ദീർഘകാലങ്ങളായി ഇന്ത്യൻ അധികാര നയപരിപാടികളിൽ വേണ്ട വിധം പ്രാധാന്യം ലഭിക്കാതെ പോയിരുന്ന, സാമൂഹിക-സാമ്പത്തിക മേഖലകളിലെ മുസ്‌ലിം പിന്നോക്കാവസ്ഥയുടെ നേർചിത്രങ്ങൾ കണക്കുകളുടെയും വിവരങ്ങളുടെയും പിൻബലത്തോടെ അവതരിപ്പിച്ചുവെന്നതാണ് മൻമോഹൻ സിങ്ങിൻ്റെ യുപിഎ സർക്കാറിനു കീഴിൽ നിയമിക്കപ്പെട്ട സച്ചാർ കമ്മീഷൻ സമർപ്പിച്ച റിപ്പോർട്ടിൻ്റെ പ്രത്യേകത. സച്ചാർ കമ്മിറ്റി റിപ്പോർട്ടിൽ തെളിയിക്കപ്പെട്ട വിദ്യാഭ്യാസ മേഖലയിലെ മുസ്‌ലിം പിന്നോക്കാവസ്ഥയ്ക്കുള്ള പരിഹാരമെന്നോണം നിർദ്ദേശിക്കപ്പെട്ട ഒന്നായിരുന്നു ഇന്ത്യയുടെ ആദ്യ വിദ്യാഭ്യാസ മന്ത്രിയായിരുന്ന മൗലാനാ അബുൽ കലാം ആസാദിൻ്റെ പേരിൽ മുസ്‌ലിംകളടക്കമുള്ള ന്യൂനപക്ഷങ്ങൾക്കു വേണ്ടി നിലവിൽ വന്ന ഗവേഷണ ഫെല്ലോഷിപ്പ് ആയ എം.എ.എൻ.എഫ്. വിദ്യാഭ്യാസ മേഖലയിലെ സവർണവത്കരണത്തിന് ആക്കം കൂട്ടികൊണ്ട് കേന്ദ്ര സർക്കാർ ഈയടുത്തായി അത് റദ്ദാക്കിയിരിക്കുകയാണ്.
സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന മുസ്‌ലിം-ക്രിസ്ത്യൻ-സിഖ് ന്യൂനപക്ഷ വിഭാഗങ്ങളിലുള്ള ഗവേഷണ തല്പരരായ വിദ്യാർത്ഥികളുടെ വിദ്യാഭ്യാസ സ്വപ്നങ്ങളുടെ ചിറകൊടിക്കുന്ന തീരുമാനമാണിത്. പി.എച്.ഡി യോ എം.ഫിലോ ചെയ്യുന്ന ന്യൂനപക്ഷ സമുദായങ്ങളിൽ പെട്ട ഗവേഷക വിദ്യാർത്ഥികൾക്ക് അപേക്ഷപ്രകാരം 5 വർഷ കാലാവധിയിലുള്ള ഫെലോഷിപ്പാണ് എം.എ.എൻ.എഫിനു കീഴിൽ കേന്ദ്ര സർക്കാർ നൽകിപോന്നിരുന്നത്.
കേന്ദ്ര സർക്കാറിനു കീഴിൽ നിരന്തരം നടക്കുന്ന മുസ്‌ലിം അന്യവത്കരണത്തിൻ്റെ എറ്റവും പുതിയ ഉദാഹരണം മാത്രമാണ് ന്യൂനപക്ഷ സ്കോളർഷിപ്പ് റദ്ദാക്കൽ. രാജ്യത്താകമാനം മുസ്‌ലിം അന്യവത്കരണത്തിൻ്റെ ഗുജറാത്ത് മോഡൽ നടപ്പിൽ വരുത്താനുള്ള സംഘ്പരിവാറിൻ്റെ വർഗീയശ്രമങ്ങളുടെ പ്രതിഫലനമാണ് ബിജെപിയുടെ ഓരോ തീരുമാനങ്ങളിലും മുഴച്ചുനിൽക്കുന്നത്. ഒന്ന് മുതൽ പത്ത് വരെയുള്ള ക്ലാസ്സുകളിലെ മുസ്‌ലിം ന്യൂനപക്ഷ വിദ്യാർത്ഥികൾക്കു വേണ്ടി രൂപീകരിക്കപ്പെട്ട പ്രീമെട്രിക്ക് സ്കോളർഷിപ്പിൽ നിന്നും ഒന്നു മുതൽ എട്ടാം ക്ലാസ് വരെയുള്ള വിദ്യാർത്ഥികളെ ഒഴിവാക്കി സ്കോളർഷിപ്പ് വെട്ടിച്ചുരുക്കി പുതിയ തീരുമാനം പ്രഖ്യാപിച്ചു എതാനും ദിവസങ്ങൾക്കു ശേഷമാണ് എം.എ.എൻ.എഫ് സ്കോളർഷിപ്പും കേന്ദ്ര സർക്കാർ എടുത്തു മാറ്റുന്നത്.
പ്രീമെട്രിക്ക് സ്കോളർഷിപ്പ് 2008-ൽ നടപ്പിൽ വന്നപ്പോൾ നരേന്ദ്ര മോദിയുടെ ഗുജറാത്ത് സർക്കാർ അത് നടപ്പാക്കാൻ വിമുഖത കാണിച്ചു മാറി നിന്നിരുന്നു. കോടതികളുടെ നിരന്തര ശാസനകൾക്കു ശേഷം മാത്രമാണ് 2013-ൽ ഗുജറാത്തിൽ പ്രീമെട്രിക്ക് സ്കോളർഷിപ്പ് നടപ്പിൽ വരുന്നത്. ഹിന്ദുത്വയുടെ ഗുജറാത്തിൽ വിദ്യാഭ്യാസ മേഖലയിലും മറ്റും മോദി ഭരണത്തിനിടെ പുറത്തെടുത്ത മുസ്‌ലിം വിരുദ്ധ മനോഭാവത്തിന്റെ തനിയാവർത്തനമാണ് കേന്ദ്രഭരണത്തിനു കീഴിലും പല രീതികളിലും ഭാവങ്ങളിലുമായി കേന്ദ്ര സർക്കാർ പ്രകടമാക്കികൊണ്ടിരിക്കുന്നത്.
ജനസംഖ്യാനുപാതികമായി ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ എൻറോൾമെൻ്റ നിരക്കിൽ വളരെയധികം പിന്നാക്കം നിൽക്കുന്ന മുസ്‌ലിം സമുദായം വിദ്യാഭ്യാസപരമായി വളരെയധികം ക്ഷയിച്ചു കൊണ്ടിരിക്കുകയും ഭരണകൂട പിന്തുണ എറ്റവും അത്യാവശമായി വരികയും ചെയ്ത സാഹചര്യത്തിലാണ് സ്കോളർഷിപ്പുകളും ആനുകൂല്യങ്ങളും നിരന്തരം വെട്ടിമാറ്റപ്പെട്ടു കൊണ്ടിരിക്കുന്നത് എന്നത് പ്രത്യേകം ഓർക്കണം. വിദ്യാഭ്യാസ മേഖലയിലൂടെയും ഒരു സമുദായത്തെ എങ്ങനെ അടിച്ചമർത്താമെന്ന് ബി ജെ പി നിരന്തരം കാണിച്ചു തരികയാണ്.
സ്കോളർഷിപ്പ് നിർത്തലാക്കിയതുമായി ബന്ധപ്പെട്ടുള്ള ടി.എൻ പ്രതാപൻ്റെ ചോദ്യത്തിനു പാർലമെൻ്റിൽ സ്മ്യതി ഇറാനി കൊടുത്ത മറുപടി മറ്റു ന്യൂനപക്ഷ സ്കോളർഷിപ്പുകളും ഇതോടൊപ്പം ചേർന്നു വരുന്നത് കൊണ്ട് തന്നെ അധിക ആനുകൂല്യമായി ന്യൂനപക്ഷ സ്കോളർഷിപ് മാറിയിട്ടുണ്ടെന്നുള്ള വികലമായ കാരണമാണ്. സ്കോളർഷിപ്പ് വിതരണം സംബസിച്ച ക്രമക്കേടുകളെ പ്രായോഗികമായി അഭിമുഖീകരിക്കുന്നതിനു പകരം സ്കോളർഷിപ്പ് മുഴുവനും നിർത്തലാക്കുക എന്ന വിചിത്ര തീരുമാനമാണ് സർക്കാർ ഇവിടെ കൈകൊണ്ടത്. ഇതോടൊപ്പം തന്നെ ദലിത് -ആദിവാസി വിഭാഗങ്ങൾക്കു ലഭിച്ചു കൊണ്ടിരിക്കുന്ന സ്കോളർഷിപ്പുകളും ഇക്കാരണം ഉന്നയിച്ചു നിർത്തലാക്കാൻ ബി. ജെ പി യുടെ മുമ്പിൽ യാതൊരു വിധ തടസ്സങ്ങളും നിലനിൽക്കുന്നില്ല. അതിലേക്കുള്ള സൂചനയായിട്ടു കൂടി വേണം ന്യൂനപക്ഷ സ്കോളർഷിപ്പ് സംബന്ധിച്ച ഈ തീരുമാനത്തെ കാണാൻ.
സംഘ്പരിവാറിൻ്റെ രാജ്യവ്യാപക വികാസത്തിനുള്ള തടസ്സങ്ങളിൽ മുൻപന്തിയിൽ നിൽക്കുന്ന കാര്യമാണ് വിദ്യാഭ്യാസം. ആയതു കൊണ്ടുതന്നെയാണ് ചരിത്ര മാറ്റതിരുത്തലുകൾക്കും വർഗീയ അജണ്ടയിലൂന്നിയ പാഠപുസ്തക പരിഷ്കാരങ്ങൾക്കും വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ യൂണിഫോമിനുടക്കം സംഘ് പരിവാർ പ്രത്യേകം ശ്രദ്ധ കല്പിക്കുന്നത്. ക്രമേണെ നടപ്പാക്കികൊണ്ടിരിക്കുന്ന ന്യൂനപക്ഷ, ദലിത്, വിദ്യാഭ്യാസ ആനുകൂല്യങ്ങളുടെ എടുത്തുകളയലുകളും ഇതോട് കൂട്ടിച്ചേർത്തു വായിക്കാവുന്നതാണ്.
കേന്ദ്ര സർക്കാർ നടപ്പിലാക്കാൻ ശ്രമിച്ചു കൊണ്ടിരിക്കുന്ന വിദ്യാഭ്യാസ മേഖലയിലെ സവർണവത്കരണ ശ്രമങ്ങളെ ആശങ്കയോടെയല്ലാതെ വീക്ഷിക്കാൻ സാധിക്കില്ല. തങ്ങൾ വിഭാവനം ചെയ്യുന്ന മിത്തോക്രസിയിൽ പൊതിഞ്ഞ വരേണ്യ അധീശത്വ ബോധത്തിലധിഷ്ഠിതമായ ആർഷ ഭാരത സംസ്കാരത്തിൻ്റെ വ്യാപനത്തിനു വിലങ്ങു തടിയായി നിൽക്കുന്ന എഴുത്തുകളും വാക്കുകളും വിദ്യാഭ്യാസ സമ്പ്രദായങ്ങളൊക്കെയും തന്നെ ഉന്മൂലനം നടത്തപ്പെടേണ്ടവയാണെന്നതാണ് സംഘ്പരിവാർ ലൈൻ. ഏതൊക്കെ തരത്തിലുള്ള വിദ്യാഭ്യാസമാണ് പ്രോത്സാഹിപ്പിക്കപ്പെടേണ്ടതെന്നും ഏതൊക്കെ വിഭാഗങ്ങളുടെ വിദ്യാഭ്യാസത്തിനാണ് പ്രോത്സാഹനം നൽകേണ്ടന്നതിലും സംഘപരിവാറിനു വ്യക്തമായ മാർഗരേഖയുണ്ട്. വൈദേശിക പാരമ്പര്യം ആരോപിക്കപ്പെടുന്ന ന്യൂനപക്ഷ മതവിഭാഗങ്ങൾക്കോ ജാതീയ ഭ്രഷ്ട് കല്പിച്ച ദളിതർക്കോ ഇതിൽ സ്ഥാനമില്ല. കേന്ദ്ര സർക്കാറിന്റെ തീരുമാനങ്ങളൊക്കെയും ഇതിനു ബലം നൽകുന്നവയാണ്.
രാഷ്ട്രീയപരമായും സാംസ്കാരികമായുമുള്ള വിശാല പ്രതിരോധം രാജ്യത്തെ ജനാധിപത്യ ഘടനയും മതേതരത്വവും നീതിയും സംരക്ഷിക്കുന്നതിന് അത്യന്താപേക്ഷിതമായ ഘട്ടത്തിൽ വിശാലമായ മുസ്‌ലിം കീഴാള സംയോജിത പ്രതിരോധ പ്രവർത്തനങ്ങൾ അത്യാവശ്യമാണ്. മുസ്‌ലിം പ്രീണനം എന്ന നാമകരണം ഭയപ്പെട്ടു മൗനം ആചരിക്കുന്ന രാഷ്ട്രീയ കക്ഷികളും കൂടി മുന്നോട്ടു വന്നാലേ വർഗീയവൽകരണ ശ്രമങ്ങൾക്കെതിരെയുള്ള വിശാലമായ പ്രതിരോധം സാധ്യമാവുകയുള്ളു.