ബാബാസാഹിബ് അംബേദ്കറുടെ പുസ്തകത്തിന്, അതും ‘ജാതി നിര്‍മൂലനം’ എന്ന ഈ കൃതിക്ക് അവതാരിക എഴുതുക എന്നത് ഒരു മഹത്തായ അവകാശമായും അഭിമാനമായും ഞാന്‍ കരുതുന്നു. ഇതെഴുതാനുള്ള നിര്‍ദേശം സന്തോഷത്തോടും അഭിമാനത്തോടും കൂടിയാണു ഞാന്‍ സ്വീകരിച്ചത്. അംബേദ്കറുടെ പുസ്തകങ്ങള്‍ക്കു വേണ്ടി ആര്‍ത്തിയോടുകൂടി കാത്തിരിക്കുന്ന ദലിതുകളുടെയും മറ്റുള്ളവരുടെയും ആവശ്യം ഇതു നിറവേറ്റുമെന്നു തീര്‍ച്ചയാണ്. ഇതു വെറുമൊരു പുസ്തകമല്ല. ഞാന്‍ ഇത് ആദ്യമായി വായിച്ചപ്പോള്‍ എന്റെ രക്തം തിളച്ചുപൊങ്ങി. ബാബാസാഹിബിന്റെ ഏറ്റവും നല്ല പുസ്തകങ്ങളില്‍ ഒന്നാണിത്. ഇതെഴുതുമ്പോള്‍ ഗ്രന്ഥകര്‍ത്താവിന് എത്ര വയസ്സുണ്ടായിരുന്നുവെന്നു ഞാന്‍ കണക്കാക്കി നോക്കി. വെറും 46 വയസ്സു മാത്രമേ പ്രായമുണ്ടായിരുന്നുള്ളൂ എന്ന കാര്യം എന്നെ ഞെട്ടിച്ചുകളഞ്ഞു. ലോകത്തില്‍ മറ്റൊരു ഭാഗത്തും കാണപ്പെടാത്ത ജാതിവ്യവസ്ഥയെക്കുറിച്ച് ഇത്ര അത്യുജ്ജലമായ ഒരു പ്രബന്ധം ഇത്ര ചെറുപ്പത്തില്‍ അദ്ദേഹത്തിനെഴുതാന്‍ കഴിഞ്ഞല്ലോ എന്ന കാര്യമാണ് എന്നെ ഞെട്ടിച്ചത്.
ബുദ്ധനു ശേഷം ഇന്ത്യ കണ്ട ഏറ്റവും വലിയ മഹാനായിരുന്നു ബാബാസാഹിബ് എന്ന് 1979 നവംബര്‍ 18-24 ലക്കം ഇല്ലസ്ട്രേറ്റഡ് വാരികയില്‍ ഞാന്‍ എഴുതിയപ്പോള്‍ ഒട്ടനേകം പേര്‍ എനിക്കുനേരെ കണ്ണുരുട്ടി. ‘ഗാന്ധി എന്താ വലിയ ആളല്ലേ’ എന്നു പലരും ചോദിച്ചു. ഗാന്ധി ഉള്‍പ്പെടെ യുള്ള ആരോടും ഞങ്ങള്‍ക്കെതിര്‍പ്പില്ല. തുറന്ന മനസ്സോടുകൂടി (അത് ഇന്ത്യയില്‍ വളരെ അപൂർവമായേ കാണാറുള്ളൂ) ഈ പുസ്തകം വായിക്കുന്ന ഏതൊരാള്‍ക്കും അംബേദ്കറെക്കുറിച്ചുള്ള എന്റെ പ്രസ്താവന ശരിയാണെന്നു മനസ്സിലാക്കാന്‍ കഴിയും. ജാതിയെക്കുറിച്ച് ഏതാണ്ട് 3500-ല്‍ പരം പുസ്തകങ്ങള്‍ എഴുതപ്പെട്ടിട്ടുണ്ടെങ്കിലും ‘ജാതി നിര്‍മൂലന’മാണ് ഈ വിഷയത്തെക്കുറിച്ചുള്ള ഏറ്റവും നല്ല കൃതി. മറ്റു മിക്കപുസ്തകങ്ങളും പേരിനും പെരുമയ്ക്കും അവാര്‍ഡിനും റിവാര്‍ഡിനും വേണ്ടി എഴുതിയവയാണ്. എന്നാല്‍ ഈ പുസ്തകത്തെ സംബന്ധിച്ച് അതല്ല വാസ്തവം. ആത്മാർഥമായി നടത്തിയ ഗവേഷണത്തിന്റെ ഫലമാണ് ഇത്. അതുകൊണ്ട് ബാബാസാഹിബ് അംബേദ്കര്‍ ഈ രാജ്യം കണ്ടതില്‍ വെച്ച് ഏറ്റവും പ്രതിഭാശാലിയായ സാമൂഹ്യ ശാസ്ത്രജ്ഞനായി ചരിത്രം രേഖപ്പെടുത്തുകതന്നെ ചെയ്യും. ഈ പുസ്തകം സാമൂഹ്യശാസ്ത്ര വിദ്യാർഥികള്‍ക്കുള്ള ഒരു പാഠപുസ്തകമായി തിരഞ്ഞെടുക്കുകയാണെങ്കില്‍ അതിലെനിക്ക് അത്ഭുതം തോന്നുകയില്ല.
മൂന്നു തരത്തിലുള്ള ആളുകൾക്കു വേണ്ടിയാണ് അദ്ദേഹം പുസ്തകങ്ങള്‍ എഴുതിയത്: ഒന്ന്- രാഷ്ട്രീയ പ്രവര്‍ത്തകര്‍ക്കു വേണ്ടി. “കോണ്‍ഗ്രസ്സും ഗാന്ധിയും തൊട്ടുകൂടാത്തവര്ക്കു വേണ്ടി എന്തു ചെയ്തു?” (What
Congress and Gandhi have done to the Untouchables?) എന്ന പുസ്തകമെഴുതി. രണ്ട്- മതപ്രചാരകന്മാര്‍ക്കു വേണ്ടി “ബുദ്ധനും ധര്‍മവും” (Budha and his Dharma) എന്ന പുസ്തകം രചിച്ചു. മൂന്ന്- സാമൂഹ്യ പ്രവര്‍ത്തകര്‍ക്കു വേണ്ടി “ജാതിനിര്‍മൂലനം” എന്ന പുസ്തകം തയ്യാറാക്കി.
ബാബാസാഹിബ് അംബേദ്കർ ഒരു ഭീമാകാരപ്രതിമ പോലെയായിരുന്നു. ഈ രാജ്യത്തു മറ്റെല്ലാവരെക്കാളും മേലെ ചുമലും തലയും ഉയര്‍ത്തിപ്പിടിച്ചു നില്‍ക്കുന്ന ഒരു ഗംഭീരരൂപം. ലോകത്തിലെ ഏറ്റവൂം വലിയ ദാര്‍ശനികരുടെയും പ്രവാചകന്മാരുടെയുമിടയില്‍ വിരാജിക്കുന്ന ഒരു മഹാന്‍. അദ്ദേഹം തൊട്ടുനോക്കാത്ത ഒരു വിഷയവുമില്ല. ഖുറാൻ പോലെ, ബൈബിൾ പോലെ, ഗുരുഗ്രന്ഥു പോലെ സമാദരിക്കാന്‍ ബാബാസാഹിബിന്റെ കൃതികള്‍ ദലിതുകളുടെയും മറ്റെല്ലാ മർദിതന്യൂനപക്ഷങ്ങളുടെയും വിശുദ്ധഗ്രന്ഥങ്ങളായി പ്രഖ്യാപിക്കാനുള്ള നീക്കത്തെ അതുകൊണ്ടാണു ഞാന്‍ അകമഴിഞ്ഞു വാഴ്ത്തുന്നത്. മറ്റു വിശുദ്ധഗ്രന്ഥങ്ങള്‍പോലെ അംബേദ്കറുടെ ഗ്രന്ഥങ്ങളെയും നാം അനുദിനം വായിക്കുകയും ചിലഭാഗങ്ങള്‍ ഹൃദിസ്ഥമാക്കുകയും സംഘം ചേര്‍ന്ന് ഉരുവിടുകയും വേണം.

അദ്ദേഹത്തിന്റെ ഗ്രന്ഥങ്ങളുടെ മഹത്വം മേല്‍ജാതിക്കാര്‍ മനസ്സിലാക്കിത്തുടങ്ങിയിട്ടുണ്ട്. സമൂഹത്തെ ചലനാത്മകമാക്കാനുള്ള അവയുടെ ശേഷി അവര്‍ തിരിച്ചറിഞ്ഞുകൊണ്ടിരിക്കുന്നു. അവര്‍ ഈ ഗ്രന്ഥങ്ങള്‍ വായിച്ചു മനസ്സിലാക്കാന്‍ ശ്രമിച്ചുകൊണ്ടിരിക്കുകയാണ്. പക്ഷേ, ഇവയൊക്കെ ദലിതര്‍ക്കുവേണ്ടി മാത്രമായി രചിക്കപ്പെട്ടതാണെന്ന ഒരു തെറ്റിദ്ധാരണ ഇപ്പോഴും അവർക്കുണ്ട്.
വിശ്വസിക്കാന്‍ താത്പര്യമുള്ളതേ ഹിന്ദുക്കള്‍ വിശ്വസിക്കുകയുള്ളൂ. അജ്ഞാനികളായ ആ മേൽജാതിക്കാരോടു ഞങ്ങൾക്കു പറയാനുള്ളത് ജാതിനിർമൂലനം”ദലിതരെയല്ല, മേൽജാതിക്കാരെയാണ് അഭിസംബോധന ചെയ്യുന്നത് എന്നതാണ്; പ്രത്യേകിച്ചും സ്വന്തം ജാതിക്കുപരിയായി ഈ രാജ്യത്തെ പ്രതിഷ്ഠിക്കാന്‍ അഭിലഷിക്കുന്ന മേല്‍ജാതികളില്‍ പെട്ട നല്ല മനുഷ്യരെയാണ്.
അടുത്തകാലം വരെ ഹിന്ദുക്കളുടെ വീടുകളിലും മരണം, വിവാഹം മുതലായ ചടങ്ങുകളിലും മാത്രമുള്ള ഒരു സ്വകാര്യ പ്രശ്നമായി ഒതുങ്ങി നിൽക്കുകയായിരുന്ന ജാതി, ഇന്ന് അവിടം വിട്ട് ഇന്ത്യന്‍ സാമൂഹ്യജീവിതത്തിന്റെയും സാമ്പത്തികജീവിതത്തിന്റെയും അഭേദ്യ ഭാഗമായിത്തീർന്നിരിക്കുന്നു. ഒരാള്‍ക്കു തൊഴിൽ ഉണ്ടാക്കിക്കൊടുക്കാനും അത് ഇല്ലാതാക്കാനും ജാതിക്കു കഴിയും. തെരെഞ്ഞെടുപ്പ് മത്സരം നടക്കുന്നത് ജാതിയുടെ അടിസ്ഥാനത്തിലാണ്. ഡോ. അംബേദ്കർക്കു ശേഷം ഇന്ത്യ കണ്ട ഏറ്റവും വലിയ നേതാവായിരുന്ന ജഗജീവൻ റാമിന് ഈ രാജ്യത്തിന്റെ പ്രധാനമന്ത്രിയാകാനുള്ള അവസരം രണ്ടു പ്രാവശ്യം ലഭിച്ചിട്ടും ആ പദവിയില്‍ അദ്ദേഹത്തിനെത്താന്‍ കഴിയാതെ പോയത് അദ്ദേഹത്തിന്റെ ജാതി ഒന്നു കൊണ്ടു മാത്രമാണ്. മുഖ്യമന്ത്രിമാരായിരുന്ന ബീഹാറിലെ കർപ്പൂരി താക്കൂറിനെയും ഗുജറാത്തിലെ സോളാങ്കിയെയും തത്സ്ഥാനങ്ങളില്‍ നിന്നു പുറത്താക്കിയത് ജാതി കാരണമാണ്. ഇന്ത്യയില്‍ എല്ലാ കാര്യങ്ങളും തീരുമാനിക്കപ്പെടുന്നത് ജാതിയുടെ അടിസ്ഥാനത്തിലാണ്. നമ്മുടെ മാര്‍ക്സിസ്റ്റുകാര്‍ പോലും ജാതിയുടെ അടിമകളാണ്. ഏറ്റവും വലിയ രണ്ടു ജാതിയുദ്ധങ്ങള്‍ ഗുജറാത്തും അല്‍പം താണതോതിലുള്ളത് ഉത്തര്‍പ്രദേശ്, ബീഹാര്‍, മദ്ധ്യപ്രദേശ്, ആന്ധ്രപ്രദേശ്, കര്‍ണാടക എന്നീ സംസ്ഥാനങ്ങളും കണ്ടുകഴിഞ്ഞു. ഇന്ത്യന്‍ യാഥാർഥ്യം വർഗമല്ല, ജാതിയാണ്. അതുകൊണ്ട് ഇവിടെ നടക്കാന്‍ പോകുന്ന എല്ലാ സമരങ്ങളും ജാതിസമരങ്ങളായിരിക്കും. മരണമില്ലാത്ത ഈ സ്ഥാപനത്തിന് ഇങ്ങനെ അദ്വിതീയമായ ഒരു വ്യാഖ്യാനം നല്കി യ ബഹുമതിക്കര്‍ഹന്‍ അംബേദ്കറാണ്. ജാതിയുടെ അടിസ്ഥാനതത്വം അയിത്തമാണെന്നു ലോകത്തിനു
മനസ്സിലാക്കിക്കൊടുത്ത ആദ്യ വ്യക്തിയും ബാബാസാഹിബായിരുന്നു. ജാതിയുടെ അസ്തിവാരത്തിലാണ് ഹിന്ദുമതം നിലനില്ക്കുന്നത്. വിവേകാനന്ദന്‍, ഗാന്ധി മുതലായ സകല ഹിന്ദുക്കളും പരിഷ്കരിക്കാന്‍ ശ്രമിച്ചുവെങ്കിലും അവരെല്ലാം പരാജയപ്പെടാനുള്ള ഏകകാരണം, ഹിന്ദുമതം(ജാതി) പരിഷ്കരണത്തിനു വിധേ യമല്ലാതെ നില്‍ക്കുന്ന ഒരു സ്ഥാപനമായതു കൊണ്ടാണ്. ജാതിയെ അതുപോലെ നിലനിര്‍ത്തിക്കൊണ്ട് ഹിന്ദുമതത്തെ പരിഷ്കരിക്കാന്‍ സാധ്യമല്ല. നിങ്ങള്‍ ജാതിയില്‍ കൈവെക്കുകയാണെങ്കില്‍ ഹിന്ദുമതസൗധമൊന്നടങ്കം തകർന്നു തരിപ്പണമാകും. കാരണം ഹിന്ദുമതമെന്നതു ജാതിയല്ലാതെ മറ്റൊന്നുമല്ല.
ജാതിയെ അതുപോലെ നിലനിര്‍ത്തി അയിത്തം ഉച്ഛാടനം ചെയ്യാന്‍ ആഗ്രഹിച്ചതുകൊണ്ടാണ് ഗാന്ധി പരാജയപ്പെട്ടത്. തൊട്ടുകൂടായ്മയുടെഒരു വലിച്ചുനീട്ടലാണ് ജാതി. കർണാടകത്തില്‍ ബ്രാഹ്മണരുടെയിടയില്‍ സത്നാമിസ് എന്നൊരു ജാതിയുണ്ട്. ജാതിക്കോട്ടയുടെ ഉച്ഛസ്ഥാനത്തു നില്‍ക്കു ന്ന മറ്റെല്ലാ ബ്രാഹ്മണരും ഈ ഉപജാതിക്കാരെ അയിത്തജാതിക്കാരായിട്ടാണു കരുതിപ്പോരുന്നത്. അതുകൊണ്ടു അയിത്തം താണജാതിക്കാരായ തൊട്ടുകൂടാത്തവര്‍ക്ക് ഇടയില്‍ മാത്രം കാണുന്ന ഒരു സാമൂഹ്യപ്രതിഭാസമല്ല. ഗാന്ധിക്ക് ഇക്കാര്യം അറിയാമായിരുന്നുവെങ്കിലും ആ കടന്നല്ക്കൂട്ടില്‍ കൈയിടാന്‍ അദ്ദേഹം ഇഷ്ടപ്പെട്ടില്ല. അങ്ങനെ
ചെയ്താല്‍ കടന്നലിളകി അദ്ദേഹത്തെ ആസകലം കുത്തിനോവിക്കുമെന്ന് അദ്ദേഹത്തി ന് അറിയാമായിരുന്നു. ജാതി അതിന്റെ സ്ഥാനാർഥികൾക്കു പ്രദാനം ചെയ്ത പ്രത്യേക അവകാശങ്ങളില്‍ കൈവെക്കാതെ ഹിന്ദുമതത്തെ പരിഷ്കരിക്കാനാണ് അദ്ദേഹം ആഗ്രഹിച്ചത്.
ഈ രസിക്കാത്ത വസ്തുതകള്‍ ചൂണ്ടിക്കാണിച്ച ഇന്ത്യയിലെ ആദ്യത്തെ വ്യക്തി ഡോ. അംബേദ്കറായിരുന്നു. അതുകൊണ്ടാണ് അദ്ദേഹം ഇന്ത്യയിലെ ഏറ്റവും വെറുക്കപ്പെട്ട വ്യക്തിയായിത്തീര്‍ന്നത്. അതേസമയം ഗാന്ധി മഹാത്മാവായി അവരോധിക്കപ്പെട്ടു. ബാബാസാഹിബിനെപ്പറ്റി വിധി പറയാനുള്ള ചുമതല ഞങ്ങള്‍ ചരിത്രത്തി നു വിട്ടുകൊടുക്കുകയാണ്. 1936-ല്‍ പ്രസംഗിക്കാന്‍ ഉദ്ദേശിക്കപ്പെട്ടിരുന്ന അംബേദ്കറുടെ പ്രസംഗമാണ് ‘ജാതിനിര്‍മൂലനം.’ അതിനുശേഷം 11 കൊല്ലം കഴിഞ്ഞ് 1947-ല്‍ ഇന്ത്യ സ്വതന്ത്രയായി. ഇന്ന് 1987-ല്‍ എത്തിയിരിക്കുന്നു . ഈ പ്രസംഗം തയ്യാറാക്കിയിട്ട് ഇപ്പോള്‍ മൊത്തം 51 കൊല്ലമായി. സുദീര്‍ഘമായ അരനൂറ്റാണ്ടു കഴിഞ്ഞിട്ടും നമ്മുടെ മേല്‍ജാതിദേശത്തിന്റെ ചിന്താഗതിക്ക് അല്‍പമെങ്കിലും മാറ്റം വന്നിട്ടുണ്ടോ? ഹൃദയംനിറഞ്ഞ വേദനയോടെ ഞങ്ങള്‍ പറയട്ടെ, ‘ഇല്ല’. ഒരു മാറ്റവും വന്നിട്ടില്ലെന്നു മാത്രമല്ല, ജാതിമൂലമുണ്ടായിട്ടുള്ള നാശത്തെപ്പറ്റി ചര്‍ച്ച ചെയ്യാനുള്ള സത്യസന്ധമായ ശ്രമം പോലും ഇന്ത്യന്‍ ബുദ്ധിജീവികളുടെയിടയില്‍ നിന്ന് ഉണ്ടായിട്ടില്ല. വാസ്തവത്തില്‍ അനേകം ഉയര്‍ന്നജാതിക്കാര്‍ വരെ ഇന്ന് ജാതിഭൂതത്തിന്റെ ഇരകളായി മാറിക്കൊണ്ടിരിക്കുകയാണ്. അവരുടെ പരമ്പരാഗതമായ അവകാശങ്ങള്‍ ഒന്നൊന്നായി അവരുടെ കണ്‍മുമ്പില്‍ വച്ച് തകര്‍ന്നു വീണുകൊണ്ടിരിക്കുകയാണ്. മാത്രമല്ല ജാതിവിള്ളലുകളില്‍ പെട്ട് അവര്‍ നട്ടം തിരിയുകയാണ്. എന്നിട്ടും യഥാർത്ഥമോ സാങ്കൽപികമോ ആയ അവരുടെ കഷ്ടപ്പാടുകളെല്ലാം ജാതിനിമിത്തമുണ്ടായതാണെന്ന് അവര്‍ തിരിച്ചറിയുന്നില്ല. ജാതിമൂലം അവര്‍ എത്രയധികം ദംശിക്കപ്പെടുന്നുവോ അത്രയധികം അവരതിനെ കെട്ടിപ്പിടിച്ചുനില്‍ക്കു കയാണു ചെയ്യുന്നത്. മേല്‍ജാതിക്കാര്‍ എത്രയധികം അഭ്യസ്തവിദ്യരാകുന്നുവോ അത്രയധികം ജാതിബോധമുള്ളവര്‍ ആയിത്തീരുകയാണ് ചെയ്യുന്നത്. ഇന്ത്യയിലെ ഏറ്റവും വലുതും ഏറ്റവുമധികം രക്തപങ്കിലവുമായ ജാതിയുദ്ധങ്ങളെല്ലാം നയിച്ചിരുന്നത് ഉന്നത ബിരുദം നേടിയ ഇതേ മേല്‍ജാതിക്കാരാണ്. ജാതി സജീവമായി നിര്‍ത്താന്‍ അടരാടിക്കൊണ്ടിരിക്കുന്നത് ഈ അഭ്യസ്തവിദ്യരാണ്. ഇപ്പോള്‍ ജാതിക്കു പുതിയവേരുകള്‍ മുളച്ചുകൊണ്ടിരിക്കുന്നു.
മാര്‍ക്സിസ്റ്റുകാര്‍ പോലും ജാതിപ്പിശാചിന്റെ വലയില്‍ സ്വയം കുടുങ്ങിക്കിടക്കുകയാണ്. മറ്റെല്ലാ രാഷ്ട്രീയപ്പാർട്ടികളും ജാതിപ്പാർട്ടികളായി മാറിക്കൊണ്ടിരിക്കുന്നു. നിര്‍ബന്ധിത സാഹചര്യത്തിലല്ലാതെ, സ്വമേധയാ മേല്‍ജാതിക്കാര്‍ ജാതി ഉപേക്ഷിക്കാന്‍ പോകുന്നില്ല.

ജാതിയെക്കുറിച്ചുള്ള തീരുമാനം ഇനിയും വൈകിക്കൂടാത്ത ഒരു ആപത് സന്ധിയിലാണ് ഈ പുതിയ പതിപ്പു പുറത്തിറങ്ങുന്നത്. ഇന്ത്യ ജീവിക്കണമോ പിടിച്ചുനില്‍ക്കണമോ എന്നത് ഈ തീരുമാനത്തെ ആശ്രയിച്ചിരിക്കും. ജാതി ഉപേക്ഷിക്കാന്‍ മേല്‍ജാതിക്കാര്‍ക്കു താത്പര്യമില്ലാത്തത് എന്തുകൊണ്ടാണ്? ഹിന്ദുമതത്തിന്റെ കീഴില്‍ ജാതിക്കു ദൈവശാസ്ത്രപരമായ അംഗീകാരമുള്ളതിനാല്‍ സ്വന്തം നാട്ടുകാരെ ഭയലേശമെന്യേ നഗ്നമായി ചൂഷണംചെയ്യാന്‍ സാധിക്കുന്നു. ഇക്കാരണം കൊണ്ടാണ് മേല്‍ജാതിക്കാര്‍ ജാതി ഉപേക്ഷിക്കാന്‍ തയ്യാറാകാത്തത്. ഒരു പ്രബലമൃഗം ദുര്‍ബലമൃഗത്തെ വിഴുങ്ങും എന്നതാണു കാട്ടുനീതിയെങ്കില്‍ ഹിന്ദുമതക്കാട്ടില്‍ കയ്യൂക്കുള്ളവന്‍ കാര്യക്കാരന്‍ എന്ന അവസ്ഥയ്ക്ക് വിശുദ്ധഗ്രന്ഥങ്ങളുടെ അനുഗ്രഹമുണ്ട്. അതുകൊണ്ടാണ് ഇന്ത്യയില്‍ സമ്പത്തു മുഴുവനും ജനസംഖ്യയുടെ 10 ശതമാനംമുതല്‍ 15 ശതമാനംവരെ മാത്രം വരുന്ന മേല്‍ജാതിക്കാരുടെ കൈകളില്‍ കുമിഞ്ഞു കൂടിയിരിക്കുന്നത്. ബഹുഭൂരിപക്ഷം വരുന്ന അദ്ധ്വാനിക്കുന്ന ജനങ്ങള്‍ പാപ്പരാകുന്നതും അതുകൊണ്ടുതന്നെ. ഇങ്ങനെയൊക്കെയായിട്ടും ജാതിയെ ക്കുറിച്ചു പരസ്യമായ യാതൊരു ചര്‍ച്ചയും ഈ രാജ്യത്തു നടക്കുന്നില്ല. നമ്മുടെ സര്‍വകലാശാലകളിലെ ബുദ്ധിജീവികള്‍ക്കിടയില്‍പോലും ഇതൊരു ചിന്താവിഷയമായി തീരുന്നില്ല. ആരെങ്കിലും ചര്‍ച്ചാവേദികളില്‍ ജാതിപ്രശ്നം ഉന്നയിച്ചാല്‍ അയാളെ ശല്യക്കാരനെന്നോ മുന്‍വിധിക്കാരനെന്നോ പക്ഷപാതിയെന്നോ മുദ്ര കുത്തി പുച്ഛിച്ചു തള്ളിക്കളയും. മാധ്യമം, പൊതുപ്രസംഗവേദി തുടങ്ങിയ ചര്‍ച്ചാവേദികളെല്ലാം ജാതികൊണ്ടു പലതും നേടിയെടുത്ത മേല്‍ജാതിക്കാരുടെ കൈയിലാണ്. അതുകൊണ്ടു മേല്‍ജാതിക്കാര്‍ സ്വന്തം ആമാശയത്തിലേക്ക് കഠാര കുത്തിയിറക്കുമെന്നു പ്രതീക്ഷിക്കാന്‍ നമുക്കാവില്ല. അതിന്റെ അർഥം ഭാവി ശോഭനമായ ഒന്നായിരിക്കില്ല എന്നുതന്നെയാണ്.
ജാതിപരിഷ്കരണവിധേയമല്ല എന്നതാണു സത്യം. അതിനാല്‍ ഏതെങ്കിലും ഒരു സാമൂഹ്യ പരിഷ്കരണത്തെപറ്റി നാമിതുവരെ കേൾക്കുകയോ വായിക്കുകയോ ചെയ്തിട്ടില്ല. ഇന്ത്യ മുഴുവന്‍ കൈയടക്കിയിരിക്കുന്നത് പരിഷ്കരണത്തിനെതിരായ, അക്രമാസക്തമായ ഒരു പ്രസ്ഥാനമാണ്. ആനുകാലികഭാഷ പ്രയോഗിക്കുകയാണെങ്കില്‍ മതമൗലികവാദം രാജ്യത്തെ പുറകോട്ടു വലിച്ചുകൊണ്ടിരിക്കുകയാണ് എന്നു പറയാം. ഭരണഘടനയുടെ രക്ഷിതാക്കള്‍ മതമൗലികവാദികളുമായി ധാരണയിലെത്തിക്കൊണ്ടിരിക്കുന്നത് ആപല്‍കരമായ ഒരു പ്രവണതയാണ്. ഇന്ത്യയിലെ ബഹുഭൂരിപക്ഷം വരുന്ന ദലിതു ജനതയും മറ്റു മര്‍ദിത ന്യൂനപക്ഷങ്ങളും ഈ വിപത്തിനെ വിജയപൂര്‍വം കൈകാര്യം ചെയ്യേണ്ടിയിരിക്കുന്നു. ജാതിയെ നിലനിർത്താനായി കച്ചകെട്ടി നില്ക്കുന്ന മതമൗലികവാദികളായ ആ 15 ശതമാനക്കാരും ജാതിയെ നശിപ്പിക്കാനായി മുറവിളികൂട്ടുന്ന 85 ശതമാനക്കാരും തമ്മിലുള്ള ഏറ്റുമുട്ടലിന്റെ പരിണിത ഫലത്തെ ആശ്രയിച്ചായിരിക്കും ഇന്ത്യയുടെ 21-ാം നൂറ്റാണ്ടിലേക്കുള്ള പ്രയാണം.
മാര്‍ക്സിസ്റ്റുകാരുടെ മൂടുപടം വലിച്ചു മാറ്റിയ പ്രഥമ സാമൂഹ്യ വിപ്ലവകാരിയായിരുന്നു ഡോ. അംബേദ്കര്‍. ഒരാളുടെ പ്രവൃത്തികള്‍ അയാളുടെ സാമ്പത്തികബന്ധങ്ങളിലൂടെയാണ് നിർണയിക്കപ്പെടുന്നത് എന്ന ഇഷ്ടസിദ്ധാന്തത്തില്‍ അള്ളിപ്പിടിച്ചു നില്‍ക്കുകയാണ് അവര്‍.
അധികാരസ്രോതസ്സു സമ്പത്തുമാത്രമാണ് അവരുടെ വീക്ഷണത്തില്‍. ഇത് ഇന്ത്യന്‍ യാഥാര്‍ഥ്യങ്ങളോടു പൊരുത്തപ്പെടുന്നതേയല്ല. ഇവിടെ രാജാവിനെയും സമ്പന്നജന്മികളെയും ഭരിക്കുന്നത് പുരോഹിതന്റെ അനുശാസനങ്ങളാണ്. ദൈവത്തെപ്പോലും ഭരിക്കുന്നതു പുരോഹിതനാണ്. അയാള്‍ രാജാവിനേക്കാളും ജന്മിയേക്കാളും സമ്പത്ത് കുറഞ്ഞവനായിരിക്കാം. എന്നാല്‍ മറ്റെല്ലാവരേക്കാളും ഉയര്‍ന്ന പദവിയാണ് അവനുള്ളത്. ഇന്നും ഈ സങ്കല്പം ഇവിടെ കൊടികുത്തിവാഴുന്നു. ഒരു വ്യക്തിയുടെ സമ്പത്തല്ല, ജാതിയാണ് അയാളുടെ സാമൂഹ്യപദവി നിർണയിക്കുന്നത്. ഇന്ത്യയിലെ മേല്‍ജാതിക്കാര്‍ തന്നെയാണ് ഇവിടത്തെ മേൽവർഗക്കാരെന്ന കാര്യം ഒരു പരിധി വരെ ശരിയായിരിക്കാം. ഇവിടെ ‘വര്‍ഗ’ത്തിന്റെ മറ്റൊരു പേരാണ് ‘ജാതി’. എന്നിട്ടും മേല്‍ജാതിക്കാരില്‍ വളരെയധികം പാവപ്പെട്ടവരില്ലേ എന്നു മുറവിളി കൂട്ടുന്നവരുണ്ട്. എന്നാല്‍ ഇവിടെ ഒരാളുടെ സാമ്പത്തികപദവി അയാളുടെ സാമൂഹ്യപദവി നിര്‍ണയിക്കുന്നില്ല. ജനനം വഴിയാണ് ഒരാള്‍ക്കു സാമൂഹ്യ പദവി കൈവരുന്നത്. ഈ അടിസ്ഥാനയാഥാര്‍ഥ്യം നമ്മുടെ മാര്‍ക്സിസ്റ്റുകാര്‍ അവഗണിച്ചുകളഞ്ഞിരിക്കുന്നു . അതു യാഥാര്ഥ്യം അവര്‍ മനസ്സിലാക്കാത്തതു കൊണ്ട ല്ല; മറിച്ചു മാര്‍ക്സിസ്റ്റു നേതൃത്വം മേല്‍ജാതികളില്‍ നിന്നു വരുന്നതുകൊണ്ടാണ്. ബാബാസാഹിബ് അംബേദ്കറുടെ നിഗമനം അംഗീകരിക്കുന്നത് അവർക്ക് അസൗകര്യമുളവാക്കും. അദ്ദേഹത്തിന്റെ മുന്നറിയിപ്പുകള്‍ അവഗണിച്ചതു കൊണ്ടാണ് മാർക്സിസ്റ്റു പാര്‍ട്ടികളെല്ലാം ഇന്നു മരണശയ്യയില്‍ കിടക്കുന്നത്.
ഇന്ത്യ ഇതുവരെയും ഒരു രാഷ്ട്രമായിട്ടില്ലെന്നും അതു നിര്‍മാണത്തിലിരിക്കുന്ന ഒരു രാഷ്ട്രമാണെന്നും വെട്ടിത്തുറന്നു പറഞ്ഞ ആദ്യത്തെ ചിന്തകനാണ് അംബേദ്കർ. ഏറ്റവും പ്രധാനപ്പെട്ട ഒരു പ്രശ്നമാണിത്.
ഇതിന്റെ പ്രധാന്യം നാം മനസ്സിലാക്കിയിട്ടില്ല എന്നതാണ് ഇന്നുള്ള നമ്മുടെ സാമൂഹിക വിക്ഷോഭങ്ങൾക്കെല്ലാം കാരണമായി വർത്തിക്കുന്നത്. മേല്‍ജാതിക്കാര്‍ ഇഷ്ടപ്പെട്ടാലും ഇല്ലെങ്കിലും ഓരോ ജനതയും അതതിന്റെ ആവശ്യങ്ങള്‍ മുന്നോട്ടുവെച്ചുകൊണ്ട് ദേശീയതാപ്രശ്നം മുന്നണിയിലേക്കു കൊണ്ടുവന്നിരിക്കുകയാണ്. ഓരോ പ്രത്യേക ദേശമായി കഴിയാനുള്ള വ്യഗ്രത കശ്മീര്‍ജനതയില്‍ നിന്നും നാഗന്മാരില്‍ നിന്നും ഗൂർഖകളില്‍ നിന്നും ത്സാർഖണ്ഡു ജനതയില്‍ നിന്നും ദലിതുജനതയില്‍ നിന്നും മിസോകളില്‍ നിന്നും തമിഴുജനതയില്‍ നിന്നും മറ്റും ഉയര്‍ന്നു വരികയാണ്. ദേശീയൈക്യത്തിന്റെ പേരില്‍ ഭരണാധികാരികള്‍ അവരുടെ അഭിലാഷങ്ങളെ അടിച്ചമര്‍ത്താന്‍ ശ്രമിച്ചാല്‍ അതു വിഡ്ഢിത്തമായിരിക്കും. ഇന്ത്യയുടെ ഐക്യം നിലനിര്‍ത്തണമെങ്കില്‍ ഇവിടത്തെ വൈവിധ്യം അംഗീകരിച്ചുകൊണ്ട് വിവിധ ജനവിഭാഗങ്ങളുടെ ദേശീയതാത്വരകള്‍ സാക്ഷാത്കരിക്കണമെന്ന അടിയന്തരാവശ്യം ബാബാസാഹിബ് അംബേദ്കര്‍ ശരിക്കും മനസ്സിലാക്കിയിരുന്നു. ഈ മുന്നറിയിപ്പു കൊടുത്ത ആദ്യത്തെ നേതാവ് അംബേദ്കറായിരുന്നു. അക്കാര്യം ഭരണഘടനയില്‍ ഉൾപ്പെടുത്തുകയും ചെയ്തിട്ടുണ്ട്. എന്നാല്‍ അല്‍പ ബുദ്ധികള്‍ ഈ മുന്നറിയിപ്പ് അവഗണിച്ചു കളഞ്ഞു. 21-ാം നൂറ്റാണ്ട് ബാബാസാഹിബ് അംബേദ്കറുടേതായതു കൊണ്ട് വിരുദ്ധശക്തികള്‍ തമ്മിലുള്ള ഏറ്റുമുട്ടലുകള്‍ കനക്കുമ്പോള്‍ വസ്തുതകള്‍ ഒരു ചിത്രരൂപം കൈവരിക്കും. 225 കൊല്ലം പ്രശസ്ത സേവനമനുഷ്ഠിച്ച മദ്രാസിലെ ഡയോസിയന്‍ പ്രസ്സാണ് ചരിത്രപ്രധാന്യമുള്ള ഈ പുസ്തകം അച്ചടിച്ചു തന്നത്. അവരോടുള്ള ഞങ്ങളുടെ കടപ്പാട് നന്ദിപൂര്‍വം രേഖപ്പെടുത്തിക്കൊള്ളുന്നു.
ബാംഗ്ലൂര്‍
01-03-87
(അദർ ബുക്സ് കോഴിക്കോട് പ്രസിദ്ധീകരിച്ച അംബേദ്കറുടെ ‘ജാതി നിർമൂലനം’ എന്ന കൃതിയുടെ അവതാരികയാണിത്. പുസ്തകം ലഭിക്കാൻ ഇവിടെ ക്ലിക്കു ചെയ്യുക)