ജയിലില്‍ ഹാനി അല്ലാഹുവിൻ്റെ വിളി കേട്ടു

ഭീമ-കൊറഗണ്‍ അക്രമസംഭവത്തില്‍ പങ്കുണ്ടെന്നാരോപിച്ച് പ്രൊഫ. ഹാനി ബാബുവിനെ 2020 ജൂലൈ 28-ന് പോലീസ് യുഎപിഎ ചുമത്തി അറസ്റ്റു ചെയ്യുന്ന സമയം അദ്ദേഹത്തിന്റെ മകള്‍ ഫര്‍സാന യാതൊരു കൂസലുമില്ലാതെ നില്‍ക്കുന്നുണ്ടായിരുന്നു. ഒരു പ്ലസ് വണ്‍ വിദ്യാര്‍ഥിയെ സംബന്ധിച്ച് അത് അമ്പരപ്പുണ്ടാക്കുന്നതല്ലേ? മൂന്ന് മാസങ്ങള്‍ക്കു ശേഷം, ഒരു രാത്രിയില്‍ ഫര്‍സാനക്ക് ഉറങ്ങാനേ കഴിയുന്നുണ്ടായില്ല. അവള്‍ ഹാനിയുടെ മൊബൈലിലേക്ക് തുടര്‍ച്ചയായി വിളിച്ചുകൊണ്ടിരുന്നു, പ്രതികരണമില്ലാതായപ്പോള്‍ അവള്‍ കൈഞരമ്പ് മുറിച്ചു (പോലീസും ജഡ്ജിമാരും ശ്രദ്ധിക്കുക). അബദ്ധത്തിലായിരുന്നോ? ജെനി റൊവീന പരിഭ്രാന്തയായി ഫര്‍സാനയെ ഡല്‍ഹിയിലെ നോയിഡയില്‍ നിന്ന് കേരളത്തിലേക്ക് കൂട്ടിക്കൊണ്ടുപോയി, അവിടെ ഹാനിയുടെ കുടുംബത്തിന്റെയും സുഹൃത്തുക്കളുടെയും സ്‌നേഹം അവളുടെ ഉള്ളിലെ മുറിവുകള്‍ ഉണക്കി.

യുഎപിഎ കേസില്‍ ജാമ്യം കിട്ടാന്‍ എത്ര പ്രയാസമാണെന്ന് അറിയുമായിരുന്നു ഹാനിക്ക്; മുംബൈയിലെ തലോജ ജയിലില്‍ അദ്ദേഹം അല്ലാഹുവിന്റെ വിളി കേട്ടു- അഞ്ചു നേരത്തെ നിസ്‌കാരം പരിശീലിച്ചു. കോവിഡ് സംബന്ധിയായ നേത്രരോഗം ബാധിച്ച് കഴിഞ്ഞ വര്‍ഷം ബ്രീച് കാന്‍ഡി ആശുപത്രിയില്‍ ചികിത്സക്കെത്തിയ ഹാനി താന്‍ അപ്പോള്‍ അനുഭവിക്കുന്ന ശാന്തതയെക്കുറിച്ച് ജെനിയോട് വാചാലനായി.

വിശ്വാസത്തിലര്‍പ്പിതമായ സാങ്കല്‍പികവും ഏകപക്ഷീയവുമായ പ്രണയത്തിനും മുറിവുകളുണക്കാന്‍ കഴിയും!

മുസ്‌ലിയാര്‍വീട്ടില്‍ തറയില്‍ ഹാനി ബാബു ഒരു മുസ്‌ലിമാണ്. ഒരു ഉത്തരേന്ത്യന്‍ മുസ്‌ലിമിന് ഉണ്ടാകാനിടയില്ലാത്ത ആ പേര് എന്നെ അതിശയിപ്പിച്ചിരുന്നു. അതുകൊണ്ട് മാത്രമല്ല, ഡല്‍ഹി സര്‍വ്വകലാശാലയിലെ കോളേജുകളില്‍ മറ്റ് പിന്നോക്ക വിഭാഗങ്ങള്‍ക്ക് 27 ശതമാനം സംവരണം ഏര്‍പ്പെടുത്തിയിട്ടില്ലെന്ന് വിവരാവകാശ നിയമം ഉപയോഗിച്ച് തെളിയിച്ച ഒരു ഉഗ്രന്‍ പോരാളിയായിരുന്നു അദ്ദേഹത്തിന്റെ പൊതുമുഖം. പരമകാരുണികനും കരുണാനിധിയുമായ അല്ലാഹുവിന്റെ നാമത്തില്‍ എന്ന ആമുഖവചനമല്ലാതെ ഖുര്‍ആനിലെ മറ്റൊന്നിനെക്കുറിച്ചും ഹാനിക്ക് അറിവുണ്ടായിരുന്നില്ല.

തൻ്റെ ഉമ്മയൂടെ മതകീയ ചൈതന്യത്തെ നിഷ്പ്രഭമാക്കിയ ഒരു മാര്‍ക്‌സിസ്റ്റും നിരീശ്വരവാദിയുമായിരുന്നു ഹാനിയുടെ പിതാവ്. അദ്ദേഹത്തിന്റെ വിശ്വാസങ്ങൾക്കെതിരായി ഹാനി ഇസ്‌ലാമിലേക്ക് തിരിഞ്ഞു. ഹൈദരാബാദ് ഇംഗ്ലീഷ് ആന്‍ഡ് ഫോറിന്‍ ലാംഗ്വേജ് യൂണിവേഴ്‌സിറ്റിയില്‍ (ഇഫ്‌ലു) 1992-ല്‍ പിഎച്ഡിക്ക് ചേര്‍ന്നതും മര്‍ദിത ജാതിയിലെ വിദ്യാര്‍ഥികളുടെ അവകാശസമരങ്ങള്‍ക്ക് സാക്ഷിയായതും മണ്ഡല്‍ റിപ്പോര്‍ട്ട് നടപ്പിലാക്കാനുള്ള പ്രധാനമന്ത്രി വി പി സിംഗിന്റെ തീരുമാനത്തില്‍ ആവേശം കൊണ്ടതുമെല്ലാം നിരീശ്വരവാദിയായ ഹാനിയായിരുന്നുവെന്നതില്‍ അതിശയിക്കാനില്ല. കേരളത്തിലെ മുസ്‌ലിം സമൂഹം ഒബിസിയാണ്. ഹാനിയുടെ ആ ജാതി സ്വത്വം (മതപരമല്ല) തന്നെയായിരുന്നു അദ്ദേഹത്തെക്കുറിച്ചുള്ള പ്രാഥമിക വിവരണവും.

ഹോസ്റ്റല്‍ മെസ്സില്‍ ബീഫും പോര്‍ക്കും ലഭ്യമാക്കണമെന്നു വാദിച്ചു കൊണ്ട് ഹാനി നയിച്ച സമരം- ഇഫ്‌ലുവില്‍ തന്നെ അന്ന് പിഎച്ഡി ചെയ്യുകയായിരുന്ന ജെനിയുടെ ശ്രദ്ധയാകര്‍ഷിക്കാന്‍ കാരണമായി. അവര്‍ ഒരുമിച്ച് ജീവിച്ചുതുടങ്ങി. മൂന്നുവര്‍ഷങ്ങള്‍ക്കു ശേഷം 1997-ല്‍ ഇഫ്‌ലുവില്‍ തന്നെ ഹാനി ഇംഗ്ലീഷ് അസിസ്റ്റന്റ് പ്രൊഫസര്‍ ആയി നിയമിതനായി. ജെനി ഗര്‍ഭിണിയാണെന്നറിഞ്ഞതോടെ 2003-ല്‍ അവര്‍ വിവാഹിതരാകാന്‍ തീരുമാനിച്ചു.

പ്രഫ. ഹാനി ബാബു, ജെനി റൊവീന

പക്ഷെ ഹാനിയുടെ കുടുംബത്തില്‍ അതിന് പ്രശ്‌നങ്ങളുണ്ടായിരുന്നു. രണ്ടാളുടെയും മതം വ്യത്യസ്തമായിരുന്നതു കൊണ്ടല്ല. ഇരുപത്തൊന്നാം നിലയിലെ ആ അപാര്‍ട്‌മെന്റിന്റെ സ്വീകരണമുറിയിലിരുന്ന് ജെനി പറഞ്ഞതു പോലെ: ‘എന്റേത് ദരിദ്രകുടുംബമായിരുന്നു, അവര്‍ സ്വത്തുള്ളവരുമായിരുന്നു’. ഒമ്പതു മാസങ്ങള്‍ക്കു ശേഷം ആ അപാര്‍ട്മന്റ് 2019 സെപ്തംബറില്‍ പോലീസ് റെയ്ഡ് ചെയ്തു, ഹാനിയെ അറസ്റ്റു ചെയ്തു.

‘ഞാനൊരു പിന്നാക്ക ഒബിസി ഹിന്ദുവാണ്’ ജെനി കൂട്ടിച്ചേര്‍ത്തു.
‘എന്ത്, നിങ്ങള്‍ ക്രിസ്ത്യാനിയല്ലല്ലേ?’ ഞാന്‍ അത്ഭുതം കൂറിക്കൊണ്ട് ചോദിച്ചു.

ഹിന്ദുമതത്തിലെ ജാതിഉച്ചനീചത്വങ്ങള്‍ക്കെതിരായ പ്രതികരണമായിട്ടാണ് ജെനിയുടെ മാതാപിതാക്കള്‍ ജാതിരഹിതമായ പേരുകള്‍ തങ്ങളുടെ മക്കള്‍ക്ക് നല്‍കാന്‍ തീരുമാനിച്ചത്. ജെനിക്ക് ഒരു കുട്ടി ജനിച്ചപ്പോള്‍, അവര്‍ ഹാനിയെ വിവാഹം കഴിക്കാന്‍ രഹസ്യമായി മതം മാറിയെന്ന് കരുതിയ സുഹൃത്തുക്കളെ സ്തംഭിപ്പിച്ചുകൊണ്ട്, പേര്‍ഷ്യനില്‍ ‘ജ്ഞാനിയായവൾ’ എന്നര്‍ഥമുള്ള ഫര്‍സാന എന്ന് പേരിട്ടു. അവരുടെ വിവാഹം നടന്നത് കോടതിയിലായിരുന്നു. 2008-ല്‍ ഹാനി ഡല്‍ഹി യൂണിവേഴ്‌സിറ്റിയില്‍ ഇംഗ്ലീഷ് അസോസിയേറ്റ് പ്രൊഫസര്‍ ആയി. മിരാന്‍ഡ ഹൗസ് എന്ന വരേണ്യ കോളേജിലെ ആദ്യ ഒബിസി അധ്യാപികയായി ജെനിയും ചേര്‍ന്നു.

ഡല്‍ഹി യൂണിവേഴ്‌സിറ്റിയിലെ സംവരണ പോരാട്ടങ്ങള്‍ക്കൊപ്പം ഹാനി ചേര്‍ന്നപ്പോള്‍ ഫര്‍സാനക്ക് ഒരു സെക്കുലര്‍ ശിക്ഷണമാണോ വേണ്ടതെന്ന കാര്യത്തില്‍ ജെനിക്ക് തീരുമാനമെടുക്കേണ്ടി വന്നു. ഫര്‍സാനയെ സെക്കുലര്‍ ശിക്ഷണത്തില്‍ വളര്‍ത്തിയാല്‍ അവള്‍ ഒന്നുകില്‍ മതവിരോധിയോ സാംസ്‌കാരിക ഹിന്ദുവോ, രണ്ടും ചേര്‍ന്നതോ ആയി മാറിയേക്കുമെന്ന് ജെനിയും ഹാനിയും മനസിലാക്കി. ഇസ്‌ലാമിനെ അവള്‍ക്ക് പരിചയപ്പെടുത്തുന്നതാണ് ജനാധിപത്യപരമെന്നും, മുതിരുമ്പോള്‍ അവള്‍ക്കിഷ്ടമുള്ളത് തിരഞ്ഞെടുക്കട്ടെയെന്നും അവര്‍ തീരുമാനിച്ചു. ജെനിയെ അറബി പഠിപ്പിക്കാനും ഫര്‍സാനയെ ഖുര്‍ആന്‍ പഠിപ്പിക്കാനും ഒരു മൗലാനയെ ഏര്‍പ്പാടാക്കിയിരുന്നു. തന്റെ വിശ്വാസത്തില്‍ നിന്നും തന്നെ പിന്തിരിപ്പിക്കാന്‍ ശ്രമിച്ച ശക്തരായ എതിരാളികളോട് പ്രവാചകന്‍ അനുവര്‍ത്തിച്ച ധിക്കാരസമീപനത്തെക്കുറിച്ചുള്ള കഥകള്‍ മൗലാന ആ കുടുംബത്തിന് പറഞ്ഞുകൊടുത്തു.

ഡല്‍ഹി യൂണിവേഴ്‌സിറ്റി എല്ലാ ജാതിക്കാര്‍ക്കും പ്രാപ്യമാകുന്ന ഇടമാക്കി മാറ്റുന്നതിന് പരിശ്രമിച്ചതിന്റെ പേരില്‍ തലോജ ജയിലിലേക്ക് പറഞ്ഞയക്കപ്പെടുമ്പോള്‍ മൗലാനയുടെ കഥകള്‍ ഹാനിയുടെ ഉപബോധ മനസിലേക്ക് കേറിക്കൂടിക്കഴിഞ്ഞിരുന്നു.

അംബേദ്കറെ പോലെ തന്നെ, പ്രവാചകന്‍ മുഹമ്മദും പ്രചോദനമാണ്. പല നിലയിലും രണ്ടു പേരും പ്രതിനിധീകരിക്കുന്ന ആശയങ്ങള്‍ ഹിന്ദുത്വയെ പുറത്തു നിര്‍ത്തുന്നവയാണ്.

അധ്യാപനം, ഫര്‍സാനയുടെ കാര്യങ്ങള്‍, അപാര്‍ട്‌മെന്റിന്റെ മാസ അടവ്, രണ്ടാഴ്ച്ച കൂടുമ്പോള്‍ ഹാനിയെ സന്ദര്‍ശിക്കല്‍ നിയമകാര്യങ്ങള്‍ നടത്തല്‍.. തുടങ്ങിയ തിരക്കുകള്‍ക്കിടയില്‍ വൈകാരിക അവസ്ഥകളെക്കുറിച്ചാലോചിക്കാന്‍ ജെനിക്ക് സമയം കി്ട്ടാറില്ല. സങ്കടം നിറയുമ്പോഴെല്ലാം ഹാനി ജയില്‍ മോചിതനായി വരുന്നതും അദ്ദേഹവും ഫര്‍സാനയും ഒന്നിച്ച് താനുണ്ടാക്കിയ ബിരിയാണി കഴിക്കുന്നതുമെല്ലാം അവര്‍ മനസില്‍ കാണും. ”10 ശതമാനം സമ്പന്നരും പ്രതിമാസം 25,000 രൂപ സമ്പാദിക്കുന്നവരും ഉള്‍പ്പെടുന്ന ഒരു രാജ്യത്ത് എന്റെ ദുരിതങ്ങള്‍ ഒന്നുമല്ലെന്ന് എന്നിലെ രാഷ്ട്രീയ ജീവിക്കറിയാം. തളർന്നുപോവുകയെന്നാൽ ഭരണകൂടം ഞങ്ങളെ പരാജയപ്പെടുത്തി എന്നാണർഥമെന്ന് വിശ്വസിക്കുന്നവരാണ് ഭീമ കൊറഗണ്‍ കേസിലെ ഓരോ കുടുംബവും”. ജെനി പറയുന്നു.

ഒരു ഫിലിംമേക്കര്‍ ആവുകയെന്ന സ്വപ്‌നത്തിലേക്ക് ഒരു പടികൂടി അടുത്തുകൊണ്ട് ഫര്‍സാന ഒരു മീഡിയ സ്‌കൂളില്‍ ചേരാന്‍ തയ്യാറെടുക്കുകയാണ്. അങ്ങനെയും ഒരിന്ത്യ ഉണ്ടായിരുന്നല്ലേയെന്ന് ജനങ്ങളെ അത്ഭുതപ്പെടുത്താന്‍ യുഎപിഎ ഇരകളെക്കുറിച്ച് ഫര്‍സാനയൊരു സിനിമ ചെയ്യുമെന്ന് പ്രത്യാശിക്കുകയാണ്. ‘ലാസിം ഹേ കെ ഹംഭീ ദേഖേംഗേ’ തീർച്ചയായും നമ്മളും ആ ദിനം കാണും.

വിവ: റമീസുദ്ദീൻ വി എം
Courtesy: Mid Day

By അജാസ് അഷ്റഫ്

Senior journalist and a freelance writer.