ഹിന്ദുത്വ സൈനികവത്കരണം: ചരിത്രം ഓർമിപ്പിക്കുന്ന പാഠങ്ങൾ

ആർ.എസ്.എസ് ദീർഘകാലമായി കൊണ്ടുനടക്കുന്ന സ്വപ്നമാണ് ഹിന്ദു സൈനികവത്കരണം. 1925-ൽ സ്ഥാപിതമായത് മുതൽ തന്നെ ഇറ്റലിയിലെ ഫാസിസത്തെയും ജർമനിയിലെ നാസിസത്തെയും മാതൃകയാക്കി പ്രത്യക്ഷമായും പരോക്ഷമായും ഭരണ പിന്തുണയോടു കൂടിയുമെല്ലാം കൃത്യമായ അജണ്ടയോടെ അത് നടപ്പിലാക്കാൻ ശ്രമിച്ചു പോന്നിട്ടുമുണ്ട്. ഹിന്ദുവിനോട് “അനീതി” കാണിക്കുന്ന, മുസ്‌ലിം പ്രീണനം മാത്രം ലക്ഷ്യം വെക്കുന്ന ജനാധിപത്യ സംവിധാനത്തിനു പകരം ഒരു ഹിന്ദു രാഷ്ട്രം സ്ഥാപിച്ചെടുക്കാനുള്ള സ്ഥാപിത പദ്ധതിയിൽ എറ്റവും മുൻപന്തിയിൽ നിൽക്കുന്നതാണ് സൈനികവത്കരണം. 2014-ൽ മോദി സർക്കാർ അധികാരത്തിൽ വന്നതോടു കൂടി തങ്ങളുടെ ലക്ഷ്യപൂർത്തികരണത്തിലേക്കുള്ള വഴി കൂടുതൽ എളുപ്പമായി. ബ്യൂറോക്രസിയും ജുഡീഷ്യറിയും തീവ്രദേശീയതയുടെ മുഖമായ സൈനിക മേഖലയെ വരെ തങ്ങളുടെ രാഷ്ട്രിയ അജണ്ടയുടെ ഭാഗമാക്കാൻ കഴിയുമെന്ന് ഒരോ ദിവസവും തെളിയിച്ചു കൊണ്ടിരിക്കുകയാണ് ഹിന്ദുത്വ ശക്തികളും ഭരണാധികാരികളും.

വളരെ തന്ത്രപരമായിട്ടാണ് ഹിന്ദു സൈനികവത്കരണത്തിലേക്കുള്ള ഒരോ ചുവടുകളും ആർ.എസ്.എസ് മുന്നോട്ട് വെയ്ക്കുന്നത്. സൈന്യത്തിൽ കരാർ നിയമനം നടപ്പാക്കുന്നതിനായി കൊണ്ടുവരുന്ന കേന്ദ്രസർക്കാറിൻ്റ പുതിയ പന്ദതിയായ അഗ്നിപഥിനെ ഇതിൻ്റ ഭാഗമായി വേണം കാണാൻ. 17 മുതൽ 23 വരെ പ്രായമുള്ള യുവാക്കളിൽ നിന്ന് നാല് വർഷത്തേക്കാണ് പദ്ധതി പ്രകാരം കരാർ നിയമനം. അതിൽ 25% പേരെ മാത്രമാണ് പിന്നീട് നിലനിർത്തുക. പിരിച്ചുവിടുന്ന 75%-ത്തിന് പെൻഷനോ മറ്റു ആനുകൂല്യങ്ങളോ ജോലി സുരക്ഷയൊ നൽകാതെ തൊഴിലില്ലായ്മയിലേക്ക് തള്ളിവിടുന്ന രീതിയാണ് ഈ പദ്ധതിയുടെ ഫെയർവെൽ. ഒഴിഞ്ഞുകിടക്കുന്ന ലക്ഷക്കണക്കിന് സ്ഥിരം പോസ്റ്റുകളിലേക്ക് നിയമനങ്ങൾ നടത്താതെ നാല് വർഷ കാലാവധി മാത്രമുള്ള കരാർ നിയമനം നടത്തുന്ന ഈ പദ്ധതിയുടെ പിന്നിൽ രൂക്ഷമായിക്കൊണ്ടിരിക്കുന്ന തൊഴിലില്ലായ്മയിൽ നിന്നുള്ള വിമർശനങ്ങൾ ഒഴിവാക്കാൻ ജനങ്ങളുടെ കണ്ണിൽ പൊടിയിടൽ മാത്രമല്ല മറിച്ച് ദീർഘകാലമായി ആർ.എസ്.എസ് സ്വപ്നം കണ്ടുനടക്കുന്ന ഹിന്ദു സൈനികവത്കരണം സർക്കാർ ചെലവിൽ നടത്താനുള്ള ലക്ഷ്യമായി കൂടി ഈ പദ്ധതിയെ സംശയിക്കേണ്ടിയിരിക്കുന്നു. അണികളെ അഗ്നിപതിലേക്ക് കയറികൂടാൻ നിർദ്ദേശിച്ചു കൊണ്ടുള്ള ശക്തമായ പ്രസ്താവനകൾ സംഘനേതാക്കളിൽ നിന്നും വരികയുണ്ടായി. സൈനിക റിക്രൂട്ട്മെൻ്റിലടക്കം രാഷ്ട്രീയ സ്വാധീനം കയറികൂടാനുള്ള സാധ്യതയും തള്ളിക്കളയാനാവില്ല. കൂടാതെ നാല് വർഷം സേവനത്തിനു ശേഷം തങ്ങൾ ആർജിച്ചെടുത്ത അനുഭവസമ്പത്തും കഴിവുമെല്ലാം എവിടെ വിനിയോഗിക്കുമെന്ന ശങ്കയെ മുതലെടുക്കാൻ ഇക്കൂട്ടർ ശ്രമിക്കുമെന്ന കാര്യവും തീർച്ചയാണ്. സർക്കാർ ചെലവിൽ ആർ.എസ്.എസ് പിരീശീലനം നടത്തികൊടുക്കുന്ന പദ്ധതിയാണ് അഗ്നിപഥെന്ന പല പ്രതിപക്ഷ പാർട്ടികളുടെയും നേതാക്കളുടെയും വിമർശനത്തെ സാധൂകരിക്കുന്നതാണ് സംഘ്പരിവാറിൻ്റെ ചരിത്രം.

സവർക്കറും സൈനികവത്കരണവും

ഹിന്ദു സൈനികവത്കരണമെന്നുള്ളത് സംഘ്പരിവാർ താത്വികാചാര്യൻ സവർക്കറുടെ ജീവിതത്തിൻ്റെ ഭാഗമായിരുന്ന ദൗത്യമായിരുന്നു. അതിന് വേണ്ടി തൻ്റ ചെറുപ്രായം മുതൽ ജീവിതാവസാനം വരെ അദ്ദേഹം ഒരുപാട് പ്രവർത്തിക്കുകയും ചെയ്തിട്ടുണ്ട്. ഹിന്ദു പദ്-പാദ്ഷാഹി എന്ന ഗ്രന്ഥത്തിൽ മറാത്ത സാമ്രാജ്യത്തെ ഹിന്ദു അഭിമാന ചിഹ്നമായി ഉയർത്തിക്കാട്ടുന്ന സവർക്കർ ഒരു സൈനിക വർഗമായിട്ടാണ് മറാത്തരെ വിശേഷിപ്പിക്കുന്നത്. പുസ്തകത്തിൽ വാദിക്കുന്നത് പോലെ മുഗൾ സാമ്രാജ്യത്തിനെതിരെയുള്ള മറാത്തരുടെ പോരാട്ടത്തെയാണ് സ്വതന്ത്ര ഹിന്ദു രാഷ്ട്രം സ്ഥാപിച്ചെടുക്കാനുള്ള ബ്ലൂപ്രിൻറായി സംഘ്പരിവാർ കണക്കാക്കുന്നത്.

1930 കളുടെ അവസാനത്തിലും 1940 കളുടെ തുടക്കത്തിലുമായി തൻ്റെ ജയിൽ ശിക്ഷയിൽ ഇളവ് ലഭിച്ച ശേഷം ബ്രിട്ടീഷ് സൈന്യത്തിലേക്ക് ഹിന്ദുക്കളെ വ്യാപകമായി ചേർത്തുന്നതിന് അദ്ദേഹം പ്രചരണം നടത്തുന്നുണ്ട്. സവർക്കറുടെ ജീവചരിത്രകാരൻ ദൻജയ് കീർ സാക്ഷ്യപ്പെടുത്തുന്ന പോലെ ലിൻലിത്ഗോ പ്രഭു അടക്കം സൈനികവത്കരണ നയത്തിൽ സവർക്കറിന് പിന്തുണയറിച്ചതായി കാണാം. പിന്നീട് രാജ്യത്തെ പല വിദ്യാഭ്യാസ സ്ഥാപനങ്ങളും മിലിറ്ററി സ്കൂളുകളും കേന്ദ്രീകരിച്ച് അദ്ദേഹം പ്രചരണം തുടർന്നു പോന്നു. സവർക്കറെ പോലെ തന്നെ ആർ.എസ്.എസ് സ്ഥാപകൻ കേശവ് ബലിറാം ഹെഡ്ഗവാറും സൈനികവത്കരണശയങ്ങൾ നടപ്പാക്കാനായി ഒരുപാട് പ്രവർത്തിച്ച ആളായിരുന്നു. മിലിറ്ററി നിറമായത് കൊണ്ടാണ് തങ്ങളുടെ യൂണിഫോറം നിറമായി കാക്കിയെ ഹെഡ്ഗവാർ തിരഞ്ഞെടുത്തത്.

ഫാസിസ്റ്റ് മാതൃക

അറിയപ്പെട്ട ഇറ്റാലിൻ ഗവേഷക മാർസിയ കസോലാരി പ്രാഥമിക സ്രോതസ്സുകളുപയോഗിച്ച് ഹിന്ദുത്വ സംഘടനയുടെ നേതാക്കളും ഫാസിസം, നാസിസം തുടങ്ങി സമുദായ സൈനികവത്കരണം ഉദ്ഘോഷിക്കുന്ന ആശയങ്ങളും തമ്മിലുള്ള ബന്ധമന്വേഷിക്കുന്നുണ്ട്. മാർസിയ വ്യക്തമാക്കുന്ന പോലെ ആർ.എസ്.എസ് സ്ഥാപകൻ ഹെഡ്ഗവാറിൻ്റെ ഉപദേശകനായിരുന്ന ബാലകൃഷ്ണൻ ശിവരാം മൂഞ്ചേ എന്ന ബി.എസ് മൂഞ്ചേ 1931 ഫെബ്രുവരി, മാർച്ച് മാസങ്ങളിലായി ഇറ്റലി സന്ദർശിക്കുന്നുണ്ട്. അവിടെ വെച്ച് അന്നത്തെ ഫാസിസ്റ്റ് കാല ഇറ്റലിയിലെ പ്രധാന സൈനിക സ്കൂളുകളെല്ലാം അദ്ദേഹം സന്ദർശിക്കുന്നുണ്ട്. കൂടാതെ മുസ്സോളിനിയെ കാണുന്ന മൂഞ്ചേ മുസ്സോളിനിയുടെ സൈനികവത്കരണ പന്ദതിയെ വളരെയധികം പുകഴ്ത്തുകയും ഇന്ത്യയിൽ അതിനെ നടപ്പാക്കാനുള്ള ലക്ഷ്യത്തെ കുറിച്ച് അദ്ദേഹവുമായി ചർച്ച ചെയ്യുകയും ചെയ്യുന്നുണ്ട്. മാർസിയ വ്യക്തമാകുന്നത് പോലെ മൂഞ്ചേ പിന്നീട് തൻ്റെ ഡയറിയിൽ കുറിക്കുന്നുണ്ട്: “യഥാർഥത്തിൽ ജർമനിയിലെ യുവ പ്രസ്ഥാനങ്ങളെയും ഇറ്റലിയിലെ ബാലില്ല ഫാസിസ്റ്റ് സംഘടനകളെയും നമ്മുടെ നേതാക്കൾ കണ്ട് പഠിക്കേണ്ടതുണ്ട്. എന്റെ അഭിപ്രായത്തിൽ ഇന്ത്യയിൽ അവതരിപ്പിക്കുന്നതിന് എറ്റവും അനുയോജ്യമായതാണവയെല്ലാം. ഈ പ്രസ്ഥാനങ്ങളെല്ലാം എന്നെ വല്ലാതെ സ്വാധീനിച്ചിട്ടുണ്ട്. അവരുടെ പ്രവർത്തനങ്ങൾ സ്വന്തം കണ്ണുകൾ കൊണ്ട് വളരെ വ്യക്തമായി ഞാൻ കണ്ടതാണ് “

പിന്നീട് 1934 മാർച്ച് 31-ന് ഹിന്ദുക്കളെ ഇറ്റാലിയൻ ജർമൻ പാതയിലായി സൈനികമായി സംഘടിപ്പിക്കുന്നതിനെ കുറിച്ചുള്ള വിഷയത്തിൽ ഹെഡ്ഗവാറുമായി നടത്തിയ ചർച്ചയെ കുറിച്ച് ബി.എസ് മൂഞ്ചേ തന്റെ ഡയറിയിൽ എഴുതിയിട്ടുണ്ട്: “ഹിന്ദുക്കൾക്ക് സ്വന്തമായി ഒരു രാഷ്ട്രമോ ശിവജിയെയോ മുസ്സോളിനിയെയോ ഹിറ്റ്ലറെ പോലെയോ ഉള്ള ഒരു ഏകാധിപതിയോ ഇല്ലാതെ ഹിന്ദുത്വ പന്ദതിയെ നടപ്പിൽ വരുത്താൻ സാധിക്കില്ല. അത് വിചാരിച്ച് ഇന്ത്യയിൽ ഒരു ഏകാധിപതി ഉയർന്നു വരുന്നത് വരെ നമ്മൾ കൈയും കെട്ടി ഇരിക്കണമെന്നല്ല. നമ്മൾ ഒരു ശാസ്ത്രീയമായ പന്ദതി രൂപവത്കരിക്കുകയും എന്നിട്ടതിന് വേണ്ടിയുള്ള സംഘടിതമായ ആശയപ്രചരണം നടത്തുകയും വേണം”.

ബി.എസ് മൂഞ്ചേയുടെയും സവർക്കറുടെയും ആശയങ്ങളും അഭിലാഷങ്ങളുമെല്ലാം എത്രത്തോളം യാഥാർത്ഥ്യവത്കരിക്കപ്പെട്ടുകൊണ്ടിരിക്കുകയാണെന്നറിയാന് കാലിക ഇന്ത്യൻ സാഹചര്യത്തിലൂടെ ഒന്ന് കണ്ണോടിക്കേണ്ട ആവശ്യമേ ഉള്ളൂ. ഹിന്ദുത്വ ഫാസിസ്റ്റ് ആശയങ്ങളെയും പ്രോപഗണ്ടയെയും തിരിച്ചറിഞ്ഞ് രാഷ്ട്രീയമായും സാംസ്കാരികമായും പ്രതിരോധം തീർക്കൽ കാലത്തിൻ്റ ആവശ്യമാണ്.

By അർശഖ് സഹൽ .പി

BA Political Science, IGNOU