ആഫ്രിക്കയിലെ ഗാന്ധി:
വംശീയ രാഷ്ട്രീയം, അന്താരാഷ്ട്ര സമീപനങ്ങൾ

ബ്രിട്ടീഷ് കൊളോണിയല്‍ മേധാവിയായ സിസില്‍ റോഡ്‌സിന്റെ പ്രതിമ നീക്കം ചെയ്യണമെന്നാവശ്യപ്പെട്ട് 2015 മാര്‍ച്ചില്‍ കേപ്ടൗണ്‍ സര്‍വകലാശാലയില്‍ ആരംഭിച്ച വിദ്യാര്‍ഥി പ്രക്ഷോഭം കൊളോണിയല്‍ ജ്ഞാനപദ്ധതികളുടെയും രാഷ്ട്രീയ സംസ്‌കാരത്തിന്റെയും തുറന്ന വിമര്‍ശനമായിരുന്നു. ദക്ഷിണാഫ്രിക്കന്‍ കാമ്പസുകളെ പിടിച്ചുകുലുക്കിയ ഈ പ്രക്ഷോഭം പിന്നീട് മറ്റു രാജ്യങ്ങളിലേക്കും കത്തിപ്പടര്‍ന്നു. സിംബാബ്വെയിലും സാംബിയയിലും ദക്ഷിണാഫ്രിക്കയിലും തുടങ്ങി ബ്രിട്ടീഷ് കൊളോണിയല്‍ ആധിപത്യം ഉണ്ടായ മിക്കയിടങ്ങളിലും അതിന്റെ മാസ്റ്റര്‍ ബ്രെയിനായിരുന്നു സിസില്‍ റോഡ്‌സ് എന്ന വെളുത്ത പുരുഷന്‍. ഓക്‌സ്ഫഡ് സര്‍വകലാശാല വിദ്യാര്‍ഥികള്‍ ഈ സമരം ഏറ്റെടുത്തതോടെ അതിന് ആഗോളമാനം വന്നു. സമരം നടത്തിയ വിദ്യാര്‍ഥികളില്‍ പലരെയും ദക്ഷിണാഫ്രിക്കയില്‍ മുന്‍വര്‍ഷങ്ങളില്‍ നടന്ന വേനല്‍ക്കാല പഠനസംഗമങ്ങളില്‍ പരിചയപ്പെടാന്‍ സാധിച്ചത് ആഹ്ലാദത്തോടെ ഓര്‍ക്കുന്നു.

ഓക്ഫഡ് സർവകലാശാലയിലെ സിസിൽ റോഡ്സ് പ്രതിമ നീക്കം ചെയ്യാനാവശ്യപ്പെട്ട് നടന്ന പ്രതിഷേധം
ഗാന്ധി പ്രതിമകളുടെ രാഷ്ട്രീയം

പ്രതിമകളുടെ രാഷ്ട്രീയം സിസില്‍ റോഡ്‌സില്‍ മാത്രം ഒതുങ്ങുന്നില്ല. ജൊഹാനസ്ബര്‍ഗിലെ ബസ് പാര്‍ക്കില്‍ ഇന്ത്യന്‍ രാഷ്ട്രപിതാവായ ഗാന്ധിജിയുടെ പ്രതിമ നീക്കം ചെയ്യാന്‍ സമയത്ത് ഒരു വിഭാഗം വിദ്യാർഥികൾ ശ്രമം നടത്തിയിരുന്നു. ഇത് പൊലീസ് വിഫലമാക്കിയപ്പോൾ ഗാന്ധി പ്രതിമയെ മാലിന്യത്തിൽ കുളിപ്പിച്ചാണ് വിദ്യാർഥികൾ പ്രതികാരം ചെയ്തത്. ഇതിന്റെ തുടർച്ചയായി ഘാനയിലും ന്യൂസിലൻഡിലും ഗാന്ധി പ്രതിമക്കെതിരെ തദ്ദേശീയ ജനസമൂഹങ്ങൾ നടത്തിയ പ്രക്ഷോഭവും ആഗോളശ്രദ്ധ നേടിയിരുന്നു.

ഗാന്ധിജി ന്യൂസിലൻഡിൽ വലിയ ചർച്ചയാകുന്നത് 2011 ലാണ്. വെളുത്തവർ ഏറെ ഇഷ്ടപ്പെടുന്ന ഗാന്ധിജിക്കും അദ്ദേഹത്തിന്റെ പ്രതിമക്കുമെതിരെ അവിടത്തെ തദ്ദേശീയ ജനവിഭാഗങ്ങളുടെ പ്രതിനിധികളാണ് പ്രതിഷേധവുമായി രംഗത്തു വന്നത്. തദ്ദേശീയ ചരിത്രത്തെയും തദ്ദേശീയ നേതാക്കളുടെ ജീവിതത്തെയും മൂടിവെക്കാനാണ് ന്യൂസിലൻഡിലെ വെളുത്ത വർഗം ഗാന്ധിജി എന്ന സമാധാന ഐക്കണെ നിർമിക്കുകയും സ്ഥാപിക്കുകയും ചെയ്തതെന്നാണ് റേയ്ച്ചൽ ബുക്കനൻ Why Gandhi Doesn’t belong at Wellington Railway Station എന്ന പഠനത്തിൽ നിരീക്ഷിക്കുന്നത്.

ഗാന്ധിജിയുടെ ആഗോള ബിംബവത്കരണം ഇന്ത്യൻ ദേശീയ അധികാരികളിലൂടെ സ്ഥാപിച്ചെടുക്കുമ്പോൾ സംഭവിച്ച പ്രശ്നങ്ങൾ ഇപ്പോൾ ലോകമാകെ ബോധ്യമായി തുടങ്ങിയിട്ടുണ്ട്. അന്താരാഷ്ട്രവ്യവസ്ഥയിലും ആഗോള വംശീയ അധികാര ഘടനകളിലും ഗാന്ധിജി എങ്ങനെ പ്രതിഷ്ഠിക്കപ്പെടുന്നുവെന്ന് ഈ അർഥത്തിൽ കൂടി വിലയിരുത്തപ്പെടേണ്ടതുണ്ട്. ന്യൂസിലൻഡിലും ഘാനയിലും ദക്ഷിണാഫ്രിക്കയിലും ഗാന്ധി പ്രതിമക്കെതിരെ തദ്ദേശീയ ജനസമൂഹങ്ങൾ നടത്തുന്ന പോരാട്ടം ഈ മാറ്റത്തിന്റെ ഭാഗമാണ്. കറുപ്പ്-വെളുപ്പ്, പാശ്ചാത്യം-പാശ്ചാത്യേതരം , ഗ്ലോബൽ നോർത്ത്- സൗത്ത് തുടങ്ങിയ വിഭജനങ്ങൾക്കൊപ്പം തന്നെ പ്രധാനമാണ് ജാതി, വംശം, മതം, ലിംഗം, പ്രദേശം തുടങ്ങിയ അധികാരഘടനകളെന്ന് ഈ സംവാദങ്ങൾ ബോധ്യപ്പെടുത്തുന്നു.

ഘാന യൂണിവേഴ്‌സിറ്റിയില്‍ ഗാന്ധി പ്രതിമ നീക്കം ചെയ്യുന്നു
മാറുന്ന പഠനങ്ങളും സമരങ്ങളും

ഗാന്ധിജിയുടെ വംശീയ രാഷ്ട്രീയത്തെ വിമർശിക്കുന്ന അശ്വിൻ ദേശായിയുടെയും ഗുലാം വാഹിദിൻെറയും “The South African Gandhi : The Stretcher Bearer of Empire’ എന്ന പുസ്തകം 2014 ൽ പുറത്തിറങ്ങിയതിനു തൊട്ടുപിന്നാലെയായിരുന്നു ഈ വിദ്യാർഥി പ്രക്ഷോഭം ദക്ഷിണാഫ്രിക്കയിൽ കത്തിക്കയറിയത്. മാത്രമല്ല, കാതറീൻ റ്റിഡറിക്കിന്റെയും (Gandhi : A political and spiritual life , 2007), ജോസഫ് ലേലിവെൽഡിന്റെയും (Great Soul: Mahatma Gandhi and his Struggle with India , 2011), കുറച്ചു പഴകിയതെങ്കിലും മൗറീൻ സാനിയും (Gandhi: the South African Experience, 1985) ഗാന്ധി പഠനങ്ങളുടെ പ്രത്യേകത, ഗാന്ധിയുടെ ആരാധകരായ ജീവചരിത്രകാരന്മാർ എഴുതിവെച്ചിട്ടുള്ള കഥകളെയും സംഭവങ്ങളെയും അതിന്റെ സാമൂഹിക രാഷ്ട്രീയ ചരിത്ര സന്ദർഭങ്ങളിൽ പുനർവായിക്കാനും പുനർസന്ദർശിക്കാനും നടത്തിയശ്രമങ്ങളാണ്. ഇന്നത്തെ വൈജ്ഞാനിക ലോകത്ത് ഗാന്ധിജിയുടെ ജീവിതത്തെക്കുറിച്ചുള്ള ആഖ്യാനങ്ങളിൽ അദ്ദേഹത്തിന്റെ ആരാധകർക്ക് കുത്തക നഷ്ടപ്പെടുകയും കൂടുതൽ വിമർശനാകമായ സമീപനങ്ങൾ വികസിച്ചുവരുകയും ചെയ്യുന്നുണ്ട് എന്നാണ് ഈ പഠനങ്ങൾ സൂചിപ്പിക്കുന്നത്.

ഇന്ത്യൻ കാമ്പസുകളിലും പൊതുമണ്ഡലത്തിലും വികസിക്കുന്ന ഗാന്ധിവിമർശനത്തിൻ്റെ ആഗോളതലം ഈ മാറ്റത്തിൽ കാണാവുന്നതാണ്. മാത്രമല്ല, ഇന്ത്യയിലെ കീഴാളവിദ്യാർഥി മുന്നേറ്റങ്ങളെ ആ അർഥത്തിൽ ലോകം ശ്രദ്ധിക്കാനും തുടങ്ങിയിട്ടുണ്ട്.

ഗാന്ധിയിലൂടെയും ഇന്ത്യൻ ദേശീയവാദത്തിന്റെ ഉള്ളിലൂടെയും സ്ഥാപിതമായ, എന്നാൽ ആഗോളതലത്തിൽ സാമ്രാജ്യത്വ വിരുദ്ധതയുടെയും വംശീയവിരുദ്ധതയുടെയും പേരിൽ ഒളിച്ചുകടത്തിയ സ്വദേശി ജാതി വരേണ്യത അങ്ങനെ ലോകവ്യാപകമായി തിരിച്ചറിയുന്ന സന്ദർഭത്തിലാണ് നാമിപ്പോൾ.

ദക്ഷിണാഫ്രിക്കൻ കാമ്പസുകളെ ഗാന്ധിവിമർശനത്തിനു പ്രാപ്തമാക്കുന്ന സമരങ്ങളും പഠനങ്ങളും തുടങ്ങുന്നത് 2001 ആഗസ്റ്റ്- സെപ്റ്റംബർ മാസങ്ങളിൽ ഐക്യരാഷ്ട്രസഭയുടെ മൂന്നാം വംശീയവിരുദ്ധ സമ്മേളനം ഡർബനിൽ അരങ്ങേറിയതുമുതലാണ്. അവിടെവെച്ചാണ് ഇന്ത്യയിലെ ജാതിവ്യവസ്ഥയും ഗാന്ധിയുടെ ജാതിരാഷ്ട്രീയവും ദക്ഷിണാഫ്രിക്കൻ സിവിൽസമൂഹം പുതിയ രീതിയിൽ ഗൗരവമായി തിരിച്ചറിയുന്നത്. ഈ സമ്മേളനം മുതല്‍ പിന്നീട് അശ്വിന്‍ ദേശായിയും ഗുലാം വാഹിദും ചേര്‍ന്ന് നടത്തിയ പഠനമായ The South African Gandhi: Stretcher-Bearer of Empire പ്രസിദ്ധീകരിക്കുന്നതുവരെയുള്ള കാലയളവ് ദക്ഷിണാഫ്രിക്ക സ്വന്തം ഗാന്ധിയൻ പാരമ്പര്യത്തെ വിമർശനാത്മകമായി പരിശോധിക്കുന്ന കാലമാണ്. ലോകവ്യാപകമായി നടക്കുന്ന ഈ മാറ്റങ്ങളെ തൊട്ടറിഞ്ഞുതന്നെയാണ് അശ്വിൻ ദേശായി തന്റെ പഠനം തയാറാക്കിയത്. ജൊഹാനസ്ബർഗ് സർവകലാശാലയിൽ ഒരേ കെട്ടിടത്തിൽ തൊട്ടടുത്ത സോഷ്യോളജി ഡിപ്പാർട്മെൻറിലായിരുന്നു അദ്ദേഹം ഉണ്ടായിരുന്നത്. അശ്വിൻ ദേശായി തന്റെ പുസ്തകത്തിന്റെ അന്തിമ ഡ്രാഫ്റ്റ് ചെയ്യുന്ന സമയത്ത് അദ്ദേഹവുമായി പല സമയത്തും സംസാരിക്കാനും പ്രഭാഷണങ്ങൾ കേൾക്കാനും സോഷ്യൽ റിസർച്ചുമായി ബന്ധപ്പെട്ടുള്ള അദ്ദേഹത്തിന്റെ ക്ലാസുകളിൽ പങ്കെടുക്കാനും സാധിച്ചത് ഗാന്ധിയെക്കുറിച്ചുള്ള ഈ ലേഖകന്റെ പഠനത്തെയും അന്വേഷണത്തെയും ആഴത്തിൽ സ്വാധീനിച്ചിട്ടുണ്ട്. പക്ഷേ, ഈ ലേഖനത്തിൽ ഉന്നയിക്കുന്ന പല വസ്തുതകളും നിഗമനങ്ങളും മേലെ സൂചിപ്പിച്ച പുസ്തകങ്ങളോടൊപ്പം തന്നെ ശങ്കരൻ കൃഷ്ണ എഴുതി റോബി ഷില്ലിയം, അലക്സ് അനിവാസ്, നി വി മൻചന്ദ തുടങ്ങിയവർ എഡിറ്റ് ചെയ്ത Race and Racism in International Relations: Confronting the Global Colour Line (2015) എന്ന പുസ്തകത്തിലെ പഠനത്തോടാണ് കടപ്പെട്ടിരിക്കുന്നത്).

ഡർബൻ സമ്മേളനം എന്ന തിരിച്ചറിവ്

2001 ലെ ഡർബൻ സമ്മേളനം അപരവിദ്വേഷത്തിനെതിരെയും വംശീയവിവേചനത്തിനെതിരെയും നടന്ന മൂന്നാമത്തെ ആഗോളസംഗമം ആയിരുന്നു. ഇന്ത്യയിലെ ദലിത് പ്രസ്ഥാനങ്ങൾ ഈ സമ്മേളനത്തിൽ ഇടപെടുകയും രാജ്യത്തെ ജാതിപ്രശ്നങ്ങളെ ആഗോളതലത്തിൽ വംശീയതയുടെ ഒരു രൂപമായി തിരിച്ചറിയണമെന്ന ആവശ്യം ഉന്നയിക്കുകയും ചെയ്തു. ഇന്ത്യയിലെ ജാതിപ്രശ്നത്തെ അന്താരാഷ്ട്രവത്കരിക്കുന്നതിലൂടെ രാജ്യത്ത് ജാതിക്കെതിരെ നടക്കുന്ന പോരാട്ടത്തിന് ആഗോള പിന്തുണ ലഭിക്കുമെന്ന് ദലിത് ആക്ടിവിസ്റ്റുകൾ പ്രത്യാശിച്ചു. രാജ്യത്ത് നടക്കുന്ന ദലിത് വിരുദ്ധവും ജാതീയതക്കുവേണ്ടിയുള്ളതുമായ വിധ്വംസക പ്രവർത്തനങ്ങളുടെ വിശദമായ ഒരു പട്ടികതന്നെ ദലിതരും മനുഷ്യാവകാശ പ്രവർത്തകരും അവിടെ അവതരിപ്പിച്ചു. ഐക്യരാഷ്ട്രസഭയുടെ മനുഷ്യാവകാശ സമീപനങ്ങളും വംശീയവിവേചനത്തിനെതിരായ നിലപാടുകളും രാഷ്ട്രീയ പൗരാവകാശ സമീപനങ്ങളും ഉയർത്തിപ്പിടിച്ചായിരുന്നു ദലിത് പ്രസ്ഥാനങ്ങളും അവരെ പിന്തുണക്കുന്നവരും ഡർബൻ സമ്മേളനത്തിൽ സംസാരിച്ചത്. ഇന്ത്യൻ ഗവൺമെന്റിന്റെ പക്ഷത്തുനിന്ന് വാദിച്ച പ്രമുഖ സവർണ അക്കാദമിക്കുകൾ ജാതീയത എന്നത് വംശീയതക്ക് തുല്യമല്ലെന്നും ഇന്ത്യയുടെ ആഭ്യന്തര പ്രശ്നം മാത്രമാണ് ജാതി എന്നും വാദിച്ചു. ജാതിയെ അന്താരാഷ്ട്ര പ്രശ്നമാക്കുന്നത് ഇന്ത്യയുടെ ദേശീയ പരമാധികാരത്തെ ബാധിക്കുമെന്നും അവര്‍ നിലപാടെടുത്തു. മാത്രമല്ല, ഇന്ത്യന്‍ ഭരണഘടനതന്നെ തൊട്ടുകൂടായ്മയെയും ജാതിവിവേചനത്തെയും നിയമവിരുദ്ധമാക്കിയിട്ടുണ്ടെന്നും ദലിതുകൾക്ക് ഇന്ത്യയിൽ സംവരണം ഏർപ്പെടുത്തിയിട്ടുണ്ടെന്നും ഈ സമ്മേളനത്തിൽ ആ കാര്യം ഉയർത്തിപ്പിടിച്ച് ആരും സംസാരിക്കേണ്ട ആവശ്യമില്ലെന്നും അവർ വാദിച്ചു. ഇന്ത്യയിൽ ദലിതുകളുടെ ജീവിതാവസ്ഥയിൽ നടക്കുന്ന മാറ്റങ്ങൾ പതുക്കെയാണെന്ന വാദം ശരിവെച്ച ഭരണകൂടം സഹസ്രാബ്ദങ്ങളായി തുടരുന്ന ജാതിവിവേചനങ്ങൾ ഒന്നോ രണ്ടോ ദശാബ്ദംകൊണ്ട് മാറ്റിമറിക്കാനാകില്ലെന്നും പറഞ്ഞു.

ഈ വിഷയത്തിൽ ഇന്ത്യൻ ഭരണകൂടത്തെ അകമഴിഞ്ഞ് പിന്തുണച്ചത് അമേരിക്കയും ഇസ്രായേലുമായിരുന്നു. ഈ രണ്ടു രാജ്യങ്ങളും സ്വന്തം ദേശരാഷ്ട്രത്തിന്റെ വംശീയ അതിക്രമങ്ങളെ അന്താരാഷ്ട്രവത്കരിക്കുന്നതിനെ എതിർക്കുകയും തങ്ങളുടെ ആഭ്യന്തര അപരരായ കറുത്തവരുടെയും അറബികളുടെയും പ്രശ്നം അന്താരാഷ്ട്രപ്രശ്നമല്ലെന്നു വാദിക്കുന്നതോടൊപ്പം ദലിതുകളുടെ പ്രശ്നം അന്താരാഷ്ട്ര പ്രശ്നമല്ലെന്ന ഇന്ത്യയുടെ വാദത്തെ പിന്താങ്ങുകയും ചെയ്തു.

ഇന്ത്യയുടെ ഈ നിലപാട് രാജ്യം പുലർത്തുന്ന അന്താരാഷ്ട്ര വീക്ഷണങ്ങളുടെ ആന്തരിക പരിമിതിയെ ശരിക്കും സൂചിപ്പിക്കുന്നുണ്ടായിരുന്നു. ദക്ഷിണാഫ്രിക്കയിലെ വംശവിവേചനത്തിനും ഫലസ്തീനികളുടെ അധിനിവേശ വിരുദ്ധ പോരാട്ടത്തിനും സ്വാതന്ത്ര്യത്തിന്റെ ആദ്യ നാളുകളിൽ കലവറയില്ലാതെ പിന്തുണച്ച രാജ്യമാണ് ഇന്ത്യ. ചേരിചേരാ പ്രസ്ഥാനവും അധിനിവേശ വിരുദ്ധ സമീപനങ്ങളും ഇന്ത്യയെ 1990 കൾ വരെ ലോകരാഷ്ട്രീയത്തിലെ തന്നെ പ്രധാന നൈതിക സ്ഥാപനമായി മാറ്റിയിരുന്നു. പക്ഷേ, ഈ അന്താരാഷ്ട്ര സമീപനം ഇന്ത്യയിലെ ദലിത് പ്രസ്ഥാനങ്ങളുടെ അന്താരാഷ്ട്ര സമീപനങ്ങളുമായി നിരവധി വ്യത്യാസങ്ങളുണ്ടെന്നും ഇന്ത്യയുടെ ആഗോള സാമ്രാജ്യത്വ വംശീയ വിരുദ്ധ വീക്ഷണങ്ങൾക്ക് ഇന്ത്യയിലെ സവർണ സാമൂഹിക വിഭാഗങ്ങളുടെ അന്താരാഷ്ട്ര താല്പര്യവുമായാണ് കൂടുതൽ അടുപ്പമെന്നും വിമർശിക്കപ്പെട്ടിട്ടുണ്ട്. ഡർബൻ സമ്മേളനം ഈ പിളർപ്പിനെ ഏറ്റവും ഭംഗിയായി പ്രതിഫലിപ്പിച്ചു എന്നു മാത്രം.

ദലിത് പ്രസ്ഥാനങ്ങളും കീഴാള വ്യവഹാരങ്ങളുടെ ആഗോളധാരകളും ഗാന്ധിയും തമ്മിൽ വേറിട്ട ചില സംവാദങ്ങൾ അന്താരാഷ്ട്രതലത്തിൽ തുടങ്ങുന്ന ഇടമായിരുന്നു ഡർബൻ. വേറൊരു രീതിയിൽ പറഞ്ഞാൽ ഡർബൻ വെറുമൊരു സമ്മേളന സ്ഥലം മാത്രമല്ല. 1893 മുതൽ 1914 വരെ ഗാന്ധി ജീവിച്ച സ്ഥലമാണ് ആ നഗരം. മാത്രമല്ല പിൽക്കാലത്ത് ഏറെ പ്രസക്തമായ ഗാന്ധിയുടെ രാഷ്ട്രീയവീക്ഷണങ്ങളുടെ രൂപപ്പെടലിന് ഏറെ സ്വാധീനിച്ച സ്ഥലമാണ് ഡർബൻ. ശങ്കരൻ കൃഷ്ണയെപോലുള്ള ഗവേഷകർ ഡർബൻ സമ്മേളനത്തിലെ ഇന്ത്യാ ഗവൺമെന്റിന്റെ നിലപാടും ഗാന്ധിയുടെ ഡർബൻ ജീവിതവും തമ്മിൽ ഒരു ചരിത്രത്തുടർച്ചയെ കാണുന്നുണ്ട്. ഈ തുടർച്ചയിലാണ് ഇന്നത്തെ ദക്ഷിണാഫ്രിക്കയിലെ ഗാന്ധി വിമർശനത്തിന്റെ പുതിയ ഘട്ടത്തെയും ഗാന്ധി പ്രതിമകൾ നീക്കം ചെയ്യാനുള്ള ജനകീയ മുന്നേറ്റത്തെയും മനസ്സിലാക്കേണ്ടത്.

ആര്യൻ വംശീയതയും കൊളോണിയൽ ഇന്ത്യൻ പ്രവാസി രാഷ്ട്രീയവും

1938 ൽ തന്നെ ഡബ്ല്യു.ഇ.ബി.ഡു ബോയ്സ് എന്ന ആഫ്രിക്കൻ -അമേരിക്കൻ ബുദ്ധിജീവി ഗാന്ധി അടക്കമുള്ള ഇന്ത്യൻ ദേശീയവാദികളുടെ അന്താരാഷ്ട്ര വീക്ഷണത്തെ വിമർശിച്ചത് ശരിവെക്കുന്ന ഒരു നിലപാട്കൂടിയാണിത്. കൊളോണിയൽ കാലത്തുതന്നെ വൻനഗരങ്ങളിൽ താമസിക്കുന്ന മേൽജാതിക്കാരായ ഇന്ത്യക്കാർ ഇരുണ്ടവരും കറുത്തവരും വംശീയമായി താഴ്ന്നവരുമായ ജനവിഭാഗങ്ങളിൽനിന്ന് അകന്നു നിൽക്കാനും വംശീയ സ്വാഭിമാനം പ്രധാനമായ വെള്ളക്കാരുടെ പ്രീതി നേടാനും പരിശ്രമിക്കുന്നുണ്ടായിരുന്നുവെന്നാണ് ഡബ്ല്യു.ഇ.ബി.ഡു ബോയ്സ് മനസ്സിലാക്കുന്നത്. പല ഉപരിവർഗ/ ജാതി ഇന്ത്യക്കാരും സ്വയം കരുതിയത് തങ്ങൾ ആര്യന്മാർ ആണ് എന്നാണ്. തങ്ങൾ ജർമൻകാരെയും ഇംഗ്ലീഷുകാരെയും പോലെ ശാരീരികവും ആത്മീയവുമായി ഉന്നതി പ്രാപിച്ചവരാണെന്നും ചൈനക്കാരെയും ആഫ്രിക്കക്കാരെയും പോലെ അധമന്മാരല്ലെന്നും അവർ കരുതി. ആര്യൻ വംശമേധാവിത്വം ഇന്ത്യയിലെ സവർണ സാമൂഹിക വിഭാഗങ്ങൾ ഏറെ അഭിമാനത്തോടെയാണ് കണ്ടിരുന്നത്.

എവിടെനിന്നാണ് ഈ ആര്യൻ വംശീയ സാമൂഹിക വീക്ഷണത്തിന്റെ അടിസ്ഥാനങ്ങൾ വികസിക്കുന്നത്?കൊളോണിയൽ ആന്ത്രോപോളജി, വംശീയതയെപ്പറ്റിയുള്ള കപടശാസ്ത്രങ്ങൾ, ഭാഷാ വിജ്ഞാനീയത്തെപ്പറ്റിയുള്ള കൊളോണിയൽ ധാരണകൾ, ഓറിയൻറലിസ്റ്റ് വിജ്ഞാന വ്യവസ്ഥകൾ, യൂറോപ്യൻ ഗവേഷകർക്ക് ഇന്ത്യയെ വിവരിച്ചുകൊടുക്കാനും വിവർത്തനം ചെയ്തുകൊടുക്കാനും മേൽജാതി ഹിന്ദു സമൂഹങ്ങൾക്ക് കിട്ടിയ അവസരങ്ങൾ തുടങ്ങിയ ഘടകങ്ങൾ ഈ സാമൂഹിക വീക്ഷണത്തിൻ്റെ രൂപപ്പെടലിനെ സഹായിച്ചിട്ടുണ്ട്. ഇന്ത്യയിലെ ഉപരിജാതി ബുദ്ധിജീവി വർഗത്തെ യൂറോപ്പിലെ ആര്യന്മാർക്ക് തുല്യമെന്ന് സ്വയം തോന്നിപ്പിക്കുന്നതിലേക്ക് എത്തിച്ച വംശീയ രാഷ്ട്രീയത്തെക്കുറിച്ച് തോമസ് ആർ. ട്രൗട്ട്മാൻ, പീറ്റർ റോബ് തുടങ്ങിയവരുടെ നിരീക്ഷണങ്ങളും ഈ നിലപാടിനെ സാധൂകരിക്കുന്നുണ്ട് സുബോ ബസുവിൻ്റെ The Dialectics of Resistance: Colonial Geography, Bengali Literati and the Racial Mapping of Indian Identity എന്ന പഠനം, എങ്ങനെയാണ് ഒരേസമയം ഇന്ത്യയിലെ മേൽജാതി ഹിന്ദു ബുദ്ധിജീവികൾ ആഭ്യന്തര അപരരായ ദലിതുകൾ, മുസ്‌ലിംകള്‍, തദ്ദേശീയ ജനസമൂഹങ്ങൾ, ക്രിമിനൽ ഗോത്രങ്ങൾ ഇവയിൽനിന്ന് വ്യത്യസ്തമായതും വൈദേശിക അപരരായ ആഫ്രിക്കക്കാരിൽനിന്നു വ്യത്യസ്തമായതുമായ ആര്യൻ കൊക്കേഷ്യൻ സ്വത്വം നേടിയെടുക്കാൻ ശ്രമിച്ചിരുന്നു എന്ന കാര്യം ചർച്ച ചെയ്യുന്നുണ്ട്. ഗാന്ധിയും ഈ പൊതു ഒഴുക്കിൽ നിന്ന് മാറി നിൽക്കുന്നില്ല എന്നാണ് പുതിയ അന്വേഷണങ്ങൾ പറയുന്നത്.
തുടർന്ന് വായിക്കാൻ ക്ലിക്കു ചെയ്യുക

(2018 ഒക്ടോബറിൽ മാധ്യമം ആഴ്ച്ചപ്പതിപ്പിൽ പ്രസിദ്ധീകരിച്ച ലേഖനം)

By ഡോ. കെ. അഷ്റഫ്