The Fabricated ഡോക്യുമെൻ്ററി ചെയ്ത കാലത്താണ് ശശിയേട്ടനെ ആദ്യമായി കാണുന്നതും പരിചയപ്പെടുന്നതും. ഭരണകൂട ഭീകരത വേട്ടയാടിയ ഉസ്താദ് അബ്ദുന്നാസിർ മഅ്ദനിയെ മുൻ നിർത്തി തയാറാക്കിയ ഡോക്യമെന്ററി സിനിമയായിരുന്നു ദി ഫാബ്രികേറ്റഡ്. സോളിഡാരിറ്റി യൂത്ത്മൂവ്മെന്റായിരുന്നു അതിന് മുൻകൈയെടുത്തത്. തൃശൂർ സാഹിത്യ അക്കാദമി ഹാളിൽ നടന്ന ദി ഫാബ്രിക്കേറ്റഡിന്റെ സ്ക്രീനിങ്ങ് പരിപാടിയിൽ വെച്ചായിരിക്കണം അദ്ദേഹത്തെ ആദ്യമായി കണ്ടത്.
ഒരു ഡോക്യുമെന്ററി എന്നതിനെക്കാൾ ഒരു സിനിമ കാണുന്നതുപോലെ ആർക്കും മനസ്സിലാവുന്ന വിധത്തിൽ ദൃശ്യവൽകരിച്ചതായിരുന്നു ദി ഫാബ്രിക്കേറ്റഡ്. അബ്ദുന്നാസിർ മഅ്ദനിയുടെ തീപ്പൊരി പ്രസംഗങ്ങളാണ് പ്രശ്നം എന്ന പൊതുബോധ നിർമിതിയെ തകർത്തു കളയുന്നതായിരുന്നു ആ ഡോക്യുമെൻ്ററി. തികഞ്ഞ രാഷ്ട്രീയ പക്വതയുള്ള ആ പ്രസംഗങ്ങൾ ഡോക്യുമെന്ററിയിൽ മനോഹരമായി അദ്ദേഹം കോർത്തിണക്കി. അതിനായി മഅ്ദനിയുടെ പഴയ കാസറ്റുകളുൾപ്പെടെ മുഴുവൻ പ്രഭാഷണങ്ങളും കേട്ട ശേഷമാണ് അന്നദ്ദേഹം സ്ക്രിപ്റ്റ് തയാറാക്കിയത്.
ആരും സഞ്ചരിക്കാനില്ലാത്ത വഴികളിലൂടെ നടന്ന് വേട്ടയാടപ്പെടുന്നവരുടെ ജീവിതങ്ങളെ ഒപ്പിയെടുത്ത് ജനങ്ങളിലേക്കെത്തിക്കുകയായിരുന്നു ആ പോരാളി. ദളിതരുടെ, ആദിവാസികളുടെ, മുസ്‌ലിങ്ങളുടെ സർവോപരി അടിച്ചമർത്തപ്പെട്ടവരുടെ ജീവിതമായിരുന്നു അദ്ദേഹം പറഞ്ഞത്. സമരമുഖങ്ങളിലെ പേരു വെക്കാത്ത അംബാസഡറായിരുന്നു ശശിയേട്ടൻ. നർമദ സമരത്തിൽ, ഭരണകൂട ഭീകരതക്കെതിരിൽ, കാണ്ഡമാലിലെ ക്രൈസ്തവർക്കെതിരായ നീക്കങ്ങൾക്കെതിരിലൊക്കെ അദ്ദേഹം കാമറ ചലിപ്പിച്ചു.
അദ്ദേഹം പറഞ്ഞതെല്ലാം രാഷ്ട്രീയമായിരുന്നു. നിലപാടുകൾക്കൊപ്പം നിന്നായിരുന്നു അദ്ദേഹം എഴുതിയത്, പറഞ്ഞത്, ദൃശ്യവൽക്കരിച്ചത്. അതിന്റെയൊക്കെ ഒന്നാമത്തെ പ്രചാരകനും അദ്ദേഹമായിരുന്നു. തന്റെ നിലപാടുകൾ പറയാനായി, ജനങ്ങളോട് സംവദിക്കാനായി രാജ്യമൊട്ടാകെ അദ്ദേഹം സഞ്ചരിച്ചു.
ഹിന്ദുത്വ ഫാഷിസം രാജ്യത്തെ വിഴുങ്ങാൻ വാ പിളർത്തി നിൽക്കുന്ന ഈ ഘട്ടത്തിൽ ശശിയേട്ടന്റെ വേർപാട് നീതിയുടെ പക്ഷം ചേർന്നവർക്ക് നികത്താനാവാത്ത നഷ്ടമാണ്. ഭരണകൂട ഭീകരതക്കെതിരെയും സംഘ്പരിവാർ ഭീകരതക്കെതിരെയും ധീരമായി നിലകൊണ്ട ആ പോരാളി വെട്ടിത്തെളിച്ച സമരപാതയിലുറച്ചു നിൽക്കലാണ് അദ്ദേഹത്തോട് നമുക്ക് പ്രകടിപ്പിക്കാൻ കഴിയുന്ന ഏറ്റവും വലിയ ആദരവ്.