ഇന്ത്യന്‍ മുസ്‌ലിം പണ്ഡിതര്‍ക്ക് ജാതീയത ഒരു വിഷയമായിരുന്നോ?

കഴിഞ്ഞ മാസം കൊളംബിയ യൂണിവേഴ്സിറ്റിയിലെ സൗത്ത് ഏഷ്യൻ ഇൻസ്റ്റിറ്റ്യൂട്ട് “ബാബരി മസ്ജിദിന്റെ ബാക്കിപത്രങ്ങൾ: മുപ്പത് വർഷങ്ങൾക്ക് ശേഷം” എന്ന തലക്കെട്ടിൽ ഒരു സെമിനാർ സംഘടിപ്പിച്ചു. ആ സെമിനാറിൽ “ബാബരിയാനന്തര ജാതിവിരുദ്ധ മുന്നേറ്റങ്ങൾ: ഇന്ത്യയിലെ പുതിയ ഉയർത്തെഴുന്നേൽപ്പ്” എന്ന വിഷയത്തിൽ ഞാനൊരു അവതരണവും നടത്തി.

എന്റെ അബ്സ്ട്രാക്റ്റിൽ ഞാൻ പറഞ്ഞ കാര്യങ്ങൾ ഇതൊക്കെയാണ്:

സ്വതന്ത്രാനന്തര ഇന്ത്യയിലെ ജാതിവിരുദ്ധ മുന്നേറ്റങ്ങൾ, ബാബരിയാനന്തര സാഹചര്യത്തിൽ ഇന്ത്യൻ ജനാധിപത്യ വ്യവഹാരത്തിന് കാര്യമായ ഗതിമാറ്റം വരുത്തിയിട്ടുണ്ട്. “വൈ അയാം നോട്ട് എ ഹിന്ദുവും” “പോസ്റ്റ്‌ ഹിന്ദു ഇന്ത്യയും” ഞാൻ എഴുതിയത് ആ സാഹചര്യത്തിൽ തന്നെയാണ്. ജാതിവിരുദ്ധ മുന്നേറ്റങ്ങൾ അതിന്റെ അജണ്ടയിൽ ന്യൂനപക്ഷങ്ങളെയും ഉൾപ്പെടുത്തിയെങ്കിലും, മുസ്‌ലിംകൾ ആ വ്യവഹാരത്തിൽ പങ്കുകൊണ്ടില്ല. മുസ്‌ലിം ബുദ്ധിജീവികൾ ദലിത്-ഒബിസി-ആദിവാസി വിഭാഗങ്ങളെ സ്വയം പ്രതിരോധിക്കാൻ വിട്ടുകൊടുത്തു കൊണ്ട്, ജാതിയെ തൊട്ട് അശ്രദ്ധരായി തന്നെ തുടർന്നു. 30 വർഷങ്ങളോളം, ബ്രാഹ്മണിസത്തോട് പൊരുതാനുള്ള തങ്ങളുടെ ബൗദ്ധിക-സംഘടനാപരമായ ശേഷിയെ ജാതിയും തൊട്ടുകൂടായ്മയും ചേർന്നു നശിപ്പിച്ചിരിക്കുന്നു എന്ന് ദലിത്-മുസ്‌ലിം-ആദിവാസി വിഭാഗങ്ങൾ തിരിച്ചറിഞ്ഞു. ഇന്ത്യയിലെ സംഘടിത മതങ്ങളായ ഇസ്‌ലാമും ക്രിസ്റ്റ്യാനിറ്റിയും അവരെ ഉന്നത ഇംഗ്ലീഷ് വിദ്യാഭ്യാസം നേടിയ, ആഗോളവത്കൃത ബ്രാഹ്മണിക ശക്തികളുടെ ഔദാര്യത്തിന് വിട്ടുകൊടുത്തു. ബാബരിയാനന്തരം അവരെ ഹിന്ദുത്വ സംഘങ്ങളിലേക്ക് ആകർഷിക്കാനും വോട്ടു ബാങ്കാക്കി മാറ്റാനും സഹായിച്ചത് ഈ സാഹചര്യമാണ്. എന്നാൽ, അതേസമയം തന്നെ, അംബേദ്കർ, ഫുലെ, പെരിയാർ എന്നിവരെ മുന്നോട്ടു വെച്ചുകൊണ്ട് ദലിത്, ഓബിസി, ആദിവാസി ബുദ്ധിജീവികളും രാഷ്ട്രീയ പ്രവർത്തകരും ബൃഹത്തായ ഒരു ജാതിവിരുദ്ധ പ്രത്യയശാസ്ത്രം വികസിപ്പിച്ചെടുത്തു. ഒരു ആഗോള ജാതിവിരുദ്ധ പ്രത്യയശാസ്ത്ര മുന്നേറ്റം ഇതുമൂലം സാധ്യമായി. എന്നാൽ, ഇന്ത്യൻ ജനാധിപത്യത്തിന്റെ ഭാവി, ജാതിരഹിത സമത്വ ഇന്ത്യയുടെ സാധ്യത എന്നിവ ഇപ്പോഴും അനിശ്ചിതമായി തുടരുന്നു.

എന്റെ അവതരണത്തിനു ശേഷം, ഇന്ത്യയിൽ മുസ്‌ലിംകൾ പീഡനം അനുഭവിച്ചു കൊണ്ടിരിക്കുന്ന സമയത്തു തന്നെ, മുസ്‌ലിം ബുദ്ധിജീവികളുടെ പങ്കിനെ പറ്റിയും ഇന്ത്യൻ ഇസ്‌ലാമിന്റെ ചരിത്രത്തെ പറ്റിയും ചർച്ച ചെയ്യുന്നതിന്റെ പ്രസക്തി എന്താണെന്ന് ചിലർ ചോദ്യമുന്നയിച്ചു. ഇന്ത്യൻ, സൗത്ത് ഏഷ്യൻ സമൂഹങ്ങളെ കുറിച്ച് പഠനം നടത്തുന്ന അമേരിക്കൻ പണ്ഡിതർ പോലും ഈ ആശങ്ക പങ്കുവെക്കുകയുണ്ടായി. ഇന്ത്യൻ മുസ്‌ലിംകൾക്കിടയിൽ ജാതി നിലനിൽക്കുന്നതിനെ കുറിച്ചും, മേൽജാതി മുസ്‌ലിംകളിൽ നിന്ന് പസമന്ദ മുസ്‌ലിംകൾ പീഡനം അനുഭവിക്കുന്നതിനെ കുറിച്ചും അസിം പ്രേംജി യൂണിവേഴ്സിറ്റിയിൽ നിന്നുള്ള മുസ്‌ലിം പണ്ഡിതൻ ഖാലിദ് അനീസ് അൻസാരി അവതരണം നടത്തിയപ്പോൾ, മറ്റു ചില പണ്ഡിതർ ഇതിൽ നിരാശ രേഖപ്പെടുത്തി. ആർ.എസ്.എസും ബിജെപിയും മുസ്‌ലിംകൾക്കിടയിലെ ഈ ഭിന്നതയെ ചൂഷണം ചെയ്യാൻ ശ്രമിച്ചു കൊണ്ടിരിക്കുന്ന ഇന്നത്തെ സാഹചര്യം ഇന്ത്യൻ മുസ്‌ലിംകളിലെ ജാതി വിവേചനങ്ങളെ കുറിച്ച ചോദ്യങ്ങളുയർത്താൻ ഒട്ടും യോജിച്ചതല്ല എന്നതാണ് അവരുടെ പക്ഷം.

എന്നാൽ, ഇന്ത്യൻ ജാതി സംസ്‌കൃതിയിൽ മുസ്‌ലിം പണ്ഡിതരുടെ പങ്കിനെ കുറിച്ച് ചർച്ച ചെയ്യുന്നത് (നിലവിലെ രാഷ്ട്രീയ സാഹചര്യത്തിൽ പോലും) പ്രധാനമാണെന്നാണ് ഞാൻ വിശ്വസിക്കുന്നത്. ശൂദ്ര, ദലിത്, ആദിവാസി പ്രശ്നത്തെ കുറിച്ചു മാത്രമല്ല, മുസ്‌ലിം ന്യൂനപക്ഷ പ്രശ്നത്തെ മനസ്സിലാക്കുന്നതിലും ഈ ചർച്ച പ്രധാനമാണെന്ന് ഞാൻ കരുതുന്നു. അവരുടെ ബന്ധങ്ങളെയും ചരിത്രത്തെയും സംബന്ധിച്ച് ശൂദ്ര, ഓബിസി, ആദിവാസി വിഭാഗങ്ങൾ പ്രശ്നകരമെന്ന് (problamatic) കരുതുന്നത് എന്താണെന്ന് മുസ്‌ലിം ബുദ്ധിജീവികൾക്ക് മനസ്സിലാക്കാനും ഇതുമൂലം സാധിക്കുന്നു.

2014ൽ ബിജെപി അധികാരത്തിൽ വന്നതിനു ശേഷം, തെരഞ്ഞെടുപ്പിലും സമുദായികാടിസ്ഥാനത്തിലും ഓബിസി വിഭാഗങ്ങൾ കൂടുതലായി ബിജെപിയെ പിന്തുണക്കുന്ന സാഹചര്യത്തിൽ, ഓബീസികളും മുസ്‌ലിംകളും തമ്മിലെ ബന്ധത്തെ കുറിച്ച് ഗൗരവകരമായ ചർച്ചകൾ ഉടലെടുത്തു.

1992ൽ ബാബരി മസ്ജിദ് തകർക്കുന്നതിൽ ഓബീസി വിഭാഗങ്ങളും പങ്കെടുത്തു എന്ന അഭിപ്രായവും നിലനിൽക്കുന്നുണ്ട്. ഓബീസീ പിന്തുണയില്ലാതെ ഇപ്പോൾ ജയിക്കുന്നത് പോലെ തെരഞ്ഞെടുപ്പുകളിൽ ബിജെപിക്ക് ജയിക്കാൻ കഴിയുകയില്ല, ജയിക്കുകയുമില്ല എന്നത് സത്യമാണ്. നരേന്ദ്ര മോഡി സ്വയം തന്നെ പരിചയപ്പെടുത്തുന്നത് ഗുജറാത്തിൽ നിന്നുള്ള ഓബീസി വിഭാഗക്കാരൻ എന്നാണ്: ബിജെപിയുടെ ഓബീസീ മുന്നേറ്റത്തിൽ അതും ഒരു കാരണമായിരിക്കാം. ഓബീസികൾ (ചരിത്രപരമായി ശൂദ്ര കർഷകരെയും കൈത്തൊഴിൽക്കാരെയും പോലെ) മുസ്‌ലിംകളെ വെറുക്കുന്നു എന്നാണോ ഇതിനർഥം? ശൂദ്രർക്ക് മുസ്‌ലിംകളോട് സൈദ്ധാന്തികമോ സാംസ്‌കാരികമോ ആയ വിരോധമുണ്ടെന്ന വാദത്തെ പിന്തുണക്കുന്ന തെളിവുകൾ ഒന്നും തന്നെയില്ല. ഇന്ത്യയിൽ വന്നിട്ടുള്ള സകല മുസ്‌ലിംവിരുദ്ധ എഴുത്തുകളും ബ്രാഹ്മണ, മേൽജാതി ചിന്തകരും ബുദ്ധിജീവികളും പടച്ചു വിട്ടതാണ്. വി.ഡി സവർക്കറുടെയും എം.എസ് ഗോൾവാൾക്കറുടെയും എഴുത്തുകൾ ഉദാഹരണം.

ശൂദ്ര, ദലിത്, ആദിവാസി വിഭാഗങ്ങളും മുസ്‌ലിംകളും തമ്മിലുള്ള ബന്ധത്തെ പറ്റി അതേ പ്രധാന്യമുള്ള മറ്റൊരു ചോദ്യം കൂടി ഈ ചർച്ച മുന്നോട്ടു വെക്കുന്നുണ്ട്. ഒരു മതം (religion) എന്ന നിലക്ക് ഇസ്‌ലാം ഇന്ത്യയിൽ വേരോട്ടമുണ്ടാക്കിയതിനു ശേഷം, ജാതി നിർമൂലനത്തിലും നിരോധനത്തിലും മുസ്‌ലിം ഭരണാധികാരികളും, എഴുത്തുകാരും, സാമൂഹിക-ആത്മീയ ചിന്തകരും വഹിച്ച ചരിത്രപരമായ പങ്ക് എന്തായിരുന്നു?

അല്ലാഹു സൃഷ്‌ടിച്ച പ്രപഞ്ചത്തിൽ സ്വീകരിക്കാൻ കഴിയാത്ത ഒരു വ്യവസ്ഥയായി ജാതിയെയും തൊട്ടുകൂടായ്മയെയും (അവരുടെ ആഗമനത്തിന് വളരെ മുൻപേ പ്രചാരത്തിലുണ്ടായിരുന്ന) മുസ്‌ലിം പണ്ഡിതരും എഴുത്തുകാരും സമീപിച്ചിരുന്നോ?

കാരണം, നല്ലതും ചീത്തതുമായ സകലതും സൃഷ്‌ടിക്കുന്നത് അല്ലാഹുവാണെന്ന് ഇസ്‌ലാം മനസ്സിലാക്കുന്നുണ്ടല്ലോ. അവരുടെ വിശ്വാസമനുസരിച്ച് അല്ലാഹുവിന്റെ അനുമതിയില്ലാതെ ഒന്നും സന്നിഹിതമാവുകയോ അസന്നിഹിതമാവുകയോ ഇല്ല. അപ്പോൾ (അ)പ്രാപഞ്ചികമായ അസമത്വവും, പീഡനവും, അധഃപതനവും സൃഷ്‌ടിച്ച ജാതി വ്യവസ്ഥയെയും തൊട്ടുകൂാടയ്മയെയും ഈ പശ്ചാത്തലത്തിൽ എങ്ങനെ വായിക്കും?

ഇസ്‌ലാം എത്തുന്നതിനു മുൻപേ ഉണ്ടായിരുന്ന വ്യവസ്ഥ എന്ന നിലക്ക് മുസ്‌ലിം പണ്ഡിതരും പുരോഹിതരും എങ്ങനെയാണ് അതിനെ നോക്കിക്കണ്ടത്? ഇന്ത്യയിലെ ഇസ്‌ലാമിന്റെ കഴിഞ്ഞ 1400 വർഷത്തിനിടക്ക് അവ്വിഷയകമായി ഇവർ എന്തെങ്കിലും എഴുതിയിരുന്നെങ്കിൽ അവരുടെ കാഴ്ചപ്പാട് നമുക്ക് മനസ്സിലാക്കാമായിരുന്നു. പണ്ഡിതർ എഴുത്തു മുഖേനയോ ധർമോപദേശങ്ങൾ വഴിയോ അഭിപ്രായം രേഖപ്പെടുത്തിയിട്ടില്ലെങ്കിൽ ഭരണകർത്താക്കൾക്ക് പോലും ഈ വ്യവസ്ഥയെ പറ്റി എന്താണ് ചെയ്യേണ്ടത് എന്ന് അറിയുമായിരുന്നില്ല. എന്തുതന്നെയായാലും, അറിയപ്പെട്ട ചരിത്രത്തിൽ നിന്ന് മുസ്‌ലിം ഭരണാധികാരികൾ- ഏറ്റവും വിശ്രുതനായ അക്ബർ പോലും- ദലിത്/ശൂദ്രർക്കു വേണ്ടി സ്കൂളുകൾ ആരംഭിച്ചിട്ടില്ല. 1948 വരെ മുസ്‌ലിം ഭരണാധികാരികൾ സ്റ്റേറ്റ് ഭരണം കയ്യാളിയിരുന്ന ഹൈദരാബാദ് രാജഭരണത്തിൽ പോലും (ചില സാമൂഹിക പരിഷ്കർത്താക്കൾ ഉർദുവിൽ വിദ്യാഭ്യാസം നൽകണം എന്ന് ആവശ്യമുന്നയിക്കുന്നത് വരെ) ശൂദ്ര-ദലിത്-ആദിവാസി വിഭാഗങ്ങൾക്ക് വിദ്യാഭ്യാസം നൽകിയതിന് തെളിവുകളില്ല. അപ്പോൾ പോലും ഹൈദരാബാദ് ഭരണകൂടത്തിനു കീഴിൽ വളരെക്കുറച്ച് ശൂദ്ര-ദലിത്-ആദിവാസികൾക്ക് മാത്രമാണ് ഉർദുവിലും പേർഷ്യനിലും അടിസ്ഥാനപരമായ എഴുത്ത്-വായന എന്നിവ അഭ്യസിപ്പിച്ചിരുന്നത്.

സംസ്‌കൃത വിദ്യാഭ്യാസ പശ്ചാത്തലമുള്ള ബ്രാഹ്മണ, കായസ്ഥ, ഖത്രി, ബനിയ, ക്ഷത്രിയ മുതലായ മേൽജാതികൾക്കിടയിൽ മാത്രമാണ് പേർഷ്യൻ, ഉർദു വിദ്യാഭ്യാസം പ്രചാരത്തിലുണ്ടായിരുന്നത്.

മുസ്‌ലിം ഭരണകർത്താക്കളും പണ്ഡിതരും ജാതി സീമകൾ നിലനിർത്തി പോന്നിരുന്നു. എന്തുകൊണ്ട്? മുസ്‌ലിം ഭരണകർത്താക്കളും പണ്ഡിതരും മേൽജാതി മതപരിവർത്തനത്തിൽ നിന്നും വന്നവർ ആയതുകൊണ്ടാണോ? അതോ, ജാതി വ്യവസ്ഥയുടെ പരിണാമത്തെയോ ദൈവിക സൃഷ്ടിയുമായുള്ള അതിന്റെ ബന്ധത്തെയോ മനസ്സിലാക്കാനും ശാസ്ത്രീയമായി അതിനെ നിർമൂലനം ചെയ്യാനും ഒരു മതമെന്ന നിലക്ക് ഇസ്‌ലാമിന് കഴിയാതെ വന്നതു കൊണ്ടാണോ?

ബ്രാഹ്മണിക ചരിത്രത്തിൽ ദൈവിക കൽപ്പന എന്ന നിലക്കാണ് ജാതിയും തൊട്ടുകൂടായ്മയും എഴുതി വെക്കപ്പെട്ടിട്ടുള്ളത്. ശൂദ്ര, ദലിത്, ആദിവാസി വിഭാഗങ്ങളുടെയും മേൽജാതിക്കാരുടെയും ദൈവിക വിഷയങ്ങൾ പല അർത്ഥത്തിലും വിഭിന്നമാണ്. എന്നാൽ, മുസ്‌ലിംകൾ ഒരൊറ്റ അല്ലാഹുവിൽ മാത്രമാണ് വിശ്വസിക്കുന്നത്. എന്നിരിക്കെ, നമുക്കു മുന്നിലുള്ള ചോദ്യം ഇതാണ്: അല്ലാഹുവും ജാതി വ്യവസ്ഥയും തമ്മിലെ ബന്ധത്തെ പറ്റി മുസ്‌ലിം പണ്ഡിതർ എന്താണ് മനസ്സിലാക്കുന്നത്? ഗുണപരവും മനുഷ്യരാശിക്ക് ആവശ്യമുള്ളതുമായ ഒരു സ്ഥാപനം എന്ന നിലക്ക് അല്ലാഹു സൃഷ്‌ടിച്ചതാണോ അത്, അല്ലെങ്കിൽ മനുഷ്യർ ഉണ്ടാക്കിയതോ?

അല്ലാഹുവിന്റെ സൃഷ്‌ടിയുമായി ബന്ധപ്പെട്ട് ആണും പെണ്ണും തമ്മിലെ ബന്ധത്തെ കുറിച്ച് നിർണിതമായ ഒരു മനസ്സിലാക്കലുണ്ട്. അടിമയും ഉടമയും വംശവും അല്ലാഹുവുമായുള്ള ബന്ധത്തെ കുറിച്ചും അവ്വിധം മനസ്സിലാക്കലുകളുണ്ട്. പ്രവാചകൻ മുഹമ്മദിന്റെ ജീവിതകാലത്ത് എല്ലാ വിഭാഗങ്ങളും എല്ലാ ദേശങ്ങളിലും ഉണ്ടായിട്ടുണ്ട്. എന്നാൽ, ദക്ഷിണേഷ്യയിൽ, വിശിഷ്യാ ഇന്ത്യൻ ഉപഭൂഖണ്ഡത്തിൽ ഒഴികെ ജാതിയും തൊട്ടുകൂടായ്മയും നിലനിന്നിരുന്നില്ല.

ഇസ്‌ലാം ഇന്ത്യയിൽ എത്തിയതിനു ശേഷം ജാതിയെ കുറിച്ച് ചർച്ച ചെയ്ത ഒരേയൊരു എഴുത്തുകാരൻ പതിനൊന്നാം നൂറ്റാണ്ടിലെ അൽ ബിറൂനിയാണ്. നമിത് അരോറ എഴുതുന്നു:

ചാതുർവർണ്യ വ്യവസ്ഥ അൽ ബിറൂനിയിൽ വലിയ പ്രതികരണങ്ങൾ ഉളവാക്കി. ഓരോ വർണത്തിൽ പെട്ടവർക്കും മറ്റു വർണത്തിൽ പെട്ടവരോടൊപ്പം ഭക്ഷണം കഴിക്കാൻ സാധിക്കുമായിരുന്നില്ല എന്ന് അദ്ദേഹം എഴുതുന്നു. അവരിൽ താഴെകിടയിലുള്ളവർ അന്ത്യാജ എന്നാണ് വിളിക്കപ്പെട്ടിരുന്നത്, നാലു വർണക്കാരുടെയും ഗ്രാമങ്ങൾക്കും പട്ടണങ്ങൾക്കും പുറത്ത് താമസിക്കുകയും അവർക്ക് പലതരം സേവനങ്ങൾ ചെയ്തു കൊടുക്കുകയും ചെയ്യുന്നവരാണ് ഇവർ. പിന്നെയുള്ളത് ഹടി, ഡോമ, ചണ്ടാല, ബദാതൗ എന്നിവരാണ്, ഗ്രാമങ്ങളിൽ വൃത്തിയാക്കുക മുതലായ പങ്കിലമായ ജോലികൾ ഏൽപ്പിക്കപ്പെട്ടവരാണ് ഇവർ… ജാരസന്തതികളായാണ് ഇവർ പരിഗണിക്കപ്പെടുന്നത്; ഒരു ശൂദ്ര പിതാവിനും ബ്രാഹ്മണ മാതാവിനും വ്യഭിചാരത്തിലൂടെ ഉണ്ടായ കുട്ടികളാണെന്നാണ് പൊതുവായ മനസ്സിലാക്കൽ. അതുകൊണ്ടുതന്നെ, അവരെ നീചരായി തരംതാഴ്ത്തുന്നു.

അൽബിറൂനി

ഇന്ത്യയിൽ തൊട്ടുകൂടായ്മ നിലനിൽക്കാൻ പ്രധാന കാരണമായ ബ്രഹ്മണ്യത്തിന്റെ ശുദ്ധി-അശുദ്ധി സങ്കൽപ്പങ്ങളോട് അൽബിറൂനി വിയോജിക്കുന്നുണ്ട്. ഉൽപ്പാദനത്തിന്റെ കാര്യത്തിൽ ശുദ്ധി-അശുദ്ധി സങ്കൽപത്തിന് വലിയ പ്രാധാന്യമുണ്ടായിരുന്നു. മനുഷ്യർക്കിടയിലെ ശുദ്ധി-അശുദ്ധി വ്യാപാരത്തിന് ഇസ്‌ലാമിൽ യാതൊരു സ്ഥാനവുമില്ലെന്ന് പതിനൊന്നാം നൂറ്റാണ്ടിൽ അദ്ദേഹം പറഞ്ഞുവെച്ചു. ഈ പാഠത്തിന് പിന്നീട് എന്താണ് സംഭവിച്ചത്? നിയമ നടപടികളിലൂടെ ജാതിയും തൊട്ടുകൂടയ്മയും നിരോധിക്കണമെന്ന് മുസ്‌ലിം ഭരണകർത്താക്കളോട് മുസ്‌ലിം പണ്ഡിതർ ആവശ്യപ്പെടാതിരുന്നത് എന്തുകൊണ്ടാണ്? പരിവർത്തനത്തിനു മുതിരാതെ തന്നെ ജാതി നിർമൂലനം സാധ്യമാകുമായിരുന്നല്ലോ.

പരിവർത്തനം മുസ്‌ലിംകൾക്കിടയിലെ ജാതി ആചാരങ്ങളെ ഇല്ലാതാക്കിയില്ലെന്ന് ഇപ്പോൾ അനവധി മുസ്‌ലിം പണ്ഡിതർ പറയുന്നുണ്ട്. ജാതി ആചാരങ്ങൾ നിരോധിക്കാനുള്ള ഏറ്റവും നല്ല മാർഗം എന്തായിരുന്നു? അത്തരം ആശയങ്ങൾ മുസ്‌ലിം പണ്ഡിതർ മുന്നോട്ടു വെച്ചിരുന്നെങ്കിൽ മുസ്‌ലിം രാജാക്കന്മാർ മാറ്റങ്ങൾ വരുത്താൻ തയ്യാറാകുമായിരുന്നു.

മുസ്‌ലിംകൾക്കിടയിലോ, ശൂദ്ര-ദലിത്-ആദിവാസി വിഭാഗങ്ങൾക്കിടയിലോ ജാതിവിരുദ്ധ അവബോധം സൃഷ്‌ടിക്കാനുള്ള യാതൊരു ബൗദ്ധിക പ്രവർത്തനങ്ങളും മുസ്‌ലിം പണ്ഡിതർ ചെയ്തില്ല. പകരം, സംവരണമില്ലെങ്കിൽ പസമന്ദ മുസ്‌ലിംകൾ പോലും പുരോഗമിക്കില്ല എന്ന മണ്ഡലാനന്തര ബോധം ഉടലെടുക്കുന്നത് വരെ അവർ ജാതി വ്യവസ്ഥയെ കുറിച്ച് സംസാരിച്ചേയില്ല.

ശൂദ്ര, ദലിത്, ആദിവാസി വിഭാഗങ്ങളിൽ നിന്ന് ഭിന്നമായി താഴ്ന്ന ജാതി മുസ്‌ലിംകൾക്ക് ആത്മീയമായ വിദ്യാഭ്യാസ നിഷേധം നേരിടേണ്ടി വന്നിട്ടില്ല. എന്നാൽ, മേൽജാതി പരിവർത്തിതർക്കിടയിലും ദലിത്-ശൂദ്ര ജാതി പരിവർത്തിതർക്കിടയിലും ജാതി വ്യത്യാസങ്ങൾ നിലനിൽക്കുന്നുണ്ട്. എവിടെയാണ് യഥാർഥത്തിൽ പ്രശ്നം കിടക്കുന്നത്? ഹൈന്ദവ ബ്രാഹ്മണ്യത്തിൽ താഴ്ന്ന ജാതിക്കാർക്ക് വിദ്യ അഭ്യസിക്കുന്നതിന് വേദപരമായും പ്രയോഗികമായും നിഷേധമുണ്ട്. കർമ, പുനർജന്മ സിദ്ധാന്തങ്ങളിലൂടെ ഉത്പാധിപ്പിച്ച ദൈവ ഭയം കാരണം ശൂദ്ര-ദലിത് വിഭാഗങ്ങൾ ഇതിനെതിരെ പോരാടിയില്ല. എന്നാൽ, ഇന്ത്യൻ ഇസ്‌ലാമിൽ ജാതിയെ നിലനിർത്തിയത് എന്താണ്?

സ്വാതന്ത്ര്യ സമരത്തിന്റെ ആദ്യ കാലങ്ങളിൽ ഇംഗ്ലീഷ് വിദ്യാഭ്യാസം സിദ്ധിച്ച മുസ്‌ലിം ബുദ്ധിജീവികൾ അനവധിയുണ്ടായിരുന്നു. എന്നാൽ ആധുനിക ഇംഗ്ലീഷ് വിദ്യാഭ്യാസം നേടിയ ശൂദ്ര-ദലിതർ വളരെ കുറവായിരുന്നു. അംബേദ്കർ ഉയർന്നു വരുന്നതു വരെ അവരിൽ നിന്ന് ആരും ജാതി വ്യവസ്ഥയുടെ വേരുകളെ ശാസ്ത്രീയമായി കണ്ടെത്തിയില്ല. മുസ്‌ലിംകൾ അവരുടെ ബൗദ്ധിക ചരിത്രത്തിൽ ശാസ്ത്രീയാന്വേഷണങ്ങളുടെ സാന്നിധ്യം അവകാശപ്പെട്ടിട്ടുണ്ട്. ആധുനിക ഇംഗ്ലീഷ്, ക്ലാസിക്കൽ സംസ്‌കൃത-പേർഷ്യൻ വിദ്യാഭ്യാസം നേടിയ ബ്രാഹ്മണ ബുദ്ധിജീവികൾ ബ്രഹ്മണ നൈതികതക്കെതിരാവുന്നത് കൊണ്ടുതന്നെ ജാതി വ്യവസ്ഥയുടെ വേരുകളെ കുറിച്ച് പഠിക്കാനോ, നിർമൂലന തന്ത്രങ്ങൾ ആവിഷ്കരിക്കാനോ തുനിഞ്ഞില്ല.

ബ്രാഹ്മണ, ക്ഷത്രിയ, ബനിയ, കയസ്ഥ വിഭാഗങ്ങൾ 19ആം നൂറ്റാണ്ടിൽ ഇംഗ്ലീഷ് വിദ്യാഭ്യാസം നേടാനും ഇംഗ്ലണ്ടിൽ പോയി പഠിക്കാനും തുടങ്ങിയപ്പോൾ, മുസ്‌ലിംകൾക്കിടയിലും ഇംഗ്ലീഷ് വിദ്യാഭ്യാസം പ്രോത്സാഹിപ്പിച്ച വ്യക്തിയാണ് സർ സയ്യിദ് അഹ്‌മദ്‌ ഖാൻ (1817-1898). മുഹമ്മദ് അലി ജിന്നയും അല്ലാമാ ഇക്ബാലും (ഇരുവരും മേൽജാതി പരിവർത്തിതരാണ്) ഉൾപ്പെടെയുള്ള മറ്റനേകം പേർ ഇംഗ്ലണ്ടിൽ നിന്ന് ഇംഗ്ലീഷ് വിദ്യാഭ്യാസം നേടിയവരാണ്. ആദ്യ കാലം മുതൽ തന്നെ ജാമിയ മില്ലിയ ഇസ്‌ലാമിയയും അലിഗർ മുസ്‌ലിം യൂണിവേഴ്സിറ്റിയും മുസ്‌ലിം യുവത്വത്തിന് ഇംഗ്ലീഷ് മീഡിയത്തിൽ വിദ്യാഭ്യാസം നൽകിയിട്ടുണ്ട്. ജാതി വ്യവസ്ഥയെ കുറിച്ച് പഠനം നടത്താനുള്ള ബൗദ്ധിക വിഭവങ്ങൾ ഇന്ത്യയിലെ മുസ്‌ലിം സമുദായത്തിന് ഉണ്ടായിരുന്നു. അംബേദ്കർ ജാതി പ്രശ്നത്തെ മുന്നോട്ടു വെച്ചതിനു ശേഷവും ഒരൊറ്റ മുസ്‌ലിം ബുദ്ധിജീവി പോലും ജാതിയെ അവരുടെ മതത്തിന്റെ വീക്ഷണ കോണിൽ നിന്നു പഠിക്കുകയോ ഈ ചോദ്യത്തിന് ഗൗരവതരമായ പരിഹാരം നൽകുകയോ ചെയ്തില്ല. മൗലാനാ അബുൽ കലാം ആസാദ് അദ്ദേഹത്തിന്റെ എഴുതുകളിൽ ഉടനീളം ഇതിനെ കുറിച്ച് മൗനിയായിരുന്നു.

ഈ ചരിത്ര പശ്ചാത്തലം ഒരു ചോദ്യത്തെ സന്നിഹിതമാക്കുന്നുണ്ട്: ഇവിടെ ആരാണ് യഥാർഥത്തിൽ കുറ്റക്കാർ? മുസ്‌ലിം പിന്നാക്കം, ദാരിദ്ര്യം, തൊഴിലില്ലായ്മ, അവർക്കിടയിലുള്ള ജാതി തുടങ്ങിയ പ്രശ്നങ്ങൾക്ക് പരിഹാരം കണ്ടെത്താൻ മുസ്‌ലിംകളെക്കാൾ വിദ്യാഭ്യാസ വിഭവശേഷി കുറവുള്ള ശൂദ്ര, ഓബീസി-ദലിത് വിഭാഗങ്ങൾക്ക് കഴിയുക? ഇപ്പോഴും ജാതി, തൊഴിലില്ലായ്മ തുടങ്ങിയ വലിയ പ്രശ്നങ്ങളോട് മുസ്‌ലിം ബുദ്ധിജീവികൾ ഇടപെടുന്നില്ല. ശൂദ്ര, ആദിവാസി, ദലിത് വിഭാഗങ്ങൾ ഇത്തരം ചോദ്യങ്ങൾ ഉയർത്തേണ്ടതുണ്ട്.

Source: The Wire
വിവ: അഫ്സൽ ഹുസൈൻ

By കാഞ്ച ഐലയ്യ

Indian political theorist, writer and a Dalit rights activist.