കേരളത്തിലെ യുക്തിവാദ-മത സംവാദങ്ങളുടെ സമകാലിക ഭാവന

കേരളത്തിൽ സമീപ വർഷങ്ങളിൽ സാമൂഹിക മാധ്യമങ്ങളിലും അല്ലാതെയും ഉണ്ടായിട്ടുള്ള യുക്തിവാദ- മത സംവാദങ്ങളെ കുറിച്ചുള്ള നിരീക്ഷണമാണ് ഈ എഴുത്തിന്റെ ഉദ്ദേശം. ഇവിടെ മതം എന്ന നിലക്ക് ഇസ്‌ലാമിനെ മാത്രമാണ് വിശകലനം ചെയ്യുന്നത്. അതിന്റെ കാരണം തുടർന്ന് വ്യക്തമാക്കപ്പെടുന്നുണ്ട്. അതോടൊപ്പം കേരള ചരിത്രത്തിൽ ഉടനീളമുണ്ടായിട്ടുള്ള യുക്തിവാദ- മത സംവാദങ്ങളെ ഈ എഴുത്ത് ഉൾക്കൊള്ളുന്നുമില്ല. മറിച്ച് മതനിരാസ, യുക്തിവാദ മേഖലയിൽ വലതുവൽക്കരണത്തെ തുടർന്നുണ്ടായിട്ടുള്ള മാറ്റത്തെ നോക്കികാണാനുള്ള ശ്രമമാണ് ഈ എഴുത്ത്. അതിന്റെ തന്നെ തുടർച്ചയിലാണ് എന്തുകൊണ്ട് മതം എന്നതിനകത്ത് ഇസ്‌ലാം സവിശേഷമായി കടന്നു വരുന്നു എന്നതിനെയും മനസിലാക്കുന്നത്.

എന്താണ് സംവാദം?

ഇന്നത്തെ സംവാദത്തെ കുറിച്ചുള്ള നിർവചനങ്ങൾക്ക് ജയപരാജയങ്ങളുടെ അർത്ഥതലങ്ങളാണ് ഉണ്ടാവാറുള്ളത്. എതിർ സംവാദകനെ പരാജയപ്പെടുത്തുക എന്നത് സംവാദത്തിന്റെ ലക്ഷ്യമായി പലപ്പോഴും കരുതപ്പെടുന്നു. ഒരു സംവാദം നടക്കുന്നതിന് മുന്നേ തന്നെ സാമൂഹിക മാധ്യമങ്ങളിലും മറ്റുമായി ചേരിതിരിഞ്ഞ് തർക്കങ്ങളും വാദപ്രതിവാദങ്ങളും തുടങ്ങി വിദ്വേഷവും വെറുപ്പും ഉല്പാദിപ്പിക്കുകയും ചെയ്യുന്ന വിധത്തിലേക്ക് അത് മാറുന്നു. ഇതിൽ നിന്ന് വിഭിന്നമായ സംവാദ സാധ്യത കണ്ടെടുക്കാനാണ് പ്രാഥമികമായും ഈ എഴുത്ത് ലക്ഷ്യം വെക്കുന്നത്. സംവാദം എന്നത് ഒരു നാഗരികതയുടെ തന്നെ നിലനിൽപ്പിനെ സ്വാധീനിക്കുകയും, നിലനിർത്തുകയും, അപനിർമിക്കുകയും ചെയ്യുന്ന ഒന്നാണ്. ഓരോ കാലഘട്ടത്തിലും വിവിധ ആശയാദർശങ്ങളെ പരസ്പരം ഉരച്ച് നോക്കുവാനും അതിൽ നിന്ന് ഉൾതിരിയുന്ന ദാർശനിക അവബോധത്തെ മുഴുവൻ മനുഷ്യ സമൂഹത്തിന് മുന്നിൽ പ്രത്യയശാസ്ത്ര പരികല്പനയായി അവതരിപ്പിക്കാനും സാധിക്കുക എന്ന മഹത്തായ ലക്ഷ്യമാണ് ഒരു സംവാദത്തിലൂടെ സാധ്യമാകേണ്ടത്.

ഒരു ഘട്ടം വരെ കേരളത്തിന്റെ യുക്തിവാദ ചരിത്രം ഇവിടെയുള്ള ഇടതുപക്ഷ രാഷ്ട്രീയത്തിന്റെ കൂടി ചരിത്രമായിരുന്നു. സ്ഥാപനവൽകൃത മതബോധത്തിന്റെ പ്രശ്നത്തെ താത്വികമായി തന്നെ നിരൂപണ- വിമർശന വിധേയമാക്കിയും, അതിനെതിരെ രാഷ്ട്രീയമായ പോരാട്ടങ്ങൾ നടത്തിയുമാണ് ഈ ഘട്ടത്തിൽ മതങ്ങൾക്കെതിരെ യുക്തിവാദ സംഘങ്ങൾ ഇവിടെ പ്രവർത്തിച്ചിരുന്നത്. കേരളത്തിലെ ആദ്യത്തെ മുഖ്യമന്ത്രിയും മാർക്സിസ്റ്റ് സൈദ്ധാന്തികനുമായിരുന്ന ഇഎംഎസ് നമ്പൂതിരിപ്പാടിന്റെ സുപ്രധാന വൈജ്ഞാനിക ഇടപെടുകളിൽ ഒന്ന് മതങ്ങൾക്കെതിരെയുള്ളതായിരുന്നു. ശരീഅത്ത് സംവാദ കാലത്ത്, മതത്തിനെതിരായി നിലയുറപ്പിച്ചവരിൽ പ്രമുഖനായിരുന്നു ഇഎംഎസ്. ഇതേ കാലത്ത് തന്നെയാണ് കെഇഎൻ കുഞ്ഞഹമ്മദ് അടക്കമുള്ള ഇതര ഇടതുപക്ഷ സൈദ്ധാന്തികരും മതവിമർശനവുമായി കടന്നു വരുന്നത്. ‘സ്വർഗം നരകം പരലോകം’ പോലുള്ള അദ്ദേഹത്തിന്റെ കൃതികൾ മതവിമർശനത്തിന്റെ യുക്തിവാദ ക്ലാസിക്കുകളിൽ പ്രധാനപെട്ടതാണ്.

ഒന്നാമതായി, ഇതിൽ നിന്ന് ഇന്നത്തെ വലതുപക്ഷ നവനാസ്തികവാദത്തിലേക്ക് എത്തുമ്പോഴുള്ള പ്രധാന പ്രതിസന്ധി മുൻ കാലങ്ങളിൽ നിന്ന് വ്യത്യസ്തമായി തങ്ങളുടേതായ ദാർശനിക അടിത്തറകളോ ആശയ സംഹിതയോ അവതരിപ്പിക്കുവാനോ അതിനെ മുന്നിൽ വെച്ചുള്ള സംവാദങ്ങൾ രൂപപ്പെടുത്താനോ ഈ കൂട്ടർ ശ്രമിക്കുന്നില്ല എന്നതാണ്. ഏതൊരു ദർശനത്തെയും വിമർശനാത്മകമായി സമീപിക്കുമ്പോൾ, അവയുടെ പ്രശ്നങ്ങൾ ചൂണ്ടികാണിക്കുമ്പോൾ അതിന് ബദലായ പരിഹാര മാർഗം നിർദേശിക്കുന്ന ആശയത്തെ കൂടി അവതരിപ്പിക്കാൻ സാധിക്കേണ്ടതുണ്ട്. മാർക്സിസം അടക്കമുള്ള ഇതര ആശയാടിത്തറയെ മുന്നിൽ വെച്ചുകൊണ്ടാണ് പൂർവകാല യുക്തിവാദം ആ കാലങ്ങളിൽ മത വിമർശനങ്ങൾ ഉന്നയിക്കുകയും മതങ്ങളുമായി സംവാദത്തിൽ ഏർപ്പെടുകയും ചെയ്തിട്ടുള്ളത്. ആഗോളതലത്തിൽ തന്നെ നവനാസ്തികവാദത്തിന്റെ പ്രധാന പരിമിതി അതിന് ബദൽ മുന്നോട്ട് വെക്കാനുള്ള ദാർശനിക അടിത്തറ ഇല്ലെന്നതാണ്.

രണ്ടാമതായി, ഒരു പരിധിവരെ ഈ കൂട്ടർ മുന്നോട്ടുവെക്കുന്നത് ശാസ്ത്ര കേന്ദ്രികൃത വാദമാണ്. ശാസ്ത്രാവബോധം ഉണ്ടാകുന്നതിലൂടെ മതങ്ങളുടെ പ്രസക്തി നഷ്ടപ്പെടുമെന്നാണ് ഇവരുടെ പ്രധാന സങ്കല്പം. ആ അർത്ഥത്തിൽ ശാസ്ത്രത്തെ മത വിരുദ്ധമായ ഒന്നായി അവതരിപ്പിക്കുക എന്ന രീതിയാണ് പൊതുവിൽ അവലംബിക്കാറുള്ളത്. മതം, ശാസ്ത്രം എന്നിവ ദ്വന്ദ്വങ്ങളായാണ് നവനാസ്തികവാദത്തിൽ ഉന്നയിക്കപ്പെടാറുള്ളത്. എന്നാൽ മതം ശാസ്ത്രത്തോടോ തിരിച്ചോ ദ്വന്ദ്വപരമായ രീതിയിലല്ല നിലകൊള്ളുന്നത്. രണ്ടിനും അതിന്റെതായ വ്യത്യസ്ത പ്രവർത്തന മേഖലകളാണ് ഉള്ളത്. എന്ന് മാത്രമല്ല പരസ്പര പൂരകങ്ങൾ കൂടിയാണ് ശാസ്ത്രവും മതങ്ങളും എന്നുകൂടി കാണേണ്ടതുണ്ട്. ശാസ്ത്രത്തിന്റെ മേഖലയിൽ ദർശനങ്ങൾക്കോ ആശയ സംഹിതകൾക്കോ വലിയ പ്രസക്തിയോ പ്രാധാന്യമോ ഇല്ല. അത് ലോകത്തിന്റെ, പ്രപഞ്ചത്തിന്റെ നിർണിത മേഖലയിൽ മാത്രം ഇടപെടുന്ന, പ്രസ്തുത മേഖലകളിൽ പുതിയ സാധ്യതകൾ എപ്പോഴും തുറന്ന് വെക്കാൻ ശ്രമിക്കുന്ന കുറേക്കൂടി സാങ്കേതികമായ രീതിശാസ്ത്രമാണ്. മതങ്ങളുടെ പ്രവർത്തന മേഖല ഇതിൽ നിന്ന് വ്യത്യസ്തമാണ്. മനുഷ്യന്റെ ആത്മീയവും വ്യക്തിപരവും സാമൂഹികവും രാഷ്ട്രീയവുമൊക്കെയായ ജീവിത മേഖലകളെ നിർവചിക്കുകയും അത്തരം മേഖലകളിൽ ദിശാബോധം നൽകുകയും ചെയ്യുക എന്ന ദൗത്യമാണ് മതത്തിനുള്ളത്. ശാസ്ത്രത്തിന്റെ മേഖലയിൽ ഒരു പരിധിക്കപ്പുറത്ത് മതത്തിന് ഇടപെടാനുള്ള സാധ്യതയില്ല എന്നത് പോലെ തന്നെ തിരിച്ച് ശാസ്ത്രത്തിനും മതം ഇടപെടുന്ന മേഖലയിലും ഒന്നും ചെയ്യാനില്ല. ശാസ്ത്രവും മതവും സമ്മിശ്രമായി രൂപപ്പെടുത്തുന്ന ഒരു ലോകബോധത്തെ മുൻനിർത്തിയാണ് നമ്മുടെ ജീവിത വീക്ഷണങ്ങൾ രൂപപ്പെടുത്തേണ്ടത്. ഒന്നിൽ നിന്ന് അടർത്തി മാറ്റി മറ്റൊന്നിന് നിലനിൽപ്പ് സാധ്യമല്ല എന്നിടത്താണ് നവനാസ്തിക വാദത്തിന്റെ ശാസ്ത്രമാത്ര വാദം പരാജയപ്പെടുന്നത്.

മൂന്നാമതായി, മതവിമർശനം എന്ന പേരിൽ വിദ്വേഷവും വെറുപ്പും ഉല്പാദിപ്പിക്കുക എന്നതാണ് നവനാസ്തികതയുടെ മറ്റൊരു പ്രധാന പ്രശ്നം. സ്വന്തമായ ആശയ അടിത്തറ ഇല്ല എന്നതും ശാസ്ത്രമാത്ര വാദം മുഴുവൻ മനുഷ്യ പ്രശ്നങ്ങളും അഭിസംബോധന ചെയ്യുന്നില്ല എന്നതും മത വിമർശനങ്ങളിൽ സ്വീകരിക്കേണ്ട മൗലിക അടിത്തറയെ കുറിച്ച് അവ്യക്തത ഉണ്ടാക്കുന്നു. ഈ അവ്യക്തത പിന്നീട് വിദ്വേഷ ഉള്ളടക്കമുള്ള മത വിമർശനത്തിലേക്ക് ഇവരെ നയിക്കുന്നു.

മത വിമർശനത്തിനകത്ത് ദാർശനിക ഉള്ളടക്കം ഇല്ലാതിരിക്കുന്നു എന്നത് കൊണ്ട് മതവിമർശനത്തിലൂടെ എന്തുതരം മാറ്റത്തെയാണ് ഇവർ മുന്നോട്ട് വെക്കുന്നത് എന്നതിൽ നവനാസ്തികതയെ സംബന്ധിച്ച്, അതിനെ പുറത്ത് നിന്ന് നോക്കുന്നവർക്ക് അവ്യക്തത ഉണ്ടാക്കുന്നു. എന്നാൽ ഇവരുടെ ഉള്ളിൽ അതല്ല സ്ഥിതി.

നവനാസ്തിക മത വിമർശനങ്ങളും അവരുടെ തന്നെ അസ്തിത്വപരമായ ഉള്ളടക്കവും പരിശോധിച്ചാൽ അധികാര-അധീശത്വ വർഗ്ഗത്തോട് എപ്പോഴും ചേർന്ന് നിൽക്കുന്ന സമീപനം സ്വീകരിക്കുന്നതായി കാണാൻ കഴിയും. ആഗോളതലത്തിൽ നവനാസ്തികരിൽ പ്രമുഖരായ റിച്ചാർഡ് ഡോകിങ്‌സ്, സാം ഹാരിസ് തുടങ്ങിയവർ ഒക്കെ അമേരിക്കൻ പക്ഷപാതിത്വം ഉള്ളവരാണ് എന്ന് കാണാം. ഇവരുടെ തന്നെ തുടർച്ചയിലാണ് അയാൻ ഹിർസി അലിയുടെയും ഇസ്‌ലാം മതവിമർശനത്തെ കാണേണ്ടത്.

അധികാര അധീശത്വ വർഗ്ഗത്തോടുള്ള സമീപ്യത്തിൽ നിന്നാണ് നവനാസ്തികർക്ക് മത വിമർശനം സമം ഇസ്‌ലാം വിമർശനം എന്ന ഭാവന രൂപപ്പെടുന്നത്. ഇസ്ലാമോഫോബിയ ഉല്പാദിപ്പിക്കുക എന്നത് ആഗോള- പ്രാദേശിക തലങ്ങളിൽ ഏറെ വിപണിമൂല്യം ഉള്ള ഒന്നായത് കൊണ്ട് തന്നെ രണ്ടാമതൊരു ആലോചനയുടെ വിഷയം തന്നെ ഇവിടെ വരുന്നില്ല. നവനാസ്തിക യുക്തിവാദത്തിന് ഒരേസമയം കേരളത്തിൽ അടക്കം ഇടതുപക്ഷത്തിന്റെ നേതൃത്വത്തിൽ ഉണ്ടായിരുന്ന മത വിമർശനത്തിന്റെ ഉള്ളടക്കത്തെ ഇല്ലാതാക്കുക എന്നതും ഇസ്‌ലാമിനെ നിരന്തരമായി ഭീകരവത്കരിക്കുകയും ചെയ്യുക എന്ന ഇരട്ട ചുമതലയാണ് നിർവഹിക്കാനുള്ളത്. ഇത് രണ്ടും ഒരുപോലെ സന്തോഷിപ്പിക്കുക ആഗോളതലത്തിൽ സാമ്രാജ്യത്വത്തെയും ഇന്ത്യയിൽ സംഘ്പരിവാറിനെയുമാണ്. ഇവിടെയാണ് നവനാസ്തികത കേവല മതവിമർശന സങ്കല്പമല്ലെന്ന തിരിച്ചറിവ് ആർജിക്കപ്പെടുന്നത്. കേരളത്തിലെ നവനാസ്തികരുടെ വിവിധ പ്ലാറ്റ്ഫോമുകളിൽ നിന്ന് ഇതുവരെ ഉന്നയിക്കപ്പെട്ട പ്രധാന മത വിമർശനങ്ങൾ ഒക്കെ തന്നെയും ഇസ്‌ലാമിനെതിരെ ആയിരുന്നു എന്ന് കാണാം ഇത് കേവല യാദൃശ്ചികമല്ല എന്ന് തിരിച്ചറിയപ്പെടേണ്ടതുണ്ട്.

ഈ പശ്ചാത്തലത്തിൽ നവനാസ്തികത മറുപടി പറയേണ്ട അവരുടെ തന്നെ അസ്തിത്വ സംബന്ധമായ ചില ചോദ്യങ്ങൾ കൂടി ഉന്നയിച്ച് ഈ എഴുത്ത് അവസാനിപ്പിക്കുന്നു.

1. ശാസ്ത്രമാണ് മനുഷ്യന്റെ അടിസ്ഥാന ജീവിത വീക്ഷണം എന്ന വാദത്തിൽ നിന്നുകൊണ്ട് ഇസ്‌ലാമിനോട് ഉന്നയിച്ച അതേ വിമർശനങ്ങളും സംവാദങ്ങളും ഇവിടെയുള്ള ഇതര മത ദർശനങ്ങളോടും ഉന്നയിക്കുവാൻ എന്തുകൊണ്ട് നിങ്ങൾക്ക് സാധിക്കുന്നില്ല?

2. മാർക്സിസം അടക്കമുള്ള മത അടിത്തറയില്ലാത്ത ദര്ശനങ്ങളോട് ഇതേ ശാസ്ത്ര വീക്ഷണത്തെ മുൻനിർത്തി ഒരു സംവാദ മണ്ഡലം എന്തുകൊണ്ട് കേരളത്തിൽ വികസിപ്പിക്കാൻ സാധിക്കുന്നില്ല?

3. ധാർമികത, സദാചാരം തുടങ്ങിയ മൂല്യങ്ങളെ മുൻനിർത്തി ഇസ്‌ലാമുമായി നടത്തിയ സംവാദങ്ങൾ ഇതര മത- മതേതര ദര്ശനങ്ങളോട് നടത്താൻ എന്തുകൊണ്ട് സാധിക്കുന്നില്ല?

ഈ ചോദ്യങ്ങൾ അഭിമുഖീകരിക്കാൻ തീരുമാനിച്ചാൽ തന്നെ നവനാസ്തികതക്ക് ഇന്നുള്ള ഘടനയിൽ നിന്ന് മാറി സഞ്ചരിക്കേണ്ടി വരും. അങ്ങനെ അവർക്ക് എത്രമാത്രം സാധിക്കുമെന്നതിന് മുകളിൽ ഉന്നയിച്ച പ്രശ്നങ്ങൾ പ്രതിബന്ധങ്ങളായി നിൽക്കുന്നുമുണ്ട്.

By ആതിഫ് ഹനീഫ്

Journalist, FactSheets