ജുനൈദുമാര്‍ കൊല്ലപ്പെട്ടു കൊണ്ടേയിരിക്കുന്നു; ഈ രാജ്യം കണ്ണുംപൂട്ടി മുന്നോട്ട്‌

ഇന്നലെ രാത്രി ഞാൻ ആൾക്കൂട്ട ആക്രമണത്തിന് ഇരയായ ജുനൈദിനെക്കുറിച്ച് ചിന്തിച്ചുകൊണ്ടിരുന്നു. കഴിഞ്ഞയാഴ്ച ഹിന്ദുത്വ തീവ്രവാദികൾ  ജീവനോടെ ചുട്ടുകൊന്ന ഭർത്താവും പിതാവും ഒക്കെ ആയ ജുനൈദിനെയും സുഹൃത്ത് നസീറിനെയും കുറിച്ചല്ല; ഹരിയാനയിൽ ഓടുന്ന ട്രെയിനിൽ വെച്ച് 40 തവണ കുത്തേറ്റ 16 കാരനായ മദ്രസ വിദ്യാർത്ഥി ജുനൈദിനെക്കുറിച്ചാണ് ഞാൻ ചിന്തിച്ചത്.

മാധ്യമങ്ങളിലൂടെ പുറത്തു വന്ന വിവരങ്ങൾ എന്റെ മനസ്സിനെ ഉലച്ചു. ഒരു കൌമാരപ്രായക്കാരനെന്ന നിലയിൽ ഞാൻ വൈകാരികമായി തളർന്നു- എന്റെ പ്രായത്തിലുള്ള മറ്റ് പല  മുസ്‌ലിംകളെയും പോലെ. എന്തുകൊണ്ടാണ് മുസ്‌ലിംകൾ ‘വന്ദേമാതരം’ അല്ലെങ്കിൽ ‘ഭാരത് മാതാ കി ജയ്’ എന്ന് വിളിക്കാത്തത് എന്ന് ചോദിച്ചുകൊണ്ട് ടെലിവിഷന് ചാനലുകൾ അവരുടെ ദൈനംദിന മുസ്‌ലിം വേട്ട ആരംഭിച്ച സമയമായിരുന്നു അത് (ഏതാനും വർഷങ്ങൾക്കുള്ളിൽ ഈ ആഖ്യാനം ‘രാജ്യദ്രോഹികളെ വെടിവെക്കുന്നതിൽ എന്താണ് പ്രശ്നം’ എന്ന നിലയിലേക്ക് മാറി). ഞാൻ ഒരു ഉറ്റ സുഹൃത്തിന് മെസ്സേജ് അയച്ചു. അദ്ദേഹത്തിനു പ്രത്യേകിച്ച് മാറ്റങ്ങൾ ഒന്നും ഇല്ലെന്ന് തോന്നി. അതൊരു വിദ്വേഷ കുറ്റകൃത്യമാണെന്ന് ഉറപ്പിക്കാൻ  അദ്ദേഹം എന്നോട് തെളിവുകൾ ചോദിച്ചു.  ആ സമയത്ത് ഞാൻ ഒരു പത്രപ്രവർത്തകനായിരുന്നില്ല, എന്നെപ്പോലെ തന്നെ മുസ്ലിമായി ജനിക്കുന്ന ദശലക്ഷക്കണക്കിന് ആളുകളെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുന്ന അക്രമാസക്തരായ ആളുകളെ തുറിച്ചുനോക്കുന്നത് എന്റെ ജോലിയുടെ ഭാഗമായിരുന്നില്ല.

നാല് വർഷത്തിന് ശേഷം. ജുനൈദിന്റെ കൊലപാതകത്തിലെ മുഖ്യപ്രതി നരേഷ് ഷെഹ്രാവത്തിനെ ആസിഫിന്റെ ആൾക്കൂട്ട  കൊലപാതകത്തിലെ പ്രതികളെ പിന്തുണച്ച് സംഘടിപ്പിച്ച മഹാപഞ്ചായത്തിൽ ഞാൻ കണ്ടു. ഓടിക്കൊണ്ടിരുന്ന ട്രെയിനിൽ ഒരു “ജിഹാദിയെ” കൊലപ്പെടുത്തിയ ആളായി അദ്ദേഹത്തെ അഭിമാനത്തോടെ പരിചയപ്പെടുത്തി. അന്നത്തെ ആ സുഹൃത്തുമായി അപ്പോഴേക്കം ബന്ധങ്ങൾ അറ്റുപോയിരുന്നു എനിക്ക്. ജുനൈദിന് നീതി ലഭിക്കാൻ പര്യാപ്തമായ തെളിവുകളല്ല, മറിച്ച് ജുനൈദിന്റെ കൊലപാതകം തീർച്ചയായും ഒരു വിദ്വേഷ കുറ്റകൃത്യമാണെന്ന് എന്റെ സുഹൃത്തുക്കളെ ബോധ്യപ്പെടുത്താൻ പര്യാപ്തമായ തെളിവുകൾ ഇപ്പോൾ എന്റെ പക്കലുണ്ട്.

കഴിഞ്ഞയാഴ്ച ജുനൈദിനെ തല്ലിക്കൊന്ന കേസിലെ പ്രധാന പ്രതിയും കുപ്രസിദ്ധ ഗോരക്ഷകനുമായ മോനു മനേസറും അന്നത്തെ  മഹാപഞ്ചായത്തിൽ സന്നിഹിതനായിരുന്നു. കൂടുതൽ കൂടുതൽ ജുനൈദുകളെ കൊല്ലാനുള്ള ആഹ്വാനങ്ങളിൽ ആഹ്ലാദം പ്രകടിപ്പിച്ച രക്തദാഹികളായ സദസ്സിൽ നിന്ന് അദ്ദേഹത്തിന് ഉച്ചത്തിലുള്ള കരഘോഷം ലഭിച്ചു. ആ മേഖലയിൽ വളരെ അധികം അറിയപ്പെടുന്ന പേരാണ് മോനു. ഹിംസയുടെ ദൃശ്യങ്ങൾ സ്ഥിരമായി പോസ്റ്റ് ചെയ്യുന്ന, നിരവധി ഫോളോവേഴ്സ് ഉള്ള ഒരു കണ്ടന്റ്റ് ക്രിയേറ്റർ ആണയാൾ എന്നതാണ് ഭീതിദമായ വസ്തുത. അതിൽ നിന്ന് പണം സമ്പാദിക്കുകയും ചെയ്യുന്നു. യൂട്യൂബിൽ നിന്നും സിൽവർ ബട്ടൺ വരെ ലഭിച്ച ഒരുവൻ. പോലീസ് അയാളെ ആരാധിക്കുന്നുവെന്നും പ്രമുഖ മന്ത്രിമാരുടെ പിന്തുണ അയാൾക്കുണ്ടെന്നും പോസ്റ്റുകളിൽ വായിക്കാം.അയാൾ ഒറ്റക്കല്ല. കഷ്ടിച്ച് നടക്കാൻ പോലും കഴിയാത്ത, മുറിവേറ്റ മനുഷ്യർക്ക് മൃഗങ്ങളുടെ വിസർജ്ജ്യം നൽകുന്നതും, പല്ല് ഒടിഞ്ഞ പുരുഷന്മാരെ വൃത്തികെട്ട തുകൽ ബൂട്ടുകൾ കൊണ്ട് മൂടുന്നതോ ആയ കൂടുതൽ അക്രമാസക്തമായ വീഡിയോകൾ പോസ്റ്റുചെയ്യുന്ന അദ്ദേഹത്തെപ്പോലുള്ള നിരവധി പേരുണ്ട്.

മോനു മനേസർ

ഈ ശിക്ഷാ ഭീതിയില്ലായ്മ ഒരു ദിവസം കൊണ്ട് സാധ്യമായതല്ല. പരസ്യമായി അക്രമത്തിന് പ്രേരിപ്പിക്കാൻ പൊതു ഇടങ്ങൾ ഉപയോഗിക്കുന്ന “സന്യാസിമാർ”, ഇരകളെ സജീവമായി പൈശാചികവത്കരിക്കുന്ന മാധ്യമങ്ങൾ, തകർന്നുകൊണ്ടിരിക്കുന്ന ജനാധിപത്യ സ്ഥാപനങ്ങൾ, മോനു മനേസറുകൾക്ക് ധനസഹായം നൽകുകയും നിരീക്ഷിക്കുകയും ചെയ്യുന്ന നിരവധി ഹിന്ദുക്കൾ എന്നിവരിൽ നിന്ന് കൊലപാതകികൾക്ക് പ്രചോദനം ലഭിച്ചിട്ടുണ്ട്. കുറച്ച് മുസ്‌ലിംകളും അവരുടെ നല്ല ബുദ്ധിയുള്ള ചില ഹിന്ദു സഖ്യകക്ഷികളും ഒഴികെയുള്ളവരുടെ, ഭീഷണികൾ, അധിക്ഷേപം, ധ്രുവീകരണ കെണിയിൽ വീഴരുതെന്ന ഉപദേശം എന്നിവയാൽ ഈ ഭീകരതകൾക്കെതിരായ രോഷം, തണുപ്പിക്കപ്പെട്ടു. രണ്ട് ജുനൈദുമാർക്കിടയിൽ #NotInMyName പ്രചാരണം വിസ്മൃതിയിലേക്ക് പോവുകയും ജന്തർ മന്തർ പോലുള്ള പ്രതിഷേധ ഇടങ്ങൾ ഭയാനകമായ നിശബ്ദതയിലാവുകയും ചെയ്തു. പോലീസിനെ ഭയക്കാതെ വംശഹത്യയ്ക്ക് ആഹ്വാനം ചെയ്യാനും സുപ്രീം കോടതിയെ ഭീഷണിപ്പെടുത്താനുമുള്ള ഒരു വേദിയാണ് ഇന്ന് ജന്തർ മന്തർ.

കഴിഞ്ഞയാഴ്ച്ച കൊല്ലപ്പെട്ട ജുനൈദ്, നസീർ

വേറെ എവിടെ ആണെങ്കിലും ഇത് തീവ്രവാദമായി കണക്കാക്കുമായിരുന്നു. ഇപ്പോൾ ഈ പ്രതിഭാസം വളരെ പരസ്യമായതോടെ, ധ്രുവീകരികരണം നടത്തുന്നവർ ആണെന്ന് പറഞ്ഞു അവഗണിക്കാൻ ഒരിക്കൽ മുസ്ലീങ്ങളോട് പറഞ്ഞ അഭ്യുദയകാംക്ഷികള്ക്ക് പോലും ഒഴിവാക്കാൻ കഴിയാത്ത അവസ്ഥ ആയി മാറി.

അതുകൊണ്ടാണ് ജുനൈദിനെ ഒരു സ്ഥിതിവിവരക്കണക്കായി കണക്കാക്കാതിരിക്കുന്നത് പ്രസക്തമാകുന്നത്. മിടിക്കുന്ന ഹൃദയത്തിന്റെ വീടായിരുന്നു അവൻ, ഒരു സ്വപ്നത്തിന്റെ സങ്കേതം. ഏറെക്കാലമായി സമ്പാദിച്ചിരുന്ന പണം ഉപയോഗിച്ച് സെക്കൻഡ് ഹാൻഡ് ബൈക്ക് വാങ്ങണമെന്നായിരുന്നു ജുനൈദിന്റെ ആഗ്രഹം. അവനു ക്രിക്കറ്റും ഇഷ്ടമായിരുന്നുവെന്ന് ജുനൈദിന്റെ സുഹൃത്തുക്കളും സഹോദരനും എന്നോട് പറഞ്ഞു. അവന് ഒരു കുടുംബമുണ്ടായിരുന്നു, അവരിൽ ഒരു ഭാഗം അവനോടൊപ്പം മരിച്ചു. കഴിഞ്ഞ വർഷം ജുനൈദിന്റെ  ഉമ്മയെ കണ്ടിരുന്നു. അവളുടെ മരവിച്ച വലിയ കണ്ണുകളിലേക്ക് നോക്കിയപ്പോൾ എനിക്ക് അങ്ങേയറ്റത്തെ വിഷമം തോന്നി. ജുനൈദിനെ ഓർത്ത് അവരുടെ തളർന്ന മുഖത്തെ ചുളിവുകളിലൂടെ കണ്ണുനീർ ഒഴുകിക്കൊണ്ടിരുന്നു.

അടുത്തിടെ നടന്ന ആൾക്കൂട്ട കൊലപാതകത്തിന്റെ ദൃശ്യങ്ങൾ പങ്കിടുകയും #KabTak (എപ്പോൾ വരെ) ചോദിക്കുകയും ചെയ്ത അദ്ദേഹത്തിന്റെ സഹോദരന്റെ പോസ്റ്റ് ഞാൻ ഇൻസ്റ്റാഗ്രാമിൽ വായിച്ചു. സ്വന്തം ജുനൈദിന് നീതി ലഭിക്കുന്നതിന് മുമ്പ് തൻ്റെ സഹോദരന്റെ അതേ പേരുള്ള ഒരാൾ കൊല്ലപ്പെട്ടുവെന്ന വാർത്ത എങ്ങനെയാണ് അദ്ദേഹം ശ്രവിച്ചിട്ടുണ്ടാവുക? “സഹോദരാ, ഒരു ചെറിയ അഭ്യർത്ഥനയുണ്ട്, നിങ്ങൾ പുറത്തിറങ്ങുമ്പോൾ ദയവായി ശ്രദ്ധിക്കുക” എന്ന് അദ്ദേഹം ഇന്നലെ രാത്രി വാട്ട്സ്ആപ്പിൽ എനിക്ക് സന്ദേശം അയച്ചിരുന്നു. തൊട്ടുപിന്നാലെ, അദ്ദേഹത്തിൻ്റെ ഫീഡിൽ ഞാൻ പരതുമ്പോൾ തൻ്റെ സഹോദരന് നീതി ആവശ്യപ്പെട്ട് ത്രിവർണ്ണ പതാകയും പ്ലക്കാർഡുകളും പിടിച്ചുള്ള കുറേ പോസ്റ്റുകൾ ഞാൻ കണ്ടു. അദ്ദേഹത്തിൻ്റെ സംയമനത്തിൻ്റെ അർഥമെന്താണ്? പകരം നിലവിളിക്കാനോ കരയാനോ കഴിയാത്തതെന്താണ്?

ഈ ട്വീറ്റ് വിവർത്തനം ചെയ്താൽ ഇങ്ങനെ വായിക്കാം: ” ഇതെല്ലാം നമ്മൾ ദിനേനയെന്നോണം കാണുന്നു – അവിടെയൊരാൾ കൊല്ലപ്പെടുന്നു, ഇവിടെയൊരാൾ ആക്രമിക്കപ്പെടുന്നു, അവിടെ ഒരു വീട് തകർക്കപ്പെടുന്നു, ഇവിടെ ഒരു കട കത്തിക്കുന്നു, ആരൊക്കെയോ വിദ്വേഷ പ്രസംഗം നടത്തുന്നു, ആരെല്ലാമോ നമ്മെ വഞ്ചിച്ചു. പിന്നാലെ നമ്മളെ മാനവികത പഠിപ്പിക്കാന്‍ ഒരു പരുക്കന്‍ ശബ്ദം പിന്നാലെ വരും, ധാര്‍മികമായി അവഗണിക്കേണ്ടത്”

ഇത് ഒരു വ്യക്തിയെന്ന നിലയിൽ എനിക്ക് എങ്ങനെ തോന്നുന്നു എന്നതിനെക്കുറിച്ചുള്ള എഴുത്തല്ല. തിരക്കേറിയ ശ്മശാനത്തിന് പുറത്തെ സന്ദർശക ഡയറി പോലെ തങ്ങളുടെ സോഷ്യൽ മീഡിയ ഫീഡുകൾ നിറയുന്നത് കാണുന്ന മറ്റ് നിരവധി ഇന്ത്യൻ മുസ്‌ലിം ചെറുപ്പക്കാരെക്കുറിച്ചുള്ളതാണ്. അവർക്ക് അവരുടെ പ്രിവിലേജുകളെ കുറിച്ച് നല്ല ധാരണയുണ്ട്. നിർഭാഗ്യവാന്മാരായ ജുനൈദുമാരിൽ നിന്ന് വ്യത്യസ്തമായി, അവർ അത്ര എളുപ്പത്തിൽ ഇടയ്ക്കിടെ ആൾക്കൂട്ട ആക്രമണത്തിന് ഇരയാകാറില്ല ജുനൈദുമാർ കൂടുതലായി വേട്ടയാടപ്പെടുകയോ ജീവനോടെ ചുട്ടെരിക്കപ്പെടുകയോ ചെയ്യുമ്പോൾ അവർക്ക് ആ പ്രമുഖ അഞ്ചംഗ സംഘത്തെ പോലെ മോഹൻ ഭാഗവതിനൊപ്പം ഒരേ മേശയ്ക്ക് മുൻപിൽ ഇരുന്ന് സമാധാനം സംസാരിക്കാൻ കഴിഞ്ഞെന്നുവരില്ല. തെരുവിൽ നടക്കുന്ന തങ്ങളുടെ പ്രായമേറിയ പിതാക്കന്മാരെ കുറിച്ചും ഭയപ്പെടുന്നുവെന്ന് പറയുമ്പോളും അവർ ചകിതരാണ്; പ്രത്യേകിച്ചും അവർ ഉത്തരേന്ത്യയിലെ രണ്ടാം നിര നഗരങ്ങളിൽ നിന്നുള്ളവരാണെങ്കിൽ. മികച്ച ജോലി നേടാൻ മത്സരിക്കുന്ന മധ്യവർഗ മുസ്‌ലിം യുവാക്കൾക്ക് ആക്രമിക്കപ്പെടാൻ സാധ്യതയുള്ള, പരസ്യമായി അപമാനിക്കപെടാൻ സാധ്യതയുള്ള നിരവധി പാവപ്പെട്ട ബന്ധുക്കളുണ്ട്. അഫ്രീൻ ഫാത്തിമയെപ്പോലെ അവർക്കും ഒരു വീടും കുടുംബവുമുണ്ട്, അത് ബുൾഡോസറിന്റെ വിട്ടുവീഴ്ചയില്ലാത്ത കയ്യിന്റെ കീഴിൽ അവശിഷ്ടങ്ങളായി മാറുന്നത് കാണാൻ അവർ ആഗ്രഹിക്കുന്നില്ല.

എല്ലാത്തരം അധിക്ഷേപങ്ങൾക്കും അക്രമങ്ങൾക്കും സാക്ഷ്യം വഹിക്കുകയല്ലാതെ മറ്റ് മാർഗമില്ലാത്ത ചെറുപ്പക്കാരായ മുസ്‌ലിംകൾ തങ്ങളുടെ ബന്ധുക്കൾ, സുഹൃത്തുക്കൾ എന്നിവരുടെ മുഴുവൻ തലമുറയുടെയും മേൽ അടിച്ചേൽപ്പിക്കപ്പെടുന്ന ഭാരവും പേറുന്നവരാണ്. ‘കോവിഡ് ജിഹാദ്’, ‘തുപ്പൽ ജിഹാദ്’ തുടങ്ങിയ അപമാനകരമായ പ്രചാരണങ്ങൾക്കെതിരെ ദുഃഖിക്കാനും ആക്രോശിക്കാനും അവർ കൂട്ടായ്മകളിൽ ഐക്യദാർഢ്യം കണ്ടെത്തുന്നു. എന്നെപ്പോലുള്ള ദശലക്ഷക്കണക്കിന് യുവാക്കൾക്കും മധ്യവർഗക്കാർക്കും ഇംഗ്ലീഷ് സംസാരിക്കുന്ന മുസ്‌ലിംകൾക്കും, ജുനൈദിന്റെ കൊലപാതകം നമ്മുടെ ഹിന്ദു സുഹൃത്തുക്കളെ പോലെ (ആരുടെ പേരിലാണോ ഈ അക്രമങ്ങൾ ഒക്കെ നടക്കുന്നത്) നമ്മളെയും വിഷമിപ്പിക്കുകയും അസ്വസ്ഥരാക്കുകയും ചെയ്തില്ലായിരുന്നുവെങ്കിൽ ഇന്ത്യ യഥാർത്ഥത്തിൽ മോദി സർക്കാരിലെ ഏക മുൻ മുസ്‌ലിം കാബിനറ്റ് മന്ത്രി വിശേഷിപ്പിച്ചത് പോലുള്ള ‘ന്യൂനപക്ഷങ്ങളുടെ സ്വർഗം’ ആകുമായിരുന്നു.

Courtesy: The Wire
വിവർത്തനം : അഫ്സൽ റഹ്‌മാൻ

By അലിഷാൻ ജാഫ്രി

Freelance Journalist