമങ്ങളെ ആദരിക്കുന്ന അപകോളനീകരണ ചരിത്രത്തെ കുറിച്ച് തീർച്ചയായും പഠിച്ചിരിക്കേണ്ടതുണ്ട്. വിനോദ സഞ്ചാര കേന്ദ്രങ്ങൾ സന്ദർശിക്കാതിരിക്കുകയോ അല്ലെങ്കിൽ ഇന്ത്യൻ അധികൃതർ നടത്തുന്ന ടൂർ ഓപ്പറേറ്റർമാരെ ഉപയോഗിക്കാതിരിക്കുകയോ ചെയ്യുക വഴി ദ്രോഹം ചെയ്യാതിരിക്കുക എന്ന തത്വത്തെയെങ്കിലും അവർ അനുസരിക്കേണ്ടതുണ്ട്. കാശ്മീരികൾ നടത്തുന്ന തദ്ദേശീയ സംരംഭങ്ങളെ അവർ കഴിയുന്നത്ര പിന്തുണക്കുകയും വേണം.

അധിനിവേശ ഭൂമികൾ സന്ദർശിക്കുന്നതിന് എളുപ്പത്തിലുള്ള പ്രമേയങ്ങളൊന്നുമില്ല. അധിനിവേശ കൊളോണിയലിസത്തിന് ഇടയ്ക്കുള്ള വിനോദ സഞ്ചാരം ചൂഷണം, കുടിയിറക്കം, ചരക്കുവൽക്കരണം, തുടങ്ങിയ അനേകം അനീതികളെയും അസമത്വങ്ങളെയുമാണ് പ്രതിഫലിപ്പിക്കുന്നത്. നൈതികമായ സഞ്ചാരം എന്ന ലക്ഷ്യം പൊടുന്നനെ എത്തിപ്പിടിക്കാവുന്നതോ സ്വയം കുറ്റമൊഴിയാവുന്നതോ ആയ ഒന്നല്ല. മറിച്ച്, നമ്മുടെ തന്നെ കർമ്മങ്ങളെക്കുറിച്ചും ഒരു തെറ്റിൽ നമുക്കുള്ള പങ്കിനെക്കുറിച്ചും ആലോചിക്കാനുള്ള ഒരു ക്ഷണമാണത്.

വിവർത്തനം: മൻഷാദ് മനാസ്
Courtesy: The Conversation

By ഒമർ ഐജാസി

Visiting Researcher in Anthropology, University of Victoria