അട്ടപ്പാടി മധു വധക്കേസില്‍ ഒന്നാം പ്രതി ഹുസൈന്‍ ഉള്‍പ്പെടെ 13 പ്രതികള്‍ക്ക് ഏഴ് വര്‍ഷം കഠിന തടവ് മണ്ണാര്‍ക്കാട് എസ് സി/ എസ് ടി കോടതി ശിക്ഷ വിധിച്ചു. പതിനാറാം പ്രതി മുനീറിനെ ഒഴിച്ച് 13 പേര്‍ക്കാണ് കഠിന തടവ് വിധിച്ചത്. തടവ് ശിക്ഷ കൂടാതെ 13 പ്രതികള്‍ക്ക് ഒരു ലക്ഷം രൂപ പിഴയും വിധിച്ചു. കേസിലെ 16ാം പ്രതിയായ മുനീറിന് മൂന്ന് മാസം തടവും 500 രൂപ പിഴയുമാണ് ശിക്ഷ. 16 പ്രതികളില്‍ 14 പേരും കുറ്റക്കാരാണെന്ന് ചൊവ്വാഴ്ച മണ്ണാര്‍ക്കാട് മജിസ്‌ട്രേറ്റ് കോടതി വിധിച്ചിരുന്നു. മധുവിന്റെ കുടുംബത്തിനൊപ്പം കേസിന്റെ ആദ്യവസാനം വരെ കൂടെനിന്ന് ഇടപെടല്‍ നടത്തിയ മധു നീതി സമരസമിതി ചെയർമാൻ വി എം മാർസൻ സംസാരിക്കുന്നു
വിധിയിൽ തൃപ്തരല്ല എന്നും അപ്പീൽ നൽകുമെന്നും താങ്കളും മധുവിൻ്റെ കുടുംബവും നിലപാടെടുക്കാൻ കാരണം?
അടിസ്ഥാനപരമായി, ഈ കേസ് നടന്നത് അട്രോസിറ്റി കേസുകള്‍ കൈകാര്യം ചെയ്യാന്‍ വേണ്ടി സര്‍ക്കാര്‍ സ്ഥാപിച്ച സ്‌പെഷ്യല്‍ കോടതികളിലൊന്നായ മണ്ണാര്‍ക്കാട് എസ് സി എസ്ടി കോടതിയിലാണ്. സ്വാഭാവികമായും അട്രോസിറ്റി ചാര്‍ജ് ചെയ്യപ്പെട്ട പ്രതികളുടെ കാര്യമായിരിക്കും ഈ കോടതി പരിഗണിക്കുക; മറ്റുള്ളവ മജിസ്‌ട്രേറ്റ് കോടതിയിലേക്ക് പോകും. അവിടെയാണ് രണ്ട് പ്രതികളെ വെറുതെ വിട്ട കോടതിയുടെ നടപടി ഗൗരവമര്‍ഹിക്കുന്നത്.
അട്രോസിറ്റി ആക്ടില്‍ ഒരുപാട് സെഷനുകളുണ്ട്. എസ് സി എസ് ടി വിഭാഗത്തില്‍ പെട്ട ഒരു വ്യക്തിയെ ആള്‍ക്കൂട്ടം മര്‍ദിക്കുന്നതും വിചാരണ ചെയ്യുന്നതും അവഹേളിക്കുന്നതുമടക്കം അട്രോസിറ്റിയുടെ പരിധിയില്‍ വരും. മധുവിനെ മുക്കാലിയിലെത്തിച്ച സമയത്ത് ‘എടാ കള്ളാ’ എന്ന് മധുവിനെ നോക്കി വിളിച്ചുവെന്നാണ് അബ്ദുല്‍ കരീം എന്ന പതിനൊന്നാം പ്രതിയുടെ പേരിലുള്ള കുറ്റം. അതും അട്രോസിറ്റിയാണ്. അതുപോലെ കോടതി വെറുതെ വിട്ട നാലാം പ്രതി അനീഷ് മധുവിന്റെ ഫോട്ടോയെടുത്ത് സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിച്ചയാളാണ്. അതിലുമെന്തു കൊണ്ടാണ് കോടതി അട്രോസിറ്റി കാണാതെപോയത് എന്ന് മനസിലാകുന്നില്ല. ഒപ്പം ഒന്നാം പ്രതി ഹുസൈനെയും അട്രോസിറ്റിയില്‍ കോടതി ഉള്‍പ്പെടുത്തിയിട്ടില്ല.
അതുപോലെ 302-ാം വകുപ്പ് പ്രകാരം, (കൊലപാതകത്തിന് ദൃക്‌സാക്ഷികളില്ലെങ്കില്‍ ഡോക്ടറുടെ മൊഴി പരിഗണിക്കുന്ന വകുപ്പ്) ഡോക്ടര്‍ കൃത്യമായി ആന്തരിക മുറിവുകൾ ഉണ്ടെന്ന് മൊഴി കൊടുത്തിട്ടുണ്ട്. മൊഴിക്ക് മെഡിക്കല്‍ റിപ്പോര്‍ട്ടിന്റെയും പോസ്റ്റ് മോര്‍ട്ടം ചെയ്യുന്നതിന്റെ സിഡി അടക്കമുള്ള തെളിവുകളുടെയും പിന്തുണയുമുണ്ട്. പക്ഷെ ഇതൊന്നും കോടതി പരിഗണിച്ചിട്ടില്ല.

മനഃപൂര്‍വമല്ലാത്ത നരഹത്യ കുറ്റം ചുമത്തിയതിനെക്കുറിച്ച്
മനഃപൂര്‍വമല്ലാത്ത നരഹത്യ എന്നതാണ് മറ്റൊരു സെഷന്‍. ഇവിടെയാണ് സംഭവം നടന്ന സാഹചര്യം പ്രസക്തമാവുന്നത്. 2018 ഫെബ്രുവരി 22-ന് രാവിലെ 11 മണിക്കാണ് മുക്കാലിയില്‍ നിന്നും 5-6 കിലോമീറ്റര്‍ അകലെയുള്ള അജുമുടി എന്ന മലയുടെ ഗുഹയില്‍ നിന്നും പ്രതികള്‍ മധുവിനെ പിടിക്കുന്നത്. അജുമുടി മലയുടെ അടിവാരത്ത് പണിക്കാർ തേക്കു മുറിക്കുന്നുണ്ടായിരുന്നു. അന്ന് എന്തോ കാരണവശാല്‍ മരംമുറി നടന്നില്ല. അവിടെയുണ്ടായിരുന്ന, പിന്നീട് കൂറുമാറിയ സാക്ഷികളായ സുനില്‍ കുമാര്‍, കാളിമൂപ്പന്‍, വീരന്‍ എന്നിവര്‍ വര്‍ത്തമാനം പറഞ്ഞിരിക്കുമ്പോഴാണ് ആരോ ഒരാള്‍ മലയുടെ മുകളിലൂടെ മിന്നായം പോലെ നീങ്ങുന്നത് കണ്ടത്. ആരെന്നറിയാന്‍ ഇവര്‍ ചെന്നു നോക്കുമ്പോള്‍ മധുവിനെ കണ്ടു. മാനസിക വിഭ്രാന്തിയുള്ള ആളായതിനാല്‍ എന്തോ ചോദിച്ച് അവര്‍ തിരികെ തങ്ങളുടെ താല്‍ക്കാലിക ഷെഡിലെത്തി. ഷെഡില്‍ വെച്ച് മധുവിനെ കണ്ടിട്ട് ഒത്തിരിയായല്ലോ എന്നെല്ലാം ഇവര്‍ സംസാരിക്കുന്നത് കേട്ട രണ്ടാം പ്രതി മരയ്ക്കാര്‍ വിവരം മുക്കാലിയിലേക്ക് അറിയിക്കുന്നു.
വിവരമറിഞ്ഞയുടന്‍ തന്നെ കുറേയാളുകള്‍ ജീപ്പിലും ടൂവീലറുകളിലുമെല്ലാമായി മുക്കാലിയില്‍ നിന്ന് പുറപ്പെട്ടു. മധു ഉപയോഗിക്കുന്നത് എന്ന് അവര്‍ ധരിച്ച കുറച്ച് അരിയും മുളകും സാധനങ്ങളുമെടുത്താണ് അവര്‍ വരുന്നത്. ഭവാനിപ്പുഴയുടെ കൈവഴിയുടെ ഇക്കരെ വാഹനങ്ങള്‍ നിര്‍ത്തി പുഴ കടന്ന് മധുവിനെ പിടിച്ച് മര്‍ദിച്ച് ഈ സാധനങ്ങള്‍ മധുവിന്റെ തലയില്‍ വെച്ചുകൊടുത്ത് നടത്തിച്ചാണ് അദ്ദേഹത്തെ മുക്കാലിയിലേക്ക് കൊണ്ടുവന്നത്. ആ നടത്തിക്കുന്നതിടയില്‍ വളരെ ക്രൂരമായി അവര്‍ മധുവിനെ മര്‍ദിക്കുന്നുണ്ട്. വണ്ടിത്താവളത്തിലെത്തുമ്പോ തന്നെ മധു മര്‍ദനമേറ്റ് അവശനാണ്. അതിശക്തമായ അടികള്‍ കാരണം 44 ഗുരുതര പരിക്കുകള്‍ അദ്ദേഹത്തിന്റെ ദേഹത്തുണ്ടായിരുന്നു. അവിടെയാണ് ഡോക്ടറുടെ മൊഴിയുടെ പ്രസക്തി. ആന്തരികഅവയവങ്ങളില്‍ ക്ഷതവും മുറിവും ഉണ്ടായിട്ടുണ്ട്. ശരീരത്തിന്റെ അകത്തോ പുറത്തോ മുറിവ് സംഭവിച്ചുകഴിഞ്ഞ് ദീര്‍ഘദൂരം നടന്നുകഴിഞ്ഞാല്‍ മുറിവ് വികസിക്കുകയും രക്തസ്രാവം ശീഘ്രമാവുകയും ചെയ്യും. മുക്കാലി വരെ അവരുടെ ആഘോഷങ്ങളും മര്‍ദനങ്ങളും മുറയ്ക്ക് നടക്കുന്നുണ്ട്. ഇത്രയും സംഭവങ്ങള്‍ കേട്ടിട്ട് മനഃപൂര്‍വമല്ലാത്ത നരഹത്യയാണ് നടന്നത് എന്ന് നിങ്ങള്‍ക്ക് തോന്നുന്നുണ്ടോ?
കോടതിയുടെ നിരീക്ഷണത്തിൽ അപാകതയുണ്ട്
അട്രോസിറ്റിക്കു പുറമെ ഒരു സാധു മനുഷ്യനെ കൂട്ടംകൂടി മര്‍ദിക്കുകയും കൂടി ചെയ്ത സന്ദര്‍ഭം ഉള്ളതിനാലാണ് കോടതിയുടെ നിരീക്ഷണം തെറ്റാണെന്ന് പറയേണ്ടി വരുന്നത്. ശിക്ഷകള്‍ എപ്പോഴും മാതൃകാപരമാവണം, പിന്നീട് കുറ്റകൃത്യങ്ങള്‍ തടയാനുതകുന്നതുമാവണം.
ഇനി മനഃപൂര്‍വമല്ലാത്ത നരഹത്യയെന്ന സെഷന്‍ 304 തന്നെയെടുത്താലും, പത്തു വര്‍ഷം വരെ കഠിനതടവ് ലഭിക്കാവുന്ന ശിക്ഷയാണ് ആ സെഷനുള്ളത്. 21 വര്‍ഷം തടവ് വിധിച്ച ഒന്നാം പ്രതി ഹുസൈന് ഏഴ് വര്‍ഷം മാത്രം തടവ് ശിക്ഷ അനുഭവിച്ചാല്‍ മതിയാകും. എന്തുകൊണ്ടാണ് അവിടെ പത്തു വര്‍ഷമെങ്കിലും നല്‍കാതിരുന്നത്? ഈ വിധിക്ക് ഇത്തരം പല പഴുതുകളുമുള്ളതിനാലാണ് വിധിക്കെതിരെ ഹൈക്കോടതിയില്‍ ഞങ്ങള്‍ അപ്പീല്‍ കൊടുക്കുന്നത്.

മധുവിന് നീതി ലഭിച്ചുവെന്ന മട്ടിൽ പൊതുസമൂഹം തൃപ്തരാകുന്നതിനെക്കുറിച്ച്
കേരളത്തില്‍ ഇതുവരെയുണ്ടായിട്ടുള്ള ദലിത്-ആദിവാസികള്‍ക്കെതിരായ കുറ്റകൃത്യങ്ങളില്‍ കൃത്യമായി ശിക്ഷ നല്‍കാന്‍ കഴിഞ്ഞ എത്ര കേസുകളുണ്ടാവും? സമീപകാലത്തുണ്ടായ ഒന്ന് ജിഷയുടെ കേസ് മാത്രമാണ്. അതും പ്രതി അമീറുല്‍ ഇസ്‌ലാം തന്നെയാണെന്നതില്‍ പൊതുസമൂഹം ഇപ്പോഴും പൂര്‍ണവിശ്വാസത്തില്‍ അല്ല ഉള്ളത്. മറ്റു കേസുകളെല്ലാം അനന്തമായി നീളുകയുമാണ്. അട്ടപ്പാടിയില്‍ നടന്ന ദുരൂഹ മരണങ്ങളിലും കൊലപാതകങ്ങളിലും ഒരാള്‍ പോലും ഇക്കാലമത്രയും ശിക്ഷിക്കപ്പെട്ടിട്ടില്ല. മധുവിന്റെ കേസില്‍ കേസ് അനന്തമായി നീട്ടിക്കൊണ്ടുപോകുന്നതിനെതിരായി പ്രത്യേകമായി ശക്തമായ ജനരോഷം ഉയര്‍ന്നിരുന്നു. ഇതെല്ലാം കൊണ്ടു തന്നെ പ്രതികള്‍ ശിക്ഷിക്കപ്പെടണം എന്നതാണ് സമൂഹത്തിന്റെ കാഴ്ച്ചപ്പാട്. 7 വര്‍ഷം തടവിന് പ്രതികള്‍ ശിക്ഷിക്കപ്പെട്ടു എന്നതില്‍ സമൂഹം അതിനാൽ തൃപ്തരാണ്. കോടതിയും ഏകദേശം പൊതുഅഭിപ്രായത്തിന് അനുസൃതമായ ഒരു വിധിയാണ് കൊടുത്തിട്ടുള്ളത് എന്നതാണ് ഞാന്‍ മനസിലാക്കുന്നത്. കോടതിയും സേഫ് ആയി. പക്ഷെ ഈ കേസില്‍ ആഴത്തില്‍ ഇറങ്ങിയിട്ടുള്ള ആളുകളെ സംബന്ധിച്ചുമാത്രമാണ് നിരാശ വരുന്നത്.
ഇതില്‍ പോസിറ്റീവ് ആയ ഒരു കാര്യം: അട്ടപ്പാടിയിലെ വള്ളിയമ്മാള്‍ ഗുരുകുലം എന്ന സ്വകാര്യ ഒറ്റമൂലി ചികിത്സാ കേന്ദ്രത്തിലെ അബ്ബാസ് എന്ന വ്യക്തി മല്ലിയമ്മയെ ഭീഷണിപ്പെടുത്തിയിരുന്നല്ലോ. “ആദിവാസികളെ തല്ലിക്കൊല്ലുന്നത് അട്ടപ്പാടിയില്‍ പുതിയ കാര്യമൊന്നുമല്ല. അങ്ങനെ കൊല്ലപ്പെട്ടവരുടെ വീട്ടുകാര്‍ കേസിനും മറ്റുമൊന്നും പോകാതെ സ്വസ്ഥമായി വീട്ടിലിരിക്കുന്നത് നീ കാണുന്നില്ലേ. നിനക്കു മാത്രമെന്താണ് കേസിന് പോകണമെന്ന് ഇത്ര നിര്‍ബന്ധം” ഇതായിരുന്നു അയാളുടെ സ്‌റ്റേറ്റ്‌മെന്റ്. എന്നുവെച്ചാല്‍ അട്ടപ്പാടിയുള്ള ആദിവാസികളാരും തല്ലിക്കൊന്നാലും കേസിനു പോകില്ലെന്നും തിരിച്ചടിക്കില്ലെന്നുമാണ് അട്ടപ്പാടിയുടെ കുടിയേറ്റം തുടങ്ങിയ കാലം മുതലുള്ള ചരിത്രം. അതുകൊണ്ടാണ് ഇത്തരം സ്റ്റേറ്റുമെന്റുകള്‍ പറയാന്‍ അവര്‍ക്ക് ധൈര്യം. ആ വംശീയമായ അഹന്തയുടെ ഉച്ചിയിലടിക്കാന്‍ ഈ വിധി സഹായിച്ചു. രണ്ടാമത്തെ പോസീറ്റീവായ കാര്യം, ഈ ശിക്ഷാ കാലാവധി ആറോ ആറരയോ വര്‍ഷം ആയിരുന്നെങ്കില്‍ മൂന്നാം വര്‍ഷം പ്രതികള്‍ക്ക് അപ്പീല്‍ കൊടുത്ത് ജാമ്യം നേടാന്‍ സാധിക്കും. പക്ഷെ ഏഴോ ഏഴിനു മുകളിലോ വര്‍ഷമാണ് ശിക്ഷയെങ്കില്‍ നാല് വര്‍ഷം തികയാതെ മേല്‍ക്കോടതി അപ്പീല്‍ സ്വീകരിക്കില്ല.
എല്ലാം നഷ്ടപ്പെട്ടുവെന്ന നിമിഷത്തില്‍ നിന്നാണ് ഈ കേസ് ഞങ്ങള്‍ തിരിച്ചുപിടിക്കുന്നത്. അതില്‍ 16 പ്രതികളില്‍ 13 പേരെയും ശിക്ഷാര്‍ഹരാക്കാന്‍ നമുക്ക് കഴിഞ്ഞു. ആ മൂന്ന് പേര്‍ ഇപ്പോഴും സുരക്ഷിതരായിട്ടുമില്ല. മാത്രമല്ല, ആ 13 പേരുടെ ഏഴ് വര്‍ഷം തടവ് എന്നത് സ്ഥിരവുമല്ല; കാരണം അപ്പീല്‍ പോകുമ്പോള്‍ അത് കൂടിയേക്കും. ചാര്‍ജ് ഷീറ്റില്‍ നിലവിലുള്ള പല കുറ്റങ്ങളും ഇനിയും കോടതി പരിഗണിക്കാത്തവയാണ്. അതുകൊണ്ടു തന്നെ നിരാശയോടൊപ്പം പ്രതീക്ഷയുമുണ്ട്.
അഭിമുഖം: റമീസുദ്ദീൻ വി എം