ലിഞ്ചിംഗിനും ബുൾഡോസറുകൾക്കുമിടയിൽ അഭിമാനപൂർവം അതിജീവിക്കുന്നതിനെക്കുറിച്ച് സംസാരിക്കാം- ആസിഫ് മുജ്തബ

കഴിഞ്ഞ വർഷം ഏപ്രിൽ മാസം KARVAN വഴി ഞങ്ങൾ സഹായിച്ച ഒരു കുടുംബവുമായി ഞാൻ സംസാരിക്കുകയായിരുന്നു. ഖർദോനിനടുത്ത് സിന്ദ്വാ എന്ന പ്രദേശത്ത് ആ ആക്രമണത്തിന് ശേഷം മുസ്‌ലിം വീടുകളെ മനഃപൂർവ്വം തിരഞ്ഞുപിടിച്ച് നശിപ്പിക്കുകയുണ്ടായി. ഉത്തരേന്ത്യയിൽ ഇത് പുതിയൊരു ട്രന്റായി മാറിയിരിക്കുകയാണ്. കെട്ടിച്ചമച്ച കാരണങ്ങളുടെ പിൻബലത്തിൽ പോലും നിമിഷങ്ങൾ കൊണ്ട് മുസ്‌ലിം ഭവനങ്ങൾ അവർ തകർത്തു തരിപ്പണമാക്കുന്നു.

ഒരു പെരുന്നാൾ ദിനത്തിൽ 70 വയസ്സ് പ്രായമായ ഒരു മനുഷ്യൻ എന്നെ വിളിച്ചു. അദ്ദേഹം പറയുകയാണ്, “നിങ്ങൾ ചെയ്തു തന്നതിനൊക്കെ നന്ദി ആസിഫ് ഭായ്, ഇപ്രാവശ്യം ഞങ്ങൾക്ക് ഈദാഘോഷിക്കാൻ സാധിച്ചു. പക്ഷേ ഒരു കാര്യം കൂടി എനിക്ക് പറയാനുണ്ട്, എന്റെ വീട് പൊളിക്കാൻ പോലീസുകാര് വന്നപ്പോൾ എന്റെ പതിനേഴ് വയസ്സുള്ള മകൾ അകത്ത് കുളിച്ചു കൊണ്ടിരിക്കുകയായിരുന്നു, വീട്ടിൽ നിന്നിറങ്ങി പോകാനും ഞങ്ങളിത് പൊളിക്കാൻ പോവുകയാണെന്നും പോലീസ് പറഞ്ഞു. മകളൊന്ന് കുളിമുറിയിൽ നിന്ന് പുറത്ത് വന്നോട്ടേ എന്ന് ഞാനവരോട് അപേക്ഷിച്ചു.” പോലീസ് ആ പിതാവിന് ഒരു മിനിറ്റ് നേരം പോലും സാവകാശം നൽകിയില്ലെന്ന് മാത്രമല്ല, ഡോറ് പൊളിച്ച് മകളെ നഗ്നയായ നിലയിൽ പുറത്തെത്തിച്ചതിന് ശേഷമാണ് വീട് അവർ പൊളിച്ചു മാറ്റിയത്.

അതിനാൽ വീട് പൊളിക്കുന്നതിനെ കുറിച്ചല്ല ഞാൻ സംസാരിക്കുന്നത്, മറിച്ച് മുസ്‌ലിംകൾ നേരിട്ടു കൊണ്ടിരിക്കുന്ന ഈ അപമാനത്തെ കുറിച്ചാണ്. റഷീദാ ബീ എന്ന ഒരു സ്ത്രീയുമായി ഞാൻ സംസാരിക്കാനിടയായി. നോമ്പ് തുറക്കാൻ ഒരു മണിക്കൂർ മാത്രം ബാക്കി നിൽക്കേ മാത്രമാണ് പോലീസ് വന്ന് ഡോറിൽ മുട്ടി വീട് പൊളിക്കാൻ പോവുകയാണെന്ന് അറിയിച്ചത് എന്ന് അവർ പറഞ്ഞു. ‘ഇത് റമാദാനാണ്, പരിശുദ്ധ ഖുർആൻ പുറത്തെടുത്തു വെക്കാനെങ്കിലും എന്നെ അനുവദിക്കൂ’ എന്നവർ പോലീസിനോടാവശ്യപ്പെട്ടു. പക്ഷേ അവരനുവദിച്ചില്ല. പിന്നീട് ‘നോമ്പ് തുറക്കാനാവശ്യമായ ഒരു കുപ്പി വെള്ളവും ഈത്തപ്പഴവും എടുത്തോട്ടേ’ എന്നവരാശ്യപ്പെട്ടു. പക്ഷേ 65-70 വയസ്സ് പ്രായമായ റഷീദാ ബീഗമെന്ന ആ സ്ത്രീയെ അതിനു പോലും അവരനുവദിച്ചില്ല. ആ വീടും പൊളിക്കപ്പെട്ടു.

മുസ്‌ലിം യുവാക്കളെ ഇല്ലാത്ത കേസിന്റെ പേരിൽ പിടിച്ചുകൊണ്ടു പോയി പട്ടാപ്പകലിൽ വളഞ്ഞിട്ട് തല്ലിക്കൊല്ലുന്ന ഗോരക്ഷാ സേനയുമായുടെ ഇരകൾക്ക് വേണ്ടി ഞങ്ങൾ പ്രവർത്തിച്ചിട്ടുണ്ട്. അതിനാൽ ഇന്ന് നാം സംസാരിക്കേണ്ട ഏറ്റവും സുപ്രധാനമായ ഒരു വിഷയം അഭിമാനപൂർണമായ ഒരു അസ്തിത്വം നമുക്കെങ്ങനെ സാധ്യമാകും എന്നതിനെ കുറിച്ചാണ്. പക്ഷേ ഒരു മുസ്‌ലിമെന്ന നിലയിൽ അഭിമാനപൂർണമായ നിലനിൽപ്പിനെ കുറിച്ച് നാമൊരിക്കലും സംസാരിച്ചിട്ടില്ലെന്നാണ് എനിക്ക് തോന്നുന്നത്. പ്രവാചക ചരിത്രം നാം വായിക്കാറുണ്ട്, സർവ്വരുടെയും അഭിമാനപൂർണമായ സഹവർതിത്വത്തെ കുറിച്ച് നാം വാതോരാതെ സംസാരിക്കാറുണ്ട്. പക്ഷേ നമുക്ക് വേണ്ടി സംസാരിക്കാറില്ല.

ഇവിടെ ദക്ഷിണേന്ത്യയിലെ ഏറ്റവും വലിയ രാഷ്ട്രീയ സംഘടനയെന്ന് പറയാവുന്ന ഒരു കൂട്ടർ അവരുടെ 75-ാം വാർഷികം ആഘോഷിക്കുന്ന ഈ വേളയിൽ എനിക്ക് പറയാനുള്ളത്, ഇത് 75 വർഷത്തെ കേവലമായ ജീവിതമല്ല. മറിച്ച്, ഇത് പോരാട്ടത്തിന്റെയും ചെറുത്തുനില്പിന്റെയും 75 വർഷമാണ്. മർദ്ദകന്റെ കണ്ണിൽ നോക്കി ‘ദാ, ഞങ്ങളിവിടെ ജീവിക്കുന്നു, ഇനിയും ഞങ്ങൾ പോരാടും’ എന്ന് പറയുന്നതിന്റെ 75 വർഷങ്ങളാണിത്. അഥവാ, ഐ.യു.എം.എൽ നയിച്ച പോരാട്ടത്തിന്റെ പ്രശോഭിതമായ 75 വർഷമാണ്. ഏറ്റവും ഒടുവിൽ ഐ.യു.എ.എം.എല്ലിന്റെ വേദിയിൽ ഞാൻ സംസാരിച്ചത് ഒരു ഭാഷാ സമാഗമത്തിന്റെ വേദിയിലാണ്. അതായത് നിങ്ങൾ നയിച്ച പോരാട്ടങ്ങളുടെ അനവധി ഉദാഹരണങ്ങളിവിടെ ഉണ്ട്. നിങ്ങൾ അഭിമാനത്തോടെ, ‘അതെ, കഴിഞ്ഞ 75 വർഷത്തോളമായി ഞങ്ങളിവിടെ ഉണ്ട്, 75 വർഷത്തോളമായി ഞങ്ങൾ പോരാടുന്നുണ്ട്’ എന്ന് പറയാൻ തയ്യാറാണെങ്കിൽ വലിയൊരു ഉത്തരവാദിത്വത്തിന്റെ ഭാരമാണ് നിങ്ങളുടെ ചുമലിൽ വന്നു ചേരുക. നാം പ്ലാറ്റിനം ജൂബിലി ആഘോഷിക്കുകയാണെന്ന് പറയാൻ എളുപ്പമാണ്. നിങ്ങളുടെ നിലനിൽപ്പിനോട് വർഷങ്ങളോരോന്ന് കൂട്ടി ചേർക്കുമ്പോൾ വലിയൊരു ഉത്തരവാദിത്തം ഐ.യു.എം.എല്ലിന് വന്നു ചേരുന്നുണ്ട്.
അഭിമാനപൂർണമായ അസ്തിത്വത്തെ കുറിച്ച് സംസാരിക്കുമ്പോൾ എല്ലാ പാർശ്വവൽകൃത സമുദായത്തെ കുറിച്ചുമാണ് നാം സംസാരിക്കുന്നത്. നോർത്തിന്ത്യയിൽ ഇത്തരത്തിൽ ലിഞ്ചിങിന് വിധേയമാക്കപ്പെടുന്നതും കള്ളക്കേസിൽ കുടുക്കി വേട്ടയാടപ്പെടുന്നതും മുസ്‌ലിങ്ങളാണ്. മൂന്ന് മാസങ്ങൾക്ക് മുൻപാണ് മധ്യപ്രദേശിൽ ഒരു മനുഷ്യൻ മുസ്ലിം ആണെന്ന സംശയത്തിൻ്റെ പേരിൽ കൊലചെയ്യപ്പെട്ടത്. അതിനാൽ ഒരു മുസ്‌ലിമിനെ ലിഞ്ച് ചെയ്യാൻ ഗോരക്ഷയുടെയോ ബീഫിന്റെയോ മറ്റേതൊരു കാരണമോ വേണ്ടാത്തവിധം, ഒരു മുസ്‌ലിമോ അല്ലെങ്കിൽ കാണാൻ മുസ്‌ലിമിനെ പോലെ ആവുകയോ മാത്രം ചെയ്താൽ കൊല്ലപ്പെടാം എന്ന തരത്തിൽ അങ്ങേയറ്റം പരിതാപകരമാണ് കാര്യങ്ങൾ. ലിഞ്ച് ചെയ്യപ്പെടാൻ ഒരു മുസ്‌ലിം നാമം മാത്രം മതി.

(പത്രപ്രവർത്തകനും ഗവേഷകനുമായ ആസിഫ് മുജ്തബ മുസ്ലിം ലീഗ് പ്ലാറ്റിനം ജൂബിലി പരിപാടിയിൽ നടത്തിയ പ്രഭാഷണത്തിൽ നിന്നും)

By Editor