ഇസ്‌ലാമോഫോബിയയും ക്രൈസ്തവ സഭാസമൂഹങ്ങളുടെ പരാജയവും

ബന്ധുത്വത്തിന്റെ ഇഴകൾ വളരെയേറെ ഉണ്ടെങ്കിലും ഉത്ഭവകാലം മുതൽക്കുതന്നെ ഇസ്‌ലാം മതവും ക്രിസ്തുമതവും തമ്മിൽ സംഘർഷങ്ങൾ ഉണ്ടായിരുന്നതായി ചരിത്രം പഠിക്കുന്നവർക്ക് മനസ്സിലാക്കാനാവുന്നതാണ്. സെമിറ്റിക് പാരമ്പര്യവും ആധുനികഘടന കൃത്യമായി സ്വംശീകരിച്ചെടുത്തതുമൊക്കെ കാരണമായി പറയാമെങ്കിലും സാമ്രാജ്യത്വ രാഷ്ട്രീയ താല്പര്യങ്ങൾ തന്നെയാണതിന്റെ പിന്നിലുള്ളതെന്നു നിസ്സംശയം പറയാം. എന്നാൽ മറുവശത്തു നൈതികതയുടെ പ്രവാചക സംസ്‌കൃതി ആഗോള വ്യാപകമായി നിർമ്മിച്ചെടുത്തതിൽ ഈ രണ്ടു മതങ്ങൾക്കും ഉള്ള പങ്ക് വളരെ വ്യക്തവുമാണ്. ക്രൈസ്തവ ദൈവശാസ്ത്ര രംഗത്ത് പ്രവർത്തിക്കുന്ന ഒരാളെന്ന നിലയിൽ അത് ഞാൻ ഏറ്റവും വിലമതിക്കുന്ന കാര്യവുമാണ്. പക്ഷെ ഈ അടുത്ത കാലത്തായി ക്രൈസ്തവരുടെ ഇടയിൽ പ്രതേകിച്ചും കേരള ക്രൈസ്തവ സമൂഹത്തിൽ വർധിച്ചുവരുന്ന ഇസ്‌ലാമോഫോബിയ അഥവാ മുസ്‌ലിം വിരുദ്ധത മതപഠനങ്ങളെ ഗൗരവമായി കാണുന്നവർ ആഴത്തിൽ വിശകലനം ചെയ്യുകയും വിലയിരുത്തുകയും ചെയ്യേണ്ടതുണ്ട്.

ശത്രുതയുടെ ചരിത്രപാഠങ്ങൾ

സെമിറ്റിക് മതങ്ങളായ യൂദ മതത്തിനും ക്രിസ്തുമതത്തിനും ഇസ്‌ലാം മതത്തിനും സ്ഥലസംബന്ധവും മത ഗ്രനഥ സംബന്ധവുമായ ഒട്ടേറെ ബന്ധങ്ങളുണ്ട്. മെഡിറ്ററേനിയൻ പ്രദേശവും സംസ്കൃതിയും മരുഭൂപ്രകൃതിയും ഈ മതങ്ങളുടെ അനുഷ്ഠാന ക്രമങ്ങളെ കൃത്യമായി സ്വാധീനിച്ചിട്ടുണ്ട്. എന്നാൽ മതഗ്രന്ഥത്തിന്റെ അടിസ്ഥാനത്തിലുള്ള ബന്ധുത്വമാണതിൽ ഏറ്റവും പ്രധാനപ്പെട്ടത്. യൂദ മതമാണ് ആദ്യം ഉണ്ടായത്. ഇപ്പോഴത്തെ ബൈബിളിന്റെ ആദ്യ ഭാഗമായ മോശയുടെ നിയമ പുസ്തകങ്ങളും പ്രവാചക പുസ്തകങ്ങളുമടങ്ങുന്ന എബ്രായ പാഠങ്ങളാണ് യൂദ മതത്തിനാധാരം. മനുഷ്യ സംസ്‌കൃതിയെ പരിപോഷിപ്പിച്ച ഒട്ടനവധി നൈതിക പാഠങ്ങൾ യൂദ മതം സംഭാവന ചെയ്തിട്ടുണ്ട്. എന്നാൽ നാലാം നൂറ്റാണ്ടോടുകൂടി ക്രിസ്തുമതവും ഏഴാം നൂറ്റാണ്ടോടുകൂടി ഇസ്‌ലാം മതവും രാഷ്ട്രീയ അധികാര ഘടനയിൽ കൂടുതൽ ശക്തമായ സാഹചര്യത്തിൽ യൂദ മത തത്വ ചിന്തകൾ കൂടുതൽ ദേശീയവും വംശീയവുമായി മാറുന്നതുകാണാം. യുദവംശമാണ് യഥാർത്ഥ ദൈവജനമെന്നും ദൈവീക ഉടമ്പടിയുടെ ഭാഗമായി ലഭിച്ച ഇസ്രായേൽ തിരിച്ചുപിടിക്കേണ്ടതുണ്ടെന്നുമുള്ള പഠനങ്ങൾ ഇന്ന് സയണിസത്തിലാണ് എത്തിനിൽക്കുന്നതെന്നു ഇസ്രായേൽ-ഫലസ്തീൻ വിഷയത്തിൻ്റെ പശ്ചാത്തലത്തിൽ നമുക്ക് മനസ്സിലാക്കാനാവും.

യൂദ മതത്തിൽ നിന്നും ഉത്ഭവിക്കുന്ന ക്രിസ്തുമതവും യേശുപ്രസ്ഥാനത്തിന്റെ വെളിച്ചത്തിൽ ഒരു പുതിയ മാനവ സംസ്കൃതി തന്നെയാണ് ലക്ഷ്യമാക്കുന്നത്. എന്നാൽ നാലാം നൂറ്റാണ്ടിൽ രൂപപ്പെടുത്തിയ സാമ്രാജ്യത്വ ബന്ധം ക്രിസ്തുമതത്തെയും ഒരു അധികാര ഘടന ആക്കുകയാണ് ചെയ്തത്. യൂദ മതവുമായി മാത്രമല്ല ഇസ്‌ലാം മതവുമായും ക്രിസ്തുമതം സംഘർഷത്തിൽ ഏർപ്പെടുന്നുണ്ട്. കുരിശു യുദ്ധങ്ങളുടെ ചരിത്രം അതാണ് നമ്മെ പഠിപ്പിക്കുന്നത്. ഏകദൈവ വിശ്വാസവും അബ്രഹാമിക് പാരമ്പര്യവും നിയമ ഗ്രന്ഥമായി മാറിയ മത ഗ്രന്ഥവും ഒക്കെ മാത്രമല്ല സാമ്രാജ്യത്വ-അധികാര താല്പര്യങ്ങളും ഈ മതങ്ങൾ തമ്മിലുള്ള അകലം വർധിക്കുവാൻ കാരണമായിട്ടുണ്ട്. സങ്കുചിത ദേശീയതയും വംശീയതയും ആധിപത്യ സാമ്പത്തിക അധികാര ഘടനകളും ഇവ രൂപപ്പെടുത്തിയത് മൗലികവാദപരമായ മതഗ്രന്ഥ വായനയിലൂടെയും അടഞ്ഞ മതാചാര പ്രയോഗങ്ങളുടെയും അനുഷ്ഠാനങ്ങളുടെയും നിർമ്മിതിയിലൂടെയാണ്. ആധുനിക മത ക്രമങ്ങളായി, ഘടനകളായി ഇവ പരിവർത്തിപ്പിക്കപ്പെടുന്ന സാഹചര്യത്തിലാണ് ഈ ദുരന്തം ഈ മതങ്ങൾക്ക് സംഭവിക്കുന്നത്.

പത്തൊൻപതാം നൂറ്റാണ്ടിന്റെ ഉത്തരരാർധത്തിലും ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യ ദശകങ്ങളിലും രൂപപ്പെടുന്ന ആഗോള രാഷ്ട്രീയം പ്രസ്തുത സംഘർഷത്തിന് ആക്കം കൂട്ടുന്നുണ്ട്. ആറ് വൻകരകളിലായി വ്യാപിച്ചു കിടക്കുന്ന ക്രൈസ്തവ മതവും മധ്യ പൗരസ്ത്യ നാടുകളിൽ നിന്നും ആഫ്രിക്കൻ-ഏഷ്യൻ വന്കരകളിലേക്കും ചുവടുറപ്പിക്കാൻ ശ്രമിക്കുന്ന ഇസ്‌ലാം മതവും തമ്മിൽ ഉണ്ടായ സംഘർഷം മതപരം മാത്രമല്ല രാഷ്ട്രീയപരം കൂടിയാണ് എന്ന് നമുക്കറിയാം. അമേരിക്കയും മറ്റു യൂറോപ്യൻ രാജ്യങ്ങളും ഒരുവശത്തും ഇസ്‌ലാമിക രാഷ്ട്രങ്ങൾ മറുവശത്തുമായി നിന്ന് ആഗോള രാഷ്ട്രീയം നിയന്ത്രിക്കുന്നതിൽ മതപരവും സാമ്പത്തികവും രാഷ്ട്രീയവുമായ കാര്യങ്ങളുണ്ട്. അമേരിക്കയുടെ ഭീകരവിരുദ്ധ യുദ്ധങ്ങൾ തുടങ്ങി തുർക്കിയിലെ ഹഗ്ഗിയ സോഫിയയെക്കുറിച്ചുള്ള തർക്കത്തിൽ വരെ എത്തിനിൽക്കുന്ന സംഘർഷത്തെ ഈ മത-സാമ്പത്തിക- രാഷ്ട്രീയത്തിന്റെ പശ്ചാത്തലത്തിലാണ് നാം മനസ്സിലാക്കേണ്ടത്. വിശ്വാസികളും അവിശ്വാസികളും തമ്മിലുള്ള അന്തരം കൃത്യമായി പാലിക്കുന്നതുകൊണ്ടും അവിശ്വാസികളെ വിശ്വാസികളാക്കാനുള്ള ശ്രമം മതപരമായ ബാധ്യതയായി കാണുന്നതുകൊണ്ടും ഈ മതങ്ങൾ തമ്മിലുള്ള സംഘർഷങ്ങൾ ഒരു തുടർക്കഥയായി തുടരുന്നു. എന്നാൽ ഇവ പങ്കുവയ്ക്കാൻ ശ്രമിക്കുന്ന നൈതിക ചിന്തകൾ മാനവ സംസ്കൃതിയുടെ വിമോചന സൂത്രങ്ങളാണ് എന്നുള്ളതാണിതിലെ വൈരുധ്യം.

സമകാലിക ഇന്ത്യൻ പശ്ചാത്തലം

സമകാലിക ഇന്ത്യൻ പശ്ചാത്തലം മത വൈരത്തിന്റെയും മതവിദ്വേഷത്തിന്റെയും ആണ്. ഇവിടെ ഇന്ന് നടക്കുന്നത് വർഗീയ സാമൂഹ്യബോധത്തിന്റെ വ്യാപകമായ നിർമിതിയാണ്. ഏറെ കൊട്ടിഘോഷിക്കപ്പെട്ട മതസഹിഷ്ണുതയും ഉൾക്കൊള്ളലിന്റെ സാംസ്കാരിക ഘടനയും പൊള്ളയായിരുന്നുവെന്നു നാമിന്നു വ്യക്തമായി മനസ്സിലാക്കുന്നു. മത ന്യൂനപക്ഷ വിരുദ്ധതയും വിദ്വേഷവും ദേശീയ സംസ്കൃതിയായി മാറിയിരിക്കുന്ന ഈ കാലത്തിനു മുൻപേ തന്നെ ഈ നാട്ടിലെ അടിസ്ഥാന സമൂഹങ്ങൾ ഇത് വ്യക്തമാക്കിയതാണ്. പക്ഷെ അവരാണാദ്യം ദേശദ്രോഹികളായതു. സംഘപരിവാറിന്റെ എഴുതപ്പെട്ട ഹിന്ദുത്വ രാഷ്ട്രീയ പാഠ പുസ്തകങ്ങളിൽ മുസ്ലിങ്ങളും ക്രിസ്ത്യാനികളും കമ്മ്യൂണിസ്റ്റുകളും മാത്രമാണ് അപരവത്കരിക്കപ്പെട്ടതെങ്കിൽ ഏറ്റവും ആദ്യം പുറത്താക്കപ്പെട്ട സമൂഹം ഈ നാട്ടിലെ ആദിവാസികളും ദളിതരും പാർശ്വവത്കരിക്കപ്പെട്ട സമൂഹങ്ങളുമാണ്. അതുകൊണ്ടാണ് ബുദ്ധനും മാർക്സും അംബേദ്കറും പ്രവാചക മതങ്ങളും ഒത്തുചേരുന്ന ബദൽ ദേശീയ രാഷ്ട്രീയവും മത സംസ്കൃതിയും സമകാലിക ഇന്ത്യയിൽ അത്യന്താപേക്ഷിതമാകുന്നത്. പക്ഷെ, അപ്രകാരമൊരു ബദൽ രാക്ഷ്ട്രീയം അസാധ്യമാക്കാനുള്ള സംഘപരിവാർ ശ്രമങ്ങളെ തിരിച്ചറിയാൻ നമുക്ക് സാധിക്കാതെ പോകുന്നുവെന്നതാണ് ഏറെ ദുഖകരം. ഇവിടെ ഏറ്റവുമധികം വിമർശന വിധേയമാകുന്നത് ക്രൈസ്തവ സമൂഹങ്ങളാണ്.

ഇന്ത്യൻ ക്രൈസ്തവരിൽ ചില പ്രബല സമൂഹങ്ങളെ കൂടെ നിർത്താൻ സംഘപരിവാർ ശക്തികൾക്കു സാധിച്ചിട്ടുണ്ട്. ഏകമുഖാത്മകവും വംശീയവുമായ സ്വത്വ ബോധ്യങ്ങൾ നിർമിച്ചുകൊണ്ടാണത് സാധ്യമാക്കുന്നത്. മേലാള ഹൈന്ദവ സ്വത്വബോധം അയവിറക്കുന്ന കേരളത്തിലെ പ്രബല ക്രൈസ്തവ സഭാസമൂഹങ്ങളെ ചൂണ്ടയിട്ട് പിടിക്കാൻ സംഘപരിവാരങ്ങൾക്കു സാധിച്ചിട്ടുണ്ട് എന്നത് വാസ്തവമാണ്.

ഉൽപതിഷ്ണുക്കളായ ധാരാളം ആളുകൾ ഈ സഭാസമൂഹങ്ങളിൽ വ്യത്യസ്തരായി നിലകൊള്ളുന്നുണ്ട് എന്ന് സമ്മതിക്കുമ്പോഴും അവരുൾകൊള്ളുന്ന സഭ അധികാര ഘടന സംഘപരിവാർ ശക്‌തികളോടു ഒളിഞ്ഞും തെളിഞ്ഞും ബാന്ധവത്തിലേർപ്പെടുന്നത് കൃത്യമായി വിമര്ശിക്കപ്പെടുന്നില്ല എന്നതാണ് വാസ്തവം.

കേരളത്തിൽ ലൗജിഹാദെന്നും, നാർക്കോട്ടിക് ജിഹാദെന്നും ഒക്കെ പറഞ്ഞു സംഘപരിവാർ അജണ്ട ഏറ്റെടുക്കുന്ന പ്രസ്തുത സഭകൾ പൊതുവെ ഇന്ത്യയിലെമ്പാടും ഇന്ന് വംശഹത്യയുടെ വക്കിൽ നിൽക്കുന്ന മുസ്ലിങ്ങളോട് കാണിക്കുന്ന സമീപനം അപലപനീയമാണ്. ഒരു പക്ഷെ അധികാര സ്ഥാനങ്ങളോട് വിലപേശി നിന്ന് സ്വന്തം താല്പര്യങ്ങൾ സംരക്ഷിക്കാനോ നേട്ടങ്ങൾ കൊയ്യാനോ കുംഭകോണങ്ങൾ മറയ്ക്കാനോ ഉള്ള ശ്രമങ്ങളായിരിക്കാം. എന്നാൽ അതിനുമപ്പുറം മുസ്‌ലിം നാമധാരികളായ സാംസ്‌കാരിക പ്രവർത്തകരോടും ചലച്ചിത്ര പ്രവർത്തകരോടും ഒക്കെ പുലർത്തുന്ന വൈരനിര്യാതന സമീപനം ഗൗരവമായ പരിശോധന അർഹിക്കുന്നുണ്ട്. ഈ അടുത്ത സമയത്തു ഭീഷ്മ പർവ്വം എന്ന സിനിമയുമായി ബന്ധപ്പെട്ടു ചില ക്രൈസ്തവ സഭാ പുരോഹിതന്മാരിൽ നിന്നുമുണ്ടായ വംശീയ പരാമർശങ്ങൾ തികച്ചും അപലപനീയമാണ്. ഇതെല്ലം ചെയ്യുന്നത് കേരളത്തിലെ വ്യത്യസ്തവും വൈവിധ്യപൂർവ്വവുമായ ക്രൈസ്തവ വിഭാഗങ്ങളുടെ ചെലവിലാണ് എന്നോർക്കുമ്പോൾ ആ ബാധ്യത ഇനി ഈ സ്വാർത്ഥ സമൂഹങ്ങൾ ഏറ്റെടുക്കേണ്ടതില്ല എന്ന് പറയുന്നതിന് കേരളത്തിലെ ഒരു ക്രൈസ്‌തവ വിശ്വാസി എന്ന നിലയിൽ എനിക്ക് മടിയില്ല.

ഇവിടെ അനിവാര്യമായിരിക്കുന്നത്

ഇവിടെ അനിവാര്യമായിരിക്കുന്നത് ചില പ്രബല സമൂഹങ്ങളുടെ മുസ്‌ലിം വിരുദ്ധ സമീപങ്ങൾ സംഘപരിവാർ അജണ്ടയുമായി ചേർന്നുപോകുന്നത് തന്നെയാണ് എന്ന് തിരിച്ചറിഞ്ഞു അവരെ തിരുത്താൻ തയ്യാറാവുക എന്നതുതന്നെയാണ്. ക്രൈസ്തവ മതഗ്രന്ഥമോ യേശു ക്രിസ്തുവോ ക്രൈസ്തവ നൈതിക ചിന്തകളോ അതിനെ പ്രോത്സാഹിപ്പിക്കുന്നില്ലെങ്കിലും സങ്കുചിത പാഠങ്ങളും ആചാരങ്ങളും നിർമ്മിച്ചെടുത്ത് സാമൂഹ്യ അധികാരത്തിനുള്ള കുറുക്കുവഴിയായി ക്രൈസ്തവ മതബോധത്തെ സാമുദായികമായി ദുരുപയോഗപ്പെടുത്തുന്നത് ന്യായീകരിക്കാനാവില്ല. ദുർബല സമൂഹങ്ങളുടെ പേരുപറഞ്ഞു സ്വാർത്ഥ താല്പര്യങ്ങൾ സംരക്ഷിക്കാനുള്ള പ്രബല സമൂഹങ്ങളുടെ സങ്കുചിത രാഷ്ട്രീയത്തെ പുരോഗമന മത ദർശനങ്ങൾ ഉള്ളിൽ സൂക്ഷിക്കുന്ന എല്ലാവരും ചേർന്ന് ചെറുക്കേണ്ടതുണ്ട്. ഇതാണ് കാലം കാത്തിരിക്കുന്ന ക്രൈസ്തവ നവീകരണം. മത-സാമുദായിക വിദ്വെഷ പ്രചാരണങ്ങൾ കൊടുമ്പിരി കൊള്ളുന്ന ഈ കാലത്തിൽ എന്താണ്, ഏതാണ്, എന്താവണം യഥാർത്ഥ ക്രിസ്റ്റീയത എന്ന് ചിന്തിക്കുന്നതാണ് നവീകരണം. ബലഹീനരുടെ പക്ഷം ചേരുന്ന ക്രൂശിതന്റെ രാഷ്ട്രീയം ഇന്ന് മത-സമുദായ താല്പര്യങ്ങൾക്കുള്ളിൽ അട്ടിമറിക്കപ്പെടുന്നുണ്ടെങ്കിൽ ആരാണിതിന് സമാധാനം പറയുക?

ഇസ്‌ലാമോഫോബിയ അതിരൂക്ഷമായിരിക്കുന്ന ഈ കാലഘട്ടത്തിൽ ജഹാൻഗീർപുരിയും കർണാടകയും മാംസ ഭക്ഷണവും ഹിജാബും ഒക്കെ നമ്മുടെ മുൻപിൽ വരച്ചിടുന്ന വംശീയതയുടെ രാക്ഷസീയതയെ തുറന്നെതിർക്കാതെ മുസ്‌ലിം മത സമൂഹങ്ങളെ ശത്രുപക്ഷത്തുനിർത്തുന്ന ക്രൈസ്തവ മത ചിന്തയെ ക്രിസ്തു വിശ്വാസസമൂഹം തിരുത്തേണ്ടതുണ്ട്. ഇത് ക്രിസ്തീയമല്ല എന്ന് ഉറക്കെ പറയേണ്ടതുണ്ട്. ക്രൈസ്തവരിലെ തന്നെ ഒട്ടനവധി മനുഷ്യാവകാശ പ്രവർത്തകരും, നിയമ -ജുഡീഷ്യറി മേഖലകളിൽ പ്രവർത്തിച്ചു ഖ്യാതി നേടി അന്താരാഷ്ട്ര കാരുണ്യ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നവരും എന്തിനേറെ പേരുകേട്ട ധ്യാന ചിന്തകരുമൊന്നും പക്ഷെ സംഘപരിവാറിന്റെ ഈ വിദ്വേഷ രാഷ്ട്രീയം കാണുന്നേയില്ല. അവരുടെ ഉൾക്കാഴ്ചയും കാവിമയമായോ എന്ന് ആശ്ചര്യപ്പെടുകയാണ്. സംഘപരിവാറിന്റെ വിദ്വേഷ അജണ്ടയെ പ്രതിരോധിക്കാത്ത ഏതൊരു ക്രൈസ്തവ സാക്ഷ്യവും ഇന്ന് ക്രിസ്തുവിരുദ്ധവും അധാർമികവുമാണ് എന്ന് പറയാതെ വയ്യ. സ്നേഹത്തിന്റെയും ഉൾക്കൊള്ളലിന്റെയും വേദ പുസ്തക പാഠങ്ങളും പ്രയോഗങ്ങളും ബോധപൂർവം സൃഷ്ടിക്കുക, ദുർബല മനുഷ്യരുടെ വിമോചന പ്രവർത്തനങ്ങളിൽ ഒത്തുചേരുക, ബദൽ നൈതിക രാഷ്ട്രീയത്തിനായി കാംക്ഷിക്കുന്ന തുറന്ന മതനിരപേക്ഷ സമൂഹത്തിനായി നിലകൊള്ളുക ഇതൊക്കെയാണ് ക്രൈസ്തവ സമൂഹങ്ങൾക്ക് ഇന്ന് ചെയ്യാനാവുക. അധികാര ഘടനകളെ ചിന്തയിലും ബോധ്യത്തിലും ശരീരത്തിലും അപനിർമിച്ചെടുത്തു ഇരകൾക്കു നീതി വാഗ്ദാനം ചെയ്ത ക്രിസ്തുവിനെയാണ് സാക്ഷിക്കുന്നതെങ്കിൽ വംശീയതയുടെയും പുരുഷാധികാരത്തിന്റെയും അധികാര ഘടനകളെ തിരുത്തി മുറിവേൽക്കപ്പെടുന്നവന്റെ രാഷ്ട്രീയ പ്രത്യാശയായി ക്രിസ്തീയതയെ മാറ്റിത്തീർക്കേണ്ടതുണ്ട്. ഇവിടെ നിസ്സംഗരും നിഷ്ക്രിയരുമായാൽ പരാജയപ്പെടുന്നത് ക്രിസ്തുവും അവന്റെ വിശ്വാസസാക്ഷ്യവും തന്നെയാണ്.

By ഫാ. ഡോ. വൈ. ടി. വിനയരാജ്

Director, Christian Institute for the Study of Religion and Society (CISRS), Bangalore