2022 ഡിസംബർ 6 ഭരണകൂട പിന്തുണയിൽ അന്യായമായി ബാബരി മസ്ജിദ് തകർക്കപ്പെട്ടിട്ട് 30 വർഷം തികയുകയാണ്. രണ്ടു കാരണങ്ങൾ കൊണ്ട് നെഹ്‌റുവിയൻ മതേതരത്വമെന്ന പ്രചുരപ്രചാരത്തിലുള്ള മിത്തിനെ ഇഴകീറി പരിശോധിക്കുവാൻ ഈ അവസരം അനുയോജ്യമാണ്. ഒന്ന്, വിശ്വഹിന്ദു പരിഷത്തിൽ നിന്ന് തുടങ്ങി പിന്നീട് ബിജെപി ഏറ്റെടുത്ത ബാബരി മസ്ജിദ് ധ്വംസനം ലക്ഷ്യം വെച്ചുകൊണ്ടുള്ള പ്രസ്ഥാനം, പ്രഥമ ഇന്ത്യൻ പ്രധാനമന്ത്രി നെഹ്‌റുവിന്റെ നേതൃത്വത്തിലുള്ള ‘മതേതര’ ഭരണകൂടത്തിന്റെ ‘മുസ്‌ലിം പ്രീണനത്തെ’ സായുധമായി ചെറുക്കാൻ കൂടി ലക്ഷ്യംവെച്ചുള്ളതായിരുന്നു. ഇവിടെ മതേതരം എന്നതിന് മുസ്‌ലിംകളെ സഹായിക്കുക, ഹിന്ദുക്കളെ എതിർക്കുക എന്ന അർത്ഥമാണ് കൈവരുന്നത്. മതേതരം എന്നാൽ ഹിന്ദുക്കളെ എതിർക്കുക എന്ന ധ്വനി സംവിധായകൻ വിവേക് അഗ്നിഹോത്രിയുടെ വാക്കുകളിൽ കാണാം: “മതേതരം എന്ന് നിങ്ങൾ പറയുമ്പോൾ ജനങ്ങൾ നിങ്ങളെ ഹിന്ദു വിരുദ്ധൻ എന്നാണ് മനസ്സിലാക്കുക എന്നതാണ് യാഥാർഥ്യം”.
2022 ഡിസംബർ 6 ഭരണകൂട പിന്തുണയിലുള്ള ബാബരി മസ്ജിദ് ധ്വംസനത്തിന് 30 വർഷം തികയുകയാണ്. രണ്ടു കാരണങ്ങൾ കൊണ്ട് നെഹ്‌റുവിയൻ മതേതരത്വമെന്ന പ്രചുരപ്രചാരത്തിലുള്ള മിത്തിനെ ഇഴകീറി പരിശോധിക്കുവാൻ ഈ അവസരം അനുയോജ്യമാണ്. ഒന്ന്, വിശ്വഹിന്ദു പരിഷത്തിൽ നിന്ന് തുടങ്ങി പിന്നീട് ബിജെപി ഏറ്റടുത്ത ബാബരി മസ്ജിദ് ധ്വംസനം ലക്ഷ്യം വെച്ചുകൊണ്ടുള്ള പ്രസ്ഥാനം, പ്രഥമ ഇന്ത്യൻ പ്രധാനമന്ത്രി നെഹ്‌റുവിന്റെ നേതൃത്വത്തിലുള്ള ‘മതേതര’ ഭരണകൂടത്തിന്റെ ‘മുസ്‌ലിം പ്രീണനത്തെ’ സായുധമായി ചെറുക്കാൻ കൂടി ലക്ഷ്യംവെച്ചുള്ളതായിരുന്നു. ഇവിടെ മതേതരം എന്നതിന് മുസ്‌ലിംകളെ സഹായിക്കുക, ഹിന്ദുക്കളെ എതിർക്കുക എന്ന അർത്ഥമാണ് കൈവരുന്നത്. മതേതരം എന്നാൽ ഹിന്ദുക്കളെ എതിർക്കുക എന്ന ധ്വനി സംവിധായകൻ വിവേക് അഗ്നിഹോത്രിയുടെ വാക്കുകളിൽ കാണാം: “മതേതരം എന്ന് നിങ്ങൾ പറയുമ്പോൾ ജനങ്ങൾ നിങ്ങളെ ഹിന്ദു വിരുദ്ധൻ എന്നാണ് മനസ്സിലാക്കുക എന്നതാണ് യാഥാർഥ്യം”.
ഹിന്ദുത്വ ശക്തികളെ എതിർക്കുന്ന മിക്കവരും മതേതരത്വത്തിന്റെ തകർച്ചയായാണ് ബാബരി മസ്ജിദ് ധ്വംസനത്തെ മനസ്സിലാക്കുന്നത് എന്നതാണ് രണ്ടാമത്തെ കാരണം. ചരിത്രകാരൻ വില്ല്യം ഡാൽറിമ്പ്ൾ എഴുതിയതു പോലെ ‘മസ്ജിദ് തകർക്കുന്നതിലൂടെ തരിപ്പണമാക്കപ്പെട്ട ഓരോ താഴികക്കുടങ്ങളും സഹിഷ്ണുതയുടെയും മതേതരത്വത്തിന്റെയും ജനാധിപത്യത്തിന്റെയും ഇന്ത്യൻ പാരമ്പര്യത്തിന്റെ തകർച്ചയെയാണ് പ്രതിനിധീകരിക്കുന്നത്’ എന്ന തരത്തിലുള്ള വിശദീകരണങ്ങൾ നിരവധിയുണ്ട്. പരസ്പര വൈരികളാണെങ്കിലും ബിജെപിയും–വിഎച്ച്പി സഖ്യവും അവരുടെ എതിരാളികളും ‘സെക്കുലറിസം’ എന്ന വിശദീകരണ വാക്യത്തിന്മേൽ യോജിക്കുന്നവരാണ്. അതിനാൽ ഒരു ഭാഗത്ത് ആശിഷ് നന്തിയെപോലുള്ളവരുടെ ‘ആന്റി സെക്കുലർ മാനിഫെസ്റ്റോ’യും മറ്റൊരു വശത്ത് ഇർഫാൻ ഹബീബിനെ പോലുള്ള ചരിത്രകാരന്മാരുടെ സെക്കുലറിസത്തെ ചെറുക്കാനുള്ള ശ്രമങ്ങളും ഒരുപോലെ കാണാം.
രാഷ്ട്രീയ സംവാദങ്ങളിലും ദൈനംദിന മാധ്യമങ്ങളിലും അക്കാദമിക വ്യവഹാരങ്ങളിലും സാധാരണവൽക്കരിക്കപ്പെട്ട നെഹ്റുവിയൻ സെക്കുലറിസമെന്ന സങ്കല്പം എത്രത്തോളം കൃത്യമാണ്? സെക്കുലറിസത്തോടുള്ള വിമർശനമായാലും അതിനെ പ്രതിരോധിക്കലായാലും സെക്കുലറിസമെന്ന അസ്തിത്വത്തെ അത് മുൻകൂർ വിഭാവന ചെയ്യുന്നതായി ഇതിൽ നിന്ന് മനസ്സിലാക്കാം. ഈ ലേഖനത്തിലൂടെ ഞാൻ മുന്നോട്ടുവെക്കാനുദ്ദേശിക്കുന്ന വാദം അത്തരമൊരു സെക്കുലറിസം ഒരിക്കലും നിലനിന്നിരുന്നില്ല എന്നാണ്, അല്ലെങ്കിൽ അത് വെറുമൊരു മിഥ്യാരൂപം മാത്രമായിരുന്നു. നെഹ്റുവിയൻ സെക്കുലറിസത്തിന്റെ പൊള്ളത്തരത്തെ ഉദാഹരണങ്ങളിലൂടെ വിശദീകരിച്ചുകൊണ്ട് ഈ വാദം ഞാൻ സ്ഥാപിക്കാൻ ശ്രമിക്കാം. അതിനായി നെഹ്റുവിയൻ സെക്കുലറിസത്തെ സംബന്ധിച്ച് നിലനിൽക്കുന്ന മൂന്ന് തരം മിത്തുകളെ അപനിർമ്മിക്കാനാണ് ഇനി ശ്രമിക്കുന്നത്.
മിത്ത്—1 സ്വതന്ത്ര ഇന്ത്യ എല്ലായ്പ്പോഴും മതേതരമായിരുന്നു
ഇന്ത്യ ഒരു റിപ്പബ്ലിക്കെന്ന നിലയിൽ ജനനം കൊണ്ട മുതൽ നെഹ്റുവിന്റെ ഇടപെടലുകളിലൂടെ ഭരണഘടനാപരമായി മതേതരമായിരുന്നു എന്നതാണ് ഒന്നാമത്തെ മിത്ത്. പക്ഷേ, സെക്കുലർ എന്ന പദം ഭരണഘടനയിൽ ഉൾച്ചേർക്കാൻ യാതൊരു ശ്രമവും നടത്താത്ത നെഹ്റുവിന്റെ മരണ ശേഷം മാത്രമാണ് സെക്കുലറിസം എന്ന പദം ഭരണഘടനയിൽ ഉൾച്ചേർത്തത് എന്നതാണ് യാഥാർത്ഥ്യം. പ്രസ്തുത പദത്തേക്കാൾ നെഹ്റുവിയൻ ഭരണകൂടം ഉയർത്തിപ്പിടിച്ച മൂല്യങ്ങളാണ് പ്രധാനമെന്ന് ഒരാൾക്ക് വേണമെങ്കിൽ വാദിക്കാം.
ഈ യുക്തിയനുസരിച്ച്, സെക്കുലർ എന്ന പദം ഭരണഘടനയുടെ ഭാഗമാക്കാതെ തന്നെ മതേതര മൂല്യങ്ങൾ പൂവണിയുക സാധ്യമാണെങ്കിൽ ജനാധിപത്യം എന്ന പദമില്ലാതെ തന്നെ ജനാധിപത്യ മൂല്യങ്ങളെയും ശക്തിപ്പെടുത്താനാവില്ലേയെന്ന് ഒരാൾക്ക് ചോദിക്കാം.
പിന്നെന്തുകൊണ്ടാണ് ജനാധിപത്യം എന്ന പദം ഭരണഘടനയിൽ ചേർക്കുന്നത് അനിവാര്യവും മതേതരം എന്ന പദം അനിവാര്യമല്ലാതാവുകയും ചെയ്യുന്നത്? ഭരണഘടനയിലെ ജാനാധിപത്യം എന്ന വാക്കിന്റെ സാന്നിധ്യം യാദൃശ്ചികമല്ലെങ്കിൽ മതേതരം എന്ന വാക്കിന്റെ അസാന്നിധ്യവും യാദൃശ്ചികമല്ലെന്ന നിഗമനത്തിൽ യുക്തിസഹമായി തന്നെ ഇതിൽ നിന്ന് എത്തിച്ചേരാം.
അടിയന്തരാവസ്ഥാ കാലത്ത് ഇന്ദിരാ ഗാന്ധി ഗവണ്മെന്റാണ് മതേതരം എന്ന പദം ഭരണഘടനയിൽ എഴുതിച്ചേർത്തതെന്ന് പലരും അഭിപ്രായപ്പെടുന്നത് കാണാം. എങ്കിലും, എന്തുകൊണ്ട് അപ്പോൾ മാത്രം അത് ചെയ്യേണ്ടി വന്നു, നേരത്തെ എന്തുകൊണ്ട് ചെയ്തില്ല എന്ന ചോദ്യം ആരും ഉന്നയിക്കുന്നതായി കാണില്ല.
പാകിസ്താൻ രണ്ട് രാജ്യങ്ങളായി മാറിയതിന് ശേഷം അല്ലെങ്കിൽ പാകിസ്താനിൽ നിന്ന് 1971-ൽ ബംഗ്ലാദേശ് സ്വതന്ത്രമായതിന് ശേഷം ഇന്ത്യൻ/ഹിന്ദു ദേശീയതക്കോ അതിന്റെ അധികാര മേലാളന്മാർക്കോ ചരിത്രപരമായി നിർണായക അപരത്വമായിരുന്ന പാകിസ്താൻ ദേശീയത ഒരു ഭീഷണിയായി തോന്നിയിരുന്നില്ല എന്നതാണ് ഈ ചോദ്യത്തിന് നൽകാൻ കഴിയുന്ന ഒരു ഉത്തരം. ഇന്ത്യൻ/ഹിന്ദു ദേശീയതാ ശരീരത്തിന്റെ ആരോഗ്യകരമായ നിലനില്പിന് വേണ്ടി ‘രോഗാതുരമായ അവയവം’ മുറിച്ചുമാറ്റുന്ന പ്രക്രിയ എന്ന് വല്ലഭായ് പട്ടേൽ വിശേഷിപ്പിച്ച പാകിസ്താന്റെ രൂപീകരണത്തിന് ശേഷം വീണ്ടും പാകിസ്താൻ രണ്ടായി ഭാഗിക്കേണ്ടി വന്നു.
ബംഗ്ലാദേശിന്റെ രൂപീകരണത്തിൽ ഇന്ദിരാഗാന്ധിക്കുള്ള പങ്കിനെ സൂചിപ്പിച്ചുകൊണ്ട് അവരുടെ എതിരാളി കൂടിയായ അടൽബിഹാരി വാജ്പേയി അവരെ ദുർഗ്ഗാ ദേവിയെന്ന് വിശേഷിപ്പിച്ചതും എടുത്തുപറയേണ്ടതാണ്. ഒരു ശരീരമെന്ന നിലയിൽ ഇന്ത്യയെ നയിക്കുന്നത് ഗൂഢവും മൂർത്തവുമായി ഗാന്ധിയെന്ന ദിവ്യ സ്വരൂപമാണെന്നാണ് വിശ്വസിച്ചുപോരുന്നത്. വാജ്പേയി ഇന്ദിരാഗാന്ധിയെ അങ്ങനെ വിശേഷിപ്പിച്ചോ ഇല്ലയോ എന്നതല്ല വലിയ പ്രശ്നം, മറിച്ച് അവരുടെ പാർട്ടിയായ കോൺഗ്രസ് അതിനെ അഭിമാനപൂർവം കൊണ്ടുനടക്കുന്നു എന്നുള്ളതാണ്. ‘ലിബറൽ’ വിശകലനായ കരൺ ഥാപ്പറും അപ്രകാരം തന്നെ അതിനെ അംഗീകരിക്കുന്നു.
മിത്ത്—2 ‘മതേതരനായ’ നെഹ്റുവിന്റെ മുസ്‌ലിം പ്രീണനം
നെഹ്റുവിന്റെ മതേതരത്വം മുസ്‌ലിംകളെ പ്രീണിപ്പിക്കുന്നതാണെന്നത് തെറ്റായതും തെറ്റിദ്ധരിപ്പിക്കുന്നതുമാണ്. നെഹ്റു പ്രീണിപ്പിക്കാൻ ശ്രമിച്ചത് ഹിന്ദുക്കളെയാണ്, അല്ലാതെ മുസ്‌ലിങ്ങളെയല്ല. പ്രധാനമന്ത്രിയായിരുന്ന നെഹ്റുവിന്റെ പങ്കും ആർ.എസ്.എസ്സിന്റെ സജീവമായ പങ്കും ഉള്ളതുകൊണ്ടാണ് 2,37,000 മുസ്‌ലിങ്ങൾ ഉന്മൂലനം ചെയ്യപ്പെട്ട ‘ജമ്മു ഹോളോകോസ്റ്റ്’ 1947 ഒക്ടോബർ മാസത്തിൽ അരങ്ങേറിയത്. പോലീസ് നടപടി എന്ന് വിളിക്കപ്പെട്ട പ്രക്രിയയിലൂടെ 40000 ൽ അധികം വരുന്ന മുസ്‌ലിങ്ങളാണ് 1948-ൽ ഹൈദരാബാദിൽ കൊല്ലപ്പെട്ടത്. 1949-ൽ ബാബരി മസ്ജിദിൽ അന്യായമായി വിഗ്രഹങ്ങൾ സ്ഥാപിച്ചവരെ സഹായിച്ചതും നെഹ്റുവിന്റെ മതേതരത്വമായിരുന്നു. പ്രസ്തുത കുറ്റകൃത്യങ്ങൾക്കെതിരെ യാതൊരുവിധ നടപടിയും നെഹ്റുവിന്റെ നേതൃത്വത്തിലുള്ള ഭരണകൂടം കൈക്കൊണ്ടില്ല. ഈ കുറ്റകൃത്യങ്ങളാണ് 1980-കളുടെ അവസാനത്തിലും 90-കളുടെ തുടക്കത്തിലും അരങ്ങേറിയ അക്രമസംഭവങ്ങളിലേക്കുള്ള വഴിതെളിച്ചത്. കൂടാതെ 1950-ൽ ഇതേ മതേതരനായ നെഹ്റുവാണ് സോമനാഥ് ക്ഷേത്രത്തിന്റെ നിർമ്മാണത്തിന് പ്രത്യക്ഷമോ പരോക്ഷമോ ആയ സഹായങ്ങൾ ചെയ്തു കൊടുത്തത്. 1980-കളിൽ അയോധ്യയിൽ ഫീൽഡ് വർക്ക് നടത്തിയ പ്രശസ്ത നരവംശശാസ്ത്രജ്ഞൻ പീറ്റർ വാൻ ഡെർ വീർ അദ്ദേഹത്തിന്റെ റിലീജ്യസ് നാഷണലിസം എന്ന പുസ്തകത്തിൽ ഇത്തരം വസ്തുതകൾ രേഖപ്പെടുത്തുന്നുണ്ട്.
നെഹ്റുവിന്റെ ഹിന്ദു പ്രീണനം ഇവിടം കൊണ്ടൊന്നും തീരുന്നതല്ല. ഗോവധം കുറ്റകൃത്യമാക്കിതീർക്കുന്നതും അതിൽ പെടും. ബ്രാഹ്മണ്യ ഹിന്ദു കാഴ്ചപ്പാടിനെ സാധൂകരിക്കുന്നു എന്നതു കൊണ്ടു മാത്രം നിഷ്പക്ഷമായി നിൽക്കുന്ന ഒരു പദമാണ് ഗോവധം. ഒരു അഹിന്ദു കാഴ്ചപ്പാടിൽ ഗോവധം ഭക്ഷണസ്വാതന്ത്രവുമായി ബന്ധപ്പെട്ട ഒരു വിഷയമാണ്. ഭരണഘടനയുടെ മതസ്വാതന്ത്രമെന്ന തത്വത്തെ വെല്ലുവിളിച്ചുകൊണ്ട് ഭരണഘടനാ സമിതി 1949-ൽ ഭരണഘടനയിലെ ‘സംസ്ഥാനങ്ങളുടെ നിയമരൂപീകരണങ്ങൾക്കുള്ള നിർദേശകതത്ത്വങ്ങളുടെ’ ഭാഗമാക്കി ‘ഗോവധ നിരോധനം’ മാറ്റി. ആ സമയത്ത് നെഹ്റു കേവലം പ്രധാനമന്ത്രി മാത്രമായിരുന്നില്ല, മറിച്ച് എം.കെ ഗാന്ധിയുടെ മരണ ശേഷം ഇന്ത്യയിൽ ജീവിച്ചിരിക്കുന്ന ഏറ്റവും സ്വാധീന ശേഷിയുള്ള നേതാവ് കൂടെയായിരുന്നു. ഗോവധ നിരോധനത്തിന് വേണ്ടി ശ്രമിച്ച ശക്തികളുടെ അജണ്ടകളെ തകർക്കാൻ നെഹ്റു നടത്തിയ ശ്രമങ്ങളെ സംബന്ധിച്ച യാതൊരു വിവരവും അദ്ദേഹത്തിന്റെ എഴുത്തുകളിൽ നിന്നോ ഭരണഘടനാ സമിതിയുടെ സമാഹരണങ്ങളിൽ നിന്നോ കണ്ടെടുക്കാൻ കഴിയില്ലെന്ന് ചരിത്രകാരൻ ഇയാൻ കോപ്‌ലാൻഡ് അഭിപ്രായപ്പെടുന്നുണ്ട്.
മുസ്‌ലിങ്ങളുടെയും മറ്റുള്ളവരുടെയും ഭക്ഷണസ്വാതന്ത്രത്തെ നിഷേധിക്കുവാൻ നെഹ്റു നൽകിയ അനുമതി, സമിതിയിലെ കോൺഗ്രസിതര അംഗങ്ങളുടെ സമ്മർദ്ദത്തിന് വഴങ്ങിയാണെന്ന നിഗമനം വേണമെങ്കിൽ സ്വീകരിക്കാം, പക്ഷേ സമിതിയിലെ 80% അംഗങ്ങളും കോൺഗ്രസിൽ നിന്നുള്ളവരാണെന്ന് ഓർക്കണം.
സമാനമായി, നെഹ്റു സമ്പൂർണ അധികാരത്തിലിരിക്കവേയാണ് 1950-ലെ പ്രസിഡൻഷ്യൽ ഉത്തരവിലൂടെ ക്രിസ്തു മതത്തിലേക്കോ ഇസ്‌ലാമിലേക്കോ പരിവർത്തനം ചെയ്യുന്ന പട്ടികജാതിക്കാരുടെ സംവരണാവകാശങ്ങൾ എടുത്തുകളയുന്നത് എന്നതും പ്രധാനപ്പെട്ട വസ്തുതയാണ്. നെഹ്റു അത്ര കണ്ട് മതസ്വാതന്ത്ര്യത്തെ ഇഷ്ടപെട്ട ആളായിരുന്നില്ലെന്ന് ഈ ഉത്തരവിൽ നിന്ന് വ്യക്തമാണ്. അദ്ദേഹത്തിന്റെ എതിരാളികളെ പോലെതന്നെ നെഹ്റുവും ഇന്ത്യയെ പ്രാഥമികമായി ഹിന്ദുവായാണ് കണ്ടത്.
തിരഞ്ഞെടുക്കപ്പെടുന്ന ബോഡികളിലെ മതകീയ ന്യൂനപക്ഷങ്ങളുടെ പ്രതിനിധാനവുമായി ബന്ധപ്പെട്ട ഭരണഘടനാ വ്യവസ്ഥയെ തള്ളിക്കൊണ്ടുള്ള പ്രമേയം പട്ടേൽ ഭരണഘടനാ സമിതിയിൽ പാസാക്കിയെടുത്തപ്പോൾ അതിനെ നെഹ്റു ആഹ്ലാദപൂർവം അഭിനന്ദിച്ച സന്ദർഭമെടുക്കുക. ഒരു ജനാധിപത്യ സംവിധാനത്തിൽ “ഭൂരിപക്ഷത്തിന്റെ താൽപര്യം… വിജയിക്കും” എന്ന് ഒരു മിനിറ്റ് നേരത്തിനുള്ളിൽ രണ്ട് തവണയാണ് നെഹ്റു പറഞ്ഞത്. ഭൂരിപക്ഷമെന്ന നെഹ്റുവിന്റെ പ്രയോഗം (ലിബറലിസം വിശദീകരിക്കുന്ന പോലെ) ജനാധിപത്യത്തിന്റെ പ്രവർത്തനവുമായി ബന്ധപ്പെട്ടതായിരുന്നില്ല, മറിച്ച് തികച്ചും മതകീയമായിരുന്നു.
മിത്ത്—3 ശാസ്ത്രബോധത്താൽ ജ്ഞാനിയായ അവിശ്വാസിയായ നെഹ്റു
പൗരന്മാരുടെ ജീവിതത്തെ ബാധിക്കുന്ന നിയമനിർമ്മാണങ്ങളിൽ പ്രധാന മന്ത്രിയെന്ന നിലയിലുള്ള നെഹ്റുവിന്റെ പ്രത്യക്ഷവും പരോക്ഷവുമായ ഇടപെടലും, ഒരു രാഷ്ട്രീയക്കാരനെന്ന നിലയിലുള്ള അദ്ദേഹത്തിന്റെ നയനിലപാടുകളിലുമാണ് നെഹ്റുവിയൻ സെക്കുലറിസത്തിന്റെ മിത്തുകളെ പരിശോധിക്കുന്നതിന്റെ ഭാഗമായി ഞാൻ ഇതുവരെ ഊന്നൽ കൊടുത്തത്. ഇത്തരമൊരു ചട്ടക്കൂടിൽ നിന്ന് നോക്കുമ്പോൾ, ഇങ്ങനെയൊക്കെയാണെങ്കിലും ശാസ്ത്രബോധുള്ള അവിശ്വാസിയും യുക്തിസഹമായി കാര്യങ്ങൾ നോക്കികാണുകയും ചെയ്യുന്ന ഒരു മതേതരനാണ് വ്യക്തിയെന്ന നിലയിൽ നെഹ്റുവെന്ന അദ്ദേഹത്തെ പ്രതിരോധിച്ചു കൊണ്ടുള്ളവരുടെ വാദങ്ങൾ അപ്രസക്തമാണെന്ന് കാണാം.
അത്തരമൊരു നിലപാടിനെതിരെ പകരമായി, സെക്കുലർ നെഹ്റുവെന്ന മിത്തിനെ, അതുരുവം ചെയ്യുന്ന രാഷ്ട്രീയ ജീവിതത്തെയും പൊതുനയങ്ങളെയും മുൻനിർത്തി വിശകലനം ചെയ്യേണ്ടതിന്റെ ആവശ്യകതയെയാണ് ഈ ലേഖനം അടിവരയിടുന്നത്. സ്വകാര്യ ജീവിതത്തിലെ അവിശ്വാസവും ശാസ്ത്രാവബോധവും പൊതുജീവിതത്തിലേക്ക് വിവർത്തനം ചെയ്യപ്പെടുന്നില്ലെങ്കിൽ എന്ത് വിലയാണ് പിന്നെയതിനുള്ളത്?
ഇനി അദ്ദേഹത്തിന്റെ വ്യക്തി മണ്ഡലത്തിൽ തന്നെ മതേതരവാദികൾ പറയാൻ മടിക്കുന്ന ചില സങ്കീർണതകളുണ്ട്. സ്വാതന്ത്ര്യം അർദ്ധരാത്രയിൽ എന്ന പുസ്തകത്തിൽ 1947 ആഗസ്റ്റ് 14 രാത്രിയിൽ സംഭവിച്ച ഒരു കാര്യത്തെ കുറിച്ച് ലാറി കോളിൻസും ഡൊമിനിക് ലാപിയറും ഇങ്ങനെ വിവരിക്കുന്നുണ്ട്; രണ്ട് സന്ന്യാസിമാർ (ബ്രാഹ്മണ സന്യാസിമാർ) “നെഹ്‌റുവിന്റെ മേൽ പുണ്യജലം തളിച്ചു, നെറ്റിയിൽ ഭസ്മം ചാർത്തി, ചെങ്കോൽ അദ്ദേഹത്തിന്റെ കൈകളിൽ വെച്ചു, ദൈവത്തിന്റെ തുണിയിൽ അദ്ദേഹത്തെ പൊതിഞ്ഞു… ഏറെ സന്തോഷത്തോടെ നെഹ്റു അത് സ്വീകരിച്ചു.”
ഇവിടെ നെഹ്റു അദ്ദേഹത്തിന്റെ മതപാരമ്പര്യം അനുഷ്ഠിക്കുന്നുവെന്നതല്ല ഞാൻ ചൂണ്ടിക്കാണിക്കാൻ ആഗ്രഹിക്കുന്നത്. അതിലുപരി, നെഹ്‌റുവിയൻ മതേതരത്വത്തിന്റെ ഭൂതസാന്നിധ്യത്തെ നിലനിർത്താൻ ഇത്തരം വസ്തുതകൾ ഇല്ലാതാക്കുകയോ മൂടിവെക്കപ്പെടുകയോ ചെയ്യുന്നുവെന്നതാണ്.
(ഡിസംബർ 9-10 തിയതികളിൽ കൊളംബിയ യൂണിവേഴ്സിറ്റിയിലെ സൌത്ത് എഷ്യ ഇൻസ്റ്റിസ്റ്റ്യൂട്ട് സംഘടിപ്പിക്കുന്ന “Afterlives of Babri Masjid: Thirty Years Later” എന്ന വിർച്വൽ സിമ്പോസിയത്തിൽ അവതരിപ്പിക്കാൻ എഴുതിയത്)
വിവർത്തനം: മൻഷാദ് മനാസ്