രാജ്യത്തിലെ പൗരന്മാർ അനുഭവിച്ചു കൊണ്ടിരിക്കുന്ന സാമൂഹിക-സാമ്പത്തിക മാറ്റങ്ങളുടെ സ്വഭാവത്തെ മനസ്സിലാക്കാൻ സ്റ്റേറ്റ് ഏജൻസികളെ സഹായിക്കുന്ന, അനുഭവപരമായ (empirical) ഡാറ്റകളാണ് ജനസംഖ്യാ സെൻസസുകളും വലിയ സർവേകളും പ്രദാനം ചെയ്യുന്നത്.
വ്യത്യസ്തങ്ങളായ നയങ്ങളും പരിപാടികളും എങ്ങനെയാണ് ആളുകളെ ബാധിക്കുന്നത് എന്ന് കാണിക്കുന്ന, അഭയാർത്ഥികൾ/വിദ്യാർഥികൾ/പ്രൊഫഷണലുകൾ തുടങ്ങിയവരെ കുറിച്ചുള്ള സർവേകൾ പല ഗ്രൂപ്പുകളും നടത്താറുണ്ട്. എന്നാൽ, ജാതി സാമൂഹിക ജനവിതാനത്തെ കുറിച്ചുള്ള പ്രധാന സൂചികയായിരിക്കെ തന്നെ, അതേ കുറിച്ചുള്ള ദേശീയ ഡാറ്റാ റെക്കോർഡ് ഉണ്ടാക്കുന്നതിൽ കേന്ദ്രം പുലർത്തുന്ന ഉദാസീനത ഏറെ ദൃശ്യമാണ്; വിശേഷിച്ച് മറ്റു പിന്നാക്ക വിഭാഗങ്ങളുടെ (ഓബീസി) വിഷയത്തിൽ. ദേശീയ ജാതി സെൻസസ് നടത്തണമെന്ന ആവശ്യത്തെ അടുത്തിടെ കേന്ദ്ര ഗവണ്മെന്റ് നിരാകരിക്കുകയുണ്ടായി, അത്തരമൊരു നടപടിയുണ്ടായാൽ അത് ജാതിയധിഷ്ഠിത സാമൂഹിക-രാഷ്ട്രീയ വൈകാരികതകളെ ഉത്തേജിപ്പിക്കുമെന്നും അത് ഹിന്ദുത്വ-ദേശീയവാദ പദ്ധതിയെ പ്രതികൂലമായി ബാധിക്കുമെന്നുമുള്ള പേടിയാണ് ഇതിനവരെ പ്രേരിപ്പിക്കുന്നത്.
ജാതി എന്നും ഇന്ത്യൻ ജനാധിപത്യത്തിന്റെ അവിഭാജ്യ ഘടകമായിരുന്നു. 1947നു ശേഷം, ഭരണഘടനക്കു രൂപം നൽകുന്ന അവസരത്തിൽ ഇന്ത്യയുടെ സാമൂഹിക-രാഷ്ട്രീയ ക്രമത്തിൽ ജാതി സൃഷ്‌ടിച്ച സംഹാരാത്മകമായ സ്വാധീനങ്ങൾക്ക് നേർസാക്ഷികളായ ദേശീയ ശിൽപികൾ ജാതിയെ തുടച്ചു നീക്കാനും പകരം ഇന്ത്യൻ പൗരന്മാർക്ക് ആധുനിക ദേശീയ സ്വത്വം നൽകാനും തീരുമാനിച്ചു. എന്നാൽ, ഭരണഘടന നിലവിൽ വന്നതിന് 73 വർഷങ്ങൾക്കു ശേഷവും മേൽജാതി സ്വത്വത്തിന് ചാർത്തിലഭിക്കുന്ന അധികാരവും സ്ഥാനമാനങ്ങളും ജനാധിപത്യവത്കരിക്കാൻ ഇന്ത്യക്ക് ഇതുവരെ സാധിച്ചിട്ടില്ല. സാമ്പ്രദായിക രാഷ്ട്രീയ വരേണ്യർ ഇപ്പോഴും രാഷ്ട്രീയാധികാരം കയ്യാളുകയും സാമ്പത്തിക-സാമൂഹിക-സാംസ്‌കാരിക മണ്ഡലങ്ങളിലെ സുപ്രധാനമായ വിഭവങ്ങൾ കൈകാര്യം ചെയ്യുകയും ചെയ്യുന്നു. സാമൂഹികമായി അരികുവത്കരിക്കപ്പെട്ട വിഭാഗങ്ങൾ അധികാരത്തിന്റെ നടകളിൽ നിന്ന് ഏറെ ദൂരത്ത് കഴിയുകയും സ്റ്റേറ്റിന്റെ ക്ഷേമ പദ്ധതികളുടെ കേവല ഉപഭോക്താക്കൾ മാത്രമായി ചുരുങ്ങുകയും ചെയ്യുന്നു.
പരമ്പരാഗതമായി, കൃഷിയധിഷ്ഠിത സമ്പദ്ഘടനയുമായോ കരകൗശല-കൈത്തൊഴിൽ മേഖലയുമായോ ബന്ധപ്പെട്ടു കിടക്കുന്ന ശൂദ്ര വർണ വിഭാഗങ്ങളിലെ ഏറ്റവും താഴെ കിടയിൽ ഉള്ളവരാണ് ഓബീസീ വിഭാഗങ്ങൾ. ബഹുജൻ വിഭാഗം എന്നാണ് അവർ പലപ്പോഴും വിശേഷിപ്പിക്കപ്പെടാറുള്ളത്. 1931ലെ ജാതി സെൻസസിലാണ് അവസാനമായി ഓബീസീ വിഭാഗങ്ങളുടെ കണക്ക് പ്രസിദ്ധീകരിക്കപ്പെട്ടത്. രാജ്യത്തിന്റെ മൊത്തം ജനസംഖ്യയുടെ 52 ശതമാനമാണ് അന്ന് രേഖപ്പെടുത്തപ്പെട്ടത്. അതിനു ശേഷം ഒരു ദേശീയ ഭരണകൂടവും അത്തരമൊരു ശ്രമത്തിനു മുതിർന്നിട്ടില്ല. മറ്റു അരികുവത്കൃത വിഭാഗങ്ങളായ ദലിത്-ആദിവാസി വിഭാഗങ്ങളുടെ കണക്കുകൾ സെൻസസിൽ തന്നെ രേഖപ്പെടുത്തപ്പെട്ടതും വിവിധ പ്രദേശങ്ങളിലെയും വിദ്യാഭ്യാസ, സ്റ്റേറ്റ് സ്ഥാപനങ്ങളിലെയും യഥാർഥമായ കണക്കുകൾ അതിൽ പ്രസ്താവിച്ചിരിക്കുന്നതുമാണ്. എന്നാൽ, ഓബീസികളുടെ സാന്നിധ്യത്തെ സംബന്ധിക്കുന്ന ഒരു ദേശീയ തല ഡാറ്റയും ലഭ്യമല്ല.
സാമൂഹിക നീതിയുടെ രാഷ്ട്രീയം
1970കളുടെ ആദ്യത്തിൽ ദേശീയ തലത്തിൽ കോൺഗ്രസ് പാർട്ടിയുടെ ആധിപത്യത്തെ വെല്ലുവിളിച്ചുകൊണ്ട് മുൻനിര കർഷക ജാതികളിലെ നേതാക്കൾ രാഷ്ട്രീയാധികാരത്തിലേക്ക് കടന്നുവന്നു. സാമൂഹിക നീതിയുടെ മൂല്യങ്ങൾ ഉള്ളടങ്ങിയ സോഷ്യലിസത്തിന്റെ വാഗ്ദാനങ്ങൾ വളരെ ആകർഷകമായിരുന്നു. അത് ദലിതരെയും മറ്റു പിന്നാക്ക ജാതികളെയും ചലനക്ഷമരാക്കി; വിശേഷിച്ച് ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ. ലാലു പ്രസാദ് യാദവ്, ചൗദരി ദേവി ലാൽ, മുലായം സിങ് യാദവ്, രാംവിലാസ് പാസ്വാൻ, ശരദ് പവാർ മുതലായ അനേകം ദലിത്-ഓബീസീ-മറ്റു പ്രാദേശിക കർഷക ജാതി നേതാക്കൾ ഇപ്രകാരം ഉയർന്നുവന്നു. ഇവർ രാഷ്ട്രീയാധികാരത്തിന്റെ ഹൃദയസ്ഥാനത്ത് നിലയുറപ്പിക്കുകയും വിവിധ സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിൽ ഒരു നിർണായക ഘടകമായി ജാതി സ്വത്വത്തെ പ്രതിഷ്ഠിക്കുകയും ചെയ്തു.
കർഷക ജാതി വിഭാഗങ്ങളെ അവരുടെ രാഷ്ട്രീയ പോരാട്ടങ്ങളുടെ സ്വാതന്ത്ര വക്താക്കളാക്കുക വഴി സാമൂഹിക നീതിയുടെ രാഷ്ട്രീയം ജനാധിപത്യത്തെ കൂടുതൽ ഈടുറ്റതാക്കുകയും, അതിലേക്ക് അധഃസ്ഥിത വിഭാഗങ്ങളെ കൂടുതൽ അടുപ്പിക്കുകയും ചെയ്തു. അതിനേക്കാൾ പ്രധാനമായി, ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ വലതുപക്ഷ രാഷ്ട്രീയത്തിന്റെ പ്രയാണത്തിന് തടയിടാനും അതു കാരണമായിരിട്ടുണ്ട്. 1951ൽ ജനസംഘം മുൻകയ്യെടുത്തതും പിന്നീട് ഭാരതീയ ജനതാ പാർട്ടി ഏറ്റെടുത്തതുമായ വലതുപക്ഷ രാഷ്ട്രീയത്തെ സാമൂഹിക നീതി രാഷ്ട്രീയത്തിന്റെ വക്താക്കൾ വിമർശിക്കാറുള്ളത്, അത് മേൽജാതിക്കാരുടെയും ബൂർഷ്വാ വർഗത്തിന്റെയും താൽപര്യങ്ങളെ സംരക്ഷിക്കുന്നതും ഉയർന്നുവരുന്ന ദലിത്-ബഹുജൻ രാഷ്ട്രീയത്തോട് സഹജമായ വെറുപ്പ് വെച്ചുപുലർത്തുന്നതും ആയതുകൊണ്ടാണ്. എന്നാൽ പിന്നീട് സാമൂഹികനീതി രാഷ്ട്രീയത്തിന് അതിന്റെ തിളക്കം നഷ്‌ടപ്പെടുകയും, അതുവഴി, ബിജെപിയുടെ വംശീയ ദേശീയതയുടെ അക്രമ രാഷ്ട്രീയത്തിന് നിർണായകമായ റോൾ ലഭിക്കുകയും ചെയ്തു.
കടുത്ത ഹിന്ദുത്വ പ്രോപഗണ്ട ഭാഗികമായി മാത്രമേ വിജയിക്കുന്നുള്ളൂ എന്നും വലിയ തെരഞ്ഞെടുപ്പ് വിജയങ്ങൾ നേടണമെങ്കിൽ കീഴ്ജാതിക്കാരെ കൂടി ഉൾക്കൊള്ളിച്ചുകൊണ്ടു മാത്രമേ സാധിക്കൂ എന്നും ബിജെപി ഇടക്കാലങ്ങളിൽ തിരിച്ചറിയുന്നുണ്ട്. അതുകൊണ്ടുതന്നെ, പ്രധാനമായും കീഴ്തട്ടിലുള്ള ഓബീസീ വിഭാഗങ്ങളെ ഉൾക്കൊള്ളിക്കാൻ ബിജെപി സാംസ്‌കാരിക തന്ത്രങ്ങൾ മെനയുകയും (ഉദാഹരണം, ഉത്തർപ്രദേശിലെയും ബിഹാറിലെയും യാദവിതര ജാതികൾ) സാമൂഹികനീതി രാഷ്ട്രീയം കേവലം അധീശ ജാതികൾക്കു മാത്രമാണ് ഉപകാരപ്പെട്ടത് എന്ന് ആരോപിക്കുകയും ചെയ്തു. ഹിന്ദുത്വ രാഷ്ട്രീയത്തിനു കീഴിൽ കീഴ്ജാതിക്കാർക്ക് മതിയായ അധികാര പങ്കാളിത്തം നൽകുമെന്നും അവരുടെ ശക്തീകരണത്തിനു വേണ്ടി പ്രത്യേകമായ ക്ഷേമപദ്ധതികൾ നടപ്പിലാക്കുമെന്നും അന്തസ്സാർന്ന സാമൂഹിക സ്ഥാനം അവർക്കുണ്ടാകുമെന്നും ബിജെപി പ്രഖ്യാപിച്ചു.
2014 മുതൽ കീഴ്ജാതിക്കാരുടെ സാംസ്‌കാരിക ചിഹ്നങ്ങൾ ഉപയോഗിച്ചു കൊണ്ടുള്ള ബിജെപിയുടെ പ്രചാരണ തന്ത്രങ്ങൾ ഫലം കണ്ടിട്ടുണ്ട്. ബീഹാർ, ഉത്തർപ്രദേശ്, ഹരിയാന, മധ്യപ്രദേശ് മുതലായ സംസ്ഥാനങ്ങളിലെ ദലിത്-ഓബീസീ വിഭാഗങ്ങളുടെ ഉയർന്ന പിന്തുണയോടെ അസംബ്ലിയിലും പൊതു തെരഞ്ഞെടുപ്പുകളിലും വോട്ട്-സീറ്റ് വിഹിതം വർധിപ്പിക്കാൻ ബിജെപിക്ക് കഴിഞ്ഞിട്ടുണ്ട്.
അതിനെക്കാളുപരി, ബിജെപിയുടെ സാംസ്‌കാരിക രാഷ്ട്രീയം ഓബീസീ സമുദായങ്ങളുടെ ഐക്യത്തിൽ വിള്ളൽ വീഴ്ത്തുകയും സാമൂഹികനീതി രാഷ്ട്രീയത്തിന്റെ പുരോഗതിക്ക് വിഘാതമാവുകയും ചെയ്തു. ഹിന്ദുത്വ രാഷ്ട്രീയത്തിൽ വശംവദരായ ഓബീസീ വിഭാഗങ്ങൾ രാഷ്ട്രീയ ജനതാദൾ (ആർ.ജെ.ഡി), സമാജ് വാദി പാർട്ടി മുതലായ പാർട്ടികളെ ഉപേക്ഷിച്ചുകൊണ്ട്, ബിജെപിയെ വിശ്വസിക്കാൻ തുടങ്ങി.
ഓബീസീ വിഭാഗങ്ങളിൽ നിന്ന് ബിജെപി പ്രയോജനമെടുത്തെങ്കിലും അവരുടെ അവസ്ഥയിൽ (ഓബീസീ) യാതൊരു മാറ്റവും ഉണ്ടായിട്ടില്ല. അവർ പഴയ സാമൂഹികാവസ്ഥയിൽ കുടുങ്ങിത്തന്നെ കിടന്നു. അവരുടെ സാമൂഹിക, വർഗ അവസ്ഥയിൽ പറയത്തക്ക യാതൊരു പുരോഗതിയും കണ്ടില്ല. അധികാരത്തിലും, മറ്റു പ്രധാനമായ സാമ്പത്തിക വിഭവങ്ങളുടെ (വലിയ ബിസിനസ് സംരംഭങ്ങൾ, ഭൂമി, നിർമാണ വ്യവസായം മുതലായവ) നിയന്ത്രണത്തിലും അവരുടെ പ്രതിനിധാനം തുലോം തുച്ഛമാണ്. സാമൂഹികമായി വരേണ്യ വിഭാഗം എപ്പോഴും അധീശ വിഭാഗമായി നിലകൊണ്ടു.
പുനർജനിക്കുന്ന ഓബീസീ രാഷ്ട്രീയം
ജാതി സെൻസസിലൂടെ സാമൂഹികനീതി രാഷ്ട്രീയത്തിന്റെ വക്താക്കൾ (പ്രധാനമായും ബീഹാറിലെ) ശ്രമിക്കുന്നത് ഓബീസീ രാഷ്ട്രീയത്തിന്റെ നവജാഗരണത്തിനാണ്. ബീഹാറിൽ ആർ.ജെ.ഡി, ജനതാദൾ (യുനൈറ്റഡ്) എന്നിവർ സഖ്യം ചേർന്നതോടെ ശക്തരായ യാദവ് വിഭാഗം, കുർമി, മുസ്‌ലിംകൾ എന്നിവർ ഏതാണ്ട് ഒന്നിച്ചിട്ടുണ്ടെന്നാണ് മനസ്സിലാകുന്നത്. എന്നാൽ, സമാനമായ പിന്തുണ ഓബീസീ വിഭാഗങ്ങൾക്ക് അത്ര എളുപ്പത്തിൽ അവകാശപ്പെടാനാവില്ല, വിശേഷിച്ച് സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന വിഭാഗക്കാരുടെ (ഈ.ഡബ്ല്യൂ.എസ്). അങ്ങനെയാണെങ്കിൽ കൂടെ, സാമ്പത്തികവും, വിദ്യാഭ്യാസപരവും, സാമൂഹികവുമായ ഓബീസീ വിഭാഗക്കാരുടെ പിന്നാക്കാവസ്ഥയിലെ പ്രശ്നങ്ങൾ മുന്നോട്ടു വെച്ചുകൊണ്ട് സാമൂഹികനീതി രാഷ്ട്രീയത്തിന്റെ പുതിയ യുഗത്തിന് ബിജെപിയെ പിന്നോട്ടു തള്ളാൻ സാധിക്കും.
ജാതി സെൻസസ് എടുത്താൽ ഓബീസീ വിഭാഗങ്ങൾക്ക് വിവിധ സംസ്ഥാനങ്ങളിൽ ഉള്ള സംഖ്യാപരമായി ശേഷി മനസ്സിലാകും. വിവിധ സംസ്ഥാന സ്ഥായോനങ്ങളിലുള്ള ഓബീസീ വിഭാഗങ്ങളുടെ വിഹിതം എത്രയെന്നു മനസ്സിലാക്കാനും ഈ ഡാറ്റ ഉപകരിക്കും. ദലിത്, ബഹുജൻ വിഭാഗങ്ങൾക്ക് തുച്ഛമായ പ്രതിനിധാനം മാത്രം നൽകിക്കൊണ്ട്, ജുഡീഷ്യറി, വിദ്യാഭ്യാസ സ്ഥാപനങ്ങൾ, മീഡിയ മുതലായ സ്ഥാപനങ്ങളെ വരേണ്യ വിഭാഗങ്ങൾ കുത്തകവത്കരിച്ചിരിക്കുകയാണെന്ന് വ്യക്തമാണ്. ഓബീസീ ജനസംഖ്യയിലെ സാമ്പത്തിക-സാമൂഹിക വ്യത്യാസങ്ങളെയും, വ്യത്യസ്ത സ്ഥാപനങ്ങളിലെ അവരുടെ പ്രതിനിധ്യം ജനസംഖ്യാനുപാതികമല്ല എന്നും കാണിച്ചു തരാൻ ജാതി സെൻസസിനു കഴിയും. അത്തരമൊരു സന്ദിഗ്ദ്ധ സാഹചര്യത്തെ മനസ്സിലാക്കിക്കൊണ്ട് സാമൂഹികമായി അരികുവത്കരിക്കപ്പെട്ട വിഭാഗങ്ങൾക്കിടയിൽ ഒരു പുതിയ രാഷ്ട്രീയ അവബോധം രൂപപ്പെടാൻ സാധ്യതയുണ്ട്, അതവരെ സാമൂഹിക നീതിക്കു വേണ്ടിയുള്ള പുതിയ രാഷ്ട്രീയം ഉയർത്തുന്നതിലേക്ക് നയിക്കും. അത്തരമൊരു വ്യവഹാരത്തിൽ തീർച്ചയായും ബിജെപിക്ക് അടിപതറും.
ബിജെപിയുടെ ‘ഉൾക്കൊള്ളൽ ഹിന്ദുത്വം’ ഇന്ത്യൻ ജനാധിപത്യത്തിലെ ഒരു ഗെയിംചെയ്ഞ്ചർ ആയിരുന്നു. കഴിഞ്ഞ പതിറ്റാണ്ടിൽ ഹിന്ദുത്വ പ്രവാഹത്തെ ചെറുക്കാൻ സാമൂഹികനീതി രാഷ്ട്രീയത്തിന്റെ പക്കൽ വളരെ കുറഞ്ഞ പ്രത്യയശാസ്ത്ര-തന്ത്ര ശേഷി മാത്രമേ ഉണ്ടായിരുന്നുള്ളൂ. എന്നാൽ, ഓബീസീ വിഭാഗങ്ങളുടെ സാമ്പത്തിക-സാമൂഹിക പിന്നാക്കത്തെ ആസ്പദമാക്കിയുള്ള പുതിയ രാഷ്ട്രീയത്തിന് സമ്പ്രദായിക അധികാര ശക്തികൾക്കെതിരെ അരികുവത്കൃത വിഭാഗങ്ങളെ ഒന്നിപ്പിക്കാൻ ശേഷിയുണ്ട്. ഇത് സാമൂഹികനീതി രാഷ്ട്രീയത്തിന്റെ നവജാഗരണത്തിന് വഴിവെക്കുമെന്ന് തീർച്ചപ്പെടുത്താൻ കഴിയില്ലെങ്കിലും, നന്നേ ചുരുങ്ങിയത് മറ്റു പിന്നാക്ക വിഭാഗങ്ങളുടെ (ഓബീസീ) സാമൂഹിക-സാമ്പത്തിക ചോദ്യങ്ങളെ മുഖ്യധാരാ രാഷ്ട്രീയ വ്യവഹാരത്തിന്റെ ഭാഗമാക്കാനെങ്കിലും ഇത് ഉപകരിക്കും. ദലിത്-ബഹുജൻ-ആദിവാസി വിഭാഗങ്ങളെ ഭരണകൂട-മറ്റു പ്രധാന അധികാര സ്ഥാപനങ്ങളുടെ ഭാഗമാക്കുക വഴി ഇന്ത്യ കൂടുതൽ ശക്തവും ജനാധിപത്യപരവുമാകും എന്ന ധാർമിക അവകാശവാദത്തിന് ഭാവിയിൽ കൂടുതൽ വക്താക്കളുണ്ടായേക്കും.
Courtesy: The Wire
വിവ: അഫ്സൽ ഹുസൈൻ