പ്രവാചകനെ നിന്ദിച്ച് പ്രസ്താവന നടത്തിയ ബിജെപി വക്താവ് നുപൂര്‍ ശര്‍മയെ പിന്തുണച്ചു എന്നതിന്റെ പേരില്‍ രാജസ്ഥാനിലെ ഉദയ്പൂരില്‍ ഒരു തയ്യല്‍ക്കാരനെ രണ്ടു പേര്‍ ചേര്‍ന്ന് ക്രൂരമായി കൊലപ്പെടുത്തി. കൊലപാതകത്തിന്റെ വീഡിയോയും സാമൂഹ്യമാധ്യമങ്ങളില്‍ പ്രചരിപ്പിച്ച പ്രതികള്‍ക്കെതിരെ ഏത്രയും വേഗത്തില്‍ നടപടികളെടുക്കുമെന്ന് മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ട് അറിയിച്ചു. ഈ സംഭവത്തില്‍ ‘ഇസ്‌ലാമിസ്റ്റുകളുടെ മതഭീകരവാദം’ എന്ന ആഖ്യാനമുപയോഗിച്ച് കേരളത്തിലെ ചില പ്രൊഫൈലുകള്‍ അപലപിച്ചു പോസ്റ്റിട്ടതിന് പ്രതികരണമായി വാഹിദ് ചുള്ളിപ്പാറ, ബാബുരാജ് ഭഗവതി എന്നിവര്‍ എഴുതുന്നു..

വാഹിദ് ചുള്ളിപ്പാറ:
പ്രവാചകനിന്ദയുടെ പേരിൽ നടന്ന കൊലപാതകത്തിൽ ഉടനടി പൊളിറ്റിക്കൽ ഇസ്‌ലാം/ ഇസ്‌ലാമിസം എന്നൊക്കെ ആരോപിച്ച് അപലപനം ഇറക്കുന്നവർ പലതരം ചോദ്യങ്ങൾക്ക് മറുപടി പറയാൻ കൂടി ബാധ്യസ്ഥരാണ്..
എന്തുകൊണ്ടാണ് മുസ്‌ലിംകൾ ഭരണകൂടഭീകരതക്കിരയാവുമ്പോഴും നിരന്തരമായി തല്ലിക്കൊല്ലപ്പെടുമ്പോഴുമുണ്ടാവാത്ത സവിശേഷമായ ഞെട്ടൽ ഈ ക്രൂരകൃത്യത്തോട് മാത്രമുണ്ടാവുന്നത്? ഈ സംഭവം വളരെ ഹീനമാവുമ്പോഴും സംഘ്പരിവാറും വംശീയ ഭരണകൂടവും മാത്രമാണ് ഇതിൻ്റെ ഗുണഭോക്താക്കളെന്നതിലും മുസ്‌ലിം സമുദായത്തിനാണ് ഇത് വീണ്ടും പരിക്കേൽപിക്കുക എന്നതിലൊന്നും യാതൊരു സംശയവുമില്ല, പക്ഷെ എന്നാലും ഈ ചോദ്യം പ്രസക്തമായി തുടരും..
എന്താണ് ഇസ്‌ലാമിസം എന്നത് കൊണ്ട് നിങ്ങൾ ഉദ്ദേശിക്കുന്നത്? മുസ്‌ലിംകൾക്കകത്തെ ആന്തരിക സംവാദങ്ങളെക്കുറിച്ച് ഒട്ടും ധാരണയില്ല എന്നത് മാത്രമല്ല നിങ്ങളുടെ പ്രശ്നം; വളരെ തുറന്ന രീതിയിൽ സംവാദാത്മകമായി പൊതുമണ്ഡലത്തിൽ ഇടപെടൽ നടത്തുന്ന ഇസ്‌ലാമിക രാഷ്ട്രീയത്തിൽ നിന്ന് സാമൂഹിക രാഷ്ട്രീയ പ്രക്രിയയിൽ ഇടപെടുന്നവരെ എത്ര പെട്ടെന്നാണ് നിങ്ങൾക്ക് ടെററൈസ് (Terrorize) ചെയ്യാൻ ഒരു ഉളുപ്പുമില്ലാതെ സാധിക്കുന്നത്.
നിങ്ങളുടെ ഒരു തരം വംശീയമുൻവിധികളുടെയും സ്റ്റേറ്റിൻ്റെ മെഷിനറികൾക്ക് വയലൻസിന് മണ്ണൊരുക്കുന്ന പലതരം കഥകളുടെയും ആരോപണസ്ഥലമായി മാത്രം ഇസ്‌ലാമിസത്തെ കാണുന്ന നിങ്ങൾക്ക് ഇസ്‌ലാമിസം എന്ന് വ്യവഹരിക്കാവുന്ന മണ്ഡലത്തിലുള്ളവർ സിദ്ധാന്തങ്ങളിലൂടെയും ദൈനംദിന ആക്ടിവിസങ്ങളിലൂടെയും ഉന്നയിക്കുന്ന ആധുനികതയുടെ ലോകബോധത്തിലെ വിമർശനസ്ഥലികളെ കാണാനുള്ള ബൗദ്ധികസത്യസന്ധത ഇല്ലാത്തത് എന്ത് കൊണ്ടാണ്? ലോക്കലായ വ്യത്യസ്ത ഇസ്‌ലാമാണ് സഹിഷ്ണുതയുള്ളതെന്നും ബഹുസ്വരമെന്നും എന്നാൽ ഇസ്‌ലാമിസ്റ്റുകൾ ഇല്ലാത്ത ഹിംസാത്മകവും അസഹിഷ്ണുതയുടേതുമായ ഒരു ഗ്ലോബൽ ഇസ്‌ലാം ഉണ്ടാക്കുകയാണെന്നുമുള്ള വിഡ്ഡിത്തം നിറഞ്ഞ വിശകലനം നടത്തുന്നവർക്ക് പക്ഷെ എന്ത് കൊണ്ടാണ് രാഷ്ട്രീയ സാമൂഹ്യ പ്രക്രിയയോട് എങ്ങനെ ഇടപെടണമെന്ന് വൈവിധ്യവും സങ്കീർണവുമായ പലതരം സമീപനങ്ങളുള്ളവരെ ഇസ്‌ലാമിസം എന്ന ഒറ്റ അംബ്രല്ല ടേമിൽ ഒഴുക്കൻ മട്ടിൽ പറഞ്ഞ് വാർ ഓൺ ടെററിൻ്റെ ഭീകരതാ വ്യവഹാരത്തിലേക്ക് കൂട്ടിക്കെട്ടാൻ കഴിയുന്നത്?
നിങ്ങൾക്ക് തോന്നുന്ന ദുഷിപ്പുകളെല്ലാം കയറ്റിവെക്കാവുന്ന ഒരു വാക്കായി ഇസ്‌ലാമിസത്തെ കാണുന്ന നിങ്ങൾക്കും നിങ്ങളുടെ കറക്റ്റനസുകൾക്കും എന്ത് കൊണ്ടാണ് ഈ നൂറ്റാണ്ടിൽ തന്നെ ഏറ്റവുമധികം മുസ്‌ലിംകൾക്കെതിരിലുള്ള വയലൻസുകൾക്ക് ഉപയോഗിച്ച ഈ നറേറ്റീവിനെ തിരിച്ചറിയാനുള്ള ശേഷി ഇല്ലാത്തത്? ഒരു ക്രൂരകൃത്യത്തെ അപലപിക്കാൻ നിങ്ങൾക്ക് വയലൻസ് നിറഞ്ഞ ഈ നറേറ്റീവിൻ്റെ വാൽ പിടിക്കാതെ നിർവാഹമില്ലാത്തത് നിങ്ങൾക്ക് രാഷ്ട്രീയം സംസാരിക്കുന്ന മുസ്‌ലിമിനോടുള്ള ഒരു തരം വംശീയബോധമല്ലാതെ മറ്റെന്താണ്?
ഇങ്ങനെ പലതും ചോദിക്കാമെങ്കിലും ദിവസം മൂന്ന് നേരം ജമാഅത്തെ ഇസ്‌ലാമിക്കെതിരെ ഏകപക്ഷീയമായ ഒരു തരം പൊലീസിങ്ങ് വലിയ മാധ്യമധർമമായി കൊണ്ടു നടക്കുകയും ആർ എസ് എസിനെ മുസ്‌ലിംകളോട് സമീകരികരിക്കാനായി അവസരം കാത്ത് നടക്കുകയും ചെയ്യുന്ന വാർ ഓൺ ടെറർ ലോജിക്കിൻ്റെ വക്താക്കളോട് സഹതപിക്കാൻ മാത്രമേ നിർവാഹമുള്ളൂ…

ബാബുരാജ് ഭഗവതി:
“ഇസ്‌ലാമിസ്റ്റ് പ്രസ്ഥാനം എന്ന പ്രയോഗം ഒരു ചാക്കു പോലാണ്. എന്തും നിറക്കാമെന്നാണ് പലരുടെയും വിചാരം. പൊളിറ്റിക്കല്‍ ഇസ്‌ലാമെന്ന പ്രയോഗവും സമാനമാണ്. തങ്ങളെന്തിനെക്കുറിച്ചാണ് പറയുന്നതെന്ന് പറയുന്നവര്‍ക്കും കേള്‍ക്കുന്നവര്‍ക്കുമറിയില്ല. കേള്‍ക്കുന്നവരും പറയുന്നവരും ഒരു തെറിവാക്കായാണ് അത് മനസ്സിലാക്കുന്നതെന്നാണ് എനിക്ക് തോന്നിയിട്ടുള്ളത്. അലസമായ പ്രയോഗം കൊണ്ടും ദുഷ്ടലാക്കുകൊണ്ടും ഒരു അര്‍ത്ഥവുമില്ലാത്ത വാക്ക്. അതുകൊണ്ടുതന്നെ ഞാനത് ഉപയോഗിക്കാറില്ല. സൂക്ഷ്മതയില്ലാത്ത പ്രയോഗമായും കരുതുന്നു.
മുസ്‌ലിം സമൂഹത്തിന്റെ ഒരു ഗതികേട് അവരെക്കുറിച്ച് എല്ലാമറിയാമെന്നാണ് എല്ലാവരും കരുതുന്നത് എന്നാണ്. ആ വിജ്ഞാനം ചെറിയ ചാക്കിലൊതുക്കാവുന്നതാണെന്നും പലരും ആത്മാര്‍ത്ഥമായി വിശ്വസിക്കുന്നു.
മുസ്‌ലിംകളെക്കുറിച്ച് പറയുമ്പോള്‍ എന്തെങ്കിലും തെറ്റുപറ്റിയാലും കുഴപ്പമൊന്നുമില്ല. നമ്മുടെ വിവരത്തെയോ ഉദ്ദേശ്യശുദ്ധിയെയോ ബാധിക്കില്ല. ഇംഗ്ലീഷ് പറഞ്ഞാല്‍ തെറ്റാന്‍ പാടില്ല, അത് നമ്മുടെ അറിവിനെ ബാധിക്കും. പക്ഷേ, മലയാളമാണെങ്കില്‍ തെറ്റിയാലും കുഴപ്പമില്ല എന്നതുപോലെ. ഇസ് ലാമിക് സ്റ്റഡീസ് മണ്ടന്മാരുടെ വിഷയമാണെന്ന് കരുതിജീവിച്ച ഒരാള്‍ ഭരിച്ച സംസ്ഥാനത്താണല്ലോ നാം ജീവിക്കുന്നത്.
എല്ലാ തിന്മകളെയും ഒരു ചാക്കിലാക്കി ഇസ്‌ലാമികം-രാഷ്ട്രീയ ഇസ്‌ലാം എന്ന് പേരിട്ടാല്‍ തങ്ങളുടെ വംശീയത ആരും തിരിച്ചറിയില്ലെന്നാണ് ഹിന്ദുത്വരും മതേതരവാദികളും കരുതുന്നത്. ഓരോ തിന്മകളുണ്ടാകുമ്പോഴും അവരത് പുറത്തെടുക്കും. അതുവഴി തങ്ങള്‍ക്ക് വിശുദ്ധന്മാരാകാമെന്നും തങ്ങളുടെ ഹിന്ദുത്വമുഖംമൂടി മറച്ചുവയ്ക്കാമെന്നും അവര്‍ ഉറച്ചുവിശ്വസിക്കുന്നു. എല്ലാ ഫാഷിസ്റ്റുകളും അങ്ങനെ വിശ്വസിച്ചിട്ടുണ്ട്. ഇനിയുള്ള കാലത്തും അതുതന്നെയുണ്ടാകും.”