(ലേഖനത്തിന്റെ ആദ്യഭാഗം വായിക്കാൻ ക്ലിക്കു ചെയ്യുക)
ഡർബനിലെ ഗാന്ധി
ഇംഗ്ലണ്ടിലെ ജീവിതകാലത്തുതന്നെ ഗാന്ധിജി പ്രവാസി ഇന്ത്യക്കാരുടെ മുന്‍ചൊന്ന ആര്യന്‍ വംശീയ കാഴ്ച്ചപ്പാടുകളെ ഉള്‍ക്കൊണ്ടിരുന്നുവെന്ന് ശങ്കരന്‍ കൃഷ്ണ നിരീക്ഷിക്കുന്നു. 1891ല്‍ ഇന്ത്യയിലേക്ക് തിരിച്ചുവന്ന ഗാന്ധിജി, ഇംഗ്ലണ്ടിലും ഇന്ത്യയിലും തന്റെ ദൗത്യങ്ങള്‍ പരാജയപ്പെട്ടതിനെ തുടര്‍ന്നാണ് ദക്ഷിണാഫ്രിക്കയിലെ വന്‍നഗരമായ ഡര്‍ബനിലേക്ക് ജോലി ചെയ്യാന്‍ പോകുന്നത്. ഇംഗ്ലീഷ് വിദ്യാഭ്യാസവും അഭിഭാഷക യോഗ്യതകളും ഉണ്ടായിരുന്ന ഗാന്ധിജി ബ്രിട്ടീഷ് നിയമവ്യവസ്ഥയില്‍ അവഗാഹമുള്ള അഭിഭാഷകനായിരുന്നു. ഡര്‍ബനിലെ ഗുജറാത്തി പാരമ്പര്യമുള്ള സമ്പന്ന മുസ്‌ലിം വ്യാപാരികള്‍ ഗാന്ധിജിയില്‍ ലക്ഷണമൊത്ത ഒരു അഭിഭാഷകനെ കണ്ടു. അവര്‍ അദ്ദേഹത്തെ 1893 മേയില്‍ ഡര്‍ബനിലെത്തിച്ചു. ഏതാനും മാസങ്ങള്‍ മാത്രമാണ് ഗാന്ധി അവിടെ താമസിക്കാനെത്തിയതെങ്കിലും പിന്നീടുള്ള ഇരുപത്തൊന്നു വര്‍ഷം അദ്ദേഹം ദക്ഷിണാഫ്രിക്കയുടെ വിവിധ ഭാഗങ്ങളിലാണ് കഴിഞ്ഞത്. ഇരുപത്തിനാല് വയസുള്ള ഗാന്ധിയെ രൂപപ്പെടുത്തിയ സംഭവവികാസങ്ങള്‍ക്ക് ഡര്‍ബന്‍ നഗരം നിലമൊരുക്കി.
ഗാന്ധിയുടെ പ്രധാന ദൗത്യം ദക്ഷിണാഫ്രിക്ക ഭരിച്ചിരുന്ന വെള്ളഭരണകൂടങ്ങളോട് നിയമപരമായ നീക്കുപോക്കുകളില്‍ ഏര്‍പ്പെടുക എന്നതായിരുന്നു. ദക്ഷിണാഫ്രിക്കയിലെ മുസ്‌ലിം-മേല്‍ജാതി ഹിന്ദു വ്യാപാരികളുടെ താല്‍പര്യസംരക്ഷകനായാണ് വെള്ളഭരണകൂടത്തോട് അദ്ദേഹം ഇടപെട്ടത്. ഡര്‍ബനില്‍ നിര്‍ബന്ധിത കരാര്‍ തൊഴിലിന്റെ പേരില്‍ അടിമവേല ചെയ്യുന്ന കറുത്തനിറമുള്ള കീഴ്ജാതിക്കാരായ തമിഴ് തോട്ടംതൊഴിലാളികളോട് ഗാന്ധിക്ക് അക്കാലത്ത് ഒരു മമതയുമുണ്ടായിരുന്നില്ലെന്ന് കാതറീന്‍ റ്റിഡറിക്ക് വ്യക്തമാക്കുന്നു. മൂന്നു പ്രധാനപ്പെട്ട വിവേചന നയങ്ങള്‍ ഗാന്ധി തന്റെ അഭിഭാഷക വൃത്തിയുടെ ആദ്യ ദശകങ്ങളില്‍ പുലര്‍ത്തിയിരുന്നെന്ന് ശങ്കരന്‍ കൃഷ്ണ അടയാളപ്പെടുത്തുന്നു. ഒന്ന്, വിദ്യാഭ്യാസവും സ്വകാര്യ മൂലധനവുമുള്ള ഇന്ത്യക്കാര്‍ മാത്രമാണ് രാഷ്ട്രീയ അവകാശങ്ങള്‍ക്ക് അര്‍ഹതയുള്ളൂ എന്ന് ഗാന്ധി വിശ്വസിച്ചിരുന്നു. മാത്രമല്ല, ആരെങ്കിലും തനിക്ക് കൈവന്ന വിദ്യാഭ്യാസവും മൂലധനവും ബ്രിട്ടീഷുകാര്‍ക്കെതിരെയും വെള്ള ഭരണവര്‍ഗത്തിനെതിരെയും ഉപയോഗിക്കുകയാണെങ്കില്‍ അവര്‍ക്ക് രാഷ്ട്രീയ അവകാശത്തിനുള്ള അര്‍ഹത നഷ്ടപ്പെടുന്നുവെന്നും അദ്ദേഹം കരുതി. അങ്ങനെ ആരെങ്കിലും വിശ്വസിച്ചാല്‍ അവര്‍ക്ക് ആത്മീയമായ ശിക്ഷണങ്ങളിലൂടെ അതു പരിഹരിക്കാന്‍ ഗാന്ധി വഴികള്‍ പറഞ്ഞുനല്‍കി. രണ്ട്, ഇന്ത്യക്കാര്‍ വെറും ‘കൂലികള്‍’ മാത്രമല്ലെന്നും നാഗരികരും വംശീയമായി ശുദ്ധരുമായ ഇന്ത്യക്കാര്‍ ഉണ്ടെന്നും അതിനാല്‍ കറുത്തവരായ, വംശീയമായി അധഃപതിച്ച ആഫ്രിക്കന്‍ തദ്ദേശീയരെക്കാള്‍ ഈ നാഗരിക ഇന്ത്യക്കാര്‍ എത്രയോ മെച്ചമാണെന്നും ഗാന്ധി പ്രചരിപ്പിച്ചു. മൂന്ന്, ഇന്ത്യയിലെ ഉയര്‍ന്ന വര്‍ഗ/ജാതി വിഭാഗങ്ങള്‍ മഹത്തായ ഒരു നാഗരികതയുടെ അവകാശികളാണ് എന്ന് അദ്ദേഹം വാദിച്ചു. ഈ വാദങ്ങള്‍ തന്റെ മുസ്‌ലിം കക്ഷിക്ക് വേണ്ടിയാണ് ഉന്നയിച്ചതെങ്കിലും ഹിന്ദു പ്രപഞ്ചബോധത്തിന്റെയും നാഗരിക ഉന്നതിയുടെയും തലത്തിലാണ് ഈ വീക്ഷണങ്ങള്‍ വികസിച്ചതെന്ന് ശങ്കരന്‍ കൃഷ്ണ കരുതുന്നു.
1910ല്‍ അതുവരെ യുദ്ധം ചെയ്തിരുന്ന ഡച്ചുകാരും ബ്രിട്ടീഷുകാരും തങ്ങളുടെ അഭിപ്രായ വ്യത്യാസങ്ങളും അധികാര സംഘര്‍ഷങ്ങളും മാറ്റിവെച്ച് സൗത്ത് ആഫ്രിക്ക എന്ന യൂനിയന്‍ ആദ്യമായി സാധ്യമാക്കുമ്പോള്‍ ഗാന്ധി നടത്തിയ ഒരു നീക്കം ജോസഫ് ലേലി വെല്‍ഡ് വളരെ വ്യക്തതയോടെ നല്‍കുന്നുണ്ട്. 1858 ൽ, ഇന്ത്യയിലെ ഒന്നാം സ്വാതന്ത്ര്യ സമരത്തിനു ശേഷം രാജ്യത്തിനുമേൽ ബ്രിട്ടീഷ് പരമാധികാരം പ്രഖ്യാപിക്കുന്ന ഘട്ടത്തിൽ വിക്ടോറിയ രാജ്ഞി നടത്തിയ ഒരു പ്രഖ്യാപനത്തെപ്പറ്റി ഗാന്ധി അവരെ ഈ ഘട്ടത്തിൽ ഓർമിപ്പിക്കുന്നുണ്ട്. ഇന്ത്യക്കാരുടെ മകാർട്ട എന്നാണ് അദ്ദേഹം ആ പ്രഖ്യാപനത്തെ വിശേഷിപ്പിച്ചത് പുതിയ മുഗൾ- അനന്തര ഇന്ത്യയിൽ, പ്രജകളായ ഇന്ത്യക്കാർക്ക്, ബ്രിട്ടീഷ് ഭരണകൂടത്തിൽ വംശ- വർണ വിവേചനമില്ലാതെ പങ്കാളിത്തം കിട്ടുമെന്നായിരുന്നു ആ പ്രഖ്യാപനം. 1910 ൽ സൗത്ത് ആഫ്രിക്കയിൽ ജീവിക്കുന്ന മേൽജാതി യർന്ന വർഗ മുസ്ലിംകൾക്കും ഹിന്ദുക്കൾക്കും ദക്ഷിണാഫ്രിക്കൻ ഭരണകൂടത്തിലും സമൂഹത്തിലും പങ്കാളിത്തം വേണമെന്ന് ഈ പ്രഖ്യാപനം ഓർമിപ്പിച്ചുകൊണ്ട് നിലപാടെടുത്തു. ഈ ആവശ്യം സാധ്യമാക്കിയ ത മറ്റൊരു ബഹിഷ്കരണത്തെ കൂടി സാധ്യമാക്കിയാണ്. അതായത്, ഒരു സാംസ്കാരിക മൂലധനവുമില്ലാത്ത താഴ്ന്ന ജാതി/ വർഗ ഇന്ത്യക്കാർക്ക് അധികാര പങ്കാളിത്തത്തിന്റെ ആവശ്യമില്ലെന്നും അതിനാൽ അവരെ അധികാര പങ്കാളിത്തമെന്ന ആവശ്യത്തിൽ ഉൾപ്പെടുത്താൻ സാധ്യമല്ലെന്നും അദ്ദേഹം കരുതി. ഈയൊരു ഘട്ടത്തിൽ തദ്ദേശീയരും കറുത്തവരും വംശീയമായി അടിച്ചമർത്തപ്പെട്ടവരുമായ ആഫ്രിക്കക്കാർ ഗാന്ധിജിയുടെ രാഷ്ട്രീയ പരിഗണനകളുടെ അരികത്തുപോലും എത്തിയിരുന്നില്ല. കാരണം അവർക്ക് പൂർണ മനുഷ്യപദവി ഗാന്ധിയൻ ഭാവനയിൽ ലഭ്യമല്ലായിരുന്നു.
ചുരുക്കിപ്പറഞ്ഞാൽ, ഗാന്ധിയുടെ ആദ്യകാല രാഷ്ട്രീയ ഇടപെടൽ ചില പ്രത്യേക ഇടങ്ങളിൽ പരിമിതമായിരുന്നു. ദക്ഷിണാഫ്രിക്കയിലെയും ബ്രിട്ടനിലെയും വെളുത്ത വംശീയ ഭരണകൂടങ്ങളോട് അധികാരവും പദവിയുമുള്ള ഇന്ത്യക്കാർക്ക് ലഭിക്കേണ്ട അവകാശങ്ങൾ ചോദിച്ചുവാങ്ങാനും അതിനായി അവരെ പ്രീതിപ്പെടുത്താനും വംശീയമായ സമാനതകൾ നിർമിച്ച് കൊളോണിയൽ അധികാരത്തെ തൃപ്തിപ്പെടുത്താനും ഗാന്ധി ശ്രമിച്ചു.
പലപ്പോഴും ഇത്തരമൊരു അടഞ്ഞ വംശീയ രാഷ്ട്രീയബോധം ഗാന്ധിയിൽ നിലനിർത്തിയതിൽ അദ്ദേഹത്തെ രൂപപ്പെടുത്തിയ കൊളോണിയൽ സാമൂഹിക ലോകത്തിനു പങ്കുണ്ടായിരുന്നു. കാരണം ഗാന്ധിയുടെ സുഹൃത്തുക്കളെല്ലാം വെള്ളക്കാരായിരുന്നു. കറുത്തവർ അദ്ദേഹത്തിന്റെ സുഹൃദ് വലയങ്ങളിൽ അപൂർവമായിരുന്നു. ഗാന്ധിക്ക് താൽപര്യമുള്ള രാഷ്ട്രീയ സാംസ്കാരിക വിഷയങ്ങളാവട്ടെ പാശ്ചാത്യനും യൂറോപ്യനുമായിരുന്നു. ഇക്കാലയളവിൽ നിരവധി കറുത്ത രാഷ്ട്രീയ പ്രസ്ഥാനങ്ങൾ ആഗോളതലത്തിൽ വികസിച്ചുവെങ്കിലും ഒരു ഘട്ടത്തിലും ഗാന്ധി അവരുമായി ഇടപഴകുന്നത് നമുക്ക് കാണാൻ കഴിയുന്നില്ല. ഗാന്ധി തന്റെ കാലഘട്ടത്തിൻറ സൃഷ്ടിയാണ് എന്നു പറഞ്ഞ് ഒഴിവാകാൻ മാത്രം ലളിതമല്ല അദ്ദേഹത്തിന്റെ വംശീയമായ തിരഞ്ഞെടുപ്പുകൾ എന്ന് സാരം. നാമോരോരുത്തരും ചരിത്രത്തിന്റെ ഉൽപന്നം കൂടിയാണെങ്കിലും നമ്മുടെ രാഷ്ട്രീയ തിരഞ്ഞെടുപ്പുകൾ പലപ്പോഴും ചരിത്രത്തിന്റെ മാത്രം പ്രശ്നമല്ലല്ലോ.

സാമ്രാജ്യത്വ സേവയും കറുത്ത ജനസമൂഹങ്ങളും
ദക്ഷിണാഫ്രിക്കയിൽ ഗാന്ധി രണ്ടു തവണ ബ്രിട്ടീഷ് അധിനിവേശ സൈന്യത്തിന്റെ വളൻറിയറായി സേവനമനുഷ്ഠിച്ചിരുന്നു. അതാവട്ടെ, ഗാന്ധി അങ്ങോട്ട് അപേക്ഷിച്ചു കിട്ടിയ പോസ്റ്റാണ്. ബ്രിട്ടീഷുകാരോടുള്ള കൂറ് തെളിയിക്കാനാണ് ഗാന്ധി ഈ വളൻറിയർ സേവനം സ്വയം ആവിഷ്കരിച്ചു നടപ്പാക്കിയത്. 1906 ൽ ബ്രിട്ടീഷുകാരും ഡച്ചുകാരും തമ്മിലുള്ള പോരാട്ടത്തിൽ ഒരു വളൻറിയറായി ബ്രിട്ടീഷ് സൈനികരെ സഹായിക്കാൻ ഗാന്ധിജി മുന്നിലുണ്ടായിരുന്നു. കാരണം അന്ന് ആഗോള സാമ്രാജ്യത്വ അധികാരം ബ്രിട്ടനായിരുന്നു. 1913 ൽ ബ്രിട്ടീഷുകാരും ഡച്ചുകാരും ഒന്നിച്ച് ആഫ്രിക്കയിലെ കറുത്ത വംശക്കാർക്കെതിരെ പടനയിക്കുകയും അവരുടെ സ്വന്തം ഭൂമിയിൽനിന്ന് അവരെ ആട്ടിയോടിക്കുകയും വംശീയ ഉന്മൂലനങ്ങൾ നടത്തുകയും ചെയ്തു. ആ സമയത്ത് ഗാന്ധി ബ്രിട്ടീഷുകാരോടും ഡച്ചുകാരോടൊപ്പവും ചേർന്ന് അവരുടെ സൈന്യത്തിൽ സന്നദ്ധ സേവകനായി സേവനമനുഷ്ഠിച്ചുകൊണ്ടാണ് തന്റെ സാമ്രാജ്യത്വസേവ തെളിയിക്കുന്നത്. തദ്ദേശീയരായ കറുത്ത ശരീരങ്ങൾക്കുമേലെ അക്ഷരാർഥത്തിൽ അധിനിവേശം ചെയ്താണ് അദ്ദേഹം തന്റെ ഉപരിജാതി ഇന്ത്യൻ അസ്തിത്വവും ആര്യൻകൂറും സാധിച്ചെടുത്തത്. 1913 ൽ ദക്ഷിണാഫ്രിക്കയിലെ സുലു ഗോത്രത്തെ വംശീയ ഉന്മൂലനത്തിനു വിധേയമാക്കിയ പ്രസ്തുത അധിനിവേശ യുദ്ധം ഗാന്ധിജിയുടെ അഹിംസാ രാ ഷ്ട്രീയത്തിന്റെ വരേണ്യ സാ ഹചര്യങ്ങളെ ശരിക്കും പ്രതിഫലിപ്പിക്കുന്നുണ്ട് .
ബ്രിട്ടീഷ് സൈന്യത്തിന്റെ മനുഷ്യരക്തത്തോടുള്ള ആസക്തി ഗാന്ധിയിൽ വലിയ മതിപ്പുണ്ടാക്കിയിരുന്നു. ഗാന്ധിയൻ അഹിംസയുടെ ആന്തരിക യുക്തിയായി ഹിംസയുടെ ലോകമുണ്ടെന്ന ഫൈസൽ ദേവ്ജിയുടെ നിരീക്ഷണം (The Impossible Indian : Gandhi and the Temptation of Violence , 2012) ഈ അർഥത്തിൽ ഓർക്കാവുന്നതാണ്. ഗാന്ധിയൻ അഹിംസ എന്നത് ഹിംസയുടെ ശേഷം സാധ്യമാകുന്ന നിലപാടാണ്. ഹിംസ പ്രകടിപ്പിക്കാനും ചെയ്യാനും കഴിവുള്ളവർക്ക് മാത്രം സാധ്യമാകുന്ന നന്മയാണ് അഹിംസ. കാരണം ഹിംസ പ്രകടിപ്പിക്കാൻ കഴിയാത്തവർക്ക് അഹിംസ എന്ന നന്മ സാധ്യമല്ല. അതൊരു രാഷ്ട്രീയ തിരഞ്ഞെടുപ്പാണ്. ഹിംസ ചെയ്യാൻ കഴിവില്ലാതെ അഹിംസയെക്കുറിച്ച് സംസാരിക്കുന്നത് വെറും ഭീരുത്വമാണെന്നാണ് ഗാന്ധിജി കരുതിയത്. ഹിംസയെ മുറിച്ചുകടക്കുന്നവർക്ക് മാത്രമേ അഹിംസയിലേക്കും ഗാന്ധിയൻ മാതൃകയിലുള്ള സത്യഗ്രഹത്തിലേക്കും എത്താൻ കഴിയൂ എന്നും മനസ്സിലാക്കേണ്ടതുണ്ട്. കറുത്തവരോട് നിരന്തരം വംശീയ സമീപനങ്ങൾ ഗാന്ധി സ്വീകരിക്കുന്നത് ജോസഫ് ലേലിവെൽഡും അശ്വിൻ ദേശായിയും ഗുലാം വാഹിദും രേഖപ്പെടുത്തുന്നുണ്ട്. ഗാന്ധിജിയെ 1908 ൽ ഒരു കറുത്ത ആഫ്രിക്കക്കാരന്റെ കൂടെ ജയിലിലടച്ചു. അന്ന് ഗാന്ധിയുടെ പ്രശ്നം ബ്രിട്ടീഷുകാർ തന്നെ ജയിലിൽ അടച്ചു എന്നത് മാത്രമായിരുന്നില്ല. മറിച്ച്, താഴ്ന്ന കറുത്ത വംശജൻ്റെ കൂടെയാണ് ജയിലിൽ താമസിപ്പിക്കുന്നത് എന്നതായിരുന്നു. തന്നെ വെറും “കൂലി വക്കീൽ” എന്ന് വിളിച്ച ബ്രിട്ടീഷുകാരോട് രോഷം പൂണ്ട ഗാന്ധി വളരെക്കാലം “കാഫിർ” എന്ന വംശീയ അർഥമുള്ള നാമം കറുത്തവരെ സൂചിപ്പിക്കാൻ ഉപയോഗിച്ചിരുന്നു. കറുത്ത വംശജരായ ആഫ്രിക്കക്കാരെ മൃഗങ്ങളെപോലെ ജീവിക്കുന്നവരും വൃത്തികെട്ടവരും സ്വഭാവ വൈകൃതമുള്ളവരുമായി ഗാന്ധി കരുതിയിരുന്നു. കാരണം നല്ല വംശം എന്നുള്ളത് ശുദ്ധിയുള്ള വെളുത്ത വംശമാണ് എന്നാണ് അദ്ദേഹം കരുതിയത്. ശുദ്ധിയുള്ള വെളുത്ത വംശം ഈ “കറുത്ത മൃഗങ്ങളിൽനിന്ന് വ്യത്യസ്തവുമാണ്. മാത്രമല്ല ഇന്ത്യക്കാരായ കീഴ്ജാതി അടിമകളും കറുത്തവരായ ആഫ്രിക്കക്കാരും ഇപ്പോൾ അനുഭവിക്കുന്നത് ദൈവശിക്ഷയാണെന്നും അതിൽനിന്ന് അവരെ രക്ഷിക്കാൻ അവർക്കുപോലും കഴിയില്ലായെന്നും ഗാന്ധി കരുതി. ഗാന്ധിയിൽ ജാതിബോധവും വെളുത്ത വംശീയബോധവും കൂടിക്കുഴഞ്ഞ രീതിയിലാണ് പ്രവർത്തിച്ചിരുന്നത്. ഈ ഗാന്ധിയൻ വീക്ഷണങ്ങൾ തീർച്ചയായും ഒരു നൂറ്റാണ്ടുമുമ്പുള്ള ഇന്ത്യൻ ദേശീയവാദികളുടെയും അവരെ രൂപപ്പെടുത്തിയ ഉപരിവർഗ/ ജാതി/മത/ലിംഗ ബോധങ്ങളുടെയും ചരിത്ര സാഹചര്യമാണ്. ഗാന്ധിയുടെ സ്വത്വവും ഇന്ത്യൻ ദേശീയതയും അകപ്പെട്ടിട്ടുള്ള ആഗോള രാഷ്ട്രീയ പ്രതിസന്ധിയുടെ സ്വഭാവമാണിത്. അതിൻ്റെ തുടർച്ചകൾ പക്ഷെ ഇന്ന് ചോദ്യം ചെയ്യപ്പെട്ടു തുടങ്ങിയിട്ടുണ്ട്.

അവസാനത്തെ സമരവും നേതാവിന്റെ ഉദയവും
ജോസഫ് ലേലിവെൽഡിൻറെ പുസ്തകത്തിൽ സൂചിപ്പിക്കുന്ന ഗാന്ധിയുടെ ദക്ഷിണാഫ്രിക്കയിലെ അവസാനത്തെ സമരംകൂടി പരിശോധിക്കാം. ഈ സമരത്തിലാണ് ഗാന്ധി തമിഴ് കരാർ തൊഴിലാളികൾ ജീവിച്ച അടിമസമാനമായ സാഹചര്യങ്ങളെ രാഷ്ട്രീയമായി അഭിസംബോധന ചെയ്യുന്നത്. അമിത നികുതിക്കെതിരെയും വിവാഹവിലക്കുകൾക്കെതിരെയും സഞ്ചാരസ്വാതന്ത്ര്യത്തിനു വേണ്ടിയും തമിഴ് തൊഴിലാളികൾ വെള്ളഭരണവർഗത്തിനെതിരെ നടത്തിയ സമരം ദക്ഷിണാഫ്രിക്കയിലെ ഇന്ത്യൻ മധ്യവർഗത്തെ ആഴത്തിൽ സ്വാധീനിച്ചു. തമിഴ് തൊഴിലാളികളുടെ വിപ്ലവവീര്യവും സാമൂഹിക ബോധവും ഉപരിവർഗ/ ജാതി ഇന്ത്യക്കാരെ ശരിക്കും അമ്പരപ്പിച്ചു. ഈ സാഹചര്യത്തിലാണ് ഗാന്ധി തമിഴ് തൊഴിലാളികളുടെ കൂടെ ആദ്യമായി ചേരുന്നത്. പക്ഷേ, ഈ യോജിപ്പിന്റെ രാഷ്ട്രീയ അർഥങ്ങൾ ഏറെ പ്രശ്നങ്ങൾ സൃഷ്ടിക്കുന്നുണ്ട്. ഈ സമരത്തിന്റെ ഭാഗമായി ഗാന്ധി അഞ്ച് ആഴ്ച്ച ജയിലിൽ കിടന്നിരുന്നു. എന്നാൽ സ്വയം രക്ഷകവേഷം കെട്ടിയ അദ്ദേഹം ഈ തമിഴ് തോട്ടം തൊഴിലാളികളെ വിശേഷിപ്പിച്ചത് ഇന്ത്യയുടെ സേവകരെന്നും മതപ്പോരാളികളെന്നുമാണ്. തമിഴ് തൊഴിലാളികളുടെ ജാതി/മത/വർഗ വ്യത്യാസങ്ങളെ ഒട്ടും അഭിസംബോധന ചെയ്യാതെ അവരെ ഹിന്ദുവത്കരിക്കാനാണ് അദ്ദേഹത്തിന്റെ രക്ഷകവ്യവഹാരം ശ്രമിച്ചത്. ജോസഫ് ലേലിവെൽഡ് ഇതിനെക്കുറിച്ച് രസകരമായി പറയുന്നത് ഇങ്ങനെയാണ്; “He could speak of them and for them, but mostly, he wants speaking to them.” അതായത് ഗാന്ധി ആ തമിഴ് തൊഴിലാളികളെക്കുറിച്ചും അവർക്ക് വേണ്ടിയും സംസാരിക്കുന്നുണ്ടായിരുന്നു. പക്ഷേ, ഒരിക്കലും അവരോടു തുല്യതയിൽ സംസാരിക്കുന്നുണ്ടായിരുന്നില്ല.
ഗാന്ധിജിയുടെ ഇരുപതു വർഷത്തിനു ശേഷമുള്ള ആദ്യത്തെ കീഴാള ഐക്യശ്രമം പോലും മേൽ കീഴ്ബന്ധത്തിലും ആധിപത്യ ബോധനസമ്പ്രദായത്തിലും ഊന്നിയതായിരുന്നു. ഈ അവസാന സമരത്തിലൂടെയാണ് ഗാന്ധി ഏതെങ്കിലും അർഥത്തിലുള്ള രാഷ്ട്രീയപരമായ ഒരു സ്വീകാര്യത കീഴാള സമൂഹങ്ങളിൽ നേടുന്നത്. ഈയൊരു കീഴാള സമരത്തിലൂടെ ആർജിച്ച സാംസ്കാരിക മൂലധനം ഉപയോഗിച്ചാണ് 1914 ൽ മഹാത്മാ എന്ന രാഷ്ട്രീയ പദ്ധതിയുമായി ഇന്ത്യയിലേക്ക് കാലെടുത്തുവെക്കുന്നത്.
പുതിയ ഗാന്ധി വിമർശനങ്ങൾ ആഗോള തലത്തിൽ
ദക്ഷിണാഫ്രിക്കയിലെ ഗാന്ധിയൻ വ്യവഹാരങ്ങൾ ദേശീയവാദത്തിന്റെ ഒരു രാഷ്ട്രീയ മുൻമാതൃക മുന്നോട്ടു വെക്കുന്നുണ്ട്. അധീശ ദേശീയവാദത്തിന്റെ സ്വത്വരൂപവത്കരണത്തിന്റെ നിരവധി ഘടകങ്ങൾ ദക്ഷിണാഫ്രിക്കയിലെ ഗാന്ധിയൻ അനുഭവത്തിൽ നമുക്ക് കാണാൻ കഴിയുന്നുണ്ട്. ദേശത്തെ പ്രതിനിധാനം ചെയ്യുന്ന ഈ മേൽജാതി ഹിന്ദുസ്വരൂപം തന്നെയാണ് ബഹുഭൂരിപക്ഷം വരുന്ന സാമ്രാജ്യത്വലോകത്തോട് സംസാരിക്കുന്നത്. മാത്രമല്ല, വെള്ളക്കാർ മുകളിലും മേൽജാതി ഇന്ത്യക്കാർ താഴെയും ദലിത് ബഹുജനങ്ങൾ അതിലും താഴെയുമുള്ള ആഗോള വംശീയക്രമത്തിന്റെ രൂപവത്കരണ ഘട്ടത്തിൽ ഗാന്ധിയും തന്റേതായ പങ്കുവഹിച്ചിട്ടുണ്ടെന്ന് ഇതിലൂടെ മനസ്സിലാക്കാം. ഇന്ന് ലോകമാകെ വികസിക്കുന്ന വംശീയ വിരുദ്ധ/ സാമ്രാജ്യത്വ വിരുദ്ധ/ അധിനിവേശ വിരുദ്ധ പോരാട്ടങ്ങൾക്ക് കരുത്തു പകരുന്ന ഒരു രാഷ്ട്രീയ ഭാവനയല്ല ദക്ഷിണാഫ്രിക്കയിലെ ഗാന്ധിയെന്ന തിരിച്ചറിവ് വളരെ വ്യാപകമാണ്.
വംശീയവും രാഷ്ട്രീയവുമായ പ്രശ്നങ്ങൾ എന്ന നിലയിൽ വംശഹത്യയും അടിമത്തവും വ്യാപകമായി മനസ്സിലാക്കാനും തൊട്ടുകൂടായ്മ അടക്കമുള്ള ജാതീയതയുടെ വിവിധ രൂപങ്ങൾ രാഷ്ട്രീയമായി തിരിച്ചറിയപ്പെടാതിരിക്കാനും കാരണം ആഗോള തലത്തിൽ നിർമിക്കപ്പെട്ടിട്ടുള്ള ഗാന്ധി പ്രതിമകളുടെ പ്രതീകാത്മക മൂലധനം തന്നെയാണ്. അതിനെ തിരിച്ചറിയുന്ന കറുത്തവർ ഇപ്പോൾ ആ പോരാട്ടം പല രീതിയിൽ ഏറ്റെടുക്കുന്നു. ദക്ഷിണാഫ്രിക്കൻ കാമ്പസുകൾ നൽകുന്ന പാഠം അതാണ്. ഗാന്ധി പ്രതിമയെ രാഷ്ട്രീയമായും വൈജ്ഞാനികമായും മറികടക്കുക എന്നുള്ളതാണ് ഇന്ത്യയിലെ ജാതി വിരുദ്ധ പോരാട്ടത്തെ ആഗോളീകരിക്കാനുള്ള വഴി. ഐക്യരാഷ്ട്രസഭയുടെ ഡർബൻ സമ്മേളനം അതിലേക്കുള്ള വാതിലായിരുന്നു. ആ ചുവടുവെപ്പുകളുടെ മറ്റൊരു ഘട്ടമാണ് ദക്ഷിണാഫ്രിക്കയിലെയും ഘാനയിലെയും വിദ്യാര്‍ഥി പ്രസ്ഥാനങ്ങള്‍ ഗാന്ധിയന്‍ പ്രതിമകളുമായുള്ള സമരത്തിലൂടെ തുടങ്ങിവെച്ചിട്ടുള്ളത്.
(2018 ഒക്ടോബറിൽ മാധ്യമം ആഴ്ച്ചപ്പതിപ്പിൽ പ്രസിദ്ധീകരിച്ച ലേഖനം)