ഇരുത്തി വായിക്കേണ്ട വംശീയതാ പഠനങ്ങൾ

കാൾ ലിന്നേഴ്സ് എന്ന സൂവോളജിസ്റ്റ് ആണ് ആദ്യമായി മനുഷ്യരെ വംശത്തിന്റെ (race) അടിസ്ഥാനത്തിൽ വിഭജിച്ചത്. എന്നാൽ ഇത്തരത്തിലുള്ള വിഭജനങ്ങൾ വഴിവെച്ചത് അങ്ങേയറ്റം വിനാശകരമായ പ്രത്യാഘാതങ്ങളിലേക്കായിരുന്നു. അത് മൂലം സമൂഹശാസ്ത്രജ്ഞർ കുറച്ചു കൂടി സൂക്ഷ്മതലത്തിലുള്ള എതിനിസിറ്റി (Ethnicity) എന്ന പദം പഠനത്തിനായി ഉപയോഗിക്കാൻ നിർബന്ധിതരായി. തിരിച്ചറിയാനുള്ളത് എന്നതിനപ്പുറം മനുഷ്യരെ തരംതിരിച്ച് തട്ടുകളാക്കാൻ ഉപയോഗിച്ചപ്പോഴാണ് മറ്റേത് വർഗീകരണത്തെയും പോലെ വംശവും വംശീയതയും വൃത്തികേടായി മാറിയത്. മനുഷ്യൻ സൃഷ്ടിച്ച വിഭാഗീയതാ വാദങ്ങളിൽ അങ്ങേയറ്റം വിനാശകരമായതാണ് വംശീയത. ലോക യുദ്ധങ്ങൾ മുതൽ വംശീയ ഉന്മൂലനങ്ങൾ വരെയുളളതിന്റെ അടിസ്ഥാനം വംശീയത മൂത്ത് പരിണമിച്ചതാണെന്ന് കാണാനാകും. വംശം മഹത്വത്തിന് അടിസ്ഥാനമാണെന്നും അതിനാൽ തന്നെ അപരർ തങ്ങളുടെ മേൽകോയ്മക്ക് കീഴിലാകേണ്ടതുണ്ട് എന്നുമുള്ള വാദങ്ങളാണ് ഇതിനടിസ്ഥാനം. വിനാശ ശക്തികൾ എന്നും സ്വന്തം അജണ്ട നടപ്പിലാക്കാനും അപരർക്കു മേലുള്ള തങ്ങളുടെ അതിക്രമങ്ങളെ ന്യായീകരിക്കാനും വംശീയതയെ കൂട്ടുപിടിച്ചതായി കാണാനാകും. സമയത്തിനും സ്ഥലത്തിനുമനുസരിച്ച് വർണം, വർഗം, ജാതി, ദേശീയത തുടങ്ങിയ വ്യത്യസ്ത ചേരുവകൾ വംശീയതക്ക് അടിത്തറയായി വർത്തിച്ചിട്ടുണ്ട്.

ആഗോളീകരണം മൂലം മുൻകാലങ്ങളിൽ നിന്നും ഭിന്നമായി വിവിധങ്ങളായ സമൂഹങ്ങൾക്കിടയിലും വ്യത്യസ്ത്ഥ വിഭാഗങ്ങൾക്കിടയിലും കൊടുക്കൽ വാങ്ങലുകൾ മുൻപൊന്നുമില്ലാത്ത രീതിയിൽ ശക്തിപ്പെടുന്നതാണ് കഴിഞ്ഞ നൂറ്റാണ്ടിന്റെ ഉത്തരാർദ്ധം മുതൽ കാണാൻ സാധിക്കുന്നത്. സാങ്കേതികവിദ്യയുടെ ഭീമാകാരമായ വളർച്ചയും കുടിയേറ്റങ്ങളും ലോക മഹാമേളകളും അതിൽ വലിയ പങ്ക് വഹിച്ചിട്ടുണ്ട്. എന്നാൽ ഇത്തരം കൊടുക്കൽ വാങ്ങലുകൾ വ്യാപകമായിട്ട് കൂടി സമൂഹങ്ങളിൽ അപരവിദ്വേഷമോ വിഭാഗീയതകളോ ഒട്ടുമേ കുറഞ്ഞിട്ടില്ല എന്ന് മാത്രമല്ല അത് കൂടുതൽ കരുത്താർജ്ജിക്കുകയാണുണ്ടായത്. ലോകത്തെ വലിയ ഫുട്ബോൾ മേളകൾ അരങ്ങേറുന്നത് വംശീയതയ്ക്ക് എതിരായ സന്ദേശങ്ങൾ ഉയർത്തിപ്പിടിച്ചുകൊണ്ടാണ്. എന്നാൽ Say no to racism എന്ന ബാനർ ഉയർത്തിപ്പിടിച്ചിരിക്കുന്ന അതേ ഗ്യാലറികളിൽ നിന്ന് തന്നെ കളിക്കാരടക്കം പലരും വംശീയാധിക്ഷേപങ്ങൾ നേരിടേണ്ടി വരുന്നു. ലോകത്ത് പലയിടത്തും തീവ്രവലതുപക്ഷം അധികാര കേന്ദ്രങ്ങളിലേക്ക് തിരിച്ചു വരുന്നു, അതിർത്തി ഭേദമന്യേ ന്യൂനപക്ഷ സമൂഹങ്ങൾ വൻതോതിൽ വേട്ടയാടപ്പെടുന്നു, മഹാമാനവിക സംഗമങ്ങളുടെെ കാലഘട്ടത്തിൽ ഇത് എങ്ങനെ സംഭവിക്കുന്നു എന്ന് തോന്നിയേക്കാവുന്ന ഘട്ടത്തിലാണ് വംശീയതയെപ്പറ്റിയുള്ള ഇരുത്തി വായനകൾ പ്രസക്തമാകുന്നത്. അത്തരം വായനകളിലേക്കുള്ള പ്രവേശികയാണ് ശിഹാബ് പൂക്കോട്ടൂരിന്റെ ‘വംശീയതയുടെ ലോകം’ എന്ന പുസ്തകം.

ശിഹാബ് പൂക്കോട്ടൂര്‍

ലോകത്തെ വംശീയമായി വിഭജിച്ച് നിർത്തുന്നതിൽ സങ്കീർണമായ പല ഘടകങ്ങളും പങ്ക് വഹിക്കുന്നുണ്ട്. അവയെ തിരിച്ചറിയുക അത്ര എളുപ്പമല്ല. വളരെ സ്വഭാവികം എന്ന് തോന്നിയേക്കാവുന്ന ആഖ്യാനങ്ങളിലൂടെയും വ്യവസ്ഥകളിലൂടെയുമാണ് അത് നിലനിൽക്കുന്നത്. ഭരണകൂടത്തിന്റെയും നിയമ വ്യവസ്ഥയുടെയും ഭാഗമായി നിലനിൽക്കുന്ന അവയെ വ്യവസ്ഥക്കകത്ത് നിന്ന് മനസ്സിലാക്കാൻ തന്നെ പ്രയാസകരമാണ്. രാജ്യത്തെ മുസ്‌ലിം ചരിത്രനിർമിതികളെ തകർക്കുന്നതിനെ ചോദ്യം ചെയ്യുമ്പോൾ അത് വൈദേശിക സംസ്കാരത്തെ നീക്കം ചെയ്യലാണ് എന്ന് സംഘ്പരിവാറിന് സമാധാനം പറയാൻ സാധിക്കുന്നത് ഇവിടുത്തെ അന്തരീക്ഷത്തിൽ മുസ്‌ലിം വിരുദ്ധ വംശീയത നിറഞ്ഞ് നിൽക്കുന്നത് കൊണ്ടാണ്. ഇത്തരത്തിൽ വംശീയമായ ചിഹ്നങ്ങളും അടയാളങ്ങളും രാജ്യത്തിന്റെ വ്യവസ്ഥയുടെ ഭാഗമായി നിലനിൽക്കുന്നിടത്തോളം കാലം വംശീയത ഇല്ലായ്മ ചെയ്യാൻ സാധിക്കില്ല എന്ന തിരിച്ചറിവിൽ നിന്നാണ് ബ്ലാക്ക് ലൈവ്സ് മാറ്റർ പോലുള്ള പ്രസ്ഥാനങ്ങൾ പിറവിയെടുക്കുന്നത്. വംശീയത നിലനിൽക്കുന്ന വ്യവസ്ഥാപിത ക്രമങ്ങളെ കൃത്യമായി തിരിച്ചറിഞ്ഞ് പ്രതിരോധിക്കുക എന്നത് മാത്രമാണ് വംശീയ വ്യവസ്ഥയുടെ ഭാഗമാകാതിരിക്കാനുള്ള ഒരേയൊരു മാർഗം. പ്രസ്തുത ജോലിയാണ് ഈ പുസ്തകത്തിലെ വിവിധ ലേഖനങ്ങൾ നിർവഹിക്കുന്നത്.

വംശീയത എന്നത് വലിയ ഭരണകൂട സ്ഥാപനങ്ങളിലേക്കാളും, സൂക്ഷ്മതലത്തിൽ ഒരോ വ്യക്തിതലത്തിലും നിലകൊള്ളുന്ന ഒന്നാണ്. സൂക്ഷ്മമായ തലത്തിൽ ഇതിനെ നിലനിർത്തുന്നതാകട്ടെ വംശീയ മുൻവിധികൾ ഉൾകൊള്ളുന്ന പദാവലികളിലൂടെയും ആഖ്യാനങ്ങളിലൂടെയുമാണ്. പടിഞ്ഞാറിന്റെ വംശീയ മുൻവിധികൾ ഊട്ടിയുറപ്പിക്കുന്നതിൽ ആധുനികതയും അതിന്റെ ഇസങ്ങളും വലിയ പങ്ക് വഹിക്കുന്നു. അതുകൊണ്ടാണ് സ്ത്രീയുടെ തിരഞ്ഞെടുപ്പിൽ ശരീരം തുറന്നിടുക എന്നത് മാത്രം ശരിയാകുന്നതും ശരീരം മറയ്ക്കുക എന്നത് മന്ദബുദ്ധിത്തരമാകുന്നതും. അതേ കാരണം കൊണ്ടാണ് ജാതീയതയുടെ പ്രേതങ്ങൾ ഇനിയും ഒഴിഞ്ഞിട്ടില്ലാത്ത കേരളം പോലുള്ള സമൂഹത്തിലും നാസ്തികർക്ക് അഭിസംബോധന ചെയ്യാനുള്ളത് കൂടുതലും ഇസ്‌ലാമാകുന്നതും അഭിസംബോധനയിൽ ഇസ്‌ലാം ‘ഗോത്രമത’മാകുന്നതും. വംശീയതയെ വംശീയതയായി തന്നെ അഭിസംബോധന ചെയ്യാതിരിക്കാൻ വേണ്ടിയുള്ള ആഖ്യാനങ്ങൾ നിർമിക്കുന്നതിലൂടെയും വംശീയത ഒരു സ്വഭാവിക പ്രക്രിയയാക്കാനുള്ള ശ്രമങ്ങളും ചേർത്ത് വായിക്കേണ്ടതുണ്ട്. ഇന്ത്യയിലെ ഏകപക്ഷീയമായ വംശീയ ആക്രമണങ്ങൾ ഇരുപക്ഷമുള്ള വർഗീയ കലാപങ്ങളാകുന്നതങ്ങന്നെയാണ്. ഇത്തരത്തിൽ വംശീയത നിലനിൽക്കുന്നതിനും വ്യവസ്ഥാപിതമാകുന്നതിനും ഉപയോഗിക്കുന്ന ഇടവഴികളും അതിന്റെ പദാവലികളും ലേഖകൻ പ്രശ്നവൽക്കരിക്കുന്നു.

സോഷ്യാളജിയുടെ സ്ഥാപക പ്രധാനിയായ ദുർഖൈം നിരീക്ഷിക്കുന്നത് പോലെ സമൂഹം ജനനിബിഡമാകുന്നതിനനുസരിച്ച് നിലനിൽപ്പിനായി വിഭാഗീയതകൾ നടപ്പിലാക്കുന്ന, വിവേചനവും അപര വിദ്വേഷവും പെരുകുന്ന സമൂഹങ്ങളിൽ ഇസ്‌ലാമിന്റെ സാധ്യതകൾ ലേഖകൻ അന്വേഷിക്കുന്നു. ജനിതകമായി തന്നെ മാനവിക സമത്വം പേറുന്ന ഇസ്‌ലാം എങ്ങനെയാണ് ആധുനികതയുടെ ഈ മഹാവ്യാധിക്ക് പരിഹാരമാകുന്നതെന്നും പറയുന്നുണ്ട് ഈ ലേഖന സമാഹാരം.

പ്രസാധകർ: ഐപിഎച്ച് കോഴിക്കോട്

By ഫർഹാൻ ബിൻ സിറാജ്

PG Student. Al Jamia Al Islamiya Santhapuram