മൗദൂദിയുടെ പുസ്തകങ്ങളല്ല, ഭീകരത നിറച്ച ഈ കത്താണ് വലിച്ചെറിയേണ്ടത്

‘Only that historian will have the gift of fanning the spark of hope in the past who is firmly convinced that even the dead will not be safe from the enemy if he wins. And this enemy has not ceased to be victorious.’ – Walter Benjamin, Theses on the Philosophy of History.

അബുല്‍ അഅ്‌ലാ മൗദൂദി, സയ്യിദ് ഖുതുബ് എന്നീ പണ്ഡിതര്‍ക്ക് അസാധാരണ മാധ്യമശ്രദ്ധ നേടിക്കൊടുത്തതിന് നരേന്ദ്രമോദിക്ക് 25 ഹിന്ദു ‘അക്കാമദമീഷ്യര്‍’ അയച്ച കത്തിന് നന്ദി. “ഹൈന്ദവ സമൂഹത്തിനും, സംസ്‌കാരത്തിനും നാഗരികതയ്ക്കും നേരെ നടക്കുന്ന ഒടുങ്ങാത്ത അക്രമങ്ങള്‍ ഇത്തരം അധ്യാപനങ്ങളുടെ ഫലമാണ്” എന്നാരോപിച്ചു കൊണ്ട് അലിഗഢ്, ജാമിഅ മില്ലിയ, ഹംദര്‍ദ് എന്നീ ‘ഇസ്‌ലാമിക’ സര്‍വകലാശാലകളിലെ “ജിഹാദി പാഠ്യപദ്ധതി പൂര്‍ണമായും നിരോധിക്കണമെന്നാണ്” ആ കത്തിലൂടെ അവര്‍ ആവശ്യപ്പെട്ടത്. കത്തിന്റെ മുഖ്യഉന്നം മൗദൂദിയാണ്.

സയ്യിദ് ഖുതുബ്

വളരെ അനുസരണയോടെ വേഗം തന്നെ അലിഗഢ് സര്‍വകലാശാല മൗദൂദിയുടെത് മാത്രമല്ല കത്തില്‍ പരാമര്‍ശമില്ലാത്ത ഖുതുബിന്റെ പുസ്തകങ്ങളും നീക്കം ചെയ്തു. നിരോധനവാര്‍ത്തയില്‍ ഖുതുബിനെ തുര്‍ക്കിക്കാരനായും മൗദൂദിയെ പാകിസ്ഥാനിയായും ആണ് ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ട് ചെയ്തത്. ഖുതുബ് (മരണം 1966) ഈജിപ്തുകാരനും മൗദൂദി (1903-1979) ഇന്ത്യന്‍- പാകിസ്ഥാനിയും ആണെന്നതാണ് വസ്തുത.

നിരോധനത്തെ ആവശ്യപ്പെട്ടു കൊണ്ടുള്ള ആ കത്ത് വിദ്വേഷപൂര്‍ണമാണ്. നികൃഷ്ടമായ ലക്ഷ്യങ്ങളോടെ തെറ്റിദ്ധരിപ്പിക്കുന്ന സ്രോതസ്സുകളെ അടിസ്ഥാനമാക്കി അക്കാമദമിക വിജ്ഞാനത്തിന് പൂരകമല്ലാത്ത ഗൂഢാലോചനാ സിദ്ധാന്തങ്ങളുള്ള ഒന്ന്; മൗദൂദിയുടെ സമ്പന്നമായ പാണ്ഡിത്യത്തെക്കുറിച്ചും അതിന് അറിവില്ല. വിഭജനത്തിന് പ്രേരണ നല്‍കുന്ന ലാ കാള്‍ ഷ്മിത്തിന്റെ ശത്രു-മിത്രം രാഷ്ട്രീയത്തിന്റെ (Friend-enemy politics) പതിപ്പായ കൊളോണിയല്‍ വിജ്ഞാനത്തിന്റെ വിഷലിപ്തതയെ അതിജീവിച്ചതിന്റെ പേരില്‍ മാത്രം ഈ കത്ത് കയ്യടിയര്‍ഹിക്കുന്നു.

മൗദൂദിയുടെ പുസ്തകങ്ങളല്ല, ഭീകരത നിറച്ച ഈ കത്താണ് ഒരു നീതിയുക്തമായ ജനാധിപത്യം വലിച്ചെറിയേണ്ടത് എന്നാണ് എന്റെ വാദം.

25 ‘അക്കാമദിഷ്യരുടെ’ കത്തില്‍ എന്താണ് അക്കാദമികമായുള്ളത്?

‘ജിഹാദി ഇസ്‌ലാമിന്റെ തലതൊട്ടപ്പനെന്നാണ്’ കത്തില്‍ മൗദൂദിയെ വിളിച്ചിരിക്കുന്നത്. ‘ലോകത്താകമാനമുള്ള അമുസ്‌ലിംകളെ വംശഹത്യ നടത്താന്‍ മൗദൂദി ആഹ്വാനം ചെയ്യുന്നു’ എന്ന തരത്തില്‍ നീളുന്ന ദുരാരോപണങ്ങള്‍.

മൗദൂദിയുടെ പുസ്തകങ്ങള്‍ നിരോധിക്കാനുള്ള കത്തിലെ അന്തക്കേടിനെ അംഗീകരിച്ചാല്‍ തന്നെ അദ്ദേഹം ജനിക്കുന്നതിനും കാലങ്ങള്‍ക്കു മുമ്പേ നടന്നുപോന്ന അരുതായ്മകള്‍ക്ക് മൗദൂദി ഉത്തരവാദിയാകുന്നതെങ്ങനെ? കത്തിനു പിന്നാലെ അലിഗഢ് വൈസ് ചാന്‍സലര്‍ക്ക് മധു കിഷ്വര്‍ എഴുതിയ കുറിപ്പ് അതിനുത്തരമാകും. “ഇസ്‌ലാമിന്റെ മൗലിക പ്രമാണങ്ങളും അടിസ്ഥാനങ്ങളും അറിഞ്ഞുകൊണ്ടുതന്നെ..”..”ഞങ്ങളെ ഇനിയും മൂഢരാക്കാന്‍ ആവില്ല” എന്നു താക്കീത് രൂപേണ പറഞ്ഞുകൊണ്ട് സര്‍വകലാശാലക്കെതിരെ വഞ്ചനാകുറ്റം ആരോപിക്കുകയാണാ കുറിപ്പില്‍.

അപ്പോള്‍ ഇത് മൗദൂദിയുടെ മാത്രമല്ല, ഇസ്‌ലാം തന്നെയാണ് പ്രശ്‌നം. ഈ റഫറൻസില്ലാത്ത ഭാഗം നോക്കൂ:
“ഇന്ന് ഇസ്‌ലാമിസ്റ്റുകള്‍ കാഫിറുകളായി കാണുന്ന ആളുകളെ.. ഈ അക്രമാസക്തമായ പ്രത്യയശാസ്ത്രം ഇന്ത്യാ ഉപഭൂഖണ്ഡത്തില്‍ അനന്തമായ ഹിന്ദു ഹോളോകോസ്റ്റുകള്‍ സൃഷ്ടിച്ചിട്ടുണ്ട്…വൈദേശിക ഇസ്‌ലാമിക അധിനിവേശകര്‍…പറയാന്‍കൊള്ളാത്ത ക്രൂരതകള്‍ ചെയ്തവരാണ്…അമുസ്‌ലിംകളെ നിര്‍ബന്ധിച്ച് മതം മാറ്റുകയും, ലക്ഷക്കണക്കിന് ഹിന്ദു ആരാധനാലയങ്ങള്‍ തച്ചുതകര്‍ക്കുകയും…അവയെ മസ്ജിദുകളും ശവകുടീരങ്ങളുമാക്കി മാറ്റുകയും, ഞങ്ങളുടെ പവിത്രമായ ദേവീ-ദേവന്‍മാരുടെ മൂര്‍ത്തികളെ തച്ചുടക്കുകയും, ലക്ഷക്കണക്കിന് ഹിന്ദു സ്ത്രീകളെയും കുട്ടികളെയും തട്ടിക്കൊണ്ടുപോയി ലൈംഗിക അടിമകളാക്കി വില്‍ക്കുകയും ചെയ്തവര്‍..”

വിദ്വേഷപ്പക തുടര്‍ന്നുകൊണ്ട് കത്തില്‍ പലതും സന്ദര്‍ഭത്തില്‍ നിന്നടര്‍ത്തി പരാമര്‍ശിക്കുന്നു:
“അല്‍ ഖാഇദ, ഐസിസ്, ഹമാസ്, ഹിസ്ബുള്ള, മുസ്‌ലിം ബ്രദര്ഡഹുഡ്, താലിബാന്‍ തുടങ്ങിയ അന്താരാഷ്ട്ര തീവ്രവാദ സംഘടനകള്‍ മൗദൂദിയുടെ ആശയങ്ങളില്‍ നിന്നാണ് പ്രചോദനം ഉള്‍ക്കൊള്ളുന്നത്”

ഒരു യഥാര്‍ഥ അക്കാദമിക് ഒരിക്കലും തെളിവിന്റെ കണിക പോലുമില്ലാത്ത ഇത്തരം അന്തംകെട്ട പൊതുവല്‍ക്കരണം നടത്തില്ല. ഈ രീതി അക്കാദമിക് തര്‍ക്കപദ്ധതിക്കോ പാണ്ഡിത്യത്തിന്റെ കൃത്യതക്കോ ചേര്‍ന്നതല്ല. ഇത് കുതര്‍ക്കയുക്തിയാണ്.

“ജനസംഖ്യാ അധിനിവേശത്തിലൂടെ ഇന്‍ഡിക് നാഗരികതയുടെ അവശേഷിക്കുന്ന ശേഷിപ്പുകളെ നശിപ്പിക്കാനും തങ്ങളുടെ ജന്മഭൂമിയില്‍ നിന്ന് തദ്ദേശീയരുടെ അവകാശത്തെ പറിച്ചെടുക്കാനുമാണ്” മൗദൂദിയുടെയും മുസ്‌ലിംകളുടെയും ശ്രമം എന്നു പറഞ്ഞുകൊണ്ടുള്ള കത്തിന്റെ ഗൂഢചേതന വ്യക്തമാണ്. ഭീകരവാദികളായ ആന്ദ്രേ ബ്രീവികിൻ്റെയും ബ്രന്റണ്‍ ടാറന്റിൻ്റെയും മറ്റു ക്രിസ്ത്യന്‍ വംശീയ സംഘങ്ങളുടെയും ഗൂഢാലോചന സിദ്ധാന്തങ്ങളെ കവച്ചുവെക്കുന്നതാണിത്.

മൗദൂദിയും പ്രത്യയശാസ്ത്രവും പ്രചോദനവും ഭീകരവാദവും തമ്മില്‍ ബന്ധിപ്പിക്കുന്ന കത്തിലെ (അ)യുക്തികള്‍ വെച്ചാണെങ്കില്‍ ദലൈലാമയുടെ പുസ്തകങ്ങളും നിരോധിക്കേണ്ടി വരും. ഔം ഷിന്റിക്യോ എന്ന ഭീകരവാദ സംഘടനയുടെ വധിക്കപ്പെട്ട നേതാവ് ഷോകോ അസഹാറയെ അദ്ദേഹം ഇന്ത്യയില്‍ വെച്ച് കണ്ടുമുട്ടിയിരുന്നു. ‘കഴിവുറ്റ മതാധ്യാപകന്‍’ എന്നു വിളിച്ച് ദലൈലാമ അദ്ദേഹത്തെ വാഴ്ത്തുകയും മറ്റുപല രീതിയില്‍ പിന്തുണക്കുകയും ചെയ്തിട്ടുണ്ട്. വിശാലാര്‍ഥത്തിലാണെങ്കില്‍ പോലും അസഹാരയുടെ പ്രചോദനം ബുദ്ധമതവും ഹൈന്ദവതയുമായിരുന്നു. അദ്ദേഹത്തിന്റെ സംഘടനയുടെ പേരിലെ ഔം എന്നത് വേദങ്ങളിലെ ഓം ആണ്. മൗദൂദിയുടെ കാര്യത്തിലെന്ന പോലെ അസഹാര-ദലൈലൈമ-ഹൈന്ദവത/ബുദ്ധമതം- ഭീകരവാദം എന്നൊരു യുക്തിക്ക് സാധ്യതയില്ലേ?

ദലൈലാമ ഷോകോ അസഹാരയ്ക്കൊപ്പം

ഇസ്‌ലാമോഫോബുകളായ വി എസ് നായിപോളിനെയും പ്രവീണ്‍ സ്വാമിയുടെ വാര്‍ത്താറിപ്പോര്‍ട്ടുകളെയുമാണ് ‘തെളിവ്’ ആയി കത്തില്‍ ഉദ്ധരിക്കുന്നത്. ‘ആഗോള ഹിന്ദുത്വ നവരാശി’യെന്നാണ് “ഇസ്‌ലാം വിദ്വേഷത്തിന്റെ പേരിലറിയപ്പെടുന്ന” നായിപോളിൻ്റെ വിളിപ്പേര്. പ്രവീണ്‍ സ്വാമിയെയും സുല്‍ത്താന്‍ ഷാഹിനെയും (അയാളും കത്തിലുണ്ട്) പോലുള്ളവരുടെ ‘വിജ്ഞാനം’ 9/11 അനന്തര, ഇസ്‌ലാമിന്റെ സുരക്ഷാവല്‍ക്കരണപദ്ധതിയുടെ (securitization) ഭാഗമാണെന്ന് ഞാന്‍ മുമ്പ് വാദിച്ചിട്ടുണ്ട്. അതാകട്ടെ ഇസ്‌ലാമിനെക്കുറിച്ച് യഥാര്‍ഥ പാണ്ഡിത്യമല്ല, മിലിട്ടറി-വ്യവസായ-മാധ്യമ സങ്കരരൂപവും അതിൻ്റെ പ്രതിവിജ്ഞാനവുമാണ്.

മറ്റൊരു മൗദൂദി
മൗദൂദി എഴുതിയ മദന്‍ മോഹന്‍ മാളവ്യയുടെ ജീവചരിത്രം ആദ്യ പേജ്

അദ്ദേഹത്തെ വില്ലനാക്കാനുള്ള വ്യഗ്രതക്കിടെ മൗദൂദിയെന്ന വ്യക്തിയുടെ സങ്കീര്‍ണതയെക്കുറിച്ച് കത്ത് നിശബ്ദമാണ്. ഇന്ത്യയിലെ ഔറംഗബാദില്‍ ജനിച്ച് അബുല്‍ കലാം ആസാദിനെപ്പോലെ പാകിസ്ഥാനില്‍ അടക്കം ചെയ്യപ്പെട്ട മൗദൂദി കൗമാരപ്രായത്തില്‍ തന്നെ അസാമാന്യവ്യക്തിത്വമായിരുന്നു. പതിനാറാം വയസ്സില്‍ അദ്ദേഹം ഹിന്ദു മഹാസഭയുടെയും ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെയും നേതാവായ മദന്‍ മോഹന്‍ മാളവ്യയുടെ ജീവചരിത്രം എഴുതി പ്രസിദ്ധീകരിച്ചു. ‘ഹിന്ദുസ്ഥാന്റെ കഴിവുറ്റ പുത്രന്മാരില്‍ ഒരാളായി’ അദ്ദേഹത്തെ വിശേഷിപ്പിച്ച മൗദൂദി ജീവിതം ‘സമുദായത്തിന്റെയും (കൗം) രാജ്യത്തിന്റെയും (മുല്‍ക്ക്) സേവനങ്ങള്‍ക്കായി സമര്‍പ്പിച്ചതിൻ്റെ പേരിൽ മാളവ്യയെ അഭിനന്ദിക്കുന്നുമുണ്ട്.’

ബ്രിട്ടീഷുകാര്‍ പിടിച്ചെടുത്ത ഗാന്ധിയുടെ ജീവചരിത്രമെഴുതിയതും മൗദൂദിയായിരുന്നു. 1947 ഏപ്രിലില്‍, ജമാഅത്തെ ഇസ്ലാമിയുടെ ഒരു സമ്മേളനത്തില്‍ ഗാന്ധിജി പങ്കെടുത്ത് ഇങ്ങനെ പറഞ്ഞു: “ഞാന്‍ നിങ്ങളുടെ പ്രസംഗം ശ്രദ്ധാപൂര്‍വം ശ്രവിച്ചു, ഞാന്‍ വളരെ സന്തോഷവാനാണ്.” മൗദൂദിയെ ഒരു മതമൗലികവാദിയായി ചിത്രീകരിക്കാനുള്ള കത്തിന്റെ ശ്രമം കണക്കിലെടുക്കുമ്പോള്‍, അദ്ദേഹത്തെ ഒരു സാമ്പത്തിക ചിന്തകനായി കാണിക്കേണ്ടത് അത്യാവശ്യമാണ്. 1920-ല്‍ അദ്ദേഹം കൊളോണിയലിസത്തെക്കുറിച്ചും ഇന്ത്യയെ പാപ്പരാക്കാന്‍ അവര്‍ ഇവിടുത്തെ വിഭവങ്ങള്‍ എങ്ങനെ ഊറ്റിയെടുത്തുവെന്നും ഒരു വിമര്‍ശനം എഴുതി. ഇന്ത്യന്‍ തൊഴിലാളിവര്‍ഗത്തോടുള്ള ചൂഷണം ആഗോള മുതലാളിത്തവുമായി ജൈവികമായി ബന്ധപ്പെട്ടിരിക്കുന്നതായി അദ്ദേഹം വീക്ഷിച്ചു. ട്രേഡ് യൂണിയന്‍ പ്രസ്ഥാനത്തെയും അദ്ദേഹം പിന്തുണച്ചു. 1930-കളുടെ മധ്യത്തില്‍ ഇന്ത്യന്‍ രാഷ്ട്രീയം സമൂലമായി മാറി, മൗദൂദിയും. 1937-ലെ തിരഞ്ഞെടുപ്പും കോണ്‍ഗ്രസിന്റെ മന്ത്രിസഭാ രൂപീകരണവുമായിരുന്നു ആ വഴിത്തിരിവ്.

മൗദൂദിയെ സംബന്ധിച്ചിടത്തോളം കോണ്‍ഗ്രസ് ഭരണം ഒരു ‘ഹിന്ദു രാജ്’ പോലെയായിരുന്നു. കോണ്‍ഗ്രസ്-ജംഇഅത്തുല്‍ ഉലമേ ഹിന്ദ് സഖ്യത്തില്‍ മനംനൊന്ത് മൗദൂദി ‘ഇസ്ലാമിസ’ത്തിലേക്ക് തിരിഞ്ഞു. ഇസ്ലാമിസത്തെയും ജനാധിപത്യത്തെയും ശത്രുക്കളായി കത്തില്‍ രേഖപ്പെടുത്തുമ്പോള്‍, ജനാധിപത്യത്തെ റാഡിക്കലൈസ് ചെയ്ത മൗദൂദിയെ നാം കാണണം.

1938-ല്‍ അദ്ദേഹം എഴുതി: “ജനാധിപത്യത്തിന്റെ പൊരുളിനോട് വിസമ്മതിക്കാന്‍ സ്വബോധമുള്ള ഒരാള്‍ക്ക് കഴിയില്ല. ഹിന്ദുക്കള്‍, മുസ്‌ലിംകള്‍, അസ്പൃശ്യര്‍, സിഖുകാർ, ക്രൈസ്തവര്‍ എന്നിവരുള്‍ക്കൊള്ളുന്ന ഈ ഭൂപ്രദേശത്ത് നാമൊരു ഒറ്റ സമുദായമാണ്, അതുകൊണ്ട് തന്നെ ഭൂരിപക്ഷ സമുദായത്തിന്റെ താല്‍പര്യത്തിനനുസൃതമായി ഇവിടുത്തെ ഭരണകൂടം പ്രവൃത്തിക്കണം എന്നായിരിക്കും ഇവിടുത്തെ ജനാധിപത്യത്തിന്റെ രീതി. ഹിന്ദു ദേശീയതയും ഇന്ത്യന്‍ ദേശീയതയും ഒന്നായിമാറുന്നതിങ്ങനെയാണ്. ഹിന്ദുക്കളെയപേക്ഷിച്ച്, ഈ ജനാധിപത്യവ്യവസ്ഥയില്‍ നമ്മുടെ സമുദായത്തിന്റെ താല്‍പര്യങ്ങള്‍ ഹനിക്കപ്പെടുന്നത് നമ്മള്‍ ന്യൂനപക്ഷങ്ങളായതു കൊണ്ടാണ്”.

ജനങ്ങളുടെ വിശ്വാസം നഷ്ടപ്പെടുത്തിയ ജനപ്രതിനിധികളെ തിരികെ വിളിക്കാനുള്ള അവകാശത്തിനു വേണ്ടി വാദിച്ച അപൂര്‍വം രാഷ്ട്രീയ സൈദ്ധാന്തികനായിരുന്നു മൗദൂദി. ജനാധിപത്യത്തോടുള്ള അദ്ദേഹത്തിന്റെ പ്രതിബദ്ധത പുറംമോടിയായിരുന്നില്ല. അദ്ദേഹത്തിന്റെ പാര്‍ട്ടി സ്ഥിരമായി മത്സരരംഗത്തുള്ള പാകിസ്ഥാനില്‍ ഭരണകൂടം ശരീഅത്തിന്റെ നടപ്പാക്കലുകാരല്ല ജനഹിതം നടപ്പാക്കുന്നവരാവണമെന്ന് അദ്ദേഹം വാദിച്ചു.

മൗദൂദിയുടെ ചിന്തകളിലെ സങ്കീര്‍ണത മാറ്റിവെച്ചുകൊണ്ട് ചിന്തിച്ചാല്‍ അദ്ദേഹത്തിന്റെ പുസ്തകം നിരോധിക്കാനും ഇസ്‌ലാമിനെ പ്രതിസ്ഥാനത്തു നിര്‍ത്താനും ഉള്ള കത്തിന്റെ വ്യഗ്രത ഹൈന്ദവതയെ തദ്ദേശീയവും ഇസ്‌ലാമിനെ അക്രമാസക്തമായ അപരനും ആയിക്കാണുള്ള ഇന്‍ഡോളജിയില്‍ നിന്ന് കടമെടുത്തതാണ്. ‘ഹിന്ദുസ്ഥാന്‍’ എന്നത് ഉള്‍ക്കൊള്ളല്‍ ആശയവും മറിച്ച് ‘ഇന്ത്യ’ എന്ന ഹൈന്ദവതയ്ക്ക് പുറന്തള്ളല്‍ ആശയവും ആകുന്ന കൊളോണിയല്‍ ജ്ഞാനപദ്ധതി ചരിത്രകാരന്‍ മനാന്‍ ആസിഫ് വിശദീകരിക്കുന്നുണ്ട്. സ്വാഭാവികമായും മൗദൂദിയും ഇസ്‌ലാമിക പാഠ്യപദ്ധതിയും ‘ഇന്ത്യാവിരുദ്ധം’ ആയി കത്തില്‍ വരുന്നു.

അലിഗഢിൻ്റെ നിരോധനാജ്ഞ

മൗദൂദിയുടെയും ഖുത്വുബിന്റെയും പുസ്തകങ്ങള്‍ നിരോധിക്കാനുള്ള അലിഗഢ് സര്‍വകലാശാലയുടെ തീരുമാനം ഭീരുത്വമല്ലെങ്കില്‍, അമ്പരപ്പിക്കുന്നതാണ്.

ആദ്യമേ, ആ കത്ത് സര്‍വകലാശാലകളുടെ മേല്‍നോട്ടമുള്ള യുജിസിക്കായിരുന്നു, അല്ലാതെ പ്രധാനമന്ത്രിക്കല്ലായിരുന്നു അയക്കേണ്ടിയിരുന്നു. യുജിസി ആവശ്യപ്പെട്ടിരുന്നെങ്കില്‍ അലിഗഢ് സര്‍വകലാശാല നടപടിയെടുക്കാന്‍ നിര്‍ബന്ധിതരാകുമായിരുന്നു. അക്കാദമിക കാര്യങ്ങളെക്കുറിച്ചുള്ള രാഷ്ട്രീയ കത്തുകളുടെ ചുവട് പിടിച്ച് പുസ്തകങ്ങള്‍ നിരോധിക്കാനിറങ്ങുന്നത് അലിഗഢ് പോലുള്ള ഉയര്‍ന്ന സര്‍വകലാശാലകള്‍ക്ക് യോജിച്ചതല്ല. ‘ഇന്‍ഡിക്’ എന്നാലെന്തെല്ലാമാണ്, ബൗദ്ധിക സ്വാതന്ത്ര്യം, അക്കാദമിക സ്വയംഭരണം എന്നിവയെക്കുറിച്ച് സംവാദങ്ങള്‍ക്ക് തുടക്കമിടുന്നതിന് പകരം അന്യായവും ഭിന്നിപ്പുണ്ടാക്കുന്നതുമായ നിരോധനാവശ്യത്തിന് സര്‍വകലാശാല വഴങ്ങുകയാണുണ്ടായത്.

ഈ ലേഖനത്തിന്റെ തുടക്കത്തില്‍ സൂചിപ്പിച്ച വാള്‍ട്ടര്‍ ബെഞ്ചമിന്റെ വാക്യം സുരക്ഷയെക്കുറിച്ച് മാത്രമല്ല മരിച്ചുപോയവരുടെ മഹത്വത്തെക്കുറിച്ച് കൂടെയുള്ളതാണ്. പത്രത്തിലും ചാനലിലും തെരുവിലുമെല്ലാം മരിച്ചുപോയ ഔറംഗസേബ് ചക്രവര്‍ത്തിയെ ഭീഷണിപ്പെടുത്തുകയാണ്. ‘അക്കാമദിഷ്യരുടെ’ ഈ കത്താകട്ടെ മൗദൂദിയെ ‘ഔംറഗസേബ് മനസുള്ളയാള്‍’ എന്നാണ് വിളിക്കുന്നത്. രണ്ടു പേരും മരണമടഞ്ഞുകഴിഞ്ഞവരാണ്. എന്നിട്ടും ഔംറഗസേബും മൗദൂദിയും തുടര്‍ച്ചയായി ഭീഷണി നേരിടുന്നെങ്കില്‍ അതവര്‍ക്കല്ല ജീവിച്ചിരിക്കുന്ന നമ്മളോടുള്ളതാണ്.

വിവ: റമീസുദ്ദീൻ വി എം
Courtesy: The Wire

By പ്രൊഫ. ഇർഫാൻ അഹ്മദ്

Professor of Anthropology-Sociology at Ibn Haldun University, Istanbul, Turkey.