‘പ്രതി വരുന്ന ഏരിയ’യുടെ പ്രശ്‌നമെന്താണ്? എഡിജിപി പറയണം

എലത്തൂര്‍ തീവയ്പ്പ് കേസിലെ പ്രതി ഷാരൂഖ് സെയ്ഫിക്കെതിരെ യുഎപിഎ ചുമത്തിയത് കൃത്യമായ തെളിവുകളുടെ അടിസ്ഥാനത്തിലെന്ന് എഡിജിപി എം ആര്‍ അജിത് കുമാര്‍. ഷാരൂഖ് സെയ്ഫി തീവ്ര ചിന്താഗതിയുള്ളയാളാണെന്നും സാക്കിര്‍ നായിക്കിനെ പോലുള്ളവരുടെ വീഡിയോകള്‍ ഷാരൂഖ് നിരന്തരം കാണാറുണ്ടെന്നും എഡിജിപി മാധ്യമങ്ങളോട് പറഞ്ഞു. പ്രതി വരുന്ന സ്ഥലത്തിന് ചില പ്രത്യേകതകളുണ്ടെന്നും അയാൾ പറയുന്നു. എഡിജിപിയുടെ പ്രസ്താവനയോട് സോഷ്യൽ മീഡിയയിൽ വന്ന ചില പ്രതികരണങ്ങൾ

സുഹൈബ് സി ടി: തുടക്കം മുതലേ ദുരൂഹതകൾ നിറഞ്ഞതാണ് എലത്തൂർ ട്രെയിൻ തീവെക്കൽ സംഭവവും പ്രതിയായി പിടിക്കപ്പെട്ട ഷാറൂഖ് സൈഫിയുടെ കഥയും. കേരള പോലീസ് ദുരൂഹത നീക്കാത്തതും വത്സൻ തില്ലങ്കേരിയുടേതടക്കമുള്ള സംഘപരിവാർ നേതാക്കളുടെ ഷഹീൻബാഗിലേക്ക് ചേർത്ത് വെച്ചുകൊണ്ടുള്ള മുസ്‌ലിം തീവ്രവാദ ആരോപണങ്ങളുന്നയിക്കാൻ കാണിച്ച ആവേശവും കൂട്ടി വായിക്കുമ്പോൾ വലിയൊരു ഗൂഢാലോചന ഇതിന് പിന്നിൽ മണത്തിരുന്നു.

ട്രെയിൻ തീവെപ്പും അത് മുതലെടുത്തു കൊണ്ടുള്ള വംശഹത്യയും ഇന്ത്യയിൽ ആരുടെ പദ്ധതികളാണെന്ന് എല്ലാവർക്കുമറിയാമല്ലോ. ഇതിന് പിന്നിലുള്ള തിരക്കഥകൾ ഇപ്പോൾ കുറച്ച് കൂടി വ്യക്തമാവുകയാണ്. ഡൽഹി വിട്ടങ്ങനെ പുറത്തൊന്നും പോയിട്ടില്ലാത്ത ഷാറൂഖ് സൈഫിയെ കണക്റ്റ് ചെയ്ത് ഉണ്ടാക്കാൻ പറ്റിയ ഭീകര സംഘടനാ തിരക്കഥകളൊന്നുമില്ലാത്തതിനാലാണെന്ന് തോന്നുന്നു പ്രത്യേകിച്ച് തെളിവൊന്നും ആവശ്യമില്ലാത്ത സാകിർ നായിക്കിൻ്റെയും വർഷങ്ങൾക്ക് മുമ്പേ മരണപ്പെട്ടു പോയ ഡോ. ഇസ്റാർ അഹ്മദിൻ്റെയുമൊക്കെ പ്രസംഗങ്ങളിലേക്ക് ചേർത്ത് വെക്കുന്നതും യു.എ.പി.എ ചുമത്തുന്നതും.

യുഎപിഎക്ക് പിന്നെ കൃത്യമായ മതവും ജാതിയും ഉള്ളത് കൊണ്ട് കാര്യങ്ങൾ എളുപ്പവുമാണ്.
റാഡിക്കലൈസ്ഡാണെന്നാണ് പോലീസ് പറയുന്നത്. എന്നാൽ ആളെ കൊല്ലാനും തീവെക്കാനുമൊക്കെ ഇത്ര ബുദ്ധിമുട്ടി ഡൽഹിയിൽ നിന്ന് കേരളത്തിലേക്ക് വരേണ്ട കാര്യമെന്താണ് എന്ന ചോദ്യങ്ങൾക്കൊന്നും ഇവിടെ ഒരുത്തരവുമില്ല.

അതേ സമയം കണ്ണൂരിൽ ഇടക്കിടെ സംഘിയുടേയും സഖാവിൻ്റെയുമൊക്കെ കയ്യിൽ നിന്ന് പൊട്ടുന്ന ബോംബുകൾക്ക് ഒരു ലിങ്കുമുണ്ടാവാറില്ല അവരൊക്കെ ആരുടെയൊക്കെ പ്രസംഗങ്ങൾ കേട്ടാണ് ബോംബുണ്ടാക്കാൻ ഇറങ്ങിയതെന്ന വർത്തമാനങ്ങളുമുണ്ടാവില്ല.

അഡ്വ. അമീൻ ഹസൻ: എത്ര ദുർബലമായ കെട്ടുകഥയാണ് പോലീസ് പറയുന്നത്. സാക്കിർ നായിക് ഏതേലും തരത്തിൽ മനുഷ്യരെ ഉപദ്രവിക്കുന്ന പ്രചാരണങ്ങളുടെ വക്താവ് അല്ലെന്നു അദ്ദേഹത്തെ കേൾക്കുന്ന എല്ലാവർക്കും അറിയാം. ഇന്ത്യയിലെ ഉത്തരം കിട്ടാത്ത “തീവ്രവാദ” ആക്രമണങ്ങളുടെ ലിസ്റ്റിലേക്ക് എലത്തൂർ സ്ഫോടനവും മാറി എന്നർഥം. അപ്പോഴും യുഎപിഎ ഉണ്ട്. രാമനമവിയുടെ പേരിൽ മുസ്‌ലിംകളെ പ്രതികളാക്കാൻ ഹിന്ദുത്വ ഭീകരർ നടത്തിയ വംശഹത്യ പദ്ധതിയിലോ തലശ്ശേരിയിൽ ബോംബ് ഉണ്ടാക്കിയവർക്ക് എതിരെയോ എന്തുകൊണ്ട് യുഎപിഎ ഇല്ല എന്ന ചോദ്യം നമ്മുടെ മനസ്സിൽ പോലും ഉയരുകയും ഇല്ല. ഏലത്തൂർ ട്രെയിൻ ആക്രമണം യഥാർത്ഥ വസ്തുതകൾ എന്നെങ്കിലും പുറത്തു വരുമായിരിക്കും.

രണ്ടു ചോദ്യങ്ങൾ കൂടി എനിക്കുണ്ട്:

സാക്കിർ നായിക്കിനെ കേട്ട് ഷാറൂഖ് സെയ്ഫി തീവ്രവാദ ആക്രമണം നടത്തി എന്ന പോലീസ് അവകാശവാദത്തെ കുറിച്ച് മജീദ് സ്വലാഹിക്ക് എന്ത് പറയാനുണ്ട്?.

യുപിയിൽ മുൻ എംപിയെ കൊലപെടുത്തിയവർ ഒന്നിലും സ്വാധീനക്കപെടാത്തവരാണ് എന്ന് ഭരണകൂടം പറയുന്നത് എന്തുകൊണ്ട് നമുക്ക് വിഷയമല്ല?

അഫ്താബ് ഇല്ലത്ത്: ഷഹീൻബാഗിൽ ജനിച്ചു, സാക്കിർനായിക്കിന്റെ പ്രസംഗം കേട്ടു എന്നതൊക്കെയാണ് ഇന്ത്യൻ പോലീസിനു ഒരാൾ റാഡിക്കലൈസ്ഡ് ആണ് എന്നതിന് കാര്യമായ തെളിവായും യുഎപിഎ ചുമത്താൻ കാരണമായും പൊതുസമൂഹത്തിനോട് പറയാനുള്ളതും സമൂഹത്തിന് യാതൊരു സംശയമില്ലാതെ അത് സ്വീകരിക്കാൻ കഴിയുന്നതും.

സാക്കിർനായിക്കിന്റെ പ്രസംഗം കേൾക്കാത്ത ഓൺലൈൻ മീഡിയ ഉപയോഗിക്കുന്ന എത്ര മുസ്‌ലിം മതവിശ്വാസികൾ ഉണ്ടാവും, അദ്ദേഹത്ത ഇഷ്ടപ്പെടുന്നവരും അംഗീകരിക്കാത്തവരും വെറുമൊരു കൗതുകത്തിനായി ചെയ്യുന്നവരായാലും? മുസ്‌ലിംകളുടെ മതവിശ്വാസത്തെയും ആരാധനകളെയും കുറ്റകൃത്യമോ ഭീകരകൃത്യമോ ആക്കി മാറ്റുന്ന ഈ പൊതുസമ്മതി നേടിയ അന്വേഷണ/ആഖ്യാന തന്ത്രം ഇന്ത്യയിലെ വംശീയ വിദ്വേഷ നിയമസംവിധാനത്തിന്റെ കേന്ദ്രമായി മാറിയിട്ട് പതിറ്റാണ്ടുകളായി.

സിമി ട്രിബ്യുണലുകൾക്കു മുന്നിൽ നിരോധനം നീട്ടിയെടുക്കാൻ രണ്ടു വര്ഷങ്ങൾകൂടുമ്പോൾ അതിന്റെ അംഗങ്ങൾക്കെതിരെ ഹാജരാക്കിയിരുന്ന കേസുകൾ പലതും ഇത്തരത്തിലുള്ളതായിരുന്നു എന്ന് ആ കേസുകൾ പഠിച്ചവർ ഡോക്യുമെന്റ് ചെയ്തിരുന്നു. ഖുർആൻ കൈവശം വെക്കുക, പള്ളിയിൽ ജുമാ ഖുതുബകൾ നിർവഹിക്കുക, നിസ്കാരങ്ങൾക്ക് നേതൃത്വം കൊടുക്കുക, മതപരമായ ലഘുലേഖകൾ കൈവശം വെക്കുക തുടങ്ങിയവയായിരുന്നു അവരുടെ പേരിൽ ആരോപിക്കപ്പെട്ട “ഭീകര” കൃത്യങ്ങൾ. ഈ നൈരന്തര്യങ്ങളിൽ സഹികെട്ടാണ് ഒരു ഘട്ടത്തിൽ ട്രിബ്യുണൽ അദ്ധ്യക്ഷ ഗീത മിത്തൽ സിമി നിരോധനം നീക്കുന്നതും, കേന്ദ്രസർക്കാർ വിധിവന്ന ദിവസം വൈകുന്നേരം തന്നെ സുപ്രീംകോടതിയെ കൊണ്ട് വിധി സ്റ്റേ ചെയ്യിക്കുന്നതും. സിമി അംഗങ്ങളിൽ ആരോപിക്കപ്പെട്ട മതവിശ്വാസവും ആരാധനാ രീതികളും എങ്ങനെ കുറ്റകൃത്യങ്ങൾ ആകുമെന്ന് ട്രിബ്യുണൽ വിചാരണ വേളയിൽ അത്ഭുതം കൂറുന്നുണ്ട്.

സാക്കിർനായിക് ഇന്ത്യയിൽ വേട്ടയാടപ്പെട്ടത് ഏതെങ്കിലും രീതിയിലുള്ള ആക്രമണങ്ങൾക്ക് എപ്പോഴെങ്കിലും പ്രേരണനൽകിയതിനല്ല, മറിച്ചു മുസ്‌ലിം ജനസംഖ്യയെയും ഇസ്‌ലാമിലേക്കുള്ള മതപരിവർത്തനങ്ങളേയും കുറിച്ചുള്ള സവർണ്ണഹിന്ദു ഉത്കണ്ഠകളും ഹിന്ദുത്വ അതിനു ചുറ്റും ഉണ്ടാക്കിയെടുത്തിട്ടുള്ള ആക്രമണസക്തമായ വ്യാജങ്ങളും പിന്നീട് മുസ്‌ലിം വംശഹത്യതന്നെ ഒരു സ്റ്റേറ്റ് ഐഡിയോളജി ആയി മാറിയതിന്റെ പരിണതഫലവുമാണ്. ഇസ്‌ലാമിക മതവിശ്വാസങ്ങളെയും വ്യത്യസ്തകളും ഭീകര കുറ്റകൃത്യമാക്കുന്ന ഇതേ രാജ്യത്ത് മുസ്‌ലിംകൾക്കെതിരെ നടക്കുന്ന ഭീകരഹിംസകളും അതിനു പ്രത്യക്ഷപ്രേരണകൾ നൽകുന്ന വിദ്വെഷപ്രസംഗങ്ങളും ഹിന്ദു സമ്മേളനങ്ങളും സ്റ്റേറ്റിന്റെ ആശിർവാദത്തിൽ തന്നെ നടക്കുന്നു, കേരളത്തിലായാലും ഹിന്ദുത്വത്തിന്റെ തീച്ചൂളകളായ ഉത്തരേന്ത്യ ആയാലും.

ബോംബുണ്ടാക്കുമ്പോൾ കൈപ്പടം അറ്റുപോകുന്ന ഹിന്ദുത്വവാദി റാഡിക്കലൈസ്ഡ് അല്ല. വ്യാജങ്ങളിലൂടെ നിരന്തരം വെറുപ്പ് മാത്രം ഉൽപ്പാദിപ്പിക്കുന്ന, അവൻ വായിക്കുന്ന ജന്മഭൂമി പത്രമോ, കാണുന്ന ജനം ടിവിയോ, ഫോളോ ചെയ്യുന്ന ഹിന്ദുത്വ നേതാക്കളുടെ സോഷ്യൽ മീഡിയ ഹാൻഡിലുകളോ റാഡിക്കലൈസേഷന്റെ തെളിവുകളായി പോലീസ് മേധാവികളാൽ ഉദ്ധരിക്കപ്പെടുകയോ അവന്റെ കുറ്റകൃത്യം അതുവഴി യുഎപിഎ അർഹിക്കുന്ന ഭീകരകൃത്യമായി മാറുകയോ ചെയ്യുകയില്ല.

ഷമീർ കെ മുണ്ടോത്ത്: “പ്രതി വരുന്ന ഏരിയ നമുക്കറിയാം. ആ സ്ഥലത്തിന്റെ പ്രത്യേകത നമുക്കറിയാം.”
ഷഹീൻബാഗ് ആണ് സ്ഥലം. പൗരത്വസമരത്തിന്റെ രാജ്യതലസ്ഥാനത്തെ പോരാട്ടവേദി എന്നത് മാത്രമാണ് ആ സ്ഥലത്തിന്റെ പ്രത്യേകത. പിണറായി വിജയന്റെ ആഭ്യന്തരവകുപ്പിനും ആർ എസ് എസ് നേതാവ് വത്സൻ തില്ലങ്കേരിക്കും പക്ഷേ ആ സ്ഥലം പ്രത്യേകമാവുന്നത് മുസ്‌ലിംകൾ തിങ്ങിപ്പാർക്കുന്ന തീവ്രവാദകേന്ദ്രമായാണ്.

അനസ് മുഹമ്മദ്:“അവരുടെ വസ്ത്രം കണ്ടാൽ തിരിച്ചറിയാം” എന്നായിരുന്നു നരേന്ദ്ര മോഡി ഷഹീൻ ബാഗ് പൗരത്വ സമരക്കാരെ സംബന്ധിച്ചു പറഞ്ഞത് “പ്രതി വരുന്ന ഏരിയ തന്നെ നമുക്കറിയാം, അതിന്റെ പ്രത്യേകത നമുക്കറിയാം” എന്നാണ് ട്രെയിൻ തീവെപ്പ് പ്രതിയുടെ ഷഹീൻബാഗ് ബന്ധത്തെ പറ്റി കേരള ADGP അജിത് കുമാർ പറഞ്ഞത് രണ്ടിലും വംശീയതയാണ് ഉള്ളത് അത് മനസിലാകാത്തവർ ഉണ്ടെങ്കിൽ അവരിലും..

By Editor