മാധ്യമവൽകൃത ഇസ്‌ലാമോഫോബിയയുടെ രാഷ്ട്രീയം

truecopy think

നമ്മുടെ സ്ത്രീകളുടെ നോമ്പുകാല ജീവിതത്തെക്കുറിച്ച് വേദനയോടെ’ എന്ന തലക്കെട്ടില്‍ ട്രൂകോപ്പി തിങ്ക് പ്രസിദ്ധീകരിച്ച ലേഖനത്തോടുള്ള സോഷ്യൽ മീഡിയ പ്രതികരണങ്ങള്‍

വസീം ആർ എസ്: കേരളത്തിൽ സംഘപരിവാറിന്റെ ഇസ്‌ലാമോഫോബിയ നഗ്നവും പരസ്യവുമാണ്. ഇന്നലെ കെ സുരേന്ദ്രൻ നടത്തിയ പ്രസ്താവന നോക്കൂ. യൂറോപ്പിലെ ക്രൈസ്തവ രാജ്യങ്ങൾ ഇസ്‌ലാമിക രാജ്യങ്ങളാവുന്നുവെന്ന പ്രചാരണം യൂറോപ്യൻ തീവ്ര വലതുപക്ഷത്തിന്റെ പ്രചാരണ പുസ്തകത്തിലേതാണ് എന്നു മനസ്സിലാക്കാൻ എളുപ്പമാണ്. അത് എതിർക്കാൻ വലിയ പ്രയാസമില്ല. എന്നാൽ വിശാല ഇടതുപക്ഷക്കാർ എന്ന പേരിൽ അറിയപ്പെടുന്ന പത്രപ്രവർത്തകരുടെ മുൻകൈയിൽ നടക്കുന്ന മാധ്യമവൽകൃത ഇസ്‌ലാമോഫോബിയ സൂക്ഷ്മവും അദൃശ്യവുമാണ്. പ്രത്യക്ഷത്തിൽ അവർ സംഘപരിവാർ വിരുദ്ധരാണ്.

മീശ എന്ന ഹരീഷിന്റെ നോവലിനെതിരെ സംഘപരിവാർ നടത്തിയ കടന്നാക്രമണത്തെ ചെറുത്തു തോൽപിച്ച ലെഗസിയുമായാണ് കമൽറാം സജീവ്, മനില സി തുടങ്ങിയവർ ട്രൂകോപി തിങ്ക് ആരംഭിച്ചത്. വലിയ പുതുമ അവകാശപെടുമെങ്കിലും നേരത്തെ അഴിമുഖവും ഡ്യൂൾ ന്യൂസും നിർമിച്ച മാധ്യമവൽകൃത ഇസ്‌ലാമോഫോബിയയുടെ മാതൃകയെ അതേപടി പിന്തുടരുക മാത്രമാണ് അവരും ചെയ്യുന്നത്.

സംഘപരിവാറിനെ എതിർക്കുന്നവരും ഇസ്‌ലാമോഫോബിയയുടെ പ്രചാരകരും ഉൽപാദകരും ആവാമെന്നതിന്റെ തെളിവാണ് കമൽ റാം എന്ന പത്രപ്രവർത്തകൻ. ലൗജിഹാദ് പ്രചാരണം ആരംഭിച്ചത് സംഘപരിവാറായിരുന്നു. എന്നാൽ ഇന്റെലക്ച്വൽ ജിഹാദെന്ന പ്രചാരണം കമൽ റാം സജീവിന്റെ കൂടി പങ്കാളിത്തമുള്ള മാതൃഭൂമി ആഴ്ചപ്പതിപ്പാണ് നിർമിച്ചെടുത്തത്. അന്നൊന്നും ബോധ്യപെടാത്ത സംഘപരിവാർ വിരുദ്ധത ഹരീഷിന്റെ മീശയുടെ കാര്യത്തിൽ മാത്രമെ കമൽറാമിനു ബോധ്യപ്പെടൂ എന്നതാണ് മാധ്യമവൽകൃത ഇസ്‌ലാമോഫോബിയയുടെ പ്രിവിലേജ്.

മുസ്‌ലിം സമുദായ പരിഷ്കരണം എന്ന പേരിൽ നടത്തുന്ന സോഷ്യൽ സർവയലൻസ് ആണ് ഈ മാധ്യമങ്ങൾ നടത്തുന്നത്. പരിഷ്കരണത്തിന്റെ പേരിൽ ഏതൊരു പോലീസ് സ്റ്റേറ്റിനെയും നാണിപ്പിക്കുന്ന മീഡിയ സർവയലൻസ് രാഷ്ട്രീയമാണ് ഇവർ മുസ്‌ലിം ന്യൂനപക്ഷങ്ങളുടെ സാമൂഹിക ചലനങ്ങളെ അടയാളപെടുത്തുമ്പോൾ പിന്തുടരുന്നത്. ഭാഷയിലും വ്യവഹാരത്തിലും സാധ്യമായ കീഴാള പൊളിച്ചെഴുത്തുകളെ ഒട്ടും ഉൾകൊള്ളാത്ത നവസവർണതയുടെ രാഷ്ട്രീയ ഭാവുകത്വമാണിത്.

ഇവർ പ്രാക്ടീസ് ചെയ്യുന്ന ജനാധിപത്യം തന്നെ എടുക്കുക. ഫൗസിയ ആരിഫ് എഴുതിയ കുറിപ്പിൽ അവർ ഉദ്ദേശിക്കാത്ത തലക്കെട്ടിടുന്നു. അവർ വിയോജിച്ചിട്ടും തെറ്റായ തലക്കെട്ട് തന്നെ അവരുടെ മേൽ അടിച്ചേൽപിക്കുന്നു. ഇത്രയും ചോയ്സ് മാത്രമേ, മുസ്‌ലിം സ്ത്രീ എഴുത്തിനു ട്രൂ കോപി നൽകുന്നുള്ളൂ.

മാധ്യമവൽകൃത ഇസ്‌ലാമോഫോബിയയുടെ ഉപഭോക്താക്കളായി ചുരുണ്ടു കൂടാതെ പുതിയ ഭാഷയും വ്യവഹാരവും നിർമിക്കാനുള്ള പരിശീലന വഴികൾ വെട്ടിത്തുറക്കുന്നത് ഈ പോരാട്ടത്തിൽ വളരെ പ്രധാനമാണ്. മാത്രമല്ല, മുസ്ലിം ന്യൂനപക്ഷ താൽപര്യങ്ങൾ പ്രധാനമാവുന്ന ഓൺലൈൻ മാധ്യമങ്ങളെ ശക്തിപ്പെടുത്തിയും പുതിയ സംരംഭങ്ങൾ ആരംഭിച്ചും മാത്രമെ മാധ്യമവൽകൃത ഇസ്‌ലാമോഫോബിയയെ ചെറുത്തു തോൽപിക്കാൻ കഴിയൂ.

ന്യൂസ് ഡെസ്കിലെ ഇസ്‌ലാമോഫോബിയ

മനില സി യും കമൽ റാമും ജെൻഡർ പൊളിറ്റിക്സാണു പറയുന്നത് എന്ന വാദം തന്നെ എടുക്കാം. അതുപോലെ പ്രധാനപ്പെട്ട ഒരു പ്രശ്നമല്ലേ ഇസ്‌ലാമോഫോബിയ? അതോ ഇസ്‌ലാമോഫോബിയ പ്രചരിപ്പിച്ചു ജെൻഡർ പൊളിറ്റിക്സ് പറയാം എന്നാണോ?

മാധ്യമങ്ങൾ സംഘപരിവാറിന്റെ കുഴലൂത്തുകാരായി, ന്യൂസ് ഡെസ്കിൽ കാവിയുണ്ട്, എന്നു വിശകലനം ചെയ്യുന്നതു പോലെ അത്ര എളുപ്പമല്ല ന്യൂസ് ഡെസ്കിലെ ഇസ്‌ലാമോഫോബിയ തിരിച്ചറിയുക എന്ന നിലപാട്. ഇത്തരമൊരു നിലപാടിലേക്ക് വളരാൻ മാത്രം മാധ്യമ സാക്ഷരത ഇല്ലായെന്നു തന്നെ പറയേണ്ടതുണ്ട്. വെങ്കിടേഷ് രാമകൃഷ്ണൻ, കെ പി സേതുനാഥ്, എൻ കെ ഭൂപേഷ് തുടങ്ങിയ വിമത/ ഔദ്യോഗിക ഇടതുപക്ഷക്കാരുടെ മാധ്യമങ്ങളും ഇക്കാര്യത്തിൽ സംപൂജ്യരാണ്.

ഓൺലൈൻ മാധ്യമങ്ങളുടെ കണ്ടന്റുകൾ എന്നതിനേക്കാൾ പ്രശ്നമാണ് എഡിറ്റോറിയൽ പോളിസി. ജെൻഡർ പൊളിറ്റിക്സും സംഘപരിവാർ വിരുദ്ധതയും പ്രധാനമാവുമ്പോഴും ഇസ്‌ലാമോഫോബിയ എഡിറ്റോറിയൽ പോളിസിയായി കൊണ്ടു നടക്കുന്ന മാധ്യമങ്ങളാണ് പ്രശ്നം. കണ്ടന്റ് രണ്ടാമതേ വരൂ. എഡിറ്റോറിയൽ ചോയ്സിന്റെ വിമർശനം അങ്ങിനെ തന്നെ വികസിക്കേണ്ടതുണ്ട്.

സോഷ്യൽ മീഡിയ എഴുത്തിന്റെ പ്രശ്നം ബദൽ കണ്ടന്റ് മാത്രം ഉൽപാദിപിക്കുന്നുവെന്നതാണ്. അടുത്തയാഴ്ച ഒരു ഇസ്‌ലാമോഫോബിക് കണ്ടന്റിട്ടാൽ അതിനോടു ഈ വിഷയങ്ങളിൽ ഏറെ ജാഗ്രതയോടെ ഇടപെടുന്ന, ഒരുപാടു അധ്വാനവും ത്യാഗവും ചിലവഴിക്കുന്ന മുസ്‌ലിം സൈബർ എഴുത്തുകാർ പ്രതികരിക്കും എന്നറിഞ്ഞു തന്നെയാണ് ഓൺലൈൻ മാധ്യമങ്ങൾ കണ്ടന്റ് തയ്യാറാക്കുന്നത്. ഈ പ്രശ്നം നമുക്ക് എങ്ങിനെ മറികടക്കാനാവും എന്നതാണ് പ്രതിസന്ധി. ഞാൻ ഒരു പ്രതികരണം എഴുതുമ്പോൾ പലപ്പോഴും ഇതാലോചിക്കാറുണ്ട്. എന്റെ തന്നെ ഒരു ധർമ സങ്കടമാണിത്.

സോഷ്യൽ മീഡിയയിൽ ഇരുന്നു മാധ്യമവൽകൃത ഇസ്‌ലാമോഫോബിയക്കു സോഷ്യൽ മീഡിയയിൽ മറുപടി കൊടുത്താലും നേരിട്ടു അവർ നിശ്ചയിച്ച അജണ്ടകൾക്കനുസരിച്ച് ഒരു മറുപടി എഴുതിയാലും ഇസ്‌ലാമോഫോബിയ വിവിധ രീതികളിൽ പെരുകുന്നുവെന്ന ധർമസങ്കടം പലരും പങ്കുവെക്കുന്നു.

ഫൗസിയ ആരിഫ് നടത്തിയ വിമർശനം നാം സോഷ്യൽ മീഡിയയിൽ നടത്തിയാലും ഫലം ഒന്നു തന്നെ. എന്തൊക്കെയായാലും വിശ്വാസ രാഷ്ട്രീയമുള്ള മുസ്‌ലിം സ്ത്രീപക്ഷ എഴുത്തുകൾ വിവിധ രീതികളിൽ വികസിക്കുന്നതു ഗുണപരമായ ഒരു മാറ്റം തന്നെയാണ്. ഓൺലൈൻ മാധ്യമങ്ങൾ അതു എങ്ങിനെ അപ്രോപിയേറ്റ് ചെയ്യുന്നുവെന്നാണ് പരിശോധിക്കേണ്ടത്.

വലിയ വിപ്ലവ വാഗ്ദാനങ്ങൾ നൽകുകയും എന്നാൽ ഇസ്‌ലാമോഫോബിയ തിരിച്ചറിയാതെ നിലനിറുത്തുകയും ചെയ്യുന്ന ഓൺലൈൻ മാധ്യമങ്ങളുടെ എഡിറ്റോറിയൽ പോളിസി തന്നെ വിമർശിക്കുക എന്ന അടിസ്ഥാന ധാരണ ഈ പോരാട്ടത്തിൽ വളരെ പ്രധാനമാണ്.

കമൽ റാം സജീവിന്റെ സോഷ്യൽ ഫാസിസത്തെ ഉദാരമാക്കിയും അങ്ങോരുടെ മുസ്‌ലിം പി ആർ വർക്കിന്റെ സ്വഭാവത്തെ മനസ്സിലാക്കാതെയും ദുർബലനായ ഒരു എഴുത്തുകാരനെ വിമർശിക്കുന്നതിൽ വലിയ കാര്യമില്ല. ഒരർഥത്തിൽ നാളെ മറ്റൊരാൾ തന്നെ ഇതു വീണ്ടും ആവർത്തിക്കും..

അടുത്തയാഴ്ച ഒ അബ്ദു റഹ്മാൻ സാഹിബിനെക്കൊണ്ടോ മറ്റോ ഒരു ലേഖനം എഴുതി വാങ്ങി ഈ പ്രശ്നം മറികടക്കാൻ കമൽ റാമിനു കഴിയുമെന്നതാണ് അടിസ്ഥാനപരമായ പ്രശ്നം. നാളെ അങ്ങിനെയൊരു ലേഖനം വന്നാൽ ഇപ്പോൾ ഫൗസിയ ആരിഫിന്റെ ലേഖനത്തിന്റെ പ്ലേസിംഗിൽ വിമർശം ഉന്നയിക്കുന്നവർ പോലും യാതൊരു വിമർശനവുമില്ലാതെ അതു കോപി പേസ്റ്റ് ചെയ്തു പ്രചരിപിക്കും എന്നാണനുഭവം.

ഓൺലൈൻ മാധ്യമങ്ങളിൽ തന്നെ ഇസ്‌ലാമോഫോബിയക്കെതിരെ എഴുത്തുകൾ ഉണ്ടാവണം. സംവാദം തുടരണം. പക്ഷെ അതിനകത്തു തന്നെ ഒരു ഹൈറാർക്കിയുണ്ട്. അതൊരു പ്രതിസന്ധിയാണ്. അജണ്ട ആരു തീരുമാനിക്കുന്നുവെന്നതാണ് കാതലായ പ്രശ്നം.

നവമാധ്യമങ്ങളുടെ ഓൺലൈൻ ഇസ്‌ലാമോഫോബിയ അതിന്റെ രൂപത്തിൽ (ഫോം ) നിന്നു തന്നെ തിരിച്ചറിയണം. ഉള്ളടക്കം (കണ്ടന്റ് ) മാത്രം ചർച്ച ചെയ്തു സമയം കളയുന്നതു വെറുതെയാണ്.

നാജിയ പി പി: മാറ്റത്തിന്റെ വെളിച്ചം പോലുമെത്താത്ത മുസ്‌ലിം ഇടങ്ങൾ, ദേശങ്ങൾ ഒന്നും പുതിയ കഥയല്ല. പരിഷ്കൃത സമൂഹത്തെ ഞെട്ടിക്കുന്ന വിവരണങ്ങളടങ്ങിയ അന്താരാഷ്ട്ര തലത്തിൽ ചൂടപ്പം പോലെ വിറ്റു പോവുന്ന ‘പൾപ് ഫിക്ഷൻ’ genre ലുള്ള, ഇനിയും വരാനിരിക്കുന്ന അപസർപ്പക കഥകളിലെ ഒരു ഏട് മാത്രമാണ് ട്രൂ കോപ്പിയിലേത്. പാശ്ചാത്യ ‘ആധുനികത’ക്ക് പുറത്തുള്ള, എക്സോട്ടിക്‌ മുസ്‌ലിം നാടുകളെക്കുറിച്ചുള്ള ഭാവനാ സൃഷ്ടികൾക്ക് ഒരു കാലത്തും പഞ്ഞമുണ്ടായിട്ടില്ല. 3 മണിക്കെണീറ്റ് പണിയെടുത്ത് വിയർത്തു കുളിക്കുന്ന, വിശന്ന വയറുമായി 1 മണി മുതൽ 6 മണി വരെ ആണുങ്ങൾക്ക് വെട്ടി വിഴുങ്ങാൻ വിഭവങ്ങളൊരുക്കുന്ന മുസ്‌ലിം സ്ത്രീ മലയാളി മനസാക്ഷിയെ ഞെട്ടിക്കുന്നു.

എഴുത്തുകാരന്റെ ഫീൽഡ് ഏതാണെന്നോ, കേരളത്തിലെ ഏത് പ്രദേശത്തുള്ള, സാമ്പത്തിക ശ്രേണിയിൽ എവിടെ നിൽക്കുന്ന സ്ത്രീകളെക്കുറിച്ചാണ് താൻ എഴുതുന്നതെന്ന് പറയാനുള്ള ബാധ്യത പോലും എഴുത്തുകാരന് മേലില്ല. താൻ കണ്ടിട്ടും കേട്ടിട്ടുമുള്ള എത്ര മുസ്‌ലിം സ്ത്രീകളുടെ അനുഭവമാണ് ഇയാൾ കേരളത്തിലെ മുഴുവൻ മുസ്‌ലിം സ്ത്രീകളുടേതുമായി സാമാന്യവത്കരിച്ച് അവതരിപ്പിക്കുന്നത്? റമദാൻ മാസമായാൽ പുരുഷന്മാർ കിടന്നുറങ്ങുക എന്ന ജോലി മാത്രം ചെയ്യുന്ന മുസ്‌ലിം വീടുകൾ എന്നത് നുണക്കഥ ആണെന്ന് എഡിറ്റർക്ക് മനസിലാവാത്തതാണോ? ജോലിക്ക് പോവുന്ന മുസ്‌ലിം സ്ത്രീയെക്കുറിച്ച് അബ്ബാസ് കേട്ടിട്ട് പോലുമില്ല. മുസ്‌ലിം സ്ത്രീ ആവുമ്പോൾ ഒരൊറ്റ ഹോമോജിനസ് ഗ്രൂപ്പ്‌ ആണെന്നും അവരെല്ലാം മുസ്‌ലിം പുരുഷന്റെ കരാളഹസ്തങ്ങളിൽ ഞെരിയുകയാണെന്നും എഴുതുമ്പോഴാണ് മലയാളി പൊതുബോധത്തെ ഹരം കൊള്ളിക്കുന്നതാവുന്നത്.

അരപ്പ്-അലക്ക് യന്ത്രങ്ങളൊക്കെ ആദ്യം പ്രത്യക്ഷപ്പെട്ടത് ഇവിടുത്തെ ഗൾഫ്കാരന്റെ വീട്ടിലാണെന്നത് എഴുതിയയാൾക്കോ, ട്രൂകോപ്പി യിലെ മനില സി ക്കോ, വായിച്ചു ഞെട്ടുന്ന മലയാളി പൊതുബോധത്തിനോ ഒന്നും അറിയാത്തതല്ല. സ്ത്രീയും പുരുഷനും ജോലിക്ക് പോവുന്ന കുടുംബത്തിലെ അടുക്കള സമവാക്യങ്ങൾ മാറുന്നത്, ഉപഭോക്തൃ സംസ്കാരം വ്യാപകമാവുന്നത് തുടങ്ങി കേരള സമൂഹത്തിലെ മറ്റേത് സമുദായത്തിലും സംഭവിച്ചത് പോലുള്ള മാറ്റങ്ങൾ മുസ്‌ലിം സമുദായത്തിലുമുണ്ടായിട്ടുണ്ട്. അങ്ങനെയല്ലെന്ന് നടിച്ചാലല്ലേ അടുക്കളയിൽ കിടന്ന് അഴുക്കുന്ന മുസ്‌ലിം സ്ത്രീ എന്ന കൾച്ചറൽ മ്യൂസിയം പീസിനെ അവതരിപ്പിച്ച് വീണ്ടും വീണ്ടും കൈയടി നേടാനാവൂ.

ഒരു ഗ്ലാസ്‌ വെള്ളത്തിന് ഭാര്യയോട് ആജ്ഞാപിക്കുന്ന പുരുഷൻ ഒരു മുസ്‌ലിം പ്രതിഭാസമല്ല. നമ്മുടെ സംസ്കാരത്തിലും ചരിത്രത്തിലും ആഴത്തിൽ വേരുകളുള്ള പുരുഷാധികാര വ്യവസ്ഥയുടെ ഉത്പന്നമാണയാൾ. അതിനെ ഇല്ലാതാക്കേണ്ടത് കെട്ടുകഥകൾ കൊണ്ടല്ല. ദ ഗ്രേറ്റ്‌ ഇന്ത്യൻ കിച്ചൺ ഒരു മുസ്‌ലിം വീട്ടിലാണ് നടക്കുന്നതെങ്കിലും കാര്യങ്ങൾ അങ്ങനെത്തന്നെയായിരിക്കും എന്ന് ആരോ എഴുതിയത് കണ്ടു. ക്ലൈമാക്സിൽ ഒരു ലിബറൽ സ്ത്രീ/പുരുഷൻ എങ്കിലും ഇല്ലാതെ മുസ്‌ലിം സ്ത്രീക്ക് എന്ത് രക്ഷപ്പെടൽ!!!

By Editor