സംഘപരിവാറിന്റെ നല്ല മുസ്‌ലിം

1887-1910 കാലഘട്ടത്തിലെ വിയന്നയിലെ മേയറും അധുനിക നഗര സംവിധാനം കെട്ടിപ്പടുക്കുന്നതിന് ഒരുപാട് സംഭാവനകള്‍ അര്‍പ്പിച്ച വ്യക്തിയുമാണ് കാള്‍ ലുഗര്‍. ഒരു കാത്തോലിക് മതവിശ്വാസിയായിരുന്ന അദ്ദേഹം തന്റെ രാഷ്ട്രീയ പ്രഭാഷണങ്ങളില്‍ പരസ്യമായി സെമിറ്റിക് വിരുദ്ധമായ ആശയങ്ങള്‍ പ്രചരിപ്പിച്ചിരുന്നു. തന്റേതായ കാഴ്ച്ചപ്പാടുകളാല്‍ രൂപപ്പെടുത്തിയെടുത്ത ലളിതമായ ഒന്നായിരുന്നു അദ്ദേഹത്തിന്റെ സെമിറ്റിക് വിരുദ്ധത. ‘ഗെമൂട്‌ലിഷ്'(സൗകര്യപ്രദമായ സമീപനം) എന്നായിരുന്നു ജര്‍മന്‍ ഭാഷയില്‍ അത് വിശേഷിപ്പിക്കപ്പെട്ടത്. എന്നിരുന്നാലും, സ്വാഭാവികവും പലപ്പോഴും വലിയ തോതില്‍ സ്വാധീനം ചെലുത്തുകയും ചെയ്ത നടേപറഞ്ഞ മുന്‍വിധി ജൂത സുഹൃത്തുക്കളെ സമ്പാദിക്കുന്നതില്‍ നിന്നും ലൂഗറിനെ തടഞ്ഞിരുന്നില്ല. ഇതിനെ കുറിച്ച് ഒരിക്കല്‍ ചോദിക്കപ്പെട്ടപ്പോള്‍ അദ്ദേഹം പറഞ്ഞത്  ‘ആരാണ് ജൂതനെന്ന് ഞാന്‍ തീരുമാനിക്കും’ എന്നായിരുന്നു.

ഇക്കാലത്ത്, ‘നല്ല മുസ്‌ലിമി’ന് വേണ്ടിയുള്ള അന്വേഷണം ലോകത്തുടനീളമുള്ള രാഷ്ട്രീയ ആഖ്യാനങ്ങളെ പ്രബലപ്പെടുത്തിയിട്ടുണ്ട്. കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി ഈ സംവാദം ഇന്ത്യയിലെ വ്യത്യസ്ത രാഷ്ട്രീയ പാര്‍ട്ടികളുടെ തന്ത്രങ്ങള്‍ കാര്യക്ഷമവും സചേതനവുമാക്കി മാറ്റയിട്ടുണ്ടെന്ന് കാണാം.

2014 ല്‍ അധികാരത്തില്‍ വന്നത് മുതല്‍ ബിജെപിയും അതിന്റെ സൈദ്ധാന്തിക മാതൃസംഘടനയായ ആര്‍.എസ്.എസും, ഇന്ത്യന്‍ രാഷ്ട്രീയ സമൂഹത്തിലെ വെറുക്കപ്പെടേണ്ട ഒരു വിഭാഗമായി മുസ്‌ലിംകളെ കാണുന്നതില്‍ നിന്നും ഭിന്നമായി സാംസ്‌കാരിക കര്‍മങ്ങളുടെ അടിസ്ഥാനത്തില്‍ ചില മുസ്‌ലിംകളെ ‘ദേശീയ മുസ്‌ലിം’കളായി കാണുന്ന ഒരു സമീപനം വികസിപ്പിച്ചു കൊണ്ടുവരുന്നതില്‍ ബദ്ധശ്രദ്ധ പുലര്‍ത്തിയിരുന്നു.

അതേസമയം, ഇതര മുസ്‌ലിം മതവിഭാഗക്കാര്‍ ഇത്തരം കാര്യങ്ങളെ യഥാര്‍ഥ ഇസ്‌ലാമിക ആചാരങ്ങളുമായി പുലബന്ധം പോലുമില്ലാത്ത ഹൈന്ദവ സാംസ്‌കാരിക ‘കടന്നുകയറ്റങ്ങ’ളായാണ് നോക്കിക്കാണുന്നത്. അതുകൊണ്ട്, ഘര്‍വാപസിയുടെ അടിസ്ഥാനത്തില്‍ വീക്ഷിക്കുമ്പോള്‍ ഭൂരിപക്ഷ മതവിഭാഗത്തോട് ചേര്‍ന്ന് നില്‍ക്കുന്നതിനാല്‍ ശിയാക്കളും സൂഫികളുമാണ് ‘നല്ല മുസ്‌ലിംകള്‍’ എന്ന വിഭാഗത്തില്‍ ഉള്‍പ്പെടുന്നത്.

ഭൂരിപക്ഷ മുസ്‌ലിംകളും ഇസ്‌ലാമിലേക്ക് മതപരിവര്‍ത്തനം ചെയ്ത തദ്ദേശീയ ജനവിഭാഗങ്ങളുടെ പിന്മുറക്കാരാണ് എന്ന വാദം മുന്നോട്ടു വെക്കാനും ഇക്കാലത്ത് മുസ്‌ലിംകള്‍ക്കിടയിലെ ‘ജാതി’ വിഭജനങ്ങള്‍ ഉപയോഗപ്പെടുത്തപ്പെടുന്നുണ്ട്. അതായത് തങ്ങളുടെ പൂര്‍വികര്‍ ഹിന്ദുക്കളായിരുന്നു എന്ന ‘വസ്തുത’യെ ആധാരമാക്കിയാണ് മുസ്‌ലിംകളുടെ ‘ഇന്ത്യന്‍ ബാന്ധവം’ സ്ഥാപിക്കപ്പെടുന്നത്. തികച്ചും പ്രതികൂലമായ ശാത്രവ മനോഭാവത്തില്‍ നിന്നും ‘വിശിഷ്ട വ്യവഹാരത്തി’ലേക്കുള്ള ഈ നയമാറ്റം ദേശീയ-അന്താരാഷ്ട്ര തലത്തിലുള്ള രാഷ്ട്രീയ സമ്മർദ്ദം മൂലം സംജാതമായ ഒന്നാണ്.

കഴിഞ്ഞ എട്ട് വര്‍ഷത്തോളമായി മുസ്‌ലിം മതവിഭാഗങ്ങള്‍ക്കിടയില്‍ സ്വാധീനം സൃഷ്ടിക്കാനായി ബിജെപിയും ആര്‍എസ്എസും ശ്രമിച്ചുകൊണ്ടിരിക്കുന്നുണ്ട്. തങ്ങളുടെ ഉപവിഭാഗമായ മുസ്‌ലിം രാഷ്ട്രീയ മഞ്ചി(എം.ആര്‍.എം)ലൂടെയാണ് ആര്‍എസ്എസ് ഈ പദ്ധതിയുടെ ഭാഗമാകുന്നത്.

മുസ്‌ലിംകളുടെ ശത്രു വിഭാഗമെന്ന കാഴ്ച്ചപ്പാട് മാറ്റാനും അവരെ ഹിന്ദു വിഭാഗങ്ങളുമായി അടുപ്പിക്കാനും വേണ്ടി ആർഎസ്എസിന്റെ മുന്‍ സര്‍സംഘചാലകായിരുന്ന കെ.എസ് സുദര്‍ശനാണ് മുസ്‌ലിം രാഷ്ട്രീയ മഞ്ച് സ്ഥാപിക്കുന്നത്. അന്നുതൊട്ട് ചില മുസ്‌ലിംകളുമായി തങ്ങള്‍ ഇടപഴകുകയും സംവാദത്തെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നുണ്ടെന്ന തോന്നൽ നല്‍കാന്‍ പലപ്പോഴായി ബിജെപിയും ആര്‍എസ്.എസും ശ്രമിച്ചു കൊണ്ടിരിക്കുന്നുണ്ട്. അതില്‍പെട്ട ഒന്നാണ് ബി.ജെ.പി സംഘടിപ്പിക്കാറുള്ള സൂഫി കോണ്‍ഫറന്‍സ്.

ഉമര്‍ അഹ്‌മദ് ഇല്‍യാസിയുടെ പിതാവും ഷിമോണ്‍ പെരസുമായി സന്ധിക്കാനായി ഇസ്രയേല്‍ സന്ദര്‍ശനം നടത്തിയ വ്യക്തിയുമായ ജമീല്‍ ഇല്‍യാസിയുടെ ചരമവാര്‍ഷികത്തില്‍ ഉമര്‍ ഇല്‍യാസിയെ സന്ദര്‍ശിച്ച ആര്‍എസ്എസ് നേതാവ് മോഹന്‍ ഭഗവതിന്റെ സമീപകാല ഇടപെടല്‍ അതിന്റെ ഭാഗമാണ്. എംആര്‍എമ്മിന്റെ ഇപ്പോഴത്തെ കാര്യദര്‍ശിയും ആര്‍എസ്എസിന്റെ മുതിര്‍ന്ന പ്രവര്‍ത്തകനുമായ ഇന്ദേഷ് കുമാർ ഉള്‍പ്പടെയുള്ള ധാരാളം പേര്‍ പ്രസ്തുത സന്ദര്‍ശനത്തില്‍ മോഹന്‍ ഭഗവതിനെ അനുഗമിച്ചിരുന്നു.

210 മില്യണ്‍ ഇന്ത്യന്‍ മുസ്‌ലിംകളുടെ മതപരവും ആത്മീയവുമായ വഴികാട്ടികളായ, ഇന്ത്യയിലെ ഇമാമുമാരിലെ പകുതി പേരുടെയും ഔദ്യോഗിക ശബ്ദമായ ഓള്‍ ഇന്ത്യാ ഇമാം ഓര്‍ഗനൈസേഷന്റെ കാര്യദര്‍ശിയാണ് താനെന്ന് ഉമര്‍ ഇല്‍യാസി തൻ്റെ വെബ്‌സൈറ്റില്‍ അവകാശവാദമുന്നയിക്കുന്നുണ്ട്.

മുസ്‌ലിം വിഭാഗത്തിലേക്കുള്ള ആര്‍എസ്എസിന്റെ സ്വാധീന വിപുലീകരണമായാണ് മോഹന്‍ ഭഗവതിന്റെ സ്വകാര്യ സന്ദര്‍ശനത്തെ കുറിച്ച് പത്രങ്ങളെല്ലാം വിശേഷിപ്പിച്ചത്. ‘മുസ്‌ലിംകളിലേക്ക് എത്തിച്ചേരാന്‍ വേണ്ടി ആര്‍എസ്എസ് നേതാവ് ഇമാം ബോഡി തലവനെ സന്ദര്‍ശിച്ചു’ എന്നും, ‘ആർഎസ്എസ് നേതാവ് ഡല്‍ഹിയിലെ പള്ളി സന്ദര്‍ശിച്ച്  മുസ്‌ലിം പണ്ഡിതരുമായി കൂടിക്കാഴ്ച്ച നടത്തി’ എന്നുമാണ് രണ്ട് പ്രമുഖ ദിനപത്രങ്ങള്‍ പ്രസ്തുത സന്ദര്‍ശനത്തെ കുറിച്ചുള്ള വാര്‍ത്തക്ക് തലക്കെട്ട് നല്‍കിയത്. ഇതിലെ രണ്ടാമത്തെ തലക്കെട്ടില്‍ പറയുന്ന കൂടിക്കാഴ്ച പ്രസിദ്ധരായ ചില മുസ്‌ലിം നേതാക്കളുമായി മോഹന്‍ ഭഗവത് നടത്തിയ മറ്റൊരു കൂടിക്കാഴ്ചയെ കുറിച്ചാണ് പറയുന്നത്. അതിനെ കുറിച്ച് പിന്നീട് പ്രതിപാദിക്കാം.

മുസ്‌ലിംകളോടുള്ള ആര്‍എസ്എസിന്റെ സമീപനം ആത്മാര്‍ത്ഥമാണെന്നും ഹിംസയെ കുറിച്ച് മുസ്‌ലിംകള്‍ അനാവശ്യമായി നിരന്തരം പരാതി പറയുകയാണെന്നും മുകളില്‍ ഉദ്ധരിച്ച അവ്യക്തമായ തലക്കെട്ടുകൾ വായിച്ച് ഹിന്ദുസ്ഥാന്‍ ടൈംസിന്റേയും ടൈംസ് ഓഫ് ഇന്ത്യയുടേയും വായനക്കാര്‍ തെറ്റിദ്ധരിച്ചു വെച്ചിട്ടുണ്ടെങ്കില്‍ അവരെ കുറ്റം പറയാനാകില്ല. വാസ്തവത്തില്‍, ഇന്ത്യയില്‍ വര്‍ധിച്ചു കൊണ്ടിരിക്കുന്ന മതപരമായ അസഹിഷ്ണുതയെ കുറിച്ച് അന്താരാഷ്ട്ര സമൂഹം വിമര്‍ശനം ഉന്നയിക്കുന്ന ഘട്ടത്തില്‍ ‘പ്രമുഖ’ ഇമാമുമായി കൂടിക്കാഴ്ച നടത്താനായി ഒരു മദ്രസയും പള്ളിയും സന്ദര്‍ശിക്കുന്നതിന് പല അര്‍ത്ഥതലങ്ങളുമുണ്ട്.

രാജ്യവ്യാപകമായി പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ (പി.എഫ്.ഐ)യുടെ നേതാക്കള്‍ക്കെതിരെ റെയ്ഡുകൾ അരങ്ങേറിയ സമയത്ത് തന്നെയാണ് ഇല്‍യാസിയുമായുള്ള കൂടിക്കാഴ്ച്ച നടന്നതും മുസ്‌ലിം ബൗദ്ധിക നേതാക്കളുമായുള്ള സംവാദത്തിന്റെ വാര്‍ത്ത പുറത്തു വന്നതുമെന്ന കാര്യം ഒട്ടും യാദൃശ്ചികമല്ല.

എസ്.വൈ ഖുറേശി, നജീബ് ജങ്, സമീറുദ്ധീന്‍ ഷാ, സഈദ് ഷെര്‍വാനി, ഷാഹിദ് സിദ്ധീഖ് എന്നീ പ്രമുഖ മുസ്‌ലിംകളുമായുള്ള കൂടിക്കാഴ്ച്ച വിവാദമാവുകയും പരിഭ്രാന്തി പരത്തുകയും ചെയ്തിട്ടുണ്ട്. ഔദ്യോഗിക ജീവിതത്തില്‍ നിന്നും വിരമിച്ച സാമുദായിക വ്യക്തിത്വങ്ങളെന്നും ബി.ജെ.പിയുടെ ‘വിദൂഷക’ വിഭാഗമെന്നുമാണ് അഞ്ച് പേരേയും ഖുറൈശി വിനയപുരസരം വിശേഷിപ്പിച്ചത്.

മുന്‍ ഇലക്ഷന്‍ കമീഷണര്‍, മുന്‍ ലെഫ്റ്റനെന്റ് ഗവര്‍ണര്‍, ജാമിഅ മില്ലിയ ഇസ്‌ലാമിയയുടെ മുന്‍ വൈസ് ചാന്‍സിലര്‍, അലിഗഢ് മുസ്‌ലിം സര്‍വകലാശാലയുടെ മുന്‍ വി.സി, റിട്ടയേഡ് ജനറല്‍, പ്രമുഖ വ്യവസായി, രാഷ്ട്രീയക്കാരന്‍, ദിനപത്ര എഡിറ്റര്‍ എന്നിവയെല്ലാമായ ഖുറൈശിയെ വിദൂഷകന്‍ എന്ന് വിശേഷിപ്പിക്കുന്നതില്‍ അല്‍പം അസാംഗത്യം ഇല്ലാതില്ല. ഖുറൈശിയും നജീബ് ജങും ‘ദിവയറി’ലെ കരണ്‍ ഥാപ്പറിന്റെ ഷോയില്‍ പങ്കെടുക്കുകയും ഇന്ത്യന്‍ എക്‌സ്പ്രസില്‍ ജങ് ലേഖനമെഴുതുകയും ചെയ്യുന്നത് വരെ പ്രസ്തുത മീറ്റിംഗിന്റെ വിശദവിവരങ്ങള്‍ അവ്യക്തമായിരുന്നു.

ഇവിടെ ശ്രദ്ധിക്കേണ്ട ഒരു കാര്യം, ആര്‍.എസ്.എസ് ഇത്തരം കുത്സിത നീക്കങ്ങള്‍ മുമ്പും നടത്തിയിട്ടുണ്ട് എന്നതാണ്. ഇന്ത്യയിലെ മുസ്‌ലിം പണ്ഡിതരുടെ ഒരു ഉന്നത സമിതിയായ ജംഇയ്യതുല്‍ ഉലമായേ ഹിന്ദിന്റെ തലവനാ മൗലാന അര്‍ശദ് മദനിയുമായി 2019 ല്‍ മോഹന്‍ ഭഗവത് കൂടിക്കാഴ്ച്ച നടത്തിയിരുന്നു. ഏതായിരുന്നാലും, പ്രസ്തുത കൂടിക്കാഴ്ചകള്‍ക്ക് ശേഷം വന്ന വര്‍ഷങ്ങളില്‍ പ്രധാനമായും രണ്ട് ട്രെന്‍ഡുകള്‍ ശ്രദ്ധേയമായിരുന്നു.

അതിലൊന്ന്, ഹിലാല്‍ അഹ്‌മദ് ‘ഹിന്ദുത്വ ഭരണഘടനാവല്‍ക്കരണം’ (Hindutva Constitutionalism) എന്ന് വിളിക്കുന്ന ട്രെന്‍ഡാണ്. ഭരണഘടനയുടെ സ്ഥാനത്ത് ഹിന്ദുത്വയെ സ്ഥാപിക്കുന്നതിന് പകരം ഭരണഘടനയെ ഉപയോഗപ്പെടുത്തി ബിജെപിയും ആര്‍എസ്എസും ഹിന്ദുത്വയെ നിയമവല്‍ക്കരിക്കാനാണ് ശ്രമിച്ചു കൊണ്ടിരുന്നത്.

2019 ലെ മോഹന്‍ ഭഗവതുമായുള്ള നജീബ് ജങിന്റെ അവസാന കൂടിക്കാഴ്ച്ചക്ക് ശേഷമാണ് ബാബരി കേസില്‍ പരമോന്നത കോടതിയുടെ വിധി പ്രസ്താവിക്കപ്പെട്ടതും പൗരത്വ ഭേദഗതി ബില്‍ പാസാക്കപ്പെട്ടതും പൗരന്മാരുടെ നാഷനല്‍ രെജിസ്റ്റര്‍ തയ്യാറാക്കാനുള്ള ബി.ജെ.പിയുടെ അജണ്ട പ്രഖ്യാപിക്കപ്പെട്ടതുമെല്ലാം. ഭരണഘടനയുടെ 370-ാം വകുപ്പ് എടുത്തൊഴിവാക്കിയതും യു.എ.പിഎ ആക്ട് ഭേദഗതികളും മുത്തലാഖ് നിരോധനവുമെല്ലാം അതേ വര്‍ഷം വേനല്‍കാലത്ത് തന്നെ നടപ്പാക്കിയിരുന്നു.

സമീപ കാലത്തെ സംഭവ വികാസങ്ങള്‍ പരിശോധിച്ചാല്‍, ഹിജാബ് ധരിക്കാനുള്ള അവകാശം, ഗ്യാന്‍വാപി മസ്ജിദുമായി ബന്ധപ്പെട്ട വിവാദം, ഏക സിവില്‍ കോഡ് നടപ്പാക്കുമെന്ന വ്യത്യസ്ത സംസ്ഥാനങ്ങളുടെ പ്രഖ്യാപനം എന്നിവയെല്ലാം ഹിന്ദുത്വം എങ്ങനെയാണ് നിയമവല്‍ക്കരിക്കപ്പെടുന്നത് എന്നതിലേക്ക് വിരല്‍ചൂണ്ടുന്നുണ്ട്.

രണ്ടാമത്തെ ട്രെന്‍ഡ്, രാഷ്ട്രീയ ലാഭത്തിന് വേണ്ടി കേന്ദ്ര, സംസ്ഥാന, തദ്ദേശീയ രാഷ്ട്രീയക്കാരെല്ലാം ‘സാമുദായിക വികാരം’ തിളപ്പിച്ചു കൊണ്ടിരുന്നു എന്നതാണ്. കഴിഞ്ഞ രണ്ട് വര്‍ഷങ്ങളില്‍, സാമൂഹികവും സാമ്പത്തികവുമായി മുസ്‌ലിംകളെ ബഹിഷ്‌ക്കരിക്കാനും ബലാല്‍സംഘം ചെയ്യാനും വംശോന്മൂലനം നടത്താനുമെല്ലാം പരസ്യമായി പോലും ആഹ്വാനം ചെയ്തു കൊണ്ട് ഒട്ടനവധി പേര്‍ രംഗത്തു വരികയുണ്ടായി. ഉന്നത തലങ്ങളില്‍ പല ചര്‍ച്ചകളും അരങ്ങേറുമ്പോഴും രാഷ്ട്രീയ നേട്ടങ്ങള്‍ക്ക് വേണ്ടി മുസ്‌ലിം വിരുദ്ധ പ്രചരണങ്ങള്‍ നടത്താന്‍ ബി.ജെ.പി അംഗങ്ങള്‍ ആവേശം കാണിക്കുകയായിരുന്നു.

മുസ്‌ലിംകള്‍ ജിഹാദി എന്നും പാകിസ്ഥാനി എന്നും വിളിക്കപ്പെടുന്ന കാര്യം നടേ പറഞ്ഞ അഞ്ചംഗ സംഘം ഉന്നയിച്ചെങ്കിലും, മുസ്‌ലിം ജനസംഖ്യ ത്വരിതഗതിയില്‍ വളരുകയാണെന്നും പശുവിന്റെ പവിത്രതയുമായി ബന്ധപ്പെട്ട ഹിന്ദു വികാരങ്ങള്‍ മുസ്‌ലിംകള്‍ ബഹുമാനിക്കുന്നില്ലെന്നും ഹിന്ദുക്കളെ കുറിച്ച് മുസ്‌ലിംകള്‍ കാഫിര്‍ എന്ന പദപ്രയോഗം നടത്താറുണ്ടെന്നും വിമര്‍ശിക്കുകയാണ് മോഹന്‍ ഭഗവത് ചെയ്തത്. അധികാര സ്ഥാനത്ത് നിന്ന് സംസാരിക്കുമ്പോള്‍ പോലും തന്നേയും താന്‍ പ്രതിനിധീകരിക്കുന്നുവെന്ന് അവകാശപ്പെടുന്ന ഇരയാക്കപ്പെടുന്ന സമുദായത്തേയും വെള്ളപൂശാന്‍ നിര്‍ബന്ധിതനാകുന്ന ഒരു ഉന്നത നേതാവിന്റെ അവസ്ഥ ഒരുപാട് അര്‍ത്ഥധ്വനികളിലേക്കുള്ള ചൂണ്ടുപലകയാണ്.

വളരെ പ്രധാനപ്പെട്ട ഒരു കാര്യം, ഏക സിവില്‍ കോഡും പൗരത്വ ഭേദഗതി നിയമവും ഉള്‍പ്പടെയുള്ള പ്രധാനപ്പെട്ട കാര്യങ്ങളൊന്നും മോഹന്‍ ഭഗവതുമായുള്ള സംഭാഷണത്തില്‍ ചര്‍ച്ച ചെയ്തിരിക്കാന്‍ ഇടയില്ല എന്നതാണ്. (ജനങ്ങള്‍ക്കിടയില്‍ തനിക്ക് പരിമിതമായ സ്വാധീനം മാത്രമേയുള്ളുവെന്ന് കരണ്‍ ഥാപ്പറുമായുള്ള ഇന്റര്‍വ്യൂവില്‍ മോഹന്‍ ഭഗവത് യാദ്യശ്ചികമായി പറയുന്നുണ്ട്.) വാസ്തവത്തില്‍, ഭരണഘടനയും അതുമായി ബന്ധപ്പെട്ട സംവിധാനങ്ങളുമാണ് ഹിന്ദു രാഷ്ട്രത്തിന്റെ സംസ്ഥാപനത്തിന്റെ ഉപകരണങ്ങളായി ഉപയോഗിക്കുന്നത് എന്ന വസ്തുത നിലനില്‍ക്കെ തന്നെ, ‘ഭരണഘടന പവിത്രമാണ്’ എന്ന ഭഗവതിന്റെ ഉറപ്പ് ഖുറൈശി വിശ്വസിച്ചതായാണ് അദ്ദേഹത്തിന്റെ ലേഖനത്തില്‍ നിന്നും മനസ്സിലാകുന്നത്.

ഈ സാഹചര്യത്തില്‍, മുസ്‌ലിംകള്‍ക്കിടയില്‍ തങ്ങളുടേതായ ഒരു സിവില്‍ സൊസൈറ്റി സ്ഥാപിക്കാനും അവരുടെ പ്രതിനിധാനം ഏറ്റെടുക്കാനും ബി.ജെ.പിയും ആര്‍.എസ്.എസും ശ്രമിക്കുമെന്ന കാര്യം നിര്‍ബന്ധമായും ഓര്‍ത്തിരിക്കേണ്ടതാണ്. ഇന്ത്യന്‍ മുസ്‌ലിം ഫോര്‍ പ്രോഗ്രസ് ആന്‍ഡ് റിഫോം(ഐ.എം.പി.എ.ആര്‍) എന്ന സംഘടന ഇതിനുള്ള ഗ്രൗണ്ട് വര്‍ക്കുകള്‍ മുമ്പേ ചെയ്തു വരുന്നുണ്ട്. ഈയടുത്ത്, അതിലെ ചില വ്യക്തിത്വങ്ങള്‍ സംഘപരിവാറിന്റെ വ്യത്യസ്ത പരിപാടികളില്‍ പങ്കെടുക്കുകയും ചെയ്തിരുന്നു.

ഐ.എം.പി.എ.ആറിന്റെ സ്ഥാപകന്മാരില്‍ ഒരാള്‍ ഉത്തര്‍പ്രദേശിലെ പീസ് പാര്‍ട്ടിയുടെ സ്ഥാപകനും ബി.ജെപിയുടെ ശക്തരായ നേതാക്കളുമായി അടുത്ത ബന്ധമുള്ള വ്യക്തിയുമാണ്. താഴേതട്ടിലിറങ്ങി പ്രസ്താവ്യമായ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളും ഐ.എം.പി.എ.ആര്‍ ചെയ്തു വരുന്നുണ്ട്. പക്ഷേ, ഭാവിയിലെ അതിന്റെ വിശ്വാസ്യത ബി.ജെ.പിക്കും ആര്‍.എസ്.എസിനും വേണ്ടി പണിയെടുക്കുന്നുണ്ടോ എന്നതിനെ അടിസ്ഥാനമാക്കിയായിരിക്കും. ഭഗവതിന്റെ സന്ദര്‍ശനത്തെ കുറിച്ച് ഐ.എം.പി.എ.ആര്‍ ഇറക്കിയ പത്ര പ്രസ്താവനയില്‍, പ്രസ്തുത നടപടി സ്വാഗതം ചെയ്യുന്നതോടൊപ്പം, സാമുദായിക ശക്തികളെ പിടിച്ചു കെട്ടാന്‍ ആവശ്യപ്പെടുകയും ചെയ്യുന്നുണ്ട്. മറ്റു വാക്കുകളില്‍ പറഞ്ഞാല്‍, അധികാര ശക്തികളുമായി ചേര്‍ന്ന് നിന്ന് പ്രവര്‍ത്തിക്കുന്ന സംഘടനകളും വ്യക്തികളുമെല്ലാം, കോണ്‍ഗ്രസ് പാര്‍ട്ടി ഉപേക്ഷിച്ച മുസ്‌ലിംകളെ കുറിച്ച് വിശേഷിപ്പിക്കാറുള്ള ‘സര്‍കാരി മുസ്‌ലിം’ എന്ന കുപ്രസിദ്ധ പ്രയോഗം ഒഴിവാക്കേണ്ടതുണ്ട്.

എല്ലാ ഇന്ത്യക്കാരും ഹിന്ദുക്കളാണെന്ന് ഒരു കൂടിക്കാഴ്ച്ചയിലും അതേതുടര്‍ന്ന് ഷില്ലോംഗിലും വെച്ച് ഭഗവത് പറഞ്ഞ പ്രസ്താവനകള്‍ ഒരര്‍ത്ഥത്തില്‍ വിയന്നയില്‍ വെച്ച് കാള്‍ ലൂഗര്‍ പറഞ്ഞതിനോട് സമാനത പുലര്‍ത്തുന്നുണ്ട്. ഇങ്ങനെ ഹൈന്ദവ മുദ്ര കുത്തുന്നതിനെ അഞ്ചംഗ പ്രതിനിധി സംഘം എതിര്‍ക്കുകയും ‘ഭാരതീയ മുസ്‌ലിം’ എന്ന് അംഗീകരിക്കപ്പെടുകയും ചെയ്തിരുന്നു.

ചുരുക്കത്തില്‍, ‘നല്ല മുസ്‌ലിം’ ആരാണ്, എങ്ങനെയാണ് എന്ന മോഹന്‍ ഭഗവതിന്റെ അന്വേഷണം, ആര്‍എസ്എസ് തങ്ങളുടെ പഴയകാല നിലപാട് മാറ്റിയതാണോ അതോ സാഹചര്യത്തിനനുസരിച്ച് നിറം മാറിയതാണോ എന്നതുമായി ബന്ധപ്പെട്ട് ഒരുപാട് സൂചനകള്‍ നല്‍കുന്നുണ്ട് എന്ന് പറയാതിരിക്കാനാകില്ല.

വിവ: നിഹാല്‍ പന്തല്ലൂര്‍
Courtesy: The Wire

By അലി ഖാന്‍ മഹ്‌മൂദാബാദ്

Teaches at Ashoka University and regularly writes for the Urdu and English press.