മുസ്‌ലിം സ്ത്രീ സ്വത്തവകാശ വിവാദം: ഇസ്‌ലാം മതവിശ്വാസം ഒരു പാക്കേജാണ്‌

മുസ്‌ലിം സ്ത്രീകളുടെ സ്വത്തവകാശവുമായി ബന്ധപ്പെട്ട് പലകാലങ്ങളിലായി പലരും പലതരം പ്രശ്നങ്ങള്‍ ഉന്നയിച്ചിട്ടുണ്ട്. പുരുഷന്‍ സ്ത്രീയുടെ ഇരട്ടി സ്വത്തിന് അര്‍ഹനാവുന്നതും പെണ്‍മക്കള്‍ മാത്രമുള്ളവരുടെ സ്വത്തില്‍ സഹോദരങ്ങള്‍ പങ്കാളിയാകുന്നതുമൊക്കെയാണ് വിഷയം. ഭാര്യയും ഭര്‍ത്താവും മക്കളും മാത്രമുള്ള അണുകുടുംബ പശ്ചാത്തലത്തില്‍ ചിന്തിക്കുമ്പോള്‍ സ്ത്രീകളോട് അനീതി ചെയ്യുന്നതായി തോന്നാം,
പല അമുസ്‌ലിം സുഹൃത്തുക്കളും അതിനെ കുറിച്ച് സംശയം ചോദിക്കാറുമുണ്ട്.

ഉത്തരം ഒന്നേ ഉള്ളൂ: ഇതെല്ലാം ഇസ്‌ലാമിന്‍റെ സാമ്പത്തിക സാമൂഹിക കുടുംബ പശ്ചാത്തലത്തില്‍ കാണണം.
ഇസ്‌ലാമില്‍ അനന്തരവകാശ നിയമങ്ങള്‍ മാത്രമല്ല കുടുംബവുമായും സമൂഹവുമായും ബന്ധപ്പെട്ട അനേകം നിയമങ്ങളുണ്ട്. കുടുംബമെന്നാല്‍ മാതാപിതാക്കളും സഹോദരങ്ങളും ഭാര്യാഭര്‍ത്താക്കന്‍മാരും മക്കളും എല്ലാം അടങ്ങിയതാണ്. ഇവരൊക്കെ പരസ്പര സഹകരണത്തോടെ ജീവിക്കുന്നതിനെയാണ് കുടുംബമെന്ന് വിളിച്ചത്.

കുടുംബത്തിനകത്തെ സ്ത്രീകളെ എല്ലാ സാമ്പത്തിക ബാധ്യതകളില്‍ നിന്നും ഇസ്‌ലാം സ്വതന്ത്രമാക്കിയിട്ടുണ്ട്, ആ അധിക ബാധ്യത പുരുഷനെ ഏല്‍പ്പിച്ചിട്ടുമുണ്ട്. ഇത് മനസ്സിലാക്കാന്‍ ആദ്യം മറ്റൊരു കാര്യം മനസ്സിലാക്കണം. ജന്മം കൊണ്ട് മുസ്‌ലിം സമുദായാംഗമായവരും ഇസ്‌ലാം മത വിശ്വാസിയും രണ്ടാണ്. നിങ്ങള്‍ അല്ലാഹുവില്‍ വിശ്വസിക്കുന്നവനാണെങ്കില്‍ നിങ്ങള്‍ പലതരം സംസ്ക്കരണ പ്രവര്‍ത്തനങ്ങളിലൂടെ കടന്നുപോകേണ്ടതുണ്ട്. അവിടെ ചിലതൊക്കെ നമ്മുടെ യുക്തിക്കപ്പുറം നമുക്ക് മനസ്സിലാകാത്ത ദെെവത്തിന്‍റെ യുക്തിയായിരിക്കും.

ആ യുക്തിയിൽ മുസ്‌ലിം പുരുഷന്‍റെ ബാധ്യതയാണ് മാതാപിതാക്കള്‍, സഹോദരിമാര്‍, പെണ്‍മക്കള്‍ തുടങ്ങി ഇസ്‌ലാം സാമ്പത്തിക ബാധ്യത ഏല്‍പ്പിച്ചിട്ടില്ലാത്ത മുഴുവന്‍ പേരുടേയും സാമ്പത്തിക സംരക്ഷണം. ആ അധിക ബാധ്യതയുടെ പേരിലാണ് ആ അധിക സ്വത്തും നൽകപ്പെടുന്നത്.

ഇസ്‌ലാമിക വിശ്വാസത്തില്‍ നിന്നും മാറി ജന്മം കൊണ്ട് മാത്രം സമുദായാംഗമായി മാറിയവര്‍ പടച്ചവനേല്‍പ്പിച്ച ഈ അധിക ബാധ്യത ഏല്‍ക്കില്ല, സഹോദരങ്ങളുടേത് പോയിട്ട് മാതാപിതാക്കളുടെ സംരക്ഷണം പോലും ഏല്‍ക്കാന്‍ മടിക്കുന്നവരാണ് പലരും. അങ്ങിനെ ഏല്‍ക്കാത്തവര്‍ ആ അധിക സ്വത്തിനും അര്‍ഹരല്ല.
ഇസ്‌ലാമിലെ നിയമങ്ങളെല്ലാം പരസ്പര പൂരകങ്ങളാണ്.

ഈ വിഷയത്തില്‍ മുസ്‌ലിം പണ്ഡിതന്‍മാര്‍ കൃത്യമായ നിലപാടെടുക്കാത്ത കാലത്തോളം ഇത്തരം ചര്‍ച്ചകളുണ്ടാകും, നീതി ലഭിക്കുന്നില്ല എന്ന് തോന്നുന്നവര്‍ അവരവര്‍ ജീവിക്കുന്ന രാജ്യത്തെ ഭരണഘടനയില്‍ വിശ്വസിച്ച് നീതിതേടാന്‍ നിര്‍ബ്ബന്ധിതരാകും. ആത്യന്തികമായ നീതിയാണ് ദെെവിക മതം എന്ന് വിശ്വസിക്കുന്നവര്‍ അതിനെ പിന്തുണച്ചെന്നുമിരിക്കും. സ്ത്രീകള്‍ക്കെതിരെ അനീതി കൊടികുത്തിവാഴുന്നു എന്ന് ബോധ്യപ്പെടുന്ന ഇടങ്ങളില്‍ നീതിക്കായി സമരത്തിനിറങ്ങിയെന്നുമിരിക്കും.

“പരമദയാലുവും കരുണാവാരിധിയുമായ അല്ലാഹുവിന്റെ നാമത്തില്‍….
കാലം സാക്ഷി….
മനുഷ്യന്‍ തീര്‍ച്ചയായും മഹാ നഷ്ടത്തിലാകുന്നു.
സത്യം വിശ്വസിക്കുകയും സല്‍കര്‍മങ്ങള്‍ ആചരിക്കുകയും പരസ്പരം സദുപദേശിക്കുകയും ക്ഷമ ഉദ്ബോധിപ്പിക്കുകയും ചെയ്തവരൊഴികെ.”

വിശുദ്ധ ഖുര്‍ആന്‍ 103ആം അധ്യായം അല്‍ അസ്റിന്റെ സാരാംശമാണിത്.

(മരണശേഷം തന്റെ മുഴുവന്‍ സമ്പാദ്യവും തന്റെ മൂന്ന് പെണ്‍മക്കള്‍ക്ക് മാത്രമായി ലഭിക്കാന്‍ സ്‌പെഷല്‍ മാര്യേജ് ആക്ട് പ്രകാരം സ്വന്തം ഭാര്യയുമായി വീണ്ടും വിവാഹം രജിസ്റ്റര്‍ ചെയ്യാന്‍ തീരുമാനിച്ച അഭിഭാഷകന്റെ ഫേസ്ബുക് പോസ്റ്റാണ് ഈ കുറിപ്പിന്റെ പ്രേരണ)

By ഫൗസിയ ആരിഫ്

Teacher and Women Rights Activist