സാദിയോ മാനെ: സെനഗലിന്റെ സൽപുത്രൻ

sadio mane

“അഗാധസാരങ്ങൾ ഒളിപ്പിച്ചുവെച്ച അനർഘനിധികളായിരുന്നു ഭൂമിയിൽ നിന്ന് അടർന്നുവീണ ഓരോ ഈരടിയും”. വിഖ്യാത പേർഷ്യൻ കവി ജലാലുദ്ദീൻ റൂമിയുടെ വാക്കുകളാണിത്. ഇതിനെ അർഥവത്താക്കുന്നതാണ് സാദിയോ മാനെ എന്ന സെനഗൽ ഫുട്ബോൾ താരത്തിന്റെ ജീവിതം. ഓരോ ബാംബോലിക്കാർക്കും അനർഘനിധികളായിരുന്നു മാനെയുടെ മുഖത്ത് നിന്ന് അടർന്നു വീണ ഓരോ പുഞ്ചിരിയും.

ഫുട്ബോൾ എന്നും ഒരു വിസ്മയമാണ്. കാഴ്ചക്കാരൻ ആനന്ദത്തിന്റെയും ആവേശത്തിന്റെയും ആശ്വാസത്തിന്റെയും കാഴ്ചകൾ നുകരുന്ന വിസ്മയം. ഇക്കാലത്തോളം ധാരാളം ഇതിഹാസങ്ങളെയും സമ്മാനിച്ചിട്ടുണ്ട് ഈ കായിക വിനോദം. നെതര്‍ലൻഡ്സിന്റെ യോഹാൻ ക്രൈഫും അർജൻറീനയുടെ ഡീഗോ മറഡോണയും ലയണൽ മെസ്സിയും ബ്രസീലിന്റെ പെലെയും പോർച്ചുഗലിന്റെ ക്രിസ്റ്റ്യാനോ റൊണാൾഡോയുമൊക്കെ ഇതിലുൾപ്പെടുന്നു. ഇവരൊക്കെയും ഓരോ കാലഘട്ടത്തെ പ്രതിനിധീകരിച്ചവരാണ്. എന്നാൽ കറുത്തവർഗക്കാരനായ സാദിയോ മാനെയെ ഇവരിൽ നിന്നൊക്കെ വ്യത്യസ്തനാക്കിയത് മറ്റൊന്നായിരുന്നു. മൈതാനത്തിലെ മനോഹരമായ ന്യർത്തച്ചുവടുകൾക്കു പുറമേ അദ്ദേഹം കൈക്കൊണ്ടുപോരുന്ന ജീവിതരീതിയും ദേശസ്നേഹവും ആണത്. ലോക ഫുട്ബോളിന്റെ തലപ്പത്ത് വ്യവഹരിക്കുമ്പോഴും കടന്നുവന്ന വഴികൾ സദാ സ്മരിക്കുന്ന അതുല്യപ്രതിഭ. ഹോളിവുഡ് സിനിമകളിൽ സൂപ്പർമാനെയും സ്പൈഡർമാനെയും പോലെ വൈവിധ്യങ്ങളായ കഥാപാത്രങ്ങൾ രക്ഷക പരിവേഷമണിയാറുണ്ട്. പട്ടിണിയോടും പരിവട്ടത്തോടും മുഖാമുഖം പോരടിച്ചു കൊണ്ടിരിക്കുന്ന ബാംബോലിയിലെ ജനങ്ങൾക്ക് ദൈവത്തിൽ നിന്ന് അവതരിച്ച ഒരു രക്ഷകൻ തന്നെയാണ് സാദിയോ മാനേ.

ഒരു ത്രില്ലർ സിനിമയെന്നോണം, ധാരാളം ട്വിസ്റ്റുകളും ആകാംക്ഷഭരിത നിമിഷങ്ങളും നിറഞ്ഞതായിരുന്നു മാനെയുടെ ജീവിതം.1992 April 10ന് സെനഗലിലെ ബാംബോലി എന്ന ഒരു കൊച്ചു ഗ്രാമത്തിൽ ജനനം. മാതാപിതാക്കളും സഹോദരങ്ങളും അമ്മാവനുമടങ്ങുന്ന പത്ത് പേരുള്ള കുടുംബം.യാഥാസ്ഥിക കുടുംബത്തിന് മതപരമായ കാര്യങ്ങൾ കഴിഞ്ഞിട്ടേ മറ്റെന്തുമുണ്ടായിരുന്നുള്ളു. പള്ളി ഇമാമായ പിതാവിന് ഖുർആൻ ഓതണമെന്നും അഞ്ച് നേരവും നിസ്കരിക്കണമെന്നതും നിർബന്ധമുള്ള കാര്യമായിരുന്നു. ദുരിതപൂർണ്ണമായിരുന്നു ബാല്യകാലം. തന്റെ ചെറുപ്രായത്തിൽ തന്നെ പിതാവിനെ നഷ്ടപ്പെട്ടു. കൃത്യമായ രോഗപരിചരണം ലഭിക്കാതിരുന്നതാണ് മരണത്തിന് കാരണമെന്ന് കൊച്ചു മാനെ പിന്നീടാണ് അറിയുന്നത്. പ്രാഥമിക ചികിത്സക്ക് ഒരു ഹോസ്പിറ്റൽ പോലുമില്ലാത്ത വളരെ ദാരുണമായ അവസ്ഥയിലാണ് തൻറെ രാജ്യം ഉള്ളതെന്ന് മാനെയ്ക്ക് മനസ്സിലായി. അന്ന് ആ കൗമാരക്കാരൻ തൻറെ മനസ്സിൽ ഒരു പ്രതിജ്ഞയെടുത്തു,എന്തു വിലകൊടുത്തും തന്റെ രാജ്യത്തിന്റെ ക്ലിഷ്ടതകളും ദുർഗതിയും മാറ്റണം. ആ ദൃഢനിശ്ചയമാണ് ഫുട്ബോൾ എന്ന അത്ഭുത ലോകത്തേക്ക് മാനെയുടെ ശ്രദ്ധ തിരിച്ചത്. പിന്നീട് നടന്നത് ചരിത്രം.

സെനഗലിന്റെ തലസ്ഥാനമായ ഥാക്കറിൽ, അവിടുത്തെ ഏറ്റവും മികച്ച ക്ലബ്ബുകളിൽ ഒന്നായ ജനറേഷൻ എഫ്സിയുടെ സെലക്ഷൻ ട്രയൽസ് നടക്കുകയാണ്. മൈതാനത്ത് പങ്കെടുക്കാൻ എത്തിയ കുട്ടികളുടെ ഒരു നീണ്ട നിര. അവരുടെ ഇടയിൽ കീറിപ്പറിഞ്ഞ ബൂട്ടുമായി നിൽക്കുന്ന ഒരു പയ്യൻ ആരുടെയോ ശ്രദ്ധയിൽപ്പെട്ടു. അയാൾ വന്നു അവനോട് ചോദിച്ചു “നിൻറെ കയ്യിൽ വേറെ ബൂട്ടുകൾ ഒന്നുമില്ലേ?”. എൻറെ കയ്യിൽ ഉള്ളവയിൽ ഏറ്റവും മികച്ചതാണ് ഇവയെന്ന് അവൻ മറുപടി നൽകി. ഇതു കേട്ട്, അവിടെ തടിച്ചുകൂടിയവരുടെ ഇടയിൽനിന്ന് കൂട്ടച്ചിരികൾ ഉയർന്നു. എന്നാൽ ലോക ഫുട്ബോളിനെ കീഴടക്കാൻ പോകുന്ന ഒരു ഇതിഹാസത്തിന്റെ പിറവിക്കാണ് തങ്ങൾ സാക്ഷ്യം വഹിക്കാൻ പോകുന്നതെന്ന് അവർ അറിഞ്ഞില്ല. ജനറേഷൻ എഫ്സിയുടെ മൈതാനത്ത് ആ കൊച്ചു ബാലൻ കാൽപന്തിനെ കാലിൽ കോർത്തുകൊണ്ട് കുതിച്ചു പാഞ്ഞു. അത് ഒരു യുഗപ്പിറവിയുടെ തുടക്കമായിരുന്നു. പാപ്പാ ദിയോപ്പിന് ശേഷം സെനഗൽ ഫുട്ബോൾ ഉയർത്തെഴുന്നേറ്റ ദിവസം. അവൻറെ ചിറകിലേറി അവർ ലോക ഫുട്ബോളിന്റെ നെറുകയിലെത്തി. ‘സാദിയോ മാനെ’ എന്ന് അവനെ ഫുട്ബോള്‍ ലോകം സ്നേഹത്തോടെ വിളിച്ചു.

പത്തൊമ്പതാം വയസ്സിൽ ഫ്രഞ്ച് ഒന്നാം ഡിവിഷൻ ടീമായ മെറ്റ്സിൽ നിന്നാണ് മാനെ യൂറോപ്പിൽ തന്റെ കരിയർ ആരംഭിക്കുന്നത്. രണ്ടു സീസൺ മെറ്റ്സിൽ പന്തു തട്ടിയശേഷം ഇരുത്തിയൊന്നാം വയസ്സിൽ ഓസ്ട്രേലിയൻ വമ്പൻമാരായ റെഡ്ബുൾഗ് സാൻസ് ബർഗിലേക്ക് ചേക്കേറി. 2014ൽ ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ സതാംപ്ടണിലേക്ക് കൂടുമാറിയ ശേഷമാണ് മാനെയുടെ ഫുട്ബോൾ ജീവിതം പ്രശോഭിതമാകുന്നത്. ഇംഗ്ലണ്ടിലെ വേഗമേറിയ മൈതാനങ്ങളെ തൻറെ മികവുകൊണ്ട് അവൻ കീഴടക്കി. അവിടെവച്ചാണ് പ്രീമിയർ ലീഗിലെ ഏറ്റവും വേഗതയേറിയ ഹാട്രിക് മാനെ സ്വന്തമാക്കുന്നത്. ആസ്‌റ്റൺ വില്ലിക്കെതിരെ നടന്ന മത്സരത്തിൽ 2.56 സെക്കൻഡുകൾ കൊണ്ടാണ് ഹാട്രിക് പൂർത്തിയാക്കിയത്. ഇതിനുശേഷം ഫുട്ബോൾ ലോകത്ത് മാനെ ഒരു ചർച്ചാവിഷയമായി.

2016ലാണ് പ്രീമിയർ ലീഗ് വമ്പൻമാരായ ലിവർപുൾ എഫ് സി മാനെയെ സ്വന്തമാക്കുന്നത്. ലിവർപൂളിന്റെ ചരിത്രത്തിലെ തന്നെ മികച്ചൊരു സൈനിങ് ആയി പിന്നീടത് മാറി. ചരിത്രത്തിൽ,എവിടെയോ വെച്ച് നഷ്ടപ്പെട്ടുപോയ അതിൻറെ പ്രതാപത്തെ വീണ്ടെടുക്കുന്നതിൽ മാനേ വഹിച്ച പങ്ക് ചെറുതായിരുന്നില്ല. തൻറെ സഹതാരങ്ങളായ മുഹമ്മദ് സലാഹ്, റോബർട്ടോ ഫിർമീനോ, വിർജിൽ വാൻഡേക്ക്, അലക്സാണ്ടർ അർനോൾഡ് എന്നിവരോടൊപ്പം കോച്ച് യൂർഗൻ ക്ലോപ്പിന്റെ ഡ്രീം ടീമിൽ ഇടം നേടി. 2019-20 കാലയളവിൽ ധാരാളം ട്രോഫികൾ ഈ കളിക്കൂട്ടം ആൻഫീൽഡിന്റെ ഷെൽഫിലെത്തിച്ചു. പ്രീമിയർ ലീഗ്,ചാമ്പ്യൻസ് ലീഗ്, സ്പാനിഷ് സൂപ്പർ കപ്പ് പോലുള്ളവ അതിൽ ഉൾക്കൊള്ളുന്നു. ഈ നേട്ടങ്ങളുടെയൊക്കെയും പൊലിമയിൽ നിൽക്കുമ്പോഴും തന്റെ മാതൃരാജ്യമായ സെനഗലിനെ അവൻ നിരന്തരം ഓർത്തുകൊണ്ടിരുന്നു. ബാംബോലിയിലെ കൊച്ചു ബാല്യങ്ങളുടെ പുഞ്ചിരിയും,അമ്മമാരുടെ വാത്സല്യമൊക്കെയായിരുന്നു അവൻറെ ചാലകശക്തി. തനിക്കു കൈവന്ന ആഡംബര ജീവിതത്തെയൊക്കെ വെടിഞ്ഞുകൊണ്ട്, തന്റെ ജനതയ്ക്കുവേണ്ടി അവൻ ജീവിച്ചു. “എനിക്കുള്ളതെല്ലാം എന്റെ രാജ്യത്തിനും ഉള്ളതാണ്” എന്ന വാക്കുകളാണ് മാനെയെ മറ്റുള്ളവരിൽ നിന്ന് വ്യത്യസ്തനാക്കുന്നത്. 2002ലെ ഫുട്ബോൾ ലോകകപ്പ് കാൽപന്തു കമ്പക്കാർക്ക് തികച്ചും ഒരു കലാവിരുന്നായിരുന്നു. അന്ന് ഫ്രാൻസ് അടക്കമുള്ള വമ്പൻമാരെ തോൽപ്പിച്ചുകൊണ്ട് നാട്ടിലേക്ക് തിരിച്ചു വന്ന സെനഗൽ ടീമിനെ സ്വീകരിക്കാൻ മാനെയുമുണ്ടായിരുന്നു. അന്ന് അവിടെ നിന്ന് ലഭിച്ച ഊർജ്ജമാണ്, ആഫ്രിക്കൻ നേഷൻസ് കപ്പിന്റെ കിരീടനേട്ടം വരെ മാനെയെ എത്തിച്ചത്.

2017 ലെ ആഫ്രിക്കൻ നേഷൻസ് കപ്പ് ക്വാർട്ടർ ഫൈനലിൽ കാമറൂണിനെതിരെ പെനാൽറ്റി നഷ്ടപ്പെടുത്തി നിറകണ്ണുകളോടെ മടങ്ങുന്ന മാനെയെ ഫുട്ബോൾ ലോകം ഇന്നും ഓർക്കുന്നുണ്ട്. അതിന് പ്രായശ്ചിത്തമെന്നോണമാണ് ഇക്കഴിഞ്ഞ 2022ലെ ആഫ്രിക്കൻ നേഷൻസ് കപ്പിൽ മുഹമ്മദ് സലാഹിന്റെ ഈജിപ്ഷ്യൻ ടീമിനെ പരാജയപ്പെടുത്തിക്കൊണ്ട് കിരീടത്തിൽ മുത്തമിട്ടത്. കൊറോണ വൈറസ് ലോകസമൂഹത്തെ നടുക്കിയ വേളയിലും,ബാംബോലി എന്ന കൊച്ചു ഗ്രാമത്തിന് സന്തോഷ സുദിനങ്ങളായിരുന്നു. മാനെ തന്റെ ജീവിതത്തിലെ ഏറ്റവും വലിയ സ്വപ്നം നിറവേറ്റിയ ദിവസം. സ്വന്തം ഗ്രാമത്തിൽ ഒരു ആശുപത്രി എന്ന ഒരുപാട് കാലത്തെ സ്വപ്നം സാക്ഷാത്കരിക്കപ്പെട്ടു. ആഗ്രഹങ്ങളെല്ലാം ഒന്നൊന്നായി നേടുമ്പോഴും ഉപ്പ തന്റെ കൂടെയില്ല എന്നൊരു വിഷമമേ അദ്ദേഹത്തെ അലട്ടുന്നുള്ളൂ.
ജനഹൃദയങ്ങളിൽ കൽപന്തുകളി വിസ്മയം കൊണ്ട് നിലകൊള്ളുമ്പോഴും ആഗോള രാഷ്ട്രീയത്തിലും ഫുട്ബോളുമായി ബന്ധപ്പെട്ട വ്യത്യസ്ത വ്യവഹാരങ്ങളിലും ധാരാളം വിവാദങ്ങൾ സൃഷ്ടിക്കുന്നു. വൈയക്തികമായ പ്രതിസന്ധികളും ആരോപണങ്ങളും ഫുട്ബോൾ താരങ്ങൾ നേരിടാറുണ്ട്. പ്രത്യേകിച്ച് കറുത്ത വർഗ്ഗക്കാരും കുടിയേറ്റക്കാരും. വംശീയമായ അധിക്ഷേപങ്ങളാണ് ഇവർ നേരിട്ടുക്കൊണ്ടിരിക്കുന്നത്. സാദിയോ മാനെയും ഇതിൽനിന്ന് രക്ഷ നേടിയിരുന്നില്ല.

തൻറെ ലിവർപൂൾ കാലയളവിൽ ഒരു അനിഷ്ട സംഭവം നടന്നു. ചാമ്പ്യൻസ് ലീഗ് ഫൈനലിൽ റയൽ മാഡ്രിഡിനോട് തോറ്റ ലിവർപൂൾ ടീമിലെ മൂന്ന് താരങ്ങൾക്കെതിരെ ആരാധകർ വംശീയ അധിക്ഷേപം നടത്തി,അതിലൊരാൾ മാനെയായിരുന്നു. സമകാലികമായി മറ്റൊരു വിവാദം ഉണ്ടായി. ബയേൺ മ്യൂണിക്കിലെ മാനെയുടെ പ്രവേശനത്തെ ആരാധകർ വരവേറ്റത് ഒരു ട്വിറ്റർ ട്വീറ്റിലൂടെയായിരുന്നു. “Servis,Sadio” എന്ന ആ ട്വീറ്റിന് ഗൂഗിളിൽ പരിഭാഷ നൽകിയിരുന്നത് “Slave,Sadio” എന്നായിരുന്നു. ഇത് ചെറുതായൊന്നുമല്ല ലോകഫുട്ബോളിൽ വിവാദം സൃഷ്ടിച്ചത്. പ്രസ്തുത സംഭവങ്ങൾ ഫുട്ബോൾ ലോകത്ത് നിലകൊള്ളുന്ന വംശീയവെറിയെ സൂചിപ്പിക്കുന്നതാണ്.

ഇത്തരത്തിലുള്ള വംശീയ അധിക്ഷേപങ്ങൾ ഒന്നും സാദിയോ എന്ന പോരാളിയെ തളർത്തിയില്ല. തന്റെ ലക്ഷ്യത്തിലേക്കുള്ള ഓട്ടത്തിലായിരുന്നു അയാൾ. അതിന്റെ ഫലമാണ് സെനഗൽ സമൂഹത്തിന്റെ നിലവിലെ ആനന്ദകരമായ ജീവിതം. തന്റെ വൈയക്തികമായ മതജീവിതത്തിലും അദ്ദേഹം ചിട്ടയായ ശൈലി പുലർത്തിക്കൊണ്ടുപോരുന്നു. ഇതിനുതകുന്ന മനോഹരമായ ധാരാളം ഉദാഹരണങ്ങൾ അദ്ദേഹത്തിന്റെ ജീവിതത്തിൽ നിന്ന് അടർത്തിയെടുക്കാൻ സാധിക്കും.Paulaner lederhosen എന്ന ഒരു പ്രമുഖ മദ്യകമ്പനിക്കു വേണ്ടിയുള്ള ബയേൺ മ്യൂണിക് ടീമിന്റെ ഫോട്ടോഷൂട്ടിൽ നടന്ന കാര്യങ്ങൾ നമ്മളേവർക്കും അറിയാവുന്നതാണ്. മദ്യകുപ്പികൾ പിടിച്ചു നിൽക്കുന്ന തന്റെ സഹതാരങ്ങൾക്കിടയിൽ ഒഴിഞ്ഞ കൈകളോടെ ഇരിക്കുന്ന സാദിയോടെ ചിത്രം സമൂഹ മാധ്യമങ്ങളിൽ ചർച്ച വിഷയമായിരുന്നു. തന്റെ മതജീവിതത്തിൽ മാനേ എത്രത്തോളം സൂക്ഷമത പാലിക്കുന്നുണ്ടെന്ന് ഇത് വരച്ചുകാട്ടുന്നു. ദിനേനയുള്ള മതപരമായ ദിനചര്യകളും, മതം അനുശാസിക്കുന്ന അച്ചടക്കജീവിതവും ഏതൊരു കായികതാരത്തിനും മാതൃകയാണ്. സുഖലോലുപതകളിൽ മുഴുകിക്കൊണ്ട് ജീവിതം അവസാനിപ്പിക്കുക എന്ന അഭിലാഷങ്ങൾക്കപ്പുറം അതിജീവന പോരാട്ടത്തിന്റെ കാമനകൾക്ക് മാനെയുടെ ജീവിതത്തിൽ സ്ഥാനമുണ്ട്.

By അബൂബക്കര്‍ എം എ

Student, Al Jamia Al Islamiya, Santhapuram