കര്‍ണാടകയിലെ കോണ്‍ഗ്രസ് വിജയത്തിന്റെ പ്രധാന കാരണങ്ങളിലൊന്ന് പാര്‍ട്ടിയുടെ പ്രാദേശിക വിഷയങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിച്ചുള്ള തെരഞ്ഞെടുപ്പ് പ്രചാരണങ്ങളാണെങ്കിലും എദ്ദേളു കര്‍ണാടക (വേക്ക് അപ്പ് കര്‍ണാടക), ബഹുത്വ കര്‍ണാടക (ബഹുത്വ കര്‍ണാടക) പോലുള്ള പൗര സംഘടനകളുടെ അര്‍പ്പണബോധവും പ്രതിബദ്ധതയുമുള്ള പ്രവര്‍ത്തനങ്ങളില്‍ നിന്നുകൂടിയാണ് പാര്‍ട്ടിക്ക് ഇത്തരമൊരു വിജയം നേടാനായത്. സാമൂഹിക പ്രതിബദ്ധതയുള്ള സന്നദ്ധപ്രവര്‍ത്തകരുടെ പ്രവര്‍ത്തനങ്ങളാല്‍ നയിക്കപ്പെട്ട ഈ രണ്ട് ഗ്രൂപ്പുകളും പാര്‍ട്ടിയുമായി ഔപചാരികമായ ബന്ധമില്ലെങ്കിലും സോഷ്യല്‍ മീഡിയയിലൂടെയും അല്ലാതെയും നിലവിലെ ബിജെപി സര്‍ക്കാരിന്റെ പരാജയങ്ങളെക്കുറിച്ച് വോട്ടര്‍മാരെ ബോധവാന്മാരാക്കി. എദ്ദേളു കര്‍ണാടക ‘ബിജെപിയുടെ നാലു വര്‍ഷത്തെ ഭരണം: ചത്ത വാഗ്ദാനങ്ങളുണ്ടാക്കിയ നിരാശ’ എന്ന തലക്കെട്ടില്‍ 25 പേജുകളുള്ള ഒരു ബുക്ക്‌ലെറ്റ് തയ്യാറാക്കുകയും അത് വ്യാപകമായി പ്രചരിപ്പിക്കപ്പെടുകയും ചെയ്തു. കൂടാതെ, വിവിധ മണ്ഡലങ്ങളിലായി 75 സമ്മേളനങ്ങള്‍ സംഘടിപ്പിക്കുകയും ബിജെപി സര്‍ക്കാരിന്റെ പരാജയങ്ങള്‍ ഉയര്‍ത്തിക്കാട്ടുന്ന 80 വീഡിയോകള്‍ അവര്‍ പുറത്തിറക്കുകയും ചെയ്തു.
“കോണ്‍ഗ്രസിനോ ജെഡിഎസിനോ വോട്ട് ചെയ്യണമെന്ന് പറഞ്ഞ് ഞങ്ങള്‍ കാമ്പയിന്‍ നടത്തിയിട്ടില്ല. എന്നാല്‍ ബിജെപിക്ക് വോട്ട് ചെയ്യരുതെന്ന തരത്തില്‍ വ്യക്തമായി കാര്യങ്ങള്‍ അവതരിപ്പിക്കാന്‍ ശ്രമിച്ചു. ജയിക്കില്ലെങ്കിലും കോണ്‍ഗ്രസ് വോട്ടുകള്‍ കുറക്കാന്‍ സാധ്യതയുണ്ടായിരുന്ന ജെഡിഎസിലെയും എസ്ഡിപിഐയിലെയും ദുര്‍ബലരായ സ്ഥാനാര്‍ഥികളെ ഒമ്പതു മണ്ഡലങ്ങളിലെ സ്ഥാനാര്‍ഥിത്വത്തില്‍ നിന്നും പിന്തിരിപ്പിക്കാനും ഞങ്ങള്‍ക്കു കഴിഞ്ഞു” ജവഹര്‍ലാല്‍ നെഹ്റു സര്‍വകലാശാലയിലെ മുന്‍ കന്നഡ ചെയര്‍ രക്ഷാധികാരിയും എദ്ദേളു കര്‍ണാടക എക്സിക്യൂട്ടീവ് കമ്മിറ്റി അംഗവുമായ പുരുഷോത്തം ബിലിമലെ പറഞ്ഞു. അയ്യായിരത്തോളം സന്നദ്ധപ്രവര്‍ത്തകരുടെ കൂട്ടായ പ്രവര്‍ത്തനത്തോടെയാണ് കൂട്ടായ്മ പ്രവര്‍ത്തിച്ചതെന്നും ബിജെപി ഐറ്റി സെല്‍ മാതൃകയില്‍ വളരെ സംഘടിതമായി പ്രവര്‍ത്തിച്ച് മണിക്കൂറുകള്‍ക്കുള്ളില്‍ മൂന്നു ലക്ഷത്തോളം പേര്‍ക്കു വരെ സന്ദേശങ്ങളെത്തിക്കാന്‍ തങ്ങള്‍ക്കു കഴിഞ്ഞതായും ബിലിമലെ പറഞ്ഞു.
ബിജെപിക്ക് വോട്ട് ചെയ്യരുതെന്ന് പറഞ്ഞല്ല ബഹുത്വ കര്‍ണാടക പ്രചരണം നടത്തിയത്, മറിച്ച് 15 വിവിധ മേഖലകളില്‍ ബിജെപി സര്‍ക്കാരിന്റെ പ്രകടനം വിലയിരുത്തുന്ന വിശദമായ റിപ്പോര്‍ട്ട് കാര്‍ഡുകൾ പുറത്തിറക്കിയായിരുന്നു അവരുടെ പ്രവര്‍ത്തനം. കൃഷി, പരിസ്ഥിതി, തൊഴില്‍, മതന്യൂനപക്ഷങ്ങള്‍, ഗ്രാമീണ വികസനം, സ്ത്രീകളുടെ അവകാശങ്ങള്‍, ആരോഗ്യ സംരക്ഷണം, പോഷകാഹാരം എന്നിവ ഉള്‍പ്പെടുന്ന മേഖലകളാണവ. “ഈ മേഖലകളിലെല്ലാം ബിജെപി സര്‍ക്കാര്‍ മോശം പ്രകടനമാണ് കാഴ്ചവെച്ചത്, റിപ്പോര്‍ട്ടുകള്‍ വ്യാപകമായി ഷെയര്‍ ചെയ്യപ്പെടുകയും തുടര്‍ച്ചയായി മാധ്യമശ്രദ്ധ ലഭിക്കുകയും ചെയ്തുവെന്ന് ഞങ്ങള്‍ ഉറപ്പുവരുത്തി,” ബഹുത്വ കര്‍ണാടകയിലെ ഡോ.സില്‍വിയ കര്‍പ്പഗം പറഞ്ഞു. വിഷയ വിദഗ്ധര്‍, വിവര്‍ത്തകര്‍, ഡാറ്റ കളക്ടര്‍മാര്‍, ഡിസൈനര്‍മാര്‍, സോഷ്യല്‍ മീഡിയ കോര്‍ഡിനേറ്റര്‍മാര്‍ എന്നിവരുള്‍പ്പെടെ 25-30 വോളണ്ടിയര്‍മാരുടെ ഒരു കോര്‍ ഗ്രൂപ്പ് ഈ റിപ്പോര്‍ട്ട് കാര്‍ഡുകള്‍ക്കു പിന്നില്‍ പ്രവര്‍ത്തിച്ചതായി അവര്‍ കൂട്ടിച്ചേര്‍ത്തു.
Report by: Vikhar Ahmed Sayeed
Courtesy: Frontline