ആദിവാസിയെ തല്ലാനോങ്ങി നടക്കുന്ന വംശീയ കേരളം

അമ്മിണി കെ. വയനാട് കോഴിക്കോട് മെഡിക്കൽ കോളജിൽ ആശുപത്രിയിൽ ഭാര്യയുടെ പ്രസവത്തിന് കൂട്ടിരിക്കാൻ വന്ന ആദിവാസി യുവാവിനെ ആൾക്കൂട്ടം തല്ലി കൊന്നിരിക്കുന്നു. ആദിവാസികൾക്ക് സ്വന്തം ജില്ലയിൽ വേണ്ടത്ര ചികിത്സ ലഭിക്കാതെ വരുമ്പോൾ ആണ് മറ്റുള്ള ജില്ലയിൽ ചികിത്സക്ക് പോകുന്നത് . വിശ്വാനാഥൻ വിവാഹം കഴിഞ്ഞ് എട്ടു വർഷം കാത്തിരുന്നിട്ടാണ് ഒരു കുഞ്ഞ് ജനിച്ചത്. ചികിത്സക്ക് എത്തുന്ന ആദിവാസി സഹോദരങ്ങളിൽ വിദ്യാഭ്യാസം ഇല്ലാത്തവരും സാമ്പത്തികമില്ലാത്തവരും മുഷിഞ്ഞ വസ്ത്രം ധരിച്ചവരും പട്ടിണി കിടക്കുന്നവരും ഉണ്ടാകും. പക്ഷെ വല്ലവന്റെ മൊബൈൽ ഫോൺ മോഷ്ടിച്ച് കൊണ്ട് വിറ്റു പണം ഉണ്ടാക്കേണ്ട കാര്യമില്ല. സംസ്കാരിക കേരളത്തിൽ വിദ്യാഭ്യാസവും പണവുമുള്ള പൊതു സമൂഹവും ഭരണകൂടവും സർക്കാർ സംവിധാനങ്ങളിൽ പോലും നിറത്തിെന്റെയും ജാതിയുടെയും പേരിൽ തെരുവിൽ കള്ളനാക്കി ആദിവാസി സമൂഹത്തെ ചിത്രീകരിക്കുന്നതും കൊല്ലുന്നതും ക്രൂരമായി മർദ്ദിക്കുന്നതും ഒറ്റപ്പെട്ട സംഭവമല്ല. നിരപരാധികളായ ആദിവാസികളെ പോലീസ് സ്റ്റേഷനിൽ കൊണ്ടുപോയി മർദ്ദിച്ച ശേഷം കുറ്റം ഏറ്റെടുപ്പിക്കുന്ന സംഭവം വയനാട്ടിൽ കൂടി കൊണ്ടിരിക്കുന്നു. ടൗണിൽ സാധനങ്ങൾ വാങ്ങാൻ പോയാൽ കട കുത്തി തുറന്ന് മോഷ്ടിച്ചുവെന്ന് പറയും, നിർത്തിയിട്ട വാഹനത്തിൽ ചാരി നിന്നാൽ വാഹനം ഓടിക്കാൻ അറിയാത്ത ആദിവാസി യുവാവ് വാഹനം മോഷ്ടിച്ചുവെന്ന് പറയും- ഇതാ ഇപ്പോ ആശുപത്രികളിൽ പോലും മോഷ്ണം നടത്തിയെന്ന് ആദിവാസികളുടെ മേൽ കുറ്റം. സംഭവത്തിൽ പ്രതിഷേധം അറിയിക്കുന്നു. സെക്യൂരിറ്റി ജീവനക്കാരനെതിരെ കൊലപാതക കുറ്റത്തിന് കേസ് എടുക്കുക: സി സി ടി വി ദൃശ്യങ്ങൾ പുറത്ത് വിടുക.

ലീല സന്തോഷ്: പൊതുബോധം എന്നത് വെളുത്ത് തുടുത്ത മുഖവും, വടിവൊത്ത ശരീരവും, ബ്രാൻഡഡ് വസ്ത്രങ്ങളും അണിഞ്ഞ് നടക്കുന്നവരാണ് മാന്യരും ബുദ്ധി ഉള്ളവരും എന്നാണ്. അങ്ങനെയുള്ള പൊതുബോധത്തോട് ഒരാദിവാസി എന്ന നിലയിൽ: ഒരാദിവാസിയുടെ നിറം കറുത്തതാണ്. ചുരുണ്ട് എണ്ണമയമില്ലാത്ത മുടിയാണ്. പരന്ന മൂക്കാണ്. തടിച്ച ചുണ്ടുകളാണ്. വരണ്ടുണങ്ങിയ തൊലിയാണ്. പഴകിയ ബ്രാൻഡഡ് അല്ലാത്ത വസ്ത്രങ്ങളാണ് ഉപയോഗിക്കുന്നത്. ചിലപ്പോൾ ബസ്സിന്റെ ബോർഡ് വായിക്കാൻ കൂടിയുള്ള വിദ്യാഭ്യാസം ഉണ്ടാവില്ല. അത് തന്നെയാണ് ആദിവാസി. എന്നിട്ടും വെയ്ലത്തും മഴയത്തും കാറ്റത്തുമെല്ലാം ഇറങ്ങി പണി എടുത്തിട്ട് തന്നെയാണ് ഒരാദിവാസി ജീവിക്കുന്നത്. ആദിവാസി ഒരു വണ്ടി വാങ്ങിയാൽ കോളനി വണ്ടി എന്ന് പേര് നൽകി ചിരിക്കും. ഒരു ഫോൺ കയ്യിൽ പിടിച്ചു നടന്നാ, ഒരു പുതു വസ്ത്രമണിഞ്ഞാ, ഒരു ടിവി വാങ്ങിയാൽ, എന്തിനേറെ ഒന്നു മുടി ചീകി നടന്നാ കൂടി കളിയാക്കി ചിരിക്കും.!!
വിശ്വാനാഥന്മാർ ഇനിയും ഉണ്ടാവാതിരിക്കാൻ ആദിവാസിയുടെ തൊലി നിറമല്ല മാറേണ്ടത്. പൊതുബോധത്തിന്റെ ചിന്താഗതിക്കാണ് മാറ്റം വരുത്തേണ്ടത്. (Nb:ഇതിൽ നല്ല മനുഷ്യരെ ഒഴിവാക്കുന്നു).

നാരായണൻ എം ശങ്കരൻ: കോഴിക്കോട് മെഡിക്കൽ കോളേജിൽ പ്രബുദ്ധ /നല്ല മലയാളികൾ ചേർന്ന് ഒരു ആദിവാസിയെ കൂടി കൊന്നിരിക്കുന്നു. ഭാര്യക്ക് കൂട്ടിരിക്കാൻ പോയ വിശ്വനാഥൻ എന്ന യുവാവിനെ ആണ് മോഷണക്കുറ്റം ആരോപിച്ച് മർദ്ദിച്ചത്. അതിൽ മനം‌ നൊന്താണു വിശ്വനാഥൻ ആത്മഹത്യ ചെയ്തത്… വംശീയ കേരളം.

ധന്യ യശോദ രാമൻ: കണ്ണിൽ ചുണ്ടിൽ കൈ ചുരുട്ടി ഇടിച്ച മുറിവ്. കഴുത്തിനു താഴെ കല്ല് കൊണ്ടിടിച്ച പാട്. മുട്ടിലടക്കം മരണത്തിനു മുൻപ് സംഭവിച്ച ആറു പാടുകൾ. വിശ്വനാഥ് ഭയന്ന് ഓടുന്ന സിസിടിവി ദൃശ്യങ്ങൾ. ഓടിക്കുന്നത് മതിലിനടുത്തേക്കാണ് അവിടെ സിസിടിവി ഇല്ല. ഇത് കൃത്യമായി അറിയുന്നവർ ആയിരിക്കണം അദ്ദേഹത്തെ മർദ്ദിച്ചത്. തമാശക്കു പോലും ഇന്നുവരെ മരത്തിൽ കയറിയിട്ടില്ല. തൊഴിലിടത്തിൽ മരം കയറാൻ പറ്റില്ല എനിക്ക് ഭയമാണ് പകരം കൂടെയുള്ള ആളെ വിട്ടു നൽകാം എന്ന് പറയുന്ന വിശ്വനാഥൻ എട്ടു വർഷം കാത്തിരുന്നു കിട്ടിയ കുഞ്ഞിനെ വേണ്ടെന്നു വച്ചു ഓടിപോയി പതിനഞ്ചടി മരത്തിൽ കയറി തൂങ്ങി മരിക്കില്ല. ഇത് കൊലയാണ്. വംശീയ കൊല.

ശശി പന്തളം: ആൾക്കൂട്ട ആക്രമണത്തിൽ ആദിവാസി കൊല ചെയ്യപ്പെടുന്നു. പ്രതികൾ സമ്പന്ന സവർണ രാഷ്ട്രീയ പിന്തുണയും അധികാരമുള്ളവരും.. അപ്പോൾ മുതൽ തുടങ്ങുകയാണ് അട്ടിമറി. മഹസ്സർ തയ്യാറാക്കൽ, FIR, സ്റ്റേറ്റ്മെൻ്റ് എടുക്കൽ, പോസ്റ്റ് മോർട്ടം റിപ്പോർട്ട്, എല്ലായിടത്തിലും പ്രതികൾക്കനുകൂലമായി നടപടി ക്രമങ്ങൾ നടത്തിയെടുക്കുന്ന ഒരു കേസ് എങ്ങനെയാണ് മുന്നോട്ട് പോവുക? എങ്ങനെയാണ് പ്രതികൾ ശിക്ഷിക്കപ്പെടുക?
ഒരു സിസ്റ്റം മുഴുവൻ ദളിതർക്കും ആദിവാസിക്കും പാവപ്പെട്ടവർക്കും എതിരെ നിൽക്കുന്നതാണ് സാക്ഷര പുരോഗമന കേരളത്തിൻ്റെ സംസ്കാരം..
പോലീസും കോടതിയും പ്രോസിക്യൂഷനും പ്രതികൾക്കൊപ്പം നിൽക്കലാണ് അനുഭവം..
ആക്ടിവിസ്ടുകളോ സംഘടനകളോ ശക്തമായി ഇടപെട്ടാൽ മാത്രം ചിലപ്പോൾ ചില കേസുകളിൽ നീതി ഉണ്ടാവുകയുള്ളൂ..
കോഴിക്കോട് മെഡിക്കൽ കോളജ് സെക്യൂരിറ്റിക്കാർ മർദിച്ച് കൊലപ്പെടുത്തിയ ആദിവാസി യുവാവിൻ്റെ
മൃതദ്ദേഹത്തിൽ മൂക്കിൽനിന്നും ചോര വന്നിരുന്നുവന്നും കാൽമുട്ടിൽ രക്തം കട്ടപിടിച്ചു കിടന്നിരുന്നൂവെന്നും.
ശരീരത്തിൽ ആകമാനം മുറിവ് ആയിരുന്നുവെന്നും കണ്ണിലും ചുണ്ടിലും കൈ ചുരുട്ടി ഇടിച്ച മുറിവും കഴുത്തിനു താഴെ കല്ല് കൊണ്ടിടിച്ച പാടും ഉണ്ടായിരുന്നതായി മഹസ്സർ റിപ്പോർട്ട് സൂചിപ്പിക്കുന്നു.
മാത്രമല്ല, മർദ്ദനമേറ്റതിൻ്റെ സിസിടിവി തെളിവും ബന്ധുക്കളുടെയും ദൃക്സാക്ഷികളുടെയും പരാതി ഉണ്ടായിട്ടും ഒട്ടും ഗൗരവമില്ലാതെമരത്തിൽ കയറിയപ്പോൾ ഉണ്ടായതാണ് മുറിവുകൾ എന്ന് പോസ്റ്റ് മോർട്ടം റിപ്പോർട്ട്.. ഇന്നുവരെ ഒരു മരത്തിലും കയറിയിട്ടില്ലാത്ത വിശ്വനാഥൻ എട്ടു വർഷം കാത്തിരുന്നു കിട്ടിയ കുഞ്ഞിൻ്റെ ജനനത്തിൽ സന്തോഷിക്കേ ഓടിപോയി മരത്തിൽ കയറി തൂങ്ങി മരിക്കില്ല എന്ന് തന്നെയാണ് ബന്ധുക്കൾ പറയുന്നത്..
എത്ര ഭീകരമാണ് ആദിവാസിയോടും ദളിതരോടും ഉള്ള വംശീയവിവേചനം..
ഒരാദിവാസിയെ കയ്യിൽക്കിട്ടിയാൽ തല്ലാൻ ഒരുങ്ങി നിൽക്കുന്ന ജാതി വംശീയ ഭ്രാന്തന്മാരുടെ ബോധമാണ് നമുക്ക് ചുറ്റും..
വെറും പാവങ്ങളും ദുർബലരുമായ മനുഷ്യരുടെ മേലുള്ള ആക്രമണങ്ങൾ അവസാനിപ്പിക്കാൻ നിയമത്തെ കൂടുതൽ ജാഗ്രതയോടെ നടപ്പിലാക്കിയാൽ മാത്രമേ കഴിയൂ…
വിശ്വനാഥൻ്റെ മരണം ആത്മഹത്യയല്ല, ആൾക്കൂട്ട ആക്രമണവും കൊലപാതകവുമാണ്.
ഉത്തരവാദി സ്റ്റേറ്റും പൊതുസമൂഹവും അധികാരികളും തന്നെയാണ്..

വാഹിദ് ചുള്ളിപ്പാറ: പോസ്റ്റ്മോർട്ടം റിപ്പോർട്ടിനെതിരെ വിശ്വനാഥൻ്റെ കുടുംബം പറയുന്നത് അദ്ദേഹത്തിന് മരം കയറാനറിയില്ലായിരുന്നു എന്നും മദ്യപിച്ചിട്ടില്ലായിരുന്നു എന്നുമാണ്. അപ്പോൾ പിന്നെ ആദിവാസിയായാൽ സ്വാഭാവികമായും മരംകയറ്റക്കാരനും കള്ളുകുടിയനുമാവും എന്ന വംശീയ മുൻവിധിയാണ് ആ ‘ശാസ്ത്രീയ’ റിപ്പോർട്ടിൽ മുഴങ്ങി നിൽക്കുന്നത്. ഈ നാട്ടിലെ ശാസ്ത്രീയതയും വസ്തുനിഷ്ടതയും നിയമപരതയുമെല്ലാം കീഴാള/ പിന്നാക്ക മനുഷ്യർക്കെതിരായ നോട്ടങ്ങളിലൂടെയാണ് മിക്കപ്പോഴും സംഭവിക്കുന്നതെന്ന മുസ്ലിം സ്ഥാനത്ത് നിന്നുള്ള ബോധ്യത്താൽ വിശ്വനാഥൻ്റെ കുടുംബത്തോട് ഐക്യപ്പെടുന്നു.



By Editor