ജാതികള്‍ക്കുള്ളിലെ സാമൂഹ്യപദവിയും ഹിന്ദുത്വഫാസിസത്തിനെതിരായ പ്രതിരോധവും

ഇന്ത്യ ഭാവിയില്‍ അഭിമുഖികരിക്കാന്‍ പോകുന്ന വിപത്തിനെ കുറിച്ച് അംബേദ്‌കർ ഒരു മുന്നറിയിപ്പ് നല്‍കുന്നുണ്ട്. രണ്ട് തരത്തിലുള്ള ഭൂരിപക്ഷം അധികാരത്തില്‍ കടന്ന് വരാന്‍ രാജ്യത്ത് അവസരമുണ്ട്. അതിൽ ഒന്ന് രാഷ്ട്രീയ ഭൂരിപക്ഷത്തിലൂടെയാണ് കടന്നുവരിക. രാഷ്ട്രീയ ഭൂരിപക്ഷം സ്ഥിരമല്ല .അതിനെ മറ്റൊരു രാഷ്ട്രീയ ഭൂരിപക്ഷത്തിലൂടെ പുറത്താക്കാന്‍ കഴിയും. എന്നാല്‍ രാഷ്ട്രീയ ഭൂരിപക്ഷത്തിന് പുറമെ സാമുദായിക ഭൂരിപക്ഷം എന്ന ഒന്നുണ്ട്. സാമുദായിക ഭൂരിപക്ഷമെന്നത് സ്ഥിരമാണ്. ഇന്ത്യയില്‍ അനേകം ജാതികളായി തമ്മില്‍ ചേരാതെ കിടക്കുന്നതാണ് ഹിന്ദുമതമെങ്കിലും അതിന് ഒരു ഭൂരിപക്ഷ മതമായി മാറാനും സ്ഥിരമായി അധികാരത്തില്‍ വരാനുമുള്ള സാധ്യത നിലനില്‍ക്കുന്നുണ്ട്. ഇന്ത്യ നേരിടാന്‍ പോകുന്ന ഭീഷണിക്കെതിരെ ജാഗ്രത പാലിക്കാനാണ് അംബേദ്ക്കർ ഈ മുന്നറിയിപ്പ് നല്‍കിയത്. ഇന്ന് സംഘപരിവാര്‍ നിയന്ത്രിക്കുന്ന മോഡി സര്‍ക്കാര്‍ തുടര്‍ച്ചയായി ഇന്ത്യ ഭരിക്കുമ്പോള്‍ അംബേദ്ക്കറുടെ ദീര്‍ഘ വീഷണത്തെക്കുറിച്ചും ഇന്ത്യന്‍ സാമൂഹ്യഘടയുടെ അടിസഥാന സ്വാഭാവത്തെക്കുറിച്ചും ഗൗരവമായിത്തന്നെ ജനാധിപത്യ ഇന്ത്യ ചര്‍ച്ച ചെയ്യേണ്ടതുണ്ട്.

അനേകം ജാതികളായി പിരിയുകയും തമ്മില്‍ തമ്മില്‍ വിവേചനപൂര്‍വ്വം പെരുമാറുകയും ചെയ്യുന്ന സാമൂഹ്യ വിഭാഗങ്ങൾ‍ക്കിടയില്‍ വ്യാജമായി നിര്‍മ്മിച്ചിരിക്കുന്ന മതബോധ അടിത്തറയിലാണ് ഹിന്ദുത്വം നില കൊള്ളുന്നത്. അതുകൊണ്ട് തന്നെ സാഹോദര്യവും നീതിയും സ്വാഭവികമായി വിതരണം ചെയ്യാത്ത ഹിന്ദുമത സാമൂഹ്യഘടനയിലെ ജാതിഘടനയെക്കുറിച്ച് ആഴത്തിൽ ചര്‍ച്ച ചെയ്യേണ്ടതുണ്ട്. അത്തരം ചര്‍ച്ചയിലൂടെ രൂപപ്പെടുന്ന ഒരു ജനാധിപത്യ രാഷ്ട്രീയ സമൂഹത്തിന് മാത്രമെ ആന്ത്യതികമായി സംഘപരിവാര്‍ ഹിന്ദുത്വ ഭീഷണിയെ ഫലപ്രദമായി നേരിടാന്‍ കഴിയൂ. ഇന്ത്യയിലെ എല്ലാ മനുഷ്യര്‍ക്കും തുല്യമായ അധികാര-വിഭവ പങ്കാളിത്തം നല്‍കാതിരിക്കുകയും സമ്പത്തും അധികാരവും പദവികളും ഹിന്ദുമതത്തിലെ ന്യൂനപക്ഷമായ സവര്‍ണര്‍ (caste hindu) മാത്രം കുത്തകയാക്കി കൈവശം വച്ചിരുന്ന ഒന്നായിരുന്നു. ആധുനിക ഇന്ത്യ രുപം കൊള്ളുന്ന സമയത്ത് സാമൂഹ്യമായ ബഹിഷ്ക്കരണത്തിന് വിധേയരായിരുന്ന സാമൂഹ്യവിഭാഗങ്ങൾക്കും മത ന്യൂനപക്ഷങ്ങള്‍ക്കും സംവരണത്തിലൂടെ, സവര്‍ണർ മാത്രം കൈവശം വച്ചിരുന്ന അധികാരത്തില്‍ പരിമിതമായ പങ്കാളിത്തം ലഭിക്കാനിടയായി. ഈ ഭരണഘടനാപരമായ അവകാശം സവര്‍ണർക്കിടയില്‍ വ്യാപക എതിര്‍പ്പുണ്ടാക്കിയിരുന്നു. പിന്നീട് ഹിന്ദുക്കളിലെ മഹാഭൂരിപക്ഷമായ പിന്നോക്ക ജനങ്ങള്‍ക്കും മണ്ഡല്‍ കമ്മീഷന്‍ വഴി അധികാര പങ്കാളിത്തം ലഭ്യമായി. സര്‍ക്കാര്‍ ജോലികളുടെ സിംഹഭാഗവും കെെയടക്കിയിരുന്ന ഇന്ത്യന്‍ ജനസംഖ്യയിലെ 10% ത്തോളം വരുന്ന സവര്‍ണ വിഭാഗങ്ങള്‍ വ്യാപകമായ കലാപമാണ് ഇതിനെതിരെ ഇന്ത്യയില്‍ അഴിച്ച് വിട്ടത്‌. സംവരണ പ്രശ്നം 10% ഉള്ള സവര്‍ണരെ മഹാഭൂരിപക്ഷമുള്ള പിന്നോക്ക ദലിത് ജനവിഭാഗങ്ങള്‍ക്കെതിരെ ശത്രുക്കളാക്കി നിലനിര്‍ത്തിയിരുന്നു. അഥവാ സംവരണ പ്രശ്നം ഹെെന്ദവ ഏകീകരണത്തിന് തടസമായി എല്ലാ കാലത്തും ജാതി പ്രശ്നമായി നിലനിര്‍ത്തി. അതുകൊണ്ട് സംവരണ സമവാക്യത്തെ മാറ്റി മറിച്ച് ഹൈന്ദവ ഏകീകരണം സാധ്യമാകേണ്ടത് സംഘപരിവാറിന്‍റെ എല്ലാകാലത്തേയും ഒരു രാഷ്ട്രിയമായ ആവശ്യമായിരുന്നു. ഈ പ്രശ്നം പരിഹരിക്കാനായിരുന്നു മോഡി സര്‍ക്കാര്‍ സവര്‍ണ സംവരണമെന്ന സാമ്പത്തിക സംവരണം കൊണ്ട് വരുന്നത്. ഇന്ത്യയിലേ മതേതര പാര്‍ട്ടികള്‍ എന്ന് അവകാശപ്പെടുന്ന എല്ലാ രാഷ്ട്രിയ കക്ഷികളും സംഘപരിവാര്‍ രാഷ്ട്രിയത്തിന് കീഴടങ്ങുന്ന കാഴ്ചയാണ് അന്ന് പാര്‍ലമെന്‍റില്‍ കണ്ടത്. 10% ത്തോളം വരുന്ന സവര്‍ണ വോട്ടാണ് മതേതര രാഷ്ട്രീയ പാര്‍ട്ടികള്‍ എന്ന് അവകാശപ്പെടുന്നവര്‍ ലക്ഷ്യം വെച്ചതെങ്കില്‍, പിന്നോക്ക ജനങ്ങള്‍ക്കും സവര്‍ണര്‍ക്കുമിടയിലെ ആഭ്യന്തര പ്രശ്നം പരിഹരിച്ച് ഹൈന്ദവ ഏകീകരണമെന്ന സംഘപരിവാറിന്‍റെ ആവശ്യമാണ് നടപ്പിലാക്കപ്പെട്ടത്.

സാമുദായിക ഭൂരിപക്ഷമെന്ന അധികാര സ്ഥിരത ഇല്ലാതാക്കാന്‍ ഹൈന്ദവ ഏകീകരണത്തെ തടയേണ്ടത് അനിവാര്യമാണ്. ഇതിന്, അനേകം ജാതികളായി പിരിഞ്ഞു കിടക്കുകയും തമ്മില്‍ സാമൂഹ്യമായി കലാരാതിരിക്കുകയും ചെയ്യുന്ന ജാതി പ്രശ്നത്തെ സജീവ ചര്‍ച്ചക്ക് വിധേയമാക്കേണ്ടതുണ്ട്.

അത്തരം ചര്‍ച്ചക്ക് ഒരു പുതിയ ജനാധിപത്യ-രാഷ്ട്രീയ സമൂഹത്തിന്‍റെ വളര്‍ച്ചക്കു കഴിയും; അതിലൂടെ സംഘപരിവാര്‍ ഹിന്ദുത്വ രാഷ്ട്രീയത്തെ പ്രതിരോധിക്കാനും കഴിയും. അതിനായി ജാതിവ്യവസ്ഥയുടെ പ്രകൃതവും സാമൂഹ്യഘടനയുടെ അടിസഥാന സ്വഭാവവും തിരിച്ചറിയൽ പ്രധാനമാണ്. ശ്രേണീകൃതമായ മേല്‍കീഴ് ബന്ധത്തില്‍ നിലനില്‍ക്കുന്ന ജാതിസമൂഹങ്ങൾക്ക് അടിസ്ഥാനപരമായി ഒരു പൊതുസ്വാഭാവമുണ്ട്. ഒരേ സമയം മര്‍ദ്ദിതനും മര്‍ദ്ദകനുമായിരിക്കുകയെന്നത് ജാതികളുടെ ഒരു പൊതുസ്വാഭാവമാണ്. ഉദാഹരണത്തിന്, ബ്രാഹ്മണര്‍ക്കിടയില്‍ തന്നെ നിരവധി ജാതിസമൂഹങ്ങളുണ്ട്. അവര്‍ തമ്മിലുള്ള സാമൂഹ്യബന്ധം മുകളിലുള്ള ജാതിയില്‍ നിന്നും വിവേചനം ഏറ്റുവാങ്ങുകയും അവര്‍ക്കിടയില്‍ തന്നെയുള്ള സാമൂഹ്യപദവി കുറഞ്ഞ ബ്രാഹ്മണജാതികളോട് വിവേചനപൂര്‍വ്വം പെരുമാറുകയും ചെയ്യുക എന്നതാണ്‌.

ജാതിയെന്നത് മറ്റെന്തിനേക്കാളും ഉപരിയായി തരംതിരിക്കപ്പെട്ട സാമൂഹ്യപദവിയാണ്. അതുകൊണ്ട് തന്നെ ജാതിവ്യവസഥയില്‍ ആരേയും തുല്യരായി അംഗികരിക്കുന്നില്ല എന്ന തിരിച്ചറിവുള്ള ജനാധിപത്യ സമൂഹത്തെ രൂപപ്പെടുതിയെടുക്കേണ്ടതുണ്ട്. ഇത് പറയാന്‍ കാരണം ജാതിയെന്നത് ദലിത്-ആദിവാസി അധികാര വിഭവ പ്രശ്നമായോ മനുഷ്യാവകാശ പ്രശ്നമായോ മാത്രം മനസിലാക്കുന്ന ഒരു പൊതുബോധം നിലനില്‍ക്കുന്നുണ്ട്. ആ പൊതുബോധയുക്തിയെ മറികടക്കുന്നതിന് ആധുനിക മൂല്യ സങ്കല്പങ്ങളുടെ തുല്യ മനുഷ്യര്‍ എന്ന സങ്കല്പത്തെ കേന്ദ്ര പ്രശ്നമാക്കി ജാതിവിരുദ്ധ ആശയങ്ങള്‍ വികസിപ്പിക്കേണ്ടതുണ്ട്. അതിനര്‍ത്ഥം ദലിത് ആദിവാസി ഭൂപ്രശ്നങ്ങളെയും ജാതി മർദ്ദനവുമായി ബന്ധപ്പെട്ട വിഷയങ്ങളെയും ഒഴിവാക്കണമെന്നോ കുറച്ച് കാണണമെന്നോ അല്ല. ദലിത് ആദിവാസി അധികാര വിഭവ പ്രശ്നങ്ങൾ സാമൂഹ്യനീതിയുമായി ബന്ധപ്പെട്ട് പരിഹരിക്കേണ്ടത് സര്‍ക്കാരുകളുടെ ചുമതലയാണ്. അത് ഒരു രാഷ്ട്രീയ പ്രക്രിയയിലൂടെ പരിഹരിക്കാവുന്നതുമാണ്. എന്നാല്‍ ജാതിവ്യവസ്ഥ നിലനിര്‍ത്തുന്ന ശ്രേണീകൃതമായ സാമൂഹ്യ പദവി പ്രശ്നം ആധുനിക ജാനാധിപത്യ സമൂഹം കൈകാര്യം ചെയ്യേണ്ട ഒന്നാണ്. വിശാലര്‍ത്ഥത്തില്‍ ജാതി പ്രശ്നം സാമൂഹ്യ പദവികളുമായി ബന്ധപ്പെട്ട സാമൂഹ്യ പ്രശ്നമാണെന്നിരിക്കെ ദളിത് ആദിവാസി പ്രശ്നമായി മാത്രം കണ്ടാണ് പിന്നോക്ക സമൂഹങ്ങളില്‍ നിന്നും പോലും ജാതിവിരുദ്ധ പോരാട്ടങ്ങളില്‍ ഐക്യപ്പെടുന്നത്. ഇത്തരം ഐക്യപ്പെടലിലെ പ്രശ്നം തനിക്കു വേണ്ടിയുള്ള ഒരു സമരത്തില്‍ അല്ല തനിക്ക് വെളിയിലുള്ള ഒരു സാമൂഹത്തിന്‍റെ അതിജീവന പ്രശ്നത്തിലാണ് താന്‍ ഇടപ്പെടുന്നത് എന്ന രക്ഷാകര്‍ത്തൃത്വബോധമാണ് അവിടെ പ്രവര്‍ത്തിക്കുന്നത് എന്നതാണ്. ഇത്തരം രക്ഷകര്‍ത്തൃത്വ ഐക്യദാര്‍ഢ്യങ്ങള്‍ക്ക് ശ്രേണികൃതമായ സാമൂഹ്യ പദവികളെന്ന ജാതിവ്യവസ്ഥയുടെ അടിത്തറ തകര്‍ക്കാന്‍ ആവില്ല. ജാതിവ്യവസ്ഥക്ക് എതിരായി തുല്യ സാമൂഹ്യ പദവിക്ക് വേണ്ടിയുളള സമരത്തില്‍ പങ്കെടുക്കുന്ന ഒരാള്‍ക്ക് ഈ സമരം തനിക്ക് പുറത്തുള്ളവര്‍ക്ക് വേണ്ടിയുള്ള സമരമല്ല തനിക്ക് തന്നെ വേണ്ടിയുളള ഒന്നായി മാറുന്നു. ജാതിവിരുദ്ധ സമരത്തില്‍ പങ്കെടുക്കുന്നവര്‍ ബ്രാഹ്മണര്‍ക്ക് ഇടയിലുള്ള ജാതികളില്‍ നിന്നായാല്‍ പോലും അയാള്‍ സംസാരിക്കുന്നത് തുല്യമനുഷ്യന്‍ എന്ന നിലയില്‍ അയാളെ അംഗീകരിക്കാത്ത വ്യവസ്ഥക്ക് എതിരെയാവും. ആ നിലക്ക് എല്ലാ ജാതി വിഭാഗങ്ങളില്‍ നിന്നും സ്വന്തം മനുഷ്യപദവിക്ക് വേണ്ടി രംഗത്ത് വരുന്ന മനുഷ്യര്‍ക്ക് മാത്രമെ പുതിയ സാമൂഹ്യജനാധിപത്യ സമൂഹത്തെ സൃഷ്ടിക്കാനാവൂ. അതുകൊണ്ട് ജാതി പ്രശ്നം ദലിത് പ്രശ്നമായി മാത്രമല്ല അവതരിപ്പിക്കേണ്ടതും മനസിലാക്കേണ്ടതും. ജാതിവിരുദ്ധ സമരത്തെ എല്ലാ സാമൂഹിക വിഭാഗങ്ങളുടേയും മനുഷ്യ പദവിക്ക് വേണ്ടിയുള്ള ഒന്നായി മാറ്റി തീര്‍ക്കേണ്ടതുണ്ട്.

ജാതിവ്യവസ്ഥയെ അതിന്‍റെ സമഗ്രതയില്‍ വിലകലനം ചെയ്യാതെ ദലിതരുടെ മാത്രം പ്രശ്നമായി സ്ഥാപിക്കുന്ന രീതിയില്‍ നടക്കുന്ന ഇടപെടലുകള്‍ ദലിതേതര സമൂഹങ്ങളെ സ്വയം സവര്‍ണവല്‍ക്കരിക്കാന്‍ മാത്രമാണ് ഇടയാക്കുക.

ആയതുകൊണ്ട്, ശ്രേണീകൃതവും തരംതിരിച്ച അസമത്വത്തിന്‍റെ അടിസ്ഥാനത്തില്‍ പ്രവര്‍ത്തിക്കുന്നതുമായ ജാതിവ്യവസ്ഥയില്‍ എല്ലാ ജാതികളും വിവേചനത്തിന് ഇരയായിരിക്കുമ്പോള്‍ തന്നെ തൊട്ടുതാഴെയുള്ള ജാതികള്‍ക്ക് മുകളില്‍ തങ്ങള്‍ക്ക് പ്രിവിലേജ് ഉണ്ട് എന്ന ബോധമാണ് ജാതിവ്യവസ്ഥയെ സംരക്ഷിച്ച് നിര്‍ത്തുന്നത്. ബ്രാഹ്മണ ജാതികളില്‍ തന്നേ താഴെയും മുകളിലുമെന്ന ക്രമത്തില്‍ പരസ്പരം വിവേചനപൂര്‍വ്വം പെരുമാറാന്‍ പരിശീലിപ്പിക്കുന്നതാണ് ഈ സാമൂഹ്യഘടന. സ്വയം അവേഹേളനങ്ങള്‍ ഏറ്റു വാങ്ങി കൊണ്ട് തങ്ങള്‍ക്ക് താഴെ വരുന്നവരോട് അവഹേളനപൂര്‍വ്വം പെരുമാറുന്നതിന് അവസരമുണ്ടെന്ന് കരുതി ജീവിക്കുന്ന എല്ലാ മനുഷ്യരും ജാതിവിരുദ്ധമായ ജനാധിപത്യ സമഹൂത്തിന്‍റെ നിര്‍മ്മിതിയിലേക്ക് സ്വയം കടന്ന് വരുമ്പോള്‍ മാത്രമെ ജാതിവ്യവസ്ഥക്ക് എതിരായ ഒരു ബഹുജന ഐക്യം സാധ്യമാകൂ. ജാതി വ്യവസ്ഥയിലെ പ്രിവിലേജ്ഡ് സമൂഹങ്ങള്‍ ജാതി വിരുദ്ധ സമരത്തില്‍ ഐക്യപ്പെടേണ്ടത് കേവലമായ ദലിതരുടെ വിമോചന ആവശ്യം എന്ന നിലക്കല്ല, മറിച്ച് തങ്ങളെ തന്നെ തുല്യ മനുഷ്യരായി പരിഗണിക്കാത്ത ഒന്നാണ് ജാതിവ്യവസ്ഥ എന്ന ബോധത്തിലാവണം.

ദലിതർക്കേറ്റ ജാതി മര്‍ദ്ദനത്തിന്‍റെ ചരിത്ര അനുഭവത്തെ മാത്രം മുന്നില്‍ വച്ച് നടത്തുന്ന ജാതി വിമര്‍ശനത്തിന്‍റെ മറുവശത്ത് സംഭവിച്ചത് മറ്റു പിന്നോക്ക/ശൂദ്രവിഭാഗങ്ങളുടെ ജാതീയമായ ചരിത്ര അനുഭവത്തെ അദൃശ്യതയില്‍ നിര്‍ത്തിയെന്നതാണ്. ജാതീയ മര്‍ദ്ദനങ്ങള്‍ ദലിതരുടെ മാത്രം ചരിത്ര അനുഭവമായി അവതരിപ്പിക്കപ്പെട്ടതിൻ്റെ ഫലമായി ദലിതര്‍ക്ക് മുകളില്‍ പ്രിവിലേജ് ഉള്ള പിന്നോക്ക വിഭാഗങ്ങളില്‍ വലിയ തോതിലുള്ള സവര്‍ണവല്‍ക്കരണമാണ് നടന്നത്. ശൂദ്രജാതികളിലും പിന്നോക്ക ജാതികളിലും ഹൈന്ദവ ബോധം ശക്തിപ്പെട്ടതിന്‍റെ ഫലമായി സംഘപരിവാര്‍ ഹിന്ദുത്വത്തിന് വലിയ സാധീനം ഈ വിഭാഗങ്ങളില്‍ ഉണ്ടായത് പ്രകടമാണ്. സവര്‍ണവല്‍ക്കരിക്കപ്പെടുന്നതിലൂടെ മൃദുഹിന്ദുത്വത്തിലേക്കാണ് ഇത്തരം സാമൂഹ്യവിഭാഗങ്ങള്‍ വഴിമാറുന്നതെങ്കിലും ആത്യന്തികമായ് അത് സംഘപരിവാറിന്‍റെ തീവ്രഹിന്ദുത്വത്തിന്‍റെ അടിത്തറയായാണ് ഒരുങ്ങുന്നത്. ഹിന്ദുമതമെന്നത് തുല്യമായ് നീതിവിതരണം ചെയ്യാത്ത അസമത്വം മാത്രം ഉള്ള ജാതികളുടെ കൂട്ടമാണെന്ന യാഥാര്‍ത്ഥ്യത്തിനപ്പുറം മതബോധത്തിലേക്ക് മാറുകയും ഹൈന്ദവ ജീവിതക്രമത്തെ സംരക്ഷിക്കേണ്ടത് തങ്ങളുടെ കൂടെ ധാര്‍മിക ഉത്തരവാദിത്തമായി മാറുകയും ചെയ്യുന്നു. ഇത്തരം സാഹചര്യത്തിലാണ് രാമനും പശുവും അപകടത്തിലാണ് എന്ന് സംഘപരിവാര്‍ പ്രചരിപ്പിച്ചാല്‍ ജനക്കൂട്ടങ്ങളായ് തെരുവിലിറങ്ങിക്കൊണ്ട്‍ ജാതീയ മര്‍ദ്ദനങ്ങളുടെ ഇരകളായിരിക്കുന്നവര്‍ തന്നെ ആ വ്യവസ്ഥയെ സംരക്ഷിക്കാൻ‍ രംഗത്ത് വരുന്നത്‌. സവര്‍ണവല്‍ക്കരിക്കപ്പെടുന്ന പിന്നോക്ക സമുദായങ്ങളെയും സവര്‍ണ ശൂദ്രവിഭാഗങ്ങളേയും ഹിന്ദുത്വവല്‍ക്കരണത്തിൽ നിന്നും തടയേണ്ടതും ജാതിവിരുദ്ധ സമരത്തിന്‍റെ ഭാഗമാക്കി തീര്‍ക്കേണ്ടതുമുണ്ട്. അതിനാല്‍ ജാതിവ്യവസ്ഥയെ സമഗ്രതയില്‍ കണ്ട് എങ്ങനെയാണ് മര്‍ദന ജാതിവ്യവസ്ഥയില്‍ ഓരോ ജാതികളും ചരിത്രപരമായ അനുഭവങ്ങളിലൂടെ കടന്ന് പോയത് എന്ന് പുതിയ കാലത്ത് വിശദീകരിക്കേണ്ടതുമാണ്. അത്തരം വിശദീകരണ ശ്രമങ്ങളുടെ ഉള്ളടക്കം ഏതെങ്കിലും ജാതി വിഭാഗങ്ങള്‍ക്ക് അവേഹളനപരമായി തോന്നുന്നവിധത്തില്‍ ആയിരിക്കരുത് എന്നത് ശ്രദ്ധേയമാണ്. മറിച്ച്, പ്രവിലേജ്ഡ് ജാതികളിലെ അംഗങ്ങൾക്കും അസമത്വത്തിന്‍റെ സാമൂഹ്യഘടനയില്‍ തങ്ങൾ മനുഷ്യരായി തുല്യരല്ല എന്ന് ബോധ്യപ്പെടുത്തുന്ന രീതിയിലാവണം ജാതിവിമര്‍ശനത്തിന്‍റെ ചരിത്രപരമായ വിശദീകരണങ്ങള്‍ ഊന്നേണ്ടത്‌.

ഈ വിധത്തില്‍ ജാതി വിരുദ്ധ സമരം സാമൂഹ്യപദവികളിലേക്ക് കേന്ദ്രീകരിക്കപ്പെടുന്നത് അനേകം ജാതികളുടെ ഏകീകരണത്തെയും സംഘപരിവാര്‍ ലക്ഷ്യം വെക്കുന്ന ഹിന്ദുത്വ രാഷ്ട്രീയത്തെയും ദുര്‍ബലപ്പെടുത്തുന്നതാണ്. പരസ്പരം വിവേചനപൂര്‍വം പെരുമാറുന്ന ജാതി സംഘര്‍ഷങ്ങൾ നിറഞ്ഞ ഒന്നാണ് ഹിന്ദുമതമായി ഏകീകരിക്കപ്പെടുന്നത് എന്നത് ഒരു സാമൂഹിക യാഥാര്‍ത്ഥ്യമാണ്‌. സാമൂഹ്യ പദവികളുമായി ബന്ധപ്പെട്ട് ഉയരുന്ന രാഷ്ട്രിയ ചര്‍ച്ച ഹിതുമതത്തിനുള്ളിലെ ജാതി ഘടനയുമായ് ബന്ധപ്പെട്ട വെരുദ്ധ്യങ്ങളെയാണ് ആത്യന്തികമായ് മൂര്‍ഛിപ്പിക്കുന്നത്. സാമൂഹ്യപദവി കേന്ദ്ര പ്രശ്നമായ് ചര്‍ച്ചയിലേക്ക് കടന്നു വരുമ്പോള്‍ മുകള്‍തട്ട് ജാതികളില്‍ പോലും അവരുടെ സാമൂഹ്യനിലകളും അവര്‍ അനുഭവിക്കുന്ന വിവേചനത്തിന്‍റെ സൂക്ഷ്മ പ്രശ്നങ്ങളുമാവും ഉയര്‍ന്ന് വരുക. ഈ വിധത്തില്‍ നവഹൈന്ദവ രാഷ്ട്രീയത്തെ ആന്തരികമായ് ദുര്‍ബലപ്പെടുത്താന്‍ ശേഷിയുള്ള ജാതിവിരുദ്ധ സമരത്തില്‍ ബഹുജന പൊതുമുന്നണിക്ക് സാധ്യമാകും.

ജാതികള്‍ സാമൂഹ്യപദവികളാല്‍ ശ്രേണികൃതമായി വിന്യസിക്കപ്പെട്ടിരിക്കുന്നത് കൊണ്ടാണ് അംബേദ്ക്കര്‍ ഇന്ത്യയിലെ ജാതിവ്യവസ്ഥ തൊഴില്‍ വിഭജനമല്ല തൊഴിലാളികളുടെ വിഭജനമാണ് എന്ന് നിരീക്ഷിക്കുന്നത്. പ്രാചീന തൊഴില്‍സംഘങ്ങളാണ് ജാതിസമൂഹങ്ങളായി രൂപപ്പെട്ടത് എന്ന് വാദം നിലനില്‍ക്കുന്നുണ്ട്. തൊഴില്‍ സംഘങ്ങളാണ് ജാതിയായി മാറിയിരുന്നതെങ്കില്‍ ആധുനിക സമൂഹത്തില്‍ കുലത്തൊഴില്‍ മാറിയിട്ടും ജാതികളുടെ സാമൂഹ്യ പദവികള്‍ മാറ്റമില്ലാതെ തുടരുകയാണ്. ‘സര്‍വരാജ്യ തൊഴിലാളികളെ സംഘടിക്കുവിന്‍ നിങ്ങള്‍ക്ക് നഷ്ട്ടപ്പെടാന്‍ ചങ്ങലകള്‍ മാത്രം’ എന്ന മാര്‍ക്സിന്‍റെ മുദ്രവാക്യം ഇന്ത്യക്ക് ബാധകമല്ല എന്ന് ജാതിനിര്‍മൂലനമെന്ന കൃതിയില്‍ അംബേദ്ക്കര്‍ വ്യക്തമായി പറയുന്നുണ്ട് . അതിന് കാരണം ഇന്ത്യയിലെ തൊഴിലാളിക്ക് സാമ്പത്തിക ചങ്ങല മാത്രമല്ല നഷ്ട്ടപ്പെടാന്‍ ഉള്ളത് മറിച്ച് ജാതിവ്യവസ്ഥയാല്‍ തരംതിരിച്ച സാമൂഹ്യ പദവി കൂടി നഷ്ട്ടപ്പെട്ടാന്‍ ഉണ്ട് എന്നതാണ്. ഇന്ത്യയിലെ തൊഴിലാളി വർഗം, തൊഴിലാളികളുടെ ഐക്യത്തിന് എതിരായി സമൂഹ്യപദവികളാല്‍ വിഭജിക്കപ്പെട്ടിരിക്കുന്നു. അതുകൊണ്ട് ജാതിവിരുദ്ധ രാഷ്ട്രീയം ജാതിവ്യവസ്ഥയുടെ അടിത്തറയായ സാമൂഹ്യപദവി തകര്‍ക്കുന്നതായിരിക്കണം. ഇത് തൊഴിലാളിവർഗത്തിന്റെ ഐക്യത്തിനും ഫാസിസത്തിനെതിരായ വിശാലമായ ജനകീയ ഐക്യം വികസിക്കുന്നതിനും ഫാസിസത്തെ ചെറുത്ത് ജനാധിപത്യ സാമൂഹ്യ സൃഷ്ടിക്കും മുന്നുപാധിയായി വർത്തിക്കുന്നു.

(സഖാവ് മാസികയിൽ പ്രസിദ്ധീകരിച്ച ലേഖനം)

By പ്രമോദ് ശങ്കരൻ