ടിസ്സിലെ നവരാഷ്ട്രീയവും കേരളത്തിലെ അരാഷ്ട്രീയ കാമ്പസുകളും

തൃശൂർ ജില്ലയിലെ പോളിടെക്നിക് കോളേജിൽ പ്രിൻസിപ്പലിന്റെ മുട്ട് കാല് തല്ലിഒടിക്കുമെന്ന് ഭീഷണിപ്പെടുത്തുന്ന ഒരു വിദ്യാർഥി രാഷ്ട്രീയത്തെ കുറിച്ചും അത് വർഗ്ഗരാഷ്ട്രീയമാണെന്ന സ്റ്റഡിക്ലാസ് നടത്തുന്ന ഒരു വിദ്യാർഥി നോതാവിനെയും നാം കഴിഞ്ഞ ദിവസങ്ങളിൽ കേൾക്കുകയും കാണുകയും ചെയ്തിരുന്നു. എന്നാൽ കേരളത്തിന് പുറത്ത് മഹാരാഷ്ട്രയിലെ ടാറ്റ ഇൻസ്റ്റിടൂട്ടിൽ നിന്ന് മറ്റൊരു വാർത്ത വന്നിരുന്നു. വർത്തമാന ഇന്ത്യ കേൾക്കാനാഗ്രഹിച്ച വാർത്തയായിരുന്നു സത്യത്തിൽ ടിസ്സിൽ നാം കേട്ടത്. വിദ്യാർഥിയുണിയൻ തിരഞ്ഞെടുപ്പിൽ ടിസ്സിലെ വിദ്യാർഥികൾ സമ്മതിദാനവകാശം രേഖപ്പെടുത്തിയത് നവരാഷ്ടീയ പ്രസ്ഥാനങ്ങൾക്കായിരുന്നു എന്ന ശുഭപ്രതീക്ഷയുള്ള വാർത്ത. ആദിവാസി ദലിത് മുസ്‌ലിം സ്വത്വ പ്രതിനിധാനത്തിൽ നിന്നുള്ള വിവിധങ്ങളായ വിദ്യാർഥി സംഘടനകൾ ഒന്നിച്ച് നിന്ന് മൽസരിച്ചപ്പോൾ മുഖ്യധാര രാഷ്ട്രീയത്തെ ടിസ്സ് കൈയൊഴിയുകയായിരുന്നു. ഭാവി ഇന്ത്യൻ രാഷ്ട്രീയത്തെ മുന്നോട്ട് നയിക്കാൻ ടിസ്സിലെ വിജയം വലിയ പ്രചോദകമാവും എന്ന് നിരീക്ഷിക്കപ്പെടുന്നു.

സ്വാതന്ത്ര്യത്തിന് മുമ്പേ സ്ഥാപിച്ച ഈ ഉന്നത കലാലയത്തിൽ ഇന്ത്യയിലെ എല്ലാ സംസ്ഥാനങ്ങളിൽ നിന്നുമുള്ള വിദ്യാർഥികൾ പഠിക്കുന്നത് കൊണ്ട് തന്നെ ഇന്ത്യയുടെ ഒരു പരിഛേദമായി ടിസ്സിനെ മനസ്സിലാക്കാവുന്നതാണ്. പരമ്പരാഗത രാഷ്ട്രീയത്തെ മാറ്റി നിർത്തി അരികുവൽക്കരിക്കപ്പെട്ട ജനതയുടെ രാഷ്ട്രീയത്തെ സ്വീകരിക്കാൻ ടിസ്സിലെ വിദ്യാർഥികൾ മുന്നോട്ട് വന്നത് നവരാഷ്ട്രീയത്തിനുള്ള അംഗീകാരമായി മനസ്സിലാക്കപ്പെടുന്നു. ബ്രാഹ്മണിക്കൽ ഹെജിമണിയെ അരക്കിട്ടുറപ്പിക്കുന്ന പരമ്പരാഗത വിദ്യാർഥി സംഘടനകളോട് നോ പറയാൻ വിദ്യാർഥികളെ പ്രചോദിപ്പിച്ചത് അവരുടെ പൊള്ളുന്ന ജീവിതാനുഭവവും രാഷ്രീയ ഇഛാശക്തിയുമായിരുന്നു. ഭീതിതമായ ഇന്ത്യൻ സാമൂഹ്യ യാഥാർഥ്യത്തിൻ്റെ തീച്ചൂളയിൽ നിൽക്കുമ്പോൾ ഇത്തരത്തിലുള്ള മുന്നേറ്റങ്ങൾ ഭാവിരാഷ്ട്രീയത്തിലേക്കുള്ള വലിയ കരുതിവെപ്പാണ്. ജനാധിപത്യത്തിന്റെ എല്ലാ സ്ഥലികളും അപ്രത്യക്ഷമാക്കി കൊണ്ടിരികുന്ന വർത്തമാന ഇന്ത്യയിൽ അരികുവൽക്കരിക്കപ്പെട്ട ജനസമൂഹത്തിന്റെ വിദ്യാർഥി പ്രതിനിധാനങ്ങളുടെ വിജയംഏറെ ആഹ്ലാദകരമാണ്.

എല്ലാതരം അപവാദ പ്രചരണങ്ങളെയും പ്രതിരോധിച്ചുകൊണ്ട് ഈ വിദ്യാർഥി സംഘടനകൾ ഒരുമിച്ച് നിന്നപ്പോൾ പുതിയ ഒരു ചരിത്രം രചിക്കുകയായിരുന്നു ടിസ്സിൽ ഹിന്ദുത്വ ഭീകര പ്രത്യയശാസ്ത്രത്തിന്റെ കാമ്പസിലെ വാനരസേന എന്ന് വിളിക്കപ്പെടുന്ന എ.ബി.വി.പി നടത്തിയ എല്ലാ ഹേറ്റ് കാമ്പയിനും വിദ്യാർഥികൾ തള്ളിക്കളയുകയായിരുന്നു. ആദിവാസി-ക്വീർ വിഭാഗത്തിൽ നിന്നുള്ള വിദ്യാർഥി യൂണിയൻ ചെയർപേസണായി തിരഞ്ഞെടുക്കപ്പെട്ടപ്പോൾ കേരളത്തിൽ നിന്നുള്ള മുസ്ലിം പെൺകുട്ടി വൈസ് ചെയർപേഴ്സനായി തിരഞ്ഞെടുക്കപ്പെട്ടു. രോഹിത് വെമുല ജീവിതം അസാനിപ്പിച്ചത് അവൻ ജനിച്ച് വീണ ജാതിയിൽ പെട്ടവർക്ക് ഈ ഭൂമിയിൽ ജീവിക്കാൻ അവസരം നിഷേധിച്ചപ്പോഴായിരുന്നു. ഇത്തരത്തിൽ അവസരം നഷ്ടപ്പെട്ടവർ ഒത്തു ചേർന്ന് അവകാശപോരാട്ടങ്ങൾക്ക് നേതൃത്വം കൊടുക്കുന്ന പുതിയ രാഷ്ട്രീയത്തെയാണ് ടിസ്സ് എറ്റെടുത്തിരിക്കുന്നത്. നജീബിന്റെ തിരോധാനത്തിന് മറുപടിപറയാതെ ഭരണകൂടം മുന്നോട്ട് പോവുമ്പോൾ ‘നജീബ് എവിടെ’ എന്ന് നിരന്തരം ചോദ്യം ചോദിച്ച് കൊണ്ട് ഈ വിദ്യാർഥിസമൂഹം തെരുവിലും കാമ്പസിലും ഉണ്ടായിരുന്നു. പൗരത്വ പ്രക്ഷോഭ സമരത്തിന്റെ മുൻപന്തിയിലുണ്ടായിരുന്ന നിദ പർവീൻ എന്ന മലയാളിയുടെ പേര് ഹിന്ദുത്വ സൈബർ ഫാക്ടറിയിൽ നിർമിച്ചെടുത്ത സുള്ളിഡീൽസ്, ബുള്ളിബായി ആപ്പുകളിൽ ഉണ്ടായിരുന്നു എന്നത് അവരുടെ വിജയത്തിന് മാറ്റ് കൂട്ടുന്നു. അഥവാ സംഘ്പരിവാറിനെതിരെ ശബ്ദിക്കുന്നവരെ അവഹേളിച്ചും ഭീഷണിപ്പെടുത്തിയും ഒതുക്കി കളയാം എന്ന അവരുടെ ധാർഷ്ഠ്യത്തിനേറ്റ തിരിച്ചടിയാണ് ടിസ്സിൽ സംഭവിച്ചത് എന്നർഥം.

ഇസ്ലാമോഫോബിയ അതിന്റെ പാരമ്യത്തിൽ നിർത്തി കാമ്പയിൻ ചെയ്ത ഒരു തിരഞ്ഞെടുപ്പായിരുന്നു ടിസ്സിൽ നടന്നത്. എല്ലാ അർഥത്തിലുമുള്ള വെറുപ്പിന്റെ രാഷ്ട്രീയം ഉയർത്തി നവരാഷ്ട്രീയ കൂട്ടായ്മയെ തകർക്കാൻ എ.ബി.വി.പി നേതൃത്വം കൊടുത്തപ്പോൾ അതിന്റെ കൂടെ എസ് എഫ്.ഐയും ഉണ്ടായിരുന്നു എന്നത് മത നിരപേക്ഷ സമൂഹത്തെ ഏറെ വേദനിപ്പിക്കുന്ന വാർത്തയാണ്. വൈസ് ചെയർപേഴ്സനായി മൽസരിച്ച കേരളത്തിൽ നിന്നുള്ള മുസ്ലിം പെൺകുട്ടിക്കെതിരെ അങ്ങേയറ്റത്തെ ഇസ്ലാമോഫോബിക് ആയിട്ടുള്ള തീവ്രവാദ ചാപ്പകൾ നടത്തിയത് മലയാളികളായ എസ്.എഫ്.ഐക്കാരായിരുന്നു എന്ന് തിരിച്ചറിയുമ്പോൾ അവർ എത്തിപ്പെട്ട ദുരന്തത്തിന്റെ ആഴം നമുക്ക് ബോധ്യപ്പെടുന്നു. അല്ലെങ്കിലും കേരളത്തിലെ സി.പി.എം ഇപ്പോൾ സ്വീകരിച്ച മൃദുഹിന്ദുത്വ നിലപാടിലേക്ക് കേരളത്തിന് പുറത്തുളള എസ്.എഫ്.ഐയെ സ്വാധീനിക്കുന്നതിൽ വലിയ അൽഭുതങ്ങളില്ല.

ഒരു തരത്തിലുള്ള സ്വത്വപരമായ ഉണർവുകളെയും രാഷ്ട്രീയത്തെയും അംഗീകരിക്കാതെ കേവല വർഗ്ഗം എന്ന പരികൽപനയിൽ വിശ്വസിക്കുന്ന യാന്ത്രിക മാർക്സിസത്തിൻ്റെ പിൻമുറക്കാർക്ക് പുതിയ കാലത്തെ വിദ്യാർഥി രാഷ്ട്രീയത്തെ തിരിച്ചറിയാൻ കഴിയില്ല.

രോഹിത് വെമുലയുടെ ജീവത്യാഗവും നജീബിന്റെ തിരോധാനവും പൗരത്വപ്രക്ഷോഭവും എല്ലാം സജീവ ചർച്ചയായ ഇത്തരം കാമ്പസുകളിൽ നവരാഷ്ട്രീയത്തിന്റെ വിദ്യാർഥികളായിരുന്നു കാമ്പസിനെ സജീവമാക്കി നിലനിർത്തിയത്. ഉമർ ഖാലിദും ഷർജീൽ ഇമാമും ഉൾപ്പെടെ നിരവധി ചെറുപ്പക്കാർ അന്യായമായി തടവറകളിൽ അടക്കപ്പെട്ടപ്പോൾ അവർക്ക് വേണ്ടി ശബ്ദിക്കാൻ ഈ നവരാഷ്ടീയത്തിൻ്റെ പ്രവർത്തകരായിരുന്നു മുൻപന്തിയിൽ ഉണ്ടായിരുന്നത്. ഇന്ത്യ അഭിമുഖീകരിക്കുന്ന ഫാസിസത്തിന്റെ ദുരന്തങ്ങളെ വിളിച്ചു പറയാനും പ്രതിരോധം സൃഷ്ടിക്കാനും ഉത്തരേന്ത്യയിലെ ജാമിഅ മില്ലിയ്യ ഉൾപ്പടെയുള്ള കാമ്പസുകൾ മുൻപന്തിയിലായിരുന്നു. പക്ഷെ ഈ സന്ദർഭങ്ങളിലെല്ലാം കേരളത്തിലെ കാമ്പസുകൾ അരാഷ്ടീയതയുടെ ഉച്ചമയക്കത്തിലായിരുന്നു. നേരത്തെ പറഞ്ഞ നവരാഷ്ട്രീയ പ്രസ്ഥാനങ്ങൾ ഉയർത്തിയ മുദ്രാവാക്യങ്ങൾ ഒഴിച്ച് നിർത്തിയാൽ എസ്.എഫ്.ഐക്ക് ആഭിമുഖ്യമുള്ള കാമ്പസുകൾ പൊതുവെ അരാഷ്ട്രീയതയുടെ ദുർഗന്ധം വമിക്കുന്ന ഇടങ്ങളായിരുന്നു. ഏകപാർട്ടി ബോധം നയിക്കുന്ന ഒരു വിദ്യാർഥി കൂട്ടമായി എസ് എഫ്ഐ മാറിയപ്പോൾ കാമ്പസുകൾക്ക് നഷ്ടപ്പെട്ടത് അതിന്റെ സർഗ്ഗാത്മകതയും ജനാധിപത്യ ബോധവുമായിരുന്നു. സ്വാതന്ത്യത്തിന്റെ ശുദ്ധവായു ലഭിക്കാത്ത ചെകുത്താൻ കോട്ടകളായി കേരളീയ കാമ്പസുകളെ മാറ്റി തീർത്തത് എസ്എഫ്ഐ ആണെന്ന് നാം തിരിച്ചറിയുന്നു. തീഷ്ണമായ ഇന്ത്യനവസ്ഥയിൽ വലിയ പ്രതിരോധങ്ങളും പ്രതിഷേധങ്ങളും ഉയർന്നു വരേണ്ട കാമ്പസുകളെ ഇത്ര നിർജീവമാക്കി ഏകപാർട്ടി അരാഷ്ടീയ കാമ്പസുകളായി മാറ്റി തീർത്തു എന്നതാണ് എസ്.എഫ്.ഐയുടെ രണ്ട് പതിറ്റാണ്ട്കാലത്തെ കാമ്പസ് ആധിപത്യം വിളിച്ച്പറയുന്നത്. ആശയ സംവാദത്തിന്റെ സർഗ്ഗാത്മക ഇടങ്ങളാവേണ്ട കാമ്പസുകളെ ഹിംസാത്മക ഭൂമികയാക്കി മാറ്റിയത് എസ്.എഫ്.ഐയുടെ അക്രമത്തോടുള്ള ആത്മ രതിയായിരുന്നു എന്ന് നാം തിരിച്ചറിയുന്നു. ഏറ്റവും ഒടുവിൽ തൃശൂർ പോളിടെക്നിക്കിൽ നിന്ന് വന്ന വാർത്ത ഈ അർഥത്തിലുള്ളതായിരുന്നു. പ്രിൻസിപ്പളിൻ്റെ മുട്ട്കാല് തല്ലി ഒടിക്കുമെന്ന് ആക്രോശിക്കുന്ന ഒരു വിദ്യാർഥി നേതാവിനെയാണ് നാം അവിടെ കാണുന്നത്. കണ്ണൂർ പാലയാട് കാമ്പസിൽ എസ്.എഫ്.ഐ നടത്തിയ മറ്റൊരു അക്രമത്തിനെതിരെ പ്രതിഷേധിച്ചതിന്റെ പേരിൽ അലൻ ഷുഹൈബിനെതിരെ തീവ്രവാദ ചാപ്പ ചാർത്തി ജയിലിലാക്കാനുള്ള ശ്രമത്തിലാണ്. കണ്ണൂർ യൂണിവേഴ്സ്റ്റി കാമ്പസിൽ രണ്ടായിരത്തി പതിനഞ്ചിന് ശേഷം ആദ്യമായാണ് എസ്.എഫ്.ഐക്കെതിരെ ഒരാൾ മൽസര രംഗത്തിറങ്ങുന്നത് എന്ന വാർത്തയും നാം കേൾക്കുന്നു. എന്ത് കൊണ്ടാണ് അവിടങ്ങളിൽ മത്സരിക്കാൻ ആരും തയാറായി മുന്നോട്ടു വരാത്തത് എന്ന ചോദ്യം ഇവിടെ പ്രസക്തമാണ്. എസ് എഫ്ഐ അല്ലാത്ത വിദ്യാർഥി സംഘടനാ പ്രതിനിധികൾ അവിടങ്ങളിൽ ഇല്ലാത്തത് കൊണ്ടല്ല മറിച്ച് ജീവനിൽ ഭയം ഉള്ളത് കൊണ്ട് പലരും മൗനികളായി തീരുന്നു എന്നുള്ളതാണ് യാഥാർഥ്യം. മുട്ട്കാല് തല്ലി ഒടിക്കൽ എന്ന കലാപരിപാടി എത്രയോ കാലങ്ങളായി ഇതര വിദ്യാർഥി സംഘാനാ പ്രവർത്തകർക്ക് നേരെ നിരന്തരമായി നടത്തുന്നവർ ഇപ്പോൾ പ്രിൻസിപ്പലിനെതിരെ തിരിഞ്ഞിരിക്കുന്നു എന്നർഥം. അധ്യാപകർ എന്ന പുതിയ വർഗ്ഗ ശത്രുവിനെതിരെ ഏതർഥത്തിലുമുള്ള അക്രമണവും നടത്താനുള്ള പുതിയ വർഗ്ഗരാഷ്ടീയ സ്റ്റഡിക്ലാസ്സും നടന്നുകഴിഞ്ഞു.

വർത്തമാന കാല ഇന്ത്യ ഫാസിസത്തിനെതിരെ പ്രതിരോധനിര തീർക്കുമ്പോൾ അവരോടൊത്ത് ഐക്യപ്പെടാതെ കട്ടപിടിച്ച കോട്ടകൾക്കകത്ത് ഇരുന്ന് ഫാസിസ്റ്റുകളുടെ ടൂളായി പ്രവർത്തിക്കേണ്ടുന്ന ഗതികേടിലാണ് ഇന്ന് എസ് എഫ് ഐയുള്ളത്. അതിനാൽ ഒറ്റ വർണ്ണമുള്ള ചെകുത്താൻ കോട്ടകളായ കാമ്പസിനെ സ്വപ്നം കാണുന്നതിന് പകരം വിശാലതയും വായു സഞ്ചാരവുമുള്ള ജനാധിപത്യത്തിന്റെ ബഹു വർണ്ണത്തിലേക്ക് ചിന്തിക്കാൻ അവർക്ക് കഴിയേണ്ടിയിരിക്കുന്നു. നവരാഷ്ടീയത്തോട് ചേർന്ന്പോവാൻ സാധ്യമല്ലെങ്കിൽ മാന്യമായ സംവാദത്തിന് തയ്യാറാവുകയാണ് എസ് എഫ് ഐ ചെയ്യേണ്ടത്. അല്ലാതെ ഫാസിസ്റ്റുകളുമായി സന്ധി ചെയ്തും ഹിംസയുടെ പുതിയ രീതി ശാസ്ത്രം ആവിഷ്കരിച്ചും കോട്ടകൾ സംരക്ഷികുകയല്ല വേണ്ടത്.

By കെ.പി ഹാരിസ്

തനിമ കലാ സാഹിത്യ വേദി കണ്ണൂർ ജില്ലാ പ്രസിഡണ്ട്