ശരിയായ രീതിയിൽ ഹിജാബ് ധരിച്ചില്ലെന്നാരോപിച്ച് ഇറാനിലെ മോറൽ പൊലീസ് വിഭാഗമായ ഗഷ്തേ -ഇർഷാദി അറസ്റ്റ് ചെയ്ത മെഹ്സ അമിനി എന്ന കുർദിഷ് യുവതി പൊലീസ് കസ്റ്റഡിയിൽ വെച്ച് മരണപ്പെട്ടതിനു ശേഷം 1979-ലെ ഇറാനിയൻ വിപ്ലവത്തിനു ശേഷമുള്ള ഏറ്റവും ശക്തമായ സമരങ്ങൾക്കും കലാപപ്രക്ഷോഭങ്ങൾക്കുമാണ് ഇറാൻ സാക്ഷിയായിക്കൊണ്ടിരിക്കുന്നത്. സ്ത്രീകളും ന്യൂനപക്ഷ വിഭാഗങളും സാമൂഹിക സാമ്പത്തിക പ്രതിസന്ധികളുടെ ബാക്കിപത്രങ്ങളായ പാവപ്പെട്ടവരുമടങ്ങുന്നവർ കാലങ്ങളായി തങ്ങൾ അനുഭവിച്ചു പോരുന്ന അടിച്ചമർത്തലുകളോടും അധികാര നിയന്ത്രണങ്ങളോടും യുദ്ധപ്രഖ്യാപനവുമായി സൻ, സിൽദഗി, ആസാദി (സ്ത്രീ, ജീവിതം, സ്വാതന്ത്ര്യം) എന്ന മുദ്രാവാക്യവുമുയർത്തിപ്പിടിച്ചു കൊണ്ട് ആയിരക്കണക്കിന് യുവാക്കളും യുവതികളുമാണ് ഇറാൻ ഭരണകൂടത്തിനെതിരെ സമരം ചെയ്യുന്നത്. വലിയ മാധ്യമ ശ്രദ്ധ പിടിച്ചുപറ്റിയ ഈ സംഭവം വൈകാതെ തന്നെ അന്താരാഷ്ട്ര തലത്തിൽ ചർച്ചാ വിഷയമായി മാറുകയും ലോകത്തിൻ്റ വിവിധ ഭാഗങ്ങളിൽ നിന്നായി പല രാജ്യങ്ങളും മനുഷ്യാവകാശ സംഘടനകളും ഫെമിനിസ്റ്റ് ശബ്ദങ്ങളും സമരത്തിന് പിന്തുണയുമായി മുന്നോട്ടുവരികയും ചെയ്യുകയുണ്ടായി.
എന്നാൽ പ്രതി ഇസ്‌ലാമിക് റിപ്പബ്ലിക്കും വിഷയം ഹിജാബുമാണെന്നിരിക്കെ ഇറാനിലെ പ്രക്ഷോഭത്തെ തങ്ങളുടെ സ്വേഛാധിപത്യ താൽപര്യങ്ങളുടെ മാർക്കറ്റായും ഇസ്‌ലാമോഫോബിക്ക് ആശയങ്ങൾ വിതയ്ക്കാനുള്ള സുവർണാവസരമായും മാറ്റി തീർക്കുവാനാണ് ഒരുവശത്ത് പാശ്ചാത്യ മാധ്യമങ്ങളും വലതുപക്ഷ അധികാര കേന്ദ്രങ്ങളും ശ്രമിക്കുന്നത്.

അധികാരവർഗവും സ്ത്രീയും
അമേരിക്കയുടെയും പാശ്ചാത്യ അധികാര കേന്ദ്രങ്ങളുടെയും പൂർണ പിന്തുണയോടെ പാശ്ചാത്യ മൂല്യങ്ങളെയും ലിബറലിസത്തെയും ഇറാനി സമൂഹത്തിലേക്ക് തിരുകിക്കയറ്റാൻ ശ്രമിച്ച റസാ ഷാ പഹ്ലവിയുടെ ഭരണത്തിനെതിരെയുള്ള ജനങ്ങളുടെ രോഷമാണ് 1979-ലെ ഇറാനിയൻ വിപ്ലവത്തിന് വഴിയൊരുക്കിയതും ഇറാനിൽ ഇസ്ലാമിക് റിപ്പബ്ലിക്കിൻ്റെ സ്ഥാപനത്തിൽ കലാശിച്ചതും. സമൂഹത്തിലും സംസ്കാരത്തിലുമുള്ള പാശ്ചാത്യ കടന്നുകയറ്റത്തെ അതിശക്തമായി എതിർത്ത ഇസ്ലാമിക്ക് റിപ്പബ്ലിക്ക് ജനപിന്തുണ നേടിയെടുക്കുന്നതിലും ക്ഷേമ ഭരണം നിർവഹിക്കുന്നതിലും തുടക്കത്തിൽ വിജയിച്ചെങ്കിലും പലപ്പോഴും ജനങ്ങളുടെ താൽപര്യങ്ങളെ അടുത്തറിയുന്നതിലും അവരുടെ അവകാശങ്ങൾ വകവെച്ചു കൊടുക്കുന്നതിലും സമ്പൂർണ പരാജയമായിരുന്നു.
ഇറാനിൽ എന്നും ഭരണത്തിലിരിക്കുന്നവർ തങ്ങളുടെ ആശയത്തിൻ്റെ ശക്തിയും ആധിപത്യവും തെളിയിക്കുന്നതിനുള്ള ഇടമായി തെരഞ്ഞെടുത്തിരുന്നത് പ്രധാനമായും സ്ത്രീകളെയും അവരുമായി ബന്ധപ്പെട്ട നിയമങ്ങളുമായിരുന്നു. റസാ ഷാ പെഹ്ലവിയുടെ ‘കശ്ഫേ ഹിജാബ്’ എന്ന പേരിൽ നടപ്പാക്കിയ നിർബന്ധിത ഹിജാബ് നിരോധനവും ആയതുള്ളാ ഖുമൈനിയുടെ നിർബന്ധിത ഹിജാബ് ധാരണ നിയമങ്ങളും ഇതിൽ പെടും. ജനങ്ങളിലെ വലിയ ഒരു വിഭാഗത്തിൻ്റടുക്കൽ നിന്നും തങ്ങളുടെ സ്വതാൽപര്യത്താൽ ജീവിക്കാനുള്ള അവകാശത്തെ എടുത്തുകളയുകയും അടിച്ചമർത്തപ്പെടുന്നുവെന്ന ധാരണ അവരിൽ സൃഷ്ടിക്കുന്നതിനും ഇവ കാരണമായിട്ടുണ്ട്. തങ്ങളുടെ വിശ്വാസത്തിൻ്റെയും സംസ്കാരത്തിൻ്റെയും ഭാഗമായി അഭിമാനപൂർവം ഹിജാബിനെ കാണുന്ന ലക്ഷകണക്കിന് സ്ത്രികൾ ഉള്ളപ്പോൾ തന്നെ ഹിജാബ് ധരിക്കാൻ താൽപര്യമില്ലാത്തവരോ നിയമങ്ങളോട് എതിർപ്പുള്ളവരോ ആയ വലിയ ഒരു വിഭാഗം ഉണ്ടെന്നത് മനസ്സിലാക്കുന്നതിലാണ് അല്ലെങ്കിൽ അവരുടെ അവകാശങ്ങൾ വകവെച്ചു കൊടുക്കുന്നതിലാണ് ഇറാനിലെ ഭരണകൂടം പരാജയപ്പെട്ടത്.
വെറും വസ്ത്രധാരണത്തിൽ മാത്രം ഒതുക്കാവുന്നതല്ല ഇറാനിലെ സമരങ്ങളും പ്രക്ഷോഭങ്ങളും. മറിച്ച് കാലങ്ങളായുള്ള പാശ്ചാത്യ ഉപരോധങ്ങളിൽ വലഞ്ഞ് ശോഷിച്ചു പോയ ഇറാനിലെ സമ്പദ് വ്യവസ്ഥയും സാമൂഹിക ക്രമങ്ങളും അവശേഷിപ്പിച്ച വലിയൊരു ശതമാനം വരുന്ന പാവപ്പെട്ടവരുടെയും മധ്യവർഗത്തിൻ്റെയും അതൃപ്തിയുടെ പ്രകടനം കൂടിയാണ് ഒരോ ഇറാനിയൻ ജനകീയ സമരങളും. മതകീയ നിയമങ്ങളാവട്ടെ മറ്റു നിയമങ്ങളാവട്ടെ ഇവയെല്ലാം ബാധിക്കുന്നതും ചുമത്തപ്പെടുന്നതും അധികാരമോ പണമോ ഇല്ലാത്ത വിഭാഗത്തിൻ്റ മേലിൽ മാത്രമാണ് എന്നതാണ് വസ്തുത. ഹിജാബ് ധരിക്കാത്തതിൻ്റെ പേരിലോ മറ്റോ പിടിയിലായ സമ്പന്ന കുടുംബത്തിലോ അധികാര വർഗങ്ങളിലോപ്പെടുന്ന ഒരാളെയെങ്കിലും കണ്ടെത്തുക ഏറെ ബുദ്ധിമുട്ടുള്ള കാര്യമാണ്.
ആണവായുധത്തിൻ്റെ പേരുപറഞ്ഞ് നിഷ്കരുണം അമേരിക്ക നടപ്പാക്കുകയും നടപ്പാക്കികൊണ്ടിരിക്കുകയും ചെയ്യുന്ന സാമ്പത്തിക ഉപരോധങ്ങളുടെ ഇരകൾ അവരുടെ അതൃപ്തിയും സാമൂഹിക അസമത്വങ്ങളോടുള്ള എതിർപ്പും പ്രകടമാക്കുമ്പോൾ അമേരിക്കയടങ്ങുന്ന പാശ്ചാത്യ കക്ഷികൾ തന്നെ ഇതിനെ പിന്തുണച്ച് മുന്നോട്ടു വരുന്നത് വിരോധാഭാസം തന്നെയാണ്. നിലവിലുള്ള ഉപരോധങ്ങൾ കൂടാതെ കൂടുതൽ ഉപരോധങ്ങൾ ഇറാനു മേൽ എർപ്പെടുത്താനാണ് സ്വേഛാധിപത്യ ശബ്ദങ്ങളുടെ നാവായി പ്രവർത്തിക്കുന്ന അമേരിക്കയിലെ സിഎൻഎനും ഫോക്സ് ന്യൂസുമടങ്ങുന്ന പാശ്ചാത്യ മാധ്യമങ്ങൾ ഇറാനിലെ സമരങ്ങൾക്ക് പിന്തുണയായി യുറോപ്പും അമേരിക്കയും ചെയ്യേണ്ടതെന്ന് പറയുന്നത്.
ഉദാഹരണത്തിന്, സിഎൻഎനിലെ ജേക്ക് ടാപ്പർ പറയുന്നതിങ്ങനെ: “പാശ്ചാത്യ നേതാക്കളെല്ലാം ഇറാനുമേൽ കൂടുതൽ ഉപരോധങൾ എർപ്പെടുത്തികൊണ്ടാവണം ഇറാനിലെ സ്ത്രീകൾക്കുള്ള പിന്തുണ വളരെ വ്യക്തമായി ഉഛത്തിൽ പ്രഖ്യാപിക്കേണ്ടത്.” സ്ത്രീ അവകാശ സംരക്ഷകരായി വേഷം കെട്ടി ഇറാഖിനെയും അഫ്ഗാനിസ്ഥാനെയും കുട്ടിച്ചോറാക്കുകയും അതേ സമയം തന്നെ സ്വന്തം രാജ്യത്തെ മുസ്‌ലിം സ്ത്രീകളുടെയും മറ്റു ന്യൂനപക്ഷ വിഭാഗങ്ങളുടെയും അവകാശങ്ങൾക്ക് കടിഞ്ഞാണിടുകയും ചെയ്യുന്ന പാശ്ചാത്യ തലവന്മാരെയാണ് അദ്ദേഹം അഭിമുഖീകരിക്കുന്നതെന്ന് വ്യക്തം.
ഇറാനിൽ നിർബന്ധിതമായി ഹിജാബ് അടിച്ചേൽപ്പിക്കുന്നതും ഫ്രാൻസിൽ നിർബന്ധിതമായി ഹിജാബ് നിരോധിക്കുന്നതും തമ്മിൽ യാതൊരു വ്യത്യാസവും കാണാൻ സാധിക്കില്ല. എന്നാൽ ഇറാനിലേത് മത ഭ്രാന്താവുന്നതും ഫ്രാൻസിലേത് പാവനമായ സെക്കുലർ മൂല്യമാവുന്നതും എന്ത് അളവുകോലിൻ്റെ അടിസ്ഥാനത്തിലാണെന്നതിലാണ് സംശയം.
ഇന്ത്യയിൽ കർണാടകയിലെ ബിജെപി സർക്കാറിൻ്റെ കീഴിൽ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ നടപ്പിലാക്കിയ ഹിജാബ് നിരോധനവും ഇതിനോട് കൂട്ടി വായിക്കാവുന്നതാണ്. ആസ്ട്രിയയും ഫ്രാൻസും ബെൽജിയവും ഡെൻമാർക്കും ബൾഗേറിയയും നെതർലൻഡ്സും ജർമനിയും ഇറ്റലിയും നോർവെയുമടങ്ങുന്ന ഉത്തര അമേരിക്കയിലെയും യുറോപ്പിലെയും പല രാജ്യങ്ങളിലും ഭാഗികമായോ പൂർണമായോ ഹിജാബ് നിരോധിതമാണെന്നിരിക്കെ ഇറാനിലെ വസ്ത്രധാരണ നിയമങ്ങളിൽ മാത്രം പ്രതിഷേധിക്കുകയും തെരഞ്ഞെടുപ്പിനുള്ള വ്യക്തിയുടെ മൗലികാവകാശത്തെ കുറിച്ച് വാതോരാതെ സംസാരിക്കുകയും സ്വന്തം രാജ്യത്ത് സ്വയം തിരഞ്ഞെടുപ്പിനുള്ള അവകാശം മുസ്‌ലിം സ്ത്രീകൾക്ക് വകവെച്ചു കൊടുക്കുകയും ചെയ്യാതിരിക്കുന്നത് തീർത്തും വിരോധാഭാസവും പാശ്ചാത്യ പ്രതികരണങ്ങലിൽ ഒളിഞ്ഞു നിൽക്കുന്ന ഇസ്‌ലാംഭീതിയിൽ അധിഷ്ഠിതമായ സ്വേഛാധിപത്യ മനോഭാവത്തിൻ്റെ തെളിവ് കൂടിയുമാണ്.
ആത്മാർത്ഥയുള്ള കപടമല്ലാത്ത ഐക്യദാർഢ്യവും പിന്തുണയുമാണ് ലോകത്താകമാനമുള്ള നീതിയിലും സ്വാതന്ത്രത്തിലും വിശ്വസിക്കുന്ന ഏതൊരു രാജ്യങ്ങളിൽ നിന്നും മനുഷ്യാവകാശ സംഘടനകളിൽ നിന്നും വ്യക്തികളിൽ നിന്നും ലോകത്തെവിടെയുമെന്ന പോലെ ഇറാനിലെയും ഇന്ത്യയിലെയും സ്ത്രീകൾ ആവശ്യപ്പെടുന്നത്.