ഭരണകൂട-ജുഡീഷ്യറി ബാന്ധവം ഇന്ത്യൻ രാഷ്ട്രീയത്തിൽ

“വിരമിക്കുന്നതിനു മുമ്പുള്ള വിധികളെ സ്വാധീനിക്കുന്നത് വിരമിച്ചതിനുശേഷമുള്ള ജോലി താൽപര്യങ്ങളാണ്” മൻമോഹൻ സിങ് സർക്കാരിന്റെ കാലത്ത് മുൻ കാബിനറ്റ് മന്ത്രിയും ബിജെപി നേതാവുമായിരുന്ന അരുൺ ജെയ്റ്റ്ലി പറഞ്ഞത് ഇപ്രകരമാണ്. നിയമവാഴ്ചയിലധിഷ്ഠിതമായി പ്രവർത്തിക്കുന്ന ഏതൊരു രാജ്യത്തും നീതിയും സമത്വവും ജനാധിപത്യവും നിലനിൽക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുന്നതിൽ നിയമനിർമ്മാണ സഭയ്ക്കും (legislative assembly) നിയമപരിപാലന സമിതിക്കും (executive) എത്രത്തോളം ഭരണഘടനാപരമായ ഉത്തരവാദിത്വവും പങ്കുമുണ്ടോ അത്രത്തോളം തന്നെ അല്ലെങ്കിൽ അതിൽ കൂടുതൽ ഉത്തരവാദിത്വവും ചുമതലയും ജുഡീഷ്യറിക്കുമുണ്ട്. അതുകൊണ്ടുതന്നെ മറ്റിതര ഭരണഘടനാ സ്ഥാപനങ്ങളേക്കാൾ കൃത്യവും സുതാര്യവുമാവുകയെന്ന ഉത്തരവാദിത്വം കൂടി ജുഡീഷ്യറിയിലടങ്ങിയിട്ടുണ്ട്. 1950ൽ റിപ്പബ്ലിക്കായ ഇന്ത്യയിൽ ആദ്യകാലം തൊട്ട് തന്നെ ഇത്തരത്തിലുള്ള പ്രോട്ടോകോളുകളും നിയമം അനുശാസിക്കുന്നയത്ര തോതിൽ നിഷ്പക്ഷതയും പുലർത്തി തന്നെയാണ് ഇന്ത്യൻ ജുഡീഷ്യൽ സിസ്റ്റം പ്രവർത്തിച്ചു പോരുന്നത്. എന്നാൽ മാറിവന്ന പല ഭരണകൂടങ്ങളും അതിന്റെ തലപ്പത്തിരുന്നവരും ജൂഡീഷ്യറിയെയും അതിന്റെ വക്താക്കളെയും ഭരണകൂട താൽപര്യത്തിനനുസരിച്ച് വിധി പുറപ്പെടുവിപ്പിക്കാനും മാറ്റിത്തിരുത്തലുകൾ നടത്താനും പ്രേരിപ്പിച്ചിട്ടുണ്ട്.

അതിന്റെയെല്ലാം ബാക്കിപത്രമായി, അത്തരം വിധികൾക്ക് പ്രത്യുപകാരമെന്നോണം സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ഉൾപ്പെടെയുള്ളവർക്ക് പോസ്റ്റ് റിട്ടയർമെന്റ് നിയമനങ്ങളും പദവികളും അതേ ഭരണകൂടം തന്നെ ക്ഷണനേരം കൊണ്ട് തരപ്പെടുത്തി കൊടുത്തിട്ടുണ്ടെന്നതും ഇതിനോട് കൂട്ടി വായിക്കണം.

ജസ്റ്റിസ് ഹൻസ് രാജ് ഖന്ന മുതൽ അബ്ദുൽ നസീർ വരെ

ഇന്ത്യൻ ജുഡീഷ്യറിയുടെ ചരിത്രമെടുത്തു പരിശോധിക്കുമ്പോൾ ഒട്ടുമിക്ക വിധികളും നിയമത്തിനനുസൃതമായി തീർപ്പ് കൽപ്പിക്കപ്പെട്ടിട്ടുള്ളതാണെന്ന് കാണാൻ സാധിക്കും. അതിന് കാരണം അവരാരും തന്നെ നിയമവക്രീകരണത്തിലൂടെ ഭരണകൂടത്തെ പ്രീതിപ്പെടുത്തിയുള്ള ആനുകൂല്യങ്ങളും പദവികളും ആഗ്രഹിച്ചിരുന്നില്ല എന്നതാണ്. അതുകൊണ്ടുതന്നെ അത്തരം ആളുകൾക്ക് ജഡ്ജിങ് പാനലിലുള്ള സ്ഥാനക്കയറ്റങ്ങൾ അന്യമായിരുന്നു.

1976ൽ ഇന്ദിരാഗാന്ധി പ്രധാനമന്ത്രിയായിരുന്ന കാലഘട്ടത്തിൽ അരങ്ങേറിയ അടിയന്തരാവസ്ഥയുടെ വിഷയത്തിൽ തീർപ്പ് കൽപ്പിക്കാൻ നിയോഗിക്കപ്പെട്ട അഞ്ചംഗ ബെഞ്ചിൽ ഒരാളായിരുന്നു ജസ്റ്റിസ് ഹൻസ് രാജ് ഖന്ന. മനുഷ്യാവകാശങ്ങൾക്കും മൗലികാവകാശങ്ങൾക്കും മേൽ ഭരണകൂടം ആധിപത്യം സ്ഥാപിക്കുന്നത് ഭരണഘടനാ വിരുദ്ധമാണെന്നും അത്തരം അവകാശലംഘനാ പ്രവണതകൾ അടങ്ങുന്ന തരത്തിലുള്ള അടിയന്തരാവസ്ഥ അംഗീകരിക്കാൻ പറ്റില്ലെന്നതുമായിരുന്നു അദ്ദേഹത്തിന്റെ പക്ഷം. ബാക്കിയുള്ള നാല് ജഡ്ജുമാരും ഭരണകൂട താല്പര്യത്തിന് അനുസരിച്ച് വിധി പറഞ്ഞിട്ടും നീതിയുടെ പക്ഷത്തുറച്ച് നിന്ന് വിധി പ്രഖ്യാപിക്കാനാണ് ജസ്റ്റിസ് ഖന്ന മുതിർന്നത്. ഈയൊരു നടപടി മൂലം അന്നത്തെ ചീഫ് ജസ്റ്റിസ് കഴിഞ്ഞാൽ ഏറ്റവും അധികം സീനിയോറിറ്റി ഉണ്ടായിരുന്നിട്ടുകൂടി ജസ്റ്റിസ് ഖന്നയെ അടുത്ത ചീഫ് ജസ്റ്റിസായി പരിഗണിച്ചില്ല. എന്നാൽ തന്റെ നിലപാടിലുറച്ചു നിന്നുകൊണ്ടുതന്നെ സുപ്രീംകോടതിയുടെ പടവുകളിറങ്ങുകയാണ് അദ്ദേഹം ചെയ്തത്.

ഇനി ഈയടുത്ത് നടന്ന ചില ജുഡീഷ്യല്‍ നിയമനങ്ങളിലേക്ക് വരാം. ഇന്ത്യയുടെ ആഭ്യന്തര മന്ത്രി അമിത് ഷാ പ്രതിയായ വ്യാജ ഏറ്റുമുട്ടല്‍ കേസില്‍ പ്രതിക്ക് അനുകൂലമായി വിധി പുറപ്പെടുവിച്ചതിന് ജ. പി സദാശിവത്തിന് കേരളാ ഗവര്‍ണര്‍ പട്ടം നല്‍കിയാണ് ഭരണകൂടം നന്ദി പ്രകടിപ്പിചത്. പിന്നീടുള്ള തന്റെ ഗവേര്‍ണിങ്ങ് പിരീഡില്‍ സംസ്ഥാന സര്‍ക്കാരുമായി കാര്യമായി കൊമ്പു കോര്‍ത്തില്ലങ്കിലും ജ. പി സദാശിവത്തിന്റെ നിയമന വിവാദം ഇന്നും അവശേഷിക്കുന്നുണ്ട്. ബാബരി മസ്ജിദ് കേസില്‍ ഇരു വിഭാഗത്തിന്റെയും വാദം കേട്ടതിനു ശേഷം പുരാവസ്തു വിഭാഗത്തിന്റെ ഗവേഷണ പഠനങ്ങള്‍ എതിരായിരുന്നിട്ട് കൂടി ഹിന്ദുത്വക്കനുകൂലമായി വിധിപറഞ്ഞവരില്‍ ഒരാളായ ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ് വിരമിച്ചതിന് ഒരു മാസം പിന്നിടുന്നതിന് മുമ്പ് തന്നെ രാജ്യസഭാ എം പി യായതും ഭരണകൂട-ജുഡീഷ്യല്‍ ഒത്തുതീര്‍പ്പിനുദാഹരണമാണ്.

ബാബരി കേസിൽ വിധി പറഞ്ഞ അഞ്ചംഗ സമിതിയില്‍ പോസ്റ്റ്-റിട്ടയര്‍മെന്റ് പദവി ലഭിക്കുന്ന മൂന്നാമത്തെയാളാണ് ജസ്റ്റിസ് അബ്ദുല്‍നസീര്‍. മുത്വലാഖ് നിരോധന നിയമവും, വലിയ സാമ്പത്തിക മാന്ദ്യത്തിനും ജനദ്രോഹങ്ങള്‍ക്കും വഴിവെച്ച നോട്ടു നിരോധനത്തിന്റെ കേസിൽ കേന്ദ്ര സര്‍ക്കാറിന് ക്ലീന്‍ ചീറ്റ് നല്‍കിയും ഭരണകൂടത്തിന് പ്രിയപെട്ടവനായിത്തീര്‍ന്ന ജസ്റ്റിസ് അബ്ദുല്‍ നസീറിന് വിരമിച്ച് 40ദിവസം പിന്നിടുന്നതിന് മുമ്പേ ഗവര്‍ണര്‍ പട്ടം നല്‍കിയാണ് സര്‍ക്കാര്‍ നന്ദി പറഞ്ഞത്. ഒരു പക്ഷേ മേല്‍ പ്രസ്താവിക്കപ്പെട്ട വിചിത്ര വിധികളെല്ലാം തന്നെ ഇത്തരം സ്ഥാന മാനങ്ങള്‍ ലക്ഷ്യം വെച്ച് കൊണ്ട് പ്രഖ്യാപിച്ചതാവാം. അതുകൊണ്ടു തന്നെ ഇത്തരത്തിലുള്ള റിട്ടയര്‍മെന്റ് ഗ്രാന്റുകള്‍ വെച്ചു നീട്ടിയില്ലായിരുന്നുവെങ്കില്‍ ബാബരി ധ്വംസനം, മുത്വലാഖ് നിരോധനം പോലെയുള്ള നീതി നിഷേധങ്ങളിലെ വിധികള്‍ നേര്‍ വിപരീതമായിരുന്നേനെ എന്ന് സാരം.

വി.ഗൗരിയുടെ ഡയറക്ട് റിക്രൂട്ട്‌മെന്റ്

സംഘപരിവാറിന്റെ ഈറ്റില്ലമായ ഉത്തരേന്ത്യയില്‍ നിന്നും വിഭിന്നമായി പ്രസ്ഥാനം നേരിടുന്ന നേതൃത്വ ക്ഷാമം കൊണ്ടാണ് അഡ്വ.വിക്ടോറിയ ഗൗരിയെ ഒറ്റയടിക്ക് മദ്രാസ് ഹൈകോടതി ജഡ്ജായി നിയമിച്ചതെന്നാണ് പൊതുവിലുള്ള ഭാഷ്യം. എന്നാല്‍ കാലങ്ങളായി സംഘപരിവാറിനായി അടിപിടി കൂടാനും വര്‍ഗീയ പ്രസ്താവനകള്‍ നടത്താനും മുന്‍പന്തിയിലുള്ളയാളാണ് വി.ഗൗരി. ചുരുക്കി പറഞ്ഞാല്‍ ഉമാ ഭാരതിയുടെ മറ്റൊരു പകര്‍പ്പ്. നിരന്തരമായ സംഘപരിവാര്‍ പ്രീണനം കൊണ്ട് രണ്ട് വര്‍ഷം മുമ്പ് കേന്ദ്ര സര്‍ക്കാറിന്റെ സോളിസിറ്റര്‍ ജനറലായി നിയമിക്കപ്പെട്ടിരുന്നു. അതിനു ശേഷമാണ് ഇത്തരത്തിലുള്ള സെലക്ടീവ് നിയമനത്തിലൂടെ വിക്ടോറിയ ഗൗരി ജഡ്ജിയായിത്തീരുന്നത്. കൊളീജിയം സമര്‍പ്പിച്ച ജഡ്ജ് പാനലുകളിലെ യോഗ്യരായ വ്യക്തികള്‍ ഒരു ഭാഗത്ത് നിരന്തരമായി തഴയപ്പെട്ടുമ്പോഴാണ് ഇത്തരം പ്രവണതകള്‍ അരങ്ങേറുന്നത്.

രാഹുൽ ഗാന്ധിക്കെതിരെയുള്ള സൂറത്ത് കോടതിയുടെ രണ്ട് വർഷ തടവ് (ആരോപിക്കപ്പെട്ട കുറ്റത്തിന്റെ വകുപ്പിൽ പ്രതിക്ക് ലഭിക്കാവുന്ന പരമാവധി ശിക്ഷ) വിധിയും അതിന്മേലുള്ള സംഘപരിവാറിന്റെ പക പോക്കലും ഇതോട് നാം ചേർത്ത് വായിക്കണം. രാജ്യത്തെ ഏറ്റവും വലിയ സാമ്പത്തിക തട്ടിപ്പുകാരായ നീരവ് മോദിയെയും ലളിത് മോദിയെയും പരിഹസിച്ചത് കൊണ്ടാവണം ഒരുപക്ഷെ ഈയൊരു നിയമനടപടി കോൺഗ്രസിലെ സമുന്നത നേതാവിന് നേരിടേണ്ടി വന്നത്. അതേ സമുദായത്തിൽ നിന്ന് തന്നെയുള്ള ഒരംഗം രാജ്യത്തെ ഇല്ലായ്മ ചെയ്‌തുകൊണ്ടിരിക്കുന്നുവെന്ന യാഥാർഥ്യം നിരന്തരം പാർലമെന്റിലും പൊതുമധ്യത്തിലും വിളിച്ച് പറഞ്ഞതും ഭരണകൂടത്തിന് മുന്നിൽ വിട്ടുവീഴ്ചയില്ലാത്ത രാജ്യദ്രോഹം തന്നെയാണ്. എന്നാൽ മേൽക്കോടതിയായ സുപ്രീം കോടതിയുടെ വിധിയായിരിക്കും ഒരുപക്ഷെ ഇനിയങ്ങോട്ടുള്ള രാഹുൽ ഗാന്ധിയുടെ രാഷ്ട്രീയ ജീവിതം നിർണ്ണയിക്കുക.

ചുരുക്കത്തില്‍, എല്ലാം നഷ്ടപ്പെട്ടവന്റെ അവസാനത്തെ ആശ്രയമാണ് നീതിന്യായ വ്യവസ്ഥ. സ്വജനതയാലും ഭരണകൂടത്താലും അരികുവത്കരണത്തിന് ഇരയാവുന്നവരുടെ ജുഡീഷ്യല്‍ സിസ്റ്റത്തിലുള്ള വിശ്വസ്തതയാണ് ഇത്തരം നിയമനങ്ങളിലൂടെ ചോദ്യംചെയ്യപ്പെടുന്നത്. ഭരണകൂടത്തിനെന്തുമാവാമെന്ന സംഹിത നിലനില്‍ക്കുന്നിടത്ത് പൗരന് ചുരുങ്ങിയ പക്ഷം നീതിയും നിയമവുമെങ്കിലും കൃത്യമായി നടപ്പിലാക്കുന്ന തരത്തിലായിരിക്കണം ജുഡീഷ്യല്‍ വ്യവസ്ഥ നിലകൊള്ളേണ്ടത്. അതിന് ഇത്തരം സുതാര്യതയറ്റ നിയമനങ്ങളും സ്ഥാനകയറ്റങ്ങളും ഇല്ലാതായേ തീരൂ.

By സദഖത്ത് സെഞ്ചര്‍

Student