ആസാമിലെ കൂട്ട അറസ്റ്റിനു പിന്നിലെ ഹിന്ദുത്വ ലക്ഷ്യങ്ങൾ

ഈ ദിവസങ്ങളിലായി ആസ്സാം ബിജെപി ഗവണ്‍മെന്‍റ് ശൈശവ വിവാഹത്തിന്‍റെ പേരില്‍ സംസ്ഥാനമാകെ നടത്തിവരുന്ന കൂട്ടഅറസ്റ്റ് വടക്കുകിഴക്കൻസംസ്ഥാനത്തെ ഹിന്ദുത്വപരീക്ഷണങ്ങളുടെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ്. പോക്സോ നിയമവും ശൈശവ വിവാഹ നിരോധന നിയമവുമാണ് ആയിരകണക്കിന് ആളുകൾക്ക് മേൽ ചുമത്തിയിരിക്കുന്നത്. 2580 പേരെ ആറു ദിവസത്തിനുള്ളിൽ
അറസ്റ്റ് ചെയ്തു. അറസ്റ്റിലായവരിൽ ഭൂരിപക്ഷവും സാമൂഹികപരമായും സാമ്പത്തികപരമായും മറ്റും പിന്നാക്കം നില്‍ക്കുന്ന വിഭാഗങ്ങളാണ്. മുസ്‌ലിം ചെറുപ്പക്കാരാണ് ഏറ്റവും കൂടുതൽ.

ബിജെപി ഗവണ്‍മെന്‍റിന്‍റെ നടപടി അറസ്റ്റിലാക്കപ്പെട്ട പുരുഷൻമാരുടെ കുടുംബങ്ങളുടെ ഭാവിയെ ചോദ്യം ചെയ്യുന്നതാണ്. തന്നെ 18 വയസ്സിനുള്ളിൽ കല്യാണം കഴിപ്പിച്ച ഉപ്പയെയും ഉമ്മയെയും അറസ്റ്റ് ചെയ്യുമെന്ന് പേടിച്ചു ഒരു മുസ്‌ലിം സ്ത്രീ ജീവനൊടുക്കുക വരെയുണ്ടായി. ഒറ്റരാത്രികൊണ്ട് നാലായിരത്തിലധികം എഫ്.ഐ.ആറുകളാണ് ആസ്സാം പോലീസ് ഫയൽ ചെയ്തത്.

ഇവിടെ ആസ്സാം ഗവണ്‍മെന്‍റിന് മുസ്ലിം സ്ത്രീക്കൂ മുകളിലുള്ള അടങ്ങാത്ത സ്നേഹവും കരുതലുമാണെന്നൊന്നും ആരും കരുതിയേക്കല്ലേ. ശൈശവ വിവാഹത്തോടുള്ള ഗവണ്‍മെന്‍റിന്‍റെ കർശന നിലപാടുകളുമല്ല ഈ വേട്ടയാടാലിന് കാരണം. മുസ്‌ലിം പുരുഷൻമാരെ അറസ്റ്റ് ചെയ്ത് മുസ്‌ലിം കുടുംബങ്ങളിൽ അരക്ഷിതാവസ്ഥ സൃഷ്ടിക്കുകയാണ് ഹിന്ദുത്വ ഭരണകൂടം. മുതലാഖ് നിരോധിച്ച് മുസ്‌ലിം പുരുഷന്മാരെ തടവറക്കുള്ളിലാക്കിയ കേന്ദ്ര ഭരണകൂടത്തിന്റെ മറ്റൊരു പതിപ്പ്.

ഹിന്ദുത്വത്തിന്‍റെ സ്ഥിരം ലബോറട്ടറി ആണ് ആസ്സാം. നിങ്ങളീ നാട്ടുകാരല്ലെന്നും വിദേശികളാണെന്നും മുദ്രകുത്തി പരലക്ഷത്തിലധികം മുസ്‌ലിംകളെ ഡിറ്റൻഷൻ സെന്ററുകളിൽ പാർപ്പിച്ച നാടാണത്. വ്യാപകമായി മുസ്‌ലിംകളെ വീടുകളിൽ നിന്ന് ഇറക്കിവിടുന്നതും നാം കണ്ടു. പതിറ്റാണ്ടുകളായി താമസിച്ചിരുന്ന
വീടുകളിൽ നിന്നും അവരെ പുറത്താക്കുമ്പോൾ പ്രതിഷേധിച്ചവരെ പോലീസ് വെടിവെച്ചു കൊല്ലുന്നത് വരെ നാം കണ്ടു. മദ്രസകളൊക്കെയും തീവ്രവാദ കേന്ദ്രങ്ങളാണെന്ന് പ്രചരിപ്പിച്ചു ബുള്‍ഡോസറുകള്‍കൊണ്ട് പൊളിച്ചുകളയുന്നതും നാം കണ്ടു.

മുസ്‌ലിംകളുടെ വിവാഹങ്ങളിലേക്കും കുടുംബങ്ങളിലേക്കുമുള്ള കടന്നുകയറ്റമാണ് ഇപ്പോൾ കാണുന്നത്. സ്വാഭാവികമായ ഒരു നിയമപ്രക്രിയയാണിതെന്ന് വിശ്വസിക്കാനാവില്ല; വളരെ വ്യക്തമായ ഒരു അജണ്ടയുടെ പ്രതിഫലനം തന്നെയാണ്. മുഖ്യമന്ത്രി നേരിട്ടാണ് കാര്യങ്ങൾ നീക്കുന്നത്.

ശൈശവവിവാഹവുമായി സംബന്ധിച്ച് അവരുടെ സാമൂഹികവും സാമ്പത്തികവുമായ പശ്ചാത്തലങ്ങളെക്കുറിച്ച് ഒരുപാട് പഠനങ്ങള്‍ വന്നിട്ടുണ്ടെങ്കിലും അതൊന്നും കണക്കിലെടുക്കാതെയും യാതൊരു മാനുഷിക പരിഗണനയും കാണിക്കാതെയുമാണ് നടപടികള്‍ സ്വീകരിച്ചിരിക്കുന്നത്. ഈ വിഷയത്തില്‍ വേണ്ടത് വ്യക്തമായ ബോധവല്‍ക്കരണവും മറ്റു ഗവണ്മെന്റ് വെൽഫയർ സ്കീമുകളുമാണെന്ന് ഇവർക്ക് അറിയാഞ്ഞിട്ടല്ല മുസ്‌ലിം നികാഹുകളുടെ നേരെ ഹിമാന്ത ബിശ്വ ശർമയുടെ ഹിന്ദുത്വ ബ്രിഗേഡുകൾ പാഞ്ഞടുക്കുന്നത്.

By തബ്ഷീറ ഹസൻ

Graduated in MA Islamic Studies