Erazed: ബുൾഡോസർ ഫാഷിസത്തിൻ്റെ രൂപഭാവങ്ങളിലൂടെ ഒരു ഡോക്യുമെൻ്ററി

നമ്മുടെ രാജ്യം കൂടുതൽ സങ്കീർണമായ യാഥാർഥ്യങ്ങളെ അഭിമുഖീകരിക്കുന്നു. സാമൂഹിക യാഥാർഥ്യത്തിൽ നിന്ന് സംഘ്പരിവാർ ഫാസിസം രാഷ്ട്രീയ മൂർത്തത കൈവരിക്കുമ്പോൾ ഇന്ത്യൻ സാമൂഹിക മണ്ഡലം കൂടുതൽ സങ്കീർണമായ സ്ഥിതിവിശേഷത്തിലൂടെ കടന്നുപോകുന്നു. ജാതി വിവേചനങ്ങളും വർഗീയാഹ്വാനങ്ങളും ദ്രുവീകരണ അജണ്ടകളുമെല്ലാം പയറ്റി അധികാരത്തിൽ എത്തിനിൽക്കുന്ന സംഘ്പരിവാർ ഫാസിസത്തെ പഴയ വീക്ഷണകോണിൽ നിന്ന് കൊണ്ട് മാത്രം ഇനിയും വിശകലനങ്ങൾ നടത്തുന്നത് അധികാര രാഷ്ട്രീയത്തിൽ എത്തുന്നതോടെ ഫാസിസ്റ്റ് നടപടിക്രമങ്ങളിൽ വരുന്ന മാറ്റത്തെ മനസിലാക്കാൻ പര്യാപ്തമല്ലാതെ വരും.

അധികാര രാഷ്ട്രീയത്തിലെ സംഘ്പരിവാർ ഫാസിസത്തിന്റെ രൂപഭാവങ്ങൾ വ്യക്തമാക്കുന്ന ഏറ്റവും സമകാലികമായ ഒരു ഡോക്യുമെൻ്ററി ആണ് മക്തൂബ് മീഡിയ പുറത്തിറക്കിയ Erazed: Documentary on India’s bulldozer justice against Muslim dissent.

പൗരത്വ പ്രക്ഷോഭത്തെ തുടർന്നും പിന്നീടുണ്ടായ ചെറുതും വലുതുമായ മുസ്‌ലിം വിഷയങ്ങളിലുള്ള പ്രതിഷേധങ്ങളിൽ ഒക്കെയും ഭാഗഭാക്കായ ആളുകളെ ഭരണകൂടം തിരഞ്ഞുപിടിച്ച് വേട്ടയാടുന്നു, ഇന്നും വേട്ടയടികൊണ്ടിരിക്കുന്നു. പ്രക്ഷോഭങ്ങളുടെ തുടക്കത്തിൽ തന്നെ അറസ്റ്റിൽ ആയ ഷർജീൽ ഇമാമിനെ പോലുള്ളവർ ഇന്നും ജയിലിലാണ്.അതിന്റെ തുടർച്ചയിൽ രാജ്യത്തെ മുസ്‌ലിംകളുടേതടക്കമുള്ളവരുടെ ദൈനംദിന ജീവിതത്തിൽ വരെ ഇടപെടുകയും ഇല്ലാതാക്കുകയും ചെയ്യുക എന്നതാണ് ഇന്ന് സംഘ്പരിവാർ നടത്തിക്കൊണ്ടിരിക്കുന്ന ഏറ്റവും ക്രൂരമായ വിനോദം. ഒരു ഭാഗത്ത് മുസ്‌ലിംകളെ വംശീയമായി ഉൻമൂലനം ചെയ്യാനുള്ള പദ്ധതികൾ നിയമപ്രബല്യത്തിൽ കൊണ്ടുവരിക, മുസ്‌ലിംകൾക്കെതിരായി കോടതി വിധികൾ അടക്കം മാറ്റിമറിക്കുക, മുഖ്യധാരയിലെ വിവിധ മേഖലകളിൽ സ്വാധീനമുള്ള മുസ്‌ലിം പ്രാതിനിധ്യങ്ങളെ ഇല്ലാതാക്കുക തുടങ്ങിയ ശ്രമങ്ങൾ നടക്കുമ്പോൾ തന്നെ മറുഭാഗത്ത് ഒരു സാധാരണ മുസ്‌ലിമിന്റെ നിത്യജീവിതത്തെ പോലും അസ്ഥിരപ്പെടുത്തി ഇവിടെ ഇനി ഒരു ദിവസംപോലും ജീവിക്കാൻ സാധിക്കില്ല എന്ന് അവരെക്കൊണ്ട് തന്നെ തോന്നിപ്പിക്കുന്ന വിധത്തിൽ ഇടപെടുക.അതിന്റെ ഭാഗമായാണ് വിവിധ പ്രക്ഷോഭങ്ങളിൽ പങ്കെടുക്കുന്നവരെ തിരഞ്ഞുപിടിച്ചു അവരുടെ സമ്പാദ്യങ്ങൾ ബുൾഡോസർ ഉപയോഗിച്ച് തകർത്തുകളയുക എന്നത്. ഈ ഡോകുമെന്ററി നമ്മുടെ മുന്നിലേക്ക് വെക്കുന്ന ഒന്നാമത്തെ സംഗതി ഇതാണ്.

വീടുകളും കടകളും ബുൾഡോസർ ഉപയോഗിച്ച് തകർക്കപ്പെടുന്നതിന് മുന്നോടിയായി അവിടങ്ങളിൽ ഉള്ള സാധന സാമഗ്രികൾ പോലും എടുത്ത് മാറ്റാനുള്ള സാവകാശമോ അനുവാദമോ അവർക്ക് ലഭിച്ചിരുന്നില്ല. അഥവാ തകർക്കുക മാത്രമല്ല പുനരധിവാസത്തിന് പോലും സാധ്യത നൽകാത്ത വിധം ഇല്ലാതാക്കുക എന്നതായിരുന്നു അവരുടെ പദ്ധതി. ഇതിലൂടെ ഭരണകൂടം വ്യക്തമായി പറയുന്നത്: ഇനി മുതൽ മുസ്‌ലിംകൾ പ്രതിഷേധിക്കുന്നതിനോട് ഒറ്റ സമീപനമേയുള്ളൂ നിങ്ങളെ ഇല്ലാതാക്കുക!

ഇങ്ങനെ സമ്പാദ്യങ്ങളെ തകർത്ത് കളഞ്ഞതിന് ശേഷവും ഭരണകൂടം ഇവരെ വിടാതെ പിടിക്കുന്നുണ്ട്. മറ്റു അവകാശങ്ങൾ ലഭിക്കാതിരിക്കാനും ഇതര ജനവിഭാഗങ്ങളുടെ മനസിൽ വിദ്വേഷം ഉണ്ടാക്കാനുമായി ഇവർ രാജ്യത്ത് അനധികൃതമായി കുടിയേറിയ ആളുകളാണ് എന്ന പ്രചാരണം നടത്തി സാമൂഹികമായി ഒറ്റപ്പെടുത്താനുള്ള ശ്രമങ്ങളും നടത്തുന്നു. മുസ്‌ലിംകളിലെ പിന്നോക്ക വിഭാഗമാണ് ഇത്തരത്തിൽ നടപടികൾ നേരിട്ടതിൽ വലിയൊരു ശതമാനം .അനധികൃത കുടിയേറ്റക്കാർ ആയതുകൊണ്ട് മറ്റൊരു ജോലിപോലും ലഭിക്കാതെ എല്ലാംകൊണ്ടും ഇവരുടെ ജീവിതങ്ങൾ ദുസ്സഹമായി തീരുന്നു. അവരുടെ തന്നെ വാക്കുകളിൽ: “പെരുന്നാൾ ദിവസങ്ങൾ പോലും ഞങ്ങൾക്ക് മരണ വീട് പോലെയാണ്, ഭക്ഷണമില്ലാതെ എങ്ങനെയാണ് പെരുന്നാൾ ഉണ്ടാകുക? എത്രകാലം ഞങ്ങൾ ഇങ്ങനെ കഴിയേണ്ടി വരും?”

ഭരണകൂടത്തിന്റെ ഭാഗത്തുനിന്നുള്ള ഇത്തരമൊരു നീക്കം യഥാർത്ഥത്തിൽ യാദൃശ്ചികമായ നീക്കമായിരുന്നു. കാലങ്ങളായി ഇവിടെയുള്ള മുസ്‌ലിംകൾ അടക്കമുള്ളവർ വിവിധങ്ങളായ അക്രമങ്ങളിലൂടെയും മറ്റുമൊക്കെ അനുഭവിച്ച് തന്നെയാണ് ഇവിടെവരെ എത്തിയത് എന്നാൽ അതിൽ നിന്ന് വ്യത്യസ്തമായി കൂടുതൽ ശക്തമായ ഉന്മൂലന പദ്ധതികൾക്കാണ് ഭരണകൂടം ആസൂത്രണം ചെയ്യുന്നത് എന്ന് തീർച്ചയായും ചിന്തിക്കേണ്ടുന്ന ഒരു അവസ്ഥയാണ് നിലവിലുള്ളത്.

ഏറ്റവും പ്രധാന പ്രശ്നം ഇത്തരമൊരു സാമൂഹിക യാഥാർത്ഥ്യത്തെ അടയാളപ്പെടുത്താനും പ്രതിരോധിക്കുവാനുമുള്ള സാമൂഹിക രാഷ്ട്രീയ സംവിധനങ്ങളുടെ വിഭവ ദൗർലഭ്യമാണ്. നിർണായകമായ ഘട്ടത്തിൽ വൃന്ദ കാരാട്ടിനെ പോലുള്ള രാഷ്ട്രീയ നേതാക്കൾ ഇടപെട്ടത് വിഷയത്തിന്റെ ഗൗരവത്തെ കൂടുതൽ ശ്രദ്ധേയമാക്കുമ്പോഴും അത് കേവലം ഒറ്റപ്പെട്ട സംഭവം മാത്രമായി മാറുന്നു. സമീപകാലത്ത് നടന്ന ഭരണകൂടത്തിന്റെ നേതൃത്വത്തിലുള്ള ഈ തകർക്കൽ നടപടികൾ ഒക്കെ വേണ്ടവിധത്തിലുള്ള നിയമങ്ങൾ പാലിക്കാതെയാണ് എന്ന യാഥാർഥ്യം നിലനിൽക്കുമ്പോഴും അതിനെ കൃത്യമായി നിയമപരമായി തന്നെ നേരിടാനോ അനിവാര്യമായ മാധ്യമ ശ്രദ്ധ ഉണ്ടാക്കുന്നതിലോ രാഷ്ട്രീയസംവിധാനങ്ങൾ പരാജയപ്പെടുന്നു അത്തരമൊരു ഇടത്തിൽ ഈ ഡോകുമെന്ററി അനിവാര്യമായ ഇടപെടലാണ് നടത്തുന്നത്.

രണ്ട് രീതിയിലുള്ള പ്രതികരണങ്ങളാണ് സവിശേഷമായും നമ്മുടെ സാമൂഹിക മണ്ഡലത്തിൽ ഉള്ളത്. ഒന്ന് ഭരണകൂടത്തിന്റെ ഭാഗത്ത് നിന്നുള്ള സമീപനമാണ്. രാജ്യത്തെ മുസ്‌ലിംകളെ സംബന്ധിച്ച് അവർക്ക് ഇവിടെ ജീവിക്കാതിരിക്കാൻ എന്തൊക്കെ ചെയ്യാൻ പറ്റുമോ അതൊക്കെയും പ്രത്യക്ഷത്തിൽ തന്നെ ചെയ്യുക എന്ന നിലക്ക് ഭരണകൂടം മാറി കഴിഞ്ഞു. രണ്ട്,അതിനോടുള്ള മുസ്‌ലിം, ഇതര ജനവിഭാഗങ്ങളുടെ സമീപനമാണ്. ഈ പ്രതികരണങ്ങൾ വ്യത്യസ്തങ്ങളായ മാനം കൈവരിക്കേണ്ടത് കൂടിയാണ്. നിലവിൽ വീടും കടകളും നഷ്ടപ്പെടുന്ന ആളുകളെ പുനരധിവസിപ്പിക്കാനും മറ്റും വിവിധ മുസ്‌ലിം, മുസ്‌ലിമേതര ചാരിറ്റി സംഘടനകളുടെയും അല്ലാതെയൊക്കെയും ശ്രമങ്ങൾ നടക്കുന്നുണ്ട്. അത്തരം അടിയന്തര നടപടികൾ കൈകൊള്ളുമ്പോൾ തന്നെ ഒരു സമുദായം എന്ന നിലക്കുള്ള മുസ്‌ലിംകളുടെ സുസ്ഥിരത ഉറപ്പാക്കുക എന്ന ദൗത്യം കൂടി ഏറ്റെടുക്കപ്പെടേണ്ടതുണ്ട്. അവ പ്രധാനമായും രണ്ട് കാര്യങ്ങളിൽ സവിശേഷ ശ്രദ്ധ ചെലുത്തേണ്ടതുമാണ്. ഒന്ന്,സാമ്പത്തിക ഭദ്രത ഉറപ്പ് വരുത്തുക എന്നതാണ്. ഇന്ന് രാജ്യത്ത് ഏറ്റവും പിന്നോക്കം നിൽക്കുന്ന ജനവിഭാഗങ്ങളിൽ പ്രധാനപ്പെട്ട ഒരു കൂട്ടർ ഇവിടെയുള്ള മുസ്‌ലിം സമുദായമാണ്. അതിനാൽ തന്നെ അവരെ സാമ്പത്തികമായി ഉയർത്തി കൊണ്ടുവരിക എന്നത് ശ്രമകരമായ ദൗത്യവുമാണ് എന്നാൽ കേവലമായ ചാരിറ്റി പ്രവർത്തനങ്ങൾക്ക് ഉപരിയായി ഈയൊരു ലക്ഷ്യത്തെ മുൻനിർത്തിയെങ്കിലും വിവിധ മുസ്‌ലിം വിഭാഗങ്ങൾ അവരുടെ കർമപദ്ധതികൾ കൂടുതൽ ശക്തമായി ആസൂത്രണം ചെയ്യണം. രണ്ട്, അതോടൊപ്പം തന്നെ പ്രസക്തമായ ഒന്നാണ് രാഷ്ട്രീയമായ സംഘാടനവും. മുസ്‌ലിംകൾ ആശയപരമായി തന്നെ കേവല സമുദായം എന്നതിനപ്പുറം രാഷ്ട്രീയ സമൂഹം കൂടിയാണ്. എന്നാൽ ഇന്നത്തെ ഇന്ത്യൻ മുസ്‌ലിം രാഷ്ട്രീയത്തിന്റെ നിർവാഹകത്വത്തിൽ വലിയൊരു വിഭാഗം മുസ്‌ലിംകളും ഇതിൽ നിന്ന് പുറത്ത് നിൽക്കുന്നവരാണ്. പിന്നോക്കമായ മുസ്‌ലിം ജനവിഭാഗങ്ങളെ അവരുടെ ദൈനംദിന ജീവിതത്തിലെ പ്രശ്നങ്ങൾ പരിഹരിക്കാൻ ഇടപെടുക എന്നതോടപ്പം തന്നെ സാമ്പത്തികവും രാഷ്ട്രീയവുമായ സംഘാടനത്തിലൂടെ രാജ്യത്ത് അന്തസ്സ് ഉള്ളൊരു സമൂഹമായി കൂടി മുസ്‌ലിംകൾ പരിവർത്തിക്കപ്പെടേണ്ടതുണ്ട്. അത്തരം ശ്രമങ്ങൾക്കുള്ള പലതരം പരിശ്രമങ്ങളിൽ ഒന്നാണ് ഇത്തരം ഡോക്യൂമെൻ്ററികൾ.

By ആത്തിഫ് ഹനീഫ്