ശൈഖ് ഖറദാവി: പുതുനൂറ്റാണ്ടിന്റെ മുജദ്ദിദ്

‘എല്ലാ നൂറ്റാണ്ടുകളുടെയും നിര്‍ണായക മുഹൂര്‍ത്തത്തില്‍ ഉമ്മത്തിന്റെ ദീന്‍ പുതുമോടിയില്‍ നിലനിര്‍ത്തുന്നതിനായി അല്ലാഹു ഒരു നായകനെ നിയോഗിക്കുമെന്ന’ പ്രതീക്ഷാനിര്‍ഭരമായ പ്രവാചക വചനത്തിന്റെ സാക്ഷാല്‍ക്കാരമാണ് ശൈഖ് ഖറദാവിയെന്ന പ്രതിഭാസത്തിലൂടെ ലോക മുസ്‌ലിം ഉമ്മത്ത് അനുഭവിച്ചറിഞ്ഞത്. വൈജ്ഞാനിക പോരാട്ടത്തിന്റെയും പരിഷ്‌കരണത്തിന്റെയും ഒരുത്തമ നൂറ്റാണ്ടായിരുന്നു ശൈഖ് ഖറദാവിയുടെ ജീവിതകാലം.

ലോക മുസ്‌ലിം ഉമ്മത്ത് നൂറ്റാണ്ടുകള്‍ക്ക് മുമ്പ് കഴിഞ്ഞ് പോയ മഹാന്മാരായ പണ്ഡിതന്മാരുടെയും പരിഷ്‌കര്‍ത്താക്കളുടെയും പേരില്‍ അഭിമാനിക്കുകയും, സന്തോഷിക്കുകയും ചെയ്തിരുന്ന കാലത്താണ് അവര്‍ക്ക് അഭിമാനമായി വൈജ്ഞാനിക വിഷയങ്ങളില്‍ അവലംബമായി അല്ലാഹു ശൈഖ് യൂസുഫുല്‍ ഖറദാവിയെ സമ്മാനിക്കുന്നത്. ആധുനിക ഇസ്‌ലാമിക ചരിത്രത്തിലെ നാഴികക്കല്ലായി തിളങ്ങി, സ്വേഛാധിപത്യത്തിനും അധികാരദുര്‍വിനിയോഗത്തിനും കീഴില്‍ അടിച്ചമര്‍ത്തപ്പെട്ട വിവിധ മുസ്‌ലിം സമൂഹങ്ങള്‍ക്ക് സ്വാതന്ത്ര്യ സ്വപ്‌നം പകര്‍ന്ന് നല്‍കി, കര്‍മശാസ്ത്ര വിഷയങ്ങളിലെ അതിതീവ്രതയുടെ കെട്ടഴിച്ച് മിതത്വത്തിലേക്ക് വഴി നടത്തി ഉമ്മത്തിന് മുന്നില്‍ കര്‍മ-വൈജ്ഞാനിക തലങ്ങളില്‍ പുതുവഴി കാണിച്ചാണ് ശൈഖ് ഖറദാവി വിടവാങ്ങിയത്. ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ മുസ്‌ലിം ഉമ്മത്തിന് മുന്നില്‍ എല്ലാം തികഞ്ഞ, ഉമ്മത്ത് തേടുന്ന ഒരു പണ്ഡിത നേതൃത്വത്തെ മാതൃകയായി അവതരിപ്പിക്കാന്‍ ചരിത്രകാരുദ്ദേശിച്ചാല്‍ ശൈഖ് ഖറദാവിയേക്കാള്‍ മികച്ച ഉദാഹരണം അവര്‍ക്ക് മുന്നിലില്ല എന്നതാണ് യാഥാര്‍ത്ഥ്യം. ഉള്‍ക്കാഴ്ചയുള്ള ധിഷണയും, അങ്ങേയറ്റത്തെ ദൃഢനിശ്ചയവുമാണ് അദ്ദേഹത്തെ യഥാര്‍ത്ഥത്തില്‍ കാലഘട്ടത്തിന്റെ ഇമാമാക്കി മാറ്റിയത്.

വൈജ്ഞാനിക സംഭാവനകളും കര്‍മനൈരന്ത്യരവും ഒരു പോലെ സമ്മേളിച്ച അപൂര്‍വ വ്യക്തിത്വമായിരുന്നു ശൈഖ് ഖറദാവിയുടേത്. അതിമനോഹരമായി സംസാരിക്കുന്ന പ്രഭാഷകര്‍ മുസ്‌ലിം ലോകത്തുണ്ട്. ആഴമുള്ള പഠനങ്ങളും, പ്രമാണവുമായി ബന്ധപ്പെട്ട ഉള്‍ക്കാഴ്ചയും, ഗവേഷണങ്ങളും അവര്‍ക്ക് കുറവാണ്. അതേസമയം പഠനത്തിനും ഗവേഷണത്തിനുമായി ജീവിതം ഉഴിഞ്ഞ് വെച്ച പണ്ഡിതന്മാരും മുസ്‌ലിം ലോകത്ത് കുറവല്ല. ആധുനിക മുസ്‌ലിം ഉമ്മത്തിന്റെ നാഡിമിടിപ്പ് അനുഭവിക്കുന്നതിലും, മുസ്‌ലിം ഉമ്മത്തിന്റെ ജീവല്‍പ്രശ്‌നങ്ങള്‍ കൈകാര്യം ചെയ്യുന്നതിലും അവര്‍ ബഹുദൂരം പിന്നിലാണെന്ന് മാത്രം.

ഇവിടെയാണ് ശൈഖ് ഖറദാവി നൂറ്റാണ്ടിന്റെ അല്‍ഭുതമാവുന്നത്. ഒരേ സമയം ലോക മുസ്‌ലിം ഉമ്മത്ത് അഭിമുഖീകരിക്കുന്ന പ്രശ്‌നങ്ങള്‍ക്ക് പ്രമാണങ്ങളുടെ വെളിച്ചത്തില്‍ വ്യക്തമായ പരിഹാരം കാണാനും അവരനുഭവിക്കുന്ന വേദനകള്‍ക്ക് വേണ്ടി പോരാടാനും ശൈഖ് ഖറദാവിക്ക് കഴിഞ്ഞു. നൂറ്റിയെഴുപതില്‍ അധികം വരുന്ന ബൃഹത്തായ കൃതികള്‍ രചിക്കുന്നതിനായി തന്റെ കൈവിരലുകള്‍ ചലിപ്പിച്ച് കൊണ്ടിരിക്കെ തന്നെ, മുസ്‌ലിം ലോകത്തിന്റെ വേദനകള്‍ക്ക് ചെവി കൊടുക്കുകയും അവകാശങ്ങള്‍ക്കായി നാവനക്കുകയും ചെയ്തുവെന്നതാണ് യഥാര്‍ത്ഥത്തില്‍ ശൈഖ് ഖറദാവിയെ മുസ്‌ലിം ലോകത്ത് സ്വീകാര്യനും ജനകീയനുമാക്കിയത്.

ദൈവിക മാര്‍ഗത്തിലെ ത്യാഗം കേവല പ്രഭാഷണങ്ങളിലൂടെ പകര്‍ന്ന് നല്‍കുക മാത്രമല്ല, ജീവിതത്തിന്റെ പലഘട്ടങ്ങളിലും അനുഭവിക്കാനും അദ്ദേഹം മുന്നിട്ടിറങ്ങുകയുണ്ടായി. സത്യത്തിന്റെ പാതയില്‍ ഉറച്ച് നിന്നതിന്റെ പേരില്‍ പലപ്പോഴായി ജയിലിലടക്കപ്പെടുകയും ഏറ്റവുമൊടുവില്‍ പ്രിയപ്പെട്ട മകള്‍ ഉലാ അല്‍ഖറദാവിയെ കുറ്റം കെട്ടി വെച്ച് തടങ്കലിലിടുന്നതിന് അദ്ദേഹത്തിന് സാക്ഷിയാവേണ്ടി വരികയും ചെയ്തു.
ലോകത്തിന്റെ വിവിധ പ്രദേശങ്ങളില്‍ ജീവിക്കുന്ന മുസ്‌ലിം ന്യൂനപക്ഷത്തിന്റെ കര്‍മശാസ്ത്ര അവലംബമായിരുന്നു ശൈഖ് ഖറദാവി. അവരനുഭവിക്കുന്ന സവിശേഷമായ സാഹചര്യങ്ങളില്‍ ഇസ്‌ലാമിക നിയമങ്ങള്‍ പ്രയോഗവല്‍ക്കരിക്കുന്നതിന് സഹായകമായത് ശൈഖ് ഖറദാവിയുടെ ഫതവകളായിരുന്നുവെന്നത് പ്രത്യേകം പരാമര്‍ശമര്‍ഹിക്കുന്നു. ഇസ്രയേലിനെതിരായ ഫലസ്തീനികളുടെ സ്വാതന്ത്ര്യപ്പോരാട്ടത്തിന് ഊര്‍ജ്ജം പകര്‍ന്നിരുന്ന പോരാളി കൂടിയായിരുന്നു ശൈഖ് ഖറദാവി. ഇന്ന് ശൈഖ് ഖറദാവി തന്റെ കര്‍മമണ്ഡലം ഉപേക്ഷിച്ച് തന്റെ നാഥങ്കലേക്ക് തിരിക്കുമ്പോള്‍ ലോകത്തെ ഒട്ടുമിക്ക പ്രദേശങ്ങളിലും തന്റെ ഈമാനും ഇല്‍മും പകര്‍ന്ന് നല്‍കി, തന്റെ ദൗത്യം പൂര്‍ത്തീകരിക്കാന്‍ അദ്ദേഹത്തിന് സാധിച്ചിരിക്കുന്നു. ലോക മുസ്‌ലിം ഉമ്മത്തിന്റെ ഹൃദയത്തില്‍ ഇടം പിടിച്ചത് പോലെ, വിശ്വാസികള്‍ക്ക് അല്ലാഹു ഒരുക്കിയ സ്വര്‍ഗത്തിലെ ഉന്നതസ്ഥാനത്ത് ഇടം നേടാന്‍ ശൈഖിന് സാധിക്കട്ടെ. ആമീന്‍

By ഡോ. അബ്ദുല്‍ വാസിഅ് ധര്‍മഗിരി

Lecturer, Al Jamia Al Islamiya Santhapuram