“നമ്മൾ ഇന്ത്യയിലെ ജനങ്ങൾ ഇന്ത്യയെ ഒരു പരാമാധികാര, സ്ഥിതിസമത്വ റിപബ്ലിക്കായി സംവിധാനം ചെയ്യുന്നതിനും ഇന്ത്യയിലെ എല്ലാ പൗരന്മാർക്കും സാമൂഹികവും,സാമ്പത്തികവും രാഷ്ട്രീയവുമായ നീതി, ചിന്ത, ആശയാവിഷ്ക്കാരം, വിശ്വാസം, ഭക്തി, ആരാധന, എന്നിവക്കുള്ള സ്വാതന്ത്യം, സ്ഥാനമാനങ്ങൾ, അവസരങ്ങൾ എന്നിവയിലുള്ള സമത്വം എന്നിവ ഉറപ്പുവരുത്തുന്നതിനും വ്യക്തിയുടെ അന്ത:സും രാഷ്ട്രത്തിന്റെ ഐക്യവും അഖണ്ഡതയും ഉറപ്പുവരുത്തുന്ന സാഹോദര്യം എല്ലാവരിലും വളർത്തുന്നതിലും ദൃഢനിശ്ചയം ചെയ്തുകൊണ്ട് നമ്മുടെ ഭരണഘടനാ സഭയിൽവെച്ച് ഇന്ന് 1949 നവംബർ 26 ആം തീയതി ഈ ഭരണഘടനയെ അംഗീകരിക്കുകയും നിയമമാക്കുകയും നമുക്കായിത്തന്നെ സമർപ്പിക്കുകയും ചെയ്യുന്നു”
ഇന്ത്യൻ ഭരണഘടനയുടെ രാഷ്ട്രീയ ജാതകം എന്ന് ജവഹർലാൽ നെഹ്റു വിശേഷിപ്പിച്ച ഭരണഘടനയുടെ ആമുഖ വരികളാണ് മേൽ സൂചിപ്പിച്ചത്. ഇതിൽ ഉപയോഗിച്ചിരിക്കുന്ന ഓരോ വാക്കുകളും രാഷ്ട്രത്തെ ഓരോ ജനാധിപത്യവാദിയെ സംബന്ധിച്ചിടത്തോളവും പവിത്രവും, അവന്റെ/അവളുടെ അന്തസ്സും അഭിമാനവും ഉയർത്തിപ്പിടിക്കുന്നതുമാണ്. അത്രമാത്രം ആശയ ആദർശ മൂല്യങ്ങളെ, ജനാധിപത്യ വിഭാവനയെ, ഉൾക്കൊള്ളുന്ന പദാവലികളാണ് ആമുഖ ഖണ്ഡികയിലെ ഓരോ പദങ്ങളും. സവിശേഷമായ ആഖ്യാനങ്ങൾ ഉൾച്ചേരുന്ന ആമുഖത്തിന്റെ വ്യാഖ്യാനമാണ് തുടർന്നുള്ള ഭരണഘടനാ ഭാഗങ്ങൾ. ഇന്ത്യ കണ്ട എക്കാലത്തെയും മഹാനായ ധൈഷണികനും സ്വതന്ത്ര ഇന്ത്യയിലെ പ്രഥമ നിയമ വകുപ്പ് മന്ത്രിയുമായ ഡോക്ടർ ബി. ആർ അംബേദ്കറുടെ നേതൃത്വത്തിൽ കൃത്യം രണ്ടുവർഷം 11 മാസം 18 ദിവസം നീണ്ടുനിൽക്കുന്ന നിർമ്മാണ പ്രക്രിയകൾക്ക് ശേഷമാണ് ഭരണഘടന നിർമ്മാണം പൂർത്തിയാകുന്നത്. തുടർന്ന് 1950 ജനുവരി 26ന് ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ പരമാധികാര രാജ്യമായി ഇന്ത്യയെ വിഭാവനം ചെയ്തുകൊണ്ട് ഇന്ത്യൻ ഭരണഘടന നിലവിൽ വന്നു. അതിന്റെ ഓർമ്മയ്ക്കായാണ് ജനുവരി 26ന് റിപ്പബ്ലിക് ദിനമായി നാം ആചരിക്കുന്നത്.
ഭരണഘടന നിലവിൽ വന്ന് ഏഴര പതിറ്റാണ്ടിനോട് അടുക്കുന്ന ഈ വേളയിൽ രാഷ്ട്രം റിപ്പബ്ലിക് ദിനം ആഘോഷിക്കുന്ന ഈ മുഹൂർത്തത്തിൽ ഭരണഘടനയോടും അത് വിഭാവനം ചെയ്യുന്ന ആഖ്യാനങ്ങളോടും ഒരു രാഷ്ട്രം എന്ന നിലയിൽ നമുക്ക് എത്രമാത്രം മുന്നോട്ടു നീങ്ങുവാൻ സാധിച്ചു എന്നതാവണം രാജ്യവും പൗരന്മാർ എന്ന നിലയിൽ ഇന്ത്യയിലെ ജനങ്ങളായ നാമും ചിന്തിക്കേണ്ടത്. ഒരളവോളം ഇത്തരം പുനർവിചിന്തനങ്ങൾ ഏറ്റവും അധികം നടക്കേണ്ട ഇടമാണ് നീതിന്യായ ഭരണ വ്യവഹാരങ്ങൾ. ഇന്ത്യൻ ഭരണഘടന അതിന്റെ നിർമ്മാണ വേളയിൽ അഭിമുഖീകരിച്ചിരുന്ന രാഷ്ട്രത്തിന്റെ പൊതു സാമൂഹിക രാഷ്ട്രീയ ചിന്താ വ്യവഹാരങ്ങളിൽ നിന്നും തികച്ചും വ്യത്യസ്തമാണ് ഇന്നത്തെ കാലഘട്ടം. മഹാത്മാഗാന്ധി, ജവഹർലാൽ നെഹ്റു, മൗലാന ആസാദ് എന്നിവരുടെയൊക്കെ ശ്രമഫലമായി ഇന്ത്യയിൽ രൂപം കൊണ്ട മതേതര-ഉൾക്കൊള്ളൽ ദേശീയത സങ്കൽപ്പത്തിൽ നിന്നും വിഭിന്നമായൊരു ഹിന്ദുത്വ പുറന്തള്ളൽ ദേശീയത സങ്കല്പം ഒരുതരം ഉന്മാദമായി രാജ്യത്തെ ഗ്രസിച്ചു കഴിഞ്ഞിരിക്കുന്നു. ഇന്ത്യൻ ഭരണഘടനാ നിർമ്മാണത്തിൽ ഏർപ്പെട്ടിരുന്ന പ്രതിനിധികൾ നൂറ്റാണ്ടുകളോളം അടിച്ചമർത്തപ്പെട്ടിരുന്ന രാഷ്ട്രത്തിന്റെ മേൽ ബ്രിട്ടീഷ് സാമ്രാജ്യത്വം തീർത്ത അഭംഗുരമായ ചങ്ങലക്കെട്ടുകളെ പൊട്ടിച്ചെറിഞ്ഞ സുദീർഘമായൊരു സമര പാരമ്പര്യം അവകാശപ്പെടാനുള്ളവരായിരുന്നു. അതുകൊണ്ടുതന്നെ ആ ആവേശവും ആർദ്രതയും ഭരണഘടനയുടെ ഓരോ താളുകളിലും കാണാം. എന്നാൽ ഇന്ന് അത് കൈകാര്യം ചെയ്യുന്ന ഭരണകൂടമാകട്ടെ മേൽപ്പറഞ്ഞ സാമ്രാജ്യത്വ വിരുദ്ധ പോരാട്ടങ്ങളിൽ പങ്കുചേരാതിരുന്ന്, പ്രസ്തുത സമയം രാജ്യത്തെ മുസ്‌ലിം ന്യൂനപക്ഷങ്ങൾക്കെതിരെ വംശീയ ശുദ്ധീകരണത്തിനായുള്ള മണ്ണൊരുക്കലിൽ ആയിരുന്നു എന്നത് ചരിത്രം തെളിയിച്ച വസ്തുതയാണ്.
ആർ.എസ്.എസിന്റെ സ്ഥാപക നേതാവ്, പ്രഥമ സർ സംഘ് ചാലക് ഡോക്ടർ ഹെഡ്ഗേവാർ തന്നെ സ്വാതന്ത്ര്യ സമരത്തിൽ പങ്കെടുക്കുവാൻ തയ്യാറെടുത്തിരുന്ന ചെറുപ്പക്കാരെ തടഞ്ഞിരുന്നു. എന്നാൽ ചരിത്രത്തിന്റെ മറ്റൊരു വിരോധാഭാസമാവാം,ഭരണഘടന നിർമിച്ച ആശയാദർശമൂല്യങ്ങളല്ല പ്രത്യുത അവയ്ക്ക് ഘടകവിരുദ്ധമായ ഹിന്ദുത്വ ദേശീയതാ ബോധമാണ് ഇന്ന് ഇന്ത്യയെ നയിക്കുന്നത് എന്നത്.
ഭരണഘടന എത്ര സുന്ദരമായിരുന്നാലും നൈതികമായ ഒട്ടനവധി ആഖ്യാനങ്ങൾ അത് പറഞ്ഞുവെച്ചാലും ശരി, അവ കൈകാര്യം ചെയ്യുന്ന ഭരണകർത്താക്കളുടെ നയ നിലപാടുകൾക്ക് അനുസൃതമായിരിക്കും ഭരണഘടന രാജ്യത്ത് പ്രായോഗിക വൽക്കരിക്കപ്പെടുക എന്ന തത്വം നമുക്കറിയാം.
സ്വാഭാവികമായും അത്യന്തം പ്രതിലോമകരമായ ഭരണഘടനയുടെ പ്രയോഗവൽക്കരണമാണ് നരേന്ദ്രമോദി സർക്കാർ ഭരണത്തിലേറിയ ഒന്നാം തീയതി മുതൽ രാജ്യം സാക്ഷ്യം വഹിക്കുന്നത്. ജമ്മുകശ്മീരിന് ഭരണഘടന ഉറപ്പു നൽകുന്ന പ്രത്യേക അവകാശം പെട്ടെന്നൊരു സുപ്രഭാതത്തിൽ പാർലമെന്റിൽ വേണ്ട രീതിയിൽ ചർച്ചകൾക്ക് പോലും അവസരം നൽകാതെ പിൻവലിക്കുക, മഹാരാഷ്ട്രയിൽ ഭരണം പിടിക്കുവാൻ പാതിരാവിലും ഗവർണറും ഇന്ത്യയുടെ രാഷ്ട്രപതി ഭവനും ഉണർന്നിരിക്കുക, അധഃസ്ഥിത പിന്നോക്ക വിഭാഗങ്ങളുടെ സാമൂഹിക ഉന്നമനത്തിനായി ഭരണഘടനാശില്പികൾ ഏർപ്പെടുത്തിയ സംവരണ തത്വം കീഴ്മേൽ മറിക്കുക, മതസ്വാതന്ത്ര്യങ്ങളെ ഹനിക്കുന്ന ഏക സിവിൽ കോഡിനായുള്ള ഒരുക്കങ്ങൾ ആരംഭിക്കുക തുടങ്ങി ഭരണഘടന തത്വങ്ങൾക്ക് വിരുദ്ധമായ ധ്രുവങ്ങളിലേക്കാണ് രാജ്യത്തെ ഹിന്ദുത്വ ഭരണകൂടം നയിക്കുന്നത്. ഇതെല്ലാം തന്നെ കേവലം രാഷ്ട്രീയ തന്ത്രങ്ങളാണെന്ന് കരുതേണ്ട, അതിനപ്പുറം കൃത്യമായ സൈദ്ധാന്തിക അടിത്തറ ഹിന്ദുത്വ ഭരണകൂടത്തിന് ഇതിനൊക്കെ പിന്നിൽ വർത്തിക്കുന്നുണ്ടെന്ന് കാണാനാകും. 1949 നവംബർ 26ന് ഡ്രാഫ്റ്റിങ് കമ്മിറ്റി ഭരണഘടനയ്ക്ക് അന്തിമരൂപം നൽകിയപ്പോൾ പ്രസ്തുത രേഖ സംഘപരിവാറിനെ സംബന്ധിച്ചിടത്തോളം അനഭിമതമായിരുന്നു. 1949 നവംബർ 30ന് അതായത് ഭരണഘടനയ്ക്ക് അന്തിമരൂപം നൽകിയതിന് കൃത്യം നാല് ദിവസത്തിനു ശേഷം പുറത്തിറങ്ങിയ അവരുടെ മുഖപത്രമായ ഓർഗനൈസറിൽ ഇപ്രകാരം അച്ചടിച്ചു വന്നു.
“പുരാതന ഭാരതത്തിന്റെ അതുല്യമായ ഭരണഘടന വികാസങ്ങളെ കുറിച്ച് സൂചനകൾ ഒന്നും ഇന്ത്യൻ ഭരണഘടനയിൽ ഇല്ല. മനുവിന്റെ നിയമങ്ങൾ സ്പാർട്ടയിലെ ലൈക്കർഗസിനും പേർഷ്യയിലെ സലോണിനും എത്രയോ മുമ്പ് ക്രോഡീകരിക്കപ്പെട്ടതാണ്. പൗരാണിക കാലം മുതൽ ഇക്കാലത്തും മനുസ്മൃതിയിൽ പ്രതിപാദിച്ചിട്ടുള്ള നിയമങ്ങൾ ലോകത്തിന്റെ മതിപ്പ് കൈപ്പറ്റാൻ പര്യാപ്തവും ജനങ്ങൾക്ക് അതിനോടുള്ള നൈസർഗികമായ അനുസരണ വാജ്ഞ വെളിപ്പെടുത്തുന്നതുമാണ്. പക്ഷേ നമ്മുടെ ഭരണഘടന പണ്ഡിറ്റുകൾക്ക് അതൊന്നും വിഷയമല്ല.” നോക്കൂ എത്ര വ്യക്തമായാണ് സംഘപരിവാർ ഭരണഘടനയോടുള്ള അവരുടെ നിലപാട് പ്രഖ്യാപിക്കുന്നത് എന്ന്. ഭരണഘടന മാറ്റിയെഴുതുക എന്നതല്ല; അതിനു ബദലായി മനുസ്മൃതിയെയാണ് അവർ പ്രതിഷ്ഠിക്കുന്നത് എന്നതാണ് ഇതിലെ അപകടകരമായ വശം.
ഏതാണ് ഈ മനുസ്മൃതി? അംബേദ്കർ കത്തിച്ചു കളഞ്ഞ അതേ മനസ്മൃതി തന്നെ.മനുസ്മൃതിയുടെ മാനവിക മൂല്യങ്ങളെ കുറിച്ച് കൂടുതൽ ഒന്നും പറയേണ്ടതില്ല എന്ന് തോന്നുന്നു. സംഘപരിവാറിന്റെ ഇന്ത്യയിൽ അതിനെക്കുറിച്ചുള്ള ചർച്ചകൾ ഏറെ നാം കേട്ടു കഴിഞ്ഞിരിക്കുന്നു. സംഘത്തിന്റെ രണ്ടാം സംഘചാലകും വംശീയ വിഷം തുപ്പുന്ന വിചാരധാരയുടെ രചയിതാവുമായ മാധവ് സദാശിവ് ഗോൾവാർക്കർ മനുസ്മൃതിയെയാണ് ഇന്ത്യൻ ഭരണഘടനയായി വിഭാവനം ചെയ്യുന്നത്. ഹിന്ദുക്കൾക്കെതിരായ വിവേചനം നീക്കാനും ഭാരതത്തെ ഹിന്ദുക്കളുടെ മാതൃഭൂമി ആക്കാനും ഭരണഘടന മാറ്റി എഴുതണം എന്ന ഹിന്ദു അഭിഭാഷകരുടെ പ്രഖ്യാപനം റിപ്പോർട്ട് ചെയ്തിരുന്നു ആർ എസ് എസ് മുഖപത്രമായ ഓർഗനൈസർ¹.1992 ഏപ്രിൽ 18,19 തീയതികളിൽ വിഎച്ച്പി മഥുരയിൽ സംഘടിപ്പിച്ച ഹിന്ദു അഭിഭാഷകരുടെ രണ്ടാം സംസ്ഥാന സമ്മേളനം ഭരണഘടന തിരുത്തി എഴുതുകയും പുതുക്കി സംഘടിപ്പിക്കുകയും വേണമെന്ന് ആവശ്യപ്പെട്ടു. 1992 ഒക്ടോബർ 13,14 തീയതികളിൽ യോഗം ചേർന്ന വിശ്വഹിന്ദു പരിഷത്തിന്റെ കീഴിലുള്ള സന്ത് സമിതി ഭരണഘടന അഴിച്ചു പണിയാൻ സ്വാമി മുക്താനന്ദ സരസ്വതി തലവനായി സമിതിയെ നിയോഗിച്ചു². സംഘപരിവാർ സൈദ്ധാന്തികനും “ദ്വിരാഷ്ട്രവാദം” എന്ന ആശയത്തിന്റെ ഉപജ്ഞാതാവുമായ വി ഡി സവർക്കർ ഏക ഭരണഘടനയുടെ കീഴിൽ രണ്ടു രാഷ്ട്രം എന്ന അഭിപ്രായക്കാരനായിരുന്നു. ഒന്ന് ഹിന്ദു രാഷ്ട്രവും മറ്റൊന്ന് മുസ്‌ലിം രാഷ്ട്രവും. അവർ ഒരേ ഭരണഘടന അംഗീകരിക്കണം. ആ ഭരണഘടനയിൽ അവകാശങ്ങളും ആനുകൂല്യങ്ങളും കൂടുതൽ അനുഭവിക്കേണ്ടി വരിക ഹിന്ദു രാഷ്ട്രത്തിന് ആയിരിക്കണം.ഇതായിരുന്നു അദ്ദേഹത്തിന്റെ ഫോർമുല.
എന്നാൽ ഇത്തരം വരേണ്യ താൽപര്യങ്ങളെ മുളയിലെ നുള്ളിക്കളയുവാൻ ദീർഘവീക്ഷണപരമായ സംചലനങ്ങളാണ് ഭരണഘടന നിർമാണ വേളയിൽ അതിലെ അംഗങ്ങൾ കൈക്കൊണ്ടത്. അംബേദ്കർ പറഞ്ഞു “ഹിന്ദുരാജ് ഒരു യാഥാർത്ഥ്യമായി തീർന്നാൽ ശങ്ക വേണ്ട, തീർച്ചയായും അത് രാജ്യം അഭിമുഖീകരിക്കുന്ന ഏറ്റവും വലിയ ദുരന്തം ആയിരിക്കും. ഹിന്ദുക്കൾ എന്തുതന്നെ പറഞ്ഞാലും ഹൈന്ദവത എന്നാൽ സ്വാതന്ത്ര്യം, സമത്വം, സാഹോദര്യം എന്നിവയ്ക്ക് വൻ ഭീഷണിയാണ്. തന്മൂലം ജനാധിപത്യവുമായി ഒരിക്കലുമത് യോജിച്ചു പോകില്ല. ഹിന്ദുരാജിനെ ഇന്ത്യ എന്തു വില കൊടുത്തും തടയേണ്ടതുണ്ട്.”³
എന്നാൽ കാലചക്രം ഭരണഘടനയുടെ നടത്തിപ്പുകാരായി കരുതിവെച്ചത് അംബേദ്കർ ഉൾപ്പെടെ പ്രതിലോമകരം എന്ന് വിശേഷിപ്പിച്ച ആദർശക്കാരുടെ കൈകളിലാണ്.
ഭരണഘടനയുടെ സംരക്ഷകനാണ് ജുഡീഷ്യറി. ഈ കെട്ട കാലത്തും ജുഡീഷ്യറിയിലേക്ക് വരുമ്പോഴും വ്യത്യസ്തമായ ഒരു അനുഭവം ലഭിക്കുന്നില്ല എന്നതാണ് ഏറെ വിഷമകരമായ യാഥാർത്ഥ്യം. മുസ്‌ലിംകൾക്ക് നമസ്കരിക്കാൻ പള്ളി ആവശ്യമുണ്ടോ എന്ന് ബാബരി മസ്ജിദ് കേസ് പരിഗണിക്കവെ ഒരു കോടതി ചോദിച്ചിരുന്നു, ഇന്ന് കോടതി പറയുന്നത് മുസ്‌ലിം സ്ത്രീകൾക്ക് ഹിജാബ് നിർബന്ധമല്ല എന്നൊക്കെയാണ്. സമീപകാലത്തെ ഇത്തരം കോടതിവിധികൾ ക്രോഡീകരിച്ചാൽ ഒരുപക്ഷേ ഒരു മദ്ഹബ് തന്നെ രൂപീകരിക്കേണ്ടിവരുന്ന ഗതികേടിലാണ് മുസ്‌ലിം സമുദായം. 1992ൽ ഇന്ദ്രാസായിനി കേസിൽ സാമ്പത്തികമല്ല സാമൂഹിക അവസ്ഥയാണ് സംവരണത്തിന്റെ മാനദണ്ഡം എന്ന് പ്രഖ്യാപിച്ച പരമോന്നത കോടതി തന്നെ ഇന്ന് സാമ്പത്തികവും സംവരണത്തിനു മാനദണ്ഡമായി പ്രഖ്യാപിച്ചു. കൂടാതെ 50 ശതമാനം എന്ന സംവരണത്തോത് 60% ആയി ഉയർത്തി. 50% ത്തിൽ കവിയാൻ പാടില്ല എന്ന സുപ്രീംകോടതിയുടെ മുൻകാല ഉത്തരവിനെ ഇതുവഴി മറികടന്നു പരമോന്നത ജുഡീഷ്യറി.
ഇന്ത്യൻ ചിഹ്നങ്ങളെ ബഹുമാനിക്കാൻ മതപരമായി അനുവാദം ഇല്ലാത്തതിനെ തുടർന്ന് ബോംബെയിലെ സ്കൂളിൽ നിന്നും പുറത്താക്കപ്പെട്ട യഹോവ സാക്ഷികളായ വിദ്യാർത്ഥികൾക്ക് അനുകൂലമായി വിധി പറയാൻ ആർജ്ജവം കാണിച്ച ഇന്ത്യൻ ജുഡീഷ്യറി തന്നെയാണ് മുസ്‌ലിം പെൺകുട്ടികൾ ഹിജാബ് ധരിച്ചുകൊണ്ട് സ്കൂളുകളിലും കോളേജുകളിലും പോകേണ്ടെന്ന് പ്രഖ്യാപിച്ചതും, അതുവഴി അനേകം പെൺകുട്ടികളുടെ ഭാവി ജീവിതത്തെ തുലാസിലാക്കിയതും. പൗരത്വ നിയമം, ജമ്മുകശ്മീരിന്റെ പ്രത്യേക പദവി എടുത്തു കളഞ്ഞതിനെതിരെയുള്ള ഹരജികൾ എന്നിവ ഏറെ നാളാണ് പരമോന്നത നീതിപീഠം പരിഗണിക്കാതെ പൊടിപിടിച്ചു കിടന്നത്. ജാർഖണ്ഡിൽ ആദിവാസികൾക്കിടയിൽ സേവന പ്രവർത്തനങ്ങളുമായി കഴിഞ്ഞിരുന്ന ജസ്യൂട് പുരോഹിതൻ ഫാദർ സ്റ്റാൻ സ്വാമി എന്ന വയോധികന് പാർക്കിൻസൻസ് രോഗം മൂർച്ഛിച്ചതിനെ തുടർന്ന് വെള്ളം കുടിക്കാനായി ഒരു സ്ട്രോ അനുവദിക്കണമെന്ന ആവശ്യവുമായി കോടതിയെ സമീപിച്ചപ്പോൾ വിശദീകരണം നൽകാനായി കോടതി എൻ.ഐ.എക്ക് നൽകിയത് 20 ദിവസമാണ് എന്നതിൽ എത്തിനിൽക്കുന്നു ജുഡീഷ്യറിയുടെ നീതിബോധം! എൻ ഐ എ നൽകിയ വിശദീകരണത്തിന് ശേഷവും ദിവസങ്ങൾ പിന്നിട്ടിട്ടാണ് അദ്ദേഹത്തിന് സ്ട്രോ അനുവദിക്കാൻ കോടതി ഉത്തരവ് നൽകുന്നത്.
ഗ്യാൻവാപി മസ്ജിദിൽ ശിവലിംഗം കണ്ടെത്തി എന്ന വാദം ഉന്നയിച്ചുകൊണ്ട് വിശ്വഹിന്ദു പരിഷത്തിന്റെ സഹായത്തോടുകൂടി 5 ഹിന്ദു സ്ത്രീകൾ സമർപ്പിച്ച ഹരജി പ്രഥമ ദൃഷ്ടിയാൽ തന്നെ കോടതി സ്വീകരിക്കാൻ പാടില്ലായിരുന്നതാണ്. 1992ലെ ആരാധനാലയ നിയമം അനുസരിച്ച് ബാബരി മസ്ജിദ് ഒഴികെയുള്ള എല്ലാ ആരാധനാലയ സമുച്ചയങ്ങളും 1947 ഓഗസ്റ്റ് 15ന് ഏത് രീതിയിലാണോ നിലനിന്നിരുന്നത് അതേ രീതിയിൽ തന്നെ നിലനിർത്തണമെന്ന നിയമമാണ് 92ലെ ആരാധനാലയ നിയമം. പ്രസ്തുത നിയമം പാർലമെന്റിൽ പാസാക്കപ്പെടുമ്പോൾ ബാബരി മസ്ജിദ് വിഷയത്തിൽ തർക്കം നടന്നുകൊണ്ടിരിക്കുന്നതിനാലാണ് ബാബരി മസ്ജിദിനെ ഈ നിയമത്തിൽ നിന്നും ഒഴിവാക്കിയത്. നിയമം ഇങ്ങനെയൊക്കെയാണെങ്കിലും ഹിന്ദു സ്ത്രീകളുടെ ഹരജി കോടതി ഫയലിൽ സ്വീകരിച്ചു.ഗ്യാൻവാപി മറ്റൊരു ബാബരിയുടെ പരിണിതയിലേക്ക് എത്തിപ്പെടുമോ എന്ന് തീർച്ചയായും ആശങ്കയ്ക്ക് വകയുണ്ട്. നോട്ട് നിരോധനം,പെഗസസ്, റാഫേൽ ഇടപാട്, സാമ്പത്തിക സംവരണം, കർണാടകയിലെ ഹിജാബ് വിഷയം തുടങ്ങിയ കേസുകളിലെ ജുഡീഷ്യൽ സമീപനങ്ങൾ ഭരണകൂടത്തെ പ്രീതിപ്പെടുത്തുന്നതായിരുന്നു. പ്രധാനമന്ത്രി കസേരയിൽ ഇരിക്കുന്ന ഇന്ദിര ഗാന്ധി എന്ന ഉരുക്ക് വനിതയുടെ തിരഞ്ഞെടുപ്പ് ഫലം പോലും മരവിപ്പിക്കാൻ ആർജ്ജവം കാട്ടിയ പാരമ്പര്യം അവകാശപ്പെടാനുള്ള ജുഡീഷ്യറിയാണ് നമ്മുടേതെന്ന് ഇടക്കൊക്കെ ഒന്ന് വിചാരിക്കുന്നത് നല്ലതാണ്. വിധി ന്യായത്തിന് വിരുദ്ധമായ വിധി പറഞ്ഞ ചീഫ് ജസ്റ്റിസ് ഭരണകക്ഷിയുടെ നോമിനിയായി രാജ്യസഭയിൽ എത്തുന്ന കാലത്ത് വിശേഷിച്ചും.
ജഡ്ജിമാരെ നിയമിക്കുന്ന സുപ്രീംകോടതിയുടെ കൊളീജിയം ശിപാർശ പോലും കേന്ദ്രസർക്കാർ പരിഗണിക്കുന്നില്ല എന്നതിനെ ചൊല്ലി സർക്കാർ കോടതി പോര് മുറുക്കി കൊണ്ടിരിക്കുന്ന വേളയിൽ തന്നെയാണ് ഏറ്റവും അധികം സുതാര്യതയും നിഷ്പക്ഷതയും ആവശ്യമായ കോളീജിയത്തിൽ സർക്കാർ പ്രതിനിധി വേണം എന്ന അമ്പരിപ്പിക്കുകയും നാണം കെടുത്തുന്നതുമായ കേന്ദ്ര നിയമവകുപ്പ് മന്ത്രിയ കിരൺ റിഡ്ജുവിന്റെ പ്രസ്താവന പുറത്തുവരുന്നതും.
വൈവിധ്യമാർന്ന ഒരു രാഷ്ട്രത്തിന്റെ ഭരണഘടനാ നിർമ്മാണം ഏറെ വെല്ലുവിളികൾ നിറഞ്ഞതായിരുന്നു. അതുകൊണ്ടുതന്നെ രാഷ്ട്രം എങ്ങനെ അതിജീവിക്കും എന്നത് നമ്മുടെ ദേശീയ നേതാക്കന്മാരെ സംബന്ധിച്ചിടത്തോളം ഒരു സജീവ പ്രശ്നം തന്നെയായിരുന്നു. എന്നാൽ ബഹുസ്വരതയുടെ സംഗമഭൂമിയായ നമ്മുടെ രാജ്യം അതിനെയെല്ലാം അതിജീവിച്ചു മുന്നോട്ടു നീങ്ങി. ആദ്യകാലങ്ങളിൽ അതിനെ നയിച്ചവർക്കും അതിലൊരു പങ്കുണ്ട്. എന്നാൽ ഹിന്ദി ഹിന്ദു ഹിന്ദുസ്ഥാൻ എന്ന ആപ്തവാക്യത്തിലാണ് ഹിന്ദുത്വ ഭരണകൂടം. പുതിയ വിദ്യാഭ്യാസ നയത്തിലും, കേന്ദ്രമന്ത്രി അമിത്ഷാ അധ്യക്ഷനായ കമ്മിറ്റി രാഷ്ട്രപതിക്ക് സമർപ്പിച്ച റിപ്പോർട്ടിലും ഹിന്ദി ഭാഷയെ അടിച്ചേൽപ്പിക്കുവാനുള്ള അണിയറ നീക്കങ്ങളാണ് വ്യക്തമാകുന്നത്. ഇന്ത്യ പോലൊരു വൈവിധ്യമാർന്ന ഭാഷകൾ കൈകാര്യം ചെയ്യുന്ന ഒരു രാജ്യത്ത് ആഭ്യന്തര സംഘർഷങ്ങൾക്കെ ഇത് ഉപകരിക്കുകയുള്ളൂ എന്ന് കേന്ദ്രസർക്കാരിന് അറിയാഞ്ഞിട്ടല്ല. യുദ്ധം, ഏകാധിപത്യം എന്നിവ സൈദ്ധാന്തികമായി തന്നെ ഉന്നത മൂല്യങ്ങളായി അംഗീകരിക്കുന്നവർക്ക് ലക്ഷ്യം തന്നെ പ്രധാനം.സംസ്കാരത്തെ നിർണയിക്കുന്നതിൽ ഭാഷയുടെ സ്ഥാനം പ്രഥമമാണ്. ആയതിനാൽ ഭാഷയെ ചോദ്യം ചെയ്യുക എന്നാൽ ഒരു ജനവിഭാഗത്തിന്റെ സ്വത്വത്തെ തന്നെ ചോദ്യം ചെയ്യുന്നതിന് സമമാണ്. ഇങ്ങനെ സമഗ്രമായി ജീവിതത്തിന്റെ സർവ്വ മേഖലകളിലും ഫാസിസം പിടിമുറുക്കുമ്പോൾ ഭരണഘടന നോക്കുകുത്തിയാകുന്ന കാഴ്ച അതിദയനീയമാണ്.
രാജ്യവും ഭരണഘടനയും അത്യന്തം പ്രതിലോമകരമായ ഒരു ഘട്ടത്തിലൂടെ മുന്നോട്ടുപോകുന്ന നിർണായകമായ ഒരു വേളയിലാണ് രാജ്യം വീണ്ടും ഒരു റിപ്പബ്ലിക് ദിനം ആഘോഷിക്കുന്നത്. ഇന്ത്യയെ രക്ഷിക്കുക എന്നാൽ ഭരണഘടനയെ സംരക്ഷിച്ചു നിർത്തുക എന്നതാണ്. രാജ്യനിവാസികളും ജനാധിപത്യ വിശ്വാസികളും ആശയ വൈവിധ്യങ്ങളെ മാറ്റിവെച്ചുകൊണ്ട് ഭരണഘടനയുടെ സംരക്ഷകരാകുവാൻ മുന്നോട്ടു വരേണ്ട സമയം അതിക്രമിച്ചിരിക്കുന്നു.
റഫറൻസ്
1. ഫാഷിസവും സംഘപരിവാറും- ഡോക്ടർ എം കെ മുനീർ(ഒലിവ് ബുക്സ്)
2. ഫാഷിസവും സംഘപരിവാറും- ഡോക്ടർ എം. കെ മുനീർ(ഒലിവ് ബുക്സ്)
3. Pakistan or partition of india-Dr B R Ambedkar