ലോകകപ്പ് അടുത്തിരിക്കെ, ആതിഥേയ രാജ്യമായ ഖത്തറിനെ വിമര്‍ശിച്ച് പാശ്ചാത്യ മാധ്യമങ്ങളില്‍ നിരവധി ലേഖനങ്ങള്‍ ഇറങ്ങി. തീര്‍ച്ചയായും അത് അനിവാര്യമായിരുന്നു.
“ഈ ഫുട്‌ബോള്‍ ആരാധകനെ ഖത്തര്‍ വല്ലാതെ ബുദ്ധിമുട്ടിക്കുന്നു” ബ്രിട്ടണിലെ ടൈംസ് പത്രത്തില്‍ ഡേവിഡ് ആരണോവിചിന്റെ ലേഖനത്തിന്റെ തലക്കെട്ടാണിത്. “സ്വേഛാധിപതികളെ ലോകകപ്പിന്റെ ആതിഥേയരാക്കുന്നത് തന്നെ തെറ്റ്, ഫുട്‌ബോള്‍ ഫാന്‍സിനോട് ആതിഥേയരെ ‘ബഹുമാനിക്കണം’ എന്ന നിർദേശം ആ സങ്കടമേറ്റുകയാണ്”.
ആരണോവിചിന്റെ മനസിലെ യോഗ്യതകള്‍ ഒത്ത ഒരു രാജ്യം ഈ വര്‍ഷം ലോകകപ്പിന് ആതിഥേയത്വം വഹിക്കുന്നുവെന്ന് സങ്കല്‍പ്പിക്കുക. ഉദാഹരണത്തിന് അമേരിക്കയെടുക്കാം. അദ്ദേഹത്തിന്റെ ആ വാചകം മാറ്റിയെഴുതി നോക്കിയാല്‍: “ഈ ഫുട്‌ബോള്‍ ആരാധകനെ യുഎസ് വല്ലാതെ ബുദ്ധിമുട്ടിക്കുന്നല്ലോ. മിലിറ്റന്റ് സാമ്രാജ്യത്വക്കാരെ ലോകകപ്പ് ആതിഥേയരാക്കുന്നത് തന്നെ തെറ്റ്, ഫുട്‌ബോള്‍ ഫാന്‍സിനോട് ആതിഥേയരെ ‘ബഹുമാനിക്കണം’ എന്ന നിർദേശം ആ സങ്കടമേറ്റുന്നു”.
ഞാന്‍ ചെയ്തത് പോലെ നിങ്ങള്‍ മറ്റേതെങ്കിലും പാശ്ചാത്യ രാജ്യമെടുത്ത് ഇതേപോലെ ചെയ്തുനോക്കൂ.
അമേരിക്കയെ ഒരു ‘മിലിറ്റന്റ് സാമ്രാജ്യത്വം’ ആയി ലേബല്‍ ചെയ്യുന്നതിലെ ശരിയും തെറ്റും ചര്‍ച്ച ചെയ്യുന്നതിന് മുമ്പ് വല്ലാതെ നിഷ്‌കു ആകാതെ നോക്കാം. അവര്‍ക്ക് യാതൊരു അധികാരവുമില്ലാത്ത മറ്റു രാഷ്ട്രാതിര്‍ത്തികള്‍ക്കുള്ളില്‍ രഹസ്യ ഡ്രോണ്‍ ആക്രമണങ്ങള്‍ അഴിച്ചുവിടുന്ന ഒരു രാജ്യമാണത്. ഭീകരവാദത്തെക്കുറിച്ച അവരുടെ നരേറ്റിവുകളെ ചോദ്യം ചെയ്യുന്നയാളുകളെ കൊല്ലുന്നതിന് ലിസ്റ്റ് ഉണ്ടാക്കുന്നവരുമാണവർ.
ഈ കൊന്നൊടുക്കലെന്ന് പറഞ്ഞാല്‍ വിചാരണയില്ലാതെ തൂക്കിലേറ്റുന്ന പരിപാടിയാണ്, മറ്റുള്ള രാഷ്ട്രങ്ങളുടെ മനുഷ്യാവകാശ ലംഘനങ്ങളെ വിമര്‍ശിക്കുന്നതിനിടയിൽ ഇതത്ര വലിയ കാര്യമായി തോന്നുകയുമില്ല. ഭീതിതമായ തോതില്‍ പോലീസിന്റെ കൈകൊണ്ട് കറുത്തവര്‍ കൊല്ലപ്പെടുന്ന നാട്, ഇറാഖിലെയും അഫ്ഗാനിസ്ഥാനിലെയും അവരുടെ അധിനിവേശങ്ങളും ഒപ്പം തെക്കനമേരിക്കന്‍ രാഷ്ട്രങ്ങളിലെ ആഭ്യന്തര രാഷ്ട്രീയത്തിലേക്കുള്ള അവരുടെ പട്ടാളപരാക്രമങ്ങളും നന്‍മയും നീതിയും ഒക്കെയായാണ് വീക്ഷിക്കപ്പെടാറ്.
ദോഹയിലെ ദേശീയ മ്യൂസിയത്തിനു മുന്നില്‍ നിന്ന് എല്‍ജിബിറ്റി പ്രശ്‌നത്തില്‍ പ്രതിഷേധിച്ചതിന് ഖത്തരി പോലീസ് തന്നെ അറസ്റ്റു ചെയ്തു എന്ന് പറയുന്ന കുറച്ച് ശല്യക്കാരനായ മനുഷ്യാവകാശ ‘പ്രചാരകന്‍’ പീറ്റര്‍ താച്ചെലിലേക്ക് പോകാം ഇനി. ഭാഗ്യത്തിന് ചില പാശ്ചാത്യ മാധ്യമങ്ങളെങ്കിലും വസ്തുത റിപ്പോർട്ട് ചെയ്തു- അദ്ദേഹം അറസ്റ്റ് ചെയ്യപ്പെട്ടിട്ടൊന്നുമില്ല, പിരിഞ്ഞുപോകാന്‍ മാന്യമായി ആവശ്യപ്പെടുകയാണ് പോലീസ് ചെയ്തത്. പക്ഷേ, വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തവരൊക്കെ തങ്ങളുടേതില്‍ നിന്ന് വ്യത്യസ്തമായ മറ്റൊരു രാജ്യത്തിന്റെ മൂല്യങ്ങളെ നിരാകരിക്കുകയും തള്ളിപ്പറയുകയും ചെയ്തു.
താച്ചെലിന് സ്ഥൈര്യമെങ്കിലുമുണ്ട്; അദ്ദേഹം റഷ്യ ലോകകപ്പ് തുടങ്ങുന്നതിനു മുമ്പും ഇതുപോലെ പ്രതിഷേധം സംഘടിപ്പിച്ചിട്ടുണ്ട്. 2018ല്‍ ലോകകപ്പ് വേദിയായ -എല്‍ജിബിറ്റി അവകാശങ്ങളുടെ കോട്ടയായ- റഷ്യയ്‌ക്കെതിരെ പാശ്ചാത്യമാധ്യമങ്ങളുടെ പ്രതിഷേധം ഖത്തിറിനെ വെച്ച് താരതമ്യം ചെയ്താല്‍ നന്നേ നേര്‍ത്തതായിരുന്നു.
ഓസ്‌ട്രേലിയക്കാരന്‍ സൊക്കേറൂസിന്റെ ഖത്തര്‍ വിരുദ്ധപ്രതിഷേധത്തെ ഗാര്‍ഡിയന്‍ പത്രം കാര്യമായി തലക്കെട്ടാക്കിയതിനെ നോക്കാം ഇനി: “വിവാദങ്ങള്‍ക്കിടെ അടുത്ത മാസം ടൂര്‍ണമെന്റ് തുടങ്ങാനിരിക്കുന്ന ഖത്തറിന്റെ മനുഷ്യാവകാശ ലംഘനങ്ങള്‍ക്കെതിരെ സൊക്കേറൂസും അദ്ദേഹത്തിന്റെ ക്യാപ്റ്റന്‍ മാറ്റ് റയാനും ശക്തവും കൂട്ടായതുമായ ഒരു പ്രതിഷേധപ്രസ്താവന ഉയര്‍ത്തിക്കഴിഞ്ഞു”. ‘വിവാദങ്ങള്‍ക്കിടെ’ എന്ന പര്‍വതീകരിക്കല്‍ കൊണ്ട് ഒരു കേറ്റിപ്പറയല്‍ നടത്തുകയാണിവിടെ; ലോകത്തെ ഏറ്റവും വംശീയമായ കുടിയേറ്റനയമുള്ള ആസ്‌ട്രേലിയ പോലെ ഒരു രാഷ്ട്രത്തെക്കിച്ചു കൂടെയാണിവിടെ സംസാരിക്കുന്നത്. തങ്ങളുടെ തീരത്തണയുന്ന കുടിയേറ്റക്കാരോടും അഭയാര്‍ഥികളോടും മൃഗീയമായി പെരുമാറുന്ന കാര്യത്തില്‍ ഓസ്‌ട്രേലിയക്ക് ‘നല്ല’പേരാണുള്ളത്. അങ്ങനെ വരുന്ന പലരെയും ഒറ്റപ്പെട്ട തടങ്കല്‍ കേന്ദ്രത്തിലിട്ട് വര്‍ഷങ്ങളോളം പീഡിപ്പിക്കുന്നു.
ഡേവിഡ് ആരണോവിച്ചിന്റെ ആ തലവാചകം ഒന്നുകൂടെ നോക്കാം. “ഈ ഫുട്‌ബോള്‍ ആരാധകനെ ഓസ്‌ട്രേലിയ വല്ലാതെ ബുദ്ധിമുട്ടിക്കുന്നല്ലോ. കുടിയേറ്റക്കാരോട് മൃഗീയമായി പെരുമാറുന്നവരെ ലോകകപ്പ് ആതിഥേയരാക്കിയതു തന്നെ തെറ്റ്, ഫുട്‌ബോള്‍ ഫാന്‍സിനോട് ആതിഥേയരെ ‘ബഹുമാനിക്കണം’ എന്ന് ഉപദേശിക്കുന്നത് സങ്കടമേറ്റുന്നു”.
ഇത്തരമൊരു തലവാചകം പാശ്ചാത്യമാധ്യമങ്ങളില്‍ നിന്നും നിങ്ങള്‍ പ്രതീക്ഷിക്കുന്നുണ്ടോ? ഇല്ല, ഞാനുമില്ല.
മറ്റേതൊക്കെ രാഷ്ട്രങ്ങള്‍ക്ക് നമുക്കീ പുതിയ തലക്കെട്ട് ചേരുമെന്ന് ഞാന്‍ കൗതുകപ്പെട്ടു. യുകെ ആയാൽ? അഭയാര്‍ഥികളെയും കുടിയേറ്റക്കാരെയും റുവാണ്ടയിലേക്ക് നാടുകടത്തിയ ബ്രിട്ടണ്‍, അതില്‍ പലരെയും ബലമായി സീറ്റില്‍ ബന്ധിച്ചിരുന്നു. ഈ കാര്‍ട്ടൂണ്‍ ആരോണ്‍വിച്ചിന്റെ ലേഖനത്തിനൊപ്പം വെച്ച് നോക്കുന്നതിലെ വിരോധാഭാസം ആര്‍ക്കും ഒരു വിഷയമാകാനിടയില്ല.
ദുഖകരമെന്നു പറയട്ടെ ഒട്ടുമിക്ക പാശ്ചാത്യമാധ്യമങ്ങള്‍ക്കും അത് വിഷയമല്ല. പാശ്ചാത്യ രാഷ്ട്രീയ നേതാക്കള്‍ പറയുന്നത് തൊണ്ടതൊടാതെ വിഴുങ്ങുന്നതിനാലാണത് (ഗ്വാണ്ടനാമോ ബേ സ്പഷ്ടമായ ഉദാഹരണമാണ്).
പാശ്ചാത്യ വഴിയാണ് ‘നല്ല’ വഴിയെന്ന് പൂര്‍ണ്ണമായി ബോധ്യപ്പെട്ടു കഴിഞ്ഞു. ഇതെല്ലാം അല്‍പ്പം അരോചകവും കൊളോണിയലിസവുമാണ്.
അമേരിക്കയുടെ കറുത്തവരോടുള്ള പോലീസിങ് അവരുടെ ചരിത്രത്തില്‍ ആഴത്തില്‍ വേരൂന്നിയ വംശീയതയുടെ തന്നെ ഭാഗമാണെന്നതും കാണണം.
ആംഗ്ലോ-അമേരിക്കന്‍ ഘടനയുള്ള രാഷ്ട്രങ്ങള്‍ക്ക് മാത്രമേ ലോകകപ്പിന് ആതിഥേയമരുളാന്‍ കഴിയൂ എന്ന ബോധ്യം തന്നെ ഒരുതരം വംശീയതയല്ലേ?
Courtesy: Al Jazeera Media Institute