വായിച്ചു തീരവെ ആത്മാക്കളെപ്പോലെ പുസ്തകവും നെഞ്ചത്ത് കേറി ഇരിപ്പുറപ്പിച്ചു. ഇതാദ്യമായാണ് ഇങ്ങനെയൊരു അനുഭവം. പോരാട്ട കഥകൾക്ക് അങ്ങനെയൊരു പ്രത്യേകത ഒളിഞ്ഞിരിപ്പുണ്ടാകാം. പണ്ട് വല്ല്യുമ്മ പറഞ്ഞു തന്ന മുത്തശ്ശികഥയിലെ ഒരേടിനേക്കാൾ പലമടങ്ങ് വീറും വാശിയും കാണിച്ച മലബാർ സമര ചരിത്രത്തിന്റെ ഉള്ളറകൾ എന്നെ വല്ലാതെ തൊട്ടുണർത്തി. എന്റെ രാത്രികാല കഥാപാത്രങ്ങൾ പോലും വൈദേശികർക്കെതിരെ ഘോരമായ മുദ്രാവാക്യങ്ങൾ മുഴക്കി. അവയ്ക്കെല്ലാം ഒരേ താളവും സ്വരവുമായിരുന്നു.
യുഗാന്തരങ്ങൾക്കു ശേഷവും കഥാഖ്യാനത്തിന്റെ പോരിശ കുറയാതെ എഴുത്തി തിട്ടപ്പെടുത്തി, അന്വേഷണാത്മകതയോടെ ആഴങ്ങളിലേക്ക് ഇറങ്ങി ചെന്ന് അവയെ പുസ്തക രൂപേണ മികച്ച രീതിയിൽ കുറിച്ചു വെച്ച എഴുത്തുകാരൻ പി സുരേന്ദ്രന്റെ പ്രയത്നം ചെറുതല്ല. ഈ പുസ്തകം എന്നെ വായിപ്പിച്ചതിന് മറ്റൊരു ഘടകം കൂടി ഉണ്ടെന്നു പറയാം. പി സുരേന്ദ്രൻ എന്റെ ഗുരുനാഥനും കൂടിയാണ്. പൊന്നാനിയിൽ പഠിക്കുന്ന കാലത്ത് അറിവനുഭവങ്ങളിലൂടെ എഴുത്തിന്റെ മായിക ലോകത്തേക്കു ഞങ്ങളെ കൂട്ടി കൊണ്ടുപോയ സാഹിത്യ അധ്യാപകനായിരുന്നു പി സുരേന്ദ്രൻ. മാഷ് എഴുതിയ ‘അമ്മമ്മ’ എന്ന കഥ വായിച്ചു. പിന്നെയും പിന്നെയും മതിവരാതെ വന്നപ്പോ ഹൃദ്യസ്ഥമാക്കി കാമ്പസിലെ മരങ്ങൾക്കു മുമ്പിൽ നാടകമായി അവതരിപ്പിച്ചത് ഇന്ന് ഓർമ വരികയാണ്. എന്റെ അയൽ നാട്ടുകാരനും കൂടിയാണ് പി. സുരേന്ദ്രൻ. മലബാർ വിപ്ലവം നടന്ന പ്രദേശങ്ങളിലൂടെ സഞ്ചരിച്ച് ഗതകാല ചരിത്രശേഷിപ്പുകളെ അനുഭവേദ്യമായ രീതിയിൽ കോർത്തിണക്കിയ ‘1921 പോരാളികൾ വരച്ച ദേശ ഭൂപടങ്ങൾ’ തീർത്തും വ്യതിരിക്തമായ വായനാനുഭവം നൽകുമെന്ന് എനിക്കുറപ്പുണ്ട്. ചരിത്രകുതുകികൾക്ക് മാത്രമല്ല സഞ്ചാരികളുടെ രസതന്ത്രികൻ കൂടിയാവും ഈ പുസ്തകം.

രാജ്യസ്നേഹികളുടെ പുതിയകാല കണക്കെടുപ്പ് വലതുപക്ഷ രാഷ്ട്രീയം നടത്തുമ്പോൾ അവയിൽ ബോധപൂർവമായ മറവികൾ സാധ്യമാണ്. രാജ്യസ്നേഹത്തിനു മുമ്പിൽ ആത്മധൈര്യത്തോടെ വീറു കാട്ടി, അയിത്തോഛാടനം നടത്തിയ ഇതര മതസ്ഥരും ആ ചരിത്രങ്ങളിൽ ഒരു പക്ഷെ ഇല്ലാതയേക്കാം. മാപ്പെഴുതിക്കൊടുത്ത് സ്വയം വീരനെന്ന് എഴുതിയ സംഘപരിവാറുകാരന്റെ മാനിഫെസ്റ്റോയിൽ ആ രാജ്യസ്നേഹികൾ ഇല്ലാതാവുന്നതിൽ വലിയ അത്ഭുതമൊന്നുമില്ല. നിലവിൽ സത്യസന്ധമായ ചരിത്രത്തിന്റെ കണക്കെടുപ്പ് സാധ്യമാണ് എന്നിരിക്കെ മലബാർ സമരാഖ്യാനത്തെ യാത്രാകുറിപ്പിലൂടെ എഴുത്തുകാരൻ പി സുരേന്ദ്രൻ അടയാളപ്പെടുത്തിയത് ഏറെ പ്രശംസനീയം തന്നെ. സംഘപരിവാർ ആശയ പ്രചാരകർക്കുള്ള കടുത്ത പ്രഹരം കൂടിയാണ് ഈ പുസ്തകം.
ജർമൻ തത്വചിന്തകനും വിശ്വ പ്രസിദ്ധ എഴുത്തുകാരനുമായ വാൾട്ടർ ബെഞ്ചമിൻ ചരിത്രത്തെ മനോഹരമായി ചിത്രീകരിച്ചത് ‘ചരിത്രം ഭൂതകാലത്തിന്റെ കണക്കെടുപ്പ് അല്ല, മറിച്ച് ആപത് നിമിഷങ്ങളിൽ മനസ്സിലൂടെ മിന്നിമായുന്ന ഒരു ഓർമയെ കൈ എത്തി പിടിക്കലാണ് എന്നതാണ്’ വാസ്തവത്തിൽ ഈ രാജ്യത്തിന്റെ മതനിരപേക്ഷതയെ ചേർത്ത് പിടിക്കുന്ന വായനകളാണ് സാമ്രാജ്യത്വ അധിനിവേശ ശക്തികളെ തുരത്തിയ മലബാറിലെ വിപ്ലവ ചരിത്രങ്ങളുടേത്. ആ ദേശ ചരിത്രങ്ങളിലൂടെ സഞ്ചരിച്ച് വേദന തിന്നുന്ന ഓർമകളെ, ദേശസ്നേഹത്തിന്റെ ഉറുക്ക് കെട്ടിക്കൊടുത്ത ചോതിർഗോളങ്ങളെ ഈ പുസ്തകത്തിലൂടെ എഴുത്തുകാരൻ പരിചയപ്പെടുത്തുന്നുണ്ട്.
എം.പി നാരായണ മേനോൻ, മോഴികുന്നത്ത് ബ്രഹ്മദത്തൻ നമ്പൂതിരിപ്പാട്, പന്തല്ലൂർ താമി, മാളു ഹജ്ജുമ്മ, ആയിശ (ചക്കി) തുടങ്ങി മറ്റനേകം മഹാ മനീഷികളുടെ പോരാട്ട ചരിത്രം പേറുന്ന ദേശങ്ങളെ പരിചയപ്പെടുത്തി അവരുടെ തിരുശേഷിപ്പുകളെ വീണ്ടെടുത്ത ബൃഹത്തായ ഈ കൃതി അസഹിഷ്ണുതക്കെതിരെയുള്ള കൈകോർക്കലുകളെയാണ് പരിചയപ്പെടുത്തുന്നത്. അതിതീവ്രമായ വൈകാരിക മുഹൂർത്തങ്ങളാൽ സമ്പന്നമായ മലബാർ വിപ്ലവ പോരാട്ടങ്ങൾക്ക് നൂറ് വയസ്സ് തികയവെ കൈരളിക്ക് ഈ പുസ്തകം സമ്മാനിച്ചതിന് എഴുത്തുകാരന് നന്ദി.
ചുറ്റുവട്ടത്തുകൂടി സഞ്ചരിക്കവെ അടർന്നു പോകാൻ കിടക്കുന്ന വല്ല എടുപ്പുകളും കണ്ടാൽ ചികഞ്ഞൊന്നു അന്വേഷിക്കേണമേ എന്ന് ഈ പുസ്തകത്തിലൂടെ പഠിപ്പിച്ചു. പ്രൗഢമായൊരു ചരിത്രത്തിന്റെ ബാക്കിപത്രമായി ആൾത്തിരക്കില്ലാതെ ഒറ്റപ്പെട്ട് കിടക്കുക എന്നത് എത്രമേൽ ഭയാനകരമായിരിക്കും. ആ മന്ദിരങ്ങളൊക്കെയും പേറുന്ന ചരിത്രത്തെ നാം അറിഞ്ഞില്ലായെങ്കിൽ ആ രക്തസാക്ഷികളുടെ പാവനസ്മരണക്കു മുമ്പിൽ തലയുയർത്തി നിൽക്കാൻ പോലും നാം അർഹമില്ലാത്തവരായി മാറിക്കഴിഞ്ഞെന്നു വരും. പുസ്തകത്തിന്റെ പ്രസാധകരായ ടെൽബ്രെയ്ൻ ബുക്സും അണിയറ പ്രവർത്തകരും സഹയാത്രികരുമായ റഫീഖ് പെരുമുക്കും, കെ മണികണ്ഠനും വഹിച്ച പങ്ക് ചെറുതല്ലായിരിക്കാം. ധീരോദാത്തമായ സമര ചരിത്രത്തിലൂടെ യാത്ര ചെയ്ത് സത്യസന്ധമായ ആഖ്യാനങ്ങളെ പ്രമേയമാക്കി ഒരു യാത്രാ പുസ്തകം അവതരിപ്പിച്ചത് ഏറെ അഭിനന്ദനീയമാണ്.
മലബാർ സമര ചരിത്രത്തെ അന്വേഷിക്കുന്നവർ തീർച്ചയായും വായിച്ചിരിക്കേണ്ട പുസ്തകമായി ‘1921 പോരാളികൾ വരച്ച ദേശ ഭൂപടങ്ങൾ’ എന്ന ഈ കൃതിയെ അടയാളപ്പെടുത്തുന്നതിൽ തെറ്റില്ല. യാത്രാവിവരണത്തിൽ കേരള സാഹിത്യ അക്കാദമി അവാർഡു നേടിയ എഴുത്തുകാരനും കൂടിയാണ് പി.സുരേന്ദ്രൻ മാഷ്.