ക്രിക്കറ്റിൽ ഇംഗ്ലണ്ടിനെ പോലെ പാകിസ്ഥാനെ കാണാനാവുമോ?

ഹൈദരാബാദ് സര്‍വകലാശാലയിലെ എബിവിപി സംഘടിപ്പിച്ച ഇന്ത്യയും പാകിസ്ഥാനും തമ്മിലെ ഒരു ക്രിക്കറ്റ് മാച്ചിന്റെ സ്‌ക്രീനിങ്ങിനിടെ ഒരു കൂട്ടം വിദ്യാര്‍ഥികള്‍ അടിസ്ഥാന മാനവികതയുടെയും ധാര്‍മികതയുടെയും സ്‌പോര്‍ട്‌സ്മാന്‍ സ്പിരിറ്റിന്റെയുമെല്ലാം അതിരുകള്‍ കടന്ന് അയല്‍രാജ്യത്തെയും അവിടുത്തെ ജനങ്ങളെയും വിദ്വേഷത്തിന്റെ വാക്കുകള്‍ കൊണ്ട് കൂവിയാര്‍ക്കുന്നുണ്ടായിരുന്നു. ഇന്ത്യ മറ്റു ടീമുകള്‍ക്കെതിരെയും കളിക്കുന്നുണ്ടെങ്കിലും ഇന്ത്യ-പാകിസ്ഥാന്‍ മത്സരങ്ങള്‍ മാത്രം തെരഞ്ഞെടുത്ത് എബിവിപി പ്രദര്‍ശിപ്പിക്കുന്നത് ശ്രദ്ധയിൽപെട്ടിട്ടുണ്ട്. ഹിന്ദുത്വയെ സംബന്ധിച്ച് പാകിസ്ഥാനെന്നാല്‍ മുസ്‌ലിംകള്‍ എന്നാണര്‍ഥമെന്നിരിക്കെ, ഇത്തരം പ്രദര്‍ശനങ്ങളിലൂടെ പാകിസ്ഥാനെതിരായ വിദ്വേഷം വിതക്കാനാണ് ശ്രമം.
മുമ്പ് മറ്റു പല കാമ്പസുകളിലും ഇത്തരം പ്രദര്‍ശനങ്ങള്‍ക്കിടെ മുസ്ലീം വിദ്യാര്‍ത്ഥികളെ ഹിന്ദുത്വ ആള്‍ക്കൂട്ടം മര്‍ദിക്കുകയും ആക്രമിക്കുകയും മറ്റും ചെയ്തിട്ടുണ്ട്. പൊള്ളയായ ദേശീയതാവാചാടോപങ്ങളെ തൃപ്തിപ്പെടുത്താനും വിദ്വേഷം നിയമാനുസാരമാക്കാനുമുള്ള മാര്‍ഗമായി ഒരു മനോഹരമായ കളിയെ ചുരുക്കുന്നത് ദയനീയവും അങ്ങേയറ്റം അപലപനീയവുമാണ്.

ഇത്തരത്തിലുള്ള ആക്രമണാത്മക ദേശീയ ഭാവങ്ങള്‍ ദേശീയതയുടെ പൊള്ളത്തരത്തെ അടയാളപ്പെടുത്തുന്നു, അത് അടിസ്ഥാനപരമായി മാനവികതയുടെ അന്തസ്സും വൈവിധ്യവും നിഷേധിക്കുന്നു. സ്‌പോര്‍ട്‌സിനെ നിരന്തരം വെറുപ്പാക്കി മാറ്റുന്നത് അപരനെ സൃഷ്ടിക്കാനുള്ള ഹിന്ദുത്വയുടെ ആവശ്യത്തിന്റെ പ്രതിഫലനമാണ്. അപരനില്ലെങ്കില്‍ അവരുടെ ദേശീയതയ്ക്ക് നിലനില്‍ക്കാനാവില്ലല്ലോ.
എബിവിപിയുടെ ദേശീയതാ വൈകല്യങ്ങളും വെറുപ്പിനുള്ള വിശപ്പും ഒരു രാജ്യത്തെ ജനങ്ങളുടെ അന്തസ്സ് ചോദ്യം ചെയ്യപ്പെടാന്‍ കാരണമാകുന്നത് അനുവദിക്കാനാവില്ല.

അര്‍ജന്റീന , ബ്രസീല്‍ , ഇന്ത്യ , ഓസ്‌ട്രേലിയ , ഇംഗ്ലണ്ട് തുടങ്ങി ഏതു ടീമിനെയും ഒരാള്‍ക്ക് പിന്തുണക്കാം, അതില്‍ തെറ്റൊന്നുമില്ല; എന്നാല്‍ പാകിസ്ഥാനെയോ? പാകിസ്ഥാനിലെ മികച്ച ചില കളിക്കാരുടെ പ്രകടനങ്ങള്‍ കണ്ട് ആര്‍പ്പുവിളിക്കാന്‍ എന്നെങ്കിലും ഇന്ത്യന്‍ ദേശീയതയുടെ സങ്കുചിതത്വം പൗരനെ അനുവദിക്കുമോ?

ഇന്ത്യ-പാകിസ്ഥാന്‍ മത്സരം മാത്രം പ്രദര്‍ശിപ്പിക്കുകയും ഇത്തരം വിദ്വേഷപ്രകടനങ്ങള്‍ കാണിക്കുകയും ചെയ്യുന്നതിലൂടെ ഇന്ത്യയുടെ വിജയം കാണലല്ല എബിവിപിയുടെ ലക്ഷ്യമെന്ന് വ്യക്തം. അവര്‍ ‘ശത്രു’വെന്ന് കരുതുന്നവരുടെ പരാജയം കാണുന്നതിലുള്ള സാഡിസ്റ്റ് സുഖമാണിതിന് പിന്നില്‍.
മുസ്‌ലിംകളെല്ലാം പാകിസ്ഥാനിലേക്ക് പോകണമെന്ന ഹിന്ദുത്വ സംഘടനകളുടെ ആഹ്വാനത്തിലൂടെ ഹിന്ദുത്വയുടെ നിഘണ്ടുവില്‍ പാകിസ്ഥാന് ഒരു പുതിയ അര്‍ഥം തന്നെയാണുള്ളത്. അത്തരമൊരു സന്ദര്‍ഭത്തില്‍, വംശീയമായ പാകിസ്ഥാന്‍ വിദ്വേഷം മുസ്‌ലിം വിദ്വേഷം തന്നെയാണ്. അതുണ്ടാകുന്നത് മുസ്‌ലിം ഉന്മൂലനത്തിനുള്ള ഉന്മാദത്തില്‍ നിന്നാണ്. എബിവിപിയുടെ ഈ പ്രദര്‍ശനങ്ങള്‍ കാമ്പസിന്റെ ഐക്യം തകര്‍ത്ത് വിദ്വേഷവും ഇസ്‌ലാമോഫോബിയയും നിറഞ്ഞ അന്തരീക്ഷം സൃഷ്ടിക്കുന്ന പരമ്പരയുടെ ഭാഗമാണെന്ന് ഫ്രറ്റേണിറ്റി മൂവ്‌മെന്റ് കരുതുന്നു.

(ഫ്രറ്റേണിറ്റി മൂവ്മെൻ്റ് ഹൈദരാബാദ് സർവകലാശാല ഘടകം പുറത്തിറക്കിയ പ്രസ്താവനയുടെ വിവർത്തനം)

By Editor