പരംപൊരുളായ അല്ലാഹു

‘Absolute Allah എന്ന പേരിൽ ശ്രീ നാരായണ ഗുരു ശിഷ്യനും സാമൂഹിക പരിഷ്കർത്താവുമായിരുന്ന നടരാജ ഗുരു (d. 1973) എഴുതിയ ചെറിയ ലേഖനത്തിന്റെ മലയാള പരിഭാഷ

ദൈവത്തിന് മുഹമ്മദ് നബി ഖുര്‍ആനില്‍ നല്‍കിയിരിക്കുന്നത് ഒരു പ്രത്യേക പദവിയാണ്. ഈ പദവിയാണ് മതപരമായ ജീവിതത്തിന്റെ കാര്യത്തില്‍ ലോകത്തില്‍ ഏറ്റവും പുതിയതായുണ്ടായിട്ടുള്ള മൂല്യനവീകരണങ്ങളുടെ കൂട്ടത്തില്‍ ഇസ്‌ലാം മതത്തെ ഉല്‍കൃഷ്ടമാക്കിയിരിക്കുന്നത്.

ഇസ്‌ലാം മതപ്രകാരം ദൈവത്തെ ഏതെങ്കിലും ആരാധനാ മൂര്‍ത്തിയായോ ദേവനായോ ഈശ്വരനായോ (സകലതിനെയും ഭരിക്കുന്നവനായോ) പോലും കാണാന്‍ പാടില്ല. ദൈവം അവിടെ സകലതിനും അതീതനാണ്. പിതൃപൂജയുടെ സന്ദര്‍ഭത്തില്‍ പെടുന്നതോ ദേവപൂജയുടെ സന്ദര്‍ഭത്തില്‍ പെടുന്നതോ ആയ ഏതെങ്കിലും ദേവതയായി ദൈവത്തെ കാണാനും പാടില്ല. അവന്റെ ഏകത നിസ്സംശയമാണ്. അവന്റെ സര്‍വാതീതയുടെയും നിരുപാധികതയുടെയും കാര്യത്തില്‍ ഒരു വിട്ടുവീഴ്ചയുമില്ല. അവന്‍ ആകാശഭൂമികളെ മുഴുവന്‍ സൃഷ്ടിച്ചു ഭരിക്കുന്നവനാണ്. അവന്റെ നിയമങ്ങളെ ആരും അതിലംഘിക്കാന്‍ പാടില്ല. അവ അലംഘനീയമാണ്. മനുഷ്യര്‍ക്ക് ഈ ലോകജീവിതത്തില്‍ പലതരത്തിലുള്ള താല്‍പര്യങ്ങളാവും ഉണ്ടായിരിക്കുക. സാപേക്ഷമായ ആ താല്‍പര്യങ്ങളൊന്നും ദൈവത്തിന്റെ സംശുദ്ധിയിലും സര്‍വ്വാതീതത്വത്തിലും മങ്ങലുണ്ടാക്കാനോ അതിനെ മലിനപ്പെടുത്താനോ പാടില്ല. ദൈവത്തെ നന്മയുള്ളവനായി മാത്രം കണ്ടാല്‍ പോര. ദൈവം കേവലമായ നന്മ തന്നെയാണ്. കൃത്യതയില്ലാത്ത ഉപമകഥകള്‍, വികലമായ തരംതാരതമ്യം, പകരം മറ്റൊന്നിനെ വെച്ചുകൊണ്ട് മനസിലാക്കാനുള്ള ശ്രമം, ഭാവനാവിലാസം കൊണ്ട് രൂപം നല്‍കിയ ഏതെങ്കിലും പ്രതീകാത്മക രൂപങ്ങളുണ്ടാക്കിയിട്ട് അതില്‍ ദിവ്യത്വമാരോപിച്ച് ആരാധിക്കുന്ന സമ്പ്രദായം, ഇതൊക്കെ മതങ്ങളുടെ ലോകത്ത് ഇടം നേടിയിട്ടുണ്ട്. എന്നാല്‍ ദൈവം എന്ന പരമസത്യത്തിന്റെ ആത്യന്തികതയിലും ഉദാത്തമായ ഉഗ്രതയിലും വെള്ളം ചേര്‍ത്ത് നേര്‍പ്പിച്ച് കളയാന്‍ ഖുര്‍ആന്‍ സമ്മതിക്കുന്നില്ല. ദൈവം അതുല്യനാണ്. തന്റെ തന്നെ അത്യുദാത്തമായ സ്വരൂപത്തിനോടല്ലാതെ മറ്റൊന്നിനോടും അവനെ താരതമ്യം ചെയ്യാനും സാധ്യമല്ല.

സാധാരണ സാഹിത്യത്തിലും തത്വചിന്തയിലും ദൈവശാസ്ത്രത്തിലും ദൈവസാമീപ്യം അനുഭവിക്കുന്നതിന് പരോക്ഷമായ രീതികള്‍ സ്വീകരിച്ചിട്ടുള്ളത് കാണാം. അതും ഇവിടെ സ്വീകാര്യമല്ല. ദൈവദൂതനായ പ്രവാചകനില്‍ ഏതെങ്കിലും തരത്തിലുള്ള ദിവ്യത്വം കാണുന്ന പ്രവണതയെയും ഇസ്‌ലാമില്‍ നിരുത്സാഹപ്പെടുത്തുന്നു. ദൈവത്തിന് മാത്രമാണ് എല്ലാ ദിവ്യത്വവുമുള്ളത്. പ്രവാചകന്‍മാരില്‍ ദിവ്യത്വമാരോപിക്കുന്നത് സാധാരണക്കാരായ ആളുകളുടെ ഉള്ളില്‍ ദൈവത്തിന്റെ മഹത്വത്തെപ്പറ്റിയും നിരുപാധികമായ നന്മയെപ്പറ്റിയും പരമമായ മൂല്യത്തെപ്പറ്റിയും ആശയക്കുഴപ്പമുണ്ടാക്കാന്‍ ഇടയാക്കും. ഇത്തരത്തിലുള്ളതാണ് ഇസ്‌ലാമിക സാഹോദര്യത്തെപ്പറ്റിയുള്ള ഓരോരുത്തരുടെയും ദൈവഭക്തിയും ദൈവാഭിമുഖ്യവും. ഈ ഭക്തിയും ആഭിമുഖ്യവും വഴി അവര്‍ ചെയ്യുന്നത് രണ്ടാമതൊന്നിനെ സങ്കല്‍പ്പിക്കാനാവാത്ത തരത്തിലുള്ള ഏകനായ ദൈവത്തിന്റെ അത്യുന്നതവും നിരുപാധികവുമായ പദവിയെ കാത്തുസൂക്ഷിക്കുകയാണ്. ‘മഹത്വമുടയവന്‍ അല്ലാഹു മാത്രം; മറ്റൊന്നില്ല’ (ലാ ഇലാഹ ഇല്ലല്ലാഹ്). ഇതാണ് ഇസ്‌ലാം മതത്തിന്റെ മര്‍മമായിരിക്കുന്ന ആദര്‍ശവാക്യം.

ദുര്‍ഗ്രഹമായ ദൈവനാമങ്ങള്‍

ദൈവം ഒരു വിട്ടുവീഴ്ച്ചയും ചെയ്യാത്തവനാണ്. ആ ഏകനെ അനുസരിക്കുക തന്നെ വേണം, ഭയപ്പെടണം, സ്വന്തം വിധി നിര്‍ണയത്തില്‍ ഉറച്ചുനില്‍ക്കുന്നവനാണവന്‍. ആര്‍ക്കും വഴങ്ങിക്കൊടുക്കാത്തവനുമാണ്. ഇതൊക്കെയാണെങ്കിലും അര്‍റഹ്‌മാനും അര്‍റഹീമും ആണ്. അതായത് പരമദയാനിധിയും കരുണാവാരിധിയും.

ദൈവത്തെ സദാ ഭയന്നു ജീവിക്കുക; അതേസമയം സ്‌നേഹമയനായും ദൈവത്തെ കാണുക- ഇത് ഇസ്‌ലാം മതം മനുഷ്യന്റെ മുന്നില്‍ വെക്കുന്ന ഇരുതലവാള്‍ പോലെയുള്ള ഒരു വെല്ലുവിളിയാണ്.

പരമ്പരാഗതമായി നിലനിന്നു പോരുന്ന ലോകരീതിയനുസരിച്ച് ഉദാസീനഭാവത്തില്‍ അംഗീകരിക്കപ്പെട്ടിട്ടുള്ള ദൈവസങ്കല്‍പ്പത്തെ ഒരു സ്പഷ്ടതയുമില്ലാത്ത തരത്തില്‍ അംഗീകരിക്കുന്നവരുണ്ട്. അവര്‍ക്ക് ഇസ്‌ലാം മതം മുന്നില്‍ വെക്കുന്ന ഈ വെല്ലുവിളി നേരിടാനുള്ള ശക്തി ഉണ്ടാകുന്നില്ല. ദൈവത്തിനോടൊപ്പമില്ലാത്തവര്‍ ദൈവത്തിനെതിരാണ്. ഇത്തരത്തിലുള്ളതാണ് മുഹമ്മദീയ മതം കൈക്കൊള്ളുന്ന ഉറച്ച നിലപാട്. ആര്‍ക്കുമത് കൊള്ളുകയോ തള്ളുകയോ ചെയ്യാം. വിശ്വാസിയെന്ന നാട്യത്തില്‍ ഒരു വ്യക്തതയുമില്ലാതെ മതകാര്യത്തില്‍ ഓരോന്ന് പുലമ്പി നടക്കുന്നതിനെ ഖുര്‍ആന്‍ വ്യക്തമായ ഭാഷയില്‍ തന്നെ തള്ളിക്കളഞ്ഞിരിക്കുന്നു. ഇതിനെ ചിലര്‍ ഭ്രാന്തമായ മതാഭിനിവേശമായിപോലും തെറ്റിദ്ധരിക്കാന്‍ ഇടയായിട്ടുണ്ട്.

ദൈവത്തിന്റെ ഇഛ നൂറുശതമാനവും എപ്പോഴും നിറവേറിയിരിക്കും. എന്നിരുന്നാലും മതകാര്യത്തില്‍ ഒരു തരത്തിലുള്ള ബാധ്യതയും നിര്‍ബന്ധബുദ്ധ്യാലുള്ള അടിച്ചേല്‍പ്പിക്കലും ഇസ്‌ലാം അനുശാസിക്കുന്നില്ല. അങ്ങനെ നോക്കുമ്പോള്‍ ഈ മതത്തില്‍ വലിയൊരു ദുര്‍ഗ്രാഹ്യതയുണ്ട്- തികഞ്ഞ സ്വാതന്ത്ര്യം, അപരിഹാര്യമായ അനിവാര്യത എന്നീ രണ്ടു ഘടകങ്ങളും ഒരു ഏകതയില്‍ സന്ധിക്കുന്നതിലെ ദുര്‍ഗ്രാഹ്യത. ഇസ്‌ലാം മതപ്രകാരം മനുഷ്യന്റെ അത്യുദാത്തവും ഏകവുമായ പ്രത്യാശ ദൈവമാണ്. (അത് കൈയാളുന്നതില്‍ മനുഷ്യന് സ്വാതന്ത്ര്യവുമുണ്ട്). അതേസമയം ദൈവം തന്നെയാണ് നിയതവും അനുപേക്ഷണീയവുമായി ജീവിതത്തില്‍ സംഭവിക്കുന്ന അനിവാര്യതകളുടെ ഉറവിടവും. (ഇവിടെ മനുഷ്യന്‍ തികച്ചും അസ്വതന്ത്രനാണ്). ഈ രണ്ടു വശങ്ങള്‍ ജീവിതത്തില്‍ സന്ധിക്കുമ്പോഴാണ് പരമമായ ആനന്ദം അഥവാ അന്തിമമായ രക്ഷ യാഥാര്‍ഥ്യമായിത്തീരുന്നത്.

വെല്ലുവിളിയുടെ അംഗീകാരം

മുഹമ്മദ് നബി പ്രേമപൂര്‍വ്വം നല്‍കിയ ഉപദേശങ്ങളില്‍ നിന്ന് അവിടുത്തെ ആദ്യ ഭാര്യ ഖദീജ ഈ വെല്ലുവിളിയിലെ അന്തര്‍ രഹസ്യം കണ്ടറിഞ്ഞു. അദ്ദേഹത്തിന്റെ അടുത്ത ബന്ധുവായ അലി അതിന്റെ സന്ദേശസാരത്തോട് അത്യുത്സാഹത്തോടുകൂടി പ്രതികരിച്ചു. മിടുക്കിയായ രണ്ടാമത്തെ ഭാര്യ ഐഷയും നബി തിരുമേനി വെളുപ്പെടുത്തിയ സത്യം രഹസ്യം ഉള്‍ക്കൊണ്ടെങ്കിലും അവര്‍ ഉള്‍ക്കൊണ്ടതിലെ വ്യക്തതക്ക് മിഴിവുണ്ടായിരുന്നില്ല. എന്നാല്‍ ഗോത്രവര്‍ഗക്കാരായ അറബികളും പല ബന്ധുജനങ്ങളും നബിയെ വിശ്വാസത്തിലെടുക്കാതെ പുറന്തള്ളി. ഇത്തരത്തില്‍ സങ്കടകരമായിരുന്നു ഇസ്‌ലാം മതത്തിന്റെ വളര്‍ച്ചയുടെ കഥ. പ്രതിസന്ധികള്‍ നിറഞ്ഞ അതിന്റെ നീണ്ട ചരിത്രത്തിന്റെ താളുകളില്‍ അങ്ങനെ ആ മതം സുവ്യക്തതയുള്ള കുറിപ്പുകള്‍ രേഖപ്പെടുത്തിയിട്ടു.

മുഹമ്മദ് നബി മുന്നില്‍ വെച്ചിരിക്കുന്ന ഈ വെല്ലുവിളിയുടെ ഉള്ളറകള്‍ തുറന്നുകിട്ടാനായി മനുഷ്യരാശി ഇനിയും എത്രയോ മുന്നോട്ടുപോകേണ്ടിയിരിക്കുന്നു.

മുഹമ്മദ് നബിയുദ്ദേശിച്ച അതേയര്‍ഥത്തില്‍ നിഷ്‌കൃഷ്ടമായി മനസ്സിലാക്കുകയാണെങ്കില്‍ മനുഷ്യരാശി മുഴുവന്‍ കണക്കിലെടുക്കേണ്ടതും അംഗീകരിക്കേണ്ടതുമായ പരമസത്യമായ ദൈവത്തിന്റെ മഹത്വവും മൂല്യവും എത്രയാണെന്നുള്ളതും ഇസ്‌ലാംമതം വിഭാവനം ചെയ്യുന്ന ദൈവമെന്ന മഹാസത്യം എത്രത്തോളം തുറസ്സും ചേതനാത്മകവും ശാസ്ത്രീയവും ആണെന്നുള്ളതും അസന്ദിഗ്ദ്ധമായി തെളിഞ്ഞുനനില്‍ക്കും. അതിന്റേതായ സംശുദ്ധഭാവത്തില്‍ അവതരിപ്പിച്ചു കിട്ടിയാല്‍ അത് ഇന്ദ്രിയാനുഭവ നിരപേക്ഷമായ വെളിപാടിന്റെ രൂപത്തില്‍ അവതരിച്ച സത്യരഹസ്യമാണ്. മനുഷ്യവര്‍ഗത്തിലെ ഓരോ വ്യക്തിക്കും ഏറ്റവും പ്രിയപ്പെട്ടതായി അനുഭവപ്പെടുന്നത് ആ ഒന്നിനെ മനുഷ്യരാശിയില്‍ താല്‍പര്യമുള്ള ആരും സര്‍വ്വാത്മനാ അംഗീകരിക്കുക തന്നെ വേണ്ടിയിരിക്കുന്നു. അല്ലാഹുവിനെ എങ്ങനെയാണോ വാഴ്‌ത്തേണ്ടത് അങ്ങനെ തന്നെ അവന്‍ ഇത്തരത്തില്‍ വാഴ്ത്തപ്പെടട്ടെ! അല്ലാഹുവിനെ എക്കാലവും എങ്ങനെയാണോ അറിയേണ്ടത് അങ്ങനെ തന്നെ അവന്‍ അറിയപ്പെടട്ടെ! ഇത്തരത്തിലുള്ളതാണ് ഞങ്ങളുടെ അകമഴിഞ്ഞ പ്രാര്‍ഥന.

By നടരാജ ഗുരു

Social Reformer