ആഗോള ഹിപ്ഹോപ്പിന് ഇത് അമ്പതാം പിറന്നാൾ

rap hiphop

വീണ്ടുമൊരു ബ്ലാക്ക് ഹിസ്റ്ററി (African-American History Month) മാസം കൂടി അവസാനിക്കെ, അമേരിക്കൻ ഐക്യ നാടുകളിൽ അരങ്ങേറിയ ഹിപ്ഹോപ് ആഘോഷങ്ങൾക്ക് വേണ്ടത്ര ആഗോള ശ്രദ്ധയോ പരിഗണനയോ ലഭിച്ചില്ലെന്നത് അത്ര ശുഭകരമായ കാര്യമല്ല. സമകാലിക ലോകത്തിന് ഇത്രയുമധികം സാംസ്‌കാരിക സംഭാവനകളർപ്പിച്ച മറ്റൊരു അമേരിക്കൻ കൂട്ടായ്മയും ഇല്ലാതിരിക്കെ, അൻപത് വർഷം പിന്നിടുന്ന വേളയിൽ പോലും ഹിപ്ഹോപ്‌ സംഗീത വിപ്ലവത്തിന് നമ്മളിൽ പെട്ട പലരും തന്നെ കാര്യമായ പരിഗണനയോ പിന്തുണയോട കൊടുത്തിട്ടില്ല എന്നതും നമുക്ക് നിഷേധിക്കാനാവില്ല.

ഔദ്യോഗിക പരിപാടികൾക്ക് പുറമെ അമേരിക്കയിൽ വച്ച് നടന്ന ഗ്രാമ്മി അവാർഡ് ചടങ്ങിൽ പ്രമുഖ ഹിപ്ഹോപ്‌ കൂട്ടായ്മയായ ദി റൂട്ട്സിന്റെ സംഗീതാലാപകൻ ക്വിസ്റ്റ്ലവിന്റെ ആലാപനമാണ് ഇക്കുറി ചടങ്ങിനെ വേറിട്ടതാക്കുന്നത്.

34 വർഷങ്ങൾക്ക് മുൻപ്, അഥവാ 1989 ൽ ഹിപ്ഹോപ്‌ സംഗീതത്തിന്റെ വക്താക്കളായിരുന്ന വിൽ സ്മിത്തും (ഫ്രഷ് പ്രിൻസ്) ഡിജെ ജാസി ജെഫും ഗ്രാമി അവാർഡിന് അർഹരായത്തീർന്ന നിമിഷം ഇന്നും അത്യധികം വൈകാരികമായിട്ടായിരിക്കും സംഗീത പ്രേമികൾ ഓർമിക്കുന്നുണ്ടാവുക. പക്ഷെ ഹിപ് ഹോപ്‌ ക്യാറ്റഗറിയിലുള്ള തങ്ങളുടെ സംഗീതം സംഘാടകർ ടെലിവിഷനിലൂടെ സംപ്രേഷണം ചെയ്യില്ലെന്ന നിലപാട് എടുത്തത് കാരണം ആ പുരസ്‌കാരം അവർ ബഹിഷ്‌കരിക്കുകയാണുണ്ടായത്. അത്കൊണ്ടാവണം അന്ന് മുതൽ തന്നെ നല്ലൊരു വിഭാഗം ആളുകളും റിബൽ മനോഭാവമാണ് ഹിപ് ഹോപിനോട് വച്ച് പുലർത്തുന്നത്. ഈ വർഷത്തെ ഗ്രാമ്മി പുരസ്‌കാര ചടങ്ങിൽ പോലും ഹിപ് ഹോപിനെ അംഗീകരിക്കാൻ വൈമനസ്സ്യം കാണിച്ചതും അത്കൊണ്ടാണെന്ന് സംശയിച്ചു കൂടായ്കയില്ല.

വിൽ സ്മിത്ത്, ഡിജെ ജാസി ജെഫ്

1970കളിൽ ന്യൂയോർക്ക് തെരുവ് വീഥികളിൽ തുടങ്ങി 2020കളിൽ ഇറാനിലും തുടർന്നും അലയടിച്ച് കൊണ്ടിരിക്കുന്ന ഹിപ് ഹോപ്‌ ബാൻഡ് ഒരർത്ഥത്തിൽ യുവ വിപ്ലവങ്ങളുടെ പ്രതീകമാണ്. അവകാശ നിഷേധങ്ങൾക്കും വർണ വിവേചന- അവഗണനകൾക്കും എതിരെയുള്ള പ്രതിഷേധ സൂചകമായിട്ടാണ് അമേരിക്കയിൽ ഈ മ്യൂസിക് ബാൻഡ് തുടങ്ങിയത് തന്നെ. എന്നാൽ ഹിപ് ഹോപിന്റെ ആഗമനത്തിന് മുൻപ് തന്നെ അമേരിക്കയിലെ കറുത്ത വർഗ്ഗക്കാർ മറ്റിതര സംഗീത ധാരകളുടെ ശ്രോതാക്കളായിരുന്നുവെന്നതാണ് സത്യം. 1950-60 കാലഘട്ടങ്ങളിൽ ബ്ലാക്ക് മ്യൂസിക്കിന്റെ സാംസ്‌കാരിക കേന്ദ്രമായ ഡെട്രോറ്റ് (മോട്ടോർ സിറ്റി) നഗരത്തിൽ ഉയർന്നു കേട്ട മോടൗൺ രാഗങ്ങൾ ഒരുപരിധി വരെ ബ്ലാക്ക് മ്യൂസിക്കിന്റെ പൂർണത കൈവരിച്ചിരുന്നുവെങ്കിലും അത്തരം പരിപാടികളിലൂടെ നല്ലൊരു വിഹിതം ലാഭം കൈവരിക്കുകയെന്നത് തന്നെയായിരുന്നു അവരുടെ ആത്യന്തിക ലക്ഷ്യം. ഇവിടെയാണ് ഹിപ് ഹോപ്‌ സംഗീതം മറ്റുള്ളവകളിൽ നിന്നും വ്യതിരക്തമാവുന്നത്. മോടൗൺ റെക്കോർഡുകളെ പോലെയുള്ള കൊറിയോഗ്രാഫിക്കൽ ടാക്ടിസുകളിൽ ഊന്നൽ നൽകാതെ പൊതു വികാരത്തിനും പ്രതിഷേധത്തിനും സമരപോരാട്ടങ്ങൾക്കും പിന്തുണ നൽകുക എന്നതാണ് അതിന്റെ ആകെത്തുക. അത്കൊണ്ട് തന്നെ പ്രൊഫഷണൽ മ്യൂസിക്കിന്റെ എല്ലാ ഭാവരൂപങ്ങളും ഒട്ടുമിക്ക വേദികളിലും ഹിപ്ഹോപ്‌ പാലിച്ചിരുന്നില്ല എന്നത് വാസ്തവമാണ്.

അക്ഷരാർത്ഥത്തിൽ ഒരു വിപ്ലവഗീതമാണ് ഹിപ്ഹോപ്‌ എന്നുള്ളത് കൊണ്ട് തന്നെ ലോകത്തു കഴിഞ്ഞ അരനൂറ്റാണ്ടിലായി അരങ്ങേറിയ ഒട്ടുമിക്ക വിപ്ലവ പോരാട്ടങ്ങളിലും ഇതിന്റെ സാന്നിധ്യം കാണാൻ കഴിയും. 2007ൽ കെനിയയിലെ പൊളിറ്റിക്കൽ റെവലൂഷൻ പരാജയപ്പെട്ടെങ്കിലും ഗിഡി ഗിഡിയും മാജി മാജിയുടെ അൺബ്വോഗബ്ളും (പേടിയില്ലാത്തവർ എന്നതിനെ സൂചിപ്പിക്കുന്നു) വിപ്ലവാനന്തരവും ചർച്ച ചെയ്യപ്പെട്ടു. 2010ൽ തുനീഷ്യൻ റാപ്പർ ഇഐ ജനറലിൽ പുറത്തിറക്കിയ റെയ്‌സ് ലെബ് ലെഡ് പിന്നീടുണ്ടായ തുനീഷ്യൻ വിപ്ലവത്തിന്റെയും അറബ് വസന്തത്തിന്റെയും ഔദ്യോഗിക ഗാനമായിത്തീർന്നതാണ് ലോകം കണ്ടത്. 2011ൽ ഭരണഘടനാ വിരുദ്ധമായി മൂന്നാമതും സെനഗൽ പ്രസിഡന്റാവൻ ശ്രമിച്ച അബ്ടൗലയെ വാഡക്കെതിരെ അരങ്ങേറിയ യെൻആ മാരെ പ്രതിഷേധങ്ങളിൽ സമരങ്ങളിൽ നിറഞ്ഞു നിന്നതും ക്യൂര് ഗ്യുവെന്ന ഹിപ് ഹോപ്‌ സംഗീത രാഗങ്ങളായിരുന്നു. 2019ൽ ചിലിയിൽ നടന്ന ഭരണകൂട വിരുദ്ധ പരിപാടികളിൽ ജോനസ് സാഞ്ചയുടെ ഡിക്ടഡോറീസ് ഫ്‌യൂറ (ഡിക്ടറ്റർ ഔട്ട്‌ ) എന്ന ഗാനമാണ് പോരാളികൾക്ക് വീര്യം പകർന്നതെന്ന് നമുക്ക് വായിച്ചെടുക്കാൻ കഴിയും. അതെ വർഷം തന്നെ സുഡാനിലും നടന്നപ്രക്ഷോഭങ്ങളിലും ഹിപ്ഹോപിന്റെ സാന്നിധ്യം ഉണ്ടായിട്ടുണ്ടെന്നത് വസ്തുത തന്നെയാണ്. സൗത്ത് സുഡാനിൽ സമാധാനത്തിനു വേണ്ടി യാചിച്ച ജനതക്ക് ഊർജം നൽകിയ ഇമ്മാനുവൽ ജാലിന്റെ ഹിപ്ഹോപ് മ്യൂസിക്കും ഗസയിൽ ഇസ്രായേൽ ഉപരോധങ്ങൾക്കെതിരെ പോരാടിയ യുവതയുടെ പ്രതിഷേധത്തിന് സർവ ചൂടും ഭാവവും നൽകിയ എം സി ഗസയും മാത്രം പരിശോധിച്ചാൽ മതി ഇത്തരം ഗാന സംഗീതങ്ങളുടെ പ്രതിഫലനങ്ങൾ മനസ്സിലാക്കാൻ.

എംസി ഗസ്സ

ആഗോള തലത്തിൽ കായിക മേഖലയിൽ ഫുട്ബോളിന് എത്രത്തോളം സ്വാധീനമുണ്ടോ അത്രത്തോളം തന്നെ സ്വാധീനവും അവകാശസ്വത്വവും മ്യൂസിക്കിനെ സംബന്ധിച്ച് ഹിപ്ഹോപിനുമുണ്ട്. മറ്റിതര സംഗീത ഉപവിഭാഗങ്ങളെപ്പോലെ ദൈർഘ്യമേറിയ പഠനമോ തീവ്രമായ പരിശീലനമോ – ഗിറ്റാർ, പിയാനോ തുടങ്ങിയ ഉപകരണങ്ങൾ വഴിയുള്ള സംഗീതം പോലെ – ഇത്തരം ഹിപ് ഹോപ്‌ ഉദ്യമങ്ങൾക്ക് വേണ്ട. മനസ്സും ശരീരവും പൂർണതോതിൽ സമർപ്പിക്കാനും അതിനുവേണ്ടി സമയം നീക്കിവയ്ക്കാനും സന്നദ്ധരായവർക്കെല്ലാർക്കും ഒരേ പോലെ ആവാഹിച്ചെടുക്കാൻ കഴിയുമെന്നതാണ് ഇതിനെ ഇത്രയധികം സ്വീകര്യമാക്കുന്ന ഘടകം. ഫുട്ബോളിനെ സംബന്ധിച്ച് മാച്ചുകൾ എത്രത്തോളം പ്രധാനമാണോ അത്രത്തോളം അല്ലെങ്കിൽ അതിൽ കൂടുതൽ പ്രധാനമർഹിക്കുന്നതാണ് ഹിപ്ഹോപിനെ സംബന്ധിച്ച് റാപ്പ് ബാറ്റിൽസ് എന്നുള്ളത്. അത്കൊണ്ട് തന്നെ ഓരോ ചടങ്ങിലും പ്രധാന സംഗീതവേഷം അണിയുന്ന ഗായകന് തന്റെ കഴിവിലുമപ്പുറമുള്ള സർഗ്ഗാത്മകത പുറത്തെടുക്കാനുള്ള സംഗീത സ്വാതന്ത്ര്യം ഹിപ് ഹോപ്‌ അനുവദിച്ചു നൽകുന്നുണ്ടെന്ന് സാരം.

അതോടൊപ്പം തന്നെ ഒട്ടനേകം ചരിത്രപ്രസിദ്ധ കാവ്യങ്ങളും കവിതാശ്രേണികളും ഹിപ്ഹോപ്‌ മ്യൂസിക്ക് വഴി പ്രതിധ്വനിച്ചിട്ടുണ്ടെന്നതും ഇതിനെ മറ്റുള്ളവകളിൽ നിന്നും വേറിട്ട് നിറുത്തുന്ന ഘടകം തന്നെയാണ്. സുഡാനിലെ ഹകമത് കാവ്യവും അമേരിക്കയിലെ ദി ഡസണിനെ പോലെ കെനിയയിലുള്ള ചോങ്കുവാനോയും പോലെ അനവധി ഉദാഹരണങ്ങൾ ഇനിയുമുണ്ട്. ഇത്തരത്തിലുള്ള ആഗോള വ്യവസ്ഥാപിത ഘടകങ്ങളാണ് ഹിപ്ഹോപിനെ ആഗോള വ്യാപകമായി പ്രചരിപ്പിക്കാൻ മുൻകയ്യെടുക്കുന്നത്. മാത്രമല്ല, ഏകദേശം ഒട്ടുമിക്ക ഹിപ്ഹോപ്‌ സംഗീതങ്ങളും കറുത്ത അടിച്ചമർത്തപ്പെട്ട ജനതയുടെ കണ്ണുനീരിന്റെ പ്രതീകമായത് കൊണ്ട് തന്നെ ഹിപ്ഹോപ്‌ അതിന്റെ ആദ്യ കാലങ്ങളിൽ നേരിട്ട പ്രതിസന്ധികളും തടസ്സങ്ങളും അവിടത്തെ ജനങളുടേത് കൂടിയാണെന്നാണ് നാം മനസ്സിലാക്കേണ്ടത്.അമേരിക്ക കഴിഞ്ഞാൽ വിപണി വില്പനയിൽ മുൻപന്തിയിലുള്ള ഫ്രാൻസിൽ ഏറ്റവും കൂടുതൽ മാർക്കറ്റ് വാല്യൂ ഉള്ള ഇനമാണ് റാപ് സംഗീതം. എന്നിട്ട് കൂടി ബനിലൂകളുടെ സംഗീതമായത് കൊണ്ട് തന്നെ ഫ്രഞ്ച് ഔദ്യോഗിക മ്യൂസിക് ഇൻഡസ്ട്രിയായ സ്നെപ് പോലും ഹിപ്ഹോപിനെ തരം താഴ്ത്താനും മറ്റിതര സംഗീത വിഭാഗങ്ങളെ സാമ്പത്തികമായി കൂടുതൽ ഉത്തേജിപ്പിച്ച് ഇതിനെ തളർത്താനുള്ള പദ്ധതികൾ ആസൂത്രണം ചെയ്യാനും ശ്രമിച്ചു കൊണ്ടിരിക്കുന്നുവെന്നതാണ് ഏറ്റവും ഖേദകരം.

അമേരിക്കയിൽ കുറ്റവാളികളെ വിചാരണ ചെയ്യുന്ന വേളകളിൽ പോലും റാപ്പ് വരികൾ ഉപയോഗിച്ച് അതിനെ അവഹേളിക്കാൻ ശ്രമിക്കുന്നുണ്ടെങ്കിലും അവിടെയും പിടിച്ചുനിൽപ്പിന്റെ പാതയിൽ തന്നെയാണ് ഹിപ് ഹോപ്‌ സംഗീതം നിലകൊള്ളുന്നത്.

ഇതോടൊപ്പം തന്നെ ധാരാളം ഹിപ്ഹോപ്‌ സംഗീതജ്ഞരെ അറസ്റ്റ് ചെയ്യുന്ന നടപടികളും നിരവധി ഭരണകൂടങ്ങളിൽ നിന്നും ഉണ്ടായിട്ടുണ്ട്. ഇറാനിൽ ഭരണകൂട വിരുദ്ധ പോരാട്ടങ്ങളിലേക്കിറങ്ങാൻ ജനങ്ങളെ പ്രേരിപ്പിച്ചുവെന്ന കുറ്റം ചുമത്തി തൂമജ് സാലിഹി കഴിഞ്ഞ ഒക്ടോബർ മാസത്തിൽ അറസ്റ്റ് ചെയ്ത് കഠിനമായി പീഡിപ്പിച്ചതായി അദ്ദേഹത്തിന്റെ കുടുംബം തന്നെയാണ് വെളിപ്പെടുത്തിയത്.

തൂമജ് സാലിഹി

മ്യാന്മാറിലും ഇത് തന്നെയാണ് അവസ്ഥ. പട്ടാള ഭരണകൂടത്തിനെതിരെ പ്രക്ഷോഭം പുറപ്പെടുവിപ്പിച്ചുവെന്ന് ആരോപിച്ച് പ്രശസ്ത ഹിപ്ഹോപ്‌ ആർട്ടിസ്റ്റ് ഫ്യോ സീയർ തോയെ ജൂലൈയിൽ പട്ടാളം അറസ്റ്റ്‌ ചെയ്ത് തുറങ്കലിലടക്കുകയുണ്ടായി. ഇദ്ദേഹത്തിന്റെ കൂടെ വേറെ മൂന്ന് പേരെയും അറസ്റ്റ് ചെയ്തുവെന്നാണ് അറിയാൻ കഴിഞ്ഞത്.

അമേരിക്കയെ സംബന്ധിച്ചിടത്തോളം അവരുടെ ആദ്യത്തെയും ആത്യന്തികമായിട്ടുള്ളതുമായ ബ്ലാക്ക് മ്യൂസിക്കാണ് ഹിപ്ഹോപ്‌. മുഖ്യധാരാ അമേരിക്കൻ സംഗീതമേഖലയിൽ ഇടം കണ്ടെത്തുകയെന്നത് ഹിപ്ഹോപ്‌ സംഗീതത്തിന്റെ നിലനിൽപ്പിന്റെ പ്രശ്നമാണ്. അത് തന്നെയാണ് എത്രത്തോളമാണ് ഹിപ്ഹോപ്‌ സംഗീതം കറുത്ത വർഗ്ഗക്കാർക്ക് വേണ്ടി പോരാടിയിട്ടുള്ളത് എന്ന വസ്തുതയെ വ്യക്തമാക്കുന്നതും.

ചുരുക്കത്തിൽ അമേരിക്കൻ ഭൂഖണ്ഡങ്ങളിൽ പോലും ഹിപ്ഹോപിന്റെ രാഷ്ട്രീയ നിലനിൽപ്പ് ചോദ്യം ചെയ്യപ്പെടുന്നുണ്ടെന്ന സത്യം നമ്മൾ അംഗീകരിച്ചേ മതിയാവൂ. ഭരണകൂടപരമായും അല്ലാതെയും നിരന്തരമായ ചോദ്യം ചെയ്യലുകളാണ് ഹിപ്ഹോപിനെതിരെ അവിടങ്ങളിൽ ഉയരുന്നത്.

എന്നാൽ ബാക്കിയുള്ള സ്ഥലങ്ങളിൽ അത് നിലനിൽപ്പിന്റെയും ചെറുത്ത്നിൽപ്പിന്റെയും അതിജീവനത്തിന്റെയും പ്രതീകമായി നിലകൊള്ളുന്നു. അത് കൊണ്ട് തന്നെ ലോകത്തിന്റെ വിവിധ ദിക്കുകളിൽ നിന്നും നാനാ വിഭാഗം ജനങ്ങളും ഹിപ്ഹോപിന് ജന്മദിനാശംസകൾ നേരുന്നു..

Courtesy: Al Jazeera
വിവ: സ്വദഖത്ത് സെഞ്ചർ

By നഞ്ചല ന്യബോള

Writer and political analyst based in Nairobi, Kenya