പൃഥ്വിരാജും ഗോറിയും പിന്നെ കനേഡിയൻ അക്ഷയ് കുമാറും

‘നിർഭാഗ്യവശാൽ നമ്മുടെ ചരിത്ര പാഠപുസ്തകങ്ങളിൽ പൃഥ്വിരാജ് ചൗഹാനെക്കുറിച്ച് രണ്ടോ മൂന്നോ വരികൾ മാത്രമേയുള്ളൂ. നമ്മുടെ സംസ്‌കാരത്തെക്കുറിച്ചും നമ്മുടെ മഹാരാജാക്കന്മാരെ കുറിച്ചും ചരിത്ര പുസ്തകങ്ങളിൽ ഒന്നുംതന്നെയില്ല. നമ്മുടെ ചരിത്രപുസ്തകങ്ങളിൽ ഇതേക്കുറിച്ച് എഴുതാൻ ആരുമില്ല. എന്നാൽ അധിനിവേശക്കാരെ കുറിച്ച് ധാരാളം പരാമർശിക്കപ്പെട്ടിട്ടുണ്ട്. ഈ വിഷയം പരിശോധിക്കാൻ വിദ്യാഭ്യാസ മന്ത്രിയോട് അഭ്യർത്ഥിക്കുകയാണ്. മുഗളന്മാരെക്കുറിച്ച് അറിയണം.പക്ഷേ നമ്മുടെ രാജാക്കന്മാരെക്കുറിച്ച് കൂടി അറിയണം. ഇക്കാര്യത്തിൽ സന്തുലിതാവസ്ഥ വേണം’.

ഇന്ത്യയിലെ ഏറ്റവും താരമൂല്യമുള്ള നടൻമാരിൽ ഒരാളായ അക്ഷയ് കുമാർ വാർത്താ ഏജൻസിയായ എ.എൻ.ഐക്ക് നൽകിയ അഭിമുഖത്തിൽ പറഞ്ഞ വാക്കുകളാണിത്. ഇതിനോടകം ഈ പ്രസ്താവന സോഷ്യൽ മീഡിയയിൽ അടക്കം ഒരുപാട് ചർച്ചകൾക്ക് വഴി തുറന്നിട്ടുണ്ട്. അക്ഷയ് കുമാറിന്റെ പ്രസ്തുത പ്രസ്താവനയിൽ “നമ്മൾ” എന്നു പറയുന്നത് ആരെയാണ്? ഇന്ത്യക്കാരെയാണ് ഉദ്ദേശിച്ചതെങ്കിൽ ആ നമ്മളിൽ എങ്ങനെയാണ് കനേഡിയൻ പൗരനായ അക്ഷയ്കുമാർ ഉൾപ്പെടുക? തൽക്കാലം ആ ചർച്ച മാറ്റിവെക്കാം എന്നിട്ട് പ്രസ്തുത പ്രസ്താവനയിലേക്ക് മടങ്ങിവരാം.

“നമുക്ക് മുഗളന്മാരെക്കുറിച്ച് അറിയണം. പക്ഷേ നമ്മുടെ രാജാക്കന്മാരെക്കുറിച്ച് കൂടി അറിയണം” എന്ന് പറയുന്നതിലൂടെ കൃത്യമായും വ്യക്തമായും അദ്ദേഹം പറയുന്നത് മുഗളന്മാരും,ഖിൽജിമാരും സയ്യിദുമാരും ലോധിമാരും അടിമ വംശജരും തുഗ്ലകുമാരും തുടങ്ങി നൂറ്റാണ്ടുകളോളം ഇന്ത്യ ഭരിച്ച രാജവംശങ്ങളിലെ രാജാക്കന്മാർ ഇന്ത്യക്കാരല്ല എന്നും പൃഥ്വിരാജ് ചൗഹാൻ പോലുള്ള വരേണ്യ വംശത്തിലെ രാജാക്കന്മാർ മാത്രമാണ് ഇന്ത്യയിലെ രാജാക്കന്മാർ എന്നുമാണ്. കൂടാതെ ഇവിടെ മുസ്‌ലിം രാജാക്കന്മാരെക്കുറിച്ച് ഇതേ അഭിമുഖത്തിൽ അദ്ദേഹം ഉപയോഗിച്ച മറ്റൊരു പദം“അധിനിവേശകർ”എന്നാണ്. സംഘപരിവാർ ചരിത്രകാരന്മാർ നാഴികക്ക് നാല്പതുവട്ടം പറയുന്ന ഈ വ്യാജചരിത്രം അക്ഷയ് കുമാർ റഫർ ചെയ്തതും ഈ സംഘപരിവാർ ചരിത്രകാരന്മാരിൽ നിന്നുതന്നെയാണ് എന്നതിൽ സംശയമില്ല. ഈയിടെ പുറത്തിറങ്ങിയ തൻ്റെ ഹിന്ദുത്വ പ്രോപഗണ്ട സിനിമയായ സാമ്രാട്ട് പൃഥ്വിരാജുമായി ബന്ധപ്പെട്ട അഭിമുഖത്തിലാണ് പ്രസ്തുത വിവാദപ്രസ്താവന ഉണ്ടാകുന്നത് എന്നതും ശ്രദ്ധേയമാണ്. പൃഥ്വിരാജ് ചൗഹാൻ ചിത്രത്തിന് സംഘപരിവാർ ഭരിക്കുന്ന സംസ്ഥാനങ്ങളിൽ പലതും ഇതിനോടകം നികുതിയിളവ് പ്രഖ്യാപിച്ചു കഴിഞ്ഞിട്ടുണ്ട്. പൃഥ്വിരാജ് ചൗഹാൻ ഹിന്ദുത്വം എന്നും വേദനയോടെ സ്മരിക്കുന്ന ഒരു പേരാണ്. ഹിന്ദു വരേണ്യതയുടെ നഷ്ടപ്രതാപത്തിന്റെ പ്രതീകമായാണ് സംഘപരിവാരം പൃഥ്വിരാജ് ചൗഹാനെ കാണുന്നത്.

1191,1992 കാലഘട്ടങ്ങളിലാണ് ഒന്നും രണ്ടും തറൈൻ യുദ്ധങ്ങൾ നടക്കുന്നത്. ഇന്ത്യയിൽ മുസ്‌ലിം ഭരണത്തിന് അടിത്തറ പാകിയ യുദ്ധങ്ങൾ ആയിരുന്നു തറൈൻ യുദ്ധങ്ങൾ. മുഹമ്മദ് ഗോറിയും ഡൽഹി ഭരിച്ചിരുന്ന പൃഥ്വിരാജ് ചൗഹാനും തമ്മിലായിരുന്നു യുദ്ധത്തിൽ ഏറ്റുമുട്ടിയത്. തുടർന്ന് മുഹമ്മദ് ഗോറിയുടെ ആധിപത്യത്തിൽ ചരിത്രത്തിലാദ്യമായി ഇന്ത്യയിൽ സുൽത്താന്മാരുടെ മുസ്‌ലിം ഭരണം സ്ഥാപിക്കപ്പെട്ടു. പിന്നീട് സുൽത്താനേറ്റ് ഭരണം മുഗളന്മാരുടെ കൈകളിൽ ആകുമ്പോഴും മുസ്‌ലിം ഭരണമാണ് നിലനിന്നിരുന്നത്. 1857-ലെ ഒന്നാം സ്വാതന്ത്ര്യ സമരത്തിന്റെ പരാജയത്തോടുകൂടി നാമമാത്രമായ മുഗൾ ഭരണം ഇന്ത്യയിൽ ഒടുങ്ങുകയും ബ്രിട്ടീഷ് ആധിപത്യത്തിന് കീഴിൽ ഇന്ത്യ പൂർണ്ണമായും അമരുകയും ചെയ്തു. 2014 ൽ നരേന്ദ്ര മോദി എന്ന ആർ.എസ്.എസ് പ്രചാരകൻ കേവല ഭൂരിപക്ഷത്തോടു കൂടി രാജ്യത്ത് സിംഹാസനസ്ഥനായപ്പോൾ വിശ്വഹിന്ദുപരിഷത്തിന്റെ തലമുതിർന്ന നേതാവ് അശോക് സിംഗാൾ മാധ്യമങ്ങളോട് പറഞ്ഞത് ഇങ്ങനെയാണ്: “നഷ്ടപ്പെട്ട നമ്മുടെ ഭരണം തിരിച്ചുവരുമെന്ന് സ്വപ്നം കണ്ട വലിയൊരു വിഭാഗം രാജ്യത്തുണ്ടായിരുന്നു. പൃഥ്വിരാജിന് (ചൗഹാൻ) ശേഷം ഇപ്പോൾ ഹിന്ദുത്വത്തിന് ഭാരതത്തിന്റെ കടിഞ്ഞാൺ ലഭിച്ചു.”

ഇവിടെ സിംഗാൾ നമ്മൾ എന്ന് ഉദ്ദേശിച്ചത് ഹിന്ദു വരേണ്യതയെയാണ്. പൃഥ്വിരാജ് ചൗഹാനിലൂടെ നമുക്ക് നഷ്ടപ്പെട്ട ആ ഹിന്ദു വരേണ്യ ആധിപത്യം ഇപ്പോഴിതാ നരേന്ദ്രമോദിയിലൂടെ നമുക്ക് കൈവന്നിരിക്കുന്നു എന്നാണ് രാജ്യത്തോട് അദ്ദേഹം പറഞ്ഞത്. ഇവയിൽനിന്നെല്ലാം പൃഥ്വിരാജ് ചൗഹാൻ ആർ.എസ്.എസിനും സംഘപരിവാറിനും എത്രമാത്രം വൈകാരികമായ ഒരു വ്യക്തിയാണെന്ന് മനസ്സിലാക്കാം. പൃഥ്വിരാജ് ചൗഹാൻ ഉൾപ്പെട്ട വരേണ്യ രാജാക്കന്മാർ പിന്നീട് മുഗളരുമായി സഖ്യം ചേർന്ന് നാടുഭരിച്ചിരുന്ന ചരിത്രതത്തെക്കുറിച്ച് സംഘപരിവാർ എന്തു നിലപാടാണ് സ്വീകരിക്കുക എന്നറിയാൻ കൗതുകമുണ്ട്.

എന്താണ് അധിനിവേശം? ബ്രിട്ടൻ അടക്കമുള്ള ഇന്ത്യ ഭരിച്ച യൂറോപ്യൻ ശക്തികളും മുസ്‌ലിം രാജവംശങ്ങളും അധിനിവേശകർ എന്ന പൊതു ടൈറ്റിലിന് കീഴിൽ വരേണ്ടവരാണൊ? അല്ല എന്നാണ് ചരിത്രം പറയുന്നത്. എന്തെന്നാൽ ഇന്ത്യ ഭരിച്ച മുസ്‌ലിം രാജാക്കന്മാർ ഇന്ത്യക്കാരായിരുന്നു, ഇന്ത്യയിൽ ജനിച്ച് ഇന്ത്യയിൽ മൃതിയടഞ്ഞ ഇന്ത്യക്കാർ, ഈ മുസ്‌ലിം രാജവംശങ്ങൾ ആരുംതന്നെ ഇവിടുത്തെ പ്രകൃതിവിഭവങ്ങളിലൂടെയും മറ്റു മേഖലകളിലൂടെയും ആർജ്ജിച്ചെടുത്ത ഭൗതിക വിഭവങ്ങളും സമ്പത്തും ഏതെങ്കിലും മുസ്‌ലിം രാജ്യങ്ങളിലേക്കോ മറ്റോ കയറ്റുമതി ചെയ്ത് ആ രാഷ്ട്രത്തെ പോഷിപ്പിച്ചിട്ടില്ല. എല്ലാ വിഭവങ്ങളും സമ്പത്തും ഈ മണ്ണിൽ തന്നെ ചിലവാക്കിയ അവർ ഓരോ ശ്വാസത്തിലും ഈ മണ്ണിനു വേണ്ടി ജീവിച്ചു. ചിലർ ഈ രാജ്യത്തിനുവേണ്ടി അവസാനശ്വാസം വരെപോരാടി രക്തസാക്ഷികളായി. ബ്രിട്ടീഷ് പടയോട് സന്ധിയില്ലാ സമരം നടത്തി രക്തസാക്ഷിത്വം വഹിച്ച ടിപ്പുസുൽത്താനും റോബർട്ട് ക്ലൈവ്ന്റെ ബ്രിട്ടീഷ് പടയോട് അവസാനശ്വാസം വരെ പോരാടി മിർ ജാഫർ ഒരുക്കിയ കെണിയിൽ വീണ് പരാജയപ്പെട്ട് മിർജാഫറിന്റെ കൈകളാൽ രക്തസാക്ഷിയായ സിറാജ് ഉദ് ദൗളയും ഈ മണ്ണിൽ ജനിച്ച ഇവിടത്തന്നെ അലിഞ്ഞു ചേർന്ന ഇന്ത്യയുടെ മക്കളാണ്. അവരുടെ രക്തത്തുള്ളികളാലും കൂടി പടുത്തുയർത്തിയതാണ് ആധുനിക ഇന്ത്യ. ഏതൊരു ഇന്ത്യക്കാരന്റെയും രക്തം തിളപ്പിക്കുന്ന ഇവരുടെ പോരാട്ട കഥകൾ ഐതിഹ്യമോ പുരാണകഥകളോ അല്ല ചരിത്രത്തിന്റെ വെള്ളിവെളിച്ചത്തിൽ രേഖപ്പെട്ട സുവർണ്ണ ഏടുകളാണ്. ഈ ചരിത്രം സൃഷ്ടിച്ചവരെയാണ് “അധിനിവേശകർ” എന്ന് അക്ഷയ്കുമാർ വിശേഷിപ്പിച്ചത്.

സൂര്യൻ അസ്തമിക്കാത്ത സാമ്രാജ്യത്തോട് പടപൊരുതി ഒടുവിൽ ബ്രിട്ടീഷ് ഗവൺമെന്റ് മ്യാൻമാറിലെ റങ്കൂണിലേക്ക് നാടുകടത്തിയ ഇന്ത്യയിലെ അവസാന മുഗൾ ഭരണാധികാരി ബഹദൂർഷാ സഫറും ഇവിടെ സ്മരിക്കപ്പെടേണ്ട പേരുതന്നെ. എന്നാൽ ബ്രിട്ടൻ അടക്കമുള്ള യൂറോപ്യൻ ശക്തികൾ ഇന്ത്യയുടെ പ്രകൃതിവിഭവങ്ങളും മനുഷ്യരുടെ കായിക ശക്തിയേയും ചൂഷണം ചെയ്തു തങ്ങളുടെ രാജ്യങ്ങളെ ശക്തിപ്പെടുത്തിയവരാണ്. ഇതാണ് അധിനിവേശം. അവർ ഈ രാജ്യത്തിനു വേണ്ടി ജീവിച്ചവരല്ല, ഈ രാജ്യത്തെ സ്നേഹിച്ചവരും ഈ രാജ്യത്തിന് വേണ്ടി രക്തസാക്ഷികളായവരും അവരിൽ എത്ര പേരുണ്ട്? യൂറോപ്യൻ അധിനിവേശകർ ഇന്ത്യയിൽ കൊണ്ടുവന്ന വികസനങ്ങൾ പലതും ആത്യന്തികമായും സൂക്ഷ്മ വിശകലനത്തിലും ഇന്ത്യക്കാരുടെ ക്ഷേമൈശ്വര്യങ്ങൾക്ക് വേണ്ടിയുള്ളതായിരുന്നില്ല. എന്നാൽ ടിപ്പു അടക്കമുള്ളവർ ഇന്ത്യയിൽ നടപ്പിലാക്കിയ വികസന മുന്നേറ്റങ്ങൾ ഏതൊരു സൂക്ഷ്മ വിശകലനത്തിലും രാജ്യനിവാസികളുടെ ക്ഷേമൈശ്വര്യങ്ങൾക്ക്‌ വേണ്ടിയുള്ളതായിരുന്നു എന്ന് കണ്ടെത്താൻ ഒട്ടും പ്രയാസമില്ല. ഈ യൂറോപ്യൻ അധിനിവേശകരും ഇന്ത്യയിലെ മുസ്‌ലിം രാജാക്കന്മാരും എങ്ങനെ സമമമാകും?

ലോക ചരിത്രം എന്നും അധിനിവേശത്തിൻ്റെയും പാലായനങ്ങളുടേതും കൂടിയാണ്. സംഘപരിവാർ മുന്നോട്ടുവെക്കുന്ന ആര്യ വംശീയതയിൽ ഊന്നിയ ദേശീയതാ സങ്കൽപം തന്നെ ശാസ്ത്രീയപരമായും ചരിത്രപരമായും നിലനിൽക്കുന്ന ഒന്നല്ല. തങ്ങളാണ് ഇന്ത്യയിൽ സാംസ്കാരിക അടിത്തറ പാകിയതെന്നും തങ്ങളാണ് ഇവിടത്തെ ആദിമ ജനതയെന്നും മറ്റുള്ളവരെല്ലാം ഇവിടെ വലിഞ്ഞു കയറി വന്ന രണ്ടാം കിടക്കാരാണെന്നും അധിനിവേശകരാണെന്നും മേനിനടിക്കുന്ന ഹിന്ദുത്വ പരിവാറിന്റെ അത്യധികം പ്രതിലോമകരമായ ചരിത്ര നിർമ്മിതിയെ പൊളിച്ചടുക്കുന്നതായിരുന്നു സിന്ധു നദീതട സംസ്കാരങ്ങളുടെ കണ്ടെത്തലിലൂടെ തകർന്നടിഞ്ഞത്. ഇ.എംഎസ് നമ്പൂതിരിപ്പാട് തന്റെ ക്ലാസിക് കൃതിയായ ‘കേരളം മലയാളികളുടെ മാതൃഭൂമി’ എന്ന പുസ്തകത്തിൽ എഴുതിയത് നോക്കുക: “ഇന്നത്തെ പാകിസ്ഥാനിലുള്ള ഹാരപ്പയിലും മോഹൻജദാരോയിലും അറുപതിൽപ്പരം കൊല്ലംമുമ്പ് നടത്തപ്പെട്ട പുരാവസ്തു കണ്ടുപിടുത്തങ്ങൾ ഈ ‘സിദ്ധാന്ത’ത്തെ മുഴുവൻ പൊളിച്ചുകളഞ്ഞു. ആര്യന്മാർ വന്ന് ഇന്ത്യയിലെ ഓരോരോ പ്രദേശത്ത് കുടിയേറി പാർക്കുവാൻ തുടങ്ങുന്നതിന് എത്രയോ മുമ്പുതന്നെ അവർ കൊണ്ടുവന്ന അതിനേക്കാൾ മെച്ചപ്പെട്ട സമൂഹവും സംസ്കാരവും ഇന്ത്യയിലുണ്ടായിരുന്നു. ആര്യന്മാർ അന്ന് ഇരതേടി പിടിക്കുന്ന ഘട്ടത്തിലേ എത്തിയിരുന്നുള്ളൂ. വികസിതമായ കൃഷിരീതിയോ സ്ഥിരമായ പാർപ്പിടമോ അവർക്കുണ്ടായിരുന്നില്ല. ഹാരപ്പ മോഹൻജദാരോ നഗരങ്ങൾ- അവയുടെ അവശിഷ്ടങ്ങൾ കുഴിച്ചെടുക്കപ്പെട്ടത് 1920-കളുടെ ആദ്യമായിരുന്നു- പണിത ജനങ്ങൾ കൃഷി വികസിപ്പിച്ചു കഴിഞ്ഞിരുന്നു, നഗരജീവിതം നയിച്ചിരുന്നു.അവരുടെ സമൂഹം വർഗങ്ങളായി വിഭജിക്കപ്പെട്ടു കഴിഞ്ഞിരുന്നു. അവർ സ്വന്തം ലിപി ആവിഷ്കരിക്കാൻ പോലും തുടങ്ങിയിരുന്നു.. എന്നാൽ ഒരു കാര്യം അവിതർക്കിതമാണ്: ഇന്ത്യയിലെ ജനങ്ങളുടെ ചരിത്രം തുടങ്ങിയത് ആര്യന്മാർ പുറത്തുനിന്ന് വന്നതോടെയല്ല. വാസ്തവത്തിൽ ഈ ഉപഭൂഖണ്ഡത്തിൽ പാർത്തിരുന്ന ജനങ്ങൾ ആര്യന്മാർക്ക് വേദകാലത്ത് ഉണ്ടായിരുന്ന നാഗരികതയെക്കാളും സംസ്കാരത്തെ ക്കാളും നാഗരികതയും സംസ്കാരവും വളർത്തിയെടുത്തിരുന്നു.”

ജവഹർലാൽ നെഹ്റു മകൾ ഇന്ദിരാഗാന്ധിക്ക് തന്റെ ജയിൽവാസ കാലയളവിൽ അയച്ച കത്തുകൾ പിന്നീട് “അച്ഛൻ മകൾക്കയച്ച കത്തുകൾ” എന്ന പേരിൽ ക്രോഡീകരിച്ച് പ്രസിദ്ധീകരിക്കുകയുണ്ടായി.അതിൽ അദ്ദേഹം മുന്നോട്ട് വെക്കുന്ന നിരീക്ഷണം നോക്കുക “മധ്യേഷ്യയിൽ ഈ ആര്യന്മാരുടെ കൂട്ടർ അസംഖ്യം ഉണ്ടായിരുന്നിരിക്കണം.അവിടെ അവർക്കെല്ലാം വേണ്ടുവോളം ഭക്ഷണപദാർത്ഥങ്ങളില്ലാതെ വന്നപ്പോൾ അവർ മറ്റ് രാജ്യങ്ങളിലേക്ക് കടന്ന് തുടങ്ങി. അവരിൽ അസംഖ്യം ആളുകൾ പേർഷ്യയിലേക്കും അവിടെനിന്ന് പടിഞ്ഞാറോട്ടും പോയി. അവർ കാശ്മീരത്തിനു സമീപമുള്ള പർവ്വതങ്ങൾ കടന്നു വലിയ കൂട്ടംകൂട്ടമായി ഇന്ത്യയിലേക്കും വന്നു.”

പ്രശസ്ത ചരിത്രകാരിയും ജവഹർലാൽ നെഹ്റു സർവകലാശാലയിലെ അധ്യാപികയുമായ റോമില ഥാപ്പർ എഴുതുന്നു: “ആര്യവംശ സിദ്ധാന്തത്തിനോ ആര്യൻമാരുടെ മൂല ഘടകം ഇന്ത്യയിലായിരുന്നുവെന്നതിനോ വസ്തുതാപരമായ തെളിവുകളൊന്നും ഇതുവരെ ലഭ്യമല്ല. ആരാണ് ഇന്ത്യയിലെ ആദിമ ജനത എന്ന് സ്ഥാപിച്ചു കഴിഞ്ഞാൽ അടുത്ത ചുവടുവെപ്പ് ആര്യ രാഷ്ട്രം എന്ന സങ്കല്പം പ്രചരിപ്പിക്കാനായിരിക്കും.”

റൊമില ഥാപ്പർ

ഇവിടെ റോമില ഥാപ്പർ അവസാനമായി പറഞ്ഞുവെച്ച വാക്യം ചരിത്രത്തെ വളച്ചൊടിച്ച് അതുവഴി അങ്ങേയറ്റം പ്രതിലോമകരമായ വംശീയ ചിന്താപദ്ധതി സ്ഥാപിച്ചെടുത്ത് അതിനനുസൃതമായി ഒരു ഉന്മാദ ദേശീയതയെ നിർവചിച്ച് സാമൂഹിക-രാഷ്ട്രീയ ആധിപത്യം നേടിയെടുക്കുവാനുള്ള സംഘപരിവാറിന്റെ ഹീനമായ ചരിത്രനിർമ്മിതിയെയാണ് ചൂണ്ടിക്കാട്ടുന്നത്. എന്തിനേറെ പറയുന്നു കോൺഗ്രസിലെ യാഥാസ്ഥിതിക നേതാവും സവർണ്ണതയുടെ വക്താവും അതുകൊണ്ടുതന്നെ സംഘപരിവാറിന്റെ എക്കാലത്തെയും പ്രിയപ്പെട്ട നേതാവുമായിരുന്ന ബാലഗംഗാധര തിലകനും, ഇന്ത്യയിലെ മറ്റൊരു തീവ്ര വലതുപക്ഷ മുഖമായിരുന്ന ആര്യസമാജ സ്ഥാപകൻ ദയാനന്ദസരസ്വതിക്കും ആര്യന്മാർ ഇന്ത്യയിൽ ഉൽഭവിച്ചവരല്ല എന്ന അഭിപ്രായമാണ് ഉണ്ടായിരുന്നത്!. ആര്യന്മാർ ടിബറ്റിൽ നിന്നും വന്നവരാണ് എന്ന അഭിപ്രായം ദയാനന്ദസരസ്വതി മുന്നോട്ട് വെക്കുമ്പോൾ ആര്യന്മാർ ആർട്ടിക് പ്രദേശത്ത് നിന്നും വന്നവരാണ് എന്ന അഭിപ്രായമാണ് തിലകൻ മുന്നോട്ടുവെക്കുന്നത്. തങ്ങളുടെ പ്രിയപ്പെട്ട നേതാവ് തിലകന്റെ പ്രസ്താവനയിൽ പെട്ടുപോയ ഹിന്ദുത്വത്തിന്റെ താത്വികാചാര്യൻ ഗോൾവർക്കർ ആര്യന്മാർ ഇന്ത്യക്കാരായിരുന്നു എന്ന് വരുത്തി തീർക്കുവാൻ പിന്നീട് കാട്ടുന്ന കോപ്രായങ്ങൾ ഏറെ പരിഹാസ്യം നിറഞ്ഞതായിരുന്നു. ഇവിടെയാണ് അക്ഷയ് കുമാറിന്റെ നിലപാട് വീണ്ടും പ്രസക്തമാകുന്നത്. ഇവിടെ ചരിത്രത്തെ അക്ഷയ് കുമാർ സമീപിക്കുന്ന യുക്തിയിൽ നിരീക്ഷിച്ചാൽ ഇന്ത്യയിലെ ഏറ്റവും വലിയ വിദേശികൾ ആര്യന്മാർ ആണെന്ന് പറയേണ്ടി വരും. മേൽസൂചിപ്പിച്ച ചരിത്രവസ്തുതകളൊക്കെ അതിലേക്കാണ് വിരൽ ചൂണ്ടുന്നതും. ഇതിനെ സംഘപരിവാറിന്റെ സാംസ്കാരിക മുഖമായ അക്ഷയ്കുമാറൊ ആർ.എസ്.എസ്സോ അതിന്റെ തിങ്ക് ടാങ്കുകളോ അംഗീകരിക്കുമോ? ഇല്ല എന്ന് തന്നെയാണ് അതിന്റെ സാഹിത്യങ്ങളും ദർശനങ്ങളും പറഞ്ഞുവെക്കുന്നത്. ചരിത്രത്തെ വസ്തുനിഷ്ഠമായി സമീപിച്ചാൽ സംഘപരിവാറിന് തകരുന്നത് അവരുടെ ഐഡിയോളജി തന്നെയായതിനാൽ അത്തരം ഒരു സമീപനത്തിന് അവർ മുതിരുകയുമില്ല.

By മുഹമ്മദ് ഹാഫിസ് ആലപ്പുഴ

District President, SIO Alappuzha