അണ്ടർ 20 ഫുട്ബാൾ വേൾഡ് കപ്പിന്റെ ഭാഗമായി ഇസ്രായേൽ ടീമിന് ആതിഥ്യമരുളാൻ ഇന്തോനേഷ്യൻ ദ്വീപായ ബാലി വിസമ്മതിച്ച വാർത്ത കഴിഞ്ഞ ആഴ്ച ഞാൻ സാമൂഹിക മാധ്യമങ്ങളിൽ പങ്കുവെച്ചപ്പോൾ, വായനക്കാർക്ക് അതൊട്ടും രസിച്ചതായി തോന്നിയില്ല. മെയ് 20 മുതൽ ജൂൺ 11 വരെ രാജ്യത്തിന്റെ പല ഭാഗങ്ങളിലായാണ് ടൂർണമെന്റ് ഷെഡ്യൂൾ ചെയ്യപ്പെട്ടിരുന്നത് (എന്നാൽ ഇന്തോനേഷ്യയുടെ ആതിഥേയത്വം നിലവിൽ ഫിഫ റദ്ദു ചെയ്തിട്ടുണ്ട്).
ഫലസ്തീനും ഇസ്രായേലുമായി ബന്ധപ്പെട്ട വാർത്തകൾ തികച്ചും വ്യത്യസ്തമായ രണ്ടു തരം പ്രതികരണങ്ങളാണ് ഉത്പാദിപ്പിക്കാറുള്ളത്. ഫലസ്തീൻ ജനതയോടുള്ള ഇന്തോനേഷ്യയുടെ ഏറ്റവുമോടുവിലത്തെ ഐക്യദാർഢ്യം പടിഞ്ഞാറുള്ള പ്രോ-ഫലസ്തീനിയൻ ആക്റ്റിവിസ്റ്റുകളിൽ പോലും മതിപ്പുളവാക്കിയതായി തോന്നുന്നില്ല. ഫലസ്തീൻ-ഇസ്രായേൽ എന്നതല്ല, ഇന്തോനേഷ്യൻ ഗവണ്മെന്റിന്റെ തന്നെ മനുഷ്യാവകാശ റെക്കോഡുകളെ പരിഗണിച്ചുള്ളതാണ് അവരുടെ ന്യായം.
ഈ തരംതിരിവ് സർവവ്യാപിയാണെന്നു മാത്രമല്ല, അത്രതന്നെ പ്രശ്നകരവുമാണ്. ഫലസ്തീനികളോട്, അല്ലെങ്കിൽ ഗ്ലോബൽ സൗത്തിലെ മർദിതരായ മറ്റു രാജ്യങ്ങളോടുള്ള ആത്മാർത്ഥമായ ഐക്യദാർഢ്യ പ്രകടനങ്ങൾ മറ്റു തെക്കൻ രാജ്യങ്ങളിലും നടക്കാറുണ്ട്. എന്നാൽ, മോശം മനുഷ്യാവകാശ റെക്കോർഡുകളുടെ പേരിൽ പാശ്ചാത്യൻ ഗവണ്മെന്റുകളും അവകാശ സംഘടനകളും അത്തരം രാജ്യങ്ങളെ നിരന്തരം പഴി ചാരുന്നതിനാൽ ഇത്തരം ഐക്യദാർഢ്യങ്ങളിൽ കഴമ്പില്ലെന്ന് പൊതുവെ കരുതപ്പെടുന്നു.
പശ്ചാത്യൻ ഗവണ്മെന്റുകൾ മനുഷ്യാവകാശങ്ങളെയും ജനാധിപത്യത്തെയും ആയുധമാക്കുന്നത് മാറ്റി നിർത്തിയാൽ, മനുഷ്യാവകാശ ലംഘനങ്ങളെ കുറിച്ചുള്ള ചില ചോദ്യങ്ങൾ പ്രധാനം തന്നെയാണ്: സ്വന്തം ജനങ്ങളുടെ അവകാശങ്ങളെ ബഹുമാനിക്കാൻ കഴിയാത്ത കൂട്ടർ എങ്ങനെയാണ് മറ്റുള്ളവരുടെ അവകാശങ്ങളെ സംരക്ഷിക്കാൻ പോകുന്നത്? ഈ ചോദ്യം/വാദം താത്പര്യജനകമായി തോന്നുമെങ്കിലും, അതിൽ മുഴച്ചു നിൽക്കുന്നത് സ്വയം അവബോധത്തിന്റെ കുറവും, അർഹതയുടെ അതിവാദവും, ചരിത്രത്തെ കുറിച്ച ദുർബലമായ ഗ്രാഹ്യവുമാണ്.
ആദ്യമായി, സ്വയം അവബോധത്തിന്റെ കുറവ് എന്നതിലേക്കു വരാം. പടിഞ്ഞാറിൽ ഫലസ്തീന് വേണ്ടിയുള്ള വാദം എന്നാൽ, ലോകത്തെ ഏറ്റവും നശീകരണ സ്വഭാവമുള്ള കൊളോണിയൽ, നവ-കൊളോണിയൽ രാജ്യങ്ങളെ നേരിടുക, അവരെ ബോധവാന്മാരാക്കുക, ലോബിയിങ് നടത്തുക എന്നതിൽ അടിസ്ഥാനപ്പെടുത്തിയാണുള്ളത്. ഇറാഖിലും അഫ്ഗാനിലും അധിനിവേശം നടത്തിയ, ആഫ്രിക്കയെ ചിത്രവധം ചെയ്ത, ഗ്ലോബൽ സൗത്തിലെ നിരവധി രാജ്യങ്ങളെ ഇപ്പോഴും പീഡിപ്പിച്ചു കൊണ്ടിരിക്കുന്ന രാജ്യങ്ങളുമായി സിവിൽ ഇടപെടലുകൾ നടത്തുക എന്നതു കൂടിയാണ് ഇതിൽ അടങ്ങിയിട്ടുള്ളത്. ഇത്തരം പാശ്ചാത്യ സർക്കാറുകൾ തന്നെയാണ് ഫലസ്തീനെ സയണിസ്റ്റ് പ്രസ്ഥാനത്തിന് ഒറ്റിക്കൊടുത്തത്; അല്ലെങ്കിൽ തലമുറകളോളം ഇസ്രായേൽ സൈന്യത്തെ സാമ്പത്തികമായും രാഷ്ട്രീയമായും സഹായങ്ങൾ നൽകി നിലനിർത്തിയത് (യുഎസും മറ്റു രാജ്യങ്ങളും). ഇത്തരം രാജ്യങ്ങളെ ഇസ്രായേലിനോടുള്ള രാഷ്ട്രീയ ആഭിമുഖ്യത്തിൽ നിന്നും അകറ്റാൻ യാതൊരു പ്രയത്‌നങ്ങളും നടന്നിട്ടില്ല എങ്കിലും, മാറ്റം വരുമെന്ന പ്രതീക്ഷയിൽ ഇപ്പോഴും നമ്മൾ ഇത്തരം ഗവണ്മെന്റുകളോട് സംവാദം നടത്തിക്കൊണ്ടിരിക്കുകയാണ്.
ഇന്തോനേഷ്യക്കെതിരെ, അല്ലെങ്കിൽ മറ്റു ഏഷ്യൻ, ആഫ്രിക്കൻ, അറബ്, മുസ്‌ലിം രാജ്യങ്ങൾക്കെതിരെ ഉയർത്തിയതിനു സമാനമായുള്ള വാദങ്ങൾ വളരെ വിരളമായി മാത്രമേ പാശ്ചാത്യൻ ആക്റ്റിവിസ്റ്റുകൾ നടത്താറുള്ളൂ. ഫലസ്തീൻ ജനതയെ അടിച്ചമർത്തുന്നതിൽ വളരെക്കാലമായി നിക്ഷേപണങ്ങൾ നടത്തിക്കൊണ്ടിരിക്കുന്ന പശ്ചാത്യൻ ഗവണ്മെന്റുകളിൽ നിന്ന് ഐക്യദാർഢ്യം തുടർന്നു കൊണ്ടിരിക്കുന്നതിലെ ധാർമിക സംഘർഷത്തെ കുറിച്ച് വ്യക്തിപരമായി ഞാൻ ഒരിക്കൽ പോലും ബോധവാനായിട്ടില്ല.
രണ്ടാമതായി അർഹതയെ കുറിച്ചുള്ള ചർച്ചയാണ്. കുറെ വർഷങ്ങളായി, കൃത്യമായി പറഞ്ഞാൽ രണ്ടാം ലോകയുദ്ധത്തിനു ശേഷം, ജഡ്ജിയുടെയും ജൂറിയുടെയും ആരാച്ചാറുടെയും റോളിൽ സ്വയം അവരോധിക്കാൻ ശ്രമിച്ചുകൊണ്ടിരിക്കുകയാണ് പാശ്ചാത്യൻ ഭരണകൂടങ്ങൾ. അവർ തന്നെ അന്താരാഷ്ട്ര നിയമങ്ങൾ നിർമിക്കുന്നു, എന്നാൽ സെലക്ടീവായി മാത്രം ഉപയോഗിക്കുന്നു. അവർ മനുഷ്യാവകാശങ്ങളുടെ ആഗോള പ്രഖ്യാപനം നടത്തുന്നു, തികച്ചും സ്വാർത്ഥമായി ആരാണ് ഈ മനുഷ്യാവകാശങ്ങൾക്ക് അർഹർ എന്നു നിശ്ചയിക്കുന്നു. മറ്റുള്ളവരെ സംരക്ഷിക്കാനെന്ന പേരിൽ അവർ യുദ്ധങ്ങൾ ആരംഭിക്കുന്നു, എന്നാൽ ഇത്തരം ‘മനുഷ്യത്വപരമായ’ ഇടപെടലുകൾ മുമ്പുള്ളതിനെക്കാൾ മരണങ്ങൾക്കും ദുരന്തങ്ങൾക്കും വഴിവെക്കുകയും ചെയ്യുന്നു.
പടിഞ്ഞാറുള്ള ചില മനുഷ്യാവകാശ പ്രവർത്തകർ, അവർക്കുള്ള സ്വാധീനത്തിന്റെ കാരണം അവരുടെ ഭൂമിശാസ്ത്രപരമായ സ്ഥാനത്തു നിന്നും, അതിനെക്കാളുപരി പൗരത്വത്തിൽ നിന്നും ഉരുവംകൊള്ളുന്നതാണെന്ന് മനസിലാക്കുന്നു പോലുമില്ല. വ്യക്തികൾ, അവർ ഒരു ദേശരാഷ്ട്രത്തിലെ പൗരന്മാരാവുമ്പോൾ മാത്രമാണ് മനുഷ്യാവകാശങ്ങൾക്ക് അർഹരാവുന്നതെന്ന് ഹന്നാ ആരന്റ് അഭിപ്രായപ്പെട്ടത് അതുകൊണ്ടാണ്. “ഒരു വ്യക്തി അവന്റെ/അവളുടെ രാഷ്ട്രീയ സാഹചര്യം നഷ്‌ടപ്പെടുന്ന വേളയിൽ തന്നെ അവരുടെ എല്ലാ പ്രധാന്യവും ഇല്ലാതാവുന്നു”, എന്ന് “ദി റൈറ്റ് ടു ഹാവ് റൈറ്റ്സ്” എന്ന പുസ്തകത്തിൽ ആരന്റ് എഴുതുന്നു.

ഫലസ്തീന് ആത്മാർത്ഥമായ ഐക്യദാർഢ്യം നൽകിയതിന്റെ പേരിൽ ചില ആക്റ്റിവിസ്റ്റുകൾക്ക് വലിയ വില കൊടുക്കേണ്ടി വന്നിട്ടുണ്ടെങ്കിലും, മറ്റു ചിലർ അനവധി രാഷ്ട്രീയ പ്രതിബന്ധങ്ങളെ വകവെക്കാതെ, ചില സമയത്ത് അധിനിവിഷ്‌ട ദേശ രൂപത്തെ വിട്ടുവീഴ്ച ചെയ്തുകൊണ്ടു തന്നെ, തനി ആശയപരമായാണ് ഐക്യദാർഢ്യത്തെ കാണുന്നത്.
ഇസ്രായേൽ അധിനിവേശവും വംശവിവേചനവും അവസാനിപ്പിക്കാൻ കേവലം വ്യക്തിപരമായ ഐക്യദാർഢ്യ ശ്രമങ്ങൾ മാത്രം മതിയാവുകയില്ല എന്ന അവബോധം ഫലസ്തീനികൾക്ക് ഉണ്ടായതിന്റെ പ്രതിഫലനമാണ് 2015ൽ ഫലസ്തീനിയൻ പൗര സംഘങ്ങൾ ആരംഭിച്ച ബഹിഷ്കരണ നീക്കങ്ങളിൽ (Boycott, Divestment and Sanctions movement) തെളിയുന്നത്. ഇസ്രായേൽ അധിനിവേശത്തിൽ നിന്നും ആനുകൂല്യം ലഭിക്കുന്ന കമ്പനികൾ ഇസ്രായേലുമായുള്ള ബന്ധം വേർപ്പെടുത്തണം എന്നതാണ് “ഡൈവെസ്റ്റ്‌മെന്റ്” എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത്.
സമാനമായ യുക്തിയാണ് “സാൻക്ഷൻസിനും” ഉള്ളത്. അധിനിവേശം അവസാനിപ്പിക്കുക, അന്താരാഷ്ട്ര നിയമങ്ങൾ പാലിക്കുക, ഫലസ്തീനികളെ തുല്യ പൗരന്മാരായി കാണുക എന്നതുവരെ തെൽ അവീവിനെ ഒറ്റപ്പെടുത്താനുള്ള ശക്തമായ ഇച്ഛാശക്തിയാണ് ഇത് ഗവണ്മെന്റുകളിൽ നിന്ന് ആവശ്യപ്പെടുന്നത്.
പൂർണമായ മനുഷ്യാവകാശ റെക്കോഡാണ് ഗവണ്മെന്റ് പിന്തുണ നൽകാനുള്ള മാനദണ്ഡമെങ്കിൽ, അധിക രാജ്യങ്ങളും അതിന് അർഹരാവുകയില്ല. മർദിത ജനതക്ക് ഒരിക്കലും അതിനു കഴിയുകയില്ല, കാരണം പരിപൂർണ മൈത്രിയോടു കൂടി ആഗോള ഐക്യദാർഢ്യം അർപ്പിക്കാനുള്ള പ്രിവിലേജ് അവർക്ക് ഒരിക്കലും ലഭിച്ചിട്ടില്ല.
അവസാനമായി, ചരിത്രത്തെ കുറിച്ചുള്ള ശരിയായ ബോധം. ഫലസ്തീൻ അധികൃതരും ഇസ്രായേലും തമ്മിൽ 1993ൽ ഓസ്‌ലോ കരാറിൽ ഒപ്പുവെക്കുന്നതിന് മുൻപു തന്നെ “മനുഷ്യാവകാശം” എന്നത് ഫലസ്തീനിയൻ പോരാട്ടത്തിലെ പ്രസക്തമായ ഒരു ഘടകമായിരുന്നു. എന്നാൽ ഫലസ്തീൻ സ്വാതന്ത്ര്യത്തിനു വേണ്ടിയുള്ള അഭിലാഷങ്ങളിലെ ഒരേയൊരു, അല്ലെങ്കിൽ ഏറ്റവും പ്രധാനപ്പെട്ട പ്രേരണയായിരുന്നില്ല അത്. മനുഷ്യാവകാശങ്ങൾക്ക് വേണ്ടിയുള്ള പ്രയത്നം ഉൾപ്പെടെ, ചെറുത്തുനിൽപ്പിന്റെ എല്ലാ വശങ്ങളും വിമോചനം എന്ന വലിയ പ്രോജക്റ്റിന്റെ ഭാഗമായിരുന്നു.
ഓസ്‌ലോ അവയെല്ലാം മാറ്റിമറിച്ചു. ചെറുത്തുനിൽപ്പ് പോലുള്ള പ്രയോഗങ്ങളെയെല്ലാം നിർവീര്യമാക്കിക്കൊണ്ട് ഫലസ്തീൻ സമരത്തെ അത് പുനർനിർവചിച്ചു, വിമോചനം എന്നതിൽ നിന്ന് മനുഷ്യാവകാശം എന്ന വ്യവഹാരത്തിലേക്ക് അതിനെ മാറ്റി പ്രതിഷ്ഠിച്ചു. ഫലസ്തീനിയൻ അതോറിറ്റി അതിന്റെ ഭാഗം നിർവഹിച്ചു, മറ്റു വഴികൾ ഇല്ലെന്നു കരുതിയ നിരവധി ഫലസ്തീനികളും ഈ പക്ഷത്തു ചേർന്നു.

എന്നാൽ, മനുഷ്യാവകാശ വ്യവഹാരത്തെ മുന്തിക്കുക വഴി, ഫലസ്തീൻ പൂർണമായും പാശ്ചാത്യൻ പരിഗണനകളിൽ അകപ്പെട്ടു. കഴിഞ്ഞ കാലങ്ങളിൽ പശ്ചിമേഷ്യയിലെയും, ആഫ്രിക്കയിലെയും, മറ്റു ഗ്ലോബൽ സൗത്തിലെയും കോളനിവിരുദ്ധ വിപ്ലവ വ്യവഹാരങ്ങളെ നിരന്തരമായി ആഖ്യാനം ചെയ്തിരുന്ന അവരുടെ ഭാഷ പാശ്ചാത്യൻ അഭിലാഷങ്ങൾക്കൊത്ത് പരുവപ്പെട്ടു.
കോളനിവിരുദ്ധ പ്രസ്ഥാനങ്ങൾ മനുഷ്യാവകാശ വ്യവഹാരങ്ങൾ സ്വീകരിക്കേണ്ടതില്ല എന്നല്ല ഇതിനർത്ഥം. യഥാർഥത്തിൽ, ലോകത്തൊട്ടുമുള്ള ലക്ഷകണക്കിന് ധീരമായ സമരങ്ങളുടെയും സമർപ്പണങ്ങളുടെയും അടിസ്ഥാനമായിരുന്നു അത്തരം വ്യവഹാരങ്ങൾ. എന്നാൽ അവരെ സംബന്ധിച്ചിടത്തോളം, രാഷ്ട്രീയമോ സാമ്പത്തികമോ ആയ ഇളവുകൾ ലഭിക്കാനോ ദരിദ്ര രാജ്യങ്ങളെ ശിക്ഷിക്കാനോ മറ്റുള്ള രാജ്യങ്ങൾക്ക് മേലെ പടിഞ്ഞാറിന് ധാർമിക ആധിപത്യം നൽകാനോ ഉള്ള ഒറ്റപ്പെട്ട ധാർമിക മൂല്യമായിരുന്നില്ല മനുഷ്യാവകാശ വ്യവഹാരങ്ങൾ.
മറ്റുള്ള രാജ്യങ്ങളുടെ മനുഷ്യാവകാശങ്ങളെ ഫലസ്തീനികൾ ഗാഢമായി തന്നെ മാനിക്കുന്നുണ്ട്. അവർ മാനിക്കേണ്ടതുമാണ്, കാരണം മനുഷ്യത്വവും അവകാശങ്ങലും എടുത്തുമാറ്റപ്പെടുന്നതിന്റെ പ്രശ്നങ്ങൾ ശരിയാംവിധം അനുഭവിച്ചവരാണ് അവർ. എന്നാൽ, പടിഞ്ഞാറിന്റെ രാഷ്ട്രീയവത്കൃത മനുഷ്യാവകാശ അജണ്ടയാൽ പരുവപ്പെടുത്തപ്പെട്ട ഐക്യദാർഢ്യം ലഭിക്കേണ്ടതില്ലാത്തവരായിരുന്നിട്ടു കൂടി അത്തരമൊരു സ്ഥാനത്താണ് അവരിപ്പോൾ ഉള്ളത്.
Courtesy: Arab News
വിവ: അഫ്സൽ ഹുസൈൻ