“EWS ആണ് യഥാർഥത്തിൽ ജാതി സംവരണം”; സുദേഷ് എം രഘു സംസാരിക്കുന്നു

ഈ അടുത്ത കാലത്ത് സോഷ്യൽ മീഡിയയിൽ സാമുദായിക സംവരണത്തെ കുറിച്ച് കുറേ യുവതിയുവാക്കളോട് ചോദ്യം ചോദിക്കുന്നതും അതിന് ഉത്തരം പറയുന്നതുമായ ഒരു വീഡിയോ കാണുകയുണ്ടായി. മറുപടി എന്തായിരിക്കുമെന്ന് പറയാതെ തന്നെ നിങ്ങൾക്ക് അറിയാം..കാരണം നിരന്തരമായി നമ്മൾ ഇത് കാണുകയും കേൾക്കുകയും ചെയ്യുന്നതാണ്. ഈ നാട്ടിലെ ഏത് യുവാക്കളോടും യുവതികളോടും സാമുദായിക സംവരണത്തെ കുറിച്ച് ചോദിച്ചാൽ.. അവർ ആദ്യം പറയുന്ന കാര്യം..”ഇത് നിർത്തലാക്കേണ്ട കാലം കഴിഞ്ഞു” എന്നുള്ളതാണ്. “എത്ര നാൾ ഇങ്ങനെ ജാതിയുടെ അടിസ്ഥാനത്തിൽ സംവരണം നടപ്പിലാക്കും”, “ആളുകൾക്ക് അവരുടെ കഴിവിന്റെയും, മെരിറ്റിന്റെയും, യോഗ്യതയുടെയും അടിസ്ഥാനത്തിൽ നിയമനം കൊടുത്താൽ പോരെ?”, “ഈ രീതിയിൽ ജാതിയുടെ അടിസ്ഥാനത്തിൽ നിയമനം കൊടുക്കുന്ന തോന്നിവാസം നിർത്തേണ്ട കാലം ആയില്ലേ?” എന്നെല്ലാം ചോദിക്കാത്ത ഒരാൾ പോലും ഉണ്ടാകില്ല. നിരന്തരമായി നമ്മൾ ഇത് കേട്ടുകൊണ്ടിരിക്കുന്ന കാര്യമാണ്. അതായത് പുതിയ തലമുറയിൽ പെട്ട ബഹുഭൂരിപക്ഷം സഹോദരങ്ങളും ഇത്തരം ചോദ്യങ്ങൾ നമ്മളോട് ചോദിക്കുന്നുണ്ടാകാം നമ്മൾ അത് കേൾക്കുന്നുമുണ്ടാകാം.

പക്ഷെ അതിനകത്ത് വേറൊരു ഇരട്ടത്താപ്പ് ഉള്ളത്: എന്ത് ഉത്തരമാണ് നമുക്ക് കിട്ടേണ്ടത് എന്നതിന് അനുസരിച്ച് പലപ്പോഴും ചോദ്യങ്ങൾ മാനിപുലേറ്റ് ചെയ്യാൻ കഴിയും എന്നതാണ്. നമ്മൾ ചോദിക്കുന്ന ആളുടെ താല്പര്യം അനുസരിച്ചാണ് പലപ്പോഴും ഉത്തരങ്ങളും വരുന്നത്. അപ്പോൾ അത് മാത്രം നിരന്തരം സംപ്രേഷണം ചെയ്തുകൊണ്ടിരുന്നാൽ മുഴുവൻ ആളുകളും സംവരണ വിരുദ്ധരാണെന്ന് നമ്മൾക്ക് വ്യാഖ്യാനിക്കാം. പക്ഷെ നമ്മൾ ആഗ്രഹിക്കുന്ന ഉത്തരങ്ങൾ കിട്ടുന്ന രീതിയിൽ ചോദ്യങ്ങൾ ഉണ്ടാകാനും അത് ചോദിക്കുന്ന ആളുകൾക്ക് കഴിയും എന്നാണ് കരുതുന്നത്. യോഗ്യതയുടെയും മെരിറ്റിന്റെയും അടിസ്ഥാനത്തിൽ നിയമനം നടത്തണം, ജാതിയുടെ അടിസ്ഥാനത്തിൽ പാടില്ല എന്ന് പറയുന്ന ഇതേ ആളുകളോട് എയ്ഡഡ് മേഖലയിൽ എങ്ങനെയാണ് നിയമനം നടക്കുന്നത് എന്ന് ചോദിച്ചാൽ നൽകുന്ന മറുപടി എന്തായിരിക്കും? നമ്മുടെ കേരളത്തിലെ വിദ്യാഭ്യാസ മേഖലയിൽ പ്രധാനപെട്ട എല്ലാ സ്ഥാപനങ്ങളും എയ്ഡഡ് മേഖലയിലാണ്. ഈ കഴിഞ്ഞ ദിവസം എൻ എസ് എസിൻ്റെ ജനറൽ സെക്രട്ടറി ആയിരുന്ന സുകുമാരൻ നായരുടെ സഹോദരൻ മരണപ്പെട്ട വിവരം പത്രത്തിൽ ഉണ്ടായിരുന്നു. അദ്ദേഹത്തിന്റെ മക്കളെല്ലാം എവിടെ ജോലി ചെയ്യുന്നു എന്ന വിവരം ആ വാർത്തയിൽ കൊടുത്തിട്ടുണ്ട്. എല്ലാ മക്കളും മരുമക്കളും എൻ എസ് എസ് കോളേജുകളിൽ ജോലി ചെയ്യുന്നവരാണ്. ഇതൊക്കെ മെരിറ്റിന്റെ അടിസ്ഥാനത്തിൽ കിട്ടുന്ന നിയമനം ആണോ? അത് പ്രത്യേക ജാതിയുടെ അടിസ്ഥാനത്തിൽ മാത്രം കിട്ടുന്ന നിയമനം അല്ലെ? അതിൽ നമുക്ക് മെരിറ്റിനെ കുറിച്ച് വേവലാതി ഇല്ലല്ലോ. അതുപോലെതന്നെ ഓരോ സമുദായക്കാരുടെയും എയ്ഡഡ് മേഖലയിൽ ഉള്ള നിയമനങ്ങൾ പരിശോധിച്ചാൽ.. ഡോ. എ കെ വാസുവിനെ പോലെയുള്ളവർ പറയുന്നത് പോലെ..”ജാതി കോളനി അല്ലെ എയ്ഡഡ് സ്റ്റാഫ്‌ റൂമുകൾ എല്ലാം തന്നെ..”

പ്രത്യേക ജാതിക്കാർക്ക് മാത്രമായി അവിടെ എങ്ങനെയാണ് മെരിറ്റും യോഗ്യതയും കണക്കാക്കുന്നത്? പലപ്പോഴും അതേ സമുദായത്തിൽ പെട്ട ആളുകൾക്ക് തന്നെ മെരിറ്റും യോഗ്യതയും ഒഴിവാക്കി സമ്പത്തിന്റെ അടിസ്ഥാനത്തിൽ നിയമനം നൽകുന്നുണ്ട്. ഏറ്റവും കൂടുതൽ പൈസ ആര് കൊടുക്കുന്നു എന്നതിന്റെ അടിസ്ഥാനത്തിലാണ് നിയമനം. അവിടെയൊന്നും മെരിറ്റിന്റെയും യോഗ്യതയുടെയും പ്രശ്നമില്ലല്ലോ.

ശബരിമല, ഗുരുവായൂർ പോലെയുള്ള വലിയ ക്ഷേത്രങ്ങളിലെ മേൽശാന്തിമാർ, തന്ത്രിമാർ പോലെയുള്ളവരുടെ നിയമനം ജാതി അടിസ്ഥാനത്തിലല്ലേ നടക്കുന്നത്? വർഷങ്ങളായി ജാതി അടിസ്ഥാനത്തിൽ മാത്രമായി നടക്കുന്ന നിയമനങ്ങളാണവ. താന്ത്രിക വിദ്യകളെല്ലാം പഠിച്ച മലയാള ബ്രാഹ്മണരിൽ നിന്നാണ് അപേക്ഷ ക്ഷണിക്കുന്നത്. വേറെ ആർക്കും അപേക്ഷിക്കാൻ പോലും പറ്റില്ല. അപേക്ഷിച്ചാൽ ആ അപേക്ഷ തള്ളിപ്പോകും. ഇതിലൊന്നും ഒരു വിവേചനവും ഈ യുവാക്കൾക്കും യുവതികൾക്കും തോന്നിട്ടിയില്ലേ? ഇത് ജാതിയുടെ അടിസ്ഥാനത്തിലുള്ള നിയമനങ്ങൾ ആണെന്ന് ഇവരാരും പറഞ്ഞതുമില്ലല്ലോ. ഇതിലൊരു ഇരട്ടത്താപ്പുണ്ട്. ചില കാര്യങ്ങളിൽ ഇവർ കണ്ണടച്ച് ഇരുട്ടാക്കുകയാണ്, ചില കാര്യങ്ങളിൽ അവർ കണ്ണ് തുറന്നിരിക്കുന്നു. ജാതിയുടെ അടിസ്ഥാനത്തിലുള്ള റിസർവേഷൻ തങ്ങളുടെ വിഭാഗത്തിന് അനുകൂലമാണെങ്കിൽ അതിന് കൂടെ നിൽക്കുകയും അല്ലെങ്കിൽ അതിനെ എതിർക്കുകയും ചെയ്യുന്നത് ഒരു ഇരട്ടത്താപ്പ് ആണ്.

ഇത് പറയുമ്പോൾ മനസ്സിലാക്കേണ്ട ഒരു കാര്യം നമ്മുടെ ഇവിടെ നിലനിൽക്കുന്ന SEBC റിസർവേഷൻ എന്ന് പറയുന്ന സംവിധാനം അതായത് ‘Socially and Educationally Backward Class’ ന് വേണ്ടിയുള്ള റിസർവേഷൻ. വിദ്യാഭ്യാസ മേഖലയിലും, ഉദ്യോഗമേഖലയിലും ഉള്ള റിസർവേഷൻ. വാസ്തവത്തിൽ റിസർവേഷൻ എന്ന് പറയുന്ന സംവിധാനം ലെജിസ്ലേഷൻ, എക്സിക്യൂട്ടിവ്, ജുഡീഷ്യറി പോലുള്ളവയിൽ വരേണ്ട ഒരു സംവിധാനമാണ്. നിർഭാഗ്യവശാൽ നമുക്ക് എക്സിക്യൂട്ടിവിൽ മാത്രമാണ് റിസർവേഷൻ ഉള്ളത്. ലെജിസ്ലേഷനിൽ എസ് സി, എസ് ടി വിഭാഗക്കാർക്ക് റിസർവേഷൻ ഉണ്ട്, പക്ഷെ മറ്റു വിഭാഗക്കാർക്ക് ഇല്ല. ജുഡീഷ്യറിയിൽ ആണെങ്കിൽ ആർക്കും റിസർവേഷൻ ഇല്ല. അതായത് ഹൈകോടതി, സുപ്രീംകോടതി പോലുള്ള മേഖലകളിൽ ആർക്കും തന്നെ റിസർവേഷൻ ഇല്ല.

ചുരുക്കത്തിൽ, ഇവിടെ നിലനിൽക്കുന്ന റിസർവേഷൻ എന്നത് SEBCക്കാരുടെ റിസർവേഷൻ ആണ്. അത് ഭരണഘടനയുടെ 15/4, 16/4 വകുപ്പ് പ്രകാരമാണ്. അതിന് മുന്പേ കേരളമടക്കം ദക്ഷിണ ഇന്ത്യയിൽ പല സംസ്ഥാനങ്ങളിലും റിസർവേഷൻ ഉണ്ടായിരുന്നു എന്നുള്ളത് വേറൊരു വസ്തുത. ഭരണഘടന വരുന്നതിന് മുൻപ് റിസർവേഷൻ ഉണ്ട്. ഭരണഘടനയിൽ 15/4, 16/4 വകുപ്പ് പ്രകാരം വിദ്യാഭ്യാസ മേഖലയിലും, ഉദ്യോഗ മേഖലയിലും റിസർവേഷൻ ഏർപ്പെടുത്തിയിരിക്കുന്നത് ഒറ്റകാര്യത്തിന് വേണ്ടിയാണ്: മതിയായ പ്രാതിനിധ്യം ഇല്ലാത്തവർക്ക് പ്രാതിനിധ്യം കൊടുക്കുക എന്നതാണത്. അതായത് സർക്കാരിന്റെ സർവീസിനകത്ത് adequate representation കൊടുക്കാനുള്ള സംവിധാനമാണ് അത്. ആ സംവിധാനം ജാതി സംവരണമല്ല. നമ്മൾ പലപ്പോഴും തെറ്റിദ്ധരിച്ചിരിക്കുന്നത് അത് ജാതി സംവരണം ആണെന്നാണ്. നിങ്ങൾക്ക് പ്രാതിനിധ്യം ഇല്ലെങ്കിൽ ഏത് സംവരണ സമുദായക്കാർക്കും ആ റിസർവേഷന് അർഹതയുണ്ട്. ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിലുള്ള പിന്നോക്ക വിഭാഗക്കാരുടെ ലിസ്റ്റ് ദേശീയ പിന്നോക്കവിഭാഗ കമ്മിഷൻ്റെ സൈറ്റിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. അതിൽ മണിപ്പൂരിൽ ഉള്ള ബ്രാഹ്മണർമാർ അടക്കം പല സംസ്ഥാനങ്ങളിലെ ബ്രാഹ്മണ കമ്മ്യൂണിറ്റി വരെയുണ്ട്. അവർ socially and educationally backward classes ആണെന്ന് കണ്ടെത്തുകയും അവർക്ക് പ്രാതിനിധ്യം ഇല്ലെന്ന് മനസിലാക്കുകയും ചെയ്തിട്ടാണ്. ഇങ്ങനെ പ്രാതിനിധ്യം ഇല്ലെങ്കിൽ ഏത് സംവരണ സമുദായക്കാർക്കും SEBC റിസർവേഷന് അർഹതയുണ്ട്.

SEBC റിസർവേഷൻ ഒരു ജാതി സംവരണം അല്ല. ഇന്ത്യയിൽ ആദ്യമായി കൊണ്ടുവരുന്ന ജാതി സംവരണം EWS ആണ്. ആ പേര് സൂചിപ്പിക്കുന്നത് പോലെതന്നെ സാമ്പത്തികമായി ദുർബലരായവർക്കുള്ള റിസർവേഷൻ ആണ്. ആ റിസർവേഷനിൽ അർഹത കിട്ടണമെങ്കിൽ Socially and Educationally Backward Class ആയിരിക്കണം. നിങ്ങൾ മുന്നോക്ക വിഭാഗത്തിൽ പെട്ട, അല്ലെങ്കിൽ സവർണ വിഭാഗക്കാരിൽ പെട്ടവരായിരിക്കണം എന്നതാണ് ആദ്യത്തെ നിബന്ധന. മറ്റു വിഭാഗങ്ങളെ ഉൾപെടുത്താത്ത രീതിയിലുള്ള exclusion ആണത്. അത് ഭരണഘടനാനുസൃതം അല്ലെന്നുള്ള രീതിയിലാണ് കോടതിയിൽ ചോദ്യം ചെയ്യപ്പെട്ടത്. എന്നാൽ നിർഭാഗ്യവശാൽ നമുക്ക് അതിന് അനുകൂലമായ വിധി ലഭിച്ചില്ല.

EWS എന്ന ഓമനപേരിൽ സാമ്പത്തിക സംവരണം എന്ന് പത്രങ്ങളും മാധ്യമങ്ങളൊക്കെ പറയുന്നുണ്ടെങ്കിലും അത് സാമ്പത്തിക സംവരണം അല്ല, മറിച്ച് സവർണ വിഭാഗക്കാർക്കുള്ള ജാതി സംവരണമാണ്.

ഇത് അനുവദിച്ചുകൊണ്ടുള്ള സുപ്രീം കോടതി വിധിയിൽ അഞ്ചംഗ ബെഞ്ചിൽ മൂന്ന് പേരാണ് അതിനെ അനുകൂലിച്ചത്. ചീഫ് ജസ്റ്റിസ് ഉൾപ്പടെയുള്ള 2 പേർ വിയോജിച്ചു. എസ് ആർ ഭട്ടിന്റെ വിയോജന വിധിയാണ് അതിലുള്ളത്. ഭട്ട് തന്നെ പറയുന്നുണ്ട്..”സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന, ദുർബലരായ ആളുകൾക്ക് നിങ്ങൾ ഇങ്ങനെയുള്ള റിസർവേഷൻ കൊടുക്കാൻ ഉദ്ദേശിക്കുന്നുണ്ടെങ്കിൽ; ഇവിടെ ആരാണ് സാമ്പത്തികമായി പിന്നോക്കം നിൽക്കുന്നവർ, ദുർബലയവർ?” ഇന്ത്യാ ഗവണ്മെന്റിന്റെ കണക്ക് ഉദ്ധരിച്ചുകൊണ്ട് എസ് ആർ ഭട്ട് പറയുന്നുണ്ട്. ഇവിടെ സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന വിഭാഗക്കാർ ST വിഭാഗക്കാരാണ്..അത് കഴിഞ്ഞിട്ടാണ് പട്ടികജാതിക്കാർ, OBC പോലെയുള്ളവർ വരുന്നത്.. ഇവർ കഴിഞ്ഞിട്ടേ EWS എന്ന് പറയുന്ന മുന്നോക്ക വിഭാഗക്കാർ വരുന്നുള്ളു എന്ന് അദ്ദേഹം സ്ഥാപിക്കുന്നു.

ഇത് അനീതി അല്ലേ? സാമ്പത്തിക അടിസ്ഥാനത്തിലാണ് റിസർവേഷൻ കൊടുക്കുന്നതെങ്കിൽ എന്ത്കൊണ്ട് ഇവരെ ഒഴിവാക്കുന്നു എന്നുള്ള ന്യായമായ ചോദ്യം സുപ്രീം കോടതിയിലെ S.R ഭട്ട് എന്ന് പറയുന്ന സവർണ സമുദായത്തിൽ പെട്ട ഒരു ജഡ്ജിക്ക് തോന്നി എന്നുള്ളതാണ്.. പക്ഷെ ഇവിടെ പിന്നോക്ക വിഭാഗക്കാർക്കും, ദലിതർക്കും, പാവപെട്ടവർക്കും വേണ്ടി നിലകൊള്ളുന്നു എന്ന് നിരന്തരമായി പറഞ്ഞുകൊണ്ടിരിക്കുന്ന ഇന്ത്യയിലെ പ്രമുഖരായ രാഷ്ട്രീയ കക്ഷികൾക്ക് ഒന്നും തോന്നിയിട്ടില്ല. അവരെല്ലാം കൈ പൊക്കി പാസ്സാക്കിയ ബിൽ ആണത്. ഇത്രയും വേഗത്തിൽ വേറെ ഒരു ബില്ലും ഇന്ത്യൻ പാർലമെന്റ് പാസ്സാക്കിയിട്ടില്ലന്ന് തോന്നുന്നു.

ലോക്സഭയിൽ മുൻകൂട്ടി ബില്ല് അവതരിപ്പിക്കുകയും, ആകെ 3 പേര് മാത്രം എതിർക്കുകയും ബില്ല് പാസ്സാക്കുകയും ചെയ്യുന്നു. പിറ്റേന്ന് ബിൽ രാജ്യസഭയിൽ വരുന്നു. അവിടേം രണ്ടോ മൂന്നോ കക്ഷികൾ ഒഴിച്ച് ബാക്കി എല്ലാവരും അനുകൂലിച്ചുകൊണ്ട് ബില്ല് പാസ്സ് ആക്കുകയും 12ആം തിയതി പ്രസിഡന്റ്‌ ഒപ്പുവെച്ച ശേഷം ബില്ല് നിയമമാക്കുകയും ചെയ്തു. ഇത്രയും വേഗത്തിൽ വേറെ ഒരു ബില്ലും ഇന്ത്യയിൽ പാസ്സ് ആയിട്ടില്ല. സാധാരണ എസ് സി, എസ് ടി വിഭാഗക്കാർക്കോ അല്ലെങ്കിൽ OBC വിഭാഗക്കാർക്കോ പ്രാതിനിധ്യം ഇല്ലായെന്ന് കണ്ട് അവർക്ക് റിസർവേഷൻ ഏർപ്പെടുത്തണമെങ്കിൽ വലിയ കടമ്പകൾ ഉണ്ട്. OBCക്കാർക്ക് റിസർവേഷൻ ഏർപ്പെടുത്തിയ കടമ്പ നമുക്കറിയാം. അവർക്ക് റിസർവേഷൻ വരുന്നത് 1993ലാണ്. പലരും കരുതുന്നത് പണ്ട് മുതലേ റിസർവേഷൻ ഉണ്ടെന്നാണ്..എന്നാൽ അങ്ങനെയല്ല. രണ്ട് കമ്മീഷൻ ഒക്കെ ഉണ്ടാക്കി അതിന്റെ അടിസ്ഥാനത്തിൽ വിപുലമായ വിവരശേഖരണം നടത്തി, ഡാറ്റാ ഉണ്ടാക്കിയതിന് ശേഷമാണ് റിപ്പോർട്ട്‌ സമർപ്പിക്കുന്നത്.

അതായത് പിന്നോക്ക വിഭാഗക്കാർക്കോ അല്ലെങ്കിൽ മറ്റേതെങ്കിലും വിഭാഗകർക്കോ റിസർവേഷന് വേണ്ടിയുള്ള സംവിധാനം ഉണ്ടാക്കുമ്പോൾ അവർക്ക് അതിന്റെ കുറവുണ്ട് എന്നതിന്റെ ഡാറ്റാ ആദ്യം ശേഖരിക്കും. ഇവർക്ക് സർവീസിനകത്തോ വിദ്യാഭ്യാസ രംഗത്തോ പ്രാതിനിധ്യം കുറവുണ്ടോ എന്നതാണ് ആദ്യം അന്വേഷിക്കുന്നത്. അങ്ങനെയുള്ള എംപിരിക്കൽ ഡാറ്റയുടെ അടിസ്ഥാനത്തിലാണ് OBCക്കാർക്ക് പ്രാതിനിധ്യം കുറവാണ് എന്ന് കണ്ടെത്തുകയും അത്കൊണ്ട് അവർക്ക് 27% റിസർവേഷൻ കൊടുക്കണമെന്ന് ഒരു ആവശ്യം വെക്കുകയും ചെയ്തത്. പിന്നീട് അത് കോടതിയിൽ കേസ് ആയതിനു ശേഷം ആണ് 1993ൽ വിധി വരുന്നത്. ആ വിധി വരുമ്പോൾ തന്നെ 27% റിസർവേഷനിൽ പിന്നോക്ക വിഭാഗക്കാരിൽ ക്രീമീലെയറിനെ മാറ്റി നിർത്തികൊണ്ടാണ് റിസർവേഷൻ ഏർപ്പെടുത്തുന്നത്. വളരെ ചുരുങ്ങിയ നാളായിട്ടുള്ളു ഈ റിസർവേഷൻ വന്നിട്ട്. അതിന് ശേഷം 2007ലാണ് വിദ്യാഭ്യാസ രംഗത്ത് റിസർവേഷൻ വരുന്നത്. വളരെ വൈകിയാണ് OBCക്കാർക്ക് ഉന്നതവിദ്യാഭ്യാസ രംഗത്ത് റിസർവേഷൻ വരുന്നത്. OBC വിഭാഗക്കാരുടെ റിസർവേഷൻ ഒന്നുംതന്നെ ഭരണഘടനാപരമായി മാറ്റം വരുത്തി കൊണ്ടുവന്നതല്ല. EWS ഭരണഘടനയിൽ മാറ്റം വരുത്തിയതാണ്. അതിനുകാരണം മണ്ഡൽ കമ്മീഷൻ റിപ്പോർട്ട്‌ നടപ്പാക്കുന്ന കാലഘട്ടത്തില് നരസിംഹ റാവു ഇറക്കിയ ഉത്തരവിൽ 10% റിസർവേഷൻ നടപ്പാക്കാനായിട്ട് ഒരു തീരുമാനം ഉണ്ടായിരുന്നു. എന്നാൽ ഭരണാഘടനാനുസൃതം അല്ല എന്ന കാരണത്താൽ മണ്ഡൽ കേസിൽ അത് തള്ളി.

ഇത് പോലുള്ള ആശയങ്ങളും നടപ്പാക്കലുകളും ആദ്യമായിട്ട് വരുന്ന സംസ്ഥാനം നമ്മുടെ കേരളമാണ്. കേരളത്തിൽ 1958ൽ EMSന്റെ ഭരണപരിഷ്കരണ കമ്മിറ്റി റിപ്പോർട്ടിൽ തുടങ്ങി ഈ സാമ്പത്തിക സംവരണത്തിന് വേണ്ടിയുള്ള വാദം ഇന്ത്യയിൽ നിലനിൽക്കുന്നുണ്ട്.

മാത്രമല്ല മുന്നോക്ക വിഭാഗക്കാർക്കും പാവപെട്ടവർക്കുമുള്ള റിസർവേഷൻ എന്ന ഓമന പേരിൽ സാമ്പത്തിക സംവരണം നിലനിൽക്കുന്നുണ്ട്. ക്രീമിലെയർ വ്യവസ്ഥയോട് കൂടി പിന്നോക്ക സംവരണം നടപ്പാക്കുന്നത് കണ്ടുകൊണ്ടാണ് അതിന്റെ ഉപജ്ഞാതാവിന് ഈ ലോകത്ത് നിന്ന് വിട പറയേണ്ടി വന്നത്. അതിന് ശേഷം 2006ൽ നരേന്ദ്രൻ കമ്മിഷൻ പാക്കേജ് നടപ്പാക്കിയ സന്ദർഭത്തിൽ, ഉമ്മൻ‌ചാണ്ടി സർക്കാർ ഭരിക്കുന്ന കാലഘട്ടത്തിൽ ഇവിടെ BPL സംവരണം എന്ന പേരിൽ മുന്നോക്ക വിഭാഗക്കാർക്ക് റിസർവേഷൻ ഏർപ്പെടുത്തിയിട്ടുണ്ട്. പിന്നെ 2017ൽ പിണറായി സർക്കാർ ഭരിക്കുന്ന കാലഘട്ടത്തിൽ ദേവസ്വം ബോർഡിൽ 90%ത്തോളം പ്രതിനിധ്യം ഉള്ള ഒരു സംവിധാനത്തിലേക്ക് 10%ത്തോളം റിസർവേഷൻ ഏർപെടുത്തികൊണ്ട് ഇടതുപക്ഷ ഗവണ്മെന്റ് തീരുമാനം എടുത്തു. അന്ന് കോടിയേരി ബാലകൃഷ്ണൻ “ഇത് പോലെ ചെയ്തു കാണിക്കാൻ പറ്റുമോ” എന്ന് ചോദിച്ച് BJP ഗവണ്മെന്റിനെ വെല്ലുവിളിക്കുകയാണ് ചെയ്തത്..അങ്ങനെ വെല്ലുവിളി ഏറ്റെടുത്തുകൊണ്ടാണ് BJP ഗവണ്മെന്റ് 2019ൽ ഈ സംഗതി കൊണ്ടുവന്നത്. അവർക്കത് കൊണ്ട് വരുന്നതിന് ഒരു ഡാറ്റയുടെയും പിൻബലം ആവിശ്യമില്ല എന്നുള്ളതാണ്.

കോടതി വിധി വന്നതിന് ശേഷം ഹിന്ദു പത്രത്തിൽ വിശദമായ ഒരുകണക്ക് വരുകയുണ്ടായി. EWS വിഭാഗത്തിന് വാസ്തവത്തിൽ വിദ്യാഭ്യാസ രംഗത്ത് ഒരു പ്രാതിനിധ്യക്കുറവുമില്ല എന്നുള്ള റിപ്പോർട്ട്. അപ്പോൾ പ്രാതിനിധ്യത്തിന്റെ കണക്ക് എടുത്തുകൊണ്ടു ഒരിക്കലും ഇവർക്ക് റിസർവേഷൻ നൽകാൻ കഴിയില്ല. റിസർവേഷൻ രണ്ട് രീതിയിലാണ് ഇവിടെ നൽകുന്നത്: SEBC റിസർവേഷൻ നൽകുന്നത് പ്രാതിനിധ്യത്തിന് വേണ്ടിയാണ്. പക്ഷെ EWS സാമ്പത്തിക അടിസ്ഥാനത്തിലുള്ള റിസർവേഷൻ ആണ്. തദ്ദേശഭരണ സ്ഥാപനങ്ങളിൽ സ്ത്രീകൾക്ക് റിസർവേഷൻ നൽകിയിട്ടുണ്ട്. അതുപോലെ പട്ടികജാതി പട്ടികവർഗക്കാർക്കും റിസർവേഷൻ നൽകിയിട്ടുണ്ട്. അതിൽ പട്ടികജാതികളായ സ്ത്രീകൾക്കും മത്സരിക്കാൻ കഴിയും. അതിനൊരു തടസ്സവുമില്ല. ഇത് രണ്ടും രണ്ട് റിസർവേഷൻ ആണ്. ഒന്ന് പട്ടികജാതിക്കാരുടെ പ്രാതിനിധ്യത്തിനുള്ള റിസർവേഷനും മറ്റെത് സ്ത്രീകളുടെ പ്രാതിനിധ്യത്തിന് വേണ്ടിയുള്ളതും. ഇവിടെ SEBC റിസർവേഷൻ പ്രാധിനിധ്യകുറവിന് വേണ്ടിയുള്ള റിസർവേഷനാണ്. അതിൽ സവർണസമുദായക്കാർക്ക് പ്രാതിനിധ്യം ഇല്ലെങ്കിൽ അവർക്കും വരാം. പക്ഷെ EWS എന്നാൽ കമ്പാർട്മെൻ്റലൈസേഷൻ ആണ്. അതിനകത്തേക്ക് പാവപെട്ടവൻ എന്ന രീതിയിൽ BPL ലിസ്റ്റിൽ കിടക്കുന്ന എസ് സി, എസ് ടി വിഭാഗകാർക്ക് പ്രവേശനമില്ല എന്നുള്ളതാണ് അതിന്റെ അനീതി. ഈ അനീതി സുപ്രീം കോടതിയിലെ ജഡ്ജിക്ക് വരെ തോന്നിയിട്ടും നമ്മുടെ രാഷ്ട്രീയ നേതാക്കൾക്കും, ഭരണാധികാരികൾക്കും തോന്നിയില്ലാന്നുള്ളതാണ് നമ്മൾ നേരിടുന്ന ഗുരുതരമായ പ്രശ്നം. ഇത് ചൂണ്ടികാണിക്കാൻ ഇവിടത്തെ രാഷ്ട്രീയകക്ഷികൾക്കും പിന്നോക്ക സമുദായക്കാർക്കും കഴിയാത്തതും വലിയ ഒരു പ്രശ്നമാണ്. മുമ്പ് സംസാരിച്ച ചന്ദ്രശേഖരൻ വക്കീൽ ചൂണ്ടികാണിച്ചത് പോലെ തന്നെ SNDP യോഗം എന്ന് പറയുന്ന ഒറ്റ സംഘടന വിചാരിച്ചാൽ നടക്കും. കാരണം കേരളത്തിൽ ഏറ്റവും പ്രബലമായിട്ടുള്ളതും എല്ലാ പഞ്ചായത്തിനകത്തും ശാഖകളുള്ളതുമായ ഒരു കമ്മ്യൂണിറ്റിയുടെ ഏറ്റവും വലിയ സംഘടനയാണിത്. അവർ ഒരു ദിവസം പന്തംകൊളുത്തി പ്രകടനം നടത്തിയാൽ മാറാവുന്നതെയുള്ളൂ. എന്ത് കൊണ്ട് അത് ചെയ്യുന്നില്ല? ഇതുപോലുള്ള സംഘടനകളാണ് കുറ്റക്കാർ.

പിന്നോക്ക വിഭാഗത്തിൽ പെട്ട സമുദായ സംഘടനകളുടെ കുറ്റകരമായ അനാസ്ഥയും ഭൗതിക പാപരത്വവും കൊണ്ടാണ് ഇതുപോലുള്ള തോന്നിവാസങ്ങൾ നമ്മുടെ മുകളിലേക്ക് ഇരച്ചുകേറ്റാൻ ഇവിടെയുള്ള ഭരണാധികാരികൾക്ക് കഴിയുന്നതെന്ന് നമ്മൾ മനസിലാക്കണം. അത്തരം ഒരു അവസ്ഥയെ മാറ്റാനുള്ള ചെറിയ ശ്രമങ്ങളാണ് നമ്മളെ പോലെയുള്ളവർ നടത്തികൊണ്ടിരിക്കുന്നത്. അത് ചെറിയ രീതിയിലൊക്കെ ഫലം കാണുന്നുണ്ട്. അതിന് തെളിവായിട്ട് നമുക്ക് കാണാവുന്നതാണ് കോൺഗ്രസിലെയും സിപിഐയിലെയും ചില ചർച്ചകൾ. അതിൽ ഈ സംവരണത്തിൽ അനീതിയുണ്ട് എന്നുള്ള പത്രറിപ്പോർട്ട് വരുന്നു. അതൊരുപക്ഷെ നമ്മളെപോലുള്ളവരുടെ ഇടപെടലുകൾ കൊണ്ടായിരിക്കുമെന്ന് കരുതുന്നു. ആ ഇടപെടൽ തുടർന്നുകൊണ്ടിരിക്കണമെന്ന് ആശംസിക്കുന്നു.

(മുന്നോക്ക സംവരണത്തിനെതിരെ ഭരണഘടന സംരക്ഷണ സമിതിയായ “വി ദ പീപ്പിൾ ഓഫ് ഇന്ത്യ” യുടെ നേതൃത്വത്തിൽ തൃപ്പൂണിതുറ പ്രിയദർശിനി ഹാളിൽ നടന്ന പരിപാടിയിൽ സുദേഷ് എം രഘു നടത്തിയ പ്രഭാഷണത്തിൻ്റെ എഴുത്തുരൂപം)

കേട്ടെഴുത്ത്: സ്വാലിഹ വി എം

By സുദേഷ് എം രഘു

Writer and Orator