എം കെ സ്റ്റാലിൻ: സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്നവര്‍ക്ക് സംവരണം നല്‍കിക്കൊണ്ടുള്ള വിധി സാമൂഹികനീതിക്കു വേണ്ടിയുള്ള നൂറ്റാണ്ടുകളായി തുടരുന്ന സമരത്തെ പിന്നോട്ടടിക്കലാണ്.
സമാനമനസ്‌കരായ എല്ലാ പാര്‍ട്ടികളും സാമ്പത്തിക സംവരണമെന്ന പേരിലുള്ള ഈ സാമൂഹിക അനീതിക്കെതിരെ കൈകോര്‍ക്കണം, സമരം നയിക്കണം.
ഇ ടി മുഹമ്മദ് ബഷീർ: മുന്നാക്ക സംവരണം ശരിവെച്ച പരമോന്ന നീതിപീഠത്തിന്റെ ഇന്നത്തെ വിധി ഏറെ നിരാശാജനകമാണ്. ചീഫ് ജസ്റ്റിസ് അടക്കമുള്ള അഞ്ച് ജഡ്‌ജിമാരിൽ മൂന്നുപേരും ഈ ഭരണഘടനാ ഭേദഗതി ശരിവെച്ചപ്പോൾ ചീഫ് ജസ്റ്റിസ് യു എ ലളിതും ജസ്റ്റിസ് രവീന്ദ്ര ഭട്ടുമാണ് ഇത് ഭരണഘടനാ വിരുദ്ധമെന്ന് വിധിപറഞ്ഞത്. ആ വിയോജിപ്പ് ചരിത്രത്തിൽ മായാതെ കിടക്കുമെന്നുറപ്പാണ്.
കേന്ദ്രത്തിൽ ബി ജെ പിയും കേരളത്തിൽ സി പി എമ്മുമെല്ലാം ഒരുമിച്ചു നിന്ന ഈ വിഷയത്തിൽ മുസ്‌ലിം ലീഗ് എം പിമാർ പാർലമെന്റിൽ ശക്തമായി വിയോജിക്കുകയും ബില്ലിനെതിരെ എതിർത്ത് വോട്ട് രേഖപ്പെടുത്തുകയും ചെയ്തിരുന്നു .
വരും നാളുകളിൽ രാജ്യത്തെ പിന്നാക്ക ന്യൂനപക്ഷങ്ങളുടെ കൂടുതൽ അവകാശങ്ങൾ ഇവർ കവർന്നെടുക്കുമെന്നുറപ്പാണ് , അതിനാൽ ഒരുമിച്ചു നിന്ന് ഇതിനെതിരെ ജനാധിപത്യപരമായ പ്രതിരോധങ്ങൾ തീർക്കേണ്ടത് അനിവാര്യമാണ് .
പ്രകാശ് അംബേദ്കർ: സാമ്പത്തിക സംവരണ വിഷയത്തില്‍ ഭരണഘടനാനുസൃതം എന്ന പേരില്‍ പാര്‍ലമെന്റ് വരുത്തിയ ഭേദഗതി നിലനിര്‍ത്തിക്കൊണ്ട് സുപ്രീംകോടതി വിധിച്ചിരിക്കുന്നു. ഭരണഘടനയില്‍ ഒരു പുതിയ തത്വം എഴുതിച്ചേര്‍ക്കാന്‍ പാര്‍ലമെന്റിന് അധികാരം ലഭിക്കുന്നത് ഏതു വകുപ്പ് പ്രകാരമാണ് എന്നതാണ് ആദ്യത്തെ ചോദ്യം? ആര്‍ട്ടിക്കിള്‍ 368 പ്രകാരം, ഭേദഗതി അധികാരമുപയോഗിച്ച് കൂട്ടിച്ചേര്‍ക്കല്‍, തിരുത്തല്‍, നീക്കം ചെയ്യല്‍ എന്നിവ ചെയ്യാവുന്നതാണ്. സുപ്രീംകോടതി അംഗീകരിച്ചു കഴിഞ്ഞിട്ടുള്ള നിലനില്‍ക്കുന്ന ഒരു സാമൂഹിക തത്വത്തിലേക്കാണ് കൂട്ടിച്ചേര്‍ക്കല്‍ നടത്താനാവുകയുള്ളൂ. സാമ്പത്തിക സംവരണ തത്വം പുതിയ ആശയമായതിനാല്‍ മാറ്റംവരുത്തൽ ഇവിടെ സാധുവല്ല. നീക്കം ചെയ്യാനും കഴിയില്ല. സാമ്പത്തിക, സാമൂഹിക സംവരണങ്ങള്‍ പരസ്പരം വ്യത്യസ്തമാണെന്ന് സുപ്രീംകോടതി തന്നെ പറയുന്നു. ഇതുരണ്ടും വ്യത്യസ്തമായിരിക്കെ ഭരണഘടനയുടെ അടിസ്ഥാന ഘടനയിലുള്‍പ്പെട്ട സാമൂഹിക സംവരണ തത്വം ഭേദഗതി ചെയ്യപ്പെടുകയും പുതിയ തത്വം അവതരിപ്പിച്ച് മാറ്റിനിര്‍ത്തപ്പെടുകയാണ് ചെയ്തിട്ടുള്ളത്.
രണ്ടാമതായി, പുതിയ തത്വം അവതരിപ്പിക്കാന്‍ അനുമതി നല്‍കുന്നതിന് പാര്‍ലമെന്റിന് അധികാരം എങ്ങനെ ലഭിക്കുന്നുവെന്ന് കോടതി വ്യക്തമാക്കണം. അത് ചെയ്തിട്ടില്ല. പാര്‍ലമെന്റാണ് ജനങ്ങളെ സേവിക്കുന്നത്. ജനങ്ങളാണ് മേലാളര്‍, പാര്‍ലമെന്റ് സേവകരാണ്. മേലാളര്‍ തരുന്ന അധികാരം മാത്രം പ്രയോഗിക്കാനേ സേവകര്‍ക്ക് കഴിയുകയുള്ളൂ. സംവരണത്തിന് സാമ്പത്തിക തത്വം മാനദഢമാകണമെന്ന് ജനം എവിടെയും പറഞ്ഞിട്ടില്ല. അതിനാല്‍ തന്നെ ഇത് ബൗദ്ധികമായി മായംചേര്‍ക്കപ്പെട്ട വിധിയാണ്. ഒരു കാരണവശാലും നിലനിര്‍ത്താവാത്തത്.
കൂടാതെ, സാമൂഹിക സംവരണത്തിന് അര്‍ഹരായവര്‍ സാമ്പത്തിക സംവരണത്തിന് അര്‍ഹരാവില്ല എന്ന നിയമം മനുസ്മൃതി പിന്‍വാതിലിലൂടെ നടപ്പാക്കുന്നതിന് തുല്യമാണ്. സാമൂഹിക, സാമ്പത്തിക സംവരണങ്ങളുടെ അടിസ്ഥാനത്തില്‍ സമൂഹത്തെ തട്ടായി തിരിക്കുകയാണ് അതിലൂടെ. ഭരണഘടനയുടെ അടിസ്ഥാനമായ സാമൂഹിക ചലനാത്മകതയുടെ ഭരണഘടനാ തത്വത്തിന് ആഘാതമേല്‍പ്പിക്കുക മാത്രമല്ല തച്ചുതകര്‍ക്കുകയാണ് ഈ വിധി. ഭരണഘടനയുടെ അടിത്തറയിളക്കുന്ന ഈ വിധി നിലനില്‍ക്കാവതല്ല. 50 ശതമാനം എന്ന സംവരണപരിധി ഈ വിധിയിലൂടെ ലംഘിക്കപ്പെടുന്നതിനാല്‍ മറാത്ത, ഗുജ്ജാര്‍, പതിദാര്‍, ജാട്ട് തുടങ്ങിയ ഒട്ടേറെ സമുദായങ്ങള്‍ സംവരണത്തിനായി തെരുവില്‍ മുറവിളി കൂട്ടാനിടയുണ്ട്, 52 ശതമാനത്തിനായി ഒബിസികളും. പ്രക്ഷോഭാന്തരീക്ഷം ഒഴിവാക്കാനായി സമാനമനസ്‌കരായവരെല്ലാം ഈ വിധിക്കെതിരെ ഒരുമിക്കുമെന്ന് പ്രത്യശിക്കാം.
ദിലീപ് മണ്ഡൽ: കുറച്ച് മേല്‍ജാതിക്കാര്‍ പാവപ്പെട്ടവര്‍ (EWS) തന്നെ, ശരിയാണ്. പക്ഷെ മറ്റു ദരിദ്രരെ പോലെ അവര്‍ തൊഴിലുറപ്പിനു പോകാത്തതെന്തു കൊണ്ടാണ്? സംവരണം ഒരു ദാരിദ്ര്യ നിര്‍മാര്‍ജന പരിപാടിയല്ല. സംവരണം പ്രാതിനിധ്യമുറപ്പുവരുത്താനുള്ളതാണ്. അവരുടെ പ്രാതിനിധ്യമാണെങ്കില്‍ അവരുടെ ജനസംഖ്യയെക്കാള്‍ പതിന്‍മടങ്ങ് കൂടുതലുമാണ്.
സി സജി: സംവരണം എന്ന വാക്കിന് പ്രാതിനിധ്യത്തിനുള്ള അവകാശം (അധികാരത്തിലെ പങ്കാളിത്തത്തിനുള്ള അവകാശം) എന്നതാണ് ശരിയായി വരേണ്ട വ്യാഖ്യാനവും അന്തസ്സത്തയും. അങ്ങനെ ഭരണഘടനാ കർത്താക്കൾ എഴുതാഞ്ഞതാണ് അത് എംപതിയുടെയും സിംപതിയുടെയും പുറത്ത് 10 വർഷത്തേക്ക് കിട്ടേണ്ട ഔദാര്യമായി മാറിയത്. ഇപ്പൊഴും സമുദായ സംവരണക്കാർ അത്തരമൊരു വാദത്തിലേക്ക് എത്തിയിട്ടില്ല. സ്ത്രീകളും പുരുഷന്മാരും ഏതാണ്ട് 50:50 എന്ന തോതിലാണെങ്കിൽ മുഴുവൻ രാഷ്ട്രീയ- ബ്യൂറോക്രാറ്റിക് അധികാരങ്ങളും 50:50 റേഷ്യോയിൽ അവർക്കിടയിൽ പങ്കുവെയ്ക്കണം എന്ന വാദം പറഞ്ഞാൽ ആരും എതിര് പറയില്ല. ഒരു രാജ്യത്ത് വ്യത്യസ്തരായ വെളുത്ത വർഗക്കാരും കറുത്ത വർഗക്കാരും ഒരുമിച്ച് ജീവിക്കുന്നുണ്ടെങ്കിൽ അവർ ജനസംഖ്യാനുപാതികമായി അധികാരം പങ്ക് വെയ്ക്കണം. അതേ വാദം തന്നെയാണ് ജനാധിപത്യ രാജ്യത്തിന്റെ അവകാശികളായി അവിടെ ജീവിക്കുന്ന വ്യത്യസ്ത വിഭാഗങ്ങൾക്ക് അധികാരത്തിൽ പ്രാതിനിധ്യത്തിനുള്ള അവകാശം ജനസംഖ്യാനുപാതികമായി വേണം എന്ന് പറയുന്നത്. ഇവിടെ ഒരു വിഭാഗത്തിന്റെയും സമ്പത്തൊ കഴിവൊ അല്ല മാനദണ്ഡമായി വരേണ്ടത്. ഓരോ വിഭാഗത്തിനും പങ്കാളിത്തത്തിനുള്ള അവകാശമാണ് ജനാധിപത്യം. അതുകൊണ്ട് സംവരണമെന്ന ഔദാര്യത്തിനല്ല, പ്രാതിനിധ്യം എന്ന അവകാശത്തിനായാണ് വാദിക്കേണ്ടത്. അത് ഔദാര്യമല്ല, അവകാശം മാത്രമാണ്. നായർ നായരായും പുലയൻ പുലയനായും മുസ്ലീം മുസ്ലീമായും ക്രിസ്താനിയായും സ്ത്രീകൾ സ്ത്രീകളായും ട്രാൻസ് ജെൻഡർ ട്രാൻസ്ജെന്ററായും ഇവിടെ ജീവിക്കുവോളം അവരവർക്ക് വേണ്ടി അവരവർ തന്നെയാണ് ഭരണകൂടത്തിൽ പ്രതിനിധീകരിക്കപെടേണ്ടത്. എല്ലാവരുടെയും പ്രാതിനിധ്യം മുന്നോക്ക ജാതിക്കാരല്ല ചുമക്കേണ്ടത്. അവർക്ക് അല്പം വിശ്രമം ആവശ്യമില്ലേ? Fight for the rights for 100% representation. സമാന മനസ്കരുടെ രാഷ്ട്രീയ സമരമാണ് ഇതിനാവശ്യം. ഭരണഘടന ഇക്കാര്യത്തിനായി മാറ്റി എഴുതേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. സവർണ കോടതികളുടെ വിധികളല്ല ഇനി നമ്മൾ കാത്തിരിക്കേണ്ടത്.
ദീക്ഷ നിതിൻ റാവത്ത്: എസ്/എസ്ടി/ഒബിസികള്‍ക്ക് കിട്ടുമ്പോള്‍ മാത്രം സംവരണം മെറിറ്റിനെ കൊല്ലുന്ന പരിപാടിയാണ്. ഇപ്പോഴിതാ നമുക്ക് EWS സംവരണം ലഭിക്കുന്നു, ഇത് സാമൂഹിക നീതി തന്നെ’- മർദക ജാതി
മുകുന്ദ് പി ഉണ്ണി: മറാത്താ വിധിയില്‍ സുപ്രീംകോടതി: സംവരണത്തിലെ 50 ശതമാനം എന്ന പരിധി അലംഘനീയമാണ്.
സാമ്പത്തിക സംവരണവിധിയില്‍ സുപ്രീം കോടതി: 50 ശതമാനത്തിനു പുറമെ 10 ശതമാനം സാമ്പത്തിക സംവരണം കുഴപ്പമില്ല. 50 ശതമാനം എന്ന പരിധി ഇരുമ്പുലക്കയല്ല.
സാമ്പത്തിക സംവരണവിധിയില്‍ വീണ്ടും സുപ്രീംകോടതി: എന്തുതന്നെയായാലും സംവരണം അങ്ങനെ അനന്തമായി നീട്ടിക്കൊണ്ടു പോകാന്‍ പറ്റില്ല.