ഇന്ത്യൻ യൂണിയൻ മുസ്‌ലിം ലീഗ്; നിലപാടുകളിലെ ഭാഷാ വ്യതിയാനം

league

മുസ്‌ലിം ലീഗ് പിറവിയെടുക്കുന്നത് മതേതരഘടനയുടെ ബ്രാഹ്മണാധികാരത്തെ ചോദ്യം ചെയ്യുന്ന രാഷ്ട്രീയ പരിസരത്ത് നിന്നാണ്. മേൽ ജാതി ഹിന്ദു രാഷ്ട്രീയത്തിന് ആധിപത്യമുള്ള രീതിയിലാണ് ഇന്ത്യൻ രാഷ്ട്രീയം അന്നും ഇന്നും പ്രവർത്തിക്കുന്നത്. അധികാരത്തിന്റെ ഭാഗമായി മേൽജാതി ഹിന്ദു ബ്രാഹ്മണരെ പ്രീതിപ്പെടുത്താൻ നെഹ്‌റു വരെ ശ്രമിച്ചിട്ടുണ്ട്. ഹിന്ദുത്വവാദി ശ്യാമ പ്രകാശ് മുഖർജി മന്ത്രി സഭയിൽ എത്തിയതിനെ അന്ന് ലീഗ് അതിരൂക്ഷമായിട്ടായിരുന്നു വിമർശിച്ചത്.

‘ഇന്ത്യൻ നാഷണൽ കോൺഗ്രസിന് ഇതിനകം എത്തിനോക്കാൻ കഴിഞ്ഞിട്ടില്ലാത്ത മുസ്‌ലിം രാഷ്ട്രീയ പ്രശ്നങ്ങൾക്ക് ഫലോന്മുഖമായ പ്രതിവിധി കണ്ടെത്തുക, സാമ്പത്തിക സാംസ്‌കാരിക മേഖലകളിലെ കുതിച്ചുചാട്ടത്തിന് അവരെ സജ്ജരാകുക, സിവിൽ സർവീസിൽ അർഹമായ വിഹിതം ലഭ്യമാക്കുക’- എന്ന സാമുദായിക രാഷ്ട്രീയ തീരുമാനത്തിന്റെ പിന്നിൽ നിന്നാണ് മുസ്‌ലിം ലീഗ് എന്ന ചിന്ത ഉദിക്കുന്നത്. ‘സിംല ഡെപ്പ്യൂട്ടേഷൻ’ 1900 കാലയളവിലെ മുസ്‌ലിം സമുദായത്തിന്റെ സാമൂഹിക സാമ്പത്തിക സ്ഥിതികളെക്കുറിച്ച് സുപ്രധാന വിവരങ്ങളായിരുന്നു. അതിനെ മുൻനിർത്തിയായിരുന്നു ബ്രിട്ടനോട് രാഷ്ട്രീയം സംസാരിച്ചിരുന്നത്. മുസ്‌ലിംകൾക്കായി ഒരു സർവകലാശാല രൂപീകരിക്കാൻ അനുവാദം നൽകണമെന്ന ആവശ്യവും വൈസ്രോയിക്ക് മുന്നിൽ സമർപ്പിച്ചിരുന്നു. ഇന്ത്യയിലെ ഏക രാഷ്ട്രീയ പാർട്ടിയായ ഇന്ത്യൻ നാഷണൽ കോൺഗ്രസ്സ് ഇവിടത്തെ മുസ്‌ലിം സമുദായത്തെ പ്രതിനിധികരിക്കാനോ മുസ്‌ലിംകളുടെ പ്രാഥമികമായ ആവശ്യങ്ങൾക്ക് വേണ്ടി ശബ്ദമുയർത്താനോ പര്യാപ്തമല്ല എന്ന യാഥാർഥ്യം കഴിഞ്ഞ രണ്ട് സംവത്സരകാലം കൊണ്ട് ബോധ്യപ്പെട്ടതായി ആഗാ ഖാൻ തന്റെ സ്മരണികയിൽ വിവരിക്കുന്നുണ്ട്.

ഖാഇദെ മില്ലത്ത് മുഹമ്മദ് ഇസ്മായിൽ സാഹിബ്

ഇന്ത്യ-പാക് വിഭജനത്തിന് ശേഷം 1948-1950 കാലഘട്ടത്തിൽ ഇന്ത്യയിലെ മുസ്‌ലിം ലീഗ് പ്രവർത്തനം ഒരു തരം ഭീഷണിയായിരുന്നു. അപവാദക്കത്തുകൾ ഭീഷണിക്കത്തുകൾ, കൊലവിളിക്കത്തുകൾ എന്നിവ വന്നുകൊണ്ടേയിരുന്നു. ഖാഇദെ മില്ലത്തിനെ സാദാസമയവും സർക്കാർ നിരീക്ഷിച്ചുകൊണ്ടേയിരുന്നു. അദ്ദേഹവുമായി ബന്ധം പുലർത്തുന്നവരുടെ വിവരങ്ങൾ പോലീസ് ശേഖരിച്ചു. സ്വാതന്ത്ര്യദിനത്തിൽ ഇന്ത്യൻ മുസ്‌ലിംകളുടെ പ്രതിനിധിയായി ആകാശവാണിയിൽ പങ്കെടുത്ത ഉത്തർപ്രദേശുകാരനായ നേതാവ് ചൗധരി ഖാലിഖ്സ്സമാൻ പാക്കിസ്ഥാനിലേക്ക് താമസം മാറി. ബോംബെയിലെ മുസ്‌ലിം ലീഗ് നേതാവായിരുന്ന ചുന്ദ്രിഗറും പാകിസ്ഥാനിലേക്ക് പോയി. ഉത്തർപ്രദേശിലെ തന്നെ മറ്റൊരു തലമുതിർന്ന നേതാവ് നവാബ് മുഹമ്മദ് ഇസ്മാഈൽ ഖാൻ രാഷ്ട്രീയത്തിൽ നിന്ന് വിടവാങ്ങി. അദ്ദേഹത്തെ കേന്ദ്രം അലീഗർ മുസ്‌ലിം സർവകലാശാലയുടെ വൈസ് ചാൻസിലർ ആയി നിയമിച്ചു. ബോംബയിലെ മുസ്‌ലിം ലീഗുകാർ തങ്ങളുടെ പാർട്ടിയുടെ പേര് മാറ്റി ഫോർത്ത് പാർട്ടി എന്നാക്കി. പശ്ചിമ ബംഗാളിലെ നേതാക്കൾ രാജ്യത്ത് മുസ്‌ലിം ലീഗിന്റെ ആവശ്യമില്ല എന്ന തീരുമാനത്തിലെത്തിയിരുന്നു. അപ്പോഴേക്കും മദ്രാസ് പ്രസിഡൻസി ഒഴികെ മറ്റു സംസ്ഥാനങ്ങളിലെല്ലാം മുസ്‌ലിം ലീഗ് പ്രവർത്തനം സ്‌തംഭിച്ചു.

രാജ്യത്ത് മുസ്‌ലിം ലീഗ് പ്രവർത്തിക്കണമെന്ന ആവശ്യം ദക്ഷിണേന്ത്യൻ നേതാക്കൾക്ക് മാത്രമാണുണ്ടായത്. ഇന്ത്യയുടെ ഗവർണർ ജനറലായിരുന്ന മൗണ്ട് ബാറ്റൺ പ്രഭു 1948 ജനുവരിയിൽ ഖാഇദെ മില്ലത്തുമായി കൂടിക്കാഴ്ച്ച നടത്തി. ‘രാജ്യത്ത് മുസ്‌ലിം ലീഗിന്റെ പ്രവർത്തനം നടത്തുന്നത് ഇവിടെ ജീവിക്കുന്ന മുസ്‌ലിംകളെ സംബന്ധിച്ച് ഗുണകരമായിരിക്കില്ല’ എന്നും പ്രധാനമന്ത്രി ജവഹർലാൽ നെഹ്‌റു പറയുന്നതിന് അനുസരിച്ച് മുസ്‌ലിം ലീഗിനെ പിരിച്ചുവിട്ടുകൂടെ എന്നും പ്രഭു ചോദിച്ചു. ഇന്ത്യൻ യൂണിയൻ മുസ്‌ലിം ലീഗിന്റെ നിലനിൽപ്പ് ചർച്ച ചെയ്യാൻ 1948 മാർച്ച് 10 ന് മദ്രാസ് രാജാജി ഹാളിൽ വെച്ച് കൗൺസിൽ ചേർന്നു. മുസ്‌ലിം ലീഗ് പിരിച്ചു വിടണമെന്ന് പത്രങ്ങളിൽ പരസ്യം നൽകിയ നേതാക്കളും യോഗത്തിനെത്തിയിരുന്നു. മാറിയ രാഷ്ട്രീയ സ്ഥിതിയിൽ മുസ്‌ലിം ലീഗ് ആവശ്യമില്ലെന്ന് അഭിപ്രായമുയർന്നു. മലബാറിൽ നിന്നും എത്തിയ ബി. പോക്കർ സാഹിബ്, ഉപ്പി സാഹിബ്, സീതി സാഹിബ്, സയ്യിദ് അബ്‌ദുറഹ്‌മാൻ ബാഫഖി തങ്ങൾ എന്നിവരും തമിഴ്‌നാട് പ്രതിനിധികളും മുസ്‌ലിം ലീഗ് നിലനിൽക്കണമെന്ന് വാദിച്ചു. യോഗം രാത്രി വരെ നീണ്ടു. അനന്തരം സംഘടന നിലനിർത്തണമെന്ന പ്രമേയത്തെ 37 പേർ അനുകൂലിച്ചു, 14 പേർ എതിർത്തു. ഇതിന് ശേഷം മാസങ്ങൾ കഴിഞ്ഞ് മദ്രാസിൽ എത്തിയ നെഹ്‌റു മുസ്‌ലിം ലീഗിനെ ചത്ത കുതിരയെന്നും കാഴ്ച ബംഗ്ലാവിൽ വെക്കേണ്ട വസ്‌തുവെന്നും പറഞ്ഞ് വിമർശിച്ചു. നിയമം അനുശാസിച്ചാലും ഇല്ലെങ്കിലും ശരി, മുസ്‌ലിം ലീഗിനെ ഞാൻ നശിപ്പിക്കുക തന്നെ ചെയ്യുമെന്ന് നെഹ്‌റു ഉറപ്പിച്ചു പറഞ്ഞു. ഭരണകൂടം സകലശക്തികളും ഉപയോഗിച്ച് മുസ്‌ലിം ലീഗിനെ തകർക്കാൻ ശ്രമിച്ചുകൊണ്ടേയിരുന്നു. എന്നാൽ ജനപിന്തുണ ലീഗിനൊപ്പം തന്നെ നിന്നു.

ചെന്നൈ രാജാജി ഹാൾ

കലുഷിതമായ സ്വാതന്ത്രാനന്തര ഇന്ത്യൻ രാഷ്ട്രീയത്തിൽ മുസ്‌ലിം ലീഗ് പ്രതി സ്ഥാനത്തായിരുന്നു. കോൺഗ്രസ് നഖശിഖാന്തം ഇന്ത്യൻ യൂണിയൻ മുസ്‌ലിം ലീഗിനെ എതിർത്തത് വിഭജന കുറ്റാരോപിത പക്ഷത്ത് നിർത്തിയും ന്യൂനപക്ഷ സംഘാടനത്തിന്റെ പേരിലുമായിരുന്നു. കോൺഗ്രസ്സ് അടക്കമുള്ള രാഷ്ട്രീയ പൊതുബോധം ലീഗിനോട് ആവശ്യപ്പെട്ടിരുന്നത് മുസ്‌ലിം ഐഡന്റിറ്റി ഒഴിവാക്കി മുഖ്യധാരാ സെക്കുലർ പാർട്ടികളിൽ ചേർന്ന് പ്രവർത്തിക്കാനും അല്ലെങ്കിൽ പിരിച്ച് വിടാനുമാണ്. ഇന്ത്യയിലെ ന്യൂനപക്ഷ ജനതയുടെ രക്ഷാകർതൃത്വം കോൺഗ്രസ്സ് ഏറ്റെടുത്ത് നടന്ന രാഷ്ട്രീയ സാഹചര്യത്തിലാണ് ഖാഇദെ മില്ലത്ത് മുസ്‌ലിം ലീഗിന് വേണ്ടി നിലയുറപ്പിക്കുന്നത്. ഇന്നത്തെ കോൺഗ്രസ്സ്, കമ്മ്യൂണിസ്റ്റ്, സോഷ്യലിസ്റ്റ് ചേരിയുടെ അവസ്ഥകൾ ചേർത്ത് വെച്ചിട്ട് വേണം ഖാഇദെ മില്ലത്തിന്റെ നിലപാടുകളെ വായിക്കാൻ.

അദ്ദേഹത്തിന്റെ വാദം വ്യക്തമായിരുന്നു, “ഇന്ത്യയിൽ പല മതങ്ങളുണ്ട്. പല ഭാഷകൾ സംസാരിക്കുന്ന വ്യത്യസ്ത വിഭാഗങ്ങൾ ഉള്ള നാടാണിത്. ഈ നാട്ടിൽ ന്യൂനപക്ഷ ജനങ്ങൾ ഉണ്ടെന്നത് നമ്മുടെ ഭരണഘടന തന്നെ അംഗീകരിക്കുന്നു. പ്രധാനമായും ഈ നാട്ടിൽ മതാടിസ്ഥാനത്തിലും ഭാഷാടിസ്ഥാനത്തിലുമുള്ള ന്യൂനപക്ഷങ്ങളെക്കുറിച്ച് നമ്മുടെ ഭരണഘടന വിശദമായി പ്രതിപാദിക്കുന്നുണ്ട്. ന്യൂനപക്ഷത്തിന്റെ സംസ്‌കാരത്തെയും അവരുടെ പ്രത്യേക ശൈലിയും സംരക്ഷിക്കപ്പെടണമെന്നും അവയനുസരിച്ച് ജീവിക്കാനുള്ള അവകാശം അവർക്കുണ്ടെന്നും ഭരണഘടന അനുശാസിക്കുന്നുണ്ട്. അതുകൊണ്ട് അവർക്ക് വേണ്ടി മാത്രമുള്ള ഒരു സംഘടന ഉണ്ടാക്കുവാനുള്ള അവകാശം ഭരണഘടനപരമായിത്തന്നെ ന്യൂനപക്ഷത്തിനുണ്ട്’.

മുസ്‌ലിം സമുദായത്തിന് വേണ്ടി വാദിക്കാൻ മറ്റുള്ള രാഷ്ട്രീയ കക്ഷികൾ മുഖേന മുസ്‌ലിംകൾ നിയമസഭയിലേക്ക് തെരെഞ്ഞെടുക്കപ്പെടുന്നുണ്ടല്ലോ എന്ന അശോക് മേത്ത കമ്മീഷൻ ചോദ്യത്തിന് മുന്നിൽ ഖാഇദെ മില്ലത്ത് വിശദീകരണം നൽകി. “അവർ ഭൂരിപക്ഷത്തിന്റെ പ്രതിനിധികളായിരിക്കും. ന്യൂനപക്ഷങ്ങളെ സംബന്ധിച്ച ഒരു പ്രശ്നമുണ്ടാകുമ്പോൾ പ്രത്യേകിച്ച് ഭൂരിപക്ഷത്തിനും ന്യൂനപക്ഷത്തിനും ഇടയിൽ പ്രശ്‌നങ്ങൾ ഉണ്ടാകുമ്പോൾ ആ പ്രതിനിധികൾക്ക് ആത്മശുദ്ധിയോടെ വാദിക്കാൻ പറ്റില്ല എന്നത് സത്യമാണ്”.

ഈ ആശങ്കക്ക് വകയുണ്ടെന്ന് പാർലമെന്റ് സമ്മേളങ്ങൾ കാണിച്ചു. ന്യൂനപക്ഷത്തെ നേരിട്ട് ബാധിക്കുന്ന പ്രശ്നങ്ങളിൽ മുസ്‌ലിം ലീഗ് മാത്രമായിരുന്നു മുസ്‌ലിം പക്ഷത്ത് നിന്ന് സംസാരിക്കാനുണ്ടായിരുന്നത്.

ഖാഇദെ മില്ലത്തിന്റെ സാമുദായിക രാഷ്ട്രീയത തുടർന്നു. വിഭജനാനന്തര ഇന്ത്യൻ പാർലമെന്റിൽ മുസ്‌ലിം സാമാന്യ ജനത്തിന്റെ പൊതു അഭിപ്രായം രൂപപ്പെടുത്തുന്നത് ആര് എന്ന ചോദ്യം തർക്കത്തിന് കാരണമായിരുന്നു. സമുദായ പക്ഷത്ത് നിന്നുകൊണ്ട് ഖാഇദെ മില്ലത്ത് മുസ്‌ലിം അസ്‌തിത്വം പാർലമെന്റിൽ ഉയർത്തി. “ശരീഅത്ത് നിയമത്തിൽ കൈകടത്താൻ ഗവൺമെന്റ് മുതിർന്നു. മറ്റു കക്ഷികളിൽ പെട്ട മുസ്‌ലിംകൾ എത്ര പേർ ഇതിനെതിരായി ശബ്ദിച്ചു. ഉറുദു മാതൃഭാഷയായ മുസ്‌ലിംകൾക്ക് വേണ്ടി, മറ്റു പാർട്ടികളിൽ പെട്ട മുസ്‌ലിം നേതാക്കളിൽ എത്രപേർ പരസ്യമായി വാദിക്കാൻ തയ്യാറായി? അലീഗർ മുസ്‌ലിം സർവകലാശാല പ്രശ്‌നം പാർലമെന്റിൽ പലപ്രാവശ്യം കൊണ്ടുവന്നപ്പോൾ സമുദായത്തിന്റെ ശബ്‌ദം ആ സഭയിൽ മുഴക്കിയ പ്രതിനിധികൾ ആരെല്ലാമായിരുന്നു എന്ന് രാജ്യത്തിനറിയാം, സമുദായത്തിനുമറിയാം. സർക്കാർ ഉദ്യോഗങ്ങളിൽ ന്യൂനപക്ഷ വിഭാഗങ്ങൾക്ക് അർഹമായ പ്രാതിനിധ്യം വേണമെന്ന ആവശ്യമുന്നയിച്ചവർ മുസ്‌ലിം ലീഗല്ലാത്ത മറ്റു കക്ഷികളിൽപ്പെട്ടവർ ആരെങ്കിലുമുണ്ടോ? വർഗീയ ലഹളകളിൽ മുസ്‌ലിംകൾക്കുണ്ടായ കഷ്ട നഷ്ടങ്ങൾ ചൂണ്ടിക്കാണിച്ച് കൊണ്ട് നീതിയാവശ്യപ്പെട്ടവർ മുസ്‌ലിം ലീഗുകാരല്ലാതെ എത്രപേർ ഉണ്ടിവിടെ?”- ഖാഇദെ മില്ലത്തിന്റെ ശബ്‌ദവും ഭാഷയും നിർണ്ണയിക്കുന്നതാണ് മുസ്‌ലിം ലീഗിന്റെ ഇന്ത്യൻ രാഷ്ട്രീയം. ഇന്ത്യയിലെ മുസ്‌ലിം ലീഗ് സംഭവിക്കുന്നത് ജാതി, മതം, സമുദായം, ന്യൂനപക്ഷം മതേതര വിരുദ്ധമാകുന്ന സന്ദർഭങ്ങളിൽ സ്വത്വം പ്രതിരോധമാകുന്നു എന്ന തിരിച്ചറിവിലാണ്.

ഷാബാനു കേസ്, മണ്ഡൽ സമരങ്ങൾ, ബാബരി മസ്‌ജിദ്‌ ധ്വംസനം എന്നീ സംഭവങ്ങളുടെ സമയങ്ങളിൽ മുസ്‌ലിം ലീഗ് രൂപപ്പെടുത്തിയ രാഷ്ട്രീയ നയങ്ങൾ മതേതര ഭാഷയുടെ പ്രതിസന്ധികൾക്ക് അകത്ത് നിന്നാണ്. ശരീഅത്ത് സംവാദ കാലത്ത് പാർലമെന്റിൽ ജി.എം ബനാത്ത്‌വാല നടത്തിയ പ്രഭാഷണങ്ങളും മുസ്‌ലിം വ്യക്തി നിയമത്തെ സംരക്ഷിക്കാൻ അവതരിപ്പിച്ച ബില്ലും സുപ്രധാന സംഭവങ്ങളാണ്. പൂണൂൽ അകത്തുള്ള നമ്പൂതിരിപ്പാടാണ് ഇ.എം.എസ് എന്ന് സി.എച്ച് വിമർശിക്കുന്നത് ഇ.എം.എസിന്റെ സാമ്പത്തിക സംവരണ വാദത്തിനെതിരെയാണ്.

ജി.എം ബനാത്ത്‌വാല

1991 മാർച്ച് 11 ഗവർണ്ണറുടെ പ്രസംഗത്തിനുള്ള നന്ദി പ്രമേയ ചർച്ചയിൽ പി.കെ കുഞ്ഞാലിക്കുട്ടി നടത്തിയ പ്രസംഗം സംസ്ഥാനത്ത് ഏറെ ചർച്ചചെയ്യപ്പെട്ടിരുന്നു. മുസ്‌ലിം ലീഗ് നയപ്രഖ്യാപന പ്രസംഗത്തോട് വിയോജിക്കാനുള്ള അടിസ്ഥാനപരമായ കാരണമായി പറയുന്നത്, മണ്ഡൽ കമ്മീഷൻ റിപ്പോർട്ട് നടപ്പിലാക്കണമെന്ന് സംസ്ഥാന സർക്കാർ തീരുമാനിച്ചില്ല എന്നതാണ്. “ജാതീയതെക്കെതിരായിട്ട്, അവശതക്കെതിരായിട്ട് സമരം ആരംഭിക്കേണ്ടത്, അഭ്യസ്ത വിദ്യരായിട്ടുള്ള പിന്നാക്കക്കാരുള്ളതും ശ്രീ നാരായണ ഗുരുവിന് ജന്മം നൽകിയ കേരളത്തിൽ നിന്നുമാണ്”.

“സർ, ലോകത്ത് നിലനിന്ന ശീതസമരം അവസാനിച്ചതിൽ നമുക്കൊക്കെ സന്തോഷമുണ്ട്. പക്ഷേ ഇന്ത്യൻ ചരിത്രത്തിലെ ഏറ്റവും വലിയ കോൾഡ് വാർ ആരംഭിച്ചിരിക്കുകയാണ്. അത് സാമൂഹ്യ നീതിക്കു വേണ്ടി ദാഹിക്കുന്ന പിന്നാക്ക ജനവിഭാഗങ്ങളും അവരെ മുന്നോട്ട് വരാൻ അനുവദിക്കാതെ പിന്നാട്ടു തന്നെ പിടിച്ചുനിർത്താൻ ശ്രമിക്കുന്ന ശക്തികളും തമ്മിലാണ്”. മണ്ഡൽ വിരുദ്ധ സമരത്തെ വിമർശിച്ചുകൊണ്ട് കുഞ്ഞാലിക്കുട്ടി സഭയിൽ തുടർന്നു. “ആഫ്രിക്കയിലെ ബഹുപൂരിപക്ഷം വരുന്ന കറുത്ത വർഗക്കാർക്കെതിരെ അധികാരം നിലനിർത്താനായി വെളുത്തവർ നടത്തുന്ന സമരത്തോടാണ് ഇതിനെ ഉപമിക്കേണ്ടത്. ഈ ഘട്ടത്തിൽ മുസ്‌ലിം ലീഗിന്റെ കടമ ഇത്തരത്തിലുള്ള ഒരു സംവരണ മുന്നേറ്റം നടക്കുമ്പോൾ അതിന്റെ മുന്നിൽ വരികയെന്നതാണ്. അവിടെ താൽകാലിക ലാഭനഷ്ടങ്ങൾ ഞങ്ങൾ നോക്കിയിട്ടില്ല”.

എന്നാൽ അടവുരാഷ്ട്രീയ വക്താക്കളായി മാറുന്ന നേതൃത്വം സാമുദായിക രാഷ്ട്രീയ നിലപാടുകളിൽ നിന്നും മാറി മേൽജാതി ഇന്ത്യൻ രാഷ്ട്രീയ ഘടനയോട് ചേർന്ന് നിൽക്കുന്നതായാണ് കേരളത്തിലെ സവർണ്ണ സംവരണ നിലപാടിലും സച്ചാർ കമ്മീഷൻ നിർദ്ദേശപ്രകാരം ലഭിച്ച സ്കോളർഷിപ്പ് അട്ടിമറിക്കപ്പെട്ടപ്പോഴും കാണപ്പെട്ടത്. പൊതുമണ്ഡലത്തിൽ സാമുദായിക വിഷയം ഉയർത്താനും സാമുദായിക വിഷയങ്ങളിലെ പ്രതികരണങ്ങളിൽ കൃത്യത നൽകാനും ലീഗിനാവുന്നില്ല. ദേശീയ രാഷ്ട്രീയ ഭാഷ രൂപപ്പെടുത്തുന്നതിൽ രണ്ടായിരത്തിന് ശേഷം മുസ്‌ലിം ലീഗ് ദുർബലമായതിന്റെ തെളിവായിരുന്നു ഈ നയം. ഖാഇദെ മില്ലത്ത് മുഹമ്മദ് ഇസ്മായീൽ സാഹിബ്, അബ്‌ദുറഹ്‌മാൻ ബാഫഖി തങ്ങൾ, ഇബ്രാഹിം സുലൈമാൻ സേട്ട്, ജി.എം ബനാത് വാല, സി.എച്ച് മുഹമ്മദ് കോയ അടക്കമുള്ള നേതാക്കൾ സാമുദായിക വിഷയത്തിൽ ശക്തമായ സംവാദം നടത്തി മുന്നണികളിൽ നിന്ന് രാഷ്ട്രീയ അവകാശം നേടിയെടുത്തവരായിരുന്നു.

മതത്തെ, ജാതിയെ, സമുദായത്തെ പുറത്ത് നിർത്തി പകരം ലിബറൽ ആശയങ്ങളെ ഉൾക്കൊള്ളിച്ച് ‘സെക്കുലറിസം’ പ്രചാരം നേടിയ രാഷ്ട്രീയ സാഹചര്യമല്ല ഇന്ന്. പകരം വംശീയ ഉന്മൂലന ദൗത്യം പ്രഖ്യാപിച്ച ദേശീയതയുടെ ‘സെക്കുലറിസം’ ആണ് രാജ്യത്തിന്റെ വ്യവഹാരങ്ങളെ നിയന്ത്രിക്കുന്നത്. മതേതര ഭാഷയെ എളുപ്പം സംഘപരിവാറിന് ലഭ്യമാകുന്ന സന്ദർഭത്തിൽ പ്രയോഗിക്കേണ്ട രാഷ്ട്രീയ ഭാഷ എന്താണ് എന്നതിൽ മുസ്‌ലിം ലീഗിന് കാഴ്ചപ്പാട് ഉണ്ടാകേണ്ടതുണ്ട്. സ്വത്വം ഉൽപാദിപ്പിക്കുക എന്നത് രാഷ്ട്രീയ പ്രതിരോധ പ്രവർത്തനമായി കാണുന്ന ഗ്രാംഷിയൻ ധാര ഇവിടെ പ്രധാനമാണ്. ചരിത്രപരമായി മുസ്‌ലിം ലീഗ് ഏറ്റെടുത്തിരുന്ന ദൗത്യവും അതുതന്നെയായിരുന്നു.

By സലീം ദേളി

Writer, Lecturer